Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകമെങ്ങും ക്യാൻസർ രോഗബാധിതരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. ജീവിതസാഹചര്യങ്ങളും കഴിക്കുന്ന ഭക്ഷണവുമൊക്കെ ക്യാൻസർ രോഗം വരാനുള്ള കാരണങ്ങളിൽ പെട്ടതാണെന്ന് തെളിയിക്കുന്ന ഒട്ടേറെ ഗവേഷണ റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. 50 വയസ്സിന് താഴെയുള്ളവർക്ക് കൂടുതലായി ക്യാൻസർ രോഗം വരുന്നത് കടുത്ത ആശങ്കയാണ് ആരോഗ്യ വിദഗ്ധരിൽ ഉളവാക്കിയിരിക്കുന്നത്. 2023 – ലെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 30 വർഷത്തിനിടെ ലോകമെമ്പാടും ചെറുപ്പക്കാരിൽ ക്യാൻസർ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. യുകെയിൽ മാത്രം ഇത് 25% വർദ്ധനവ് ആണ് കാണിക്കുന്നത്.

50 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ രോഗം വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ പൂർണമായും വ്യക്തമല്ലെങ്കിലും മാറിയ ഭക്ഷണ ശൈലികൾ രോഗത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ വർദ്ധിച്ചുവരുന്ന ജങ്ക് ഫുഡ് അല്ലെങ്കിൽ അൾട്രാ പ്രോസസ്ഡ് ഫുഡും ക്യാൻസറും തമ്മിൽ ബന്ധമുണ്ടെന്നാണ് കാൻസർ റിസർച്ച് യുകെയിലെ ഗൈനക്കോളജിസ്റ്റും ചീഫ് ക്ലിനിക്കുമായ പ്രൊഫസർ ചാൾസ് സ്വൻ്റൺ അഭിപ്രായപ്പെട്ടു . കുറഞ്ഞ നാരുകളും പഞ്ചസാരയുടെ അളവും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ രൂപപ്പെടുന്ന കുടലിലെ ബാക്ടീരിയകൾ ക്യാൻസറിന് കാരണമാകുമെന്ന് കഴിഞ്ഞവർഷം അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രബന്ധം അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.


ജങ്ക് ഫുഡിലും അൾട്രാ പ്രോസസ്ഡ് ഫുഡിലും നാരുകളുടെ അംശം തീരെയില്ല. അതു മാത്രമല്ല ഇത്തരം ഭക്ഷണങ്ങളിൽ പോഷകങ്ങളും അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവ ചെറിയ അളവിൽ കഴിക്കാൻ പാടുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ധർ നിഷ്കർഷിക്കുന്നത്. ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും വഴിവെക്കും. പൊണ്ണത്തടി പലതരത്തിലും ക്യാൻസർ രോഗങ്ങൾക്ക് നേരിട്ടുള്ള കാരണമാണെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ജങ്ക് ഫുഡിന് പുറമേ ഹാം അല്ലെങ്കിൽ ബേൺ പോലുള്ള സംസ്കരിച്ച മാംസങ്ങൾ കഴിക്കുന്നതും ക്യാൻസർ സാധ്യതയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഇംഗ്ലണ്ടിലെ എ ലെവൽ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. എ സ്റ്റാർ, എ ഗ്രേഡുകൾ കിട്ടിയ കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഈ പ്രാവശ്യം ഉണ്ടായിരിക്കുന്നത്. ഗണിതത്തിലും ശാസ്ത്ര വിഷയങ്ങളിലും കുട്ടികൾ മികച്ച വിജയം കൈവരിച്ചതായാണ് റിസൾട്ട് കാണിക്കുന്നത്. എ ലെവൽ ഫലങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ രാജ്യത്തുടനീളം മികച്ച വിജയമാണ് മലയാളി വിദ്യാർഥികൾ കൈവരിച്ചിരിക്കുന്നത്.

എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടി ആൻ മരിയ രാജു യുകെ മലയാളികൾക്ക് അഭിമാനമായി. ജി സി എസ് ഇ യിലും ആൻ മരിയയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് പ്ലസ് നേടിയിരുന്നു. എംസിഡി ലിമിറ്റഡിലെ കസ്റ്റമര്‍ കെയര്‍ ലീഡറായ രാജു ഉതുപ്പന്റെയും മാഞ്ചസ്റ്റര്‍ റോയല്‍ ഐ ഹോസ്പിറ്റലിലെ ഡെപ്യൂട്ടി മാനേജരായ ലിൻസി  ഉതുപ്പന്റെയും ഏക മകളായ ആൻ മരിയ രാജു മാഞ്ചസ്റ്ററിലെ സിക്‌സ്ത് ഫോം ആള്‍ട്ടറിംഗ്ഹാം ഗ്രാമര്‍ സ്‌കൂളില്‍ ആണ് ആൻ മരിയ പഠിച്ചത്. 21 വർഷം മുമ്പ് യുകെയിലെത്തിയ ആൻ മരിയയുടെ മാതാപിതാക്കളുടെ കേരളത്തിൽ ഏറ്റുമാനൂർ സ്വദേശികൾ ആണ് .

ആഗ്രഹം പോലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ആൻ മരിയ. നിയമ ബിരുദം നേടി മെഡിക്കൽ നെഗ്ലിജൻസ് മേഖലയിൽ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ആൻ മരിയ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കൂടുതൽ മലയാളി വിജയ കഥകൾ വാർത്തയായി കൊണ്ടിരിക്കുകയാണ്. ലൂട്ടനിലെ ഇരട്ട സഹോദരിമാരായ സെറീനയ്ക്കും സാന്ദ്രയ്ക്കും മൂന്നു വിഷയങ്ങളിൽ എ സ്റ്റാർ ലഭിച്ചു. ലൂട്ടന്‍ കാര്‍ഡിനാള്‍ വൈസ് മെന്‍ കാത്തോലിക് സ്‌കൂളിലാണ് ഇരുവരും പഠിച്ചത്. കുമരകം സ്വദേശികളായ നോബിയുടെ ജെന്നികയുടെയും മക്കളായ ഇരുവരും ബാത്ത് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

ഓക്സ്ഫോർഡ് ഷെയറിലെ ആൽഫ്രഡ് മൂന്നു വിഷയങ്ങളിൽ എ സ്റ്റാറും ഒരു വിഷയത്തിൽ എ യും ആണ് ലഭിച്ചത്. ജിസിഎസ്ഇ യിലും മികച്ച വിജയം നേടിയ ആൽഫ്രഡ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ ബയോ കെമിസ്ട്രി പഠനം നടത്താനാണ് ലക്ഷ്യമിടുന്നത്. ബാന്‍ബറി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആന്റണി വര്‍ഗീസിന്റെയും നേഴ്സിങ് ഹോം മാനേജരും നോർത്താംപ്ടൺ ഷെയര്‍ സോഷ്യല്‍ കെയര്‍ നേഴ്സിങ് അഡൈ്വസറി കൗണ്‍സില്‍ അംഗവും രജിസ്റ്റേര്‍ഡ് മാനേജര്‍ നെറ്റ്വര്‍ക് ഗ്രൂപ്പ് ചെയര്‍ കൂടിയായ ജയന്തി ആന്റണിയുടെയും മകനാണ് ആല്‍ഫ്രഡ്.

നോർത്താംപ്ടണിൽ നിന്നുള്ള കിരൺ മനോജിന് രണ്ട് വിഷയങ്ങളിൽ എ സ്റ്റാറും രണ്ടു വിഷയങ്ങളിൽ എ യും ആണ് ലഭിച്ചത്. വൈക്കം സ്വദേശി മനോജിന്റെയും നോർത്താംപ്ടൺ ഹോസ്പിറ്റലിലെ നേഴ്സായ ദീപയുടെയും മകനായ കിരൺ ബാത്ത് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ തയ്യാറെടുക്കുകയാണ്.

എ ലെവൽ പരീക്ഷകളിൽ മികച്ച വിജയം നേടിയ എല്ലാ മലയാളി വിദ്യാർത്ഥികൾക്കും വിദ്യാർത്ഥിനികൾക്കും മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. മികച്ച വിജയം നേടുന്ന വിദ്യാർത്ഥി വിദ്യാർഥിനികളുടെ വിവരങ്ങൾ [email protected] എന്ന വിലാസത്തിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ എ-ലെവൽ, ടി-ലെവൽ, ബിടെക് നാഷണൽ ഫലങ്ങൾ ലഭിക്കും. 2019 ലെ നിലവാരത്തിലെയ്ക്ക് പരീക്ഷാഫലങ്ങൾ താഴുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. 2020 ലും 2021 ലും കോവിഡു കാരണം നിലനിന്നിരുന്ന പരീക്ഷാ പുന:ക്രമീകരണം കാരണം റിസൾട്ട് വളരെ ഉയർന്നതായിരുന്നു.

കഴിഞ്ഞവർഷം A* അല്ലെങ്കിൽ A കിട്ടിയ കുട്ടികളുടെ ശതമാനം 27.2 ആയിരുന്നു. എന്നാൽ 2019 -ൽ അത് 25.4 ശതമാനം മാത്രമായിരുന്നു. ഇപ്പോൾ ഫലം വരുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കോവിഡിന്റെ സമയത്ത് 9-ാം ക്ലാസിലാണ് പഠിച്ചിരുന്നത്. കോവിഡ് സമയത്ത് വന്ന റിസൾട്ടുകൾ അധ്യാപകരുടെ ഇന്റേണൽ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും കാരണം ആ കാലയളവിലെ പരീക്ഷകൾ വ്യാപകമായി റദ്ദാക്കിയിരുന്നു.

ഈ വർഷത്തെ പരീക്ഷാഫലങ്ങൾ കാത്തിരിക്കുന്നവരിൽ ഒട്ടേറെ മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മിക്ക വിഷയങ്ങളിലും A* നേടി മലയാളി വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത് . മികച്ച വിജയം നേടിയ മലയാളി വിദ്യാർത്ഥികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. ഈ വർഷവും മികച്ച വിജയം നേടുന്ന വിദ്യാർത്ഥി വിദ്യാർഥിനികളുടെ വിവരങ്ങൾ [email protected] എന്ന വിലാസത്തിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു. റിസൾട്ടിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും മലയാളം യുകെ ന്യൂസിന്റെ വിജയാശംസകൾ നേരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ അക്രമിയുടെ കുത്തേറ്റ 11 വയസ്സുകാരിയും അമ്മയും ഓസ്ട്രേലിയയിൽ നിന്ന് വന്ന ടൂറിസ്റ്റുകളാണെന്ന് പോലീസ് വെളിപ്പെടുത്തി. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അവളുടെ പൗരത്വം വെളിപ്പെടുത്തുകയും ആക്രമണനിരയായ പെൺകുട്ടിക്കും അമ്മയ്ക്കും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. എട്ടുതവണയാണ് അക്രമി പെൺകുട്ടിയെ കത്തികൊണ്ട് കുത്തിയത്. കൊലപാതക ശ്രമത്തിനും മാരകായുധം കൈയ്യിൽ വെച്ചതിനും 32 വയസ്സുകാരനായ ഇയോൻ പിന്താരുവിനെതിരെ പോലീസ് കേസെടുത്തു.

തിങ്കളാഴ്ച ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിൽ 11 വയസ്സുകാരിയായ പെൺകുട്ടിയും 34 കാരിയായ അവളുടെ അമ്മയും കത്തിയാക്രമണത്തിനിരയായ സംഭവം ബ്രിട്ടനിൽ ആകെ കടുത്ത ഞെട്ടലാണ് ഉളവാക്കിയത്. നീചമായ പ്രവർത്തി ചെയ്ത പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് കഴിഞ്ഞ ദിവസം ആണ് പുറത്തുവിട്ടത് . റൊമാനിയൻ വംശജനായ പ്രതിയെ കോടതിയിൽ ഹാജരാക്കി. വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേഷൻ കോടതി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാളുടെ വിചാരണ സെപ്റ്റംബറിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ .


സൗത്ത് പോർട്ടിൽ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെടാൻ ഇടയാക്കിയ സംഭവം കടുത്ത പ്രശ്നങ്ങൾ ആണ് ബ്രിട്ടനിൽ അങ്ങോളം ഇങ്ങോളം സൃഷ്ടിച്ചത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രം നടന്ന സംഭവത്തെ തുടർന്ന് കടുത്ത കുടിയേറ്റ വിരുദ്ധ വികാരമാണ് വലതുപക്ഷ തീവ്രവാദികൾ ഉയർത്തുന്നത്. തിങ്കളാഴ്ച റൊമാനിയൻ വംശജനായ വ്യക്തിയുടെ കത്തിയാക്രമണത്തിൽ 11 വയസ്സുകാരി പെൺകുട്ടിക്കും അമ്മയ്ക്കും കുത്തേറ്റ സംഭവം ബ്രിട്ടനിൽ ഉടനീളം നടക്കുന്ന കലാപാഗ്നിയിലേയ്ക്ക് എണ്ണ പകരുമോ എന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള യുകെയിലെ അന്യദേശക്കാർ ഭയപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രസ്റ്റ് ക്യാൻസർ സ്കാനുകൾ വിശകലനം ചെയ്ത് കൃത്യമായി രോഗനിർണയം നടത്താൻ ആവശ്യമായ റേഡിയോഗ്രാഫർമാരുടെ കുറവ് സ്ത്രീകളെ അപകടത്തിൽ ആക്കുമെന്ന് സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സ്തനാർബുദം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന സ്പെഷ്യലിസ്റ്റ് സ്കാനുകൾ ബ്രെസ്റ്റ് ഇമേജിംഗിൽ വൈദഗ്ധ്യമുള്ള മാമോഗ്രാഫർമാർ അഥവാ റേഡിയോഗ്രാഫർമാരാണ് വിശകലനം ചെയ്യുക. ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ മാമോഗ്രാഫർമാരുടെ കുറവ് രോഗനിർണയം വൈകുന്നതിനും ചികിത്സ വൈകുന്നതിനും കാരണമാകുന്നുവെന്ന മുന്നറിയിപ്പാണ് സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് നൽകുന്നത്.

ഇംഗ്ലണ്ടിലെ 50 നും 71 നും ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകളെയും ഓരോ മൂന്ന് വർഷത്തിലും സ്തനപരിശോധനയ്ക്കായി ക്ഷണിക്കാറുണ്ട്. ക്യാൻസർ രോഗനിർണ്ണയത്തിൽ സ്ത്രീകൾക്ക് കാലതാമസം അനുഭവപ്പെടുന്നതിലേയ്ക്ക് നിലവിലെ ക്ഷാമം നയിക്കുന്നുണ്ടെന്നും കൂടുതൽ മാമോഗ്രാഫർമാരെ അടിയന്തിരമായി റിക്രൂട്ട് ചെയ്യേണ്ടതുണ്ടെന്നും സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിലെ ഡയറക്ടർ ഓഫ് ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഡീൻ റോജേഴ്‌സ് പറഞ്ഞു.

സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിൻ്റെ കണക്കുകൾ പ്രകാരം, സ്‌ക്രീനിംഗ് മാമോഗ്രാഫർമാർക്കിടയിലെ ഏറ്റവും പുതിയ ഒഴിവ് നിരക്ക് 17.5 ശതമാനത്തിലാണ് എത്തിനിൽക്കുന്നത്. ജീവനക്കാരുടെ കുറവുണ്ടെങ്കിലും, നിലവിലുള്ള തങ്ങളുടെ അംഗങ്ങൾ പരമാവധി സേവനമാണ് എല്ലാവർക്കും ലഭ്യമാക്കുന്നതെന്ന് റോജേഴ്സ് വ്യക്തമാക്കി. എന്നാൽ 20%ത്തിലധികം ഒഴിവുകൾ ഉള്ള ഡിപ്പാർട്ട്മെന്റിന് ഒരിക്കലും കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇത്തരം ഒരു സാഹചര്യം അപകടകരമായ അന്തരീക്ഷമാണ് ആരോഗ്യരംഗത്ത് സൃഷ്ടിക്കുന്നത്. രോഗനിർണയത്തിലും ചികിത്സക്കും ഉണ്ടാകുന്ന കാലതാമസം നിരവധി പേരുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ്. എൻ എച്ച് എസിലെ നിലവിലെ ആവശ്യം നിർവഹിക്കുന്നതിന് അടിയന്തരമായി കൂടുതൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന ആവശ്യമാണ് അധികാരികൾ ഉന്നയിക്കുന്നത്. എന്നാൽ നിലവിലെ ഈ പ്രശ്നം സർക്കാർ കാര്യക്ഷമമായ രീതിയിൽ പരിഹരിക്കുമെന്ന ഉറപ്പാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് നൽകിയത്. എൻഎച്ച്എസിനെ പൂർണമായ രീതിയിൽ നവീകരിക്കുമെന്നും, രോഗികൾക്ക് കൃത്യസമയത്ത് രോഗം നിർണയവും ചികിത്സയും ഉറപ്പാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി എൻജിഒ കളും മറ്റും ഈ സാഹചര്യം ഉന്നയിച്ച് സർക്കാരിനോട് അടിയന്തര നടപടിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എയർപോർട്ടുകളിൽ ടൈപ്പ് 1 പ്രമേഹമുള്ള രോഗികളെ ബുദ്ധിമുട്ടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രമേഹ ബാധിതരുടെ സുരക്ഷാ പരിശോധന കടുത്തതാണെന്ന ആക്ഷേപമാണ് നിരവധിപേർ പങ്കുവെച്ചിരിക്കുന്നത്. ടൈപ്പ് 1 പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്നതിനും അതിനനുസരിച്ച് ഇൻസുലിൻ കുത്തിവയ്ക്കാനും ഉപയോഗിക്കുന്ന ഉപകരണമാണ് പലപ്പോഴും സുരക്ഷാ പരിശോധനയിൽ വില്ലനാകുന്നത്.


പല ടൈപ്പ് 1 പ്രമേഹ രോഗികളും ഇൻസുലിൻ പമ്പും രക്തത്തിലെ പഞ്ചസാരയുടെ അളവ് ട്രാക്ക് ചെയ്യുന്ന സെൻസറും ധരിക്കുന്നുണ്ട്. എയർപോർട്ടിലെ എക്സറേ സ്കാനറുകൾ ഈ ഉപകരണങ്ങളെ അപകടം ഉണ്ടാക്കുന്ന വസ്തുക്കളായി തെറ്റിദ്ധരിക്കുന്ന നിരവധി അവസരങ്ങൾ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പലപ്പോഴും ഇത്തരം രോഗികൾ ഇൻസുലിൻ പമ്പ് ധരിച്ചിട്ടുണ്ടെന്ന വിവരം പറയുമ്പോൾ അവരെ സ്കാനർ മിഷനിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചിട്ടും സെക്യൂരിറ്റി ഗാർഡുകൾ എക്സറേ സെക്ഷനിലൂടെ കടന്നു പോകാൻ നിർബന്ധിച്ചതായി സഫോക്കിലെ ലോസ്‌റ്റോഫിൽ നിന്നുള്ള ഒരു അമ്മ പരാതിപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു.


എന്നാൽ തങ്ങൾക്ക് ഔപചാരികമായ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ലണ്ടൻ സ്റ്റാൻസ്റ്റഡ് എയർപോർട്ട് അറിയിച്ചു. “മെഡിക്കൽ അല്ലെങ്കിൽ നോൺ-മെഡിക്കൽ കാരണങ്ങളാൽ ബോഡി സ്കാനർ ഒഴിവാക്കാൻ യാത്രക്കാർക്ക് എല്ലായ്‌പ്പോഴും അവകാശമുണ്ട്, എന്നാൽ ഇത്തരക്കാർ സുരക്ഷാ ജീവനക്കാരുടെ നേരിട്ടുള്ള പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് ഇതിനെ കുറിച്ച് എയർപോർട്ട് അതോറിറ്റി വിശദീകരിച്ചത്. സെക്യൂരിറ്റി ചെക്കിങ്ങിൽ സമാന അനുഭവമുള്ള നിരവധി പേരുടെ അനുഭവങ്ങൾ ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇൻസുലിൻ പമ്പ് ധരിച്ചിരിക്കുന്ന പ്രമേഹരോഗികളെ ശരീരം മുഴുവൻ തിരയാൻ മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടു പോകുകയും വിശദമായ പരിശോധന നടത്തുകയും ആണ് ചെയ്യുന്നത്. ഇത് പലപ്പോഴും അവർക്ക് വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാൽ ഇത്രയും പ്രശ്നങ്ങൾ ഒഴിവാക്കാനായി എല്ലാ സുരക്ഷാ ജീവനക്കാർക്കും പ്രാഥമിക രോഗാവസ്ഥകളെ കുറിച്ച് ധാരണയും അവബോധവും നൽകുന്നതിന് സൂക്ഷ്മമായ പരിശീലനം നൽകുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഏതെങ്കിലും രീതിയിൽ ആശയ കുഴപ്പമോ ദുരിതമോ ഉണ്ടായവരോട് ക്ഷമ ചോദിക്കുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തിങ്കളാഴ്ച ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിൽ 11 വയസ്സുകാരിയായ പെൺകുട്ടിയും 34 കാരിയായ അവളുടെ അമ്മയും കത്തിയാക്രമണത്തിനിരയായ സംഭവം ബ്രിട്ടനിൽ ആകെ കടുത്ത ഞെട്ടലാണ് ഉളവാക്കിയത്. നീചമായ പ്രവർത്തി ചെയ്ത പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. ഇയോൻ പിന്താരു എന്ന പേരുകാരനായ ഇയാൾ റൊമാനിയൻ വംശജനാണ്. 32 വയസ്സുകാരനായ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി.


പ്രതി 8 തവണ പെൺകുട്ടിയെ കത്തികൊണ്ട് കുത്തിയതായാണ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്. അതുകൂടാതെ മാരകമായ ആയുധം കൈയ്യിൽ വച്ചതിനും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേഷൻ കോടതി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വിചാരണയ്ക്കായി ഇയാളെ സെപ്റ്റംബറിൽ കോടതിയിൽ ഹാജരാക്കും. മുഖത്തും, കഴുത്തിലുമാണ് പെൺകുട്ടിക്ക് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയും അമ്മയും ആശുപത്രിയിലാണ്. അമ്മയുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് പോലീസ് അറിയിച്ചത്.


സൗത്ത് പോർട്ടിൽ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെടാൻ ഇടയാക്കിയ സംഭവം കടുത്ത പ്രശ്നങ്ങൾ ആണ് ബ്രിട്ടനിൽ അങ്ങോളം ഇങ്ങോളം സൃഷ്ടിച്ചത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രം നടന്ന സംഭവത്തെ തുടർന്ന് കടുത്ത കുടിയേറ്റ വിരുദ്ധ വികാരമാണ് വലതുപക്ഷ തീവ്രവാദികൾ ഉയർത്തുന്നത്. തിങ്കളാഴ്ച റൊമാനിയൻ വംശജനായ വ്യക്തിയുടെ കത്തിയാക്രമണത്തിൽ 11 വയസ്സുകാരി പെൺകുട്ടിക്കും അമ്മയ്ക്കും കുത്തേറ്റ സംഭവം ബ്രിട്ടനിൽ ഉടനീളം നടക്കുന്ന കലാപാഗ്നിയിലേയ്ക്ക് എണ്ണ പകരുമോ എന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള യുകെയിലെ അന്യദേശക്കാർ ഭയപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വാരാന്ത്യത്തിലുള്ള അവശ്യസാധനങ്ങളുടെ ബില്ല് കൂടുതൽ ബുദ്ധിമുട്ടിച്ചത് ബ്രിട്ടനിലെ പാവപ്പെട്ടവരെ ആണെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രീമിയം ബ്രാൻഡുകളെക്കാൾ സാധാരണ ബ്രാൻഡുകൾക്ക് കൂടുതൽ വില വർദ്ധനവ് അനുഭവപ്പെട്ടതാണ് ഇതിന് കാരണം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് (ഐഎഫ്എസ്) നടത്തിയ പഠനത്തിൽ, 2021-23 കാലയളവിൽ ഏറ്റവും കുറഞ്ഞ വരുമാനമുള്ള സാധാരണക്കാരായ വീട്ടുകാരെയാണ് പണപ്പെരുപ്പം ഏറ്റവും കാര്യമായ രീതിയിൽ ബാധിച്ചത്. പാൽ, പാസ്ത ബട്ടർ തുടങ്ങിയ വിഭാഗങ്ങളിലെ കുറഞ്ഞ ബ്രാൻഡുകൾക്ക് 36% വിലവർധനവാണ് കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള രണ്ടു വർഷത്തിനിടെ ഉണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഇതേ വസ്തുക്കളുടെ വില കൂടിയ ബ്രാൻഡുകൾക്ക് 16% വില വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് -19 ലോക്ക്ഡൗൺ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം എന്നിവ മൂലം പണപ്പെരുപ്പം ക്രമാതീതമായി വർദ്ധിച്ച രണ്ടു വർഷത്തെ കാലയളവാണ് പഠന റിപ്പോർട്ട് പരിഗണിച്ചിരിക്കുന്നത്. 2021 സെപ്റ്റംബറിനും 2023 സെപ്റ്റംബറിനുമിടയിൽ മൊത്തത്തിലുള്ള സാധനങ്ങളുടെ വിലകൾ 15.7% വർദ്ധിക്കുകയും, ഭക്ഷണ പാനീയങ്ങളുടെ വില 28.4% വർദ്ധിക്കുകയും ചെയ്തിരുന്നു. വാർഷിക പണപ്പെരുപ്പ നിരക്ക് 2022 ഒക്ടോബറിൽ, നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയായ 11.1% ആയി ഉയർന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നും കുറഞ്ഞ്, കഴിഞ്ഞ രണ്ടുമാസമായി സർക്കാരിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിൽ പണപ്പെരുപ്പ നിരക്ക് എത്തിനിൽക്കുന്നത് ആശ്വാസകരമാണ്. വാർഷിക ഭക്ഷ്യവിലപ്പെരുപ്പം 1.3 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. എന്നാൽ പണപ്പെരുപ്പ നിരക്കുകൾ വീണ്ടും ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.

സൂപ്പർമാർക്കറ്റ് ഷെൽഫുകളിൽ നിന്ന് ബജറ്റ് ലൈനിൽ ഉള്ള സാധനങ്ങൾ അപ്രത്യക്ഷമായതായും, ഇത് സാധാരണക്കാർക്ക് താങ്ങാൻ ആവാത്ത സാഹചര്യങ്ങളിലേക്ക് എത്തിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇത് അവരുടെ ഭക്ഷണ ബില്ലുകൾ വർദ്ധിപ്പിക്കുകയും പട്ടിണിയും ദാരിദ്ര്യവും വർദ്ധിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ട് അടിവരയിട്ട് ചൂണ്ടി കാട്ടുന്നു. ഇത് ബ്രിട്ടനിലെ മാത്രം സാഹചര്യമല്ലെന്നും, പല രാജ്യങ്ങളിലും കോവിഡിന് ശേഷം ഇതേ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ ഭക്ഷണപാനീയങ്ങൾ, മറ്റു പലചരക്ക് സാധനങ്ങൾ എന്നിവയുടെ വില കുറഞ്ഞ ബ്രാൻഡുകളെ പ്രീമിയം ബ്രാൻഡുകളും ആയുള്ള താരതമ്യമാണ് പ്രധാനമായും നടത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- രാഷ്ട്രീയക്കാരും പൊതുജനങ്ങളും എലോൺ മസ്കിന്റെ ‘എക്സ്’ പ്ലാറ്റ്ഫോം കൂട്ടത്തോടെ ഉപേക്ഷിക്കുന്നത് പരിഗണിക്കേണ്ട സമയമായതായി തുറന്നടിച്ചിരിക്കുകയാണ് ലിവർപൂൾ മേയർ സ്റ്റീവ് റോഥെറാം. കഴിഞ്ഞ ദിവസങ്ങളിൽ എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രചരിച്ച തെറ്റായ വിവരങ്ങൾ മൂലം ലിവർപൂളിൽ ഉണ്ടായ കലാപത്തിന് ശേഷമായിരുന്നു മേയറുടെ ഈ പ്രതികരണം. രണ്ടാഴ്ച മുൻപ് ലിവർപൂളിലെ സൗത്ത്പോർട്ടിൽ മൂന്ന് പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതി മുസ്ലിം കുടിയേറ്റക്കാരനാണെന്ന തെറ്റായ വാർത്തയായിരുന്നു എക്സിലൂടെ പ്രചരിച്ചത്. ഇത് തീവ്ര വലതുപക്ഷ ചിന്തകർക്കിടയിൽ കൂടുതൽ മുസ്ലിം വിരുദ്ധ വികാരങ്ങൾ സൃഷ്ടിക്കുകയും, കലാപത്തിന് കാരണമാവുകയും ചെയ്തു. ഇത്തരത്തിലൊരു പ്ലാറ്റ്ഫോമിൽ നിന്ന് നമ്മൾ കൂട്ടത്തോടെ പിന്മാറണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മേയർ വ്യക്തമാക്കി. രണ്ട് ലേബർ എംപിമാർ നിലവിൽ തന്നെ ഈ പ്ലാറ്റ്ഫോം ഉപേക്ഷിച്ചതായി തിങ്കളാഴ്ച ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. സയൻസ് ആൻഡ് ടെക്‌നോളജി സെലക്ട് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് രണ്ട് ലേബർ എംപിമാർ തങ്ങൾ മറ്റ് ഓപ്ഷനുകൾ പരിഗണിക്കുകയാണെന്ന് വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വിഭജനങ്ങൾ സൃഷ്ടിക്കുന്നതിനും മറ്റും മസ്ക് തന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതായി തങ്ങൾക്ക് വ്യക്തമായി കാണാമെന്ന് ന്യൂകാസിൽ ലേബർ എംപി ചി ഒൻവുറ മാധ്യമങ്ങളോട് പറഞ്ഞു. എലോൺ മസ്‌കിൻ്റെ സമീപകാല ഓൺലൈൻ പെരുമാറ്റം അപകടകരവും നിരുത്തരവാദപരവുമാണ്. നമ്മുടെ രാജ്യത്തെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും സമീപകാല കലാപങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രകോപനപരമായ പോസ്റ്റുകളും തീവ്ര വലതുപക്ഷ ചിന്താഗതിയെ പ്രചരിപ്പിക്കുന്നതാണെന്ന് ബ്രെൻ്റ് ഈസ്റ്റിലെ ലേബർ എംപിയായ ഡോൺ ബട്ട്‌ലർ വ്യക്തമാക്കി.

2022 ൽ ട്വിറ്റർ വാങ്ങിയ എലോൺ മസ്ക്, അതിന്റെ പേര് എക്സ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. എന്നാൽ കുറേക്കാലമായി ഈ പ്ലാറ്റ്ഫോം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയിടാൻ ശ്രമിക്കുന്നില്ലെന്ന വിമർശനങ്ങൾ പരക്കെ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയകൾ തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നില്ലെങ്കിൽ ഗവൺമെന്റിന് ശക്തമായി ഇടപെടേണ്ടി വരുമെന്ന് ലിവർപൂൾ മേയർ ഓർമിപ്പിച്ചു. ഓൺലൈൻ സുരക്ഷാ നിയമം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ആഴ്ച ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയ ലണ്ടൻ മേയർ സാദിഖ് ഖാന്റെ അഭിപ്രായത്തോട് താൻ പൂർണ്ണമായി യോജിക്കുന്നതായി റോഥെറാം വ്യക്തമാക്കി. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ തെറ്റായ വിവരങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ശക്തമായ നിയന്ത്രണം നേരിടേണ്ടിവരുമെന്ന് ഡൗണിംഗ് സ്ട്രീറ്റും സൂചിപ്പിച്ചു. കലാപത്തിനുശേഷം നടത്തിയ പ്രതികരണത്തിൽ സോഷ്യൽ മീഡിയകളെ സംബന്ധിച്ച് കൂടുതൽ വിശാലമായ പരിശോധനകൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറും വ്യക്തമാക്കിയിരുന്നു. എക്‌സിന് ആളുകൾ ബദലുകൾ തേടുന്നു എന്നതിന്റെ സൂചനയായി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ബ്ലൂസ്‌കൈ തങ്ങളുടെ സൈനപ്പുകളിൽ വർദ്ധനയുണ്ടായതായി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ യുകെയിൽ ഉടനീളം എക്സിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 2023 ജൂൺ 13ന് ഇന്ത്യൻ വംശജയായ മെഡിക്കൽ വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നോട്ടിങ്ഹാം കൊലപാതകത്തിൽ കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ട് പുതിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ടിൽ, മെന്റൽ ഹെൽത്ത് സർവീസിന്റെ ഭാഗത്തുനിന്നും നിരവധി പിശകുകളും തെറ്റുകളുമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതിയായ വാൽഡോ കലോക്കെയ്ൻ്റെ പരിചരണത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവരുടെ കൈകളിൽ ചോരകറയുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി. ഒരു വർഷം മുൻപ് നടന്ന സംഭവത്തിൽ 19 വയസ്സുകാരായ ഇന്ത്യൻ വംശജയായ മെഡിക്കൽ വിദ്യാർഥി ഗ്രേസ് ഒമാലി കുമാറിനെയും, അവളുടെ സുഹൃത്ത് ബാർണബി വെബ്ബറിനെയും , അറുപത്തഞ്ചു വയസ്സുകാരനായ ഇയാൻ കോട്‌സിനെയും മാനസിക വിഭ്രാന്തി ബാധിച്ച വാൽഡോ കലോക്കെയ്ൻ നോട്ടിങ്ഹാമിലെ റോഡിൽ വച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ പ്രതിയായ വാൽഡോ കലോക്കെയ്ന്റെ കൊലപാതകത്തിന് മുൻപുള്ള ചികിത്സയിലാണ് നിരവധി പിഴവുകൾ ഉണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രതി മാനസിക രോഗത്തിന്റെ സ്ഥിരമായ ലക്ഷണങ്ങൾ കാണിച്ചതും, മരുന്ന് കഴിക്കാൻ വിസമ്മതിച്ചതും, ആളുകളോടുള്ള പ്രതിയുടെ അക്രമാസക്തമായ മനോഭാവവും മറ്റും വേണ്ടത്ര രീതിയിൽ ചികിത്സ നൽകിയവർ പരിഗണിച്ചില്ല എന്നാണ് റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കഴിഞ്ഞ ആഴ്ച ഇരകളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്ന ശുപാർശകൾ ഇനി ഒരു അപകടം ഉണ്ടാകാതിരിക്കുന്നതിനായി രാജ്യത്തുടനീളം നടപ്പിലാക്കുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പുനൽകി. എന്നാൽ സംഭവത്തിൽ കൂടുതൽ ശക്തമായ അന്വേഷണം വേണമെന്ന നിലപാടാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നിർദ്ദേശിക്കുന്നത്.


കഴിഞ്ഞു പോയ തെറ്റുകൾ മാറ്റുവാൻ സാധിച്ചിരുന്നെങ്കിൽ തങ്ങളുടെ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ബാർനബിയുടെ മാതാവ് എമ്മ ബിബിസി ന്യൂസിനോട് പറഞ്ഞു. 2020 മെയ് മുതൽ 2022 സെപ്തംബർ വരെ നോട്ടിംഗ്ഹാംഷെയർ ഹെൽത്ത്‌കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ കീഴിലുള്ള പ്രതിയുടെ ചികിത്സയെ സംബന്ധിച്ചാണ് കെയർ ക്വാളിറ്റി കമ്മീഷൻ അന്വേഷണം നടത്തിയത്. മാനസികാരോഗ്യ സർവീസുകളുടെ മൊത്തത്തിലുള്ള പരാജയമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഓരോ ഘട്ടത്തിലും പ്രതിയെ ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പെടെ എല്ലാവർക്കും ഇതിൽ പങ്കുണ്ടെന്ന് കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി. നിലവിലെ വ്യവസ്ഥകളിലും നിയമങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുവാൻ തങ്ങൾ പരിശ്രമിക്കുമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ സംയുക്തമായി നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. മരണപ്പെട്ട ഗ്രേസ് ഒമാലി കുമാർ ഇന്ത്യൻ വംശജയായ ഒന്നാംവർഷം മെഡിക്കൽ വിദ്യാർഥിനിയായിരുന്നു. തന്റെ സുഹൃത്തായ ബാർനബിയെ പ്രതിയുടെ കയ്യിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അവൾ മരണത്തിന് കീഴടങ്ങിയത്.

RECENT POSTS
Copyright © . All rights reserved