Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാലിമെനയിൽ കഴിഞ്ഞദിവസം പൊട്ടിപ്പുറപ്പെട്ട ലഹള അയവില്ലാതെ തുടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചൊവ്വാഴ്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. രണ്ടാമത്തെ രാത്രിയിലും പോലീസിനെതിരെ പെട്രോൾ ബോംബുകൾ, പടക്കങ്ങൾ, കല്ലുകൾ എന്നിവ ഉപയോഗിച്ച് കലാപകാരികൾ ആക്രമണം നടത്തി. കൗണ്ടി ആൻട്രിം പട്ടണത്തിൽ നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതിനാൽ ചൊവ്വാഴ്ച വൈകുന്നേരം ക്ലോണവോൺ ടെറസ് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് പൊതുജനങ്ങളോട് ഈ പ്രദേശം ഒഴിവാക്കാൻ നിർദ്ദേശിച്ചു.

വാരാന്ത്യത്തിൽ പ്രദേശത്ത് ലൈംഗികമായി ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു പെൺകുട്ടിയുടെ കുടുംബത്തെ പിന്തുണച്ചുകൊണ്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ചയാണ് അക്രമാസക്തമായ സംഘർഷം ആരംഭിച്ചത്. തിങ്കളാഴ്ച കൊളറൈൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ 14 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കെതിരെ ബലാത്സംഗശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിൽ വിട്ടു. ആരോപിക്കപ്പെടുന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ അറസ്റ്റ് നടത്തിയതായും വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് ചൊവ്വാഴ്ച അറിയിച്ചു. സംഭവത്തെ ചിലർ മന:പൂർവ്വം ആക്രമണത്തിന് വേദിയാക്കാനുള്ള നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത വിമർശനങ്ങൾ നേരിട്ട് യുകെയിലെ സ്റ്റാറ്റ്യൂട്ടറി പാരന്റൽ ലീവ് നയം. നിലവിൽ യുകെയിലെ ലീവ് സമ്പ്രദായം വികസിത രാജ്യങ്ങളിൽ സ്വീകരിച്ചിരിക്കുന്നതിൽ ഏറ്റവും മോശം ആണെന്നാണ് വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റി വിമർശിച്ചിരിക്കുന്നത്. 2003-ൽ അവതരിപ്പിച്ച സ്റ്റാറ്റ്യൂട്ടറി പിതൃത്വ അവധി, മിക്ക പുതിയ അച്ഛന്മാർക്കും രണ്ടാമത് കുഞ്ഞുങ്ങൾ ഉണ്ടാകുന്ന ദമ്പതികൾക്കും രണ്ടാഴ്ച വരെ മാത്രമേ അവധി നൽകുന്നുള്ളൂ. ഈ സമയത്തെ ശമ്പള പരിധി ആഴ്ചയിൽ £187.18 അല്ലെങ്കിൽ അവരുടെ ശരാശരി വരുമാനത്തിന്റെ 90% ആയി പരിമിതപ്പെടുത്തിയിട്ടും ഉണ്ട്. ഇത് ദേശീയ ജീവിത വേതനത്തിന്റെ പകുതിയിൽ താഴെയാണ്.

സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളെയും ആഴ്ചയിൽ £123-ൽ താഴെ വരുമാനമുള്ളവരെയും ഈ പാരന്റൽ ലീവ് നയത്തിൽ നിന്ന് ഒഴിവാക്കിയിട്ടും ഉണ്ട്. ഈ സഹചാര്യത്തിൽ നിലവിലെ നയത്തിൽ നിന്ന് മാറ്റങ്ങൾ സ്വീകരിക്കണം എന്ന് വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ സമ്പ്രദായത്തിൽ ചെറിയ തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരണം എങ്കിലും വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. ജോലി ചെയ്യുന്ന കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബിസിനസ് ആൻഡ് ട്രേഡ് വകുപ്പ് അറിയിച്ചു.

യുകെയിലെ പിതൃത്വ അവധി സമ്പ്രദായം നിലവിലെ ജീവിത ചെലവുമായി പൊരുത്തപ്പെടാത്തതാണെന്നാണ് വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. പിതൃത്വ വേതനം 90% അല്ലെങ്കിൽ അതിൽ കൂടുതലായി ഉയർത്താനും ഘട്ടം ഘട്ടമായി കൊണ്ടുവരുന്ന മാറ്റത്തിൽ ലീവുകൾ ആറ് ആഴ്‌ചകൾ വരെ നീട്ടാനും വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. 2003 മുതൽ യുകെയിലെ പിതാക്കന്മാർക്ക് നിയമപരമായ അവകാശങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. സ്പെയിൻ – പൂർണ്ണ ശമ്പളത്തോടെ 16 ആഴ്ച അവധി, ഫ്രാൻസ് – 28 ദിവസം അവധി, സ്വീഡൻ – 480 ദിവസം പങ്കിട്ട അവധി, പിതാവിന് 90 ദിവസം അവധി എന്നിങ്ങനെ ആനുകൂല്യങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ യുകെയിലെ നിലവിലെ നിയമത്തിൽ മാറ്റം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശീതകാല ഇന്ധന പെയ്മെന്റുകളുടെ കാര്യത്തിൽ സർക്കാർ മലക്കം മറിഞ്ഞു. ഇതിൻറെ ഭാഗമായി മുക്കാൽ ഭാഗത്തോളം പെൻഷൻകാർക്കും ഈ വർഷം ശൈത്യകാല ഇന്ധന പെയ്മെൻ്റുകൾ ലഭിക്കും. 35,000 പൗണ്ടോ അതിൽ കുറവോ വാർഷിക വരുമാനമുള്ള ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഒമ്പത് ദശലക്ഷം പെൻഷൻകാർക്ക് ഇതിന് അർഹതയുണ്ടായിരിക്കും.

ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ ഊർജ്ജ ബില്ലുകൾക്കായി 300 പൗണ്ട് വരെ വിലമതിക്കുന്ന പെയ്‌മെന്റ് കഴിഞ്ഞ വർഷം പെൻഷൻ ക്രെഡിറ്റിലുള്ളവർക്ക് മാത്രമാണ് നൽകിയത്. എന്നാൽ അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ മോശം പ്രകടനത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ നയമാറ്റമാണെന്ന കുറ്റപ്പെടുത്തൽ വ്യാപകമായി ഉയർന്നുവന്നിരുന്നു. സർക്കാർ ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കും എന്നാണ് നയമാറ്റത്തെ കുറിച്ച് ചാൻസിലർ റേച്ചൽ റീവ്സ് പറഞ്ഞത്. എന്നാൽ കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക് ഈ മാറ്റത്തെ അപമാനകരമായ പിന്മാറ്റം എന്നാണ് വിളിച്ചത് .

എനർജി ബില്ലുകളിൽ സർക്കാർ നൽകുന്ന പിൻതുണ കുറയുന്നത് ജനങ്ങളുടെ ഇടയിൽ നിന്ന് കടുത്ത എതിർപ്പ് നേടുന്നതിന് സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് സർക്കാർ . കഴിഞ്ഞ ജൂലൈയിൽ ദരിദ്രരായ പെൻഷൻകാർ ഒഴികെയുള്ള എല്ലാവരുടെയും ശൈത്യകാല ഇന്ധന അലവൻസ് വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ഒരു ദുരന്തമാണെന്ന് വിശ്വസിക്കുന്നതായി നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും തന്നെ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നിലവിലെ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികളുടെ വെട്ടി കുറവുകളെ കുറിച്ച് സർക്കാർ പുനർവിചിന്തനം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ റീഫോം യുകെയുടെ വിജയം ഭരണപക്ഷത്തെയും അതുപോലെതന്നെ മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഇളകി ഒലിക്കുന്നതിന്റെ അങ്കലാപ്പിലാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ. റീഫോം യുകെ നേടുന്ന ജനസമ്മതി യുകെയിലേയ്ക്ക് കുടിയേറിയവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. സാമ്പത്തിക രാഷ്ട്രീയ നയങ്ങളുടെ പേരിൽ ജനപിന്തുണയിൽ പിന്നോട്ട് പോയ ലേബർ ഗവൺമെൻറ് എന്തൊക്കെ നടപടികളാണ് പുതിയതായി സ്വീകരിക്കുക എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് ജൂൺ 10-ാം തീയതി മുതൽ യുകെയിലെ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ നിലവിൽ വരും. ഇതിൻറെ ഭാഗമായി കാറ്റഗറി ബി കാർ ലൈസൻസ് ഉള്ളവർക്ക് 4250 കിലോഗ്രാം വരെയുള്ള ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള അനുമതി ഉണ്ടായിരിക്കും. എന്നാൽ പെട്രോൾ വാഹനങ്ങളുടെ കാര്യത്തിൽ ഭാര പരുധി 3500 കിലോഗ്രാം ആണ്. വികലാംഗരായ യാത്രക്കാരെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾക്ക് 5,000 കിലോഗ്രാം വരെ ഭാരം അനുവദിച്ചിട്ടുണ്ട് .

ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി നിരത്തിലിറങ്ങുന്നതിനോട് അനുബന്ധിച്ചാണ് ലൈസൻസിൽ പ്രധാന മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ ലൈസൻസ് ഉപയോഗിച്ച് കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള അനുമതിയും ഇന്ന് മുതൽ നിലവിൽ വരും. 8 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എസ് യു വി കള്‍, വാനുകള്‍, ചെറിയ ട്രക്കുകള്‍ എന്നിവയൊക്കെ, ഇലക്ട്രിക്കോ, ഹൈഡ്രജന്‍ ഇന്ധനത്തിലോ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ നിലവിലെ ലൈസന്‍സ് ഉപയോഗിച്ച് തന്നെ ഓടിക്കാന്‍ കഴിയും.


ഇത് കൂടാതെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ കാറിലെ എസി പ്രവർത്തിക്കാതിരുന്നാൽ 500 പൗണ്ട് വരെ പിഴ ലഭിച്ചേക്കും. ചൂട് കാലാവസ്ഥയിൽ എസി പ്രവർത്തിക്കാതിരുന്നാലാണ് ഈ പിഴ ഈടാക്കുന്നത്. സീറോ എമിഷൻ വ്യാപനത്തിലേയ്ക്ക് യുകെ മാറുന്നതിന്റെ ചുവടുപിടിച്ചാണ് പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ഇപ്പോൾ എന്താണ് ഓടിക്കാൻ അനുവാദമുള്ളതെന്ന് കൃത്യമായി മനസ്സിലാക്കാൻ വാഹന ഉടമകളെ അവരുടെ ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ ഓൺലൈനിൽ പരിശോധിക്കാൻ ഉള്ള നിർദ്ദേശം നൽകപെട്ടിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ തീവ്രവാദ കുറ്റം ചുമത്തപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ റിയാനൻ റൂഡ് ശരിക്കും തെറ്റുകാരിയായിരുന്നോ? വളർന്നു വന്ന സാഹചര്യവും ശരി തെറ്റുകളുടെ ഇടയിൽ സ്വയം ജീവനൊടുക്കിയ റിയാനൻ റൂഡിൻ്റെ മനസ്സിൽ തീവ്രവാദ ആശയങ്ങൾ കുത്തിനിറച്ചതാരാണ്? അവളുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.

ഇന്നലെ അവസാനിച്ച അവളുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ റിയാനൻ റൂഡിൻ്റെ മനസ്സിൽ തീവ്രവാദ ആശയങ്ങൾ കുത്തി നിറച്ചതിന് പ്രതിക്കൂട്ടിൽ നിൽക്കുന്നത് രണ്ട് അമേരിക്കൻ വെളുത്ത വംശജരാണ്. അവരിൽ ഒരാൾ അവളുടെ അമ്മയുടെ കാമുകനായിരുന്നു. അവൾ ഒരു ബോംബ് നിർമ്മാണത്തിനുള്ള കാര്യങ്ങൾ ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതായിരുന്നു പ്രധാനമായി അവൾക്കെതിരെ കണ്ടെത്തിയ തെളിവ് എന്നാൽ പിന്നീട് കേസ് അന്വേഷിച്ച തീവ്രവാദ വിരുദ്ധ പോലീസ് അവൾക്കെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കി. പക്ഷേ 5 മാസങ്ങൾക്ക് ശേഷം 2022 മെയ് 19 – ന് നോട്ടിംഗ്ഹാംഷെയറിലെ ഒരു ചിൽഡ്രൻസ് ഹോംമിലെ കുളിമുറിയിലെ ഷവറിൽ തൂങ്ങിമരിച്ച നിലയിൽ അവളെ കണ്ടെത്തുകയായിരുന്നു. അതിനു മണിക്കൂറുകൾക്ക് മുൻപ് തനിക്ക് ഭ്രാന്ത് പിടിക്കുകയാണെന്ന് അവൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.


