ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണിമുടക്ക് അവസാനിപ്പിച്ച് ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടർമാർ. പണിമുടക്ക് അവസാനിച്ചതോടെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി ചർച്ചകൾ പുനരാരംഭിക്കാൻ സമ്മതിക്കുകയായിരുന്നു. നേരത്തെ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിച്ചത്. അടുത്ത ആഴ്ച ആദ്യം ചർച്ചകൾ പുനരാരംഭിക്കാൻ ആരോഗ്യ സെക്രട്ടറി വാഗ്‌ദാനം ചെയ്‌തു. ഇതിന് പിന്നാലെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ക്ഷണം സ്വീകരിച്ചു.
ശമ്പളത്തെ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കില്ലെന്ന് വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റ് പ്രധാന വിഷയങ്ങളിൽ ചർച്ചകൾ തുടരാൻ അദ്ദേഹം തയ്യാറാണ് എന്ന് അറിയിച്ചു. ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ജോലി സാഹചര്യങ്ങൾ, കരിയർ പുരോഗതി, പരീക്ഷാ ഫീസ് തുടങ്ങിയവ ഉൾപെടും.
2023 – മുതൽ ഉള്ള കാലയളവിൽ റസിഡന്റ് ഡോക്ടർമാർ നടത്തുന്ന 12-ാമത്തെ പണിമുടക്കായിരുന്നു ഇത്. ലേബർ സർക്കാരിനു കീഴിലെ ആദ്യത്തെ പണിമുടക്കായിരുന്നു ഇത്. ആരോഗ്യ സെക്രട്ടറിയുമായി മുൻപ് നടന്ന ചർച്ചയിൽ രണ്ട് വർഷത്തിനുള്ളിൽ 22% ശമ്പള വർദ്ധനവാണ് പറഞ്ഞുറപ്പിച്ചത്. ഇതിന് പ്രകാരം റസിഡന്റ് ഡോക്ടർമാർക്ക് 5.4% ശമ്പള വർദ്ധനവും ലഭിച്ചിരുന്നു. ബിഎംഎ ജൂനിയർ ഡോക്ടർ നേതാക്കളായ ഡോ. മെലിസ റയാനും ഡോ. റോസ് ന്യൂവൗഡും ചർച്ചകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഇത്തവണ സർക്കാർ കൂടുതൽ വ്യക്തവും സ്വീകാര്യവുമായ ഒരു ഓഫർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.
സതേൺ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയെ തുടർന്ന് ഇന്ന് രാവിലെ 10 മുതൽ രാത്രി 9 വരെ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ബ്രിസ്റ്റോൾ, ഓക്സ്ഫോർഡ്, സതാംപ്ടൺ, ലണ്ടൻ, കെന്റ്, ഇപ്‌സ്‌വിച്ച് എന്നീ പ്രദേശങ്ങളിൽ വാണിംഗ് നിലനിൽക്കും. ദിവസം മുഴുവൻ കനത്ത മഴ, മിന്നൽ, ആലിപ്പഴം എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ട് മണിക്കൂറിനുള്ളിൽ ചില പ്രദേശങ്ങളിൽ 60 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഇത് വെള്ളപ്പൊക്കം, റോഡ് അടച്ചിടൽ, വൈദ്യുതി തടസ്സം, പൊതുഗതാഗതത്തിൽ വലിയ തടസ്സങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. വാണിംഗ് ലഭിക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഇടിമിന്നൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ നിന്ന് നീങ്ങി, സെൻട്രൽ, സതേൺ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കാലാവസ്ഥാ നിരീക്ഷകൻ ക്ലെയർ നാസിർ വിശദീകരിച്ചു. വടക്കൻ അയർലൻഡ്, പടിഞ്ഞാറൻ സ്കോട്ട്ലൻഡ്, വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് വെയിലിനുള്ള സാധ്യത ഉണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാന ഗതാഗത നിയന്ത്രണ സംവിധാനങ്ങളിൽ ഉണ്ടായ തടസ്സത്തെ തുടർന്ന് യുകെയിൽ വ്യാപകമായി വ്യോമഗതാഗതം തടസപ്പെട്ടു. സാങ്കേതിക പ്രശ്‌നം 20 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും വിമാന സർവീസുകളുടെ വലിയ ബാക്ക്‌ലോഗിനും കാലതാമസത്തിനും ഇത് കാരണമായി. ഹീത്രോ, സ്റ്റാൻസ്റ്റഡ്, മാഞ്ചസ്റ്റർ, എഡിൻബർഗ് എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് വിമാനങ്ങൾ ആണ് നിർത്തി വച്ചത്.
