പ്രധാനമന്ത്രി കെയർ സ്റ്റാർമറും ആയി ബന്ധപ്പെട്ട വീടുകളിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇതോടെ ഈ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം നാലായി . ജീവൻ അപകടപ്പെടുത്താൻ ഉദ്ദേശിച്ച് തീയിട്ടതിനും ഗൂഢാലോചന നടത്തിയെന്നും സംശയിച്ചാണ് 48 കാരനായ ഇയാളെ തിങ്കളാഴ്ച എസെക്സിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത് . പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാൽ തീവ്രവാദ വിരുദ്ധ പോലീസാണ് അന്വേഷണം നടത്തുന്നത്.
തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ ഇതിനകം കുറ്റം ചുമത്തിയിട്ടുണ്ട്. ഉക്രേനിയക്കാരായ പെട്രോ പോച്ചിനോക്ക് (34), റോമൻ ലാവ്‌റിനോവിച്ച് (21), ഉക്രേനിയൻ വംശജനായ റൊമാനിയൻ പൗരൻ സ്റ്റാനിസ്ലാവ് കാർപിയുക്ക് (26) എന്നിവരെ വെള്ളിയാഴ്ച ഓൾഡ് ബെയ്‌ലിയിൽ ഹാജരാക്കും. തെക്കുകിഴക്കൻ ലണ്ടനിലെ സിഡെൻഹാമിൽ നിന്നുള്ള ലാവ്‌റിനോവിച്ചിനെതിരെ ജീവൻ അപകടപ്പെടുത്താൻ ഉദ്ദേശിച്ച് തീയിട്ട കുറ്റങ്ങൾ ആണ് ചുമത്തിയിരിക്കുന്നത് . വടക്കൻ ലണ്ടനിലെ ഇസ്ലിംഗ്ടണിലെ ഹോളോവേ റോഡിൽ താമസിക്കുന്ന പോച്ചിനോക്കും കിഴക്കൻ ലണ്ടനിലെ ചാഡ്‌വെൽ ഹീത്തിൽ താമസിക്കുന്ന കാർപിയുക്കും ജീവൻ അപകടപ്പെടുത്താൻ ഉദ്ദേശിച്ച് തീവയ്പ്പ് നടത്താൻ ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെടുന്നു.
മലയാളി നേഴ്സ് ആയ യുവാവ് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മരണമടഞ്ഞതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മണീട് കുന്നത്തു കളപ്പുരയിൽ ജോണിന്റെയും മോളിയുടെയും മകൻ എൽദോസ് (34)ആണ് മരിച്ചത്.മണീട് ഗവൺമെൻറ് എൽപി സ്കൂളിന് സമീപമാണ് എൽദോസിൻ്റെ കുടുംബവീട് .
ഭാര്യയുടെ പരാതിയിൽ ആണ് പോലീസ് എൽദോസിനെ കസ്റ്റഡിയിൽ എടുത്തത്. ഇതിനുശേഷം യുകെയിൽ തന്നെയുള്ള ബന്ധുക്കൾ എൽദോസിനെ സ്റ്റേഷനിൽ എത്തി കണ്ടിരുന്നു. തൻറെ കൈവശമുള്ള ഫോണും എടിഎം കാർഡും എൽദോസ് ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.
ഇതിനുശേഷം എൽദോസിന്റെ മരണവാർത്തയാണ് പുറത്തു വരുന്നത്. മെയ് 27-ാം തീയതി നാട്ടിലേയ്ക്ക് ഫോൺ വിളിച്ച് അധികൃതർ എൽദോസിന്റെ മരണവാർത്ത അറിയിക്കുകയായിരുന്നു. മരണം നടന്നതിനുശേഷം യുകെയിലുള്ള ബന്ധുക്കളെ തേടി പോലീസ് എത്തി എന്ന വിവരം പുറത്തു വരുന്നുണ്ട്.
കുടുംബവഴക്കിനെ തുടർന്നുള്ള കലഹം സമാനതകളില്ലാത്ത ദുരന്തത്തിലേയ്ക്ക് ആണ് ഒരു ചെറുപ്പക്കാരനെ കൊണ്ടെത്തിച്ചത്. എൽദോസിന്റെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരണം. ജൂൺ 5 – ന് ഓക്സ്ഫോർഡിൽ വച്ച് പോസ്റ്റുമോർട്ടം നടത്തുമെന്നാണ് നിലവിൽ അറിയാൻ സാധിച്ചത്. ഇതിനുശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഗാർഹിക പീഡനം ആരോപിച്ച് എൽദോസിനെതിരെ നേഴ്സായ ഭാര്യ നൽകിയ പരാതിയിലാണ് സംഭവങ്ങളുടെ തുടക്കം. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന എൽദോസിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന വിശ്വാസത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് മരണമടഞ്ഞ യുവാവിന്റെ ബന്ധുക്കൾക്ക് പോലീസ് കംപ്ലയിന്റ് അതോറിറ്റി അടക്കമുള്ള സംവിധാനങ്ങളില്‍ പരാതി നൽകാൻ സാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികളെ ഞെട്ടിച്ചുകൊണ്ട് പിറവം സ്വദേശിയുടെ കസ്റ്റഡി മരണം. കേരളത്തിൽ കസ്റ്റഡി മരണങ്ങൾ നടന്ന വാർത്ത വരാറുണ്ടെങ്കിലും യുകെയില്‍ അധികം സംഭവിക്കാത്ത കസ്റ്റഡി മരണത്തിനാണ് പിറവം സ്വദേശിയായ യുവാവ് ഇരയായിരിക്കുന്നത്. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട യുവാവിൻെറ മരണ കാരണം കസ്റ്റഡിയില്‍ ഇരിക്കവേ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മരണത്തിൽ യുവാവിൻെറ സുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചു.
ഗാര്‍ഹിക പീഡനം ആരോപിച്ച് നേഴ്‌സായ ഭാര്യ പോലീസ് സഹായം തേടിയതിന് പിന്നാലെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തത്. ഒരാഴ്ച മുൻപാണ് സംഭവം നടക്കുന്നത്. പോലീസ് നടപടിയില്‍ യുവാവിന്റെ കുടുംബം പരാതി ഉയര്‍ത്തിയാല്‍ മരണത്തില്‍ അന്വേഷണം ഉണ്ടാകും. ബ്രിട്ടനില്‍ പോലീസ് കാര്യക്ഷമമായി ജോലി ചെയ്യുന്നവര്‍ ആണെന്ന മലയാളികളുടെ പൊതു ധാരണയ്ക്കുള്ള തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിച്ച ദുരിതം.
പോലീസ് കസ്റ്റഡി മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുന്നതായിരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ ശനിയാഴ്ച മാത്രം ഇംഗ്ലീഷ് ചാനൽ കടന്ന് ആയിരത്തിലധികം അനധികൃത കുടിയേറ്റക്കാർ യുകെയിൽ എത്തിയതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 2025 ൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്. 18 ചെറു ബോട്ടുകളിലായി 1194 പേർ എത്തിയെന്നാണ് ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത്.
കഴിഞ്ഞ സർക്കാരുകളുടെ സമയത്ത് അതിർത്തിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അനധികൃത കുടിയേറ്റം നിയന്ത്രണാതീതമായി തുടരുന്നതിന് കാരണമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. ഏറ്റവും പുതിയതായി എത്തിയവരുടെ എണ്ണവും കൂടി ഉൾപ്പെടുത്തി ഇതുവരെ 14 ,811 പേരാണ് ഈ വർഷം അനധികൃതമായി യുകെയിൽ എത്തിയത്. 2024 ലെ ഈ സമയവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 42 ശതമാനം കൂടുതലാണ്. 2023 – മായി താരതമ്യം ചെയ്യുമ്പോൾ 95 ശതമാനം കൂടുതലാണ് ഈ വർഷത്തെ അനധികൃത കുടിയേറ്റം.
