ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്ന യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ലിങ്കൺ ഷെയറിൽ റോയൽ എയർഫോഴ്സ് സ്റ്റേഷന് സമീപമുള്ള വയലിലാണ് വിമാനം തകർന്നു വീണത്. കോയിൻസ് ബൈ ആസ്ഥാനമായുള്ള ബ്രിട്ടന്റെ യുദ്ധ സ്മാരകത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ് തകർന്നുവീണ വിമാനം എന്നാണ് റോയൽ എയർഫോഴ്സ് അറിയിച്ചിരിക്കുന്നത്. സംഭവങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് റോയൽ എയർഫോഴ്സ് അറിയിച്ചിട്ടുണ്ട്.

വിമാന അപകടത്തിൽ മരണമടഞ്ഞ പൈലറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സംഭവങ്ങളെ കുറിച്ച് പൈലറ്റിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും ഈ പ്രയാസകരമായ സമയത്ത് അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും റോയൽ എയർഫോഴ്സ് അഭ്യർത്ഥിച്ചു. വെയിൽസ്‌ രാജകുമാരനും രാജകുമാരിയും ഉൾപ്പെടെയുള്ളവർ പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ചു . അപകടം നടന്ന സ്ഥലത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഡോഗ്ഡൈക്ക് റോഡിനും സാൻഡി ബാങ്കിനും ചുറ്റുമുള്ള റോഡുകൾ അടച്ചിരിക്കുകയാണ്. ഈ പ്രദേശം ഒഴിവാക്കി വാഹനമോടിക്കണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്നു സ്പിറ്റി ഫയർ യുദ്ധ വിമാനങ്ങൾ. 1940- ലെ യുദ്ധകാലത്ത് ജർമ്മൻ സേനക്കെതിരെ റോയൽ എയർഫോഴ്സിന് ശക്തി പകരുന്നതിൽ പ്രധാനിയായിരുന്നു ഈ ചെറു വിമാനം. ബ്രിട്ടീഷ് എഞ്ചിനീയറിംഗ് മികവിൻ്റെയും യുദ്ധകാലത്തെ പ്രതിരോധശേഷിയുടെയും പ്രതീകമായാണ് സ്പിറ്റ്ഫയർ വിമാനങ്ങൾ അറിയപ്പെടുന്നത്.