ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഇന്റർനാഷണൽ റീലൊക്കേഷൻ പേയ്‌മെന്റ് (ഐആർപി) പദ്ധതിക്ക് കീഴിൽ സയൻസ്, ഭാഷ, കണക്ക് എന്നീ വിഷയങ്ങളിലേയ്ക്ക് നൂറുകണക്കിന് അധ്യാപകരെ റിക്രൂട്ട് ചെയ്യുവാൻ യുകെ സർക്കാർ പദ്ധതിയിടുന്നു. ഇംഗ്ലണ്ടിലെ ക്ലാസ് റൂം ഒഴിവുകൾ നികത്തുന്നതിനായി 10 ലക്ഷത്തിലധികം രൂപ നൽകിയാണ് ഈ പദ്ധതി സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് കണക്ക്, ശാസ്ത്രം, ഭാഷാ അധ്യാപകരെ ഈ വർഷം യുകെയിലേക്ക് കൊണ്ടുവരുമെന്നും, മറ്റ് രാജ്യങ്ങളിലേക്കും വിഷയങ്ങളിലേക്കും റിക്രൂട്ട്‌മെന്റ് പദ്ധതികൾ വ്യാപിപ്പിക്കാനുള്ള തീരുമാനങ്ങൾ ഉടനെ ഉണ്ടാകുമെന്നും ടൈംസ് പത്രം വ്യക്തമാക്കി.
സെപ്റ്റംബറിൽ ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തിലേക്ക് അധ്യാപകർക്കായി 300 മുതൽ 400 വരെ പേയ്‌മെന്റുകൾ വരെ ഉണ്ടാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. ചില രാജ്യങ്ങളിൽ നിന്നുള്ള അധ്യാപന യോഗ്യതകൾ തിരിച്ചറിയുന്നത് എളുപ്പമാക്കുന്ന പുതിയ നിയമങ്ങൾ അവതരിപ്പിക്കാനും മന്ത്രിമാർ ആലോചിക്കുന്നുണ്ട്. ഘാന, ഇന്ത്യ, സിംഗപ്പൂർ, ജമൈക്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവയ്ക്ക് ബ്രിട്ടനുമായി ചരിത്രപരമായ വിദ്യാഭ്യാസ ബന്ധങ്ങളുണ്ടെന്നതിനാൽ ഇവിടെ നിന്നുള്ള അധ്യാപകർക്ക് ഈ പദ്ധതി കൂടുതൽ പ്രയോജനപ്പെടും. യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് തുല്യമായ സ്ഥാനം ഈ പദ്ധതി നൽകും.
യുകെയിൽ നിലവിലുള്ള അധ്യാപകരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനാലാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ മറ്റുള്ള രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന സൂചനയാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നത്. എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസം പൂർണമായ തരത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടി ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നു സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- 15 മില്യൻ പൗണ്ട് മൂല്യമുള്ള പോയിന്റുകൾ ഈ ആഴ്ചയിൽ അവസാനിക്കാനിരിക്കെ ടെസ്കോ ക്ലബ് കാർഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വിലകളിൽ ഡിസ്കൗണ്ട് ലഭിക്കുന്നതിനോടൊപ്പം തന്നെ, ടെസ്കോ ക്ലബ്‌കാർഡ് റിവാർഡ് പാർട്ണർ സ്കീം ഉപഭോക്താക്കളെ ഭക്ഷണം, യാത്ര എന്നിവയ്ക്ക് ചെലവഴിക്കുന്നതിനായും പോയിന്റുകൾ നേടാൻ അനുവദിക്കുന്നുണ്ട്. ടെസ്‌കോ സ്റ്റോറുകളിലോ ഓൺലൈനായോ ഉപഭോക്താക്കൾ ചിലവഴിക്കുന്ന ഒരു പൗണ്ടിന് ഒരു പോയിന്റ് എന്ന നിലയിലാണ് ടെസ്കോ കാർഡിൽ ലഭിക്കുന്നത്. റിവാർഡ് പാർട്ണർമാരായ വിർജിൻ അറ്റ്ലാന്റിക്, കഫേ റൂജ് എന്നിവയിൽ പോയിന്റുകൾ ചെലവഴിക്കുമ്പോൾ അവയ്ക്ക് നിലവിൽ അവയുടെ മൂല്യത്തിന്റെ മൂന്നിരട്ടി മൂല്യമുണ്ട്. എന്നാൽ ജൂൺ 14 മുതൽ ടെസ്‌കോ തങ്ങളുടെ റിവാർഡ് സ്‌കീം കുറച്ചതിനാൽ, മൂന്നിരട്ടി എന്നുള്ളത് രണ്ടിരട്ടിയായി കുറയും. ഇതു മൂലം ലേഗോലാൻഡ്, പിറ്റ്സ്സാ എക്സ്പ്രസ്സ് എന്നിവയുൾപ്പെടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ചില ലക്ഷ്യസ്ഥാനങ്ങളിലെ സമ്പാദ്യം നഷ്‌ടമാകുമെന്നാണ് ഇതിനർത്ഥം.
എന്നാൽ തങ്ങൾക്ക് നിലവിൽ ലഭിക്കുന്ന പ്രയോജനങ്ങൾ കുറച്ചു കാലം കൂടി മുന്നോട്ടു ലഭിക്കാൻ ഉപഭോക്താക്കൾക്ക് ചില വഴികൾ ഉണ്ട്. ജൂൺ 13-ന് മുമ്പ് ഓർഡർ ചെയ്യുന്ന ഏതൊരു റിവാർഡ് വൗച്ചറുകളും സാധാരണ ആറ് മാസത്തേക്കാലുപരിയായി, നിലവിലെ നിരക്കിൽ ഒരു വർഷത്തേക്ക് പ്രയോജനങ്ങൾ ലഭിക്കും. ഇതോടൊപ്പം തന്നെ മറ്റൊരു വഴിയും സാമ്പത്തിക ഉപദേശകനായ മാർട്ടിൻ ലൂയിസ് വ്യക്തമാക്കുന്നുണ്ട്. ഉപഭോക്താക്കളുടെ പക്കൽ 10 പൗണ്ട് മൂല്യമുള്ള വൗച്ചർ ഉണ്ടെങ്കിൽ, ഓൺലൈൻ വഴിയായി അതിൽ നിന്ന് 50 പെൻസ് മാത്രം ചിലവഴിക്കുക. 50 പെൻസ് 1.50 പൗണ്ട് ആയി മാറുമെന്നതിനാൽ, ഉപഭോക്താക്കൾക്ക് ഇതിലൂടെ റെസ്റ്റോറന്റ് വൗച്ചറുകളിൽ 1.50 പൗണ്ട് ലഭിക്കും. ബാക്കിയുള്ള 9.50 പൗണ്ടിന് അവർ അത് വീണ്ടും ഇഷ്യൂ ചെയ്യുന്നതോടെ അത് രണ്ട് വർഷം കൂടി നീണ്ടുനിൽക്കും. നിലവിലെ സാഹചര്യത്തിൽ ഉപഭോക്താക്കൾ തങ്ങൾക്ക് അനുയോജ്യമായ വഴികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ടെസ്കോ കാർഡ് നിലവിൽ അനേകം ഉപഭോക്താക്കൾക്ക് സഹായപ്രദമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനെ തുടർന്ന് 90 -ലധികം പ്രൈമറി സ്കൂളുകൾ അടച്ചു പൂട്ടലിന്റെ വക്കലിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 88 ഓളം സ്കൂളുകളിൽ 66 ശതമാനത്തോളം ശൂന്യമായ ക്ലാസ് മുറികളാണ്. ഡിപ്പാർട്ട്മെൻറ് ഓഫ് എജ്യുക്കേഷന്റെ കണക്കിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ഇത് കൂടാതെ നാല് സ്കൂളുകൾ ഇതിനകം അടച്ചുപൂട്ടലിന് തയ്യാറായിക്കഴിഞ്ഞു.
ജനന നിരക്ക് കുറയുന്നതാണ് സ്കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . എന്നാൽ വർദ്ധിച്ച വാടകയും മറ്റ് ജീവിത ചിലവ് വർദ്ധനവും മൂലം ഒട്ടേറെ യുവ കുടുംബങ്ങൾ നഗരപ്രദേശങ്ങൾ വിട്ടുപോകുന്നത് ആ സ്ഥലങ്ങളിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുന്നതിന് ഒരു പ്രധാന കാരണമാകുന്നതായി വിലയിരുത്തലുണ്ട്. കുട്ടികളുടെ എണ്ണം കുറഞ്ഞത് മൂലം നേരത്തെ 156 സ്കൂളുകൾ അടച്ചുപൂട്ടിയിരുന്നു. ലണ്ടനിലെ 50 ശതമാനം സ്കൂളുകളിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ 33 ശതമാനം സ്കൂളുകളിലും വിദ്യാർത്ഥികളുടെ എണ്ണം കുറവാണ്.
എന്നാൽ നോർത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാൻഡ് എന്നിവിടങ്ങളിലെ 66 ശതമാനം സ്കൂളുകളിലും വിദ്യാർത്ഥികളുടെ എണ്ണം കാര്യമായി വർദ്ധിച്ചിട്ടുണ്ട്. പക്ഷേ സ്കൂളുകളുടെ അടച്ചു പൂട്ടൽ ഭീഷണി സമീപഭാവിയിലും തുടരുമെന്നാണ് വിദഗ്ധാഭിപ്രായം. 2032 – ഓടെ ഇംഗ്ലണ്ടിലെ മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 900,000 ആയി കുറയുമെന്ന് എജുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ അനാലിസിസ് മേധാവി ജോൺ ആൻഡ്രൂസ് പറഞ്ഞു. യുകെയിലേയ്ക്ക് പുതിയതായി കുടിയേറിയ പല കുടുംബങ്ങളും തങ്ങളുടെ കുട്ടികളെ സ്കൂളിൽ ചേർക്കാനായിട്ട് വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യവും നിലവിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇടിമിന്നലേറ്റ് ബ്രിട്ടീഷുകാരന് ദാരുണാന്ത്യം. റോഡ്സിൽ തന്റെ കാമുകി കടലിൽ നീന്തുന്നത് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗ്രീസിലാണ് അപകടം നടന്നത്. റോഡ്സിലെ അജിയ അഗത്തി ബീച്ചിൽ നടന്ന ദാരുണ സംഭവത്തിൽ അടിയന്തര രക്ഷാപ്രവർത്തനത്തിൻെറ ഭാഗമായി 26 വയസ്സുകാരനായ യുവാവിനെ കരയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ബ്രസീലുകാരനായ ഫുട്ബോൾ പ്ലെയർ തങ്ങളെ കൊണ്ട് ആകുന്നതു പോലെ യുവാവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതായി പറഞ്ഞു. അപകടം ഉണ്ടായ ഉടനെ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം സമീപത്ത് ഉള്ള ഹെൽത്ത് സെന്ററിലേയ്ക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സെൻട്രൽ പോർട്ട് അതോറിറ്റി സംഭവങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദാരുണമായ അപകടം ഉണ്ടായ സമയത്ത് ഗ്രീക്ക് ദ്വീപിന് സമീപപ്രദേശങ്ങളിൽ മോശം കാലാവസ്ഥയും ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എയര്‍ ഇന്ത്യ വിമാനത്തിലെ പ്രസവ രക്ഷാ ദൗത്യത്തില്‍ പങ്കാളിയായി യുകെ മലയാളികളുടെ അഭിമാനമായി മാറിയ കേംബ്രിഡ്ജിലെ മലയാളി നേഴ്‌സായ പ്രതിഭ കേശവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്‌ത് വരികെയാണ് പ്രതിഭയുടെ അപ്രതീക്ഷിത മരണം. മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. കേരളത്തിൽ കുമരകം സ്വദേശിയാണ് പ്രതിഭ.
ബന്ധങ്ങൾക്ക് എന്നും വലിയൊരു സ്ഥാനം നൽകിയിരുന്ന പ്രതിഭ യുകെ മലയാളികൾക്ക് സുപരിചിതയായിരുന്നു. അതുകൊണ്ട് തന്നെ പ്രതിഭയുടെ അപ്രതീക്ഷിത മരണത്തിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. രണ്ടു വർഷം മുൻപ് പ്രതിഭ നാട്ടിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പിന്റെ സുഖപ്രസവത്തിന് സഹായിച്ചത് വൻ ജനശ്രദ്ധ നേടിയിരുന്നു. 2021 ഒക്ടോബര്‍ 5 -നായിരുന്നു സംഭവം. ലണ്ടനില്‍നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തിലാണ് സംഭവം നടന്നത്. അന്ന് മരിയയ്ക്ക് ഏഴാം മാസമായിരുന്നു.
എന്നാല്‍ വിമാനം ലണ്ടനില്‍നിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളില്‍ത്തന്നെ മരിയാ ഫിലിപ്പിനു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ക്യാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയും നാലു നേഴ്‌സുമാരും യുവതിയെ സഹായിക്കാനായെത്തി. ഇവരില്‍ ഒബ്‌സ്ട്രറ്റിക് തിയേറ്റര്‍ പരിചയമുണ്ടായിരുന്നത് പ്രതിഭയ്ക്കു മാത്രമായിരുന്നു. തുടര്‍ന്നു യാത്രക്കാരിയുടെ പ്രസവ സഹായത്തിനു പ്രതിഭ നേതൃത്വം നല്‍കുകയായിരുന്നു.
വിമാനത്തില്‍ താല്‍ക്കാലിക മുറി ഒരുക്കിയായിരുന്നു പ്രസവത്തിന്റെ സജ്ജീകരണം. അമ്മയ്ക്കും കുഞ്ഞിനും അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമായതിനാല്‍ വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കി. അവിടെ ഏഴാഴ്ചയോളം കഴിഞ്ഞതിനു ശേഷമാണ് അമ്മയും കുഞ്ഞും തിരികെ നാട്ടിലേക്ക് മടങ്ങിയത്. എങ്കിലും അടിയന്തിര വൈദ്യസഹായം നല്‍കിയ പ്രതിഭ അടക്കമുള്ള മെഡിക്കല്‍ സംഘത്തിന് കൊച്ചിയിലെത്തിയപ്പോള്‍ അഭിനന്ദന പ്രവാഹമായിരുന്നു.
നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി ജനശ്രദ്ധ നേടിയിട്ടുള്ള പ്രതിഭയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കുമരകം കദളിക്കാട്ടുമാലിയില്‍ റിട്ടയേര്‍ഡ് അധ്യാപകനായ കെ. കേശവനാണ് പരേതയുടെ പിതാവ് . കുമരകം നോര്‍ത്ത് സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.
പ്രതിഭ കേശവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മാംസം ഭക്ഷിക്കുന്ന രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ നടപടികളുമായി ആരോഗ്യ വകുപ്പ്. ചാർലി ചാറ്റർട്ടൺ(27) എന്ന യുവതിയുടെ കേസ് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ഏപ്രിൽ 22 ന് ചാർലി കോൾചെസ്റ്ററിൽ മകൾ അലെസിയയ്ക്ക് ജന്മം നൽകി. യാതൊരുവിധ സങ്കീർണതകളും ഇല്ലാതെ ആയിരുന്നു പ്രസവം. എന്നാൽ ഇതിനു ശേഷം വയറ്റിൽ ചെറിയ കുരുക്കൾ ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. നെക്രോടൈസിംഗ് ഫാസിയൈറ്റിസ് എന്ന അവസ്ഥയാണ് ഇത്. ശരീരത്തിനുള്ളിൽ മാംസം ഭക്ഷിക്കുന്ന രോഗവസ്ഥയാണ് ഇത്. അത് ചുണങ്ങ് രൂപത്തിൽ ഉണ്ടാകുന്ന എന്നുള്ളതേ ഉള്ളു. തുടർന്ന് രോഗത്തെ അതിജീവിക്കാൻ ചാർലിക്ക് കഴിയില്ലെന്നാണ് മെഡിക്കൽ ലോകം വിധിയെഴുതിയത്.
ഇതിനോടൊപ്പം കടുത്ത പനിയും ഉണ്ടായിരുന്നു. തുടർന്നാണ് അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരന്തരമായി നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് രോഗനിർണയം നടത്തിയത്. അബോധാവസ്ഥയിലേക്ക് മാറ്റപ്പെടുന്ന ഈ രോഗം, ശരീരത്തിനും ആരോഗ്യത്തിനും ഒരുപോലെ വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകൾ പടരുന്നത് തടയാൻ അടിയന്തിരമായി നിർജ്ജീവമായ കോശങ്ങൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് സർജറി നടന്നത്.
യുകെയിൽ ഓരോ വർഷവും ഇത്തരത്തിൽ 500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അണുബാധ ത്വക്കിന് താഴെയുള്ള ടിഷ്യുവിനെ ബാധിക്കുന്നു, പെട്ടെന്ന് ചികിത്സിച്ചില്ലെങ്കിൽ ഈ ചെറിയ മുറിവ് ജീവന് ഭീഷണിയാകാം. ആദ്യകാല ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ ശരീരത്തിലുടനീളം വ്യാപിക്കുന്നതിനും സാധ്യതയുണ്ട്. ക്രമേണ ചുണങ്ങ്, ഛർദ്ദി, വീക്കം എന്നിവയായി വികസിക്കും. ചിലപ്പോൾ രക്തത്തിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാനസിക പ്രശ്നങ്ങൾ മൂലം വ്യക്തികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ഇനി ഇടപെടേണ്ടതില്ലെന്ന് മെറ്റ് പോലീസ് . ഓഗസ്റ്റ് 31 -ന് ശേഷമാണ് ഈ തീരുമാനം നടപ്പിൽ വരുക. മാനസികാരോഗ്യ പ്രശ്നമുള്ളവർ ഏതെങ്കിലും തരത്തിൽ മറ്റുള്ള വ്യക്തികളുടെ ജീവന് ഭീഷണി ഉയർത്തിയെങ്കിൽ മാത്രമേ ഇനി മുതൽ പോലീസ് ഇടപെടൽ ഉണ്ടാവുകയുള്ളൂ. കൂടുതൽ അടിയന്തര സ്വഭാവമുള്ള ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടുന്നതിന് ഈ നീക്കം പോലീസിനെ സഹായിക്കുമെന്നാണ് കരുതുന്നത്.
ഗ്രേറ്റ് ബ്രിട്ടനിൽ ഉടനീളമുള്ള പോലീസ് സേന കഴിഞ്ഞ അഞ്ചു വർഷമായി കൈകാര്യം ചെയ്ത മാനസികാരോഗ്യ സംഭവങ്ങളിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രശ്നമുണ്ടാകുമ്പോൾ പരിഹാരത്തിനായി പോലീസിനെ ആശ്രയിക്കുന്നത് ജനങ്ങളുടെ മനോഭാവം മൂലമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. എന്നാൽ പലപ്പോഴും ഈ രീതിയിലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ പോലീസിന് മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.
പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ സമയത്തിന്റെ 20- 40% വരെ ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ വിനിയോഗിക്കുന്നതായാണ് കോളേജ് ഓഫ് പോലീസിന്റെ കണ്ടെത്തൽ . ഇത്തരം കേസുകൾ പോലീസ് കൈകാര്യം ചെയ്യുന്നതിന് പകരം പരിശീലനം സിദ്ധിച്ച മാനസികാരോഗ്യ വിദഗ്ധരുടെ ഇടപെടൽ നടപ്പിലാക്കുന്ന പദ്ധതി മെറ്റ് പോലീസ് അംഗീകരിച്ചിട്ടുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പണപെരുപ്പവും ജീവിത ചിലവ് വർദ്ധനവും ദിനംപ്രതി ജനങ്ങളുടെ ജീവിതം ദുരിത പൂർണമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിസ്ഥാന ഭക്ഷ്യവിലകൾക്ക് പരുധി നിശ്ചയിക്കാനുള്ള നടപടികളെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ വിലയിൽ പരുധി നിശ്ചയിക്കുന്നതിനായുള്ള പദ്ധതിയ്ക്ക് സൂപ്പർമാർക്കറ്റുകളുമായി സർക്കാർ തല കൂടിയാലോചനകൾ ആരംഭിച്ചു.
റൊട്ടിയും പാലും പോലുള്ള അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കുന്നതിന് പ്രധാന ചില്ലറ വ്യാപാരികളായ സൂപ്പർമാർക്കറ്റുകളുമായി കരാറിലേർപ്പെടുന്നതിന്റെ സാധ്യതകളെ കുറിച്ചാണ് സർക്കാർ തലത്തിൽ പദ്ധതി തയ്യാറാക്കുന്നത്. ഏപ്രിൽ വരെ ഭക്ഷ്യവില 19.1% ആണ് വർദ്ധിച്ചത്. 45 വർഷത്തെ കണക്കെടുക്കുമ്പോൾ ഇത് ഏറ്റവും കൂടിയ വർദ്ധനവാണ് . ഏതൊക്കെ ഭക്ഷ്യവസ്തുക്കൾക്കാണ് പരുധി നിശ്ചയിക്കപ്പെടുക എന്നത് സൂപ്പർമാർക്കറ്റുകൾക്കു കൂടി സ്വീകാര്യമായ സമീപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ .
വില കുറയ്ക്കുന്നതിന് എങ്ങനെ ഒന്നിച്ച് പ്രവർത്തിക്കാൻ പറ്റും എന്നതിനെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. അടിച്ചേൽപ്പിക്കുക എന്നത് സർക്കാരിന്റെ നയമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വില നിയന്ത്രണം ഏർപ്പെടുത്തുന്നതിനു പകരം ചുവപ്പ് നാട ഒഴിവാക്കുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം ആവശ്യപ്പെട്ടു .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോകത്തിലെ തന്നെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 30 -തിൽ യുകെയും യുഎസും. സ്വിറ്റ്സർലൻഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. തൊഴിലില്ലായ്മ കണക്കുകൾ, പണപ്പെരുപ്പം, ബാങ്ക് വായ്പാ നിരക്കുകൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് 160 രാജ്യങ്ങൾ അടങ്ങുന്ന പട്ടിക പുറത്ത് വിട്ടത്.
നിലവിൽ സ്വിറ്റ്‌സർലൻഡ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്. ഉയർന്ന ആയുർദൈർഘ്യം, വളരെയധികം പ്രശംസിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം, സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ എന്നിവയാൽ പേരുകേട്ട രാജ്യമാണ് സ്വിറ്റ്‌സർലൻഡ്. ഹാൻകെ പുറത്തുവിട്ട പട്ടികയിൽ കുവൈത്ത് രണ്ടാം സ്ഥാനവും അയർലൻഡ് മൂന്നാം സ്ഥാനവും ജപ്പാൻ നാലാം സ്ഥാനവും നേടി. 2021 -ൽ നാലാം സ്ഥാനത്തായിരുന്ന ബ്രിട്ടൻ നിലവിൽ 29-ാം സ്ഥാനത്താണ്.
യുകെയിൽ 16 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2021 ജനുവരിയിൽ 4.9 ശതമാനമായിരുന്നു. ഇത് 2022 ൽ 3.7 ശതമാനമായി കുറഞ്ഞു. നിലവിൽ 2023 ൽ 3.9 ശതമാനമായി കൂടിയതാണ് പട്ടികയിൽ യുകെയുടെ സ്ഥാനം പുറകിലാകാൻ കാരണം . യുകെയുടെ സ്ഥാനം പട്ടികയിൽ കുറഞ്ഞപ്പോൾ അമേരിക്ക 55-ൽ നിന്ന് ബ്രിട്ടനെ മറികടന്ന് 24-ലേക്ക് കുതിച്ചു. ഇതിന് ഏറ്റവും പ്രധാന ഘടകമായി നിലകൊണ്ടത് തൊഴിൽ ഇല്ലായ്മയാണ്. ഏപ്രിലിലെ കണക്കുകൾ പ്രകാരം തൊഴിൽ ഇല്ലായ്മ നേരിടുന്ന അമേരിക്കക്കാരുടെ എണ്ണം വെറും 3.4 ശതമാനം മാത്രമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലേയ്ക്ക് കുടിയേറുന്ന അൽബേനിയൻ പൗരന്മാരെ ലക്ഷ്യമിട്ട് ഹോം ഓഫീസ് ക്യാമ്പെയ്‌ൻ ആരംഭിക്കുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അൽബേനിയൻ ഭാഷയിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ, ആളുകൾ യുകെയിലേയ്ക്ക് യാത്ര ചെയ്താൽ തടങ്കലിലാക്കപ്പെടുകയും കുറ്റം ചെയ്യപ്പെടുകയും ചെയ്യും എന്ന മുന്നറിയിപ്പാണ് നൽകുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന ക്യാമ്പയിനിൽ ചെറുബോട്ടുകൾ മുഖേനയുള്ള കുടിയേറ്റക്കാരെ ബോധവാന്മാരക്കുകയാണ് ലക്ഷ്യം.
ഹോം ഓഫീസ് പറയുന്നതനുസരിച്ച്, അൽബേനിയ ഒരു സുരക്ഷിതവും സമ്പന്നവുമായ രാജ്യമാണ്. യുകെയിലേയ്ക്ക് കുടിയേറാൻ നിരവധി ആളുകൾ ഇന്ന് തയാറാവുന്നുണ്ട്. ഉയർന്ന ജീവിത നിലവാരവും, സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടാണ് ഭൂരിഭാഗം ആളുകളും എത്തുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സർക്കാർ ആരംഭിച്ച സമാനമായ സോഷ്യൽ മീഡിയ ഡ്രൈവിനെ തുടർന്നാണ് നിലവിലെ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ആളുകൾ അപകടകരവും അനാവശ്യവുമായ യാത്രകളിൽ ഏർപ്പെടുന്നതിന് മുമ്പ് ക്യാമ്പയിൻ ആരംഭിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് പറഞ്ഞു.
2023 മാർച്ച് വരെയുള്ള കാലയളവിൽ യുകെയിൽ അഭയത്തിനായി അപേക്ഷിക്കുന്ന ഏറ്റവും സാധാരണ രാജ്യമാണ് അൽബേനിയ. ഇതുവരെ മാത്രം 13,714 അപേക്ഷകളാണ് നൽകിയത്. അനധികൃതമായി കുടിയേറ്റം നടത്താൻ ശ്രമിക്കുന്ന ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള ആളുകളെ മുൻ നിർത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.