Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിലെ കൊറിഡോർ കെയറിൽ രോഗികൾക്ക് ചികിത്സ നൽകുന്നത് “പീഡനത്തിന് സമാനം” ആണെന്നും ഇതുമൂലം മരണങ്ങളും ജീവനക്കാരുടെ മാനസിക ആഘാതവും വർധിക്കുകയാണെന്നും ബ്രിട്ടനിലെ നഴ്‌സുമാരുടെ സംഘടനയായ റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (RCN) മുന്നറിയിപ്പ് നൽകി. ഒരു വയോധികൻ കൊറിഡോറിൽ ശ്വാസംമുട്ടി മരിച്ച സംഭവവും പുതിയ റിപ്പോർട്ടിൽ, രേഖപ്പെടുത്തിയിട്ടുണ്ട് . രോഗികളുടെ എണ്ണം അതിരു കടന്നതോടെ ആശുപത്രികളിൽ ഭക്ഷണശാലകളും സ്റ്റാഫ് അടുക്കളകളും പോലും താൽക്കാലിക വാർഡുകളാക്കി മാറ്റുന്ന സ്ഥിതിയാണെന്ന് റിപ്പോർട്ട് പറയുന്നു. ജനുവരി 2 മുതൽ 9 വരെ 436 നേഴ്‌സുമാരിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് .

പല നേഴ്‌സുമാർക്കും ഈ അനുഭവങ്ങൾ ഇന്നും “ഭീകര സ്വപ്നങ്ങളായി” പിന്തുടരുകയാണെന്ന് റിപ്പോർട്ട് പറയുന്നു. സൗത്ത് ഇംഗ്ലണ്ടിൽ, താൽക്കാലിക വാർഡാക്കിയ ഡിപ്പാർച്ചർ ലൗഞ്ചിൽ രോഗി മരിച്ച സംഭവവും, യോർക്ക്ഷയറിൽ ഒരാഴ്ചക്കാലം ഓവർഫ്ലോ ഏരിയയിൽ കിടത്തിയ ശേഷം മരിച്ച ഒരു രോഗിയുടെ കഥയും റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട് . കൊറിഡോർ കെയർ ഇപ്പോൾ അടിയന്തിര വിഭാഗങ്ങൾക്കപ്പുറം മുതിർന്നവരുടെ വാർഡുകളിലേക്കും മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിക്കുകയാണെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു. 2024 ജൂണിൽ തന്നെ ഇത് “ദേശീയ അടിയന്തിരാവസ്ഥ”യെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ടിലെ ആരോഗ്യ മന്ത്രി വെസ് സ്റ്റ്രീറ്റിംഗ് 2029-നകം കൊറിഡോർ കെയർ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇത് പ്രവർത്തികമാകുമോ എന്ന കാര്യത്തിൽ മിക്ക , ജീവനക്കാരും സംശയമാണ് പ്രകടിപ്പിച്ചത് . സുരക്ഷാ ഏജൻസികളും ഇത്തരം താൽക്കാലിക പരിചരണ സ്ഥലങ്ങൾ രോഗികൾക്ക് ഗുരുതര അപകടമാണെന്ന് മുന്നറിയിപ്പ് നൽകി. വൈകിയ ചികിത്സ മൂലം വർഷംതോറും ഏകദേശം 16,600 പേർ മരിക്കുന്നതായി ആണ് കണക്കുകൾ പറയുന്നത് . 450 മില്യൺ പൗണ്ട് നിക്ഷേപവും പുതിയ അടിയന്തിര കേന്ദ്രങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, “കൊറിഡോറിൽ ചികിത്സ ആർക്കും ലഭിക്കരുതെന്ന ” വാക്കുകൾ യാഥാർത്ഥ്യമാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ മെമ്പറും, ഹോൻസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയംഗവും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ പ്രവർത്തകനുമായിരുന്ന ജേക്കബ് ജോർജ്ജ് നാട്ടിൽ നിര്യാതനായി. പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവൻ കുടുംബാംഗമായിരുന്ന ജേക്കബ്, ഭാര്യ സാരു ജേക്കബിന്റെ അമ്മയുടെ ഒന്നാം ചരമ വാർഷികത്തിൽ പങ്കുചേരുന്നതിനായി നാട്ടിലെത്തിയപ്പോളായിരുന്നു മരണം സംഭവിച്ചത്. ഒന്നാം ചരമ വാർഷീക പ്രാർത്ഥനകളും ശുശ്രുഷകളും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ്മകളിൽ സദാ പുഞ്ചിരിതൂകി എല്ലാവരെയും നേരിൽക്കണ്ട് ഹസ്തദാനം ചെയ്ത്, നർമ്മസംഭാഷണങ്ങൾ നടത്തിയും, വിശേഷണങ്ങൾ തേടിയും കൂട്ടത്തിലൊരാളായി നിഴൽപോലെ കണ്ടു വന്നിരുന്ന ജേക്കബിന്റെ ആകസ്മിക മരണം സ്റ്റീവനേജിനെ അക്ഷരാർത്ഥത്തിൽ ശോകമൂകമാക്കിയിരിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആത്മീയ കാര്യങ്ങളിലും, സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ജേക്കബ് ലണ്ടനിലെ ഹോൻസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിലെ അംഗമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായിരുന്ന ജേക്കബ് ലണ്ടനിൽ കോൺഗ്രസ്സ് നേതാക്കൾ ആരെങ്കിലും എത്തിയാൽ അവിടെ എത്തി കാണുകയും, ഐഒസി യുടെ പരിപാടികളിൽ പങ്കുചേരുകയും ചെയ്യുന്ന ഒരാളായിരുന്നു.

സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിലെ നേഴ്സിങ് സ്റ്റാഫ്‌, സാരു ജേക്കബാണ് ഭാര്യ. സാരു ജേക്കബ്, കോന്നി, വകയാർ, പീടികയിൽ കുടുംബാംഗമാണ്. ആഗി ആൻ ജേക്കബ് (ഫൈനാൻസ് ഓഫീസർ) മിഗി മറിയം ജേക്കബ് (ആർക്കിടെക്ട്), നിഗ്ഗി സൂസൻ ജേക്കബ് ( ലീഡ്‌സിൽ മെഡിക്കൽ വിദ്യാർത്ഥി) എന്നിവർ മക്കളും, അർജുൻ പാലത്തിങ്കൽ മരുമകനും ( സ്റ്റീവനേജ്, ലിസ്റ്റർ ഹോസ്പിറ്റൽ ബയോമെഡിക്കൽ എഞ്ചിനീയർ), അഷർ കൊച്ചു മകനുമാണ്.

സ്റ്റീവനേജിൽ തന്നെ താമസിക്കുന്ന ഭാര്യാ സഹോദരൻ സാബു ഡാനിയേൽ, പീടികയിൽ നാട്ടിൽ പരേതനോടൊപ്പം ഉണ്ടായിരുന്നു. സംസ്ക്കാരം പിന്നീട് പത്തനംതിട്ട മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും. യു കെ യിലുള്ള പരേതന്റെ മക്കൾ നാട്ടിലേക്ക് ഇന്നുതന്നെ തിരിക്കുന്നതാണ്.

യുക്മ നാഷണൽ കമ്മിറ്റിക്കുവേണ്ടി എബി സെബാസ്റ്റ്യൻ, സർഗ്ഗം സ്റ്റീവനേജിനുവേണ്ടി മനോജ് ജോൺ, ഐഒസിക്കുവേണ്ടി ജോണി കല്ലടാന്തിയിൽ, മാർത്തോമ്മാ പള്ളി വികാരി റവ. ജോൺ മാത്യു തുടങ്ങിയവർ പരേതന് ആത്മശാന്തി നേരുകയും, സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

ജേക്കബ് ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാരീസ്: കുടിയേറ്റക്കാർ ചെറുവള്ളങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്നത് തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ അതി വലതുപക്ഷ സംഘടനയായ ‘റെയ്സ് ദി കളേഴ്‌സ്’ അംഗങ്ങളായ 10 ബ്രിട്ടീഷ് പൗരന്മാർക്ക് ഫ്രാൻസിൽ പ്രവേശിക്കുകയും താമസിക്കുകയും ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഇവർ ഫ്രാൻസിന്റെ വടക്കൻ തീരപ്രദേശങ്ങളിൽ കുടിയേറ്റക്കാർ ഉപയോഗിക്കുന്ന ചെറുവള്ളങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും കുടിയേറ്റ വിരുദ്ധ പ്രചാരണം നടത്തുകയും ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2025 ഡിസംബറിൽ തുടങ്ങിയ ഇവരുടെ പ്രവർത്തനങ്ങൾ പൊതുസമാധാനത്തിന് ഗുരുതര ഭീഷണിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.


അക്രമസ്വഭാവമുള്ളതോ വെറുപ്പ് പ്രചരിപ്പിക്കുന്നതോ ആയ പ്രവർത്തനങ്ങൾക്ക് ഇവിടെ സ്ഥാനമില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ്, വ്യക്തമാക്കി. വിലക്ക് ബാധകമായ വ്യക്തികളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. വിഷയത്തിൽ യുകെ വിദേശകാര്യ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


അതേസമയം, തങ്ങളുടെ പ്രവർത്തനങ്ങൾ സമാധാനപരവും നിയമപരവുമാണെന്നും അക്രമമോ നിയമവിരുദ്ധ നടപടികളോ സംഘടന പിന്തുണയ്ക്കുന്നില്ലെന്നും ‘റെയ്സ് ദി കളേഴ്‌സ്’ അറിയിച്ചു. 2025 ൽ 41,472 പേർ ചെറുവള്ളങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്നതായി ബ്രിട്ടീഷ് ഹോം ഓഫിസ് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് 2024 നെ അപേക്ഷിച്ച് 13 ശതമാനം വർധനവ് ആണ് . 2026 ജനുവരി 1 മുതൽ 5 വരെ 32 പേർ കൂടി ചാനൽ കടന്നു. കുടിയേറ്റ പ്രശ്നം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ യുകെയുടെ സമ്മർദ്ദത്തെ തുടർന്ന് ചെറുവള്ളങ്ങൾ തടയാനുള്ള നടപടികൾ ഫ്രാൻസ് ശക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ കുട്ടികളുടെ കളിസ്ഥലങ്ങളിൽ ക്യാൻസറുമായി ബന്ധമുള്ള ഗ്ലൈഫോസേറ്റ് എന്ന കീടനാശിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ലണ്ടനിലും സമീപ കൗണ്ടികളിലുമുള്ള 13 കളിസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ടിടങ്ങളിൽ ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതായി പെസ്റ്റിസൈഡ്സ് ആക്ഷൻ നെറ്റ്‌വർക്ക് യുകെ അറിയിച്ചു. ലോകാരോഗ്യ സംഘടന 2015 മുതൽ “ഗ്ലൈഫോസേറ്റിനെ “ കാൻസറിന് കാരണമാകും എന്ന നിലയിലാണ് കാണുന്നത്. എന്നിട്ടും പൊതുപാർക്കുകളിലും കളിസ്ഥലങ്ങളിലും ഈ രാസവസ്തു വ്യാപകമായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ.

കുട്ടികൾ കളിക്കുന്ന സ്വിംഗ്, സ്ലൈഡ് പോലുള്ള ഉപകരണങ്ങളിൽ പോലും ഗ്ലൈഫോസേറ്റ് കണ്ടത് ഏറെ ആശങ്കാജനകമാണെന്ന് പ്രവർത്തകർ പറയുന്നു. ചെറുകുട്ടികൾ കൈകളും വസ്തുക്കളും വായിൽ ഇടുന്ന സ്വഭാവമുള്ളതിനാൽ ഇത് ആരോഗ്യത്തിന് വലിയ ഭീഷണിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലിവർ, വൃക്ക രോഗങ്ങൾ മുതൽ ല്യൂക്കീമിയ പോലുള്ള ക്യാൻസറുകൾ വരെ ഗ്ലൈഫോസേറ്റുമായി ബന്ധപ്പെടുത്തി ഉണ്ടാകാമെന്ന പഠനങ്ങൾ പുറത്തു വന്നിട്ടുണ്ടെന്ന് കിംഗ്സ് കോളജ് ലണ്ടനിലെ പ്രൊഫസർ മൈക്കൽ ആന്റോണിയോ പറഞ്ഞു.

ഇതിനിടെ, 2021 മുതൽ ഗ്ലൈഫോസേറ്റ് ഒഴിവാക്കിയ ഹാക്ക്നി മേഖലയിൽ ഒരു കളിസ്ഥലത്തിലും ഈ രാസവസ്തുവിന്റെ അടയാളം കണ്ടെത്താനായില്ല. ഇതോടെ ഗ്ലൈഫോസേറ്റ് പൊതുസ്ഥലങ്ങളിൽ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഗ്രീൻ പാർട്ടി എംപി സിയാൻ ബെറി ഇതുസംബന്ധിച്ച് ബിൽ അവതരിപ്പിച്ചിട്ടുണ്ട്. “കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടങ്ങളായിരിക്കേണ്ട കളിസ്ഥലങ്ങൾ അപകടമേഖലയാകരുത്” എന്നാണ് രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും നിലപാട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൺസ് ബേണിംഗ്, ഗ്രേഞ്ച് ഹിൽ തുടങ്ങിയ ജനപ്രിയ ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടൻ ജോൺ ആൽഫോർഡ്രണ്ട് കൗമാര പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എട്ട് വർഷവും ആറുമാസവും തടവിന് ശിക്ഷിക്കപ്പെട്ടു. ഇയാളുടെ യഥാർത്ഥ പേര് ജോൺ ഷാനൻ എന്നാണ് . 2022 ഏപ്രിലിൽ ഹെർട്‌ഫോർഡ്ഷയറിലെ ഹോഡ്സ്ഡണിൽ നടന്ന സംഭവങ്ങളിലാണ് ശിക്ഷ. 14, 15 വയസ്സുള്ള പെൺകുട്ടികൾക്ക് മദ്യം വാങ്ങി നൽകി തുടർന്ന് ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയെന്നാണ് കോടതി കണ്ടെത്തിയത്.

സ്റ്റി. ആൽബൻസ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ, ചെറുപ്പക്കാരിയുമായി ബന്ധപ്പെട്ട നാല് ലൈംഗിക കുറ്റങ്ങൾക്കും മുതിർന്ന പെൺകുട്ടിക്കെതിരായ ലൈംഗിക അതിക്രമവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചു. പ്രതിക്ക് പെൺകുട്ടികളുടെ പ്രായം അറിയാമായിരുന്നുവെന്നും അതിനെ അവഗണിച്ചാണ് കുറ്റകൃത്യം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യങ്ങൾ ഇരകളുടെ ജീവിതത്തിൽ “ഗൗരവമായും ദീർഘകാലവുമായ ആഘാതം” ഉണ്ടാക്കിയതായി ജഡ്ജി പറഞ്ഞു.

വിധി കേട്ടപ്പോൾ കുറ്റം നിഷേധിച്ച ആൽഫോർഡ്, ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടു. എന്നാൽ ഇരകളുടെ മൊഴിയും അന്വേഷണ വിവരങ്ങളും കുറ്റം തെളിയിക്കാൻ മതിയാണെന്ന നിലപാടിലാണ് കോടതി. സംഭവങ്ങൾ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും തകർത്തതായി ഇരകളുടെ സ്വാധീന പ്രസ്താവനകളിൽ വ്യക്തമാക്കിയിരുന്നു. മുൻപ് മയക്കുമരുന്ന് കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആൽഫോർഡിന് ഇതാദ്യമായാണ് ലൈംഗിക കുറ്റത്തിൽ ശിക്ഷ ലഭിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിരമിച്ചവർക്ക് മാത്രം അനുവദിച്ചിരിക്കുന്ന ഹൗസിംഗ് കോംപ്ലക്സിൽ അനുമതിയില്ലാതെ കുടുംബത്തെ താമസിപ്പിച്ച സംഭവത്തിൽ, ബംഗ്ലാദേശ് വംശജനായ കുടിയേറ്റക്കാരനെതിരെ ഒഴിപ്പിക്കൽ നടപടി തുടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. 59 കാരനായ ഷാഹിദുൽ ഹഖ് 2024 ജൂലൈയിൽ റീഡിംഗിലെ 55 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമുള്ള ഡേവിഡ് സ്മിത്ത് കോടതി എന്ന റെസിഡൻഷ്യൽ കോംപ്ലക്സിലെ ഒറ്റമുറി ഫ്ലാറ്റിൽ താമസമാരംഭിച്ചു. എന്നാൽ അഞ്ച് മാസത്തിന് ശേഷം ഭാര്യയെയും മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളെയും അനുമതിയില്ലാതെ ഫ്ലാറ്റിലേക്ക് മാറ്റിയതോടെയാണ് സൗതേൺ ഹൗസിംഗ് ടെനൻസി കരാർ ലംഘിച്ചുവെന്നാരോപിച്ച് കോടതിയെ സമീപിച്ചത്.

കുട്ടികളുടെ കരച്ചിലും രാത്രി വൈകിയുള്ള ശബ്ദങ്ങളും മൂലം ഉറക്കം നഷ്ടപ്പെടുന്നതായി നിരവധി വയോധികർ പരാതിപ്പെട്ടതായി ഹൗസിംഗ് അധികൃതർ കോടതിയിൽ അറിയിച്ചു. 2024 ഡിസംബർ മുതൽ 2025 ഒക്ടോബർ വരെ 39 ദിവസങ്ങളിലായി ശബ്ദ മലിനീകരണവും പെരുമാറ്റവും സംബന്ധിച്ച നിരവധി പരാതികൾ രജിസ്റ്റർ ചെയ്തതായാണ് കോടതിയിൽ വെളിപ്പെട്ടത് . അടിയന്തിര സഹായത്തിനുള്ള അലാറം കോർഡ് കുട്ടികൾ പലതവണ വലിച്ചതായും, ചുമരുകളിൽ ക്രയോൺ കൊണ്ട് വരച്ചതായും ആരോപണമുണ്ട്. എന്നാൽ ഇംഗ്ലീഷ് അറിയാത്തതിനാൽ കരാറിലെ നിബന്ധനകൾ മനസ്സിലായില്ലെന്നും, തന്നെ ഒഴിപ്പിക്കുന്നത് കുടുംബജീവിതത്തിന് അവകാശം ഉറപ്പു നൽകുന്ന യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷന്റെ ആർട്ടിക്കിൾ 8 ലംഘനമാകുമെന്നുമാണ് ഹഖിന്റെ വാദം.

ആർട്ടിക്കിൾ 8 പ്രകാരമുള്ള വാദം പരിഗണിച്ച് ജില്ലാ ജഡ്ജി ഒഴിപ്പിക്കൽ ഉത്തരവ് ഉടൻ പുറപ്പെടുവിച്ചില്ല. കേസ് ജനുവരിയിൽ പരിഗണിക്കാനിരുന്നെങ്കിലും മേയ് 5 ലേക്ക് മാറ്റി. ടെനൻസി കരാർ ഒപ്പുവെച്ചപ്പോൾ നിബന്ധനകൾ അംഗീകരിച്ചതായി ഹഖ് തന്നെ സ്ഥിരീകരിച്ചതാണെന്നും, ഈ ഫ്ലാറ്റ് കുടുംബവാസത്തിന് യോജിച്ചതല്ലെന്നും സൗതേൺ ഹൗസിംഗ് കോടതിയിൽ വ്യക്തമാക്കി. 1997 മുതൽ യുകെയിൽ താമസിക്കുന്ന താൻ ബ്രിട്ടീഷ് പൗരനാണെന്നും, കൂടുതൽ അനുയോജ്യമായ വീട് ലഭിച്ചാൽ മാറാൻ തയ്യാറാണെന്നും ഹഖ് പ്രതികരിച്ചു. ആർട്ടിക്കിൾ 8 ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ചർച്ച ശക്തമാകുന്നതിനിടെ കേസ് വലിയ ശ്രദ്ധ നേടുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്നതിനായി നിർബന്ധിത ഡിജിറ്റൽ ഐഡി നടപ്പാക്കാനുള്ള സർക്കാർ പദ്ധതി പിന്‍വലിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2029 മുതൽ ജോലി ചെയ്യാനുള്ള അവകാശ പരിശോധനകൾ ഡിജിറ്റലായി നടക്കുമെങ്കിലും, പുതിയ ഡിജിറ്റൽ ഐഡി പദ്ധതിയിൽ രജിസ്റ്റർ ചെയ്യൽ സ്വമേധയാ തിരഞ്ഞെടുക്കാവുന്നതായിരിക്കും. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ പ്രഖ്യാപിച്ച ഡിജിറ്റൽ ഐഡി ഇല്ലാതെ യുകെയിൽ ജോലി ചെയ്യാനാകില്ല എന്ന നിലപാടിൽ നിന്നുള്ള ശ്രദ്ധേയമായ മാറ്റമാണിത്.

ഇമിഗ്രേഷൻ നിയന്ത്രണം ശക്തമാക്കാൻ നിർബന്ധിത ഡിജിറ്റൽ ഐഡി സഹായിക്കുമെന്നായിരുന്നു സർക്കാരിന്റെ മുൻ വാദം. എന്നാൽ, ശക്തമായ വിമർശനവും മൂന്ന് ദശലക്ഷത്തോളം പേർ ഒപ്പുവച്ച പാർലമെന്റ് ഹർജിയും ഉയർന്നതോടെയാണ് നിലപാട് മാറിയത്. ലേബർ പാർട്ടിക്കുള്ളിലുള്ള വിയോജിപ്പും മാറ്റത്തിന് വഴിവെച്ചു. ഇനി ഡിജിറ്റൽ ഐഡി പൊതുസേവനങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കുന്ന ഒരു ഉപകരണമെന്ന നിലയിലാണ് സർക്കാർ കൂടുതൽ ഊന്നൽ നൽകുക.

പ്രതിപക്ഷ കക്ഷികൾ തീരുമാനം സർക്കാരിന്റെ മലക്കം മറിച്ചിൽ ‘ ആണെന്ന് വിമർശിച്ചു. കൺസർവേറ്റീവ് നേതാവ് കെമി ബാഡനോക്ക് നയം ‘തെറ്റായിരുന്നുവെന്ന്’ പ്രതികരിച്ചു. ലിബറൽ ഡെമോക്രാറ്റുകളും റിഫോം യുകെയും ഗ്രീൻ പാർട്ടിയും തീരുമാനത്തെ സ്വാഗതം ചെയ്തു. നിലവിൽ തന്നെ തൊഴിലുടമകൾക്ക് ജോലി ചെയ്യാനുള്ള അവകാശ പരിശോധന നിർബന്ധമാണെന്നും, Gov.uk One Login, വരാനിരിക്കുന്ന Gov.uk Wallet തുടങ്ങിയ സർക്കാർ സംവിധാനങ്ങളെ ആധാരമാക്കിയായിരിക്കും ഡിജിറ്റൽ ഐഡി നടപ്പാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എഡിൻബറോ: 2026–27 സാമ്പത്തിക വർഷത്തേക്കുള്ള സ്‌കോട്ടിഷ് ബജറ്റിൽ വരുമാനനികുതി പരിധികളിൽ ധനകാര്യ മന്ത്രി ഷോണ റോബിസൺ മാറ്റങ്ങൾ പ്രഖ്യാപിച്ചു . ഇതനുസരിച്ച് അടുത്ത സാമ്പത്തിക വർഷം സ്‌കോട്ട് ലൻഡിലെ 55 ശതമാനം നികുതിദായകർക്ക് യുകെയിലെ മറ്റ് ഭാഗങ്ങളിലേക്കാൾ കുറവ് വരുമാന നികുതി നൽകിയാൽ മതിയെന്ന് സർക്കാർ അവകാശപ്പെട്ടു. അടിസ്ഥാന (20%) നികുതി നിരക്കിന്റെ പരിധി £15,398ൽ നിന്ന് £16,537ലേക്കും ഇടത്തരം (21%) നിരക്ക് ആരംഭിക്കുന്ന പരിധി £27,492ൽ നിന്ന് £29,527ലേക്കും ഉയർത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇതോടെ £33,500ൽ താഴെ വരുമാനമുള്ളവർക്ക് പരമാവധി £40 വരെ നികുതി ഇളവ് ലഭിക്കും. എന്നാൽ ഉയർന്ന (42%), അഡ്വാൻസ്ഡ് (45%), ടോപ്പ് (48%) നികുതി നിരക്കുകൾ നിലവിലെ പോലെ തുടരും; £50,000 വരുമാനം ഉള്ളവർക്ക് ഇംഗ്ലണ്ടിനേക്കാൾ ഏകദേശം £1,500 അധിക നികുതി നൽകേണ്ടിവരും.

£10 ലക്ഷം മൂല്യമുള്ള വീടുകൾക്ക് 2028 ഏപ്രിൽ മുതൽ രണ്ട് പുതിയ കൗൺസിൽ ടാക്‌സ് ബാൻഡുകൾ നടപ്പാക്കുമെന്നും റോബിസൺ പ്രഖ്യാപിച്ചു. ഇതിലൂടെ കൗൺസിലുകൾക്ക് അധിക വരുമാനം ലഭിക്കുമെന്നും നികുതിയിൽ കൂടുതൽ നീതിതുല്യത ഉണ്ടാകുമെന്നും സർക്കാർ വിശദീകരിച്ചു. ഇതിന് പുറമെ, സ്കോട്ടിഷ് ചൈൽഡ് പേയ്മെന്റ് 2027–28 മുതൽ ഒരു വയസിൽ താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് ആഴ്ചയിൽ £40 ആയി ഉയർത്തും. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ലെഷർ മേഖലകൾക്ക് 2026–27ൽ 15% ബിസിനസ് റേറ്റ്സ് ഇളവ്, റോഡുകളും റെയിൽവേയും ഫെറി ഫ്ലീറ്റും ഉൾപ്പെടുന്ന ഗതാഗത നിക്ഷേപങ്ങൾ, £1.5 ബില്യൺ കാര്യക്ഷമതാ ലാഭം, എല്ലാ പ്രൈമറി സ്കൂളുകളിലും ബ്രേക്ക്ഫാസ്റ്റ്–ആഫ്റ്റർ സ്കൂൾ ക്ലബുകൾ, ‘സമ്മർ ഓഫ് സ്പോർട്’, സ്വകാര്യ ജെറ്റുകൾക്ക് ഉൾപ്പെടെ എയർ ഡിപാർച്ചർ ടാക്‌സ്, ആരോഗ്യ–സാമൂഹ്യ പരിപാലനത്തിന് £22.5 ബില്യൺ, സർവകലാശാലകൾക്കും കോളേജുകൾക്കും അധിക £70 മില്യൺ എന്നിവയും ബജറ്റിലുണ്ട്.

പ്രതിപക്ഷ കക്ഷികൾ ബജറ്റിനെക്കുറിച്ച് സമിശ്ര പ്രതികരണമാണ് രേഖപ്പെടുത്തിയത്. കൺസർവേറ്റീവുകൾ ഇത് മധ്യവർഗത്തിന് ഗുണകരമല്ലെന്ന് വിമർശിച്ചപ്പോൾ, ലേബർ ‘യഥാർത്ഥ മാറ്റം ഉണ്ടാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. ഗ്രീൻസ് ‘മാൻഷൻ ടാക്‌സ്’ ഉൾപ്പെടെയുള്ള നടപടികളെ സ്വാഗതം ചെയ്തെങ്കിലും സൗജന്യ ചൈൽഡ്‌കെയർ മാനദണ്ഡങ്ങളിൽ മാറ്റമില്ലാത്തതിൽ നിരാശ പ്രകടിപ്പിച്ചു. സ്കോട്ടിഷ് ഫിസ്കൽ കമ്മീഷൻ വിലയിരുത്തൽ പ്രകാരം വരുമാനനികുതി മാറ്റങ്ങൾ 2027–28ൽ £72 മില്യണും 2028–29 മുതൽ ഏകദേശം £200 മില്യണും അധിക വരുമാനം സൃഷ്ടിക്കും. ബജറ്റ് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കപ്പെടും. ഫെബ്രുവരി 25നാണ് അന്തിമ വോട്ടെടുപ്പ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സംരക്ഷണ പരിചരണത്തിൽ (ഫോസ്റ്റർ, റെസിഡൻഷ്യൽ, കിൻഷിപ്പ് കെയർ) വളരുന്ന കൗമാരക്കാരിൽ ഓരോ നാലുപേരിലും ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്തുവന്നു . 2000–2002 കാലഘട്ടത്തിൽ ജനിച്ച 19,000 പേരെ പിന്തുടർന്ന മില്ലേനിയം കോഹോർട്ട് സ്റ്റഡി ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ഈ ഗവേഷണം നടന്നത്. പരിചരണ പരിചയമുള്ള 17 വയസ്സുകാരിൽ 26 ശതമാനം പേർ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട് . മറ്റുള്ള കൗമാരക്കാരിൽ ഇത് വെറും 7 ശതമാനം മാത്രമാണ്. യുസിഎൽ സെന്റർ ഫോർ ലോംഗിറ്റ്യൂഡിനൽ സ്റ്റഡീസിലെ ഗവേഷകർ നടത്തിയ പഠനത്തിന് നഫീൽഡ് ഫൗണ്ടേഷന്റെ പിന്തുണയുണ്ടായിരുന്നു.

പഠനം സൂചിപ്പിക്കുന്നത് ആത്മഹത്യാ ശ്രമങ്ങൾക്ക് പുറമേ, കെയർ പരിചരണത്തിൽ ഉള്ള കൗമാരക്കാർക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളും കൂടുതലാണെന്നതാണ്. ഫോസ്റ്റർ കെയറിൽ ഉണ്ടായിരുന്നവരിൽ 56 ശതമാനം പേർ സ്വയം പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും, പരിചരണം ഇല്ലാത്തവരിൽ ഇത് 24 ശതമാനം മാത്രമാണെന്നും കണ്ടെത്തി. കൂടാതെ, ഫോസ്റ്റർ കെയർ അനുഭവമുള്ളവരിൽ 39 ശതമാനം പേർക്ക് ഉയർന്ന തോതിലുള്ള വിഷാദം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പരിചരണ പരിചയം ഇല്ലാത്തവരിൽ ഇത് 16 ശതമാനം മാത്രം ആണ് . ലൈംഗിക പെരുമാറ്റത്തിലും വ്യത്യാസമുണ്ട്. പരിചരണത്തിലായിരുന്നവരിൽ കുറഞ്ഞ പ്രായത്തിൽ ലൈംഗിക ബന്ധവും ഗർഭധാരണവും കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യം ദേശീയ അടിയന്തിരാവസ്ഥ യാണെന്ന് നഫീൽഡ് ഫാമിലി ജസ്റ്റിസ് ഒബ്സർവേറ്ററി ഡയറക്ടർ ലിസ ഹാർക്കർ പറഞ്ഞു. പരിചരണ പരിചയമുള്ള യുവാക്കൾക്ക് ജീവിതത്തിൽ ശക്തമായ പിന്തുണ ഉറപ്പാക്കണമെന്നും, പിന്തുണ പെട്ടെന്ന് അവസാനിക്കുന്ന ‘ക്ലിഫ് എഡ്ജ്’ സമീപനം മാറ്റണമെന്നും ഗവേഷകർ ആവശ്യപ്പെട്ടു. പഠനം “അതീവ ആശങ്കജനകമാണെന്ന്” അംഗീകരിച്ചുകൊണ്ട്, സാമൂഹ്യപ്രവർത്തകരെയും എൻഎച്ച്എസ് വിദഗ്ധരെയും ഏകോപിപ്പിച്ച് കുട്ടികൾക്ക് നേരത്തെ തന്നെ മാനസികാരോഗ്യ സഹായം ലഭ്യമാക്കുന്ന നടപടികൾ ശക്തമാക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഫ്ലൂവും നോറോവൈറസും ശക്തമായി പടരുന്നതോടെ യുകെയിലെ നാല് എൻഎച്ച്എസ് ആശുപത്രി ട്രസ്റ്റുകൾ ‘ക്രിറ്റിക്കൽ ഇൻസിഡന്റ്’ പ്രഖ്യാപിച്ചു. കനത്ത തണുപ്പ് തുടരുന്നതിനിടെ വയോധികരും ദുർബലരുമായ രോഗികൾ തണുപ്പുമായി ബന്ധപ്പെട്ട അസുഖങ്ങളാൽ കൂടുതൽ എണ്ണം ആശുപത്രികളിൽ പ്രവേശിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. അടിയന്തിര വിഭാഗങ്ങളിലെ തിരക്കും കിടക്കകളുടെ കുറവും സേവനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കിയതായി അധികൃതർ വ്യക്തമാക്കി.

സറി മേഖലയിൽ പ്രവർത്തിക്കുന്ന റോയൽ സറി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, എപ്സം ആൻഡ് സെന്റ് ഹെലിയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ട്രസ്റ്റ്, സറി ആൻഡ് സസെക്‌സ് ഹെൽത്ത്‌കെയർ ട്രസ്റ്റ് എന്നിവയും കെന്റിലെ മാർഗേറ്റിലുള്ള ക്വീൻ എലിസബത്ത് ദി ക്വീൻ മദർ ആശുപത്രി ഉൾപ്പെടുന്ന ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് യൂണിവേഴ്സിറ്റി ട്രസ്റ്റും ക്രിറ്റിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്. ഉയർന്ന അഡ്മിഷൻ നിരക്കും ശീതകാല വൈറൽ രോഗങ്ങളുമാണ് കിടക്കകൾ മുഴുവനായി നിറയാൻ കാരണമെന്ന് എൻഎച്ച്എസ് അറിയിച്ചു. ഡിസ്ചാർജ് വൈകുന്നതും സ്റ്റാഫ് രോഗാവസ്ഥയും പ്രതിസന്ധി കൂട്ടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജനുവരി ആദ്യവാരത്തിൽ ഫ്ലൂ ബാധിച്ച് ആശുപത്രികളിൽ പ്രവേശിച്ചവരുടെ ശരാശരി എണ്ണം മുൻവാരത്തേക്കാൾ വർധിച്ചതായും ആഘോഷകാലത്തെ കൂട്ടായ്മകൾ വൈറസ് വ്യാപനം കൂട്ടിയെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഈ ശീതകാലത്ത് അപൂർവമായ ഫ്ലൂ തരംഗം ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി മെഡിക്കൽ ഡയറക്ടർ പ്രൊഫ. ജൂലിയൻ റെഡ്‌ഹെഡ് വാക്സിൻ എടുക്കാൻ അർഹരായ എല്ലാവരോടും മുന്നോട്ട് വരാൻ അഭ്യർഥിച്ചു. കൂടുതൽ പകർച്ചശേഷിയുള്ള H3N2 വക ദേദം ആശങ്ക വർധിപ്പിക്കുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

RECENT POSTS
Copyright © . All rights reserved