Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ പുതുക്കിയ ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്ന നടപടികളുടെ ഭാഗമായി രാജ്യത്തുടനീളം കൂടുതൽ സോളാർ ഫാമുകൾ വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സർക്കാർ നടത്തിയ ഊർജ ലേലത്തിന് പിന്നാലെ ഇംഗ്ലണ്ട്, സ്കോട്‌ ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 157 പുതിയ സോളാർ പദ്ധതികൾക്ക് ആണ് കരാർ അനുവദിച്ചത്. ഇതോടെ രാജ്യത്തിന്റെ ഊർജ ഉൽപ്പാദന ശേഷി വൻതോതിൽ വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാലാവസ്ഥാ വിദഗ്ധരും എനർജി സംഘടനകളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. വേനൽക്കാലങ്ങളിൽ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സോളാർ എനർജി നല്ല പരിഹാരമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഊർജ സുരക്ഷ ഉറപ്പാക്കാനും ഈ പദ്ധതികൾ സഹായകരമാകുമെന്നാണ് സർക്കാർ നിലപാട്.

അതേസമയം, വലിയ തോതിലുള്ള സോളാർ ഫാമുകൾ പ്രാദേശിക മേഖലകളിൽ സ്ഥാപിക്കുന്നതിനെതിരെ ചില പ്രദേശവാസികൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. കൃഷിയിടങ്ങളും പ്രകൃതി ഭംഗിയും നഷ്ടപ്പെടുമെന്ന ആശങ്കയാണ് എതിര്‍പ്പിന് കാരണം. എന്നിരുന്നാലും, ദേശീയ തലത്തിൽ ഊർജ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ പദ്ധതികൾ അനിവാര്യമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാറ്റിൻ മരുന്നുകളെക്കുറിച്ചുള്ള ആശങ്കകൾക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. പേശിവേദനയും പ്രമേഹവും പോലുള്ള ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ സ്റ്റാറ്റിൻ മരുന്നുകളുടെ ലേബലുകളിൽ പറയുന്ന 66 പാർശ്വഫലങ്ങളിൽ വെറും നാലിനേ ശാസ്ത്രീയ തെളിവുകളുള്ളൂവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. കരൾ പരിശോധനാ ഫലങ്ങളിലെ മാറ്റം, ചെറുതായ കരൾ അസാധാരണതകൾ, മൂത്രത്തിലെ വ്യത്യാസങ്ങൾ, ശരീരത്തിലെ ചില ഭാഗങ്ങളിൽ വീക്കം എന്നിവയ്ക്കാണ് തെളിവുകൾ കണ്ടെത്തിയിട്ടുള്ളത്.

എന്നാൽ ഇവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ അതീവ ചെറുതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ലാൻസറ്റ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച സമഗ്ര അവലോകനത്തിലാണ് ഈ നിഗമനങ്ങൾ ഉള്ളത്. ലഭ്യമായ പഠന വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് സ്റ്റാറ്റിൻ മരുന്നുകളെക്കുറിച്ചുള്ള ഭീതികൾ പലതും അനാവശ്യമായ ഭീതിയാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ സ്റ്റാറ്റിൻ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നും, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസംബന്ധമായ മരണങ്ങൾ എന്നിവ കുറയ്ക്കുന്നതിൽ ഇവ ഫലപ്രദമാണെന്നും പഠനം ഓർമ്മിപ്പിക്കുന്നു. അതേസമയം, നിരവധി പാർശ്വഫലങ്ങൾ പ്രചരിക്കുന്നതിനാൽ സുരക്ഷയെക്കുറിച്ചുള്ള ഭയം മൂലം പലരും മരുന്ന് ഒഴിവാക്കുന്ന സാഹചര്യവുമുണ്ട്. എന്നാൽ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി നോക്കുമ്പോൾ, സ്റ്റാറ്റിൻ മരുന്നുകളുടെ ഗുണം അപകടസാധ്യതകളെക്കാൾ വളരെ കൂടുതലാണെന്നതാണ് പുതിയ പഠനത്തിന്റെ മുഖ്യ സന്ദേശം.

യുകെയിൽ നാഷണൽ ഹെൽത്ത് സർവീസ് (NHS) വഴി സ്റ്റാറ്റിൻ മരുന്നുകൾ വ്യാപകമായി നിർദേശിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ പഠനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ലക്ഷക്കണക്കിന് ബ്രിട്ടീഷ് പൗരന്മാർ ദീർഘകാലമായി ഈ മരുന്നുകൾ ഉപയോഗിക്കുന്നതിനാൽ, സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് ശാസ്ത്രീയ മറുപടി നൽകുന്ന കണ്ടെത്തലുകൾ പൊതുജനാരോഗ്യ നയങ്ങളിൽ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. യുകെ ആസ്ഥാനമായ ‘ലാൻസറ്റ്’ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം, സ്റ്റാറ്റിൻ മരുന്നുകളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റാനും, രോഗികൾക്ക് ആത്മവിശ്വാസത്തോടെ ചികിത്സ തുടരാനും സഹായകരമാകുമെന്നതാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്‌കോട്ടിഷ് ലേബർ നേതാവ് അനസ് സർവർ സർ കിയർ സ്റ്റാർമറിന്റെ രാജി ആവശ്യപ്പെട്ടതോടെ ബ്രിട്ടീഷ് ലേബർ പാർട്ടിക്കുള്ളിൽ ശക്തമായ കലഹം രൂക്ഷമായി . പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ “വളരെയധികം പിഴവുകൾ” സംഭവിച്ചതായി ആരോപിച്ച സർവർ, നിലവിലെ സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു. പീറ്റർ മാൻഡൽസനെ യുഎസ് അംബാസഡറായി നിയമിച്ച വിഷയത്തിൽ ഉയർന്ന വിവാദമാണ് സ്റ്റാർമറിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാൻ കാരണമായത്. എന്നാൽ പാർലമെന്ററി ലേബർ പാർട്ടി യോഗത്തിൽ സ്റ്റാർമർ രാജി വെക്കില്ലെന്ന് വ്യക്തമാക്കിയതോടെ, അദ്ദേഹം നേതൃത്വം തുടരുമെന്ന നിലപാടിൽ ഉറച്ചു നിന്നു.

അതേസമയം, ലേബർ മന്ത്രിസഭയിലെ മുതിർന്ന നേതാക്കൾ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ചാൻസലർ റേച്ചൽ റീവ്സ്, ആരോഗ്യമന്ത്രി വെസ് സ്റ്റ്രീറ്റിംഗ്, സ്കോട്ടിഷ് സെക്രട്ടറി ഡഗ്ലസ് അലക്സാണ്ടർ, മുൻ ഉപപ്രധാനമന്ത്രി ആഞ്ജല റെയ്‌നർ തുടങ്ങിയവർ സ്റ്റാർമറിനെ പിന്തുണച്ച് പ്രസ്താവനകൾ നടത്തി. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹവും നേതൃത്വ തിരഞ്ഞെടുപ്പും രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയിലേക്കു നയിക്കുമെന്ന മുന്നറിയിപ്പും അവർ നൽകി. എന്നാൽ ലേബർ പാർട്ടി എംപിമാരിൽ ചിലർ വിമർശനാത്മക ചോദ്യങ്ങൾ ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ ഡൗണിങ് സ്ട്രീറ്റിലെ ഉന്നത ഉപദേഷ്ടകരുടെ രാജികളും സ്റ്റാർമറിന് തിരിച്ചടിയായി. ചീഫ് ഓഫ് സ്റ്റാഫ് മോർഗൻ മക്‌സ്വീനിയും കമ്മ്യൂണിക്കേഷൻസ് തലവൻ ടിം അലനും രാജി വെച്ചതോടെ സർക്കാറിന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന ആരോപണം ശക്തമായി . പ്രതിപക്ഷ നേതാവ് കെമി ബാഡെനോക്, ലിബറൽ ഡെമോക്രാറ്റ് നേതാവ് ഡെയ്‌സി കൂപ്പർ, റീഫോം യു.കെ നേതാവ് നൈജൽ ഫാരേജ് എന്നിവരും സ്റ്റാർമറിനെതിരെ വിമർശനവുമായി രംഗത്തെത്തി. സ്കോട്ടിഷ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലേബർ പാർട്ടിയുടെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ ശക്തമാകുമെന്ന സൂചനകളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ഉയരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ∙ എപ്സ്റ്റീൻ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകൾ യുകെ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ആണ് സൃഷ്ടിക്കുന്നത് . വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ സ്ഥാനമൊഴിയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ ശക്തമാകുകയാണ്. അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി പീറ്റർ മാൻഡൽസണെ നിയമിച്ചതാണ് കിയർ സ്റ്റാർമർക്ക് വിനയായത്. ജെഫ്രി എപ്സ്റ്റീനുമായുള്ള പീറ്റർ മാൻഡൽസന്റെ മുൻകാല ബന്ധങ്ങൾ വെളിപ്പെട്ടതോടെ ഭരണകക്ഷിക്കുള്ളിൽ കിയർ സ്റ്റാർമറുടെ രാജി ആവശ്യം ശക്തമായി. സ്റ്റാർമർ നേരിട്ട് ആരോപണങ്ങൾ നേരിടുന്നില്ലെങ്കിലും, എപ്സ്റ്റീനുമായി ബന്ധമുള്ള വ്യക്തികളുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധം രാജി ആവശ്യപ്പെടുന്നവരുടെ മുറവിളി വർധിപ്പിച്ചിരിക്കുകയാണ്.

കിയർ സ്റ്റാർമർ സ്ഥാനമൊഴിയുന്ന പക്ഷം, നിലവിലെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ സംഭവിച്ചാൽ ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിതാ പ്രധാനമന്ത്രിയെന്ന നേട്ടം ഷബാന മഹ്മൂദിന് സ്വന്തമാകും. പാർട്ടിക്കുള്ളിൽ ശക്തമായ വാഗ്മിയെന്ന പേരിൽ അറിയപ്പെടുന്ന ഷബാന, സ്റ്റാർമർ മന്ത്രിസഭയിലെ പ്രധാന മുഖങ്ങളിലൊരാളാണ്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലെ മിർപൂർ പട്ടണത്തിലും വേരുകളുള്ള സുബൈദയുടെയും മഹ്മൂദ് അഹമ്മദിന്റെയും മകളായി ബർമിങ്ങാമിലാണ് ഷബാനയുടെ ജനനം.

ഷബാന മഹ്മൂദ് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നുള്ള നിയമബിരുദധാരിയാണ്. 2010ൽ ബ്രിട്ടനിലെ ആദ്യ വനിതാ മുസ്‌ലിം എംപിമാരിൽ ഒരാളായി പാർലമെന്റിലെത്തിയ അവർ, 2025ൽ ആഭ്യന്തര സെക്രട്ടറി പദവിയേറ്റതിന് ശേഷം അതിർത്തി സുരക്ഷയും കുടിയേറ്റ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. സ്റ്റാർമറുടെ രാജി ആവശ്യങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, ഷബാന മഹ്മൂദ് യുകെ രാഷ്ട്രീയത്തിലെ ശ്രദ്ധകേന്ദ്രമായി മാറിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മലിനമായ പാൽ ഉപയോഗിച്ചതിനെ തുടർന്ന് 36 കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി സ്ഥിരീകരിച്ചു. ഒരുവയസ്സോ അതിൽ താഴെയോ പ്രായമുള്ള കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന ലക്ഷണങ്ങൾ കണ്ടതെന്ന് അധികൃതർ അറിയിച്ചു. ഇതെ തുടർന്ന് നെസ്‌ലെ, ഡാനോൺ എന്നീ കമ്പനികൾ നിർമ്മിച്ച ചില പ്രത്യേക ബാച്ചുകളിലുള്ള ബേബി ഫോർമുല പാലുകൾ തിരിച്ചുവിളിച്ചു.

ഈ ഉൽപ്പന്നങ്ങളിൽ സെറുലൈഡ് (cereulide) എന്ന വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA)യുടെ റിപ്പോർട്ട് പ്രകാരം ഈ കുഞ്ഞുങ്ങൾക്ക് ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടായത്. എന്നാൽ കുഞ്ഞുങ്ങളിൽ ആരും ഗുരുതരാവസ്ഥയിലല്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

തിരിച്ചുവിളിക്കുന്നതിന് മുൻപ് ഈ ഉൽപ്പന്നങ്ങൾ വ്യാപകമായി വിപണിയിൽ ലഭ്യമായിരുന്നുവെന്നതിനാൽ ഇത്തരമൊരു റിപ്പോർട്ട് അപ്രതീക്ഷിതമല്ലെന്ന് UKHSA വക്താവ് അറിയിച്ചു. നിലവിൽ ഒരുവയസ്സിൽ താഴെയുള്ള കുട്ടികളിൽ സാധാരണത്തേക്കാൾ കൂടുതൽ ഛർദ്ദി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിരീക്ഷണ സംവിധാനങ്ങൾ വ്യക്തമാക്കുന്നു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ തുടർ വിവരങ്ങൾ പുറത്തുവിടുമെന്നും ആരോഗ്യ അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടൻ മുൻ പ്രധാനമന്ത്രി റിഷി സുനക് തന്റെ വ്യക്തിത്വവും ദേശീയതയും ചോദ്യം ചെയ്ത വംശീയ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഞാൻ ബ്രിട്ടീഷുകാരനും, ഇംഗ്ലീഷുകാരനും, അതോടൊപ്പം ബ്രിട്ടീഷ് ഏഷ്യനും ആണ് എന്നായിരുന്നു സുനക് പ്രതികരിച്ചത്. തന്റെ തിരിച്ചറിവിനെ ഒറ്റ മാനദണ്ഡത്തിൽ വിലയിരുത്താനുള്ള ശ്രമങ്ങളാണ് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതെന്നും, ബ്രിട്ടൻ പോലുള്ള ബഹുസാംസ്കാരിക രാജ്യത്ത് ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുനക് തൻ്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്.

ഒരു പോഡ്കാസ്റ്ററുടെ പരാമർശങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. “തവിട്ടുനിറമുള്ള ഹിന്ദു ആയതിനാൽ റിഷി സുനക് ഇംഗ്ലീഷുകാരനല്ല” എന്ന തരത്തിലുള്ള അഭിപ്രായമാണ് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചത്. ഈ പരാമർശം വംശീയതയെ ആധാരമാക്കിയതാണെന്നും, ബ്രിട്ടനിലെ ജനാധിപത്യ മൂല്യങ്ങൾക്കും സാമൂഹിക ഐക്യത്തിനും വിരുദ്ധമാണെന്നുമാണ് പൊതുവായ വിലയിരുത്തൽ. രാഷ്ട്രീയ രംഗത്തുനിന്നും സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിന്നുമുള്ള നിരവധി പേർ സുനക്കിന് പിന്തുണയുമായി രംഗത്തെത്തി.

തന്റെ കുടുംബപശ്ചാത്തലവും വിശ്വാസങ്ങളും ബ്രിട്ടീഷ് ജീവിതത്തിന്റെ ഭാഗമാണെന്നും, അതെല്ലാം ഒരുമിച്ച് ഉൾക്കൊള്ളുന്നതാണ് തന്റെ വ്യക്തിത്വമെന്നും സുനക് പറഞ്ഞു. നിറമോ മതമോ ഒരാളുടെ ദേശസ്നേഹം നിർവചിക്കുന്ന മാനദണ്ഡമല്ലെന്നും, ഇത്തരം ചർച്ചകൾ ബ്രിട്ടനിലെ ബഹുസാംസ്കാരിക യാഥാർത്ഥ്യം മനസ്സിലാക്കാൻ അവസരമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരിച്ചറിവിനെക്കുറിച്ചുള്ള സംവാദം വിഭജനത്തിനല്ല, കൂടുതൽ ഉൾക്കൊള്ളലിനും പരസ്പര ബഹുമാനത്തിനും വഴിയൊരുക്കേണ്ടതാണെന്ന സന്ദേശവുമായാണ് സുനക്കിന്റെ പ്രതികരണം അവസാനിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോർഡ് മാൻഡൽസനെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന മോർഗൻ മക്‌സ്വീനീ രാജിവച്ചു. ഈ നിയമനത്തിൽ താൻ പ്രധാനമന്ത്രിക്ക് ഉപദേശം നൽകിയതിന്റെ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുക്കുന്നുവെന്ന് മക്‌സ്വീനീ വ്യക്തമാക്കി. നിയമനത്തിനായുള്ള ഔദ്യോഗിക പരിശോധന താൻ നേരിട്ട് നടത്തിയില്ലെങ്കിലും, രാഷ്ട്രീയ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെഫ്രി എപ്‌സ്റ്റീൻ എന്ന ലൈംഗിക കുറ്റവാളിയുമായി ലോർഡ് മാൻഡൽസന് ഉണ്ടായിരുന്ന ബന്ധം നേരത്തേ തന്നെ പരസ്യമായി അറിയപ്പെട്ടിരുന്നതാണ് വിവാദത്തിന് കാരണം. ഇത്തരമൊരു പശ്ചാത്തലമുള്ള വ്യക്തിയെ അമേരിക്കയിലേക്കുള്ള പ്രധാന നയതന്ത്ര പദവിയിലേക്ക് പരിഗണിച്ചതിൽ മക്‌സ്വീനിക്കെതിരേ കടുത്ത വിമർശനം ഉയർന്നു വന്നിരുന്നു. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫീസിനും ലേബർ പാർട്ടിക്കും വലിയ സമ്മർദ്ദം നേരിടേണ്ടി വന്നു.

മക്‌സ്വീനിയുടെ രാജിയോടെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ കൂടുതൽ രാഷ്ട്രീയ വെല്ലുവിളികൾ നേരിടുകയാണ്. ലോർഡ് മാൻഡൽസന്റെ നിയമന തീരുമാനത്തിനെതിരെ ലേബർ എംപിമാരിൽ നിന്നും ശക്തമായ എതിർപ്പ് തുടരുകയാണ്. വാഷിംഗ്ടണിലേക്കുള്ള ഈ നിയമനം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഉയരുന്ന സാഹചര്യത്തിൽ, സ്റ്റാർമറിന്റെ നേതൃത്വത്തിന് ഇത് നിർണായക ഘട്ടമായി മാറുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടനിൽ ട്രെയിൻ ഡ്രൈവർമാരുടെ കുറഞ്ഞ പ്രായപരിധി 20ൽ നിന്ന് 18 ആക്കി കുറയ്ക്കാനുള്ള നിയമനിർമാണ നീക്കവുമായി ബ്രിട്ടീഷ് സർക്കാർ മുന്നോട്ട് പോകുന്നതായുള്ള റിപോർട്ടുകൾ പുറത്തുവന്നു . ലേബർ സർക്കാർ ഈ ആഴ്ച തന്നെ ഹൗസ് ഓഫ് കോമൺസിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം. നിലവിൽ ഗ്രേറ്റ് ബ്രിട്ടനിലെ റെയിൽവേ ശൃംഖലയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരിൽ 30 വയസിന് താഴെയുള്ളവർ 3 ശതമാനത്തിൽ താഴെയാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ഡ്രൈവർമാരുടെ കുറവ് നേരിടേണ്ടി വരുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ നീക്കം വേഗത്തിലാക്കുന്നത്.

നിലവിൽ രാജ്യത്തെ 24,000 ട്രെയിൻ ഡ്രൈവർമാരുടെ ശരാശരി പ്രായം 48 ആണ്. ഇതിൽ ഏകദേശം 25 ശതമാനം പേർ 2030-ഓടെ വിരമിക്കൽ പ്രായത്തിലെത്തും. നാഷണൽ സ്കിൽസ് അക്കാദമി ഫോർ റെയിലിന്റെ റിപ്പോർട്ട് പ്രകാരം നാല് വർഷത്തിനുള്ളിൽ 2,500 ഡ്രൈവർമാരുടെ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. പലരും 62 വയസിൽ റെയിൽവേ പെൻഷൻ ലഭിക്കുന്നതിനാൽ സ്റ്റേറ്റ് പെൻഷൻ പ്രായത്തിന് മുമ്പേ വിരമിക്കുകയാണ്. വെയിൽസിൽ, പ്രത്യേകിച്ച്, ഡ്രൈവർമാരിൽ രണ്ടിൽ ഒരാളോളം 55 വയസിന് മുകളിലാണ്. ഡ്രൈവർ ക്ഷാമം ഇതിനകം തന്നെ അവസാന നിമിഷ ട്രെയിൻ റദ്ദാക്കലുകൾക്കും സർവീസ് തടസ്സങ്ങൾക്കും കാരണമാകുന്നുണ്ട്.

ഡ്രൈവർമാരുടെ യൂണിയനായ ആസ്ലെഫ് (ASLEF) ഏറെക്കാലമായി പ്രായപരിധി കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. 18 വയസ്സുകാരെ ഉൾപ്പെടുത്തുന്നത് റെയിൽവേ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും വൈവിധ്യം കൂട്ടാനും സഹായിക്കുമെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു. യൂറോപ്പിൽ തന്നെ ജർമനി, നെതർലൻഡ്സ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം തന്നെ 18 വയസിൽ ട്രെയിൻ ഡ്രൈവർമാരാകാൻ അനുമതിയുണ്ട്. ശരാശരി 70,000 പൗണ്ട് ശമ്പളം ലഭിക്കുന്ന ഈ ജോലി നേടാൻ കടുത്ത മത്സരവും മാനസികപരീക്ഷണങ്ങളും 12 മുതൽ 18 മാസം വരെ നീളുന്ന പരിശീലനവും കടക്കേണ്ടിവരും. യുവാക്കളെ നേരത്തെ തൊഴിൽ മേഖലയിൽ എത്തിച്ച് റെയിൽവേ സംവിധാനത്തെ മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് വ്യാപകമായ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഇംഗ്ലണ്ടിൽ പുറപ്പെടുവിച്ചു . ഞായറാഴ്ച വൈകിട്ട് വരെ ഇംഗ്ലണ്ടിലുടനീളം 97 ഫ്‌ളഡ് വാർണിംഗുകളും 217 ഫ്‌ളഡ് അലർട്ടുകളും പുറപ്പെടുവിച്ചതായി അധികൃതർ അറിയിച്ചു. ദക്ഷിണ പടിഞ്ഞാറൻ മേഖലകളും മിഡ്‌ലാൻഡ്സും ആണ് കൂടുതൽ ദുരിതം നേരിടുന്നത്. സ്കോട്‍ ലൻഡിൽ ഏഴ് മുന്നറിയിപ്പുകളും രണ്ട് അലർട്ടുകളും നിലനിൽക്കുമ്പോൾ വെയിൽസിൽ ഇതുവരെ മുന്നറിയിപ്പുകളൊന്നുമില്ല. മഴ അടുത്ത ആഴ്ചയിലും തുടരുമെന്ന സൂചനയെ തുടർന്ന് ദക്ഷിണ പടിഞ്ഞാറൻ ഇംഗ്ലണ്ടും ദക്ഷിണ വെയിൽസും ഉൾപ്പെടുത്തി തിങ്കളാഴ്ച മെറ്റ് ഓഫിസ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

2026 ആരംഭിച്ചതിനുശേഷം ദക്ഷിണ പടിഞ്ഞാറൻ ഇംഗ്ലണ്ടും ദക്ഷിണ വെയിൽസും ഒരു ദിവസവും മഴയില്ലാതെ കടന്നുപോയിട്ടില്ലെന്നു മെറ്റ് ഓഫിസ് വ്യക്തമാക്കി. ഈ മേഖലകളിൽ സാധാരണയെക്കാൾ 50 ശതമാനം അധികമഴ ലഭിച്ചു. ജനുവരിയിൽ ഇൻഗ്രിഡ്, ഗൊറെട്ടി, ചന്ദ്ര എന്നീ പേരിട്ട മൂന്ന് ചുഴലിക്കാറ്റുകൾ യുകെയിൽ കനത്ത മഴയും കാറ്റും വലിയ നാശനഷ്ടങ്ങളും ഉണ്ടാക്കിയിരുന്നു. പരിസ്ഥിതി ഏജൻസിയുടെ കണക്കുകൾ പ്രകാരം കുറഞ്ഞത് 300 വീടുകളിൽ വെള്ളം കയറിയതായും 16,200-ലധികം വീടുകൾ സംരക്ഷിക്കാൻ കഴിഞ്ഞതായും ഉള്ള വാർത്തകൾ നേരെത്തെ പുറത്തുവന്നിരുന്നു . വെള്ളത്തിലൂടെ വാഹനമോടിക്കരുതെന്ന് അധികൃതർ ജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിട്ടുണ്ട് .

ഡെവൺ, ഹാംപ്‌ഷയർ, ഗ്ലോസ്റ്റർ–വുസ്റ്റർ മേഖലകൾ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുകൾ കൂടുതലായി നൽകിയിരിക്കുന്നത് . വാർവിക്‌ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് റിവർ ഡീൻ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നതായി അറിയിച്ചു. നോർത്ത് അയർലണ്ടിൽ കഴിഞ്ഞ 149 വർഷത്തിനിടയിലെ ഏറ്റവും മഴയേറിയ ജനുവരിയായിരുന്നു ഇത്തവണത്തേത്. ഫെബ്രുവരിയിലും ശക്തമായ മഴ തുടരുകയാണ്. ഈ മാസം ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ തന്നെ ചില മേഖലകളിൽ സാധാരണ ഒരു മാസത്തിൽ ലഭിക്കേണ്ടതിലധികം മഴ രേഖപ്പെടുത്തിയതായി മെറ്റ് ഓഫിസ് അറിയിച്ചു. ജനങ്ങൾ പ്രാദേശിക നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗദി അറേബ്യയിലേക്കുള്ള പ്രിൻസ് വില്യമിൻ്റെ ആദ്യ ഔദ്യോഗിക സന്ദർശനം യുകെ സർക്കാരിന് വലിയ നയതന്ത്ര പ്രാധാന്യമുള്ള നീക്കമായി മാറുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . എനർജി ട്രാൻസിഷൻ, യൂത്ത് ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് സന്ദർശനം. സൗദി അറേബ്യ എണ്ണയെ അമിതമായി ആശ്രിയിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ നിന്ന് മാറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രിൻസ് വില്യം എത്തുന്നത്. സംസ്കാരപരമായി സൗദി വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഭരണകൂടം ഇപ്പോഴും കടുത്ത അധികാര സ്വഭാവം പുലർത്തുന്നതാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

സൗദിയുടെ യഥാർത്ഥ അധികാരിയായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള (എംബിഎസ്) കൂടിക്കാഴ്ചയാണ് സന്ദർശനത്തിലെ നിർണായക ഘടകം. മനുഷ്യാവകാശ ലംഘനങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിയന്ത്രണങ്ങൾ, ജമാൽ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്നിവ അന്താരാഷ്ട്ര തലത്തിൽ സൗദിയെ വിവാദത്തിലാക്കിയ വിഷയങ്ങളാണ്. സ്വകാര്യ കൂടിക്കാഴ്ചയിൽ ഈ വിഷയങ്ങൾ പ്രിൻസ് വില്യം ഉന്നയിക്കുമോ എന്നത് വ്യക്തമായിട്ടില്ലെങ്കിലും ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചായിരിക്കും അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ബ്രിട്ടീഷ് രാജകുടുംബത്തെ ബാധിക്കുന്നതിനിടെയാണ് ഈ സന്ദർശനം നടക്കുന്നത്. എന്നിരുന്നാലും സൗദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രിൻസ് വില്യത്തിന് നിർണായക പങ്കുണ്ടെന്ന നിലപാടിലാണ് യുകെ സർക്കാർ. ലോകശക്തികളുടെ നിരന്തര സൗദി സന്ദർശനങ്ങളുടെ തുടർച്ചയായി വില്യം എത്തുമ്പോൾ ഇത് അദ്ദേഹത്തിന്റെ ആഗോള രാഷ്ട്രതലവൻ എന്ന നിലയിലെ വളർച്ചയിലെ മറ്റൊരു നിർണായക ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved