ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലീഷ് ചാനൽ കടന്ന് ചെറു ബോട്ടുകളിൽ യുകെയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കാനുള്ള കരാറിൽ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു. ഈ പദ്ധതി ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. ചിലരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കുമ്പോൾ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി തുല്യമായ എണ്ണം അഭയാർത്ഥികളെ ഫ്രാൻസിൽ നിന്ന് യുകെയും സ്വീകരിക്കും.
മൂന്ന് ദിവസത്തെ സംസ്ഥാന സന്ദർശനത്തിന്റെ അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പമാണ് പ്രധാനമന്ത്രി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ചെറിയ ബോട്ടുകളിൽ ചാനൽ കടക്കാനുള്ള ശ്രമങ്ങൾ ഈ പദ്ധതിയിലൂടെ തടയാൻ കഴിയുമെന്ന് അവർ പറഞ്ഞു. പദ്ധതിപ്രകാരം ആഴ്ചയിൽ 50 പേരെ വരെ തിരിച്ചയയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ കണക്കുകൾ സ്ഥിരീകരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. ഇരു രാജ്യങ്ങളും തമ്മിൽ ഏർപ്പെട്ട കരാർ മനുഷ്യ കടത്തുകാർക്ക് വൻ തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുവന്ന കണക്കുകൾ പ്രകാരം 2018 മുതൽ, 170,000 ൽ അധികം ആളുകൾ ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തിയിട്ടുണ്ട്. ഈ വർഷം ഇത് റെക്കോർഡ് നിലവാരത്തിലെത്തി. 2025 ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം ഏകദേശം 20,000 പേർ ആണ് യുകെയിൽ അനധികൃതമായി എത്തിയത് .
സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ അനധികൃത കുടിയേറ്റം തടയുന്നതിന് പുറമെ തങ്ങളുടെ രാജ്യങ്ങൾ ഒരുമിച്ച് നടത്തുന്ന പദ്ധതികളും ഇരു നേതാക്കളും വിശദീകരിച്ചു. ഏതെങ്കിലും രീതിയിൽ ശത്രു രാജ്യത്തിൽ നിന്ന് ആക്രമണങ്ങൾ ഉണ്ടായാൽ സംയുക്തമായി ആയുധങ്ങൾ സമാഹരിക്കുക, ആണവ പ്രതിരോധ സംവിധാനങ്ങളെ ഏകോപിക്കുക എന്നീ നടപടികൾ ഇരുരാജ്യങ്ങളുടെയും പ്രതിരോധ സംവിധാനത്തിന് പുത്തൻ ഉണർവ് നൽകും . ഇത് കൂടാതെ സൂപ്പർ കമ്പ്യൂട്ടറുകളിലും AI യിലും സഹകരണം ശക്തിപ്പെടുത്താനും തീരുമാനം കൈകൊണ്ടിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറിൻ്റെ കൂടുതൽ വിശദീകരണം പുറത്തുവന്നിട്ടില്ല. ഫ്രാൻസിലേയ്ക്ക് ആരെ തിരിച്ചയയ്ക്കും എന്ന കാര്യത്തിൽ എങ്ങനെ തീരുമാനം എടുക്കും എന്നതിൽ കൂടുതൽ വ്യക്തത വരാനുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സാധാരണയിൽ നിന്ന് വ്യത്യസ്‌തമായ കാലാവസ്ഥയാണ് 2025 ൽ യുകെ നേരിടുന്നത്. ഇതുവരെ രേഖപ്പെടുത്തിയിരുന്ന റെക്കോർഡ് താപനില മറികടന്നായിരുന്നു ഈ വർഷത്തെ യുകെയിലെ വേനൽക്കാലം. ഇംഗ്ലണ്ടിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂൺ. ഇതാ ഇപ്പോൾ ജൂലൈ പകുതി ആകുമ്പോഴേക്കും ഈ വർഷത്തെ മൂന്നാമത്തെ ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ്.
ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) പ്രകാരം, മനുഷ്യന്റെ പ്രവർത്തനങ്ങൾ അന്തരീക്ഷത്തിന്റെയും സമുദ്രത്തിന്റെയും കരയുടെയും താപനില വർധിപ്പിക്കുന്നതിന് കാരണമായി. വ്യാവസായിക യുഗം മുതൽ ഹരിതഗൃഹ വാതകങ്ങളുടെ പ്രകാശനം മൂലം ആഗോള താപനില 1.3°C യിൽ കൂടുതൽ വർദ്ധിച്ചു. ഇത് ഒരു ചെറിയ വർദ്ധനവായി തോന്നാമെങ്കിലും, ഇവ ഉഷ്‌ണതരംഗങ്ങൾക്ക് കാരണമായിട്ടുണ്ട്. പലപ്പോഴും 3-4°C വരെ താപനില ഉയർത്തുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.
2025 ലെ വസന്തകാലത്ത്, യുകെയിലെ താപനില ദീർഘകാല ശരാശരിയേക്കാൾ 1.4°C കൂടുതലായിരുന്നു. വേനൽ കാലത്തും താപനില ഉയർന്ന് തന്നെ നിന്നു. ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില ജൂലൈ 1 ന് കെന്റിലെ ഫാവർഷാമിൽ രേഖപ്പെടുത്തിയ 35.8°C ആണ്. 2022 ലെ യുകെയുടെ റെക്കോർഡായ 40°C യിൽ താഴെയാണെങ്കിലും ഉയർന്ന താപനില അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. എൽ നിനോ, ലാ നിന തുടങ്ങിയവയും ആഗോള താപനിലയെ സ്വാധീനിക്കുന്നു. ഇപ്പോഴത്തെ കാലാവസ്ഥയെ 1976 ലെ വേനൽ കാലവുമായാണ് പലരും താരതമ്യം ചെയ്യുന്നത്. അന്ന് സതാംപ്ടണിൽ 16 ദിവസത്തെ ഉഷ്ണതരംഗമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. നിലവിലെ ഉഷ്ണതരംഗം അടുത്ത ആഴ്ച ആദ്യം വരെ നീണ്ടുനിൽക്കുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പടിഞ്ഞാറൻ ലണ്ടനിലെ പഞ്ച നക്ഷത്ര ഹോട്ടലിന് പുറത്ത് ഒരാൾക്ക് കുത്തേറ്റു. നഗരത്തിലെ പ്രശസ്തമായ നൈറ്റ്സ്ബ്രിഡ്ജ് ഹോട്ടലിന് പുറത്തുള്ള തെരുവിൽ ഒരാൾ കുത്തേറ്റ് മരിച്ചത് . സംഭവം നടന്നയുടനെ ഇരയായ 24 വയസ്സുകാരന് അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും അയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.
സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ജീവനക്കാരോ അതിഥികളോ ഉൾപ്പെട്ടിട്ടില്ല എന്ന് ഹോട്ടലിന്റെ വക്താക്കൾ പറഞ്ഞു. മരിച്ചയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന പ്രദേശം പൊതുവെ ആഡംബര ഷോപ്പിംഗിനും, ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന വസതികൾക്കും, ഹാരോഡ്‌സ്, ഹൈഡ് പാർക്ക് പോലുള്ള ലാൻഡ്‌മാർക്കുകൾക്കും പേരുകേട്ടതാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ ഇറാനിൽ നിന്ന് ഭീഷണി നേരിടുന്നുവെന്ന് പാർലമെന്റിന്റെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി കമ്മിറ്റി പ്രസിദ്ധീകരിച്ച വിശദമായ റിപ്പോർട്ടിൽ പറയുന്നു. ചാരവൃത്തി, സൈബർ ആക്രമണങ്ങൾ ആണവായുധ പദ്ധതി തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു അന്വേഷണത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഉയർന്ന് വരുന്ന ഈ ഭീഷണിയെ നേരിടാൻ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
2023 ഓഗസ്റ്റ് വരെയുള്ള തെളിവുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. യുകെ പൗരന്മാർക്ക് ഇറാൻ വളർന്ന് വരുന്ന ഒരു ഭീഷണിയാണെന്ന് കമ്മിറ്റി ചെയർമാനായ ലോർഡ് ബീമിഷ് പറയുന്നു. ഇറാന്റെ ഇന്റലിജൻസ് സേവനങ്ങൾക്ക് നല്ല ധനസഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്ക് നേരെയുള്ള ബ്രിട്ടീഷ് സർക്കാരിൻെറ സങ്കുചിത മനോഭാവത്തെയും റിപ്പോർട്ടിൽ വിമർശിക്കുന്നു.
2022 മുതൽ, യുകെയിൽ ഇറാനിയൻ ഭരണകൂടത്തെ എതിർക്കുന്നവർക്കെതിരെയുള്ള ശാരീരിക ഭീഷണികളിൽ ഗണ്യമായ വർദ്ധനവ് കമ്മിറ്റി കണ്ടെത്തി. ബ്രിട്ടീഷ് പൗരന്മാരെയോ യുകെയിൽ താമസിക്കുന്ന വ്യക്തികളെയോ ലക്ഷ്യമിട്ട് കുറഞ്ഞത് 15 കൊലപാതക ശ്രമങ്ങളോ തട്ടിക്കൊണ്ടുപോകലോ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇറാൻ ഇന്റർനാഷണൽ, ബിബിസി പേർഷ്യൻ, മനോട്ടോ ടിവി തുടങ്ങിയ യുകെ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനങ്ങളും ഇറാൻ ആക്രമിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇറാനിലെ ബിബിസി പേർഷ്യൻ മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങൾ നേരിടുന്ന പീഡനത്തെ കുറിച്ചും റിപ്പോർട്ട് വിശദീകരിക്കുന്നു. ഇവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാറുണ്ട്, ഇതിന് പുറമേ യുകെയിലെ ബന്ധുക്കളുടെ ജോലി കാരണം ഭീഷണികളും ഇവർ നേരിടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൺസർവേറ്റീവ് പാർട്ടി മുൻ ചെയർ ആയിരുന്ന സർ ജെയ്ക്ക് ബെറി റിഫോം യുകെയിൽ ചേർന്നു. കൺസവേറ്റീവ് പാർട്ടിയിൽനിന്ന് റീഫോം യുകെയിലേയ്ക്ക് കൂറു മാറുന്ന ഏറ്റവും മുതിർന്ന നേതാവാണ് അദ്ദേഹം. കൺസർവേറ്റീവ് പാർട്ടിക്കും നേതാവ് കെമി ബാഡെനോക്കിനും ഇത് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തുന്നത്. ജെയ്ക്ക് ബെറി മുൻ പ്രധാനമന്ത്രിയായ ലിസ് ട്രസിന്റെയും ബോറിസ് ജോൺസന്റെയും അടുത്ത അനുയായിയായാണ് അറിയപ്പെടുന്നത്.
തന്റെ പാർട്ടി ബ്രിട്ടീഷ് ജനതയെ ഉപേക്ഷിച്ചുവെന്നും റീഫോം യു കെ അടുത്ത സർക്കാർ രൂപീകരിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ജെയ്ക്ക് ബെറി പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ കൺസർവേറ്റീവുകളും ലേബറും ചേർന്ന് രാജ്യത്തെ നശിപ്പിച്ചതായുള്ള അദ്ദേഹത്തിൻറെ പ്രസ്താവന ലേബർ പാർട്ടിക്കും കൺസർവേറ്റീവ് പാർട്ടിക്കും വൻ തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്. ജെയ്ക്ക് ബെറി 25 വർഷമായി കൺസർവേറ്റീവ് പാർട്ടി മെമ്പറും 14 വർഷമായി എംപിയുമാണ്.
അടുത്തകാലത്ത് നടന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബറിനെയും മുഖ്യപ്രതിപക്ഷമായ കൺസർവേറ്റീവുകളെയും ഞെട്ടിക്കുന്ന പ്രകടനമാണ് റീഫോം യുകെ നടത്തിയത്. വരും നാളുകളിൽ ഇരു പാർട്ടികളിൽ നിന്നും വൻ കൊഴിഞ്ഞു പോക്ക് ലേബർ പാർട്ടിയിലേയ്ക്ക് ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സമീപ വർഷങ്ങളിൽ റിഫോം യുകെയിലേക്ക് കൂറുമാറിയ അഞ്ചാമത്തെ മുൻ കൺസർവേറ്റീവ് എംപിയാണ് ബെറി. മുൻ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ ഫാരേജിന്റെ പാർട്ടിയിലേക്ക് മാറുന്നത് പരിഗണിച്ചേക്കാമെന്ന് പാർട്ടി അണികൾക്കിടയിൽ കാര്യമായ ആശങ്കയുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈംഗിക പീഡന ആരോപണങ്ങളിൽ ശിക്ഷിക്കപ്പെട്ട സ്വാൻസിയിലെയും ബ്രെക്കോണിലെയും ബിഷപ്പായിരുന്നു ആന്റണി പിയേഴ്‌സിനെതിരെ കൂടുതൽ പരാതികൾ ഉയർന്നു വന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടൊപ്പം സഭയോട് അനുബന്ധിച്ചുള്ള വിവിധ ലൈംഗിക പീഡന ആരോപണങ്ങളും പോലീസ് അന്വേഷണത്തിന് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള പരാതികൾ ബിഷപ്പ് ആകുന്നതിന് 13 വർഷം മുൻപ് 1986 – ൽ സഭാ അധികാരികൾക്ക് ലഭിച്ചിരുന്നതായാണ് അറിയാൻ സാധിച്ചത്. എന്നാൽ സഭാ നേതൃ സ്ഥാനത്തുള്ളവർ അന്ന് പരാതി അവഗണിക്കാനുള്ള സാഹചര്യം അന്വേഷണ പരുധിയിൽ ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇരയായ വ്യക്തി തൻറെ പരാതികൾ അവഗണിച്ചതിനെതിരെ പരസ്യമായി രംഗത്ത് വരുകയും എങ്ങനെ അദ്ദേഹത്തിന് ബിഷപ്പാകാൻ സാധിച്ചു എന്ന കാര്യത്തിൽ പരസ്യ പ്രതികരണം നടത്തുകയും ചെയ്തതാണ് പുതിയ അന്വേഷണത്തിന് കാരണമായത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിന് ശിക്ഷിക്കപ്പെട്ട ആന്റണി പിയേഴ്സ് 1980 കളിൽ സ്വാൻസിയിലെ ഒരു പുരോഹിതനായിരുന്നു. അതോടൊപ്പം നഗരത്തിലെ സിംഗിൾട്ടൺ ആശുപത്രിയിൽ ചാപ്ലെയിൻ ആയിരുന്നു. പുരോഹിത പ്രമുഖരുടെ അമിത മദ്യപാനം ലൈംഗിക ചൂഷണം ഉൾപ്പെടെ നിരവധി ആരോപണങ്ങളാൽ – ആടിയുലയുകയാണ് യുകെയിലെ ആംഗ്ലിക്കൻ സഭ .
വൈദികനായിരിക്കെ അഞ്ച് വർഷത്തിനിടെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ബിഷപ്പ് നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ് . 16 വയസ്സിന് താഴെയുള്ള കുട്ടിയോട് മോശമായി പെരുമാറിയ 5 സംഭവങ്ങളിൽ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. പിയേഴ്സ് സ്വാൻസിയിലെ വെസ്റ്റ് ക്രോസിൽ ഒരു ഇടവക പുരോഹിതനായിരുന്ന അവസരത്തിൽ ആണ് ഇദ്ദേഹം കുറ്റകൃത്യം നടത്തിയത്. കുട്ടിയുടെ പ്രായവും അവന് നിങ്ങളുടെ മേലുള്ള വിശ്വാസവും ചൂഷണം ചെയ്തതായി ജഡ്ജി കാതറിൻ റിച്ചാർഡ്സ് ശിക്ഷ വിധിച്ചു കൊണ്ട് പരഞ്ഞിരുന്നു . ലൈംഗികമായ ചൂഷണം നടന്നപ്പോൾ എതിർത്ത് പറയാനുള്ള ധൈര്യം കാണിക്കാതിരുന്നതിൽ അതിയായ നാണക്കേട് ഉണ്ടായിരുന്നു എന്നാണ് കോടതിയിൽ വായിച്ച ഒരു പ്രസ്താവനയിൽ ഇരയായ ആൾ പറഞ്ഞത്. ജയിൽ ശിഷ കൂടാതെ പിയേഴ്സന്റെ പേര് ആജീവനാന്ത ലൈംഗിക കുറ്റവാളിയുടെ രജിസ്റ്ററിൽ ചേർത്തിരുന്നു . കുട്ടികളുമായോ ദുർബലരായ മുതിർന്നവരുമായോ ജോലി ചെയ്യുന്നതിനോ സന്നദ്ധപ്രവർത്തനം നടത്തുന്നതിനോ ഇതുമൂലം ഇയാൾക്ക് ഇനി സാധിക്കില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തെറ്റിദ്ധാരണയുടെ പുറത്ത് യുകെയിൽ നടന്ന അഴിമതി വിവാദത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തെറ്റായ സോഫ്റ്റ്‌വെയറിൽ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിൽ നൂറുകണക്കിന് ആളുകളെ പ്രോസിക്യൂട്ട് ചെയ്‌ത പോസ്റ്റ് ഓഫീസ് ഹൊറൈസൺ അഴിമതി യുകെയിലെ ഏറ്റവും വലിയ നീതി ലംഘനം ആണ്. തെറ്റുകൾ ഒന്നും ചെയ്യാതെ ആരോപണ വിധേയർ ആയതിൻെറ മനോവിഷമത്തിൽ പതിമൂന്ന് പേർ ജീവൻ ഒടുക്കിയെന്നാണ് കണ്ടെത്തൽ. അഴിമതിയുടെ വാർത്തകൾ പുറത്ത് വന്നത് പൊതുജന രോഷത്തിന് കാരണമായിരുന്നു.
1999നും 2015നും ഇടയിലാണ് ആയിരത്തോളം ബ്രാഞ്ച് മാനേജർമാർ തെറ്റായി പ്രതിചേർക്കപ്പെട്ടത്. ഇതിൽ പലരും കടക്കെണിയിൽ ആവുകയും ചെയ്‌തു. സംഭവത്തിൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിന്റെ ആദ്യ ഭാഗം ജൂലൈ 8 ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. ‘ഹൊറൈസൺ’ എന്ന സോഫ്റ്റ്‌വെയറിനു സംഭവിച്ച പിഴവുമൂലം സെയിൽസ് അക്കൗണ്ടിങ് സംവിധാനം താറുമാറായതാണെന്നു തിരിച്ചറിയാതെ, പോസ്റ്റ് ഓഫിസ് ജീവനക്കാർ പണം തട്ടിയെന്ന് അധികൃതർ തെറ്റിദ്ധരിക്കുകയായിരുന്നു. തെറ്റായ അക്കൗണ്ടിംഗിനും മോഷണത്തിനും നിരവധി സബ്-പോസ്റ്റ്മാസ്റ്റർമാരെ ജയിലിലടച്ചു.
2017-ൽ, 555 സബ്-പോസ്റ്റ്മാസ്റ്റർമാരുടെ ഒരു സംഘം പോസ്റ്റ് ഓഫീസിനെതിരായ നിയമനടപടി സ്വീകരിച്ചു. 2019-ൽ, ഗ്രൂപ്പിന് 58 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകാൻ പോസ്റ്റ് ഓഫീസ് സമ്മതിച്ചു. എന്നാൽ പണത്തിന്റെ ഭൂരിഭാഗവും നിയമപരമായ ചെലവുകൾക്കായി ഉപയോഗിക്കേണ്ടി വന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടിവി ഷോ ആയ മിസ്റ്റർ ബേറ്റ്സ് vs ദി പോസ്റ്റ് ഓഫീസ് എന്ന ഷോയിലൂടെയാണ് യുകെ നീതിന്യായ സംവിധാനത്തിനു പറ്റിയ വലിയ പിഴവായി കുപ്രസിദ്ധി നേടിയ സംഭവത്തിലെ യഥാർഥ വസ്തുതകൾ ലോകമറിഞ്ഞത്. ഇതിന് പിന്നാലെ സർക്കാർ നിയമനടപടി നേരിടേണ്ടി വന്ന ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാമിൽ നടന്നുകൊണ്ടിരിക്കുന്ന ബിൻ പണിമുടക്ക് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. സിറ്റി കൗൺസിൽ നേതാവ് ജോൺ കോട്ടൺ അധികാരി ചർച്ചകളിൽ നിന്ന് “പിന്മാറുകയാണെന്ന്” പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. മെയ് മുതൽ ചർച്ചകൾ നടന്നുവരികയായിരുന്നു. കൗൺസിലിന് വാഗ്‌ദാനം ചെയ്യാൻ സാധിക്കുന്നതിൻെറ പരമാവധി പരിധിയിലെത്തിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ജനുവരിയിൽ ബിൻ ശേഖരണ തൊഴിലാളികൾ വ്യാവസായിക സമരം ആരംഭിക്കുകയായിരുന്നു. മാർച്ചോടെ ഇവർ പൂർണ്ണമായി പണിമുടക്കാൻ ആരംഭിച്ചു. ഇതിന് പിന്നാലെ, നഗരത്തിലുടനീളം വലിയ മാലിന്യക്കൂമ്പാരങ്ങളാണ് അടിഞ്ഞു കൂടിയത്. വേസ്റ്റ് റീസൈക്ലിംഗ് ആൻഡ് കളക്ഷൻ ഓഫീസർ (WRCO) തസ്തികകൾ നീക്കം ചെയ്യാനുള്ള കൗൺസിലിന്റെ പദ്ധതികളെ യൂണിയൻ എതിർത്തതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. കൗൺസിലിന്റെ പുതിയ തീരുമാനം നടപ്പിലാക്കിയാൽ 170 തൊഴിലാളികൾക്ക് പ്രതിവർഷം 8,000 പൗണ്ട് വരെ നഷ്ടപ്പെടുമെന്ന് യൂണിയൻ അവകാശപ്പെടുന്നു.
എന്നാൽ പുതിയ നിർദ്ദേശങ്ങൾ പ്രകാരം വളരെ കുറച്ച് ജീവനക്കാർക്ക് മാത്രമേ ശമ്പളത്തിൽ കുറവുണ്ടാകൂ എന്നാണ് കൗൺസിലിൻെറ അവകാശ വാദം. സിറ്റി കൗൺസിൽ ചർച്ചകൾ ചെയ്യാൻ ശ്രമിച്ചെങ്കിലും മുന്നോട്ട് വച്ച എല്ലാ ഓഫറുകളും യൂണിയൻ നിരസിച്ചുവെന്ന് സിറ്റി കൗൺസിൽ നേതാവ് ജോൺ കോട്ടൺ പറയുന്നു. തുല്യ വേതന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മൊത്തത്തിലുള്ള മാലിന്യ സേവനം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുമായി അതോറിറ്റി ഇപ്പോൾ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്കുന്ന തൊഴിലാളികൾക്ക് കൂടുതൽ വാഗ്ദാനം ചെയ്യാൻ കൗൺസിലിന് കഴിയില്ലെന്നത് സമീപ മാസങ്ങളിൽ നഗരം നടത്തിയ സാമ്പത്തിക വീണ്ടെടുക്കൽ ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലീഷ് ചാനൽ കടന്നുള്ള അനധികൃത കുടിയേറ്റം ബ്രിട്ടനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ഈ വിഷയത്തിൽ ഫ്രാൻസുമായി ദീർഘകാല കരാർ ഏർപ്പെടാനുള്ള സാധ്യതകളാണ് തെളിഞ്ഞു വന്നിരിക്കുന്നത്. യുകെയും ഫ്രാൻസും ചെറിയ ബോട്ട് ക്രോസിംഗുകൾ നിർത്തുന്നതിനായുള്ള ഉടമ്പടിയിൽ ഒപ്പുവെക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 2008 നു ശേഷം ആദ്യമായാണ് ഫ്രഞ്ച് രാഷ്ട്ര തലവൻ യുകെ സന്ദർശിക്കുന്നത് . ക്രോണിന്റെ മൂന്ന് ദിവസത്തെ സന്ദർശന അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട കരാർ അന്തിമമാക്കുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പ്രതീക്ഷിക്കുന്നത്.
പുതിയ കരാറിന്റെ ഭാഗമായി ഫ്രഞ്ച് പോലീസിന് കൂടുതൽ അധികാരങ്ങൾ കൈമാറും. ചർച്ചകൾക്ക് മുന്നോടിയായി യുകെ പാർലമെന്റിൽ സംസാരിച്ച മാക്രോൺ ഇരു രാജ്യങ്ങളും തങ്ങളുടെ സംയുക്ത ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് എന്ന് പറഞ്ഞു. എന്നാൽ ശാശ്വതവും ഫലപ്രദവുമായ ഒരു പരിഹാരം ഉറപ്പാക്കുന്നതിന് യൂറോപ്യൻ യൂണിയൻ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ്. യുകെയിൽ കുടുംബ ബന്ധമുള്ള അഭയാർത്ഥികളെ സ്വീകരിക്കുന്നതിന് പകരമായി ചെറിയ ബോട്ടുകളിൽ എത്തുന്ന കുടിയേറ്റക്കാരെ ഫ്രാൻസിലേക്ക് തിരിച്ചയക്കാൻ പുതിയ കരാർ ബ്രിട്ടന് സഹായകമാവും.
ഈ വർഷത്തെ ആദ്യപകുതിയിൽ ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ 6 മാസത്തിനിടെ ചെറു ബോട്ടുകളിൽ ഏകദേശം 20000 പേരാണ് യുകെയിൽ എത്തിയത് . 2024 ലെ ആദ്യ ആറു മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 48 ശതമാനം വർദ്ധനവാണ്. ജൂൺ 29, 30 തീയതികളിൽ മാത്രം ഏകദേശം 1500 ആളുകളാണ് യുകെയിൽ അനധികൃതമായി എത്തിയത്. കാലാവസ്ഥ അനുകൂലമാകുന്നതും കൂടുതൽ മനുഷ്യ കള്ളക്കടത്തുകാർ സജീവമാകുന്നതുമാണ് അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നാണ് സർക്കാർ പക്ഷം. മനുഷ്യ കടത്തുകാർക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കുന്നതിനുള്ള നിയമ നിർമ്മാണവുമായി ലേബർ സർക്കാർ മുന്നോട്ടു പോകുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിൽ സ്ത്രീക്ക് നേരെ നായ്ക്കളുടെ അതിക്രൂര ആക്രമണം. രണ്ട് എക്സ്.എൽ. ബുള്ളീ നായ്ക്കളും മറ്റൊരു നായയും ചേർന്നായിരുന്നു സ്ത്രീയെ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ സ്ത്രീയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40 ഓടെ ഇൻവെർഷിനിലെ ഷിൻഡേലിൽ വെച്ചാണ് നായ്ക്കൾ 69 കാരിയെ ആക്രമിച്ചത്.
എയർ ആംബുലൻസിൽ ഇൻവെർനെസിലെ റൈഗ്മോർ ആശുപത്രിയിലാണ് സ്ത്രീയെ പ്രവേശിപ്പിച്ചത്. ആക്രമണം നടത്തിയ നായ്ക്കളിൽ രണ്ടെണ്ണം എക്സ്.എൽ. ബുള്ളീസ് ഇനത്തിൽ ഉള്ളവയാണ്. ഈ രണ്ട് നായ്ക്കളും രജിസ്റ്റർ ചെയ്തതും നിയമപരമായി ഉടമസ്ഥതയിലുള്ളതുമാണ്. ആക്രമണം നടത്തിയ മൂന്നാമത്തെ നായ നിരോധിത ഇനമായിരുന്നില്ല. സംഭവത്തിൽ 76 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്.
2025 ജൂലൈ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40 ഓടെയാണ്, ഇൻവെർഷിനിലെ ഷിൻഡേലിൽ മൂന്ന് നായ്ക്കളുടെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റതായി സ്കോട്ട്ലൻഡ് പോലീസിന് റിപ്പോർട്ട് ലഭിച്ചത്. ഉടൻ തന്നെ അടിയന്തര സേവനങ്ങൾ എത്തി, എയർ ആംബുലൻസിൽ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.