ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ തൊഴിലില്ലായ്മ കുതിച്ചുയരുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിലെ കണക്ക് അനുസരിച്ച് യുകെയിലെ തൊഴിലില്ലായ്മയുടെ നിരക്ക് ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 4.3 ശതമാനം ഉയർന്നതായുള്ള കണക്കുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്ററ്റിക്സ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. തൊഴിലില്ലായ്മയുടെ നിരക്ക് കൂടിയതോടൊപ്പം തൊഴിലവസരങ്ങളും കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതോടെ കൂടുതൽ തൊഴിലില്ലാത്ത ആളുകൾ ഒരേ ജോലിക്കായി മത്സരിക്കുന്ന സാഹചര്യവുമാണ് രാജ്യത്ത് നിലവിൽ വന്നിരിക്കുന്നത്. കൂടുതൽ ആളുകൾ തൊഴിലില്ലാതെ നിൽക്കുന്ന സാഹചര്യം രാജ്യത്തെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുകളും സാമ്പത്തിക വിദഗ്ധർ പങ്കുവെയ്ക്കുന്നുണ്ട്.

രാജ്യത്ത് ഓഫർ ചെയ്യുന്ന ജോലികളുടെ എണ്ണത്തിലും വൻ കുറവ് സംഭവിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. അതായത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ നേരത്തെയുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ 26000 കുറഞ്ഞ് 898,000 തസ്തികളിലേയ്ക്കാണ് പോസ്റ്റിങ്ങ് നടന്നിരിക്കുന്നത്. തൊഴിലില്ലായ്മ വർദ്ധിക്കുന്നത് ഗുരുതര പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഒഎൻഎസിലെ എക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ ലിസ് മക് കൗൺ പറഞ്ഞു. പുറത്തു വന്നിരിക്കുന്ന തൊഴിലില്ലായ്മയുടെ കണക്കുകൾ രാജ്യത്തിൻറെ സ്ഥിതി കൂടുതൽ വഷളായി കൊണ്ടിരിക്കുന്നതിൻ്റെ തെളിവാണെന്നതാണ് ലേബറിൻ്റെ ആക്ടിംഗ് ഷാഡോ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി അലിസൺ മക്ഗവർൺ പ്രതികരിച്ചത്.
തൊഴിലില്ലായ്മയെ കുറിച്ച് പുറത്തുവന്നിരിക്കുന്ന കണക്കുകൾ ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്തു വരുന്ന പൊതു തിരഞ്ഞെടുപ്പിൽ തീർച്ചയായും തൊഴിലില്ലായ്മ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദ്യാഭ്യാസ വിസകളിൽ ഋഷി സുനക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് യുകെ സർവകലാശാലകളിൽ പഠിക്കാൻ ഡെപ്പോസിറ്റ് അടയ്ക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. മൈഗ്രേഷൻ സംബന്ധിച്ച് ഗവൺമെൻ്റിൻ്റെ സ്വതന്ത്ര ഉപദേഷ്ടാവിന് സമർപ്പിച്ച ഡേറ്റയിലാണ് കണക്കുകൾ പുറത്ത് വന്നത്. യൂണിവേഴ്സിറ്റി എൻറോൾമെൻ്റ് കൈകാര്യം ചെയ്യുന്നതിനായി അന്താരാഷ്ട്ര വിദ്യാർത്ഥികൾ വ്യാപകമായി ഉപയോഗിക്കുന്ന ഒരു വെബ് പ്ലാറ്റ്ഫോമായ എൻറോളി, നിക്ഷേപത്തിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 57% കുറവ് വന്നതായി അറിയിച്ചു.

ബിരുദം നേടിയ ശേഷം രണ്ട് വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളെ യുകെയിൽ തുടരാനും ജോലി ചെയ്യാനും സർക്കാർ അനുവദിക്കണോ എന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ ഇന്ന് കൂടുന്ന മൈഗ്രേഷൻ അഡ്വൈസിങ് കമ്മിറ്റി തീരുമാനിക്കും. മാർച്ചിൽ ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി കമ്മീഷൻ ചെയ്ത “ഗ്രാജുവേറ്റ് വിസ റൂട്ട്” നടത്തിയ പഠനത്തിൽ ഗ്രാജുവേറ്റ് വിസകൾ പലപ്പോഴും ഇമിഗ്രേഷൻ പഴുതായാണ് വിദ്യാർഥികൾ ഉപയോഗിക്കുന്നതെന്ന ആശങ്ക പങ്കു വച്ചിരുന്നു.
എൻറോളിയുടെ സിഇഒ, ജെഫ്രി വില്യംസ്, അന്താരാഷ്ട്ര വിദ്യാർത്ഥി നിക്ഷേപങ്ങളിൽ ഗണ്യമായ കുറവ് ചൂണ്ടിക്കാട്ടി. കൂടുതൽ നിയന്ത്രണ നയങ്ങൾ സർക്കാർ കൊണ്ടുവന്നാൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇനിയും ഇടിവുണ്ടാകുമെന്ന ആശങ്ക ആദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ വർഷം കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന വിസ ഗണ്യമായി പരിമിതപ്പെടുത്തിയുള്ള പ്രധാനമന്ത്രി റിഷി സുനകിൻെറ തീരുമാനം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ എണ്ണത്തെ ഗണ്യമായി ബാധിച്ചിരുന്നു.
ഉപരിപഠനത്തിനായി ഒട്ടേറെ മലയാളി വിദ്യാർത്ഥികളാണ് യുകെയിലെത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യുക മാത്രമല്ല ഇവരുടെ ലക്ഷ്യം. പഠനശേഷം ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വിസയുടെ ഭാഗമായി യുകെയിൽ തുടർന്ന് ജോലി ചെയ്യുകയും അതോടൊപ്പം പെർമനന്റ് വിസ ലഭിക്കുന്നതിന് ഉതകുന്ന ജോലി സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ലക്ഷ്യം. ഇന്ന് നടക്കുന്ന മൈഗ്രേഷൻ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങിൽ പോസ്റ്റ് സ്റ്റഡി വർക്ക് വിസകളെ സംബന്ധിച്ചുള്ള തീരുമാനം എടുക്കും. പോസ്റ്റ് സ്റ്റഡി വർക്ക് വിസ റദ്ദാക്കിയാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് യുകെയിൽ പഠിക്കാൻ എത്തിയവർക്ക് വൻ തിരിച്ചടിയാവും.

നിലവിലെ കണക്കുകൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ 32 ശതമാനം പേർ മാത്രമാണ് വിസ ലഭിക്കാനുള്ള പരുധിക്ക് മുകളിൽ കഴിഞ്ഞ വർഷം ശമ്പളം നേടിയത്. 2023 മുതൽ 1.20 ലക്ഷം വിദ്യാർഥികളാണ് സ്റ്റുഡൻസ് വിസയിൽ യുകെയിൽ എത്തിയത്. യുകെയിലേയ്ക്ക് ഉള്ള കുടിയേറ്റം കുറയ്ക്കുന്നതിനായാണ് പോസ്റ്റ് സ്റ്റഡി വിസ റദ്ദാക്കാനുള്ള നിർദ്ദേശം എടുക്കുന്നത്. നേരത്തെ വിദ്യാർത്ഥികളുടെയും കെയർ വർക്കർമാരുടെയും ആശ്രിത വിസ നിർത്തലാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമിത വേഗവും മറ്റ് ഗതാഗത നിയമ ലംഘനങ്ങളും കണ്ടെത്താനാണ് റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ. എന്നാൽ യുകെയിൽ ചില വാഹന ഉടമകൾ തങ്ങളുടെ കാറുകളുടെ നമ്പർ പ്ലേറ്റുകൾ ക്യാമറ കണ്ണുകളിൽ പതിയാതിരിക്കാനുള്ള മാർഗ്ഗങ്ങൾ അവലംബിച്ചിരിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 15 ഡ്രൈവർമാരിൽ ഒരാൾ എന്ന കണക്കിലാണ് കടുത്ത ശിക്ഷ വിളിച്ചു വരുത്തുന്ന ഈ നിയമലംഘനം നടത്തി ക്യാമറ കണ്ണുകളിൽ നിന്ന് ഒളിച്ചോടാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

നിയമവിരുദ്ധമായ 3D , 4D നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചാണ് ഒരുകൂട്ടം വാഹന ഉടമകളും ഡ്രൈവർമാരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തരം നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങളെ സ്പീഡ് , ബസ് ലെയ്ൻ ക്യാമറകൾ ഉപയോഗിച്ച് കണ്ടുപിടിക്കാൻ സാധിക്കില്ല. വിവരസാങ്കേതിക വിദ്യകളുടെയും നിർമ്മിത ബുദ്ധിയുടെയും സഹായത്തോടെയാണ് റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നത്.

എന്നാൽ നിയമലംഘനം നടത്തുന്ന വാഹന ഉടമകളെ കണ്ടെത്താനുള്ള പുതിയ സംവിധാനം വോൾവർഹാംപ്ടൺ സിറ്റി കൗൺസിൽ സ്‌ഥാപിച്ചു . ഇതിൻറെ ഫലമായി അനധികൃത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർക്ക് 100 പൗണ്ട് പിഴയാണ് ഇപ്പോൾ ചുമത്തുന്നത്. രാജ്യത്തെ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾക്ക് നിലവിൽ 97 ശതമാനം കൃത്യതയെ ഉള്ളുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുമൂലം രാജ്യത്തുടനീളം 2.4 ദശലക്ഷം നമ്പർ പ്ലേറ്റുകളിൽ വിവിധ നിയമലംഘനങ്ങൾക്ക് തെറ്റായാണ് പിടിക്കപ്പെടുന്നത്. നിരപരാധികളായ നിരവധി ഡ്രൈവർമാർക്ക് അവർ ചെയ്യാത്ത കുറ്റത്തിന് പിഴ ലഭിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ ഏകദേശം 15, 400 ഓളം വരുന്ന ട്രാഫിക് പാതകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ 80 ദശലക്ഷത്തിലധികം വിവരങ്ങളാണ് ദിനംപ്രതി നൽകി കൊണ്ടിരിക്കുന്നത്. 2024 അവസാനത്തോടെ ഇത് 100 ദലക്ഷത്തിലെത്തുമെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമിതവണ്ണത്തിന് ഉപയോഗിക്കുന്ന മരുന്ന് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്ക് ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് ഈ മരുന്ന് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് നൽകാമെന്നാണ് ഹൃദ് രോഗ വിദഗ്ധർ പറയുന്നത് . ശരീരഭാരം കുറയ്ക്കാനായി ഉപയോഗിക്കുന്ന മരുന്ന് ഹൃദ് രോഗമുള്ളവർക്ക് അനുഗ്രഹപ്രദമാണെന്ന പഠനത്തിൻറെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം. അമിതവണ്ണത്തിനായി ഉപയോഗിക്കുന്ന ഒസെംപിക്, വെഗോവി എന്നീ മരുന്നുകളുടെ ഉപയോഗമാണ് വൻ പ്രതീക്ഷയ്ക്ക് വഴി മരുന്നിട്ടിരിക്കുന്നത്.

1990 കളിൽ ഹൃദ് രോഗത്തിനായി റ്റാറ്റിൻസിൻ ഉപയോഗിച്ച് തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും നിർണ്ണായകമായ ചുവടുവെയ്പ്പാണ് പുതിയ നിർദേശമെന്നാണ് വിലയിരുത്തൽ. സെമാഗ്ലൂറ്റൈഡ് അമിതവണ്ണത്തിനുള്ള മരുന്ന് എന്നതിനേക്കാൾ മറ്റ് രോഗങ്ങൾക്കും ഉപയോഗപ്രദമാണെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ജോൺ ഡീൻഫീൽഡ് പറഞ്ഞു, അർബുദം മുതൽ വൃക്കരോഗം വരെ ചികിത്സിക്കാൻ ഇത് ഉപയോഗിക്കാമെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

ഭക്ഷണത്തിന് ശേഷം കുടലിൽ നിന്ന് സ്വാഭാവികമായി പുറത്തുവരുന്ന GLP-1 എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുകയാണ് ഈ മരുന്നുകൾ ചെയ്യുന്നത്. അതിനാലാണ് ഒസെംപിക്, വെഗോവിയ എന്നീ മരുന്നുകൾക്ക് മേൽപ്പറഞ്ഞ രോഗങ്ങൾക്ക് എതിരെ പ്രവർത്തിക്കാൻ സാധിക്കുന്നതായി വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്നുകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത അഞ്ചിൽ ഒന്നായി കുറയ്ക്കാൻ സാധിക്കും. എൻ എച്ച് എസ്സിന്റെ ഹൃദ് രോഗ ചികിത്സയിൽ വിപ്ലവകരമായ മാറ്റത്തിന് പുതിയ നിർദ്ദേശങ്ങൾ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 80 ലക്ഷം ബ്രിട്ടീഷുകാർക്ക് ഹൃദ് രോഗമുണ്ട്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ്റെ കണക്കനുസരിച്ച് സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം 25 ബില്യൺ പൗണ്ട് ആണ് പ്രതിവർഷം ഹൃദ് രോഗ ചികിത്സയ്ക്കായി ചിലവഴിക്കുന്നത് .
വില്ലൻ ചുമ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ഉടനീളമുള്ള ആശുപത്രികളിൽ അപ്പോയിൻ്റ്‌മെൻ്റുകൾക്ക് മാസ്ക് ധരിക്കണമെന്ന് അധികൃതർ. പെർട്ടുസിസ് അഥവാ ‘100 ദിവസത്തെ ചുമ’ എന്നും അറിയപ്പെടുന്ന വില്ലൻ ചുമ ബാധിച്ച് ഇംഗ്ലണ്ടിലും വെയിൽസിലുമായി ഇതുവരെ അഞ്ചു കുഞ്ഞുങ്ങൾ മരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ ഏകദേശം 3,000 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രോഗം ഇനിയും പടരാതിരിക്കാൻ വാക്‌സിൻ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

അപ്പോയിൻ്റ്മെൻ്റ് സമയത്തോ സർജറിക്ക് യാത്ര ചെയ്യുമ്പോഴോ മാസ്ക് ധരിക്കാൻ രോഗികളോട് ഡോക്ടർമാർ ആവശ്യപ്പെടുന്നുണ്ട്. ബെർക്ക്‌ഷെയറിലെ പാർക്ക്‌സൈഡ് ഫാമിലി പ്രാക്ടീസ് റീഡിംഗിൽ എല്ലാ രോഗികളും മാസ്‌ക് ധരിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. അണുബാധ നിയന്ത്രണ ആവശ്യങ്ങൾക്കായി, ശസ്ത്രക്രിയയ്ക്ക് വരുന്നവർ ദയവായി മാസ്ക് ധരിക്കണമെന്ന് ആശുപത്രിയുടെ വെബ്‌സൈറ്റിൽ പറയുന്നു.

അഹ്സ്ബ്രിഡ്ജിലെ പാർക്ക്വ്യൂ സർജറി, വെസ്റ്റ് ഹാംപ്‌സ്റ്റെഡ് മെഡിക്കൽ സെൻ്റർ, ബിഷപ്പ് ഓക്ക്‌ലാൻഡിലെ സ്റ്റാൻഹോപ്പിലെ ദി വെർഡേൽ പ്രാക്ടീസ് തുടങ്ങി ലണ്ടൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഒന്നിലധികം മെഡിക്കൽ സെൻ്ററുകളിൽ ഇതിനോടകം തന്നെ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഫേസ്-ടു-ഫേസ് അപ്പോയ്ന്റ്മെന്റുകൾ ഉള്ള രോഗികൾ, പ്രത്യേകിച്ച് ചുമയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ, മാസ്ക് ധരിക്കാൻ ഇവർ ആവ്യശപ്പെടുന്നു. കൂടാതെ, വെസ്റ്റ് ഹാംപ്‌സ്റ്റെഡ് മെഡിക്കൽ സെൻ്റർ രോഗലക്ഷണങ്ങളുള്ള രോഗികളോട് ടെലിഫോൺ കോൾ അപ്പോയിൻ്റ്‌മെന്റുകൾ തിരഞ്ഞെടുക്കാനും ആവശ്യപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വോൾവർഹാംപ്ടണിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. 46 കാരനായ ഒരാളെ കൂടിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത് . നേരത്തെ 19 ഉം 20 ഉം വയസ്സ് പ്രായമുള്ള രണ്ട് യുവാക്കളെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തീപിടുത്തത്തിൽ നാലു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. തീപിടുത്തത്തിൽ ഗുരുതരമായ പരിക്കേറ്റ രണ്ടു സ്ത്രീകളും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ച രണ്ട് സ്ത്രീകളും 20 വയസിൽ താഴെ പ്രായമുള്ളവരാണ്.

അറസ്റ്റിലായവർ മരിച്ച സ്ത്രീകളുമായി പരിചയത്തിലുള്ളവരാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ സ്ത്രീയുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് ഫയർഫോഴ്സും പോലീസും അടിയന്തിരമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. തീപിടുത്തത്തിന്റെ കാരണങ്ങളെ കുറിച്ച് ഫയർഫോഴ്സും പോലീസും സംയുക്തമായി അന്വേഷണം നടത്തി വരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ ഉടമകൾ അടുത്തവർഷം 4 ശതമാനം ശമ്പള വർദ്ധനവ് നൽകാനാണ് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് നേരത്തെയുള്ള ശമ്പള വർദ്ധനവിന്റെ അതെ നിരക്കാണ്. എന്നാൽ നാല് ശതമാനം ശമ്പള വർദ്ധനവ് എന്നത് പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും കണക്കിലെടുത്താൽ വളരെ കുറവാണെന്ന അഭിപ്രായമാണ് ഉയർന്നു വന്നിരിക്കുന്നത്.

ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണൽ ആൻഡ് ഡെവലപ്‌മെൻ്റ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. അവരുടെ കണക്കുകൾ പ്രകാരം പൊതുമേഖലയിലെ ശമ്പള വർദ്ധനവ് 3 ശതമാനം മാത്രമാണ്. രാജ്യത്തെ ഉൽപ്പാദന ക്ഷമത കാര്യമായി ഉയർന്നില്ലെങ്കിൽ വേതന വർദ്ധനവ് കാര്യമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ജൂണിൽ കുറച്ചേക്കാമെന്ന സൂചനകൾ നൽകിയിരുന്നു.അതോടൊപ്പ രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പുറത്തു വന്നതായുള്ള കണക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇത്തരം കാര്യങ്ങൾ രാജ്യത്തെ സ്വകാര്യമേഖലയിലെ വേതന വർദ്ധനവിന്റെ കാര്യത്തിൽ പ്രതിഫലിക്കുന്നില്ലെന്ന അഭിപ്രായം ശക്തമാണ്.

രാജ്യം സാമ്പത്തിക വളർച്ചയിൽ സുസ്ഥിരത കൈവരിക്കുന്നതിനൊപ്പം തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം കൂട്ടണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയിംസ് കൊക്കറ്റ് പറഞ്ഞു . പണപ്പെരുപ്പം കുറയുകയും ഉത്പാദനക്ഷമത ഉയരുകയും ചെയ്യുന്ന സാഹചര്യം വന്നാൽ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും കൂടുതൽ മെച്ചപ്പെട്ട വേതനം ലഭ്യമാക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയർന്നു വരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2000 – ന്റെ തുടക്കത്തിലാണ് ബ്രിട്ടനിലേയ്ക്ക് വലിയ തോതിൽ മലയാളി കുടിയേറ്റം ആരംഭിച്ചത്. ആരോഗ്യ മേഖലയിലെ വിവിധ ജോലികൾക്കാണ് ഭൂരിപക്ഷം മലയാളികളും യുകെയിലെത്തിയത്. ബ്രിട്ടനിൽ കുടിയേറിയ മലയാളികളുടെ രണ്ടാം തലമുറയിൽ പെട്ട കുട്ടികൾ എല്ലാ മേഖലകളിലും അഭിമാനാർഹമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ പ്രസിദ്ധീകരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിയുള്ളവരുടെ സംഘടനയിൽ ഇടം പിടിച്ചിരിക്കുകയാണ് യുകെയിലെ സറ്റണിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി . ആറാം ക്ലാസിൽ പഠിക്കുന്ന ധ്രുവ് പ്രവീൺ ആണ് ഈ അഭിമാനർഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ഉയർന്ന ഐക്യൂ ഉള്ളവർക്ക് ഒരുമിച്ച് വരാനും അവരുടെ ബൗദ്ധിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയായ മെൻസയിലാണ് ഈ കൊച്ചു മിടുക്കൻ അംഗമായിരിക്കുന്നത് . മെൻസയുടെ ഐക്യൂ പരീക്ഷയിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ 2% പേരെ മാത്രമാണ് അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്. ഇതുവരെ 1,40,000 അംഗങ്ങൾ മെൻസയുടെ പ്രവേശന പരീക്ഷയിൽ വിജയിച്ച് അംഗങ്ങളായിട്ടുണ്ട്.

21 വർഷം മുമ്പ് കേരളത്തിൽനിന്ന് ലണ്ടനിൽ എത്തിയതാണ് ധ്രുവിന്റെ കുടുംബം . പിതാവ് പ്രവീൺ എസ് കുമാർ നേവൽ ആർക്കിടെക്ടാണ്. മാതാവ് പ്രലിന എൻഎച്ച്എസിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. സൗത്ത് എറണാകുളം ഇടപ്പള്ളി സ്വദേശികളായ ധ്രുവിൻ്റെ മാതാപിതാക്കൾ സൗത്ത് ലണ്ടനിലെ സറ്റണിൽ ആണ് താമസിക്കുന്നത്. ഏക സഹോദരി ദേവിക പ്രവീൺ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ഏപ്രിൽ 17 ന് നടന്ന പ്രവേശന പരീക്ഷയിൽ 162 സ്കോർ നേടിയാണ് ധ്രുവ് ഈ അപൂർവ നേട്ടം കൈവരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്തിൻറെ മിക്കഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചതിരിഞ്ഞ് കാലാവസ്ഥയിൽ കടുത്ത മാറ്റം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് നൽകപ്പെട്ടിരിക്കുന്നത്. ചില ഭാഗങ്ങളിൽ ജീവന് ഭീഷണിയാകുന്ന തരത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും അറിയിപ്പ് വന്നിട്ടുണ്ട്.

കനത്ത മഴ വാഹനം ഓടിക്കുന്നതിനും പവർകട്ടിനും കാരണമാകുമെന്ന് കരുതുന്നുണ്ട്. അതുകൊണ്ടു തന്നെ ദീർഘദൂര യാത്രകൾക്കായി തിരിക്കുന്നവർ കാലാവസ്ഥ മുന്നറിയിപ്പ് പരിഗണിക്കുന്നത് ഉചിതമായിരിക്കും. പടിഞ്ഞാറൻ, മധ്യ വടക്കൻ അയർലൻഡിലും വെയിൽസിൻ്റെ ചില ഭാഗങ്ങളിലും പടിഞ്ഞാറൻ, മധ്യ ഇംഗ്ലണ്ടിലും കടുത്ത ഇടിമിന്നൽ സാധ്യതയുണ്ട്. കനത്ത മഴയും ഇടിമിന്നലും ഇംഗ്ലണ്ടിലും വെയിൽസിലും രാത്രി 11 മണി കൊണ്ട് അവസാനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 3 മണിവരെ സ്കോട്ട് ലൻഡിൽ മോശം കാലാവസ്ഥ രൂപപ്പെടും. എന്നാൽ അയർലണ്ടിൽ കനത്ത മഴയും ഇടിമിന്നലും വൈകുന്നേരം 7 മണിക്ക് അവസാനിക്കും എന്നാണ് കാലാവസ്ഥ പ്രവചനം.

കനത്ത ഇടിമിന്നൽ പല ഉപകരണങ്ങൾക്കും നാശം വിതച്ചേക്കാം. മിന്നലിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഇല്ലെങ്കിൽ അത്യാവശ്യമല്ലാത്ത വീട്ടുപകരണങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇടണം . ടെലിഫോൺ ലൈനിൽ വൈദ്യുതി കടന്നുവരാനുള്ള സാധ്യതയുള്ളതിനാൽ അടിയന്തിര സാഹചര്യങ്ങളിലല്ലാത്ത ലാൻഡ് ലൈൻ ഫോണുകൾ ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത് . വീടിന് പുറത്താണെങ്കിൽ ഇടിമിന്നലേൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോകമെമ്പാടുമുള്ള നേഴ്സുമാരുടെ സംഭാവനകളെ അംഗീകരിക്കാനും ആദരിക്കാനുമായാണ് നേഴ്സിംഗ് ദിനം കൊണ്ടാടുന്നത്. ഫ്ളോറൻസ് നൈറ്റിൻജലിന്റെ ജന്മദിനമാണ് നേഴ്സിങ് ദിനമായി ആചരിക്കുന്നത്. ബ്രിട്ടീഷ് നേഴ്സ് ആയ ഫ്ലോറൻസിന്റെ 204 -ാം മത്തെ ജന്മദിനമാണ് ഇന്ന് . ആരോഗ്യ പരിചരണ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ ചെയ്ത സുത്യർഹ സേവനമാണ് മഹാമാരിയെ പിടിച്ചുനിർത്താൻ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യ മേഖലയെ സഹായിച്ചത്. വാക്സിനുകൾ നൽകുന്നതിലും വൈറസ് വ്യാപനം തടയുന്നതിലും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും നേഴ്സുമാർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ നേഴ്സിംഗ് മേഖലയോട് ബന്ധപ്പെട്ട് ഉടലെടുക്കുന്ന എല്ലാ പ്രതിസന്ധികളും ഒട്ടുമിക്ക യുകെ മലയാളി കുടുംബങ്ങളെയും ബാധിക്കാറുണ്ട്. ലോകത്തിലെ തന്നെ വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് ശമ്പളം നൽകുന്ന രാജ്യമാണ് യു കെ. അധികരിച്ച പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം യുകെയിലെ നേഴ്സുമാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. പലരും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും സേവനവേതന വ്യവസ്ഥകൾക്കുമായി ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് യുകെയിൽ നിന്ന് കുടിയേറുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ നേഴ്സുമാരുടെ ക്ഷാമം യുകെയിലെ നേഴ്സിംഗ് മേഖല നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. മതിയായ നേഴ്സുമാരുടെ കുറവുമൂലം കടുത്ത ജോലിഭാരവും സമർദ്ദവുമാണ് നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന നേഴ്സുമാർ അഭിമുഖീകരിക്കുന്നത്. പരിമിതമായ ഇടവേളകളോടെ അമിതമായി ജോലി ചെയ്യേണ്ടി വരുന്നതിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട്.
കെയർ മേഖലയിൽ ജോലി ചെയ്യുന്ന ഒട്ടുമിക്ക മലയാളികളും കേരളത്തിൽ നേഴ്സുമാരായി ജോലി ചെയ്തിരുന്നവരാണ്. എന്നാൽ ഇന്ന് മാറിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ തങ്ങളുടെ ഭർത്താവിനെയോ ഭാര്യയെയോ മക്കളെയോ കൊണ്ടുവരാൻ സാധിക്കില്ല. ഇത് ഏറ്റവും കൂടുതൽ തിരിച്ചടിയായത് യുകെയിൽ കെയർ മേഖലയിൽ എത്തിയ മലയാളികൾക്കാണ്. ഇത് കൂടാതെയാണ് കഴിഞ്ഞ ദിവസം ചില കെയർ ഹോം നടത്തിപ്പുകാരുടെ ലൈസൻസ് റദ്ദാക്കിയതിനു പിന്നാലെ ജീവനക്കാരോട് 60 ദിവസത്തിനുള്ളിൽ മറ്റ് സ്പോൺസറെ കണ്ടെത്തി ജോലി സമ്പാദിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരുമെന്ന് ന് ഹോം ഓഫീസ് നൽകിയിരിക്കുന്ന നിർദേശം. ഇത്തരത്തിൽ പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്നവർ ലക്ഷങ്ങളാണ് കെയർ വിസ ലഭിക്കാൻ വേണ്ടി ഏജൻസികകൾക്ക് നൽകിയിരിക്കുന്നത്.
എൻഎച്ച്എസിൽ തുടർച്ചയായി നേഴ്സുമാർ നടത്തിയ സമരത്തെ തുടർന്ന് ശമ്പളത്തിൽ നാമമാത്രമായ വർദ്ധനവ് നടപ്പിലാക്കിയിരുന്നു. എന്നാൽ ഒട്ടുമിക്ക മലയാളി നേഴ്സുമാരും ശമ്പള വർദ്ധനവിൽ തൃപ്തരല്ല എന്ന കാര്യം മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നേഴ്സിംഗ് സമരം യുകെ മലയാളി നേഴ്സുമാർക്ക് നൽകിയത് കൈയ്പ്പു കാലമാണ്. ഒട്ടേറെ പേർ സമരത്തിൽ പങ്കെടുത്തപ്പോൾ ആത്മാർത്ഥതയും പ്രവർത്തന മികവും കൈമുതലായ മലയാളി നേഴ്സുമാർക്ക് എൻ എച്ച് എസിന് പിടിച്ചുനിർത്താൻ കൂടുതൽ ജോലി ഭാരം ഏറ്റെടുക്കേണ്ടതായി വന്നു.