Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കേംബ്രിജ് സർവകലാശാലയുടെ ബിസിനസ് സ്കൂൾ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടാൻ നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . നേതൃപരിശീലനം, ഹെൽത്ത് മാനേജ്‌മന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനവും സേവനവും നൽകുന്നതിനായാണ് സഹകരണം ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് പ്രാഥമിക ചർച്ചകൾ ആരംഭിച്ചതെന്നാണ് വിവരം.

എന്നാൽ സൗദി സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളും കാലാവസ്ഥാ നയങ്ങളും ചൂണ്ടിക്കാട്ടി സർവകലാശാലയിലെ നിരവധി അധ്യാപകരും അംഗങ്ങളും ധാരണാപത്രം ഒപ്പിടുന്നതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. “സ്വാതന്ത്ര്യചിന്തയും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് പറയുന്ന സർവകലാശാല സ്വന്തം മൂല്യങ്ങൾ വിൽക്കുകയാണ്” എന്നായിരുന്നു ചില മുതിർന്ന അധ്യാപകരുടെ വിമർശനം. സൗദി ഭരണകൂടത്തെ വിമർശിക്കുന്നവരെ തടവിലാക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കാനാകുമോ എന്ന ആശങ്കയും ഉയർന്നു.

അതേസമയം, സർവകലാശാലയുടെ ഉയർന്ന അക്കാദമിക് കമ്മിറ്റി ഈ നീക്കത്തിന് തത്വത്തിൽ അനുമതി നൽകിയതായി ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . എന്നാൽ ഓരോ കരാറും പ്രത്യേകമായി പരിശോധിക്കണമെന്ന നിബന്ധനയും കമ്മിറ്റി മുന്നോട്ടുവച്ചു. സഹകരണം സിവിലിയൻ ഭരണവിഭാഗവുമായി മാത്രമായിരിക്കുമെന്നും ഇതിലൂടെ സൗദി ഭരണകൂടത്തിനുള്ളിൽ മാറ്റങ്ങൾ ഉണ്ടാക്കാനാകുമെന്നും അനുകൂല നിലപാടുകാർ വാദിച്ചു. എന്നാൽ വിദേശ സൈനിക സംവിധാനവുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈകോർക്കുന്നത് ഗുരുതരമായ തെറ്റായ തീരുമാനമാണെന്ന് വിദ്യാർത്ഥി പ്രതിനിധികളും വിമർശനം ഉന്നയിച്ചിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദീർഘസമയം മറ്റുള്ളവരെ പരിചരിക്കുന്ന മധ്യവയസ്കർക്കും വയോധികർക്കും മാനസിക ശേഷി വേഗത്തിൽ കുറയാൻ സാധ്യതയുണ്ടെന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു . ആഴ്ചയിൽ 50 മണിക്കൂറിലധികം പരിചരണ ചുമതല വഹിക്കുന്നവരിൽ “വേഗത്തിലുള്ള ബൗദ്ധിക തകർച്ച” കണ്ടെത്തിയതായി യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഗവേഷകർ വ്യക്തമാക്കി. എന്നാൽ ആഴ്ചയിൽ അഞ്ച് മുതൽ ഒൻപത് മണിക്കൂർ വരെ മാത്രം പരിചരണം നൽകുന്നവരിൽ മറിച്ച് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. കുടുംബാംഗങ്ങളുമായുള്ള ഇടപെടലും ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടെന്ന ബോധവുമാണ് ഇതിന് സഹായകരമാകുന്നതെന്ന് ഗവേഷണസംഘം വിലയിരുത്തി.

50 വയസിന് മുകളിലുള്ള 2,765 പരിചരണക്കാരെയും അതേ പ്രായത്തിലുള്ള 2,765 പരിചരണമില്ലാത്തവരെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. തീരുമാനമെടുക്കാനുള്ള കഴിവ്, ഒരേസമയം പല കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി, ഓർമ്മശക്തി തുടങ്ങിയവയാണ് പ്രധാനമായി പരിശോധിച്ചത്. അതിതീവ്ര പരിചരണ ചുമതലകൾ വഹിക്കുന്നവർക്ക് സാമൂഹിക ജീവിതം നഷ്ടപ്പെടുകയും ഉറക്കക്കുറവും ഏകാന്തതയും വർദ്ധിക്കുകയും ചെയ്യുന്നതായി ഗവേഷകർ പറഞ്ഞു. വീടിനുള്ളിൽ ഒരാളെ സ്ഥിരമായി പരിചരിക്കുന്നവരിലാണ് ബൗദ്ധിക ശേഷി കുറയുന്നത് കൂടുതൽ വേഗത്തിലാണെന്നും പഠനം വ്യക്തമാക്കുന്നു.

കെയേഴ്സ് യുകെ  ഈ കണ്ടെത്തലുകൾ “അത്യന്തം ആശങ്കാജനകമാണെന്ന്” പ്രതികരിച്ചു. 2021 ലെ ബ്രിട്ടീഷ് സെൻസസ് പ്രകാരം 58 ലക്ഷം പേർ പ്രതിഫലമില്ലാതെ പരിചരണ സേവനം നൽകുന്നുണ്ടെന്നും അതിൽ 17 ലക്ഷം പേർ ആഴ്ചയിൽ 50 മണിക്കൂറിലധികം സമയം ചെലവഴിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. പരിചരണക്കാരിൽ 74 ശതമാനം പേർ മാനസിക സമ്മർദവും ആശങ്കയും അനുഭവിക്കുന്നതായി ചാരിറ്റി സംഘടനയുടെ പഠനത്തിൽ കണ്ടെത്തി. കുടുംബാംഗങ്ങളെ പരിചരിക്കുന്നവർക്കായി കൂടുതൽ സർക്കാർ സഹായവും പകരം പരിചരണ സംവിധാനങ്ങളും ഉറപ്പാക്കണമെന്ന് ഗവേഷകരും സാമൂഹിക സംഘടനകളും ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ലിഥിയം-അയൺ ബാറ്ററികളുമായി ബന്ധപ്പെട്ട തീപിടിത്തങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ അഗ്നിശമന സേനയ്ക്ക് ഇത്തരം 1,760 തീപിടിത്തങ്ങളിൽ ഇടപെടേണ്ടി വന്നതായി ആണ് ഇൻഷുറൻസ് സ്ഥാപനം ക്യൂബിഇ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത് . ശരാശരി അഞ്ച് മണിക്കൂറിൽ ഒരിക്കൽ എന്ന നിലയിലാണ് ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൊബൈൽ ഫോൺ, ഇ-ബൈക്ക്, ഇ-സ്കൂട്ടർ, വേഫ് ഉപകരണങ്ങൾ തുടങ്ങി നിരവധി ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളാണ് അപകടങ്ങൾക്ക് പ്രധാന കാരണം.

ഇ-ബൈക്കുകളുമായി ബന്ധപ്പെട്ട തീപിടിത്തങ്ങൾ ഏറ്റവും കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2022-ൽ 149 ആയിരുന്ന ഇ-ബൈക്ക് തീപിടിത്തങ്ങൾ 2025-ൽ 520 ആയി ഉയർന്നു. ലണ്ടനിൽ മാത്രം 230 സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരത്തിലുള്ള അപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും ചെയ്തു. സർട്ടിഫിക്കേഷൻ ഇല്ലാത്തതും മാറ്റം വരുത്തിയതുമായ ബാറ്ററികളും ചാർജറുകളും കൂടുതലായി അപകടങ്ങൾക്ക് കാരണമാകുന്നതായി അഗ്നിശമന വിഭാഗം മുന്നറിയിപ്പ് നൽകി. വീടുകൾക്കുള്ളിൽ രാത്രിയിൽ ചാർജ് ചെയ്യുന്നതും സുരക്ഷിതമല്ലാത്ത രീതിയിൽ ബാറ്ററികൾ ഉപയോഗിക്കുന്നതും അപകടസാധ്യത കൂട്ടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

ലിഥിയം-അയൺ ബാറ്ററികൾ കേടാകുകയോ തെറ്റായി ഉപയോഗിക്കപ്പെടുകയോ ചെയ്താൽ “തെർമൽ റൺഅവേ” എന്ന അപകടാവസ്ഥ ഉണ്ടാകാമെന്ന് വിദഗ്ധർ പറയുന്നു. ഇതിലൂടെ ബാറ്ററിയുടെ ചൂട് നിയന്ത്രണാതീതമായി ഉയർന്ന് വിഷവാതകങ്ങളും ശക്തമായ തീജ്വാലകളും ഉണ്ടാകാം. സാധാരണ തീപിടിത്തങ്ങളെ അപേക്ഷിച്ച് ഇത്തരം തീ അണയ്ക്കാൻ പത്ത് മടങ്ങ് വരെ കൂടുതൽ വെള്ളം ആവശ്യമായി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഉപയോഗം കഴിഞ്ഞ ബാറ്ററികൾ സാധാരണ മാലിന്യസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് റീസൈക്ലിങ് കേന്ദ്രങ്ങളിലും മാലിന്യവാഹനങ്ങളിലുമുള്ള വലിയ തീപിടിത്തങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറിനെതിരെ ലേബർ പാർട്ടിക്കുള്ളിലെ പ്രതിഷേധം ശക്തമാകുന്നതിനിടെ മന്ത്രിസഭയിൽ നിന്ന് നാല് മന്ത്രിമാർ രാജിവച്ചു. സേഫ്‌ഗാർഡിംഗ് മിനിസ്റ്ററായിരുന്ന ജെസ് ഫിലിപ്സ് ഉൾപ്പെടെ രാജിവച്ചവർ ജനങ്ങൾ പ്രതീക്ഷിച്ച മാറ്റം നിലവിലെ നേതൃത്വത്തിൽ കാണുന്നില്ലെന്ന വിമർശനമാണ് ഉയർത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമനടപടികൾ പോലും വൈകുന്നതായി ജെസ് ഫിലിപ്സ് രാജിക്കത്തിൽ കുറ്റപ്പെടുത്തി. “വാക്കുകളല്ല, പ്രവർത്തനങ്ങളാണ് വേണ്ടത്” എന്നും അവർ ചൂണ്ടിക്കാട്ടി.

ഡിവല്യൂഷൻ, ഫെയ്ത്ത് ആൻഡ് കമ്മ്യൂണിറ്റീസ് മിനിസ്റ്ററായ മിയാറ്റ ഫാൻബുലെ, വിക്ടിംസ് ആൻഡ് വയലൻസ് എഗൈൻസ്റ്റ് വിമൻ ആൻഡ് ഗേൾസ് മിനിസ്റ്ററായിരുന്ന അലക്‌സ് ഡേവിസ്-ജോൺസ്, മന്ത്രി സുബിർ അഹമ്മദ് എന്നിവരും സ്റ്റാർമർ പിന്മാറാനുള്ള സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജിവച്ചു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന് പിന്നാലെ 80-തിലധികം ലേബർ എംപിമാർ സ്റ്റാർമർ രാജിവെക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, 100 – ലധികം എംപിമാരും സഹമന്ത്രിമാരും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. നേതൃത്വമാറ്റത്തിന് ഇത് ശരിയായ സമയമല്ലെന്നാണ് ഇവരുടെ നിലപാട്.

രാഷ്ട്രീയ അനിശ്ചിതത്വം ശക്തമായ സാഹചര്യത്തിലും സർക്കാർ പ്രവർത്തനങ്ങൾ തുടരുമെന്ന് കിയർ സ്റ്റാർമർ മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായ ഡേവിഡ് ലാമി സ്റ്റാർമറിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും വിമർശകർ പകരക്കാരനെ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബുധനാഴ്ച സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്താനിരിക്കെ, ലേബർ പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹാന്റാവൈറസ് ആശങ്കയെ തുടർന്ന് ക്രൂയിസ് കപ്പലായ എംവി ഹോണ്ടിയസുമായി ബന്ധപ്പെട്ട 10 പേരെ കൂടി മുൻകരുതൽ നടപടിയുടെ ഭാഗമായി ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്നു. സെന്റ് ഹെലേന, അസൻഷൻ ദ്വീപുകളിൽ നിന്നുള്ള ഇവർ കപ്പലിലുണ്ടായിരുന്നവരോ യാത്രക്കാരുമായി സമ്പർക്കത്തിലായിരുന്നവരോ ആണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. നിലവിൽ ഇവരിൽ ആരും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, എംവി ഹോണ്ടിയസിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ ആരോഗ്യ പരിശോധനയും വൈറസ് പരിശോധനയും മെഴ്‌സിസൈഡിലെ ആശുപത്രിയിൽ പുരോഗമിക്കുകയാണ്. യാത്രക്കാർ 72 മണിക്കൂർ ഐസൊലേഷൻ കാലയളവിന്റെ 24 മണിക്കൂറിലധികം പിന്നിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബ്രിട്ടീഷ് പൗരന്മാർ 20 പേർ, ബ്രിട്ടനിൽ താമസിക്കുന്ന ഒരു ജർമ്മൻ പൗരൻ, ഒരു ജാപ്പനീസ് യാത്രക്കാരൻ എന്നിവരാണ് ആശുപത്രിയിലുള്ളത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷവും 45 ദിവസം വരെ സ്വയം ഐസൊലേഷനിൽ തുടരാൻ ഇവരോട് നിർദേശിക്കും.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് സയന്റിഫിക് ഓഫീസറായ പ്രൊഫ. റോബിൻ മേയ് ഒഴിപ്പിച്ച യാത്രക്കാരെല്ലാം ആരോഗ്യവാന്മാരും രോഗലക്ഷണങ്ങളില്ലാത്തവരുമാണെന്ന് വ്യക്തമാക്കി. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സയ്ക്കായി എൻഎച്ച്എസ് സംവിധാനങ്ങൾ സജ്ജമാണെന്നും, യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ പ്രമുഖ ഗവേഷണ സർവകലാശാലകളിലൊന്നായ നോട്ടിംഗ്ഹാം സർവകലാശാല വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലേക്ക് കടന്നു . 2,700 ജീവനക്കാരോട് തങ്ങളുടെ ജോലി അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകി കത്ത് നൽകി കഴിഞ്ഞു . നിലവിലെ സാമ്പത്തിക സാഹചര്യം തുടർന്നാൽ 2031ഓടെ സർവകലാശാലയ്ക്ക് സാമ്പത്തികമായി തകർച്ച നേരിടേണ്ടിവരുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.

600ലധികം അധ്യാപക-സഹായക തസ്തികകൾ വെട്ടിക്കുറയ്ക്കാനാണ് പദ്ധതി. ഫിസിക്സ്, മെഡിസിൻ, ഹെൽത്ത് സയൻസസ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലാണ് കൂടുതൽ പിരിച്ചുവിടൽ ഉണ്ടാകുക. അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായ ഇടിവും ധനസഹായത്തിലെ കുറവും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് സർവകലാശാലയുടെ വിശദീകരണം. എന്നാൽ “ക്യാംപസ് വിപുലീകരണ പദ്ധതികൾക്കായി വൻതോതിൽ പണം ചെലവഴിച്ചതും തുടർച്ചയായി പുതിയ കെട്ടിട നിർമാണങ്ങളിൽ നിക്ഷേപം നടത്തിയതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ ആരോപിച്ചു.വൈസ് ചാൻസലർ ജെയ്ൻ നോർമനെതിരെ യൂണിയൻ അവിശ്വാസ പ്രമേയവും പാസാക്കിയിട്ടുണ്ട്.

