ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിൽ ഇന്ത്യൻ സമൂഹത്തിന്റെ ഇടയിൽ നടന്ന ദീപാവലി ആഘോഷങ്ങൾ വൻ ദുരന്തത്തിൽ കലാശിച്ചു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ഇടയിലുണ്ടായ തീപിടുത്തത്തിൽ 5 പേരാണ് മരണമടഞ്ഞത്. ഇതിൽ 3 പേർ കുട്ടികളാണ്.

ആരോൻ കിഷൻ ഭാര്യ സീമ അവരുടെ മൂന്ന് കുട്ടികളും ആണ് ദുരന്തത്തിന് ഇരയായത്. തീപിടുത്തം ഉണ്ടായപ്പോൾ ആരോൻ കിഷനും ഭാര്യയും വീടിനുള്ളിലായിരുന്നെന്നാണ് കരുതപ്പെടുന്നത് . പത്ത് ഫയർ എൻജിനുകളും 70 അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് വെസ്റ്റ് ലണ്ടനിലെ ഹൗൺ സ്ലോയിലെത്തി തീയണച്ചത്.

പരിസരം കടുത്ത പുകയിൽ മൂടിയിരുന്നതായി സമീപത്ത് താമസിക്കുന്ന ആശിഷ് റോസയ്യ പറഞ്ഞു. രാത്രി 10. 15 ഓടെ ഒരു സ്ത്രീയുടെ നിലവിളി കേട്ടതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അയൽവാസി പറഞ്ഞു. തീയണക്കാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും പെട്ടെന്ന് അഗ്നി ആളി പടരുകയായിരുന്നു. മിനിറ്റുകൾക്ക് അകം വീട് മുഴുവൻ അഗ്നിക്കിരയാവുകയായിരുന്നു. ഈ വർഷം ഇന്ത്യൻ വംശജർ ഉള്ള സ്ഥലങ്ങളിലെല്ലാം ദീപാവലി ആഘോഷം വൻതോതിൽ നടത്തിയിരുന്നു. ദീപാവലിയോട് അനുബന്ധമായുള്ള സാധനങ്ങൾ വിൽക്കുന്നതിനായി എല്ലാ സൂപ്പർമാർക്കറ്റുകളും പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിക്കുകയും പ്രത്യേക ഓഫറുകൾ നൽകുകയും ചെയ്തിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
നാടകീയ നീക്കങ്ങൾക്കാണ് ഇന്ന് ബ്രിട്ടീഷ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. സുല്ല ബ്രാവർമാനെ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കി. പകരം വിദേശകാര്യ സെക്രട്ടറിയായിരുന്ന ജെയിംസ് ക്ലെവർലിയാണ് പുതിയ ആഭ്യന്തര സെക്രട്ടറി . ഏവരെയും ഞെട്ടിച്ചുകൊണ്ട് മുൻ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണിനെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ഡേവിഡ് കാമറൂണിന്റെ തികച്ചും അസാധാരണമായ തിരിച്ചുവരവായാണ് ഇത് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ബ്രിട്ടന്റെ ചരിത്രത്തിൽ ഒരു മുൻ പ്രധാനമന്ത്രി ഇത്തരത്തിൽ സർക്കാരിലേയ്ക്ക് തിരിച്ചുവരുന്നത് അസാധാരണമാണ്. ഋഷി സുനകിന്റെ ഇന്നത്തെ മന്ത്രിതല പുന സംഘടന ശോഭനമായ ഭാവിക്കായി ദീർഘകാല തീരുമാനങ്ങൾ എടുക്കുന്നതിന് സർക്കാരിന് ശക്തി പകരുന്നതാണ് എന്ന് കൺസർവേറ്റീവ് പാർട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അവകാശപ്പെട്ടു.

ആഭ്യന്തര സെക്രട്ടറിയായി നിയമിക്കപ്പെട്ടത് തൻറെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ പദവിയായിരുന്നു എന്ന് സ്ഥാനമൊഴിഞ്ഞ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ഇത് രണ്ടാം തവണയാണ് അവർക്ക് കസേര നഷ്ടപ്പെടുന്നത്. നേരത്തെ ലിസ് ട്രസിന്റെ സർക്കാരിൽ നിന്ന് വിവാദങ്ങളെ തുടർന്ന് അവർ സ്ഥാനം രാജി വച്ചിരുന്നു. പാലസ്തീൻ അനുകൂല മാർച്ചിന് പോലീസ് പിന്തുണ നൽകുന്നതായി സ്ഥാനമൊഴിഞ്ഞ ആഭ്യന്തര സെക്രട്ടറി പറഞ്ഞതിനെ തുടർന്നുണ്ടായ വിവാദങ്ങളാണ് സുല്ല ബ്രാവർമാന്റെ സ്ഥാന ചലനത്തിലേയ്ക്ക് നയിച്ചത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പലസ്തീൻ അനുകൂല മാർച്ചുകൾക്കെതിരെ ‘കൂടുതൽ നടപടി’ വേണമെന്ന് സുവല്ല ബ്രാവർമാൻ ആവശ്യപ്പെട്ടു. പോലീസിന് പലസ്തീൻ അനുകൂല പ്രതിഷേധങ്ങളോട് അനുകൂല സമീപനമാണെന്ന ആഭ്യന്ത്രര മന്ത്രി സുവല്ല ബ്രാവർമാൻ്റെ പരാമർശം വലിയ വിവാദമായിരുന്നു. വിദ്വേഷം പരത്തുന്നതാണ് പ്രതിഷേധമെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ മന്ത്രിമാരിൽ നിന്നടക്കം പ്രതിഷേധം ഉയർന്നു. “ഓരോ ദിവസവും അവർ അധികാരത്തിൽ തുടരുന്നത് അത് പ്രധാനമന്ത്രിയുടെ അധികാരത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നു.” – ഒരു എംപി പറഞ്ഞു.

“ഇത് തുടരാനാവില്ല. ആഴ്ചതോറും ലണ്ടനിലെ തെരുവുകൾ വിദ്വേഷവും അക്രമവും യഹൂദ വിരുദ്ധതയും കൊണ്ട് മലിനമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളെ ആൾക്കൂട്ടം ഭീഷണിപ്പെടുത്തുന്നു. യഹൂദർക്ക് പ്രത്യേകിച്ച് ഭീഷണി ഉണ്ടാവുന്നു. തുടർ നടപടി ആവശ്യമാണ്. ” സുവല്ല എക്‌സിൽ കുറിച്ചു. ഇതിന് പിന്നാലെ ബ്രാവർമാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ നടന്ന റാലിയായതു കൊണ്ടുതന്നെ വലിയ ആശങ്കകൾ നിലനിന്നിരുന്നു. കുട്ടികളടക്കം കുടുംബസമേതമായിരുന്നു മിക്കവരും റാലിയിൽ പങ്കെടുത്തത്.

റാലിയിൽ പ്രതിഷേധക്കാരുടെ വലിയ ജനക്കൂട്ടം കറുപ്പ്, ചുവപ്പ്, വെള്ള, പച്ച നിറമുള്ള പലസ്തീൻ പതാകകൾ വീശി, “ഗാസ ബോംബിംഗ് നിർത്തുക” എന്ന് പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തിരുന്നു. അതേസമയം സെൻട്രൽ ലണ്ടനിൽ പലസ്തീൻ അനുകൂല റാലി പതിയിരുന്ന് ആക്രമിക്കാൻ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ശ്രമം നടത്തിയിരുന്നു. ഇത് തീർത്തും അസ്വീകാര്യമാണെന്ന് ഋഷി സുനക് ശനിയാഴ്ച പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലോകമഹായുദ്ധങ്ങളിൽ മരിച്ച ബ്രിട്ടീഷുകാരെ അനുസ്മരിക്കുന്നതിനായി സെൻട്രൽ ലണ്ടനിൽ നിർമ്മിച്ച സെനോറ്റാഫിൽ റിമംബറൻസ് സൺഡേ അനുസ്മരണ സർവീസുകൾക്ക് ചാൾസ് രാജാവ് നേതൃത്വം നൽകി. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലും മറ്റ് സംഘർഷങ്ങളിലും ജീവൻ നഷ്ടമായ സൈനികരുടെയും മറ്റു സാധാരണക്കാരുടെയും സംഭാവനകളെ ആദരിക്കുന്നതിനായാണ് ഈ സർവീസ് നടത്തപ്പെടുന്നത്. ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരും ഭടന്മാരും പൊതുജനങ്ങളും എല്ലാം ഈ ചടങ്ങിൽ പങ്കെടുത്തു.

ബ്രിട്ടനിൽ ഉടനീളം 11 മണിക്ക് 2 മിനിറ്റ് നിശബ്ദത ആചരിച്ച് മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. അതിനുശേഷം അനുസ്മരണ കുടീരത്തിൽ ചാൾസ് രാജാവാണ് ആദ്യമായി റീത്ത് സമർപ്പിച്ചത്. തുടർന്ന് രാഷ്ട്രീയ നേതാക്കളും രാജകുടുംബഅംഗങ്ങളും റീത്ത് സമർപ്പിച്ചു. പ്രധാനമന്ത്രി ഋഷി സുനക്, ലേബർ നേതാവ് സർ കെയർ സ്റ്റാർമർ, ക്യാബിനറ്റ് അംഗങ്ങളും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വെയിൽസ് രാജകുമാരിയായ കാതറിനോടൊപ്പം ഫോറിൻ ഓഫീസ് ബാൽക്കണിയിൽ നിന്ന് കാമില രാജ്ഞി അനുസ്മരണ ദിന സേവനം വീക്ഷിച്ചു. ബെൽഫാസ്റ്റ് , പ്ലൈമൗത്ത്, കാർഡിഫ് , ലിവർപൂൾ, മാഞ്ചസ്റ്റർ എന്നിവയുൾപ്പെടെ യുകെയുടെ വിവിധ ഭാഗങ്ങളിലും അനുസ്മരണ സർവീസുകൾ നടന്നു.

കഴിഞ്ഞദിവസം നടന്ന പാലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ സർവീസുകൾക്ക് കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഉണ്ടായിരുന്നു. സ്കോട്ട്ലൻഡിലും അനുസ്മരണ സർവീസുകൾ നടത്തപ്പെട്ടു. മറ്റ് പ്രതിഷേധ പ്രകടനങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാൽ തന്നെയും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളാണ് ഓരോ ദിവസവും ഉയർന്നു വരുന്നത്. ഇതിന് പിന്നാലെ ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് എൻഎച്ച്എസിലെ മെഡിക്കൽ വിദഗ്ധർ. നിരവധി ആളുകളാണ് തങ്ങൾ ക്രോണിക് കിഡ്നി ഡിസീസ് (സികെഡി) എന്ന് ലേബൽ ചെയ്യപ്പെട്ടതായി അറിയാതെയിരിക്കുന്നത്. എന്നാൽ പേര് കേട്ട് പേടിക്കേണ്ട എന്നും പലപ്പോഴും ഈ അവസ്ഥ അത്ര ഗുരുതരമല്ലെന്നും ഡോ. എല്ലി പറയുന്നു.

ക്രോണിക് കിഡ്നി ഡിസീസ് ഒരു രോഗം എന്നതിലുപരി മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുള്ള അപകട ഘടകമായാണ് ഡോക്ടർമാർ പലപ്പോഴും കരുതുന്നത്. എന്നിരുന്നാലും, രോഗനിർണയത്തെക്കുറിച്ച് നിങ്ങളുടെ ജിപി തീർച്ചയായും നിങ്ങളോട് പറഞ്ഞിരിക്കണം. ക്രോണിക് കിഡ്നി ഡിസീസ് നിങ്ങളുടെ വൃക്കകളിൽ രക്തം ഫിൽട്ടർ ചെയ്യാനുള്ള കഴിവ് കുറയ്ക്കുന്നു. ഇത് പ്രായത്തിനനുസരിച്ചാണ് സംഭവിക്കാറുള്ളത്. ഇത്തരം ആളുകളിൽ ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ ലക്ഷണങ്ങൾ സാധാരണയാണ്.
അതേസമയം ക്രോണിക് കിഡ്നി ഡിസീസ് കൂടുതൽ വഷളായാൽ ഹൃദ്രോഗത്തിനുള്ള വരെയുള്ള സാധ്യത വർദ്ധിപ്പിക്കും. സികെഡി സ്റ്റേജ് 3 എന്നത് ആദ്യഘട്ടമാണ്. ഈ സ്റ്റേജിൽ കുറഞ്ഞ അളവിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നു. വാർഷിക മൂത്രപരിശോധന, പ്രമേഹ നിരീക്ഷണം, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ചികിത്സ, ഹൃദയാഘാതം മൂലം കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ എന്നിവയിലൂടെ സികെഡി സ്റ്റേജ് 3 ഇൽ തന്നെ വൃക്കകളെ നിലനിർത്താൻ സാധിക്കും. സികെഡി ഉള്ളവർ വൃക്കകളെ ദോഷകരമായി ബാധിച്ചേക്കാവുന്ന പ്രോട്ടീൻ സപ്ലിമെന്റുകളും ഹെർബൽ പ്രതിവിധികളും ഒഴിവാക്കണം
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഇരുട്ടിന്മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്ക്കെതിരെ അറിവിൻറെയും വിജയത്തെയാണ് ദീപാവലി സൂചിപ്പിക്കുന്നത്. ദീപാവലിയുടെ ചരിത്രം മതപരവും സാംസ്കാരികവുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ്.

ഇന്ത്യയിൽ വ്യാപകമായി ആഘോഷിക്കുന്ന ദീപാവലി യുകെയിലെ ഇന്ത്യൻ വംശജരെയും കടന്ന് തദ്ദേശവാസികളും ഏറ്റെടുത്തതിന്റെ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ദീപാവലിയോട് ബന്ധപ്പെട്ട സാധനങ്ങൾ യുകെയിലെ സൂപ്പർമാർക്കറ്റുകൾ വ്യാപകമായി സംഭരിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ തിരികൾ, നെയ്യ് ,അരി ,ഇന്ത്യൻ പലഹാരങ്ങൾ എന്നിവ എല്ലാ സൂപ്പർ മാർക്കറ്റുകളും വ്യാപകമായി ലഭ്യമാക്കിയിരുന്നു. ലണ്ടനിലെ സൗത്താളിലുള്ള പല സൂപ്പർമാർക്കറ്റുകളിലും ദീപാവലി സ്പെഷ്യൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള പ്രത്യേക വിഭാഗങ്ങൾ ക്രമീകരിച്ചിരുന്നു. പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളുമായി ദക്ഷിണേഷ്യൻ സമൂഹത്തിന് ആഴത്തിലുള്ള ബന്ധം പണ്ടു തന്നെയുണ്ട്.

എന്നാൽ പല പ്രാദേശിക ബിസിനസുകാർക്കും ദീപാവലിക്കാലം നഷ്ടമുണ്ടാക്കിയതായുള്ള വാർത്തകളും പുറത്തുവന്നു. എല്ലാ സൂപ്പർമാർക്കറ്റുകളും ദീപാവലി ഉത്പന്നങ്ങൾ വ്യാപകമായി സംഭരിക്കാനും വിറ്റഴിക്കാനും തുടങ്ങിയതാണ് ചെറുകിട ബിസിനസുകാർക്ക് പ്രശ്നമായത്. എന്നാൽ വലിയ സൂപ്പർമാർക്കറ്റുകൾ ദീപാവലി ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ആരംഭിച്ചതു മൂലം എല്ലാവർക്കും ഇത്തരം ഉത്പന്നങ്ങളും ഭക്ഷണങ്ങളും ലഭിക്കാനും പരിചയപ്പെടുത്താനുമുള്ള അവസരം കൈ വന്നതായും പലരും അഭിപ്രായപ്പെട്ടു. ടെസ്കോ ഉൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകൾ ദീപാവലിക്ക് സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഇത് പല ചെറുകിട കച്ചവടക്കാരുടെയും കച്ചവടം കുറയാൻ കാരണമായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിലെ ഹമാസ് അനുകൂല പ്രതിഷേധങ്ങളോട് പ്രതികരിച്ച് പ്രധാന മന്ത്രി ഋഷി സുനക്. ലണ്ടനിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും ഹമാസ് അനുഭാവികളുടെയും പ്രകടനത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ ഗുരുതരമായിട്ടാണ് കാണുന്നതെന്ന് പ്രധാന മന്ത്രി പറഞ്ഞു. ഇസ്രായേൽ-ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ യുകെ റാലിയിൽ ഏകദേശം 300,000 പാലസ്തീൻ അനുകൂല പ്രതിഷേധക്കാരാണ് വെടിനിർത്തലിന് ആഹ്വാനം ചെയ്‌തത്. ലണ്ടനിലെ യുദ്ധ സ്മാരകമായ സെനോറ്റാഫിലും ചൈനാ ടൗണിലും പോലീസും പ്രകടനക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാവുകയും ചെയ്തു.

രാജ്യത്തിൻെറ സമാധാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളെയും ശക്തമായി നേരിടുമെന്ന് ഋഷി സുനക് പറഞ്ഞു. 103 വർഷം പഴക്കമുള്ള യുദ്ധസ്മാരകമായ സെനോറ്റാഫ് സ്ഥിതി ചെയ്യുന്ന വൈറ്റ്ഹാളിലേക്ക് എംബാങ്ക്മെന്റിലൂടെ പതാകകൾ വഹിച്ച് നീങ്ങിയ ജനക്കൂട്ടത്തെ തടയാൻ പോലീസ് ശ്രമിച്ചപ്പോഴാണ് ആദ്യ സംഘർഷം ഉടലെടുത്തത്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഉൾപ്പെടുന്ന ചില എതിർ-പ്രതിഷേധകരിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ ആക്രമണം നേരിട്ടതായി മെറ്റ് പോലീസ് പറഞ്ഞു.

ഇന്ന് ഞായറാഴ്ച ചാൾസ് രാജാവ്, വെറ്ററൻമാർ, രാജകുടുംബാംഗങ്ങൾ, രാഷ്ട്രീയക്കാർ എന്നിവർക്കൊപ്പം റിമെംബറെൻസ് ഡേ സർവീസിന് നേതൃത്വം നൽകും. ചൈനാ ടൗണിലേക്ക് നീങ്ങിയ ഒരു സംഘത്തെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ സ്ഫോടകവസ്തുക്കൾ എറിയുകയും ചെയ്തതായി മെറ്റ് പോലീസ് പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ലണ്ടൻ മേയറുടെ വ്യാജ ഓഡിയോ “ക്രിമിനൽ കുറ്റമല്ലെന്ന്” മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു. ലണ്ടൻ മേയറുടെ ശബ്ദവും പെരുമാറ്റരീതികളും ഉപയോഗിച്ച് ഡിജിറ്റലായി ജനറേറ്റുചെയ്‌ത ഓഡിയോ റിമെംബ്രൻസ് വീക്കെൻഡിലെ ചടങ്ങുകളുടെ പ്രാധാന്യം കുറച്ച് കാണിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മെറ്റ് പോലീസിന് അറിയാമെന്നും നിലവിൽ ഇതിനെ കുറിച്ചുള്ള അന്വേഷണം സജീവമായി നടന്നുവരികയാണെന്നും മേയറുടെ വക്താവ് പറഞ്ഞു.

അതേസമയം മേയറുടെ കൃത്രിമ ഓഡിയോ പ്രചരിക്കുന്നതിന് കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ ഈ ഓഡിയോ അവലോകനം ചെയ്ത് ഇത് ക്രിമിനൽ കുറ്റമല്ലെന്ന് വിലയിരുത്തുകയും ചെയ്തതായി മെറ്റ് പോലീസ് വക്താവ് പറഞ്ഞു. റിമെംബറൻസ് വീക്കെൻഡിന് താൻ യാതൊരു വിധ പ്രധാന്യവും നൽകുന്നില്ല എന്ന ഉള്ളടക്കം അടങ്ങിയ മേയറുടെ ഓഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതിന് പുറമേ പ്രാധാന്യം നൽകേണ്ടത് ശനിയാഴ്ച നടക്കുന്ന ഒരു ദശലക്ഷം ആളുകൾ പങ്കെടുക്കുന്ന പലസ്തീൻ മാർച്ചിനാണെന്നും വ്യാജ റെക്കോർഡിംഗിലെ ശബ്ദം പറയുന്നു.

ആർമിസ്റ്റിസ് ദിനത്തിൽ ലക്ഷക്കണക്കിന് പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ ലണ്ടനിൽ ഒത്തുകൂടിയിരുന്നു. നിലവിൽ പ്രചരിക്കുന്ന വ്യാജ ഓഡിയോ ക്ലിപ്പ് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. ഈ ശനിയാഴ്ച തീവ്ര വലതുപക്ഷ എതിർ-പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലെ മുൻനിര കമ്പനികൾ ഈ വർഷം നിക്ഷേപകർക്ക് ഏറ്റവും കൂടിയ നിരക്കിൽ ലാഭവിഹിതം നൽകിയതിന്റെ കണക്കുകൾ പുറത്തുവന്നു. ഡിവിഡന്റുകളിലും ഷെയർ ബൈ ബാക്ക് പ്രോജക്ടുകളിലുമായി 139 മില്യൺ പൗണ്ട് ആണ് നിക്ഷേപകർക്ക് ലഭിച്ചത്. ഇത് രാജ്യത്തിലെ സ്റ്റോക്ക് മാർക്കറ്റിന്റെ ചരിത്രത്തിലെ സർവകല റെക്കോർഡ് ആണ് .

സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തിയിട്ടുള്ള പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് ഉയർന്ന തോതിലുള്ള നിക്ഷേപം അനുഗ്രഹമാകും. പ്രത്യേകിച്ച് പണപെരുപ്പവും ജീവിത ചിലവിലുള്ള ക്രമാതീതമായ വർദ്ധനവും ഭീമമായ രീതിയിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉയർന്ന തോതിലുള്ള ലാഭ വിഹിതം കൂടുതൽ ആളുകളെ ഷെയർ മാർക്കറ്റിലേയ്ക്ക് ആകർഷിക്കപ്പെടാൻ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ഷെൽ , ബിപി, എച്ച്എസ്ബിസി എന്നിവയാണ് ഏറ്റവും കൂടുതൽ ലാഭവിഹിതം നിക്ഷേപകർക്ക് നൽകിയത് . 2022 – ൽ നിക്ഷേപകർക്ക് ലഭിച്ച ലാവ വിഹിതം 138 ബില്യൺ പൗണ്ട് ആയിരുന്നു. നിക്ഷേപ പ്ലാറ്റ്ഫോം ആയ എ ജെ ബെല്ലിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 100 മുൻ നിര കമ്പനികളുടെ ലാഭവിഹിതം 139 മില്യൺ ആയിട്ടുണ്ട് . വരും ആഴ്ചകളിൽ സ്റ്റോക്ക് മാർക്കറ്റ് കുതിക്കുകയാണെങ്കിൽ ലാഭവിഹിതം ഇനിയും ഉയരാനാണ് സാധ്യത.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശൈത്യകാലത്ത് നമ്മുടെ കാറുകൾ ഇടയ്ക്കിടെ പരിശോധിച്ചില്ലെങ്കിൽ പണി കിട്ടും. കൊടും തണുപ്പിൽ നിന്ന് രക്ഷ നേടാൻ മൃഗങ്ങൾ വാഹനത്തിൻറെ അടിയിൽ കയറി പറ്റുന്നത് യുകെയിൽ സാധാരണയായി കൊണ്ടിരിക്കുകയാണ്. വാഹനത്തിൻറെ എൻജിനിൽ നിന്ന് ലഭിക്കുന്ന ചൂടാണ് ചെറു മൃഗങ്ങൾ ഉൾപ്പെടെയുള്ള ജീവികൾ എൻജിനുകളിൽ കയറിക്കൂടുന്നതിന് കാരണമാകുന്നത്. അണ്ണാൻ, മുള്ളൻ പന്നി, പൂച്ചകൾ എന്നിവ പോലുള്ള ചെറിയ ജീവികളാണ് പലപ്പോഴും ചൂടു തേടി വാഹനങ്ങളുടെ അടിയിൽ അഭയം പ്രാപിക്കുന്നത്.

ഒന്ന് സൂക്ഷിച്ചില്ലെങ്കിൽ ഇങ്ങനെ കയറി കൂടുന്ന ചെറു മൃഗങ്ങൾ വാഹനത്തിന് കാര്യമായി നാശനഷ്ടങ്ങൾ വരുത്തിയേക്കാം. ഫാൻ ബോൾട്ടുകളും ബ്ലേഡുകളും ഉൾപ്പെടെ തകരാറിലാക്കുന്നതും ഇതുമൂലം സംഭവിക്കും. പണ ചിലവിന് പുറമേ ഇത് മൃഗങ്ങളുടെ ജീവനും ഹാനികരമായി തീരും. ഇങ്ങനെ സംഭവിക്കുന്ന തകരാറുകൾക്ക് 5000 പൗണ്ട് വരെ ചിലവ് വന്നേക്കാം. കാറിന് സമീപം മോഷൻ ആക്ടിവേറ്റഡ് അലാറമും ലൈറ്റുകളും മൃഗങ്ങളെ വാഹനത്തിന് സമീപം വരുന്നതിൽ നിന്ന് അകറ്റി നിർത്തും.

ലാവെൻഡർ , റോസ്മേരി തുടങ്ങിയ ചില ഔഷധ സസ്യങ്ങളിൽ പൂച്ചകൾക്ക് അരോചകമായ ഗന്ധം അടങ്ങിയിട്ടുണ്ട് . ഇത് ചുറ്റും തളിക്കുന്നത് പൂച്ചകളെ കാറിന് അടുത്ത് വരുന്നതിൽ നിന്ന് തടയും. കാറുകൾ സാധിക്കുമെങ്കിൽ ഗ്യാരേജിൽ പാർക്ക് ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഇനി ഗ്യാരേജ് ഇല്ലാത്തവർക്ക് കാർ കവർ ഉപയോഗിക്കുന്നത് പരിഗണിക്കാം. ഭക്ഷണാവശിഷ്ടങ്ങൾ കാറിനുള്ളിൽ ഉപേക്ഷിക്കുന്നത് മൃഗങ്ങളെ ആകർഷിക്കുന്നതിന് കാരണമാകും. എന്തെങ്കിലും രീതിയിൽ ജീവികൾ വാഹനത്തിൻറെ എൻജിന്റെ ഭാഗത്ത് കയറി കൂടിയതായി സംശയം ഉണ്ടെങ്കിൽ നീണ്ട ഹോൺ മുഴക്കുന്നത് അവയ്ക്ക് രക്ഷപ്പെടാനുള്ള അവസരം നൽകും .