ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യ :- ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ നിർമ്മാണത്തിൽ ഇരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽപ്പെട്ട 41 തൊഴിലാളികളുടെ ആദ്യ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. തിങ്കളാഴ്ച തുരങ്കത്തിന് ഉള്ളിലൂടെ കടത്തിവിട്ട പുതിയ പൈപ്പിനുള്ളിൽ ഘടിപ്പിച്ച എൻഡോസ്കോപ്പിക് ക്യാമറയിലൂടെയാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറംലോകത്തിന് ലഭിച്ചത്. ദിവസങ്ങൾക്ക് ശേഷം തൊഴിലാളികൾക്ക് ആദ്യത്തെ ചൂടുള്ള ഭക്ഷണം നൽകാനും രക്ഷാപ്രവർത്തകർ ഈ പൈപ്പ് ഉപയോഗിച്ചു. നേരത്തെ ഇട്ട ഇടുങ്ങിയ പൈപ്പിലൂടെ ലഭിക്കുന്ന ലഘു ഭക്ഷണങ്ങൾ മാത്രം ആയിരുന്നു ഇതുവരെ അവർക്ക് ലഭിച്ചിരുന്നത്. ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിൽ നിർമ്മാണത്തിൽ ഇരുന്ന തുരങ്കത്തിന്റെ ഭാഗം ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്. 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയിരിക്കുന്നത്. കുടുങ്ങിയവരുമായി ഉടൻ സമ്പർക്കം സ്ഥാപിക്കുകയും അവർക്ക് ഓക്സിജനും ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആറിഞ്ച് വ്യാസമുള്ള ഒരു പൈപ്പ് ഇറക്കുവാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചത് ഒരു മുന്നേറ്റമായിരുന്നു. ചാര്‍ ധാം തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് പാത നിര്‍മ്മിക്കുന്നത്. അപകടസാധ്യതയേറിയതും മണ്ണിടിച്ചിലിനു സാധ്യതയുള്ളതുമായ കുത്തനെയുള്ള മലയോര മേഖലയാണ് ഇവിടെയുള്ളത്. തൊഴിലാളികളെ പുറത്തെത്തിക്കുവാൻ ആവശ്യമായ എല്ലാ നടപടികളും ചെയ്യുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്ത് വെയിൽസിൽ നിന്ന് കാണാതായ 4 കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. സ്നോഡോണിയയിലെയ്ക്ക് ക്യാമ്പിംഗിനായി യാത്ര പുറപ്പെട്ട ജെവോൺ ഹിർസ്റ്റ്, ഹാർവി ഓവൻ, വിൽഫ് ഹെൻഡേഴ്സൺ, ഹ്യൂഗോ മോറിസ് എന്നീ നാലുപേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
16നും 18നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച നാല് പേരും. ഇവർ ഷ്രൂസ്ബറി കോളേജിലെ എ – ലെവൽ വിദ്യാർത്ഥികൾ ആയിരുന്നു. ഒരു സിൽവർ ഫോർഡ് ഫിയസ്റ്റയിലാണ് കുട്ടികൾ യാത്ര ചെയ്‌തിരുന്നത്. കുട്ടികൾ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ അവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തിയതിന് പിന്നാലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാണാതായ കുട്ടികളുടെ മാതാപിതാക്കൾ പൊതുജനങ്ങളോട് നേരത്തെ സഹായം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരുന്നു.
നിരവധി വ്യത്യസ്ത ഏജൻസികളും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടുന്ന വിപുലമായ തിരച്ചിലാണ് കുട്ടികൾക്കായി നടത്തിയത്. ഇപ്പോൾ തിരച്ചിൽ പൂർത്തിയായെന്നും വാഹനത്തിലുള്ളവരെ ഔപചാരികമായി തിരിച്ചറിയാനും മരണത്തിലേയ്ക്ക് നയിച്ചത് എന്താണെന്ന് മനസ്സിലാക്കാനും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പള വർദ്ധനവുമായി യുകെ സർക്കാർ. 2024 യുകെ മലയാളികൾക്ക് സുവർണ്ണ വർഷം. 2024 ഏപ്രിലിൽ മുതൽ 27 മില്യൺ വർക്കേഴ്‌സിന് ഈ ആനുകൂല്യം ലഭ്യമാകും. ഏപ്രിൽ മുതൽ 21 വയസ്സിനു മുകളിലുള്ളവർക്ക് മണിക്കൂറിൽ 10.42 പൗണ്ടിൽ നിന്ന് 11.44 പൗണ്ടായി ശമ്പള വർദ്ധനവ് ലഭിക്കും. അതായത് 23 വയസ്സിന് മുകളിലുള്ളവർക്ക് 1800 പൗഡിന്റെ വർദ്ധനവും 21 വയസ്സുള്ള ഒരു ഫുൾ ടൈം തൊഴിലാളിക്ക് 2300 പൗഡിന്റെ വർദ്ധനവുമാണ് ഒരു വർഷം ഉണ്ടാകുന്നത്.
18 മുതൽ 20 വയസ്സ് വരെയുള്ളവരുടെ വർദ്ധന മണിക്കൂറിന് £8.60 ലേക്ക് എത്തുന്നു എന്നതാണ്.
കുറഞ്ഞ ശമ്പളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. യുകെയിൽ കെയറർ വിസയിൽ എത്തിയിരിക്കുന്ന മലയാളികൾക്ക് ഇത് സന്തോഷത്തിന്റെ വാർത്ത തന്നെയാണ്.
സ്വതന്ത്ര ലോ പേ കമ്മീഷന്റെ നിർദ്ദേശങ്ങൾ മാറ്റങ്ങൾ ഒന്നും കൂടാതെ സർക്കാർ അനുവദിക്കുകയായിരുന്നു. വിലക്കയറ്റം മൂലം വിഷമിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള നല്ലൊരു ശതമാനം ആളുകൾക്കും ഇത് ആശ്വാസമാകും എന്ന കാര്യത്തിൽ തർക്കമില്ല.
അതെ സമയം നാളത്തെ ധനമന്ത്രിയുടെ പ്രസ്‌താവനയിൽ നാഷണൽ ഇൻഷുറൻസിൽ കുറവ് ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എങ്കിൽ തൊഴിലാളികൾക്ക് അത് ഇരട്ടിമധുരമാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്ത് വെയിൽസിൽ കാണാതായ കുട്ടികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി പോലീസ്. അന്വേഷണത്തിൽ കാണാതായ നാല് പേരും സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. ഗ്വിനെഡിലെ ഹാർലെക്കിനും പോർത്ത്‌മഡോഗിനും ഇടയിൽ ഉള്ള സ്ഥലത്ത് നിന്നാണ് നാലുപേരെയും കാണാതായതെന്ന് നോർത്ത് വെയിൽസ് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് കുട്ടികളെ അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു. സ്നോഡോണിയയിലെ ക്യാമ്പിംഗിനായി യാത്ര പുറപ്പെട്ട ജെവോൺ ഹിർസ്റ്റ്, ഹാർവി ഓവൻ, വിൽഫ് ഹെൻഡേഴ്സൺ, ഹ്യൂഗോ മോറിസ് എന്നീ നാലുപേരെയാണ് കാണാതായിരിക്കുന്നത്.
ഒരു സിൽവർ ഫോർഡ് ഫിയസ്റ്റയിലാണ് കുട്ടികൾ യാത്ര ചെയ്‌തിരുന്നത്. കുട്ടികൾ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഈ വാഹനം കണ്ടെത്തിയത്. കാണാതായ കുട്ടികളുടെ മാതാപിതാക്കൾ പൊതുജനങ്ങളോട് സഹായം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരുന്നു. സ്‌നോഡോണിയയിലേക്ക് ക്യാമ്പിംഗിനായുള്ള യാത്രയിലാണ് കുട്ടികളെ കാണാതായത്.
കാർ കണ്ടെത്തിയ സ്ഥലത്ത് നോർത്ത് വെയിൽസ് പോലീസും പ്രാദേശിക മൗണ്ടൻ റെസ്ക്യൂ ടീമുകളും മറ്റ് എമർജൻസി സർവീസ് അംഗങ്ങളും ഇന്ന് രാവിലെ മുതൽ തിരച്ചിൽ നടത്തിവരികയാണ്. പ്രാദേശിക കാർ പാർക്കുകളിൽ തിരച്ചിൽ നടത്തുന്നുണ്ടെന്നും ഓഗ്വെൻ വാലി മൗണ്ടൻ റെസ്ക്യൂ നേരത്തെ അറിയിച്ചിരുന്നു. കുട്ടികൾക്കായി പ്രദേശത്ത് ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിൽ നടന്ന് വരികയാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ വിദേശികളുടെ മൈഗ്രേഷൻ സംബന്ധിക്കുന്ന കണക്കുകൾ ഈയാഴ്ച പുറത്ത് വരാനിരിക്കെ, എണ്ണം റെക്കോർഡ് കടന്നേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. 700000 ത്തിനു മേലെ കണക്കുകൾ ഉയരുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തിലുള്ള കണക്കുകൾ പ്രധാനമന്ത്രി റിഷി സുനകിനു മേലെയുള്ള ആരോപണങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടും. 2022 ൽ 606000 എന്ന സംഖ്യയിൽ നിന്ന് ഈ വർഷം ആകുമ്പോഴേക്കും 700000 ആകുമെന്ന സൂചനകളാണ് ആശങ്കകൾക്ക് വഴിതെളിച്ചിരിക്കുന്നത്. കുടിയേറ്റം തടയിടുവാൻ നിയമപരമായി കൂടുതൽ നടപടികൾ താൻ നിർദ്ദേശിച്ചെങ്കിലും, ഡൗണിങ് സ്ട്രീറ്റിൽ നിന്നും തനിക്ക് പിന്തുണ ലഭിച്ചില്ലെന്നുള്ള സുയല്ല ബ്രാവർമാന്റെ പ്രസ്താവനകളും ഇതോടൊപ്പം ചർച്ചയാകും. ഇത് പ്രധാനമന്ത്രിക്ക് മേൽ കൂടുതൽ സമ്മർദ്ദങ്ങളും ഉണ്ടാക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ തന്റെ പിന്തുണയ്‌ക്ക് പകരമായി, റിഷി സുനകുമായി ഉണ്ടാക്കിയ രഹസ്യ ഇടപാടിൽ നിന്ന് അദ്ദേഹം പിന്മാറിയതായുള്ള ആരോപണവും ബ്രാവർമാൻ ഉന്നയിച്ചിട്ടുണ്ട്. ആഭ്യന്തര ഓഫീസിന്റെ കണക്കുകൾ പ്രകാരമാണ് 700000 എന്നുള്ള സൂചനകൾ ലഭിക്കുന്നത്. എന്നാൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പുറത്തു വിടുമ്പോൾ ഇതിൽ വ്യത്യാസം ഉണ്ടാകാം എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
യുകെ വിസ നീട്ടുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധനയാണ് എമിഗ്രേഷൻ കണക്കുകളുടെ വർദ്ധനവിന് പിന്നിലെ ഒരു ഘടകമെന്ന് മെയിൽ പത്രം ഇന്നലെ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിൽ തുടരാനുള്ള അനുമതി നീട്ടാൻ അപേക്ഷിച്ച വിദേശ പൗരന്മാരുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവാണ് ഹോം ഓഫീസ് ഡേറ്റ കാണിക്കുന്നത്. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ തന്നെ ജോലി, പഠനം, മറ്റ് കുടുംബ കാരണങ്ങൾ എന്നിവ സൂചിപ്പിച്ച് കഴിഞ്ഞ വർഷത്തേക്കാൾ 105,000 ത്തിലധികം വിസ എക്സ്റ്റൻഷനുകൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അനേകം താൽക്കാലിക കുടിയേറ്റക്കാർ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം ബ്രിട്ടനിൽ താമസിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഈയാഴ്ച കണക്കുകൾ പ്രസിദ്ധീകരിക്കുമ്പോൾ കൂടുതൽ വിവാദങ്ങൾ ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലമുള്ള അപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ക്രിസ്തുമസ് ന്യൂ ഇയർ പോലുള്ള അവസരങ്ങളിൽ കൂടുതൽ ഒത്തുചേരലുകളും പാർട്ടികളും നടക്കുന്ന സമയത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. മദ്യം കുടിക്കുമ്പോൾ അതിലുള്ള ആൾക്കഹോളിന്റെ അളവിനെ കുറിച്ച് ഡ്രൈവർമാർ കടുത്ത ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ പറയുന്നു.
