ന്യൂസ് ഡെസ്ക്, മലയാളം യുകെ
സെൻട്രൽ ലണ്ടനിൽ നാല് പേർക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. ഇന്നലെ ഉച്ചയ്ക്ക് 1 മണിക്കാണ് സംഭവം നടന്നത്. സൗത്ത്‌വാർക്കിലെ ലോംഗ് ലെയ്‌നിലേക്ക് 4 പേർക്ക് കുത്തേറ്റതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കത്തി കുത്തിൽ 58 വയസ്സുള്ള ഒരാൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു. 27 വയസ്സുള്ള ഒരാൾ ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. മറ്റ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഈ ഞെട്ടിക്കുന്ന സംഭവത്തിൻ്റെ പൂർണ്ണമായ സാഹചര്യത്തെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുകയാണെന്നും പ്രാദേശിക പോലീസ് മേധാവി എമ്മ ബോണ്ട് പറഞ്ഞു. ഈ ഘട്ടത്തിൽ സംഭവം തീവ്രവാദവുമായി ബന്ധപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയും ദുബായ് മലയാളി ദമ്പതികളുടെ മകനുമായ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ (27) ആണ് മരണമടഞ്ഞത്. ലീഡ്‌സിൽ എ 647 കനാൽ സ്ട്രീറ്റിലൂടെ ബൈക്കിൽ സഞ്ചരിക്കവെയാ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. റോഡിന്റെ വളവിൽ ബൈക്ക് സ്‌കിഡ് ആയതിനെ തുടർന്നാണ് അപകടം നടന്നത്. കവൻട്രി യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായി എത്തിയ ജെഫേഴ്‌സൻ, പഠനശേഷം ലീഡ്‌സിൽ ജോലി ചെയ്യുകയായിരുന്നു.
ജെഫേഴ്സന്റെ ലൈസൻസിൽ നൽകിയിട്ടുള്ള മേൽവിലാസത്തിൽ പോലീസ് എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം യുകെയിലുള്ള സുഹൃത്തുക്കൾ അറിയുന്നത്. ഇതിന് പിന്നാലെ ദുബായിലുള്ള മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
ജെഫേഴ്‌സന്റെ പിതാവ് ജസ്റ്റിൻ പെരേര, തിരുവനന്തപുരം വെട്ടുകാട് സ്വദേശിയാണ്. ജസ്റ്റിന്‍ പെരേരയും കുടുംബവും ജോലി സംബന്ധമായി താമസിക്കുന്നത് ദുബായില്‍ ആണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
ജെഫേഴ്‌സൺ ജസ്റ്റിന്റെ വിയോഗത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറക്കുമതി ചെയ്ത റെസ്ക്യൂ നായ്ക്കളെ സംബന്ധിച്ച ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാ ഡോഗ് റെസ്ക്യൂ സംഘടനകൾക്കും ലൈസൻസിംഗ് ഏർപ്പെടുത്തണമെന്നുള്ള ആവശ്യവുമായി യുകെയിലെ പ്രമുഖ മൃഗ ചാരിറ്റി ഗ്രൂപ്പ്. റൊമാനിയ, ഉക്രെയ്ൻ, നോർത്ത് മാസിഡോണിയ തുടങ്ങിയ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് നായ്ക്കളെ ഓരോ വർഷവും യുകെയിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് RSPCA പറയുന്നു. ഇത്തരത്തിൽ കൊണ്ടുവരുന്ന നായ്ക്കൾക്ക് ശരിയായ രീതിയിലുള്ള പരിശോധനകൾ പോലും ലഭിക്കുന്നില്ല.
ഈ നായ്ക്കളെ പലപ്പോഴും ഓൺലൈനിലോ സോഷ്യൽ മീഡിയ വഴിയോ പരസ്യപ്പെടുത്തി നേരിട്ട് വീടുകളിൽ എത്തിക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഇറക്കുമതി ചെയ്ത പല നായ്കൾക്കും ശരിയായ ആരോഗ്യ പരിശോധനകൾ ലഭിക്കുന്നില്ല. ഇവയ്ക്കുള്ള രോഗങ്ങൾ മനുഷ്യരിലേക്ക് പടരുകയും ഇൻഫ്ലുവൻസ, ഗുരുതരമായ സന്ധി പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന രോഗത്തിൻെറ കേസുകൾ 2020 ന് മുമ്പ് വെറും മൂന്ന് എണ്ണം മാത്രമായിരുന്നെങ്കിൽ 2024 ൽ 300 ൽ അധികം ആയിരിക്കുകയാണ്.
പലപ്പോഴും ഫോൺ കോളുകൾ നടത്തിയതിന് പിന്നാലെ സംഘടനകൾ നായ്ക്കളെ കൈമാറുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ഉള്ള സംഘടനകൾക്ക് ദുരുദ്വേഷങ്ങൾ ഇല്ലെങ്കിലും നായ്ക്കളെ ശരിയായി വിലയിരുത്തുന്നതിനോ അനുയോജ്യമായ ഉടമകളുമായി അവയെ പൊരുത്തപ്പെടുത്തുന്നതിനോ ഉള്ള സംഘടന സ്വീകരിക്കുന്നില്ല. ഉക്രെയ്നിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരു നായ ക്വാറന്റൈനിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ അതിന്റെ പുതിയ ഉടമയെയും മകനെയും ആക്രമിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെ നായയെ കുടുംബത്തിന് ഉപേക്ഷിക്കേണ്ടതായി വന്നു. സ്‌കോട്ട് ലൻഡിൽ ഇതിനകം തന്നെ റെസ്‌ക്യൂ ലൈസൻസിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളിൽ ഒന്നായ ഓപ്പൺ എഐയുമായി സുരക്ഷ, വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ സഹകരണത്തിനായി യുകെ കരാറിൽ ഒപ്പിട്ടു. കമ്പനിയുടെ തലവനായ സാം ആൾട്ട്മാനും ബ്രിട്ടന്റെ സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി പീറ്റർ കൈലുമായാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. നേരത്തെ യുകെ സർക്കാരും ഓപ്പൺ എഐയുടെ എതിരാളികളുമായ യുഎസ് ടെക് കമ്പനി ഗൂഗിളുമായി സമാനമായ ഒരു കരാർ സർക്കാർ ഒപ്പു വച്ചിരുന്നു.
സർക്കാർ സംവിധാനത്തിൽ ഉടനീളം Al ടെക്നോളജി എങ്ങനെ ഉപകാരപ്രദമാക്കാമെന്ന കാര്യത്തിൽ ഓപ്പൺ Al യും യു കെ സർക്കാരും സഹകരിക്കുമെന്ന് കരാറിൽ പറയുന്നു. സിവിൽ സർവീസുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുക പൗരന്മാർക്ക് പൊതു സേവനങ്ങൾ കൂടുതൽ ഫലപ്രദമായി ലഭ്യമാക്കുക എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ വർഷം തന്നെ Al സാങ്കേതികവിദ്യ മനുഷ്യ ബുദ്ധിക്ക് തുല്യമായ പ്രകടന മികവിലേയ്ക്ക് എത്തുമെന്ന് ആൾട്ട്മാൻ മുമ്പ് പ്രവചിച്ചിരുന്നു.
ചെറുകിട ബിസിനസുകൾക്ക് സർക്കാർ വെബ്‌പേജുകളിൽ നിന്ന് ഉപദേശവും പിന്തുണയും എളുപ്പത്തിൽ ലഭിക്കാൻ അനുവദിക്കുന്നതിനായി ഒരു Al ചാറ്റ്ബോട്ടിനെ ശക്തിപ്പെടുത്തുന്നതിന് ഓപ്പൺ Al ഇതിനകം തന്നെ അതിന്റെ സാങ്കേതികവിദ്യ നൽകിയിട്ടുണ്ട്. എന്നാൽ രാജ്യത്തിൻറെ തന്ത്രപ്രധാനമായ വിവരങ്ങൾ പ്രൈവറ്റ് കമ്പനികളുമായി പങ്കുവയ്ക്കുന്ന കാര്യത്തിൽ ഭിന്നാഭിപ്രായവും ഉയർന്നുവരുന്നുണ്ട്. ഓപ്പൺ Al യുമായും ഗൂഗിളുമായും ഉണ്ടാക്കിയ കരാർ അപകടകരമാണെന്നാണ് വിമർശകർ ഉന്നയിക്കുന്നത്. അതിവേഗം വികസിക്കുന്ന സാങ്കേതികവിദ്യയുടെ അപകട സാധ്യതകളെ കുറിച്ച് ശക്തമായ ആശങ്കയാണ് യുകെയിൽ നടത്തിയ ഒരു സർവ്വേയിൽ ഉയർന്നു വന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്പെയിനിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ നേടിയ വിജയത്തോടെ ഇംഗ്ലണ്ട് യൂറോ 2025 ൽ യൂറോപ്യൻ കിരീടം നിലനിർത്തി ചരിത്രത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ടീം മാനേജർ വിഗ്മാന്റെ നേതൃത്വത്തിൽ നേടുന്ന തുടർച്ചയായ മൂന്നാമത്തെ യൂറോപ്യൻ കിരീടമാണ് ഇത്. ടൂർണമെന്റിൽ നാടകീയമായിരുന്നു ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ആദ്യ മത്സരത്തിൽ അവർ ഫ്രാൻസിനോട് തോറ്റിരുന്നു. സ്വീഡനെ പെനാൽറ്റി ഷൂട്ട് ഔട്ട് ആണ് പരാജയപ്പെടുത്തിയത്. സെമിഫൈനലിൽ ഇറ്റലിയ്ക്കെതിരെ നേടിയ വിജയം അധികസമയത്ത് ഗോളടിച്ചാണ്.
90 മിനിറ്റും അധിക സമയവും കഴിഞ്ഞപ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിന്നപ്പോൾ ആണ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് വിജയം നേടുന്നത്. മൂന്ന് വർഷം മുൻപ് ഇംഗ്ലണ്ട് യൂറോ കപ്പ് നേടിയപ്പോൾ സർക്കാർ ബാങ്ക് ഹോളിഡേ നൽകിയിരുന്നു. എന്നാൽ ഈ പ്രാവശ്യം ബാങ്ക് ഹോളിഡേ ഉണ്ടാവില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. അധിക ബാങ്ക് അവധി പ്രഖ്യാപിക്കുന്നതിൻ്റെ സാമ്പത്തിക ചിലവാണ് സർക്കാരിനെ ഇതിൽ നിന്ന് പിൻതിരിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിങ്കളാഴ്ച സ്കോട്ട് ലൻഡിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഗാസയിലെ മാനുഷിക പ്രതിസന്ധി ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. വെടിനിർത്തലിനുള്ള യുഎസ് ശ്രമങ്ങളെ സർ കെയർ സ്വാഗതം ചെയ്യാനും സമാധാന ചർച്ചകൾ വേഗത്തിൽ ആക്കാനുള്ള സഹായങ്ങൾ നൽകാനും സാധ്യത ഉണ്ട്.
നേരത്തെ ഗാസ നേരിടുന്ന വൻ തോതിലുള്ള ക്ഷാമത്തെ കുറിച്ച് സഹായ ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത്യാവശ്യ ഭക്ഷണ സാധനങ്ങൾ അടങ്ങിയ സഹായ പാക്കേജുകൾ വിമാനമാർഗം ഇസ്രായേൽ വിതരണം ചെയ്തതായും യുഎഇ, ജോർദാൻ, ഈജിപ്ത് വഴി ചില സഹായങ്ങൾ എത്തുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഗാസ നേരിടുന്ന ക്ഷാമത്തിന് ഇതൊന്നും പര്യാപ്‌തമല്ലെന്നാണ് ഏജൻസികൾ പറയുന്നത്.
ജോർദാനുമായി സഹകരിച്ച് സഹായം നൽകാനും ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ യുകെയിലേയ്ക്ക് മാറ്റാനും യുകെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് സർ കെയർ സ്റ്റാർമർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. യുകെ പാർലമെന്റ് അവധിയിലാണെങ്കിലും ഗാസ വിഷയത്തിൽ ഒരു മന്ത്രിസഭാ യോഗം ഈ ആഴ്ച നടക്കും. സഹായം വിതരണം ചെയ്യുന്നതിനുള്ള പുതിയ യുഎസ്-ഇസ്രായേൽ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) സംവിധാനം ആളുകളെ അപകടകരമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരാക്കുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ജിഎച്ച്എഫ് ആരംഭിച്ചതിനുശേഷം, സഹായം വാങ്ങാൻ ശ്രമിക്കുന്നതിനിടെ 1,000-ത്തിലധികം പേർ മരിച്ചുവെന്ന് യുഎൻ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ജോലി ചെയ്യുന്ന മുതിർന്നവരിൽ പകുതിയോളം പേരും സ്വകാര്യ അല്ലെങ്കിൽ ജോലിസ്ഥല പെൻഷന് സംഭാവന നൽകുന്നില്ലെന്ന് സമീപകാല സർക്കാർ ഡേറ്റകൾ പറയുന്നു. സ്വയംതൊഴിൽ ചെയ്യുന്നവർ, താഴ്ന്ന വരുമാനക്കാർ, സ്ത്രീകൾ, പാകിസ്ഥാൻ അല്ലെങ്കിൽ ബംഗ്ലാദേശി പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ എന്നിവരാണ് പണം പൊതുവെ കുറവുള്ളവർ. ഇത്തരക്കാരിൽ നാലിൽ ഒരാൾക്ക് മാത്രമേ പെൻഷൻ ഉള്ളൂ. ദൈനംദിന അതിജീവനത്തിനാണ് ഭാവിയിലെ സമ്പാദ്യത്തേക്കാൾ മുൻഗണന നൽകുന്നതെന്നാണ് ഈ വിഷയത്തിൽ ഇവർ പറയുന്നത്.
ബംഗ്ലാദേശിൽ നിന്ന് വന്ന ലണ്ടനിൽ നിന്നുള്ള ഹോസ്പിറ്റാലിറ്റി തൊഴിലാളിയായ 29 കാരനായ മൊഹൈമോൻ പറയുന്നത് വിരമിക്കുന്നതുവരെ പെൻഷൻ തുകകൾ ലഭിക്കാത്തത് കൊണ്ട് പെൻഷൻ സംഭാവന നിർത്തിയെന്നാണ്. വീടിനു വേണ്ടി സമ്പാദിക്കുന്നതിനാണ് താൻ ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതാണ് കൂടുതൽ പ്രായോഗികമെന്ന് തനിക്ക് തോന്നുന്നതായും അദ്ദേഹം പ്രതികരിച്ചു.
ജോലിസ്ഥലത്തോ സ്വകാര്യ പെൻഷനോ ഇല്ലാത്ത ആളുകൾക്ക് ആഴ്ചയിൽ £230.25 (ഏകദേശം £11,973 പ്രതിവർഷം) വാഗ്ദാനം ചെയ്യുന്ന സംസ്ഥാന പെൻഷനെ ആശ്രയിക്കേണ്ടിവരും. എന്നാൽ ജീവിതശൈലിയും കുടുംബ വലിപ്പത്തിനും അനുസരിച്ച് £13,400 മുതൽ £60,600 വരെ വിരമിക്കൽ പെൻഷൻ വേണം സുഖകരമായി ജീവിക്കാൻ. 2012-ൽ അവതരിപ്പിച്ച ഗവൺമെന്റിന്റെ ഓട്ടോ-എൻറോൾമെന്റ് സ്കീം, തൊഴിലുടമകൾ 10,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ളവരും 22 വയസ്സിന് മുകളിലുള്ളവരും ആകണം. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളെയും പ്രായം കുറഞ്ഞ തൊഴിലാളികളെയും ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പീറ്റർബറോയിലും കേംബ്രിഡ്ജ്ഷെയറിലുടനീളവും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കപ്പെടുന്നതിൽ കുത്തനെ വർദ്ധനവ്. 27 വയസ്സുള്ള റീട്ടെയിൽ തൊഴിലാളിയായ കീരൻ എസെക്സ്, തൻെറ കടയിൽ മോഷണം നടത്താൻ ശ്രമിച്ചവരെ തടയാൻ ശ്രമിക്കുന്നതിനിടെ തനിക്ക് നേരെ കത്തി ഉയർത്തി സംഘം ഭീഷണിപ്പെടുത്തിയ അനുഭവം മാധ്യങ്ങളോട് പങ്കുവച്ചു. ഇത്തരത്തിൽ നടക്കുന്ന മോഷണങ്ങൾ ഒരു സ്ഥിര സംഭവമായി മാറിയിരിക്കുകയാണ്. ഒരു തവണ തന്നെ മോഷ്‌ടാക്കളുടെ കാർ വലിച്ചിഴച്ച് കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു.
കേംബ്രിഡ്ജ്ഷെയർ പോലീസിന്റെ കണക്കനുസരിച്ച്, 2020-ൽ 3,006 ആയിരുന്ന കടകളിൽ നിന്ന് മോഷണ കേസുകൾ 2024-ൽ ഇരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മോഷണങ്ങൾ ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ചെറുകിട ബിസിനസുകളെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കടയുടമയായ വിദ്യുത് സോണി പറയുന്നു. അതേസമയം, യുകെയിലുടനീളം കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് വർദ്ധിച്ചുവരുന്നുണ്ടെന്ന് പീറ്റർബറോ പോസിറ്റീവ് സിഇഒ പെപ് സിപ്രിയാനോ പറഞ്ഞു.
നഗരമധ്യത്തിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ പട്രോളിംഗ് പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്‌തു. ഈ പ്രശ്നം പരിഹരിക്കാൻ പോലീസ് സേന സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസും ക്രൈം കമ്മീഷണറും ഡാരിൽ പ്രെസ്റ്റൺ പറഞ്ഞു. 2023 സെപ്റ്റംബർ മുതൽ സൗത്ത് സ്പ്രീ ഒഫൻസിംഗ് ടീം ഫയൽ ചെയ്ത 1,600 കടകളിൽ നിന്നുള്ള മോഷണങ്ങൾ അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം വിജയകരമായി പുരോഗമിക്കുകയാണെന്ന് കേംബ്രിഡ്ജ്ഷെയർ പോലീസിലെ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ക്രിസ്റ്റ്യൻ ഒ’ബ്രയൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയും ഇന്ത്യയുമായി നിലവിൽ വന്ന സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഉപകാരപ്രദമാകുമെന്ന കാര്യത്തിൽ തർക്കമില്ല. വിവിധ ബിസിനസ് മേഖലകളെ അത് എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ ആ രംഗങ്ങളിലെ വിദഗ്ധരുടെ ഇടയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷനുകൾ ഉൾപ്പെടെയുള്ളവർക്ക് കൂടുതൽ സാധ്യതകൾ യുകെയിൽ ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും കരാർ പുതിയ വിസ റൂട്ടുകൾ ഒന്നും അവതരിപ്പിക്കുന്നില്ല. ഏതൊക്കെ രീതിയിലുള്ള കുടിയേറ്റവും രാജ്യത്തിൻറെ പൊതു നയത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നാണ് കരാറിൽ പറയുന്നത്.
വ്യാപാര കരാർ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ ചൂടുള്ള ചർച്ചകൾ നടക്കുകയാണ്. രണ്ട് വർഷം മുമ്പ് നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായി ഇന്ത്യൻ യൂണിവേഴ്സിറ്റികൾ ബിരുദ തല കോഴ്സുകളുടെ ദൈർഘ്യം നാലുവർഷമായി കൂട്ടിയിരുന്നു . യുകെ യുഎസ് പോലുള്ള രാജ്യങ്ങളുടെ വിദ്യാഭ്യാസ നയങ്ങളുമായി ചേർന്നു പോകുന്നതിനായി ആണ് നാഷണൽ എഡ്യൂക്കേഷൻ പോളിസി നടപ്പിലാക്കിയത്. ഇത് മൂലം മറ്റ് രാജ്യങ്ങളിൽ തുടർ പഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ഇത് ഉപകാരപ്രദമാകും. കടുത്ത കുടിയേറ്റ നയങ്ങളും പിആർ കിട്ടാനുള്ള നിയന്ത്രണങ്ങളും കാരണം യുകെയിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കുറഞ്ഞതായാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ പറയുന്നത്.
എന്നാൽ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും വൻ തിരിച്ചടിയാകുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ വിലയിരുത്തുന്നത്. സ്വകാര്യ മേഖലയിലുള്ള യൂണിവേഴ്സിറ്റികളും കോളേജുകളും ഇതിനകം തന്നെ യുകെ പോലുള്ള രാജ്യങ്ങളിലെ യൂണിവേഴ്സിറ്റുകളുമായി സഹകരണത്തിനായുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു. യുകെയിൽ പോകുന്നതിനു പകരം ഇവിടെ നിന്നു തന്നെ യുകെ യൂണിവേഴ്സിറ്റികളുടെ ഡിഗ്രി കരസ്ഥമാക്കാനുള്ള സാഹചര്യം നിലവിൽ വരുന്നത് പല കോളേജുകളും യൂണിവേഴ്സിറ്റികളും അടച്ചുപൂട്ടുന്നതിന് കാരണമാകും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ നിന്ന് നല്ലൊരു വിഹിതം ഈ രീതിയിൽ യുകെയിലെ യൂണിവേഴ്സിറ്റികളിലേയ്ക്ക് എത്തിപ്പെടും. കഴിഞ്ഞ ഒരു ദശകമായി നമ്മുടെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ യുകെയിൽ കൊണ്ട് നിക്ഷേപിക്കുന്ന പണം അവർ ഇവിടെ വന്ന് സമ്പാദിക്കുന്ന സ്ഥിതി നിലവിൽ വരും. വിദേശ യൂണിവേഴ്സിറ്റികൾക്ക് അനുകൂലമായ നിലപാട് കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. സ്കോച്ച് വിസ്കികൾക്ക് വിലകുറയും എന്നു കരുതി സന്തോഷിക്കുന്ന നമ്മൾ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പത്ര സ്ഥാപനങ്ങളും അടച്ചുപൂട്ടുന്ന സാഹചര്യം കൂടി മുന്നിൽ കാണണമെന്നതാണ് യുകെ – ഇന്ത്യ വ്യാപാര കരാറിന്റെ പിന്നാമ്പുറം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പിലെ അഞ്ച് മൊബൈൽ ഫോൺ മോഷണങ്ങളിൽ രണ്ടെണ്ണവും യുകെയിലാണ് നടക്കുന്നതെന്ന യുഎസ് ഇൻഷുറൻസ് കമ്പനിയായ സ്‌ക്വയർട്രേഡിന്റെ റിപ്പോർട്ട് പുറത്ത്. 12 യൂറോപ്യൻ രാജ്യങ്ങളിലായി നടക്കുന്ന എല്ലാ ഫോൺ മോഷണ പരാതികളിലും 39% യുകെയിലാണ്. എന്നാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ള കേസുകളിൽ യുകെയിൽ നിന്നുള്ളവർ വെറും 10 ശതമാനം മാത്രമാണ്. 2021 ജൂൺ മുതൽ യുകെയിൽ ഉള്ള ഫോൺ മോഷണ കേസുകൾ 425% വർദ്ധിച്ചെന്നാണ് പുറത്ത് വന്ന ഡേറ്റകളിൽ പറയുന്നത്.
യുകെയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്‌ഥലം ലണ്ടൻ ആണ്. യുകെയിലെ ഫോൺ മോഷണങ്ങളിൽ 42 ശതമാനവും ഇവിടെയാണ് നടക്കുന്നത്. ഇത് യൂറോപ്പിലെ മൊത്തം മോഷണങ്ങളുടെ 16% വരും. മയക്കുമരുന്ന് ഇടപാടുകളേക്കാൾ എളുപ്പവും ലാഭകരവുമായ ഒരു ഓപ്ഷനായി ഫോണുകൾ മോഷ്ടിക്കുന്നതിനെ പല ക്രിമിനൽ സംഘങ്ങളും കാണുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ വർഷം ലണ്ടനിൽ ഏകദേശം 80,000 ഫോണുകൾ മോഷ്ടിക്കപ്പെട്ടതായി മെട്രോപോളിറ്റൻ പോലീസ് റിപ്പോർട്ട് ചെയ്തു. ഏകദേശം £20 മില്യൺ വിലമതിക്കുന്ന ഫോണുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഫോണുകളിൽ പ്രധാനമായും മോഷ്ടിക്കപ്പെടുന്നവ ഐഫോണുകളാണ്. ഫോൺ മോഷ്ടിക്കുന്നത് ഉയർന്ന ലാഭം നൽകുന്നു. ഇതിന് പുറമെ കഠിന ശിക്ഷകൾ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ട് തന്നെ ഫോൺ മോഷണ കേസുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി മെറ്റ് പോലീസ് കമാൻഡർ ജെയിംസ് കോൺവേ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി മോഷ്ടിച്ച ഉപകരണങ്ങളിലെ ക്ലൗഡ് സേവനങ്ങളിലേക്കുള്ള ആക്‌സസ് തടയാൻ പോലീസ് ഫോൺ കമ്പനികളോട് ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്യുന്ന ഫോണുകൾ വീണ്ടും ഉപയോഗിക്കാൻ സാധിക്കുകയില്ല.