ന്യൂസ് ഡെസ്ക് മലയാളം യുകെ
ചൈനയിൽ അജ്ഞാത വൈറസ് കാരണം കുട്ടികളിൽ ന്യൂമോണിയ പടരുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ലോകമെങ്ങും കടുത്ത ജാഗ്രത പാലിക്കുകയാണ്. അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തിൽ യാത്രാവിലക്കുകൾ ഒന്നും ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടില്ല. രോഗബാധയെ കുറിച്ച് ഗവേഷണം നടത്തുന്ന പ്രൊമെയ്ഡ് പ്ലാറ്റ്ഫോമാണ് വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. കോവിഡ് വൈറസിനെ കുറിച്ചുള്ള വിവരങ്ങളും ആദ്യമായി റിപ്പോർട്ട് ചെയ്തത് പ്രൊമെയ്ഡ് ആയിരുന്നു.
എന്നാൽ കോവിഡ് പോലുള്ള ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ അതിനെ നേരിടാൻ എൻഎച്ച്എസ് ശക്തമാണോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ പലതലത്തിലും ചൂടുപിടിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ മറ്റൊരു മഹാമാരിയെ ശക്തമായി നേരിടുന്നതിന് യുകെയിലെ ആരോഗ്യ സംവിധാനം പര്യാപ്തമല്ലെന്ന് 2020 -ലെ ആരോഗ്യവകുപ്പിലെ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ആയിരുന്ന ലോർഡ് ബെഥേൽ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് കാലത്തെ ആരോഗ്യ സംവിധാനത്തിന്റെ പരാജയങ്ങൾ തുറന്ന് കാട്ടുന്ന ശാസ്ത്രജ്ഞരും മുൻ ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായത്തെ അനുകൂലിക്കുകയാണ്.
കോവിഡിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ സർക്കാർ പരാജയപ്പെട്ടതായാണ് ശാസ്ത്ര ലോകത്തിൻറെ പൊതുവേയുള്ള വിമർശനം. കോവിഡ് സമയത്ത് സ്ഥാപിച്ച പല സൗകര്യങ്ങളും നിർത്തലാക്കാനുള്ള സർക്കാരിന്റെ തീരുമാനങ്ങളാണ് ഇതിനെ ഉപോത്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . എൻ എച്ച് എസിലെ കാത്തിരിപ്പ് സമയം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് നിലവിൽ . ഇതിൻറെ കൂടെ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ജനങ്ങളുടെ ജീവന് ഭീഷണിയായി തീരുമെന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉയർന്ന വേലിയേറ്റത്തേയും കാറ്റിനെയും തുടർന്ന് സഫോക്കിലെ ലോസ്‌റ്റോഫിലെ പേക്ക്‌ഫീൽഡ് ഹോളിഡേ പാർക്കിൽ റോഡ് തകർന്നു. ക്ലിഫ് എഡ് ജിൽ പെട്ടെന്നുണ്ടായ തകരാർ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാരവനുകൾ ഒഴിപ്പിക്കാൻ കാരണമായി. സംഭവത്തിന് പിന്നാലെ പാറക്കെട്ടിന്റെ അടിയിൽ നിന്ന് ബോംബ് കണ്ടെത്തുകയായിരുന്നു. പാറക്കെട്ടിൻെറ അടിയിൽ നൂറു മീറ്ററോളം താഴ്ച്ചയിലാണ് ബോംബ് കണ്ടെത്തിയത്. ഇതിന് പിന്നാലെ നിയന്ത്രിത സ്ഫോടനം ഉണ്ടായി.
34 കാരനായ ലിയോൺ ക്രോസ്മാനാണ് രണ്ടാമത്തെ ഹോളിഡേ പാർക്കായ പോണ്ടിൻസിന് സമീപമുള്ള ബീച്ചിൽ സംശയാസ്പദമായ ബോംബ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇയാൾ കോസ്റ്റ്ഗാർഡുകളെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടനെ എച്ച്എം കോസ്റ്റ്ഗാർഡ് സ് ബന്ധപ്പെട്ടതിനെ തുടർന്ന് ഈസ്റ്റ് സഫോക്ക് കൗൺസിലും സഫോക്ക് പോലീസും സംഭവ സ്ഥലത്തെത്തി പരിശോധ നടത്തി.