2024-ൽ ഏകദേശം 37,000 പേർ ചെറു ബോട്ടുകളിൽ ചാനൽ കടന്നെങ്കിലും ഏറ്റവും ഉയർന്ന കണക്കുകൾ 2022-ലേതാണ്. ആ വർഷം മാത്രം 45,755 പേർ ആണ് അനധികൃതമായി യുകെയിൽ എത്തിയത് . 2022 സെപ്റ്റംബർ 3- ന് രേഖപ്പെടുത്തിയ 1305 ആണ് ഏറ്റവും കൂടിയ അനധികൃത കുടിയേറ്റം. ജീവന് ഭീഷണിയാകുന്നതും നമ്മുടെ അതിർത്തി സുരക്ഷയെ ദുർബലപ്പെടുത്തുന്നതുമായ അപകടകരമായ ചെറിയ ബോട്ട് ക്രോസിംഗുകൾ അവസാനിപ്പിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നുവെന്ന് ഒരു ഹോം ഓഫീസ് വക്താവ് പറഞ്ഞു. അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവ് ഭരണ പ്രതിപക്ഷങ്ങളുടെ ഇടയിൽ കനത്ത രാഷ്ട്രീയ പോരിന് കാരണമാകും എന്നാണ് കരുതപ്പെടുന്നത്. മനുഷ്യ കള്ളക്കടത്ത് തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നത് ലേബർ പാർട്ടിയുടെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ 12 പുതിയ ആക്രമണ അന്തർവാഹിനികൾ നിർമ്മിക്കും. ഇന്ന് പ്രതിരോധ അവലോകനം പ്രധാനമന്ത്രി പുറത്തിറക്കും. വർദ്ധിച്ചുവരുന്ന ആഗോള ഭീഷണികൾക്ക് മറുപടിയായി സായുധ സേനയെ “യുദ്ധസജ്ജത”യിലേക്ക് മാറ്റുന്നതിനുള്ള വിശാലമായ തന്ത്രത്തോടൊപ്പമായിരിക്കും പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഈ സംരംഭം അനാച്ഛാദനം ചെയ്യുക. കൂടാതെ, ആണവ വാർഹെഡ് പ്രോഗ്രാമിൽ 15 ബില്യൺ പൗണ്ട് യുകെ നിക്ഷേപിക്കുമെന്നും അവലോകനത്തിൽ സ്ഥിരീകരിക്കും.
ലേബർ സർക്കാർ നിയോഗിച്ചതും മുൻ ലേബർ പ്രതിരോധ സെക്രട്ടറി ലോർഡ് റോബർട്ട്‌സൺ നയിക്കുന്നതുമായ സ്ട്രാറ്റജിക് ഡിഫൻസ് റിവ്യൂ, വരും വർഷങ്ങളിൽ യുകെയുടെ സായുധ സേനയെ രൂപപ്പെടുത്തും. ഇതിൽ 62 ശുപാർശകൾ ഉൾപ്പെടുന്നു. ഇതെല്ലാം സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയുടെ സൈനിക ശേഷി ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന പ്രഖ്യാപനങ്ങൾ സ്ട്രാറ്റജിക് ഡിഫൻസ് റിവ്യൂവിൽ ഉൾപ്പെടും. സ്ഥിരമായ യുദ്ധോപകരണ ഉൽപാദന ശേഷി നിലനിർത്തുന്നതിനായി ആറ് പുതിയ ഫാക്ടറികൾ നിർമ്മിക്കുന്നതിനുള്ള 1.5 ബില്യൺ പൗണ്ട് നിക്ഷേപം. മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയ 7,000 വരെ ദീർഘദൂര ആയുധങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
സൈബർ സ്‌പെയ്‌സിലെ പ്രതിരോധ, ആക്രമണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ “സൈബർ, ഇലക്ട്രോമാഗ്നറ്റിക് കമാൻഡ്” രാജ്യം സ്ഥാപിക്കും. സൈനിക ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 2029 ഓടെ 1.5 ബില്യൺ പൗണ്ട് അനുവദിക്കും. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ബ്രിട്ടീഷ് സൈന്യത്തിന്റെ മൊത്തത്തിലുള്ള വലുപ്പത്തിൽ ഉടനടി വർദ്ധനവ് ഉണ്ടാകില്ലെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സൈനികരുടെ എണ്ണത്തിൽ തുടർച്ചയായി വരുന്ന കുറവ് തടയുക എന്നതാണ് ഇപ്പോൾ തന്റെ പ്രധാന മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത പാർലമെന്റ് കാലയളവിൽ 73,000 മുഴുവൻ സമയ സൈനികരെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സൈന്യത്തെ ക്രമേണ പുനർനിർമ്മിക്കാനും ശക്തിപ്പെടുത്താനും ആണ് സർക്കാർ പദ്ധതിയിടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആവശ്യ മരുന്നുകളുടെ അഭാവം ക്യാൻസർ രോഗികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഫാർമസികൾ മുന്നറിയിപ്പ് നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ക്രിയോൺ പോലെ പാൻക്രിയാറ്റിക് ക്യാൻസർ പേഷ്യൻസ് ഉപയോഗിക്കുന്ന മരുന്നുകൾ ലഭ്യമല്ലാത്തത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ മാത്രം 61,000 – ത്തിലധികം രോഗികൾക്ക് ഈ മരുന്ന് ആവശ്യമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മരുന്നുകളുടെ കുറവ് രോഗികളെ കടുത്ത ദുരിതത്തിലാക്കുന്നതായി നാഷണൽ ഫാർമസി അസോസിയേഷൻ (എൻ എഫ് എ) ചൂണ്ടി കാണിച്ചു. യുകെയിൽ മാത്രമല്ല യൂറോപ്പിൽ ഉടനീളം ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മരുന്നുകൾ സമയത്ത് ലഭ്യമല്ലാത്തതിനാൽ ആഘാതം ലഘൂകരിക്കുന്നതിന് മരുന്ന് നിർമ്മാതാക്കളുമായിട്ടും എൻഎച്ച്എസുമായിയും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിന്റെ വക്താവ് പറഞ്ഞു.
മരുന്നുകൾ കൃത്യസമയത്ത് ലഭ്യമല്ലാത്തത് രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇതുമൂലം കീമോതെറാപ്പി പോലുള്ള ചികിത്സകളെ നേരിടുന്നതിനുള്ള അവരുടെ ശരീരത്തിൻറെ കഴിവുകൾ നഷ്ടപ്പെടും . അടുത്ത വർഷം വരെ ക്ഷാമം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ക്രിയോൺ പ്രധാനമായും പാൻക്രിയാസ് ക്യാൻസർ ബാധിച്ച രോഗികളുടെ ദഹനത്തെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്. മരുന്നിന്റെ ലഭ്യത കുറവ് കാരണം പല രോഗികളും ദഹന പ്രശ്നങ്ങളാൽ ഭക്ഷണം തന്നെ ഉപേക്ഷിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡ്രൈവർമാർക്ക് അനുകൂലമായി ഇംഗ്ലണ്ടിലെ പെനാൽറ്റി പോയിന്റുകളിൽ മാറ്റം വരുന്നു. നിലവിൽ, മോട്ടോർ വാഹന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടാൽ വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കുകയും അവരുടെ ഡ്രൈവിംഗ് റെക്കോർഡിന് പെനാൽറ്റി പോയിന്റുകൾ ലഭിക്കുകയും ചെയ്യും. 20mph മേഖലയിൽ അമിതവേഗതയ്ക്ക് മൂന്ന് പോയിന്റുകൾ വരെയാണ് ലഭിക്കുക. ഈ നിയമത്തിൽ മാറ്റം വരുത്താനാണ് ലേബർ പാർട്ടി സർക്കാരിനോട് ഒരു പാർലമെന്ററി ഹർജി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, 20mph വേഗതയുള്ള പ്രദേശത്ത് 25mph വരെ വേഗതയ്ക്ക് ഒരു പെനാൽറ്റി പോയിന്റ് മാത്രം നൽകുക എന്ന് തുടങ്ങിയ നിർദ്ധേശങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. നിലവിലെ പിഴ അനുപാതമില്ലാത്തതാണെന്നും പുനഃപരിശോധന ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.
നിലവിലെ നിയമം അനുസരിച്ച് 20mph വേഗതയുള്ള പ്രദേശത്ത് 25mph വരെ വേഗതയിൽ പോകുന്നവരുടെയും അതിവേഗം വാഹനം ഓടിക്കുന്നവരുടെയും പിഴ ഒന്ന് തന്നെയാണ്. പതിവായി വാഹനമോടിക്കുന്നവർക്ക് ഒന്നിലധികം പിഴകൾ ഈടാക്കാൻ സാധ്യതയുണ്ടെന്നും ഇത് ഇൻഷുറൻസ് ചെലവുകളെയും ജോലി സാധ്യതകളെയും പോലും ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. 2025 നവംബർ 20 വരെയാണ് ഡേവിഡ് റിനാൽഡി നടത്തുന്ന ഹർജിയുടെ സമയപരിധി. ഇതിനുള്ളിൽ 10,000 ഒപ്പുകൾ ശേഖരിക്കുക ആണെങ്കിൽ സർക്കാരിൽ നിന്ന് ഒരു പ്രതികരണം ലഭിക്കും. 100,000 ഒപ്പുകൾ ലഭിച്ചാൽ പാർലമെന്റിൽ ചർച്ചയ്ക്കായി പരിഗണിക്കുകയും ചെയ്യും. യുകെയിൽ എല്ലാ ഹർജികളും ആറ് മാസത്തേക്കാണ് നീണ്ട് നിൽക്കുക.
ഡ്രൈവർ റെക്കോർഡിൽ എൻഡോഴ്‌സ്‌മെന്റും പെനാൽറ്റി പോയിന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർമാർ ഒരു മോട്ടോർ വാഹന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുമ്പോൾ, അവരുടെ ഡ്രൈവിംഗ് റെക്കോർഡിൽ എൻഡോഴ്‌സ്‌മെന്റുകളും പെനാൽറ്റി പോയിന്റുകളും ചേർക്കും. ഇത് ഓൺലൈനിൽ കാണാൻ കഴിയും. ഓരോ എൻഡോഴ്‌സ്‌മെന്റിനും ഒരു പ്രത്യേക കുറ്റകൃത്യ കോഡ് നൽകിയിട്ടുണ്ട്. കൂടാതെ കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് 1 മുതൽ 11 വരെയുള്ള പെനാൽറ്റി പോയിന്റുകൾ ലഭിക്കും. ഈ പോയിന്റുകൾ 4 അല്ലെങ്കിൽ 11 വർഷം വരെ ഡ്രൈവറുടെ രേഖയിൽ കാണും. മൂന്ന് വർഷത്തിനുള്ളിൽ 12 അല്ലെങ്കിൽ അതിൽ കൂടുതൽ പോയിന്റുകൾ ശേഖരിക്കുന്നവർക്ക് ഡ്രൈവിങ്ങിന് വിലക്ക് ലഭിക്കാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇന്ന് മുതൽ വേനൽ കാലം ആരംഭിക്കും. ഈ വേനൽ കാലത്ത് കാലാവസ്ഥാ പതിവിലും ചൂടുള്ളതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൂടു കൂടുന്നതിനു പുറമേ ഉഷ്ണ തരംഗത്തിനും സാധ്യത കൂടുതലാണെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കുന്ന കാലാവസ്ഥാ പ്രവചനത്തിൽ, 2025 ൽ സാധാരണയേക്കാൾ ഇരട്ടി ചൂടുണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഈ വർഷത്തെ വേനൽ കാലം ഇതുവരെ അനുഭവപ്പെട്ടതിൽ ഏറ്റവും ചൂട് കൂടുതലുള്ള കാലാവസ്ഥാ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മെറ്റ് ഓഫീസിന് പുറമെ വിവിധ ഏജൻസികളിൽ നിന്നുള്ള പ്രവചനത്തിലും യുകെയിൽ പതിവിലും അധികം ചൂടുള്ള കാലാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടി കാണിച്ചിട്ടുണ്ട്.
യുകെയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ വേനൽ കാല കാലാവസ്ഥയിൽ സാധാരണയെക്കാൾ ചൂടുള്ള അവസ്ഥ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. യുകെയ്ക്ക് ചുറ്റുമുള്ള കടലുകളിൽ തുടരുന്ന സമുദ്ര ഉഷ്ണതരംഗം താപനില വർദ്ധിപ്പിക്കാൻ കാരണമാകും . ഉഷ്ണതരംഗം മൂലമുള്ള അധിക ചൂടും ഈർപ്പവും കൂടുതൽ തീവ്രമായ വേനൽക്കാല കൊടുങ്കാറ്റുകൾക്ക് കാരണമാകും. മഴയുടെ അഭാവത്തെ തുടർന്ന് വസന്തകാലത്ത് യുകെയിലുടനീളം നദികളുടെയും റിസർവോയറുകളുടെയും വെള്ളത്തിന്റെ അളവ് കുറഞ്ഞിരുന്നു. ചൂട് കൂടുന്നതിന് അനുബന്ധമായി പെയ്യുന്ന മഴയുടെ തീവ്രത കൂടുതലായിരിക്കുമെന്ന് മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ കാലാവസ്ഥാ ശാസ്ത്രജ്ഞർ ചൂണ്ടി
കാണിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതുവത്സര ദിനം മുതൽ വടക്കൻ ഡോളോമൈറ്റ്സിൽ കാണാതായ ബ്രിട്ടീഷ് ഹൈക്കറുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയതായി പ്രാദേശിക രക്ഷാപ്രവർത്തകർ പറഞ്ഞു. ലണ്ടനിൽ നിന്നുള്ള അസീസ് സിറിയത്തിനെ (36) റെസ്ക്യൂ ടീമിലെ രക്ഷാപ്രവർത്തകർ മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്ത് സാം ഹാരിസിനൊപ്പം ഹൈക്കിംഗ് നടത്തുകയായിരുന്നു അദ്ദേഹം . കാണാതായതായി റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ സാം ഹാരിസിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
മഞ്ഞിന്റെ പാളികൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഒരു പാറക്കെട്ടിൽ അദ്ദേഹത്തിൻറെ മൃതദേഹം കണ്ടെത്തിയതായാണ് രക്ഷാപ്രവർത്തനം നടത്തിയവർ ഒരു പ്രസ്താവനയിൽ പറഞ്ഞത് . മൃതദേഹം അടുത്തുള്ള സ്പിയാസോ റെൻഡേന സ്‌പോർട്‌സ് ഫീൽഡിലേക്ക് വിമാനമാർഗം കൊണ്ടുപോയി. കണ്ടെത്തൽ സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് രക്ഷാസംഘം പറഞ്ഞു.വടക്കൻ ഇറ്റലിയിൽ മരിച്ച ബ്രിട്ടീഷ് പൗരന്റെ കുടുംബത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു എന്നും പ്രാദേശിക അധികാരികളുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട് എന്നും വിദേശകാര്യ, കോമൺവെൽത്ത്, വികസന ഓഫീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് മുതൽ യുകെയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ വേപ്പുകളുടെ വിൽപന നിരോധിക്കും. കുട്ടികളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിൻെറ ഭാഗമായാണ് ഈ നീക്കം. റീചാർജ് ചെയ്യാവുന്നതോ വീണ്ടും നിറയ്ക്കാവുന്നതോ ആയ വേപ്പുകൾ ഇപ്പോഴും വിൽക്കാൻ കഴിയും. യുവാക്കളുടെ ഇടയിൽ വേപിങ് വർദ്ധിക്കുന്നതിൽ ഡിസ്പോസിബിൾ വേപ്പുകൾ ഒരു പ്രധാന ഘടകമാണ്. പ്രതിവർഷം ഏകദേശം അഞ്ച് ദശലക്ഷം വേപ്പുകൾ വരെയാണ് വിറ്റു പോകുന്നത്. ഈ കണക്കുകളുടെ പശ്ചാത്തലത്തിൽ നിരോധനം കാര്യമായ സ്വാധീനം ചെലുത്തുമെന്ന് മന്ത്രിമാർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, യുവജനങ്ങളുടെ ഇടയിലെ വേപിങ് പ്രശ്‌നം പരിഹരിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ വാദിക്കുന്നു.
ഡിസ്പോസിബിൾ വേപ്പ് നിരോധനം ലംഘിക്കുന്ന ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില്ലറ വ്യാപാരികൾക്ക് ആദ്യ കുറ്റത്തിന് 200 പൗണ്ട് പിഴ ലഭിക്കും. വീണ്ടും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാൽ പരിധിയില്ലാത്ത പിഴയോ തടവോ ലഭിക്കും. മുൻ കൺസർവേറ്റീവ് ഗവൺമെന്റാണ് നിരോധനം ആദ്യം പ്രഖ്യാപിച്ചതെങ്കിലും, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പാക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. അതേസമയം, സ്കോട്ട് ലൻഡും നോർത്തേൺ അയർലൻഡും ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമങ്ങൾക്കനുസരിച്ച് സ്വന്തം നിരോധനങ്ങൾ ഏർപ്പെടുത്തി.
കഴിഞ്ഞ ദശകത്തിൽ യുകെയിൽ വേപ്പ് ഉപയോഗം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്, ജനസംഖ്യയുടെ 9% പേർ ഇപ്പോൾ ഇ-സിഗരറ്റുകളാണ് ഉപയോഗിക്കുന്നത്. വേപ്പുകൾ ഉപയോഗിക്കുന്നവരിൽ നാലിലൊന്ന് പേരും ഡിസ്പോസിബിൾ വേപ്പുകളാണ് ഉപയോഗിക്കുന്നത്. 18 വയസ്സിന് താഴെയുള്ളവർക്ക് വേപ്പ് വിൽക്കുന്നത് നിയമവിരുദ്ധമാണെങ്കിലും, പലപ്പോഴും കൂടുതൽ വർണ്ണാഭമായും ആകർഷകമായും പായ്ക്ക് ചെയ്ത ഡിസ്പോസിബിൾ വേപ്പുകൾ യുവാക്കളിൽ വേപ്പിംഗ് വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.