ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ത്യ ഓസ്ട്രേലിയ കലാശപോരാട്ടത്തിന് കളമൊരുങ്ങി കഴിഞ്ഞു. ആരാധകരുടെ മനസ്സിൽ ഒരു ചോദ്യം മാത്രം. ഏകദിനത്തിലെ രാജാവാകുന്നത് ആര്? ഈ ലോകകപ്പിൽ അജയ്യരായി തുടരുന്ന ഇന്ത്യയോ? അതോ ലോകകപ്പിന്റെ ചരിത്രത്തിൽ കൂടുതൽ കപ്പ് ഉയർത്തിയിട്ടുള്ള ഓസീസോ.. ന്യൂസ് ലാൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ആ മത്സരത്തിന് മുമ്പ്, അനുവാദം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യ പിച്ച് പരിശോധിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. ഐസിസിയുടെ അനുവാദമില്ലാതെ ഇന്ത്യയുടെ നിര്‍ദേശ പ്രകാരം പിച്ചില്‍ മാറ്റം വരുത്തിയെന്ന ആരോപണം ഡെയ്‌ലി മെയ്ല്‍ ആണ് റിപ്പോർട്ട്‌ ചെയ്തത്.

കഴിഞ്ഞ ദിവസം മുംബൈയിലെ പിച്ചില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പരിശോധന നടത്തുന്ന ചിത്രം പുറത്തുവന്നിരുന്നു. ഐസിസിയുടെ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് പിച്ച് തയ്യാറാക്കുന്നത്. ഇതില്‍ മാറ്റം വരുത്തണമെങ്കില്‍ ഇവരുടെ അറിവോടെയായിരിക്കണം. എന്നാല്‍ ബിസിസി ഐയുടെ ഇടപെടല്‍ മൂലം ഐസിസിയെ അറിയിക്കാതെ പിച്ചില്‍ മാറ്റം വരുത്തിയെന്ന ആരോപണമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. എന്നാല്‍ ഈ ആരോപണം ബിസിസി ഐ വൃത്തങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ‘വേദിയില്‍ ഐസിസിയുടെ നിര്‍ദേശം അനുസരിച്ചുള്ള പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ലോകകപ്പിലെ എല്ലാ വേദികളും അങ്ങനെ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ബിസിസി ഐയുടെ പരിശോധനയും ഇതിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്.

ആതിഥേയ രാജ്യം സ്ലോ പിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനനുസരിച്ചുള്ള പിച്ചാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്’- ബിസിസി ഐ വൃത്തം പറഞ്ഞു. എന്നാല്‍ ഇന്ത്യ തങ്ങള്‍ക്ക് ആധിപത്യം നേടാന്‍ സഹായിക്കുന്ന തരത്തില്‍ പിച്ച് തയ്യാറാക്കാന്‍ ക്യൂറേറ്ററോട് ആവശ്യപ്പെട്ടെന്നാണ് വിവാദം ഉയർന്നത്. എന്നാൽ വിവാദങ്ങളെ എല്ലാം കാറ്റിൽപറത്തിയാണ് ഇന്ത്യ മാസ്മരിക ജയം നേടിയത്. ഇനി അവസാന യുദ്ധത്തിനായുള്ള പെരുമ്പറ മുഴക്കം.