നിയന്ത്രിത സ്ഫോടനത്തിന് മുമ്പ്, സൈറ്റിന് ചുറ്റും 100 മീറ്റർ എക്സ്ക്ലൂഷൻ സോൺ ആയി ഉദ്യോഗസ്ഥർ മാറ്റിയിരുന്നു. മണ്ണൊലിപ്പ് കാരണം റോഡിന്റെ ഒരു ഭാഗം തകർന്നു. ഇതിന് പിന്നാലെ അർബർ ലെയ്‌നിലെ ബീച്ചിന്റെ ഒരു ഭാഗത്ത് നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കാൻ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വികലാംഗയായ തന്റെ പങ്കാളിയും നാലു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ സാറ ബേറ്റ്മാനേ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാത്യു ഹൈഡിന് കോടതി ജീവപര്യന്തം ജയിൽ ശിക്ഷ വിധിച്ചു. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ വില്ലെൻഹാളിലുള്ള വീട്ടിൽ വച്ച് ഇരുവരും വഴക്കിട്ടതിനെത്തുടർന്നാണ് സാറ തന്റെ പരിചാരകനും പങ്കാളിയുമായ ഹൈഡിന്റെ ആക്രമണത്തിന് ഇരയായത്.
ഈ വർഷം മാർച്ച് 28 നാണ് സംഭവം നടക്കുന്നത്. 50 വയസ്സുകാരിയായ സാറ ബേറ്റ്മാനേ കണ്ടുമുട്ടിയതിന് തൊട്ടുപിന്നാലെ, ഹൈഡ് അവരോടൊപ്പം താമസം മാറുകയും അവളുടെ ആവശ്യങ്ങളിലും ദൈനംദിന പരിചരണത്തിനുമായി പണം വാങ്ങി പരിചരിക്കുന്ന ഒരാളായി അവരോടൊപ്പം താമസിക്കുകയും ആയിരുന്നു. ഇരുവരും തമ്മിൽ ഉണ്ടായ വാഗ്വാദത്തിന് ശേഷമാണ് ഹൈഡ് സാറയെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. രണ്ടുദിവസത്തിനുശേഷം മാർച്ച് മുപ്പതാം തീയതി സാറയുടെ മകനാണ് അവരുടെ മൃതദേഹം ഫ്ലാറ്റിൽ കണ്ടെത്തിയത്. മുഖത്ത് മുറിവുകളും ചതവുകളും കഴുത്തിൽ നായയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന തൊടൽ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലുമായിരുന്നു അവളെ കണ്ടെത്തിയത്.
മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് ഹൈഡിനെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകക്കുറ്റം സമ്മതിച്ചതിന് ശേഷം വോൾവർഹാംപ്ടൺ ക്രൗൺ കോടതി ഹൈഡിനെ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചു. ഹൈഡിലുണ്ടായിരുന്ന സാറയുടെ വിശ്വാസത്തെ ദുരൂപയോഗം ചെയ്ത് അവളുടെ വീട്ടിൽ വച്ച് തന്നെ കഴുത്ത് ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ നിക്ക് ബർനെസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞ ദിവസം ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് സെൻട്രൽ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തതായി റിപ്പോർട്ട്. ഏകദേശം 45,000 ത്തോളം പ്രതിഷേധക്കാരാണ് ശനിയാഴ്ച പാർക്ക് ലെയ്‌നിൽ നിന്ന് വൈറ്റ്‌ഹാളിലേക്ക് ബാനറുകളും പ്ലക്കാർഡുകളും വഹിച്ചുകൊണ്ട് മാർച്ച് നടത്തിയത്. പ്രതിഷേധത്തിന് പിന്നാലെ പോലീസ് 18 പേരെ അറസ്റ്റ് ചെയ്തു.
സ്റ്റാർ ഓഫ് ഡേവിഡിനുള്ളിൽ സ്വസ്തിക പതിപ്പിച്ച ലേഖനങ്ങൾ വിതരണം ചെയ്ത നാല് പേരും അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. സ്റ്റാർ ഓഫ് ഡേവിഡ് ഇസ്രയേലിനെ പ്രതിനിധീകരിക്കാൻ ഉപയോഗിച്ച് വരുന്ന ചിഹ്നമാണ്. ഇതിലൂടെ ഇസ്രയേലിനോടുള്ള വിദ്വേഷമാണ് പ്രതിഷേധക്കാർ കാണിച്ചത്. പ്രകടനത്തിൽ വംശീയ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പെരുമാറ്റത്തെ തുടർന്ന് ഒരാൾ അറസ്റ്റിയിലായിട്ടുണ്ട്. ഹമാസിലെ അംഗങ്ങൾ ധരിക്കുന്നതിന് സമാനമായ വെള്ള അറബി ലിപിയുള്ള പച്ച തലപ്പാവ് ധരിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
വൈകുന്നേരം അഞ്ചു മണിയോടെയാണ് പ്രതിഷേധക്കാർ വൈറ്റ്ഹാളിലേക്ക് മാർച്ച് ചെയ്യാൻ തുടങ്ങിയത്. ഉദ്യോഗസ്ഥർ നേരത്തെ നൽകിയ നിർദ്ദേശങ്ങൾ ലംഘിച്ചവരെയാണ് സേന അറസ്റ്റ് ചെയ്‌തത്. പബ്ലിക് ഓർഡർ ആക്ടിലെ സെക്ഷൻ 35 പ്രകാരം പിരിഞ്ഞു പോകാൻ വിസമ്മതിച്ച ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
2016 ൽ ഒളിമ്പിക് പാർക്കിന് സമീപമുണ്ടായ അപകടത്തിൽ മോട്ടോർ സൈക്കിൾ ഡിസ്പ്ലേ ടീം പരിശീലകൻെറ മരണത്തിന് കാരണമായ ജെറാൾഡ് കോട്ടർക്കുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ് സേന. 2016-ൽ കിഴക്കൻ ലണ്ടനിലെ ലെയ്‌ട്ടണിൽ 23 കാരനായ കീറോൺ ഫെവ്രിയറിൻെറ മരണത്തിന് കാരണമായ അപകടത്തിൽ ജെറാൾഡിൻെറ ശരീരത്തിൽ നിന്ന് മയക്കുമരുന്നായ കൊക്കെയ്ൻ കണ്ടെത്തിയിരുന്നു. അപകട സമയം പ്രതി മണിക്കൂറിൽ 30 മൈൽ (50 കിമീ/മണിക്കൂർ) വേഗതയിലാണ് സൈക്കിൾ യാത്രികൻറെ നേരെ ഇടിച്ച് കയറിയത്.
2017-ൽ തൻെറ കുറ്റങ്ങൾ സമ്മതിച്ച 56 കാരനായ ഇയാളെ അപകടകരമായ ഡ്രൈവിംഗിനും മറ്റും ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ലണ്ടനിലെ ഹാക്കനിയാണ് ഇയാളുടെ സ്വദേശം. ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ലംഘിച്ചതിനെ പിന്നാലെ പോലീസ് സേന കോട്ടറിനെ അന്വേഷിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്തുന്നവർ ഉടനെ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയും ചൈനയും തമ്മിൽ ശക്തമായ സാമ്പത്തിക വ്യാപാര ബന്ധങ്ങൾ ഉണ്ടെങ്കിലും രണ്ടു രാജ്യങ്ങളും തമ്മിൽ നായതന്ത്ര തലത്തിലുള്ള പിരിമുറുക്കങ്ങൾ പതിവാണ്. പ്രത്യേകിച്ച് മനുഷ്യാവകാശ പ്രശ്നങ്ങൾ ,ഹോങ്കോങ് തുടങ്ങിയ വിഷയങ്ങളിൽ രണ്ട് രാഷ്ട്രങ്ങളും തമ്മിൽ അകൽച്ച ഉടലെടുത്തിരുന്നു. ടിബറ്റിലെ ചൈനയുടെ ഇടപെടലും മറ്റ് മനുഷ്യാവകാശ പ്രശ്നങ്ങളെയും ശക്തമായി യുകെ അപലപിച്ചിട്ടുണ്ട്. ഹോങ്കോങ്ങിൽ ചൈന പുതിയ ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിന് കാരണമായിട്ടുണ്ട്. ബ്രിട്ടീഷ് നാഷണൽ ഓവർസീസ് (ബി എന്‍ ഒ) പാസ്പോർട്ടുകൾ കൈവശമുള്ള ഹോങ്കോങ് നിവാസികൾക്ക് പിആർ നൽകാനുള്ള യുകെയുടെ തീരുമാനത്തോട് ചൈന ശക്തമായാണ് പ്രതികരിച്ചത്.
എന്നാൽ ഡേവിഡ് കാമറൂണ്‍ പുതിയ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റത്തോടുകൂടി ചൈനയുമായുള്ള യുകെയുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ സൂചനകൾ പുറത്തുവന്നു. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്നങ്ങൾ ആഗോളതലത്തിൽ പരിഹരിക്കുന്നതിൽ ചൈനയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് വിദേശകാര്യ സെക്രട്ടറിയായതിനുശേഷമുള്ള തന്റെ ആദ്യ സമ്പൂർണ്ണ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു . യുകെയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചൈനയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തിയ ആളാണ് ഡേവിഡ് കാമറൂൺ. 1 ബില്യൺ പൗണ്ട് ചൈന ഇൻവെസ്റ്റ്മെന്റ് ഫണ്ട് സ്ഥാപിക്കാൻ താൻ 6 വർഷം പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്ത് അദ്ദേഹം ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയായ സമയത്ത് മുതിർന്ന ചൈനീസ് നേതാക്കളെ അദ്ദേഹം കണ്ടത് അന്ന് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
കാമറൂൺ വിദേശകാര്യ സെക്രട്ടറി ആയിരിക്കുന്ന സമയത്ത് ചൈനയോടുള്ള മനോഭാവം മയപ്പെടുത്തുവാൻ യുകെ ശ്രമിക്കുമോ എന്ന ആശങ്ക ഭരണപക്ഷത്തെ തന്നെ പല എംപിമാർക്കും ഉണ്ട് . വിദേശ പ്രതിരോധ സുരക്ഷാ നയങ്ങളിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിനുമായി കൂടുതൽ അടുത്തിടപഴകണമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞത് ബ്രേക്സിറ്റ് അനുകൂല ടോറി എംപിമാരെ രോക്ഷാകുലരാക്കിയിട്ടുണ്ട് . ചൈനയുമായുള്ള ബന്ധങ്ങളിൽ അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സമാനമായ നയങ്ങളായിരിക്കും ഡേവിഡ് കാമറൂണും പിന്തുടരുകയെന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ് ) ചേരാൻ പദ്ധതിയിട്ട 2 സഹോദരങ്ങളെ 10 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. മുഹമ്മദ് അബ്ദുൾ ഹലീം ഹെയ്ദർ ഖാൻ (21), മുഹമ്മദ് ഹംസ ഹെയ്ദർ ഖാൻ (18) എന്നി സഹാദരങ്ങളെ ആണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് തയ്യാറെടുത്തതിന് ബിർമിംഗ്ഹാം ക്രൗൺ കോടതി ജയിൽ ശിക്ഷ വിധിച്ചത്.
മുഹമ്മദ് അബ്ദുൾ ഹലീം ഹെയ്ദർ ഖാനെ 10 വർഷം തടവും ഇളയ സഹോദരന് എട്ട് വർഷത്തെ തടവ് ശിക്ഷയും ആണ് ലഭിച്ചത് .
പ്രതികൾ രണ്ടുപേരും ബാർമിംഗ്‌ഹാം ക്രൗൺ കോടതിയിൽ കുറ്റം വിചാരണയ്ക്കിടെ സമ്മതിച്ചിരുന്നു. കഴിഞ്ഞവർഷം നവംബർ രണ്ടിനാണ് 2 സഹോദരങ്ങളും അറസ്റ്റിലായത്. ഐഎസിൽ ചേരാനായി അഫ്ഗാനിസ്ഥാനിലേയ്ക്ക് എങ്ങനെ പോകാം എന്ന് ഇവർ അന്വേഷണം നടത്തി കൊണ്ടിരിക്കുകയായിരുന്നു. 2014 – ൽ ഐഎസിനെ യുകെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും നിരോധിക്കുകയും ചെയ്തിരുന്നു.
ഐഎസ് എന്ന ഭീകര സംഘടന യുകെയിൽ നിന്ന് പൗരന്മാരെ ഭീകര പ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്യുന്നത് നേരത്തെ തന്നെ വാർത്തകളിൽ ഒട്ടേറെ തവണ തലക്കെട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഐഎസിനെ നേരിടാനായി രൂപീകരിച്ച സഖ്യത്തിൽ യുകെയും പങ്കാളികളാണ്. സമൂഹ മാധ്യമങ്ങളിൽ വഴി ഭീകര സംഘടനയിലേയ്ക്ക് ആഭിമുഖ്യമുള്ളവരെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ഐഎസ് നടപ്പിലാക്കുന്നതായുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വെറും 15 വയസ്സുള്ളപ്പോൾ ഐഎസിൽ ചേരാനായി യുകെയിൽ നിന്ന് സിറിയയിലെത്തിയ ഷമീമ ബീഗത്തിന്റെ കേസ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ഓമിഡ് സ്‌കോബിയുടെ പുതിയ പുസ്തകം ബ്രിട്ടീഷ് രാജകുടുംബത്തിന് മേൽ പുതിയ ഒരു ബോംബ് ഷെല്ലായി മാറിയിരിക്കുകയാണ്. രാജകുടുംബത്തിലെ തന്നെ രണ്ടുപേർ തന്റെ മകൻ ആർച്ചിയുടെ ചർമ്മത്തിന്റെ നിറത്തെ സംബന്ധിച്ച് ആശങ്കകൾ ഉള്ളവരാണെന്ന് മേഗൻ മാർക്കിൾ ആരോപിച്ചതായി പുസ്തകത്തിൽ സ്‌കോബി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പരാമർശങ്ങൾ നടത്തിയത് ആരൊക്കെ ആണെന്നത് സംബന്ധിച്ച് മേഗൻ ചാൾസ് രാജാവിന് തുറന്ന കത്ത് എഴുതിയതായും ഒമിഡ് സ്‌കോബിയുടെ പുതിയ വോളിയം ‘എൻഡ്‌ഗെയിം’ അവകാശപ്പെടുന്നു.
2021-ൽ ഓപ്ര വിൻഫ്രെയുമായുള്ള ഹാരിയുടെയും മേഗന്റെയും അഭിമുഖത്തിന്റെ പശ്ചാത്തലത്തിൽ പൊട്ടിപ്പുറപ്പെട്ട ‘രാജകീയ വംശീയ’ തർക്കം വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കകൾ ഇതോടെ ശക്തമായിരിക്കുകയാണ്. ചൊവ്വാഴ്ച പുറത്തിറങ്ങാൻ ഇരിക്കുന്ന ബ്രിട്ടീഷ് റിപ്പോർട്ടറും എഴുത്തുകാരനുമായ സ്‌കോബിയുടെ ‘എൻഡ്ഗേമി’ന്റെ കുറച്ചു ഭാഗങ്ങൾ ഫ്രഞ്ച് മാസികയായ പാരിസ് മാച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഹാരിയുടെ ഓർമ്മക്കുറിപ്പ് സ്‌പെയർ പുറത്തിറക്കിയതിന് ശേഷം ഹാരിയെ വിശ്വസിക്കരുതെന്ന് രാജകുടുംബത്തിൽ ഒരു സന്ദേശം പ്രചരിച്ചിരുന്നതായും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. ചൊവ്വാഴ്ച പുറത്തിറങ്ങാൻ ഇരിക്കുന്ന പുസ്തകം വീണ്ടും രാജകുടുംബത്തിൽ മുറിവുകൾ ഉണ്ടാക്കുമെന്നാണ് നിലവിലെ വിവാദങ്ങൾ വ്യക്തമാക്കുന്നത്. ചാൾസ് രാജാവിനെ അത്ര ജനപ്രിയനല്ലാത്ത രാജാവായും, വില്യമിനെ അധികാരത്തിനു വേണ്ടി ദാഹിക്കുന്ന ഒരു വ്യക്തിയായും, ഹാരിയെ സ്വന്തം കുടുംബം തന്നെ ഒറ്റി കൊടുത്തതായുമാണ് പുസ്തകം ചിത്രീകരിക്കുന്നത്.
രാജകുടുംബത്തിന്റെ കൂടുതൽ വിവാദങ്ങളിലേക്ക് വരാൻ ആഗ്രഹിക്കാത്തതിനാലാണ് മേഗൻ ചാൾസ് രാജാവിന്റെ കിരീട ധാരണ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. എന്നാൽ ഇത്തരം സാഹചര്യത്തിലും ഇരുവരും തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ ചാൾസ് രാജാവിന് അയച്ച് ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ എലിസബത്ത് രാജ്ഞിയുടെ അന്ത്യ നിമിഷങ്ങളെ സംബന്ധിച്ച് ഹാരിക്ക് കൂടുതൽ അറിവ് ഉണ്ടായിരുന്നില്ലെന്നും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. പുതിയ വിവാദങ്ങളെ സംബന്ധിച്ച് രാജകുടുംബത്തിന്റെ ഭാഗത്തു നിന്നും ഇതു വരെയും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അപ്രതീക്ഷിത മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ .ഒരാഴ്ച മുമ്പ് മാത്രം അർബുദം സ്ഥിരീകരിച്ച ജെസ് എഡ്വിനാണ് മരണത്തിന് കീഴടങ്ങിയത്. കണ്ണൂരാണ് ജെസിന്റെ കേരളത്തിലെ സ്വദേശം . ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് കാത്തിരിക്കെയാണ് മരണം ബോധമില്ലാതെ കോമാളിയായി എത്തിയത്.
ലണ്ടനിലെ സെന്റ് ജോർജ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയിരുന്ന രണ്ടുവർഷം മുമ്പ് മാത്രം യുകെയിലെത്തിയ ജെസ് പള്ളി ക്വയറിലും മറ്റ് പരിപാടികളിലും സജീവമായിരുന്ന ജെസ് വോക്കിംഗിനടുത്തുള്ള ഫ്രിംലിയിലായിരുന്നു താമസിച്ചിരുന്നത്.
ജെസ് എഡ്വിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
2022 – ലെ രാജ്യത്തേയ്ക്കുള്ള കുടിയേറ്റം745,000 ആയി വർദ്ധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നു. കുടിയേറ്റം പ്രതീക്ഷിച്ചതിലും കുതിച്ചുയർന്നതിനെ തുടർന്ന് വൻ വിമർശനങ്ങളാണ് ഋഷി സുനക് സർക്കാർ നേരിടേണ്ടി വന്നിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയമായി എന്നാണ് വിമർശകർ ചൂണ്ടി കാണിക്കുന്നത്. വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന വിസയുടെ എണ്ണത്തിലെ കുതിച്ചു കയറ്റവും അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടിയതിനെയും ചൂണ്ടി കാണിച്ച് കുടിയേറ്റ വിഷയത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ലേബർ പാർട്ടി ആരോപിച്ചു.
യുകെയിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാൻ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് പുറത്താക്കപ്പെട്ട മുൻ ആഭ്യന്തര സെക്രട്ടറി സുവല്ലാ ബ്രാവർമാൻ പറഞ്ഞു. യുകെയിലേയ്ക്ക് വരുന്ന വിദ്യാർഥികളുടെ ആശ്രിതരെ തടയുന്നതും വിസ ചെലവ് വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടികളിലൂടെ കുടിയേറ്റം കുറയ്ക്കുന്നതിന് ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്നത്തോട് പ്രതികരിച്ചത്. 2010 -ൽ അന്നത്തെ പ്രധാനമന്ത്രിയും ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയുമായ ഡേവിഡ് കാമറൂൺ കുടിയേറ്റം പ്രതിവർഷം 100,000 -ത്തിൽ താഴെയാക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. എന്നാൽ ഇതുവരെ ഒരു സർക്കാരിനും ആ വാഗ്ദാനം പാലിക്കാൻ സാധിച്ചിട്ടില്ല.
ഇതിനിടെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ സർക്കാർ ആലോചിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. ആരോഗ്യ, സാമൂഹിക പരിപാലന പ്രവർത്തകർക്ക് അവരോടൊപ്പം ആശ്രിത വിസയിൽ കൊണ്ടുവരാവുന്നവരുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചനയിലാണ്. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ ജോലിക്കായും പഠനത്തിനായും യുകെയിലെത്തുന്ന മലയാളികളെ വളരെ പ്രതികൂലമായി ബാധിക്കും. പലരും പഠനത്തിനായി യുകെയിലെത്തുന്നതു തന്നെ ആശ്രിത വിസയിൽ ബന്ധുക്കളെയും കൂടി കൊണ്ടുവരാനും കൂടിയാണ്. എൻഎച്ച്എസിലും കെയർ ഹോമുകളിലും ജീവനക്കാരായി എത്തി പെർമനന്റ് വിസയെടുത്ത ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണ്ടെത്തലുകൾ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ വന്നവരിൽ നല്ലൊരു ശതമാനം മലയാളികളും ഉൾപ്പെടുന്നുണ്ട്