മദ്യം കഴിച്ചതിനുശേഷം ഒരു കാരണവശാലും വാഹനം ഓടിക്കരുത് എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നത്. പലപ്പോഴും പബ്ബുകളിലും മറ്റും വിൽക്കുന്ന മദ്യത്തിൽ ഉയർന്ന തോതിൽ ആൾക്കഹോൾ കണ്ടന്റ് ഉണ്ടെന്നുള്ളതുകൊണ്ടുതന്നെ വാഹനം ഓടിക്കുന്നവർ എത്ര യൂണിറ്റ് മദ്യം കഴിക്കാമെന്നതിനെ കുറിച്ച് പറയാൻ സാധിക്കുന്നില്ല എന്നതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. അതു മാത്രമല്ല മദ്യം കഴിക്കുന്നയാൾ നിയമപരമായി ഡ്രിങ്ക് ഡ്രൈവ് പരുധിക്ക് താഴെയാണെന്ന് മനസ്സിലാക്കാനുള്ള സുരക്ഷിതമായ മാർഗ്ഗങ്ങളുടെ അഭാവവും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.
പല പാനീയങ്ങളും കൂടുതൽ ശക്തമാണ് എന്ന് ആളുകൾ മനസ്സിലാക്കുന്നില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് സർ ഇയാൻ ഗിൽമോർ പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 260 പേരാണ് മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലം മരണമടയുന്നത്. റോഡ് അപകട മരണങ്ങളിൽ അഞ്ചിൽ ഒന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലമാണ് സംഭവിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമമനുസരിച്ച് നൂറു മില്ലി രക്തത്തിൽ 80 മില്ലിഗ്രാം ആൾക്കഹോൾ വരെ അനുവദനീയമാണ്. പുരുഷന്മാർ 4 യൂണിറ്റും സ്ത്രീകൾ 3 യൂണിറ്റും മദ്യം കഴിക്കുന്നത് അനുവദനീയമായ ഈ പരിധികളിൽ നിൽക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ മദ്യത്തിലെ ആൽക്കഹോളിന്റെ അളവ് വ്യത്യാസപ്പെടുന്നത് അനുസരിച്ച് ഈ യൂണിറ്റുകളും മാറും. അതായത് ഒന്നോ രണ്ടോ യൂണിറ്റുകൾ കഴിയുമ്പോൾ തന്നെ അനുവദനീയമായ പരുധിക്ക് അപ്പുറം പോയേക്കാം. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ വാർഷിക സമ്മേളനം രക്തത്തിൽ അനുവദനീയമായ ആൽക്കഹോളിന്റെ പരിധി 50 മില്ലിഗ്രാം ആയി കുറയ്ക്കണമെന്ന പ്രമേയം പാസാക്കിയിരുന്നു. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയ ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഇതാണ് വാഹനം ഓടിക്കുന്നതിന് അനുവദനീയമായ മദ്യത്തിൻറെ പരുധി
ന്യൂസ് ഡെസ്ക് മലയാളം യുകെ
പണപെരുപ്പം കുറഞ്ഞിട്ടും യുകെയിലെ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് വ്യക്തമായ സൂചനകൾ നൽകാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് . വാർഷിക പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞിട്ടും പലിശ നിരക്ക് ഉയർന്ന നിലയിൽ തുടരേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യമായ 2% എത്തിക്കാൻ കൂടുതൽ ശ്രദ്ധയോടെ നീങ്ങേണ്ടതുണ്ടെന്ന അഭിപ്രായമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആൻഡ്രൂ ബെയ് ലി ലണ്ടനിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ സൂചിപ്പിച്ചത്.