റിയാനൻ റൂഡിൻ്റെ മരണം ഒട്ടേറെ ചോദ്യങ്ങളാണ് കോടതി മുറിയിൽ ഉയർത്തിയത്. അവളുടെ മരണത്തിൽ ആരാണ് ഉത്തരവാദി എന്നത് സമൂഹ മനഃസാക്ഷിക്ക് നേരെയുള്ള ചോദ്യചിഹ്നമായി നിലനിൽക്കുന്നു. ചെറിയ രീതിയിൽ ഓട്ടിസം ബാധിച്ച പെൺകുട്ടിയെ കൂടുതൽ കരുതലോടെ പരിഗണിക്കണമായിരുന്നോ എന്നതും റിയാനൻ റൂഡിൻ്റെ കാര്യത്തിൽ ഉയർന്നുവന്ന ചോദ്യമാണ് . തൻറെ മകൾക്കെതിരെ ഒരിക്കലും തീവ്രവാദ കുറ്റം ചുമത്താൻ പാടില്ലായിരുന്നുവെന്ന് വിധി പ്രസ്താവിച്ച വേളയിൽ പുറത്തിറക്കിയ ഒരു അഭിമുഖത്തിൽ റിയാനന്റെ അമ്മ എമിലി കാർട്ടർ പറഞ്ഞിരുന്നു. നിഷ്കളങ്കയായ ഓട്ടിസം ബാധിച്ച പെൺകുട്ടിയുടെ മനസ്സിൽ തീവ്രവാദ ആശയങ്ങൾ വിതച്ച ക്രിസ്റ്റഫർ കുക്ക് എന്നയാൾ ഒരു പവർ സ്റ്റേഷൻ ബോംബിടാൻ പദ്ധതി തയ്യാറാക്കുന്നതിനിടെ 2020 -ൽ അറസ്റ്റിലായിരുന്നു. റിയാനൻ റൂഡിന്റെ മനസ്സിൽ തീവ്രവാദ ആശയങ്ങൾ ആദ്യം നൽകിയ മല്ല ബേൺ അവളുടെ അമ്മയുമായുള്ള ബന്ധം തകർന്നതിനെ തുടർന്ന് യുഎസിലേയ്ക്ക് തിരിച്ചു പോയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്ലഡ് ബാങ്കുകളിൽ കടുത്ത രീതിയിൽ ക്ഷാമം നേരിടുന്നതായി എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി. പരിഹാരത്തിനായി പുതിയ രക്തദാതാക്കളോട് മുന്നോട്ട് വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രക്തബാങ്കുകളിലെ സ്റ്റോക്കിന്റെ കുറവുകൊണ്ട് കഴിഞ്ഞവർഷം റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു.

നിലവിൽ രോഗികളുടെ ചികിത്സയെ ബാധിക്കാത്ത വിധം രക്തത്തിൻറെ കുറവുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. O നെഗറ്റീവ് രക്തമുള്ള കൂടുതൽ ദാതാക്കളെ ആവശ്യമുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. മിക്ക രോഗികൾക്കും O നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് സ്വീകരിക്കാൻ സാധിക്കും. സുരക്ഷിതവും വിശ്വസനീയവുമായ വിതരണം നിലനിർത്തുന്നതിന് സ്ഥിരം ദാതാക്കളുടെ എണ്ണം ഏകദേശം 800,000 ൽ നിന്ന് കാര്യമായി ഉയരണമെന്നാണ് ഇംഗ്ലണ്ടിലെ രക്തദാന സംവിധാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനമായ എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാൻറ് (NHSBT) പറഞ്ഞത്.

കഴിഞ്ഞ ഒരു വർഷക്കാലയളവിൽ രക്തദാനത്തിന്റെ കാര്യത്തിൽ കടുത്ത വെല്ലുവിളികളിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് എൻഎച്ച്എസ് ബി റ്റി പറഞ്ഞു. ഒരു ദശലക്ഷം സ്ഥിരം ദാതാക്കളിൽ ഒരാളായി നാം ഓരോരുത്തരും മാറുകയാണെങ്കിൽ സമൂഹത്തിന് ആകെ അത് ഗുണകരമായിരിക്കും എന്നാണ് എൻഎച്ച്എസ് ബി റ്റി യിലെ ആരോഗ്യ പ്രവർത്തകർ പറയുന്നത്. രക്തദാനത്തിൽ നിലനിൽക്കുന്ന റെഡ് അലർട്ട് രോഗികൾ ചികിത്സയ്ക്കായി കൂടുതൽ സമയം കാത്തിരിക്കുന്നതിന് ഇടയാക്കും. ഇത് പലപ്പോഴും ശാസ്ത്രക്രിയ ഉൾപ്പെടെയുള്ള അടിയന്തിര സേവനങ്ങൾ വൈകുന്നതിനും കാരണമാകും. യുകെയിലെ ജനസംഖ്യയിൽ വെറും 2 ശതമാനം മാത്രമാണ് സ്ഥിരമായി രക്തദാനത്തിന് സന്നദ്ധത കാണിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഷെഫീൽഡിൽ കൗമാരക്കാരൻ കാറിടിച്ച് മരിക്കാനിടയായ സംഭവത്തിൽ രണ്ട് പേർക്കെതിരെ കൊലപാതക കുറ്റം ചുമത്തി. 16 കാരനായ അബ്ദുല്ല യാസർ അബ്ദുല്ല അൽ യാസിദി ആണ് കാർ ഇടിച്ച് മരിച്ചത്. അടുത്തിടെയാണ് ഇയാൾ യെമനിൽ നിന്ന് യുകെയിൽ എത്തിയത്.


ഷെഫീൽഡിലെ ലോക്ക് ഡ്രൈവിൽ നിന്നുള്ള സുൽക്കർനൈൻ അഹമ്മദ് (20), അമാൻ അഹമ്മദ് (26) എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത് . തിങ്കളാഴ്ച ഷെഫീൽഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇവരെ ഹാജരാക്കും. ജൂൺ 4 ന് വൈകുന്നേരം നഗരത്തിലെ ഡാർനാൽ പ്രദേശത്തെ ഒരു തെരുവിലൂടെ നടക്കുമ്പോഴാണ് കാർ അയാളുടെ മേൽ ഇടിച്ചതെന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു .

ഇലക്ട്രിക് ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് കാർ മുന്നോട്ട് പോകുമ്പോൾ അത് അബ്ദുള്ളയെ ഇടിക്കുകയായിരുന്നു. അബ്ദുള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. 18 വയസ്സുള്ള ഇലക്ട്രിക് ബൈക്ക് ഓടിച്ചിരുന്നയാൾക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടെങ്കിലും ജീവന് ഹാനികരമല്ല. അദ്ദേഹം ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. കുറ്റവാളിയെ സഹായിച്ചതിന് മുമ്പ് അറസ്റ്റിലായ 46 വയസ്സുള്ള ഒരു പുരുഷനും 45 വയസ്സുള്ള ഒരു സ്ത്രീയും ഉൾപ്പെടെ രണ്ട് പേർ ഇപ്പോഴും ജാമ്യത്തിലാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ രോഗികൾക്ക് ഇനി എൻഎച്ച്എസ് ആപ്പ് പ്രാഥമിക ആശയവിനിമയ രീതിയായി മാറുമെന്ന് അറിയിച്ച് യുകെ സർക്കാർ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആരോഗ്യ സേവനത്തിന് 200 മില്യൺ പൗണ്ട് ലഭിക്കുകയെന്ന ലക്ഷ്യത്തിൻെറ ഭാഗമായാണ് ഈ നീക്കം. £50 മില്യൺ നിക്ഷേപത്തിന്റെ ഭാഗമായി, കൂടുതൽ പരിശോധനാ ഫലങ്ങൾ, സ്‌ക്രീനിംഗ് ക്ഷണക്കത്തുകൾ, അപ്പോയിന്റ്‌മെന്റ് റിമൈൻഡറുകൾ എന്നിവ രോഗികളുടെ സ്മാർട്ട്‌ഫോണുകളിലേയ്ക്ക് നേരിട്ട് അയയ്‌ക്കും. നേരത്തെ ഇവയ്ക്കായി ഏകദേശം 50 മില്യൺ കത്തുകൾ പ്രതിവർഷം അയക്കേണ്ടതായി വരുമായിരുന്നു.

ആരോഗ്യ സംരക്ഷണ ആശയവിനിമയം ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ സാമ്പത്തിക വർഷം എൻഎച്ച്എസ് ആപ്പ് വഴി 270 ദശലക്ഷം സന്ദേശങ്ങൾ അയയ്ക്കുമെന്നാണ് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പുഷ് നോട്ടിഫിക്കേഷനുകൾ വഴി എൻഎച്ച്എസ് ആപ്പ് രോഗികളെ അപ്പോയിന്റ്മെന്റുകളെ കുറിച്ച് ഓർമ്മിപ്പിക്കും. ഫോൺ കലണ്ടറുകളിൽ അപ്പോയിന്റ്മെന്റുകൾ ചേർക്കാനും ജിപി സർജറികളിൽ നിന്ന് സഹായം അഭ്യർത്ഥിക്കാനുമുള്ള ഫീച്ചറുകളും ആപ്പിൽ ഉണ്ട്. 2018-ൽ ആരംഭിച്ചതിനുശേഷം ഇംഗ്ലണ്ടിലെ 87% ആശുപത്രികളും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. പ്രതിമാസം 11 ദശലക്ഷത്തിലധികം ഉപയോക്താക്കളും ഏകദേശം 20 ദശലക്ഷം ആളുകളും ആരോഗ്യ സംരക്ഷണ സന്ദേശങ്ങൾക്കായി എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കുന്നു.

സർക്കാരിൻെറ പുതിയ നീക്കം എൻഎച്ച്എസിനെ ഡിജിറ്റൽ യുഗത്തിലേക്ക് കൊണ്ടുവരുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. അതേസമയം രോഗികൾക്ക് വിവരങ്ങൾ ലഭിക്കുന്ന രീതി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി പേഷ്യന്റ്സ് അസോസിയേഷൻ ഈ നീക്കത്തെ സ്വാഗതം ചെയ്തു. അതേസമയം, ഡിജിറ്റൽ-ഫസ്റ്റ് സമീപനത്തിലേക്കുള്ള എൻഎച്ച്എസിന്റെ മാറ്റം പ്രായമായവരെ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അങ്ങനെ ഉപയോഗിക്കാത്ത രോഗികളെ ഒഴിവാക്കരുതെന്ന് ബിഎംഎ കൗൺസിൽ ചെയർമാനായ പ്രൊഫസർ ഫിൽ ബാൻഫീൽഡ് മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രീമിയർ ലീഗിലെ ആദ്യത്തെ കറുത്ത വർഗക്കാരനായ റഫറിയായ ഉറിയ റെന്നി അന്തരിച്ചു. 65 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 1997 നും 2008 നും ഇടയിൽ 175 പ്രീമിയർ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ 300 ലധികം മത്സരങ്ങൾ റെന്നി നിയന്ത്രിച്ചു. ഞങ്ങളുടെ മുൻ ചെയർമാനും മികച്ച റഫറിയുമായ ഉറിയ റെന്നിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടന്ന് ഷെഫീൽഡ് & ഹാലംഷെയർ കൗണ്ടി ഫുട്ബോൾ അസോസിയേഷൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.

1997 നും 2008 നും ഇടയിൽ 300 ലധികം മുൻനിര മത്സരങ്ങൾ നിയന്ത്രിച്ചുകൊണ്ട് പ്രീമിയർ ലീഗിലെ ആദ്യത്തെ കറുത്ത വർഗക്കാരനായ റഫറിയായി ഉറിയ ചരിത്രം സൃഷ്ടിച്ചു. ഇംഗ്ലണ്ടിലെ ഫുട്ബോളിന് മികച്ച സംഭാവനകൾ നൽകിയ അതുല്യപ്രതിഭയായിട്ടാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ജമൈക്കയിൽ ജനിച്ച അദ്ദേഹം കുട്ടിക്കാലത്ത് ഷെഫീൽഡിലേക്ക് താമസം മാറി. നഗരത്തിലെ വൈബോൺ പ്രദേശത്താണ് അദ്ദേഹം വളർന്നത്. 1979 ൽ പ്രാദേശിക ഫുട്ബോളിൽ റഫറിയിംഗ് ആരംഭിച്ച അദ്ദേഹം 1997 ൽ ഡെർബി കൗണ്ടിയും വിംബിൾഡണും തമ്മിലുള്ള ടോപ്പ്-ഫ്ലൈറ്റ് മത്സരത്തിന് മേൽനോട്ടം വഹിച്ചപ്പോൾ ചരിത്രം സൃഷ്ടിച്ചു.

ഒരു അപൂർവ രോഗം മൂലം അരയ്ക്ക് താഴേയ്ക്ക് തളർന്നുപോയതിനെ തുടർന്ന് താൻ വീണ്ടും നടക്കാൻ പഠിക്കുകയാണെന്ന് റെന്നി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു . 1996 മുതൽ റെന്നി ഷെഫീൽഡിൽ ഒരു മജിസ്ട്രേറ്റായിരുന്നു. കായികരംഗത്ത് സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടി അദ്ദേഹം നടത്തിയ പ്രചാരണങ്ങൾ ശ്രദ്ധേയമായിരുന്നു . ബിസിനസ് അഡ്മിനിസ്ട്രേഷനിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹത്തിന് കായികരംഗത്തെ മികച്ച സംഭാവനകൾക്ക്‌ ഷെഫീൽഡ് ഹാലം സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു . അതുകൂടാതെ മെയ് മാസത്തിൽ റെന്നിയെ സർവകലാശാലയുടെ പുതിയ ചാൻസലറായി നിയമിക്കുകയും ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്ററിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. 13 ഉം 14 ഉം വയസ്സ് പ്രായമുള്ള കാർല , സോഫിയ എന്നീ രണ്ട് പെൺകുട്ടികളെ ആണ് കാണാതായത്. മാഞ്ചസ്റ്ററിലെ ക്രംപ്സാലിലുള്ള എബ്രഹാം മോസ് ലൈബ്രറിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരം 4.45 ഓടെയാണ് 13 കാരിയായ സോഫിയയെയും 14 കാരിയായ കാർലയെയും സ്കൂൾ യൂണിഫോമിൽ അവസാനമായി കണ്ടത്.


മെലിഞ്ഞ ശരീരവും നീണ്ട ഇരുണ്ട മുടിയുമുള്ള സോഫിയ കണ്ണട ധരിച്ചിട്ടുണ്ട്. സെന്റ് മോണിക്ക സ്കൂളിന്റെ PE പോളോ ടോപ്പും കറുത്ത ഷോർട്ട്സും കറുത്ത ഷൂസും ധരിച്ചാണ് അവളെ അവസാനമായി കണ്ടത്.

കാർലയ്ക്ക് ഏകദേശം 5 അടി 4 ഇഞ്ച് ഉയരവും നീണ്ട ഇരുണ്ട മുടിയും ഉണ്ടെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. സെന്റ് മോണിക്ക സ്‌കൂളിൽ നിന്നുള്ള ബ്ലേസറും കറുത്ത പഫർ കോട്ടും സ്‌കൂൾ ഷൂസും ധരിച്ചാണ് അവളെ അവസാനമായി കണ്ടത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved