ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓരോ ദിവസം ചെല്ലുംതോറും ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂട് പിടിക്കുകയാണ്. അവകാശ വാദങ്ങളും വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും കളം നിറഞ്ഞു കളിക്കുകയാണ്. 18 വയസ്സുള്ളവർക്ക് ദേശീയ സേവനം തിരിച്ചുകൊണ്ടുവരുമെന്ന പ്രധാനമന്ത്രി ഋഷി സുനകിൻ്റെ നിർദേശമാണ് ഏറ്റവും പുതിയതായി ചർച്ചയായിരിക്കുന്നത്. തൻ്റെ പാർട്ടിയിൽ നിന്ന് റീഫോം യുകെയിലേയ്ക്ക് ഒഴുകുന്ന യുവജനങ്ങളെ പിടിച്ചുനിർത്താനാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .


18 വയസ്സ് പ്രായമുള്ള കുട്ടികൾ നടത്തേണ്ട സന്നദ്ധ സേവനങ്ങളുടെ ഒരു മാർഗരേഖയും പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതിൻപ്രകാരം സ്പെഷ്യൽ കോൺസ്റ്റബിൾ, ആർഎൻഎൽഐ വോളണ്ടിയർ, അല്ലെങ്കിൽ എൻഎച്ച്എസ് റെസ്‌പോണ്ടർ തുടങ്ങിയ റോളുകളിൽ ആണ് പ്രതിമാസം ഒരു വാരാന്ത്യത്തിൽ യുവജനങ്ങൾ സേവനം നടത്തേണ്ടത്. സന്നദ്ധ സേവനം നടത്താൻ തിരഞ്ഞെടുക്കുന്ന 18 വയസ്സ് പ്രായമുള്ള കുട്ടികളെ ദേശീയ സേവനത്തിന്റെ ധീരമായ മാതൃക എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പുതിയ നാഷണൽ സർവീസ് പ്രോഗ്രാം രൂപകല്പന ചെയ്യാനായി ഒരു റോയൽ കമ്മീഷനെ രൂപീകരിക്കും.


എന്നാൽ പുതിയ പദ്ധതിയെ നോ കോസ്റ്റ് പോളിസി എന്നാണ് ലേബർ പാർട്ടി വിമർശിച്ചത്. ദേശീയ ഇൻഷുറൻസ് വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനമാണ് ഇന്നലെ പ്രധാനമായും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞത്. എന്നാൽ പ്രതിവർഷം 100,000 പൗണ്ടിനും 125,000 പൗണ്ടിനും ഇടയിൽ വരുമാനമുള്ളവർക്ക് നികുതി കുറയ്ക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞാണ് നാഷണൽ ഇൻഷുറൻസ് പോളിസി കുറയ്ക്കുമെന്ന ലേബർ വാഗ്ദാനങ്ങളെ തടയിടാൻ പ്രധാനമന്ത്രി ശ്രമിച്ചത്.