പിരിച്ചുവിടൽ സർവകലാശാലയുടെ ആഗോള നിലവാരത്തെയും ഭാവി വിദ്യാർഥി പ്രവേശനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് അധ്യാപകർ മുന്നറിയിപ്പ് നൽകി. നിരവധി അധ്യാപകരും സാങ്കേതിക ജീവനക്കാരും പുറത്തു പോകേണ്ടി വന്നാൽ ഗവേഷണ-പഠന നിലവാരം തകരുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിനിടെ യൂണിയൻ അംഗങ്ങൾ മൂല്യനിർണയ ബഹിഷ്കരണത്തിനും തയ്യാറെടുക്കുന്നതായി അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സാലിസ്ബറിയിലെ കഫേ ദിവാലി എന്ന ഇന്ത്യൻ റസ്റ്റോറന്റിന് സൗത്തേൺ കറി അവാർഡ്സിൽ ഇരട്ട നേട്ടം. 2026ലെ ‘ഇന്ത്യൻ റെസ്റ്റോറന്റ് ഓഫ് ദി ഇയർ’ മേഖലാതല ജേതാവിനുള്ള പുരസ്കാരവും ‘കറി/കഫേ ഓഫ് ദി ഇയർ 2026’ ബഹുമതിയും കഫേ ദിവാലി സ്വന്തമാക്കി. മേയ് 4ന് റീഡിങിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരം നൽകിയത്.

ഈ നേട്ടം തന്റെ ടീമിന്റെ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും അംഗീകാരമാണെന്ന് കഫേ ദിവാലി ഉടമ മുഹമ്മദ് റഷീദ് പറഞ്ഞു. യഥാർഥ ഇന്ത്യൻ രുചിയും മികച്ച അതിഥിസൽക്കാരവും ഉപഭോക്താക്കൾക്ക് നൽകാനുള്ള ശ്രമത്തിന്റെ ഫലമാണ് ഈ പുരസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിരം ഉപഭോക്താക്കൾക്കും സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ഷെഫുമാരുടെയും ജീവനക്കാരുടെയും പിന്തുണയാണ് വിജയത്തിന് പിന്നിലെ പ്രധാന കരുത്തെന്നും റഷീദ് വ്യക്തമാക്കി.

പാലക്കാട് സ്വദേശിയായ റഷീദ് സാലിസ്ബറിയിൽ കുടുംബസമേതം താമസിക്കുകയാണ്. കഫേ ദിവാലിയിലൂടെ ദക്ഷിണേന്ത്യൻ വിഭവങ്ങൾ ജനപ്രിയമാക്കിയ അദ്ദേഹം കഴിഞ്ഞ വർഷം ‘ചിക്‌ടെയിൽസ്’ എന്ന പുതിയ ഫാസ്റ്റ്ഫുഡ് ശൃംഖലയും ആരംഭിച്ചിരുന്നു. ഫ്രൈഡ് ചിക്കൻ, ബർഗർ, റാപ്പുകൾ എന്നിവ പ്രധാന ആകർഷണമാക്കിയ സംരംഭത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. 2019ലെ ‘ഏഷ്യൻ കറി അവാർഡ്സിൽ’ സൗത്ത് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ മികച്ച ഏഷ്യൻ ഭക്ഷണശാലയായി കഫേ ദിവാലി തിരഞ്ഞെടുക്കപ്പെട്ട വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു

  https://malayalamuk.com/chicktales-spices-up-uk-fried-chicken-market-with-salisbury-launch/

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി കിയർ സ്റ്റാർമറിനെതിരെ ലേബർ പാർട്ടിക്കുള്ളിലെ കലാപം ശക്തമാകുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . ആഭ്യന്തര സെക്രട്ടറി ശബാന മഹ്മൂദ് ഉൾപ്പെടെ മന്ത്രിസഭയിലെ പലരും സ്റ്റാർമർ രാജിവെക്കാനുള്ള സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സർക്കാരിന്റെയും പാർട്ടിയുടെയും ഉന്നത തലങ്ങളിലുള്ള ഭിന്നത പുറത്തുവന്നിരിക്കുകയാണ്. അതേസമയം മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ സ്റ്റാർമറിന് ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ചൊവ്വാഴ്ച പുലർച്ചെയോടെ സ്റ്റാർമർ രാജിവെക്കണമെന്നോ സമയക്രമം വ്യക്തമാക്കണമെന്നോ ആവശ്യപ്പെട്ട ലേബർ എംപിമാരുടെ എണ്ണം 72 ആയി ഉയർന്നു.

ഇംഗ്ലണ്ടിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതോടെയാണ് സ്റ്റാർമറിനെതിരായ പ്രതിഷേധം ശക്തമായത്. ഏകദേശം 1,500 കൗൺസിലർ സീറ്റുകൾ പാർട്ടിക്ക് നഷ്ടമായി. റിഫോം യുകെയുടെ മുന്നേറ്റവും ഗ്രീൻ പാർട്ടിയുടെ വളർച്ചയും ലേബറിന് വലിയ തിരിച്ചടിയായി. വെയിൽസിൽ നൂറ്റാണ്ട് നീണ്ട ആധിപത്യവും പാർട്ടിക്ക് നഷ്ടമായി. സ്കോട്ട് ലൻഡിലും ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ, “ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു” എന്ന് ആരോപിച്ച് നിരവധി എംപിമാർ സ്റ്റാർമറുടെ നേതൃത്വത്തെ തുറന്നടിച്ചു.

എന്നാൽ വിമർശനങ്ങൾക്കിടയിലും കിയർ സ്റ്റാർമർ പദവി ഒഴിയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. സർക്കാർ ചില പിഴവുകൾ ചെയ്തതായി സമ്മതിച്ചെങ്കിലും പ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുപ്പമുള്ള ബന്ധം വേണമെന്ന നിലപാട് ആവർത്തിച്ച സ്റ്റാർമർ, ബ്രിട്ടീഷ് സ്റ്റീൽ ദേശീയവത്കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പാർട്ടി ജനങ്ങളുടെ എതിർപ്പ് ഗൗരവമായി കാണണമെന്നും പ്രവർത്തനത്തിലൂടെയാണ് വിശ്വാസം വീണ്ടെടുക്കേണ്ടതെന്നും മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജോലി സമയവും അമിത വണ്ണവും തമ്മിൽ ബന്ധമുണ്ടെന്ന പഠന റിപ്പോർട്ടിനെ തുടർന്ന് ബ്രിട്ടനിൽ നാല് ദിവസമായി ജോലി സമയം ക്രമീകരിക്കണമെന്ന വാദത്തിന് പിന്തുണ കൂടിവരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബീസിറ്റിയിൽ അവതരിപ്പിച്ച പഠനത്തിൽ, വർഷത്തിൽ കൂടുതൽ സമയം ജോലി ചെയ്യുന്ന രാജ്യങ്ങളിൽ അമിതവണ്ണവും കൂടുതലാണെന്ന് കണ്ടെത്തി. അമേരിക്ക, മെക്സിക്കോ, കൊളംബിയ പോലുള്ള രാജ്യങ്ങളിൽ ജോലിസമയം കൂടുതലും ഒബീസിറ്റി നിരക്കും ഉയർന്നതുമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

ഓരോ വർഷവും ജോലിസമയം 1% കുറച്ചാൽ ഒബീസിറ്റി നിരക്ക് 0.16% വരെ കുറയാമെന്നാണ് പഠനത്തിന്റെ വിലയിരുത്തൽ. ദൈർഘ്യമേറിയ ജോലി സമയത്തെ തുടർന്നുള്ള മാനസിക സമ്മർദം, വ്യായാമത്തിനുള്ള സമയക്കുറവ്, ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കാനാകാത്തത് എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ഗവേഷകർ പറയുന്നു. സമ്മർദം വർധിക്കുമ്പോൾ ശരീരത്തിൽ കൊഴുപ്പ് സംഭരിക്കുന്ന കോർട്ടിസോൾ ഹോർമോൺ ഉയരുന്നതും ഭാരം കൂടാൻ ഇടയാക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. പ്രദീപ കൊറാലെ-ഗെഡാര വ്യക്തമാക്കി.

ഇതിനിടെ, ബ്രിട്ടനിൽ ഇതിനകം 200-ലധികം കമ്പനികൾ നാല് ദിവസത്തെ ജോലിവാരം നടപ്പാക്കിയിട്ടുണ്ട്. കോവിഡിന് ശേഷമുള്ള കാലത്ത് രണ്ടുലക്ഷത്തിലധികം തൊഴിലാളികൾ ഈ രീതിയിലേക്ക് മാറിയതായും ഔദ്യോഗിക കണക്കുകൾ പറയുന്നു. കൂടുതൽ വിശ്രമസമയം ലഭിക്കുമ്പോൾ ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, നല്ല ഉറക്കം എന്നിവയ്ക്കായി സമയം കണ്ടെത്താനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ, അഞ്ചുദിവസത്തെ ശമ്പളത്തിൽ നാല് ദിവസത്തെ ജോലി സർക്കാർ നിർബന്ധമാക്കില്ലെന്നാണ് സർക്കാർ നിലപാട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ വലതുപക്ഷ പാർട്ടിയായ റീഫോം യു.കെ.യുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ ചുറ്റിപ്പറ്റി വർഗീയവും മുസ്ലിം വിരുദ്ധവുമായ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് എസെക്സിൽ നിന്നുള്ള കൗൺസിലർ സ്റ്റുവർട്ട് പ്രയർ രാജിവച്ചു. സാമൂഹിക മാധ്യമങ്ങളിൽ സിഖ് യുവതിക്കെതിരായ ബലാത്സംഗത്തെ അനുകൂലിച്ചുവെന്നാരോപണവും വെള്ളക്കാരെ “മാസ്റ്റർ റേസ്” എന്ന് വിശേഷിപ്പിച്ചതും മുസ്ലിംകളെ “എലികൾ” എന്ന് വിളിച്ചതുമടക്കമുള്ള പോസ്റ്റുകളാണ് പുറത്തുവന്നത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചതായും പാർട്ടി അംഗത്വം റദ്ദാക്കിയതായും റീഫോം യു.കെ. വ്യക്തമാക്കി.

അതേസമയം, വിവിധ പ്രദേശങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റു റീഫോം കൗൺസിലർമാർക്കെതിരെയും നാസി അനുകൂല പരാമർശങ്ങൾ, മുസ്ലിം വിരുദ്ധ പരാമർശങ്ങൾ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബോൾട്ടണിൽ നിന്നുള്ള ഡെറിക് ബുള്ളോക്ക്, ഷെഫീൽഡിലെ നാഥനിയേൽ മെൻഡേ, പ്ലൈമുത്തിലെ ബെൻ റോവ് എന്നിവർക്കെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ചിലർക്കെതിരെ അന്വേഷണവും പാർട്ടി സസ്പെൻഷനും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ രാഷ്ട്രീയ രംഗത്ത് മുസ്ലിങ്ങൾക്കും കുടിയേറ്റക്കാർക്കും എതിരായ വിദ്വേഷ ഭാഷ സാധാരണവത്കരിക്കപ്പെടുന്നതായി മുന്നറിയിപ്പ് നൽകി. അതേസമയം, ഗ്രീൻ പാർട്ടിയിലെ ചില പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കും യഹൂദവിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. പാർട്ടി അന്വേഷണങ്ങൾ പൂർത്തിയാകുന്നത് വരെ ഇവർ സ്വതന്ത്ര അംഗങ്ങളായി തുടരുമെന്ന് ഗ്രീൻ പാർട്ടി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved