ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാർക്കിൻസൺ രോഗികൾക്ക് സഹായകരമായ ഏറ്റവും ആധുനികമായ മരുന്ന് എൻഎച്ച്എസ്സിൽ ലഭ്യമാകും . ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകളിലേയ്ക്ക് സന്ദേശങ്ങൾ കൈമാറാൻ ബ്രെയിനിനെ സഹായിക്കുന്ന മരുന്നുകളുടെ പ്രവർത്തനം പാർക്കിൻസൺ രോഗത്തിൻറെ കാഠിന്യം വളരെ കുറയ്ക്കാൻ സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആദ്യഘട്ടമായി പാർക്കിൻസൺ രോഗമുള്ള ആയിരം ആളുകൾക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുന്നത്.

ഫോസ്ലെവോഡോപ്പ എന്നാണ് പുതിയ ചികിത്സാരീതി അറിയപ്പെടുന്നത്. 24 മണിക്കൂർ പോർട്ടബിൾ കിറ്റ് ധരിക്കുന്നതുൾപ്പെടെയുള്ള ഈ ചികിത്സാരീതി പാർക്കിൻസൺ രോഗം മൂലം ബുദ്ധിമുട്ടുന്നവരിൽ വളരെയേറെ ആശ്വാസം നൽകുമെന്നാണ് പരീക്ഷണത്തിൽ തെളിയിക്കപ്പെട്ടിരിക്കുന്നത് . മുഴുവൻ സമയവും രക്തത്തിലേക്ക് മരുന്നുകൾ കയറ്റിവിടാൻ സഹായിക്കുകയാണ് പുതിയ ചികിത്സാരീതിയിൽ മുഖ്യമായും ചെയ്യുന്നത്.

പല പാർക്കിൻസൺ രോഗികളും അവരുടെ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ 20 ലധികം ഗുളികകൾ പ്രതിദിനം കഴിക്കേണ്ടതായി വരുന്നുണ്ട്. ഫോസ്ലെവോഡോപ്പ, ഫോസ്കാർബിഡോപ്പ എന്നീ രണ്ട് മരുന്നുകളുടെ സംയോജനമാണ് പ്രൊഡ്യൂഡോപ്പ. ഫോസ്ലെവോഡോപ്പയെ ഡോപാമൈൻ എന്ന രാസവസ്തുവാക്കി മാറ്റുന്നതിലൂടെ ആണ് ഇത് പ്രവർത്തിക്കുന്നത് . ഇത് ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിൻ്റെയും ഞരമ്പുകളുടെയും ഇടയിൽ ഫലപ്രദമായി സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്നു. അമിതമായ ചലനം അല്ലെങ്കിൽ വിറയൽ പോലെയുള്ള പാർക്കിൻസൺസ് ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.
പുതിയ മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയത് മഹത്തായ വർത്തയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ സ്പെഷ്യലൈസ് ഡ് സേവനങ്ങൾക്കായുള്ള മെഡിക്കൽ ഡയറക്ടർ ജെയിംസ് പാമർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹഡേഴ്സ് ഫീൽഡിലും ഹാലി ഫാക്സിലും ഫ്ലൂ കേസുകൾ കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം മൂന്നിരട്ടിയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഹഡേഴ്‌സ്‌ഫീൽഡ് റോയൽ ഇൻഫർമറിയും കാൽഡെർഡേൽ റോയൽ ഹോസ്പിറ്റലിലും പനി ബാധിച്ചവരുടെ എണ്ണം കൂടുതലായത് കാരണം കടുത്ത സമ്മർദ്ദത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ആഴ്ച പനിബാധിതരുടെ എണ്ണം 737 ആയിരുന്നെങ്കിൽ ഒരാഴ്ച കൊണ്ട് 2390 പേരെയാണ് രോഗം പിടികൂടിയത്. ഒരാഴ്ച കൊണ്ട് മൂന്ന് മടങ്ങ് രോഗികളുടെ എണ്ണം വർദ്ധിച്ചത് കടുത്ത ആശങ്ക ആണ് ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് ഈ പ്രദേശത്തെ പനി ബാധിതരുടെ എണ്ണം. പനി ബാധിതരുടെ എണ്ണത്തിലെ ശരാശരി 565 ഉം കോവിഡ് ബാധിതരുടെ എണ്ണം 3232 ആണ് ദേശീയ ശരാശരി.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മൂന്ന് ഇരട്ടി കൂടുതൽ പനി ബാധിച്ച രോഗികളെ തങ്ങൾ പരിചരിക്കേണ്ടതായി വന്നതായി ഹഡേഴ്സ്ഫീൽഡ് എൻ എച്ച് എസ് ഫൗണ്ടേഷന്റെ മെഡിക്കൽ ഡയറക്ടർ ഡേവിഡ് ബിർക്കർ ഹെഡ് പറഞ്ഞു. പനി ബാധിച്ചവരുമായി ഇടപെഴുകന്നത് ഒഴിവാക്കാനാണ് രോഗം പകരാതിരിക്കാൻ വിദഗ്ധർ നൽകുന്ന നിർദ്ദേശം. ഇംഗ്ലണ്ടിലെ മറ്റ് സ്ഥലങ്ങളിലും പനിബാധിതരുടെ എണ്ണം കൂടുതലായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് . കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എല്ലാ ആശുപത്രികളിലെയും പനി ബാധിതരുടെ എണ്ണം വളരെ കൂടിയതായി എൻഎച്ച്എസ് നാഷണൽ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിഡ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെനിയയിലേക്കുള്ള യാത്രയ്ക്കിടെ മൂന്ന് വയസ്സുള്ള ബ്രിട്ടീഷ് പെൺകുട്ടിയുടെ ജനനേന്ദ്രിയം വിഛേദിച്ച സംഭവത്തിൽ അറസ്റ്റിലായ കെനിയൻ യുവതിക്ക് ഏഴ് വർഷം തടവ്. 2006-ൽ നടന്ന സംഭവത്തിൽ കെനിയൻ യുവതിയെ സഹായിച്ചതിന് 40 കാരിയായ അമീന നൂർനെ കഴിഞ്ഞ വർഷം ശിക്ഷിച്ചിരുന്നു. 2003ലെ സ്ത്രീ ജനനേന്ദ്രിയ വികലമാക്കൽ നിയമം സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് ഇതിൻെറ ലംഘനത്തിന് ഒരാളെ ശിക്ഷിച്ചത്. വെള്ളിയാഴ്ച പ്രതിക്ക് ശിക്ഷ വിധിച്ച കോടതി. സംഭവം തീർത്തും ഭയാനകമായ ഒന്നായി അപലപിച്ചു.

സ്ത്രീ ജനനേന്ദ്രിയ അവയവങ്ങൾ ഭാഗികമായോ പൂർണ്ണമായോ നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഫീമെയിൽ ജനൈറ്റൽ മുട്ടിലേഷൻ അഥവാ എഫ്‍ജിഎം. 2012-ൽ യുഎൻ എഫ്‌ജിഎം നിരോധിക്കുന്നതിനുള്ള പ്രമേയം പാസാക്കിയെങ്കിലും 30 ഓളം രാജ്യങ്ങളിൽ ഇത് ഇപ്പോഴും നടക്കുന്നുണ്ട്. 2006-ൽ, 22കാരിയായ നൂർ, വടക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ഹാരോയിൽ നിന്ന് കെനിയയിലേക്ക് കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്നു. കുട്ടിയെ പിന്നീട് ഒരു വീട്ടിൽ കൊണ്ടുപോയി എഫ്‍ജിഎമ്മിന് വിധേയയാക്കുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം പെൺകുട്ടി 16 വയസ്സുള്ളപ്പോൾ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയോട് ഇത് തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് സംഭവം പുറംലോകമറിഞ്ഞത്. 2019-ൽ കിഴക്കൻ ലണ്ടനിലെ വാൾതാംസ്റ്റോവിൽ നിന്നുള്ള ഒരു ഉഗാണ്ടൻ സ്ത്രീക്ക് മൂന്ന് വയസ്സുള്ള പെൺകുട്ടിയിൽ എഫ്‍ജിഎം ചെയ്തതിന് 11 വർഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. സൊമാലിയയിൽ ജനിച്ച് എട്ടാം വയസ്സിൽ സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിനിടെ കെനിയയിലേക്ക് താമസം മാറിയ പ്രതി, പതിനാറാം വയസ്സിലാണ് യുകെയിൽ എത്തിയത്. പിന്നീട് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഉയർന്ന ജീവിത ചിലവ് മൂലം പൊതുജനങ്ങൾ കഷ്ടപ്പെടുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ എനർജി സപ്ലൈയർ കമ്പനിയായ ബ്രിട്ടിഷ് ഗ്യാസിന്‍റെ ലാഭത്തിലുണ്ടായത് പത്തിരട്ടി വർധന. 2022-ൽ കേവലം 72 ദശലക്ഷം പൗണ്ട് മാത്രമായിരുന്ന ബ്രിട്ടിഷ് ഗ്യാസ് കമ്പനിയുടെ ലാഭം 2023-ൽ പത്തിരട്ടിയിലേറെ വർധിച്ച് 750 ദശലക്ഷം പൗണ്ടായി. നേരത്തെ കമ്പനിക്കുണ്ടായിരുന്ന 500 ദശലക്ഷം പൗണ്ടിന്‍റെ പ്രവർത്തന നഷ്ടം പരിഹരിക്കാൻ സർക്കാർ ലഗുലേറ്ററായ ‘’ഓഫ്ജെം’’ നൽകിയ അനുമതിയുടെ മറവിൽ വൻ നിരക്കു വർദ്ധനയിലൂടെയാണ് എല്ലാ നഷ്ടവും പരിഹരിച്ച് കമ്പനി മികച്ച നേട്ടം കൈവരിച്ചത്.

യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ യുകെയിലെ ഉയർന്ന ഗ്യാസിന്‍റെയും വൈദ്യുതിയുടെയും വിലയിൽ ബ്രിട്ടനിലെ സാധാരണക്കാർ വട്ടം തിരിയുകയാണ്. ഇതിനിടെയാണ് കമ്പനിയുടെ ലാഭത്തിൻെറ വാർത്ത പുറത്തുവരുന്നത്. ബ്രിട്ടനിൽ ഒരുവർഷത്തിനിടെ ഉണ്ടായ കനത്ത ജീവിത ചെലവ് വർദ്ധനയിൽ മുഖ്യ പങ്കുവഹിച്ചത് എനർജി വിലയിലെ വർദ്ധനവാണ്. രാജ്യത്താകെ ബ്രിട്ടിഷ് ഗ്യാസിന് 75 ലക്ഷത്തോളം ഉപയോക്താക്കളാണുള്ളത്.

വർദ്ധിച്ച് വരുന്ന വിലവർദ്ധനവും മറ്റും ഋഷി സുനക് സർക്കാരിന് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും ഇത് ദൃശ്യമായിരുന്നു. കിംഗ്‌സ്‌വുഡ്, വെല്ലിംഗ്ബറോ ഉപതെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിയ്ക്കായിരുന്നു ജയം. വെല്ലിംഗ്ബറോയിൽ ലേബർ സ്ഥാനാർത്ഥി ജനറൽ കിച്ചൻെറ വിജയം 2001ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടിയുടെ ആദ്യ വിജയമാണ്. 7,408 വോട്ടുകൾ നേടിയ കൺസർവേറ്റീവിൻ്റെ ഹെലൻ ഹാരിസണെ പിന്തള്ളി 13,844 വോട്ടുകൾക്കാണ് കിച്ചൻ സീറ്റ് നേടിയത്. സൗത്ത് ഗ്ലൗസെസ്റ്റർഷെയർ മണ്ഡലമായ കിംഗ്‌സ്‌വുഡിൽ ലേബർ 11,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഋഷി സുനക് സർക്കാരിന് ഇരുട്ടടിയയായി കിംഗ്‌സ്‌വുഡ്, വെല്ലിംഗ്ബറോ ഉപതെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിക്ക് ജയം. വെല്ലിംഗ്ബറോയിൽ ലേബർ സ്ഥാനാർത്ഥി ജനറൽ കിച്ചൻെറ വിജയം 2001ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടിയുടെ ആദ്യ വിജയമാണ്. 7,408 വോട്ടുകൾ നേടിയ കൺസർവേറ്റീവിൻ്റെ ഹെലൻ ഹാരിസണെ പിന്തള്ളി 13,844 വോട്ടുകൾക്കാണ് കിച്ചൻ സീറ്റ് നേടിയത്. സൗത്ത് ഗ്ലൗസെസ്റ്റർഷെയർ മണ്ഡലമായ കിംഗ്‌സ്‌വുഡിൽ ലേബർ 11,000 -ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

ഇന്ധനവും വാതകങ്ങളും സംബന്ധിച്ച സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ടോറിയുടെ മുൻനിര ശബ്ദമായ ക്രിസ് സ്കിഡ്മോർ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അതേസമയം റിഫോം യുകെ പാർട്ടിയുടെ ഡെപ്യൂട്ടി കോ-ലീഡർ ബെൻ ഹബീബ് വെല്ലിംഗ്ബറോ ഉപതെരഞ്ഞെടുപ്പിൽ 13% വോട്ട് നേടി. ഇതുവരെയുള്ള പാർലമെൻ്റിലെ ഒരു ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ വർഷം പാർട്ടി കാഴ്ചവെച്ചതെന്ന് ഹബീബ് പ്രതികരിച്ചു.

തെക്ക്-കിഴക്കൻ ലണ്ടനിലെ ലെവിഷാമിൻ്റെ മേയർ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ഡമിയൻ ഈഗൻ, 11,1176 വോട്ടുകൾ ലഭിച്ചു. അതേസമയം രണ്ടാം സ്ഥാനത്ത് എത്തിയ കൺസർവേറ്റീവിൻ്റെ സ്ഥാനാർത്ഥി സാം ബ്രോമിലിക്ക് 8,675 വോട്ടുകളാണ് ലഭിച്ചത്. കിംഗ്‌സ്‌വുഡിലും വെല്ലിംഗ്‌ബറോയിലും ലേബർ നേടിയ വിജയത്തോടെ ഈ പാർലമെൻ്റിൻ്റെ കാലത്ത് കൺസർവേറ്റീവുകൾ പരാജയപ്പെട്ട തിരഞ്ഞെടുപ്പുകളുടെ എണ്ണം പത്തായി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റോളിൽ പതിനാറുകാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൊലപാതകക്കുറ്റം ആരോപിച്ച് 15 വയസ്സുള്ള രണ്ട് സ്കൂൾ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. പേര് വെളിപ്പെടുത്തിയിട്ടിയില്ലാത്ത ഇരയെ വൈകുന്നേരം 6 മണിയോടെ റാൺസ്‌ലി പാർക്കിൽ മുഖംമൂടി ധരിച്ച രണ്ട് പേർ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ പതിനാറുകാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

നിലവിൽ പ്രതികൾ കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. നഗരത്തിലെ നോൾ വെസ്റ്റ് ഏരിയയിൽ പതിനഞ്ചും പതിനാറും വയസ്സുള്ള മേസൺ റിസ്റ്റ്, മാക്സ് ഡിക്സൺ എന്നിവർ കൊല്ലപ്പെട്ട് ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് സംഭവം നടന്നിരിക്കുന്നത്. യുവാക്കൾക്കിടയിൽ ആയുധങ്ങൾ കൊണ്ടുനടക്കുന്ന പ്രവണത വർദ്ധിച്ച് വരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം പ്രദേശത്തെ സാമൂഹ്യ വിരുദ്ധരുടെ ശല്യം ദിനംപ്രതി കൂടിവരികയാണെന്നും പാർക്കുകളിലും മറ്റും സംഘം ചേർന്ന് മയക്കുമരുന്ന് കച്ചവടങ്ങൾ വരെ നടക്കുന്നതായി പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. സംഭവത്തെ പറ്റിയുള്ള അന്വേഷണം നടന്നുവരികയാണെന്ന് ക്രൈം കമ്മീഷണർ മാർക്ക് ഷെൽഫോർഡ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആളുകൾ ചിലവഴിക്കുന്നത് കുറഞ്ഞതും പല മേഖലകളിലും സമരങ്ങൾ മൂലം ഉത്പാദനക്ഷമത താഴേക്കായതും കാരണം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു . ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവുകളിൽ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വീണ്ടും സാമ്പത്തിക വളർച്ചയിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തുടർച്ചയായ രണ്ട് പാദങ്ങളിൽ വളർച്ച രേഖപ്പെടുത്താനായില്ലെങ്കിലാണ് സാമ്പത്തിക മാന്ദ്യമായി കണക്കാക്കപ്പെടുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും 0.3% ആണ് ചുരുങ്ങിയത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തിയെന്ന വാർത്ത പുറത്തു വന്നത് പ്രധാനമന്ത്രി ഋഷി സുനകിനെയും പ്രതികൂലമായി ബാധിക്കും. രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പ്രാവർത്തികമാക്കാൻ പറ്റാത്തതിനെ ചൊല്ലി പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തു നിന്നും കടുത്ത വിമർശനങ്ങൾ ഉയരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

മറ്റു പല രാജ്യങ്ങളുടെയും സ്ഥിതി യുകെയ്ക്ക് സമാനമാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണ്. ജപ്പാനിലും സമ്പദ് വ്യവസ്ഥയുടെ വളർച്ച കുറഞ്ഞു . 2023 വർഷാവസാനം സമ്പദ് വ്യവസ്ഥ തകർന്നതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സിന്റെ കണക്കുകൾ കാണിക്കുന്നു. ബ്ലാക്ക് ഫ്രൈഡേയിൽ സാധനങ്ങൾ വാങ്ങി കൂട്ടിയതിനു ശേഷം ഡിസംബറിൽ ആളുകൾ ചിലവഴിക്കുന്നത് വളരെ കുറച്ചതാണ് ഇതിന് ഒരു കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ജൂണിയർ ഡോക്ടർമാരുടെ സമരമാണ് മറ്റൊരു കാരണം . ജിഡിപിയുടെ ഉയർച്ചയാണ് സാമ്പത്തിക വളർച്ചയുടെ അളവുകോലായി കണക്കാക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ പലിശ നിരക്കിന്റെ കാര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്ത് നടപടിയെടുക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- രോഗികളുടെ ജീവനെ നിസ്സാരവൽക്കരിക്കുന്ന തരത്തിൽ, നൂറുകണക്കിന് മുൻനിര എൻ എച്ച് എസ് ജീവനക്കാരാണ് യോഗ്യത തട്ടിപ്പിന് അന്വേഷണ വിധേയരായിരിക്കുന്നത്. നൈജീരിയയിൽ നിന്നുള്ള 700 ലധികം പേരാണ് വൻതോതിൽ യോഗ്യത തട്ടിപ്പ് നടത്തി എൻഎച്ച്എസിൽ ജോലി നേടിയിരിക്കുന്നത് എന്നാണ് പുതിയ അന്വേഷണം വ്യക്തമാക്കുന്നത്. എന്നാൽ ഇത്തരത്തിൽ യോഗ്യത നേടിയവരെല്ലാം തന്നെ ഇപ്പോഴും എൻഎച്ച്എസിൽ തുടരുകയാണ് എന്ന വസ്തുതയാണ് രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നത്. യുകെയിലെത്തി ജോലി ചെയ്യാൻ പാസാകേണ്ടിയ ടെസ്റ്റിന് നൈജീരിയയിൽ നേഴ്സുമാർക്ക് പകരക്കാരാണ് എഴുതിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. നേഴ്സുമാരെ ഇത്തരത്തിൽ പരീക്ഷ മറികടക്കാൻ സഹായിക്കുന്ന, അല്ലെങ്കിൽ പകരക്കാരെ ഉപയോഗിച്ച് വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു സ്ഥാപനം ഉണ്ടെങ്കിൽ അത് വളരെ ആശങ്കാജനകമായ ഒരു വസ്തുതയാണെന്നും, അതിനാൽ തന്നെ ആവശ്യത്തിന് കഴിവില്ലാത്തവർ യുകെയിൽ നേഴ്സുകളായി എത്തിച്ചേരുന്ന സാഹചര്യമുണ്ടാകുമെന്നും റോയൽ കോളേജ് ഓഫ് നേഴ്സിങ് മുൻ ചീഫ് എക്‌സിക്യൂട്ടീവും മൂന്ന് എൻഎച്ച്എസ് ട്രസ്റ്റുകളുടെ മുൻ ചെയർമാനുമായ പീറ്റർ കാർട്ടർ പറഞ്ഞു. ഇത് വ്യാവസായിക തോതിലുള്ള വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ സെപ്റ്റംബറിൽ ഇത്തരത്തിൽ ആഫ്രിക്കയിൽ നിന്നുള്ള 48 പേർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ മറ്റ് 669 പേർക്കെതിരെയാണ് നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തുടക്കത്തിൽ മുന്നറിയിപ്പ് നൽകിയ 48 പേരെ പുറത്താക്കുവാൻ ഇതുവരെ എൻ എംസിക്ക് കഴിഞ്ഞിട്ടില്ല. സ്വതന്ത്ര പാനൽ നടത്തുന്ന ഹിയറിങ്ങിലൂടെ മാത്രമേ ഈ നടപടി പൂർത്തിയാക്കുവാൻ എൻഎംസിക്ക് സാധിക്കുകയുള്ളൂ എന്നതിനാലാണ് ഇത്. എന്നാൽ അവരുടെ കഴിവുകൾ നിലവാരം പുലർത്താൻ പര്യാപ്തമാണെന്ന് തെളിയിക്കാൻ ടെസ്റ്റ് വീണ്ടും നടത്തുവാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ 48 പേർക്ക് എതിരെയുള്ള വ്യക്തികത ഹിയറിങ്ങുകൾ മാർച്ചിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നൈജീരിയയിൽ വച്ച് നടന്ന ടെസ്റ്റിൽ എപ്രകാരമാണ് അവർ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും മറ്റും മറികടന്നതെന്ന് വിശദീകരിക്കുവാൻ അവരോട് ഹിയറിങ്ങിൽ ആവശ്യപ്പെടും. ഇത്തരമൊരു സാഹചര്യത്തിൽ എൻ എച്ച് എസിനെതിരെ വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണപ്പെരുപ്പ നിരക്ക് കുറഞ്ഞാൽ പലിശ നിരക്ക് കുറയുമോ? രാജ്യത്ത് ഉടനീളമുള്ള സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്ന കാര്യമാണ് ഇത്. കാരണം പലിശ നിരക്ക് കുറഞ്ഞാൽ കൂടുതൽ ആളുകൾ ലോൺ എടുക്കുകയും പണം വിനിയോഗിക്കുകയും ചെയ്യുന്നത് വിവിധ മേഖലകളുടെ വളർച്ചയ്ക്ക് കളമൊരുക്കും. എന്നാൽ പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തിൽ തുടർന്നിട്ടും പലിശ നിരക്കുകൾ കുറയുന്നതിനെ കുറിച്ച് ചിന്തിക്കില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്.

യുകെയിലെ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നത് നല്ലതാണെന്ന അഭിപ്രായമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ പ്രകടിപ്പിച്ചത് . എന്നാൽ അതിനർത്ഥം നേരത്തെയുള്ള പലിശ നിരക്ക് ഉടൻ കുറയുമെന്നല്ലന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞമാസം ഭക്ഷണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നിരുന്നാലും സാധനങ്ങളുടെ വില നിലവാരം ഇപ്പോഴും രണ്ട് വർഷം മുമ്പ് ഉള്ളതിനെക്കാള്‍ വളരെ കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

വൈദ്യുതിയുടെയും ഗ്യാസിന്റെയും വിലയിൽ വർദ്ധനവ് ഉണ്ടായെങ്കിലും ഭക്ഷ്യവസ്തുക്കളുടെ വിലയിടുവാണ് പണപ്പെരുപ്പം മാറ്റമില്ലാതെ തുടരാൻ കാരണം എന്നതാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതുപോലെതന്നെ വീട്ടുപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും മന്ദഗതിയിലുള്ള വിലവർദ്ധനവും പണപ്പെരുപ്പം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ പണപ്പെരുപ്പം വീണ്ടും കുറയുകയാണെങ്കിൽ പലിശ നിരക്കുകൾ കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാകുമെന്നാണ് റിപ്പോർട്ടുകൾ
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്ത്രീ പുരുഷ ഭേദമന്യേ ഏത് ജോലിയും ആർക്കും ചെയ്യാം എന്ന ഒരു സമത്വ മനോഭാവം ലോകമെങ്ങും വളർന്ന് വരുന്നുണ്ട് . പക്ഷേ വിവാഹശേഷം കുട്ടികൾ ജനിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യുന്ന സമയത്ത് പലപ്പോഴും സ്ത്രീകൾ തങ്ങളുടെ വീടുകളിൽ ഒതുങ്ങി കൂടേണ്ടതായി വരുന്ന സാഹചര്യം ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത രീതിയിൽ നിലനിൽക്കുന്ന സ്ഥലമാണ് ഇന്ത്യ. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഭർത്താവിന്റെ നിഴലായി ഒതുങ്ങി കഴിയേണ്ടിയതായി വരുന്ന സ്ത്രീകൾ ഒട്ടേറേ ഉളള നാടാണ് കേരളവും
വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിൽ നിന്നുള്ള ജ്യോതി പട്ടേലിന്റെ ജീവിതവും ഇതിന് സമാനമായ രീതിയിൽ ആകാമായിരുന്നു. പക്ഷേ നിശ്ചയദാർഢ്യവും കഠിനാധ്വാനവും 56 വയസ്സുകാരിയായ ജ്യോതിക്ക് സമ്മാനിച്ചത് മറ്റൊന്നാണ് . തൻറെ ചെറുപ്പത്തിൽ യുകെയിലെത്തിയ ജ്യോതി പ്രൈമറി സ്കൂൾ ടീച്ചറായാണ് ജോലി ആരംഭിച്ചത് . എന്നാൽ 1999 ൽ രണ്ട് കുട്ടികൾ ആയതോടെ അവർക്ക് ജോലിയിൽ നിന്ന് രാജി വയ്ക്കേണ്ടതായി വന്നു .
എന്നാൽ നീണ്ട 20 വർഷങ്ങൾക്ക് ശേഷം മക്കൾ യൂണിവേഴ്സിറ്റി പഠനം ആരംഭിച്ചപ്പോൾ ആണ് വീണ്ടും ഏതെങ്കിലും ജോലിയിലേയ്ക്ക് പ്രവേശിക്കണമെന്ന ആഗ്രഹം അവർക്ക് ഉണ്ടായത് . ജോലിക്കായി ശ്രമിച്ചപ്പോഴൊക്കെ തന്റെ കരിയറിൽ ഉണ്ടായ നീണ്ട ബ്രേക്ക് ആണ് അവർക്ക് തടസ്സമായത്. മനസ്സിൻറെ അധമ്യമായ ആഗ്രഹം കുഴിച്ചു മൂടാൻ അവർ തയ്യാറായിരുന്നില്ല. അതിനായി അവർ കഠിനാധ്വാനം ചെയ്തു. ജെറ്റ് റ്റു ഹോളിഡേയ്‌സിന്റെ പ്രായോഗിക പരിശീലനത്തിൽ ചേർന്നു കൊണ്ടാണ് ജ്യോതി ഈ പ്രായത്തിലും തൻറെ പരിമിതികളെ മറികടന്നത്. ജോലിയിൽ പ്രവേശിക്കാനും ഒരു വരുമാനം നേടാനും താൻ ആഗ്രഹിച്ചിരുന്നതിനാൽ അപ്രൻ്റീസ്ഷിപ്പ് ചെയ്യാൻ തീരുമാനിച്ചു എന്ന് അവർ പറഞ്ഞു. അപ്രൻ്റീസ്ഷിപ്പുകൾ ചെറുപ്പക്കാർക്ക് മാത്രമുള്ളതാണെന്നാണ് അവർ ആദ്യം മനസ്സിലാക്കിയിരുന്നത്. ഒരു മനുഷ്യായുസ്സിൽ ഒന്നുമല്ലാതെ വീട്ടിൽ ഒരുങ്ങി കഴിയേണ്ടതായി വരുന്ന ഒട്ടേറെ പേർക്ക് പ്രോത്സാഹനം നൽകുന്ന ഉദാഹരണമാണ് ജ്യോതിയുടേതെന്ന് ജെറ്റ് റ്റു ഹോളിഡേയ്‌സിന്റെ കരിയർ മാനേജരായ കാറ്റി റാങ്കിൻ പറഞ്ഞു.