യുകെയിലേയ്ക്കും തിരിച്ചുമുള്ള 150-ലധികം വിമാനങ്ങൾ റദ്ദാക്കി. ഈ പ്രശ്നം റഡാറുമായി ബന്ധപ്പെട്ടതാണ് എന്നും ഒരു ബാക്കപ്പ് സിസ്റ്റത്തിലേക്ക് മാറുന്നതിലൂടെ വേഗത്തിൽ പരിഹരിച്ചതായും സുരക്ഷ ഉറപ്പാക്കാൻ വിമാന ഗതാഗതം കുറച്ചതായും എയർ ട്രാഫിക് കൺട്രോൾ സ്ഥാപനമായ NATS പറഞ്ഞു. ഏതെങ്കിലും രീതിയിലുള്ള സൈബർ അറ്റാക്ക് സംഭവിച്ചോ എന്ന കാര്യത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. എന്താണ് സംഭവിച്ചത് എന്ന് അറിയാൻ NATS – മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് NATS-ന് വലിയ തകരാർ സംഭവിക്കുന്നത്.
തടസ്സത്തിന് NATS ക്ഷമാപണം നടത്തി. വിമാനങ്ങൾ റദ്ദാക്കിയത് ഒട്ടേറെ യുകെ മലയാളികളെയും ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. പലരുടെയും വിമാനങ്ങൾ റദ്ദാക്കി. തടസ്സം കുറച്ച് സമയത്തേയ്ക്ക് നീണ്ടുനിന്നുവെങ്കിലും പല വിമാനങ്ങളും കാലതാമസത്തിന് വഴി വച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിലെ വേനൽക്കാല ബാങ്ക് അവധിക്കാല വാരാന്ത്യത്തിൽ നടന്ന മുൻ സംഭവം 700,000-ത്തിലധികം ഉപഭോക്താക്കളെ ബാധിച്ചിരുന്നു. നിലവിലെ പ്രശ്നങ്ങൾക്ക് എത്രമാത്രം വ്യാപ്തി ഉണ്ടെന്നതിന്റെ ശരിയായ വിവരങ്ങൾ പൂർണ്ണമായും വരും ദിവസങ്ങളിലെ അനാവരണം ചെയ്യപ്പെടുകയുള്ളൂ എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കിഴക്കൻ സ്പെയിനിലെ കാറ്റലോണിയയിലെ സലോവിലുള്ള ലാർഗ ബീച്ചിൽ നീന്തുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരം 11 ഉം 13 ഉം വയസ്സുള്ള രണ്ട് ബ്രിട്ടീഷുകാരായ കുട്ടികൾ മുങ്ങി മരിച്ചു. സ്പാനിഷ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ പ്രൊട്ടക്ഷൻ നൽകിയ വിവരങ്ങൾ അനുസരിച്ച് ആൺകുട്ടികൾ വെള്ളത്തിൽ കുടുങ്ങി പോവുകയും തിരിച്ച് കരയിലേയ്ക്ക് കയറാൻ സാധിക്കാതെയും വരികയായിരുന്നു. കുട്ടികളോടൊപ്പം കടലിൽ ഇറങ്ങിയ അവരുടെ പിതാവിനെ രക്ഷാസംഘം രക്ഷപ്പെടുത്തുകയും ആവശ്യമായ സിപിആർ നൽകുകയും ചെയ്‌തു.