വാർഷിക പണപ്പെരുപ്പ നിരക്ക് സെപ്റ്റംബർ മാസത്തിലെ 6.7 ശതമാനത്തിൽ നിന്ന് 4.6 ശതമാനമായി ഒക്ടോബർ മാസത്തിൽ കുറഞ്ഞതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കാണ് ഇപ്പോൾ മങ്ങലേറ്റിയിരിക്കുന്നത്. പണപ്പെരുപ്പം അതിൻറെ ഔദ്യോഗിക ലക്ഷ്യമായ 2 ശതമാനത്തിലും വളരെ കൂടുതലാണെന്നും അതുകൊണ്ട് തന്നെ വളരെ ജാഗ്രതയോടെ നീങ്ങേണ്ടതുണ്ടെന്നും ബെയ്ലി പറഞ്ഞു.
റഷ്യ -ഉക്രൈൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷവും ഇന്ധനവിലയും ഭക്ഷ്യവിലയും കൂടുന്നതിന് കാരണമായിട്ടുണ്ടെന്ന് ബെയ്ലി പറഞ്ഞു. 2021 ഡിസംബറിനും 2023 ഓഗസ്റ്റ് മാസത്തിനും ഇടയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായ 14 തവണയാണ് പലിശ നിരക്ക് ഉയർത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലെ പണപ്പെരുപ്പം 11.1 ശതമാനമായിരുന്നു. ആ നിലയിൽ നിന്നാണ് നിലവിലെ 4.6 ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം എത്തിയിരിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുഎസ് സ്പൈ ടെക്നോളജി കമ്പനിയുമായി തന്ത്രപ്രധാനമായ കരാറിലെത്തി എൻഎച്ച്എസ് . രോഗികളുടെ വിവരങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിനാണ് യുഎസ് ചാര സാങ്കേതിക സ്ഥാപനവുമായി തന്ത്രപ്രധാനമായ കരാറിന് എൻഎച്ച്എസ് തയ്യാറെടുക്കുന്നത്. ഏകദേശം 480 മില്യൺ പൗണ്ടിന്റെ ഇടപാടാണ് നടക്കുക. എൻഎച്ച് എസിന്റെ പുതിയ സോഫ്റ്റ്‌വെയർ ആയ ഫെഡറേറ്റ്സ് ഡേറ്റാ പ്ലാറ്റ്ഫോം (എഫ് ഡി പി) വികസിപ്പിക്കുന്നതിന് ആക്‌സെഞ്ചറുമായും പലന്തറുമായും സംയുക്തമായാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്.
കരാറിനെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നാളെ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എൻ എച്ച് എസ് ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഐടി കരാറാണ് എഫ്ഡിപി പ്ലാറ്റ്ഫോമിന്റെ നിർമ്മാണം . രോഗികളുടെ വിവരങ്ങളുടെ സുരക്ഷ, എൻഎച്ച്എസിന്റെ മേലുള്ള പൊതുവിശ്വാസം, ഇത്രയും വലിയ കരാറിൽ ഏർപ്പെടാനുള്ള പാലന്തറിന്റെ യോഗ്യത എന്നീ കാര്യങ്ങളെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾക്ക് കരാർ വഴി വയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അഞ്ചുവർഷത്തേക്കാണ് സോഫ്റ്റ്‌വെയർ കരാർ നൽകിയിരിക്കുന്നത്. എന്നാൽ ഇത് ഏഴുവർഷം വരെ നീട്ടാൻ സാധിക്കും. പുതിയ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമിലൂടെ വിവിധ ഹോസ്പിറ്റൽ ട്രസ്റ്റുകളെയും എൻഎച്ച്എസ് കെയർ സിസ്റ്റങ്ങളെയും ഫലപ്രദമായി പരസ്പരം വിവരങ്ങൾ കൈമാറുന്നതിനും മാനേജ് ചെയ്യുന്നതിനും പുതിയ സോഫ്റ്റ്‌വെയർ സഹായിക്കുമെന്നാണ് കരുതുന്നത് . ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചതിലൂടെ വിവാഹത്തിൽ അകപ്പെട്ട ആളാണ് ശതകോടീശ്വരനായ പാലന്തറിന്റെ സ്ഥാപകൻ പീറ്റർ നീൽ. ഒരു സംവാദത്തിൽ എൻഎച്ച്എസ് ആളുകളെ വീണ്ടും രോഗികളാക്കുകയാണെന്ന് നീൽ പറഞ്ഞത് കടുത്ത വിവാദങ്ങൾക്ക് കാരണമായിരുന്നു.
Corrected
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ഹാരി രാജകുമാരനും ഭാര്യ മേഗനും ക്ഷണമുണ്ടാവുകയില്ലെന്ന സൂചനങ്ങളാണ് പുറത്തുവരുന്നത്. കുടുംബത്തിന്റെ ഭാഗത്തുനിന്ന് ക്ഷണം ഉണ്ടായാൽ ഇരുവരും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ സന്നദ്ധരാണെന്ന സൂചനകൾ മുൻപ് ഉണ്ടായിരുന്നു. ചാൾസ് രാജാവിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ഇരുവരും രാജാവിനോട് ഫോണിൽ സംസാരിച്ച് ആശംസകൾ അറിയിച്ചെന്നുള്ള വാർത്തകൾ ശുഭ സൂചനകളാണ് നൽകിയിരുന്നത്. തങ്ങളുടെ മക്കളായ ആർച്ചിയുടെയും ലില്ലിബെത്തിന്റെയും വീഡിയോകളും ഇരുവരും ചാൾസ് രാജാവിന് അയച്ചതായുള്ള സൂചനകളും പുറത്തുവന്നിരുന്നു. ഇതോടെ രാജകുടുംബവും ഹാരിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതായുള്ള സൂചനകളാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരുവർക്കും ക്ഷണം ഉണ്ടാവുകയില്ലെന്ന റിപ്പോർട്ടുകൾ തികച്ചും വിഭിന്നമാണ്. ഹാരിക്കും മേഗനും ചടങ്ങിലേക്ക് ക്ഷണം ഉണ്ടായാൽ വില്യമും ഭാര്യ കെയ്റ്റും ചടങ്ങിൽ പങ്കെടുക്കുമോ എന്നുള്ള സംശയങ്ങളും നിലനിൽക്കുന്നുണ്ട്.
ചാൾസ് രാജാവ് സ്കോട്ട് ലൻഡ് സന്ദർശിക്കുമ്പോൾ അവിടേക്ക് ഇരുവരെയും ക്ഷണിക്കാനാണ് കൂടുതൽ സാധ്യതകൾ എന്ന് മറ്റൊരു രാജകുടുംബ വക്താവ് സൂചിപ്പിച്ചു. ആ സമയത്ത് വില്യമും ഭാര്യയും നോർഫോക്കിലെ തങ്ങളുടെ വസതിയിൽ ആയിരിക്കും എന്ന കാരണമാകാം ഇതിനുപിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. രാജാവ് തന്റെ മകനെ അവഗണിക്കുക ഇല്ലെന്നും, വളരെ സാവധാനം ബന്ധങ്ങൾ പുനഃസൃഷ്ടിക്കുമെന്നുമുള്ള സൂചനകൾ ആണ് പുറത്തുവരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് സർവകലാശാലകളിൽ വിദ്യാഭ്യാസം തനി കച്ചവടമായി മാറിയിരിക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അഡ്മിഷനുവേണ്ടി കോടികളാണ് ഓരോ സർവകലാശാലകളും കമ്മീഷനായി ഏജന്റുമാർക്ക് നൽകുന്നത്. ഓക്സ്ഫോർഡ് , കേംബ്രിഡ്ജ് പോലുള്ള ഏതാനും സർവകലാശാലകൾ മാത്രമാണ് കുട്ടികളെ പിടിക്കാൻ ഏജൻറുമാർക്ക് കമ്മീഷൻ നൽകാതെയുള്ളൂ.
യുകെയിലെ സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അഡ്മിഷനു വേണ്ടി കോടിക്കണക്കിന് പൗണ്ട് ഏജൻറ് ഫീസ് ആയി നൽകുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. കഴിഞ്ഞവർഷം മാത്രം ഗ്രീൻ വിച്ച് യൂണിവേഴ്സിറ്റി 28 മില്യൺ പൗണ്ട് ആണ് ചെലവഴിച്ചത്. കഴിഞ്ഞവർഷം മാത്രം 5 ലക്ഷം പഠന വിസകളാണ് യുകെയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്കായി അനുവദിക്കപ്പെട്ടത്.
പുറത്തുവരുന്ന കണക്കുകൾ ലാഭകരമായ സ്റ്റുഡൻറ് റിക്രൂട്ട്മെൻറ് വ്യവസായത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതാണ്. കഴിഞ്ഞവർഷം അനുവദിക്കപ്പെട്ട സ്റ്റുഡൻറ് വിസകൾ മുൻവർഷത്തെ അപേക്ഷിച്ച് 23% കൂടുതലാണ്. 2019 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലധികം വിദ്യാർത്ഥികളാണ് പഠനത്തിനായി യുകെയിൽ എത്തിച്ചേർന്നത്. യുകെയിലെ സർവകലാശാലകൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചിൽ ഒന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നാണ്.
ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈടാക്കുന്ന ട്യൂഷൻ ഫീസ് ബ്രിട്ടീഷ് പൗരത്വമുള്ള കുട്ടികളെക്കാൾ വളരെ കൂടുതലാണ്. ബിരുദ വിദ്യാർത്ഥികൾക്ക് ശരാശരി 22,000 പൗണ്ട് ആണ് ബ്രിട്ടീഷ് കൗൺസിൽ ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്. ബിരുദാനന്തര വിദ്യാർത്ഥികൾ ഇതിലും കൂടുതൽ ഫീസുകൾ നൽകണം. കൂടുതൽ വിദ്യാർത്ഥികളെ ലഭിക്കുന്നതിന് ഏജന്റുമാർക്ക് നല്ലൊരു തുകയാണ് സർവ്വകലാശാലകൾ നൽകുന്നത്. 2000 പൗണ്ട് മുതൽ 8000 പൗണ്ട് വരെ ഒരു കുട്ടിയുടെ അഡ്മിഷൻ നൽകുമ്പോൾ ഏജന്റിന്റെ കമ്മീഷൻ ഇനത്തിൽ ലഭിക്കും. ലണ്ടൻ സർവ്വകലാശാല ഒരു വിദ്യാർത്ഥിക്ക് 8235 പൗണ്ട് വരെ ഏജന്റിന് നൽകിയത്. പലപ്പോഴും ഏജന്റുമാരുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ അഭിരുചി അനുസരിച്ച് ആണോ എന്നതിനെക്കുറിച്ച് ആരും പരിഗണിക്കുന്നില്ല എന്ന് യുകെയിലെ ഇന്ത്യൻ വിദ്യാർഥികളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ നാഷണൽ സ്റ്റുഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കിഷോർ ദത്തു പറഞ്ഞു.