സംഭവസമയത്ത് കടൽത്തീരത്ത് ഒരു മഞ്ഞ പതാക ആയിരുന്നു ഉണ്ടായിരുന്നത്. നീന്തൽ അനുവദനീയമാണെങ്കിലും അപകടസാധ്യതകൾ ഉള്ളതിനാൽ ജാഗ്രത പാലിക്കണം എന്നാണ് മഞ്ഞ പതാകകൾ സൂചിപ്പിക്കുന്നത്. ആൺകുട്ടികൾ നീന്തിയ സ്ഥലത്ത് പാറക്കെട്ടുകൾ ഉണ്ടായിരുന്നതിനാൽ ഉയർന്ന വേലിയേറ്റത്തെ ചെറുക്കാൻ ഇവർക്ക് പാടായിരുന്നു.
ലാർഗ ബീച്ചിന് തൊട്ടുമുമ്പിലുള്ള ഒരു ഹോട്ടലിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ രാത്രി 8.47 ന് അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്ത് എത്തി. സലോ ലോക്കൽ പോലീസ്, മോസോസ് ഡി എസ്ക്വാഡ്ര (കാറ്റലോണിയയുടെ റീജിയണൽ പോലീസ്), ജനറലിറ്റാറ്റ് ഫയർ ഡിപ്പാർട്ട്‌മെന്റ് എന്നിവയിലെ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. പെട്ടെന്ന് രക്ഷാ സേനകൾ സംഭവ സ്ഥലത്ത് എത്തിയെങ്കിലും ആൺകുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഈ വേനൽക്കാലത്ത് കാറ്റലോണിയയിൽ കടൽത്തീരത്ത് ഉണ്ടായിരിക്കുന്ന മരണങ്ങളുടെ എണ്ണം മരണങ്ങളുടെ എണ്ണം 16 ആയി ഉയർന്നിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിൽ വെടിനിർത്തൽ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. സെപ്റ്റംബറിൽ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഗാസയിലെ ജനങ്ങൾക്ക് സഹായ വിതരണം പുനരാരംഭിക്കാൻ ഐക്യരാഷ്ട്രസഭയെ അനുവദിക്കുക എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്.
ഇസ്രായേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സ്വന്തം പാർട്ടിയിൽ നിന്ന് ഉൾപ്പെടെ കടുത്ത സമ്മർദ്ദമാണ് പ്രധാനമന്ത്രി നേരിടുന്നത്. സുസ്ഥിരമായ സമാധാനം പുനസ്ഥാപിക്കുന്നതിന് പാലസ്തീനെ ഒരു രാജ്യമായി ഇസ്രായേൽ അംഗീകരിക്കണമെന്ന അഭിപ്രായമുള്ളവർ ഭരണപക്ഷത്ത് തന്നെ ഒട്ടേറെയാണ്. കഴിഞ്ഞ ആഴ്ച ഫ്രാൻസ് സെപ്റ്റംബറിൽ പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. G7 രാജ്യങ്ങളിൽ ഫ്രാൻസ് ആണ് ആദ്യമായി ഈ പിൻതുണ പ്രഖ്യാപിച്ചത്. സുരക്ഷിത ഇസ്രായേലിനൊപ്പം പരമാധികാരമുള്ള പാലസ്തീൻ എന്നതാണ് യുകയുടെ ലക്ഷ്യം എന്ന് പ്രധാനമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവ അടിയന്തിര സഹായം നൽകുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായുള്ള ഒരു പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഈ പദ്ധതി അറബ് രാജ്യങ്ങളുമായും പങ്കിടും. ഗാസയിലെ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടതെന്ന് ട്രംപും സർ കെയർ സ്റ്റാർമറും ഇത് നേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു. ഗാസയിലെ പോഷകാഹാരക്കുറവ് ആശങ്കാജനകമായ നിലയിലാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസ വിഷയത്തിൽ ചർച്ചകൾ നടത്താൻ യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേന്നിരുന്നു. ഗാസയിലെ വിവിധ പ്രദേശങ്ങൾ നേരിടുന്ന പട്ടിണിയും ആഹാരവും മറ്റ് ആവശ്യ സാധനങ്ങളുടെ ക്ഷാമവും യുഎസിൻെറ നേതൃത്വത്തിലുള്ള സമാധാന ചർച്ചകളും പരാജയപ്പെട്ടതിന് പിന്നാലെയാണ് അടുത്ത നടപടിയുമായി യുകെ മുന്നോട്ടുവന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്ത് എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ പ്രായം പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കാൻ പദ്ധതി ഇട്ട് യുകെ സർക്കാർ. അഭയകേന്ദ്രത്തിലേയ്ക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നതിനായി മുതിർന്നവർ കുട്ടികളായി നടിക്കുന്നത് തടയുന്നതിനാണ് ഈ നീക്കം സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. അടുത്തിടെ അനധികൃത കുടിയേറ്റക്കാരിൽ ചില മുതിർന്നവരെ കുട്ടികളായും ചില കുട്ടികളെ മുതിർന്നവരായും കണക്കാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
നിലവിൽ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ശാരീരിക രൂപവും ഇന്റർവ്യൂകളും വഴിയാണ് അനധികൃത കുടിയേറ്റക്കാരുടെ പ്രായം നിർണ്ണയിക്കുന്നത്. എന്നാൽ ഇതുവഴി കൃത്യമായ പ്രായം അറിയുക എന്നത് പ്രയാസമാണ്. അടുത്തിടെ ഇറങ്ങിയ റിപ്പോർട്ടിൽ 100 കേസുകളിൽ ആദ്യം മുതിർന്നവരായി അടയാളപ്പെടുത്തിയ 22 പേർ പിന്നീട് 18 വയസ്സിന് താഴെയുള്ളവരാണെന്ന് കണ്ടെത്തിയതായി പറയുന്നു. ഇത്തരത്തിലുള്ള വീഴ്‌ചകൾ അപകടമരമാണ്.
നിരവധി മുഖചിത്രങ്ങൾ അടിസ്ഥാനമാക്കി ട്രെയിൻ ചെയ്തെടുത്ത എഐ മോഡലാണ് മുഖം കണ്ട് പ്രായം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്. കത്തി പോലുള്ള വസ്തുക്കൾ വാങ്ങുന്ന ഉപഭോക്താക്കളുടെ പ്രായം പരിശോധിക്കാൻ ബാങ്കുകളും ഓൺലൈൻ ഷോപ്പുകളും ഈ സാങ്കേതികവിദ്യ ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ട്. 2026 ഓടെ ഈ സംവിധാനം ഉപയോഗിക്കാൻ ആവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രായം സ്ഥിരീകരിക്കാൻ അസ്ഥി, പല്ല് പരിശോധനകൾ മുൻ സർക്കാർ ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ എഐ സംവിധാനം ഉപയോഗിച്ച് ആളുകളെ മറ്റൊരിടത്ത് കൊണ്ടുവരാതെ അതിർത്തിയിൽ തന്നെ പ്രായം തിരിച്ചറിയാൻ സാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആളുകളെ സുരക്ഷിതമായും സ്വകാര്യമായും ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ അനുവദിക്കുന്ന ഒരു ഉപകരണമാണ് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN). ഇത് ഒരു റിമോട്ട് സെർവർ വഴി കണക്റ്റ് ചെയ്‌ത് ഉപയോക്താവിന്റെ യഥാർത്ഥ ഐപി വിലാസവും ലൊക്കേഷനും മറയ്ക്കും. ഇങ്ങനെ ചെയ്യുന്നത് വഴി ഇവർ മറ്റൊരു രാജ്യത്താണെന്ന് തോന്നിപ്പിക്കും. പലരും തങ്ങളുടെ രാജ്യത്ത് ബ്ലോക്ക് ചെയ്‌തിരിക്കുന്ന ആപ്പുകളോ ഉള്ളടക്കങ്ങളോ ആക്‌സസ് ചെയ്യുന്നതിനോ അവരുടെ ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്നതിനോ ആയാണ് വിപിഎൻ ആപ്പുകൾ ഉപയോഗിക്കുന്നത്.
പോൺഹബ്, റെഡ്ഡിറ്റ്, എക്സ് (ട്വിറ്റർ) പോലുള്ള വെബ്‌സൈറ്റുകൾ പ്രായ പരിശോധന നിർബന്ധമാക്കാൻ തുടങ്ങിയതിന് ശേഷം യുകെയിൽ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്നവയായി വി പി എൻ ആപ്പുകൾ മാറിയിരിക്കുകയാണ്. മുതിർന്നവർക്ക് ഉള്ളടക്കമുള്ള പ്ലാറ്റ്‌ഫോമുകളെ 18 വയസ്സിന് മുകളിലുള്ളവരാണോ ഉപഭോക്താക്കൾ എന്ന് പരിശോധിക്കാൻ നിർബന്ധിതമാക്കുന്ന ഓൺലൈൻ സുരക്ഷാ നിയമം മൂലമാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്. ഈ പരിശോധനകൾ ഒഴിവാക്കാൻ, പലരും വിപിഎൻ ആപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്.
ഒരു ജനപ്രിയ വിപിഎൻ കമ്പനിയായ പ്രോട്ടോണിൽ നിന്ന് മാത്രം ഈ വാരാന്ത്യത്തിൽ യുകെയിൽ നിന്നുള്ള ഡൗൺലോഡുകളിൽ 1,800% വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രായ പരിശോധന നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനു ശേഷമാണ് ഈ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് ഉപയോക്താക്കളുടെ പ്രായം തിരിച്ചറിയാൻ ഫേസ് ഐഡി, സെൽഫി എന്നിവ ഉപയോഗിക്കും. എന്നാൽ ഇത് പല ഉപയോക്താക്കളിലും ഡേറ്റാ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇത് ഒഴിവാക്കാൻ പലരും വിപിഎന്നുകളെയാണ് ആശ്രയിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഭക്ഷ്യവില തുടർച്ചയായി ആറാം മാസവും വർദ്ധിച്ചു. മാംസ ഭക്ഷണ സാധനങ്ങളുടെയും ചായയുടെയും വിലയിൽ കുത്തനെ വർദ്ധനവ്. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) പ്രകാരം, ജൂലൈ വരെയുള്ള കാലയളവിൽ ഭക്ഷ്യവസ്തുക്കളുടെ വില 4% ആണ് വർദ്ധിച്ചിരിക്കുന്നത്. ജൂണിൽ ഇത് 3.7% ആയിരുന്നു. ആഗോളതലത്തിൽ വിതരണം കർശനമായത് മാംസം, ചായ തുടങ്ങിയ ആവശ്യ വസ്തുക്കളുടെ വില കൂടുന്നതിന് കാരണമായതായി ബിആർസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ ഡിക്കിൻസൺ പറഞ്ഞു.
പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഫ്രഷ് ഫുഡിൻെറ വില 3.2 ശതമാനത്തിൽ തന്നെ തുടരുന്നുവെന്ന് സർവേയിൽ കണ്ടെത്തി. എന്നാൽ ചായ, മാംസം തുടങ്ങിയവയുടെ വിലയിൽ 5.1% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിയുടെ വില രണ്ട് വർഷത്തിനിടെ കിലോയ്ക്ക് £2.85 ൽ നിന്ന് £5.50 ആയാണ് ഉയർന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) പുതിയ ഡേറ്റ പ്രകാരം യുകെയിലെ പണപ്പെരുപ്പം ജൂണിൽ 3.6% ആയാണ് ഉയർന്നത്. ജൂണിൽ ഇത് 3.4% ആയിരുന്നു.
ജൂൺ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഭക്ഷണപാനീയങ്ങളുടെ വില 4.5% വർദ്ധിച്ചതായി കാണാം. 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡ്രസ്സുകളിലും ഫർണീച്ചറിലും കിഴിവുകൾ ഉണ്ടായിട്ടുണ്ട്. ജൂലൈയിൽ കടകളിലെ പണപ്പെരുപ്പം 0.7% ആയി ഉയർന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസ വിഷയത്തിൽ ചർച്ചകൾ നടത്താൻ യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരും. ഗാസയിലെ വിവിധ പ്രദേശങ്ങൾ നേരിടുന്ന പട്ടിണിയും ആഹാരവും മറ്റ് ആവശ്യ സാധനങ്ങളുടെ ക്ഷാമവും യുഎസിൻെറ നേതൃത്വത്തിലുള്ള സമാധാന ചർച്ചകളും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇത്. കഴിഞ്ഞ ദിവസം സർ കെയർ സ്റ്റാർമർ സ്കോട്ട് ലൻഡിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സമയം യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സമാധാന ചർച്ചകളെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിൻെറ ഭാഗമായി വാരാന്ത്യത്തിൽ ഫ്രാൻസിന്റെയും ജർമ്മനിയുടെയും നേതാക്കളുമായും അദ്ദേഹം സംസാരിച്ചിരുന്നു.
യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവ അടിയന്തിര സഹായം നൽകുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായുള്ള ഒരു പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഈ പദ്ധതി അറബ് രാജ്യങ്ങളുമായും പങ്കിടും. ഗാസയിലെ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടതെന്ന് ട്രംപും സർ കെയർ സ്റ്റാർമറും പറയുന്നു. ഗാസയിലെ പോഷകാഹാരക്കുറവ് ആശങ്കാജനകമായ നിലയിലാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, പാലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കാൻ യുകെ സർക്കാരിനുമേൽ സമ്മർദ്ദം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ലേബർ പാർട്ടിയിൽ നിന്നുള്ള 147 പേർ ഉൾപ്പെടെ ആകെ 255 എംപിമാർ അടിയന്തിര അംഗീകാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ ഇതിനോടകം തന്നെ സമാന നീക്കങ്ങൾ നടത്തിയിട്ടുണ്ട്. ഫ്രാൻസ് ഉടൻ തന്നെ പാലസ്തീനെ അംഗീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വർഷം ഗവൺമെൻറ് മുന്നോട്ടു വെച്ച ശമ്പള പാക്കേജ് എൻഎച്ച്എസ് നേഴ്സുമാർ നിരസിച്ചു. ഇത് എൻഎച്ച്എസിൽ കൂടുതൽ പണിമുടക്കുകൾക്ക് കാരണമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറും 3.6 ശതമാനം വർദ്ധനവ് ആണ് ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലേയ്ക്ക് ഗവൺമെൻറ് മുന്നോട്ടുവെച്ച ശമ്പള പാക്കേജ് .
യൂണിയൻ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ഭൂരിപക്ഷം അംഗങ്ങളും ശമ്പള വർദ്ധനവ് അപര്യാപ്തമാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത് . ആർ സി എൻ 3.6 ശതമാനം വർദ്ധനവിനെ വിചിത്രം എന്നാണ് വിശേഷിപ്പിച്ചത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം പരിഗണിക്കുമ്പോൾ ശമ്പള വർദ്ധനവ് പൂർണ്ണമായും അപര്യാപ്തമാണെന്നാണ് ആർസിഎൻ വാദിക്കുന്നത്. ഡോക്ടർമാരുടെയും അധ്യാപകരുടെയും ശമ്പള വർദ്ധനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെന്ന അഭിപ്രായവും ശക്തമാണ്.
2022 ലും 2023 ലും സംഭവിച്ചതുപോലെ വീണ്ടും നേഴ്സുമാർ സമരമുഖത്ത് ഇറങ്ങാനുള്ള സാധ്യതയാണ് ഉള്ളത്. ഇത് എൻഎച്ച്എസിന്റെ കാത്തിരിപ്പ് സമയം കുത്തനെ ഉയരുന്നതിന് കാരണമാകും. നിലവിൽ റസിഡൻ്റ് ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് എൻഎസ്എസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 29 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ റസിഡൻ്റ് ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് 5 -ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.