ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെയർ വിസയിൽ യുകെയിലെത്തിയ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പാമ്പാകുട സ്വദേശി ദീപു മേൻമുറിയാണ് മരണമടഞ്ഞത്. അടുത്തയിടെ കെയർ ഹോമിലെ ജോലി ദീപുവിനെ നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ദീപുവെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തിയത്.
താത്കാലികമായി മാഞ്ചസ്റ്ററിലെ ഒരു മലയാളി റസ്റ്റോറന്റിൽ ഷെഫായി ദീപു ജോലി നോക്കി വരികയായിരുന്നു. ജോലിക്ക് ദീപു എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമമംഗലം നെയ്ത്തുശാലപ്പടിയിലാണ് ഇദ്ദേഹത്തിന്റെ വീട്. നിഷ ദീപുവാണ് ഭാര്യ. ആറുമാസം മുന്‍പ് അമ്മയുടെ മരണത്തെ തുടര്‍ന്ന് ദീപു നാട്ടില്‍ എത്തിയിരുന്നു.
ദീപുവിൻറെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകണമെന്ന അഭ്യർത്ഥന സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ കൂടി നടത്തിയിട്ടുണ്ട്. കെയർ വിസയിൽ യുകെയിൽ എത്തി ജോലി നഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള പദ്ധതിയിൽ നാല് ശതമാനത്തിന് മാത്രമേ പ്രയോജനം ചെയ്യുന്നുള്ളൂവെന്ന വാർത്ത കഴിഞ്ഞദിവസം മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.കെയർ വിസയ്ക്കായി ഭീമമായ തുക ചിലവഴിച്ച് യുകെയിൽ എത്തി ചതിക്കുഴിയിൽ വീഴുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ് എന്നതാണ് യാഥാർത്ഥ്യം.
ദീപു മേൻമുറിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളും പിന്നോക്ക അവസ്ഥയിലുമായ പ്രദേശങ്ങളിൽ അടിസ്ഥാനവികസനത്തിന് കൂടുതൽ പണം ചിലവഴിക്കുന്നതിനായി സ്വന്തം പാർട്ടിയിലെ എംപിമാർ ചാൻസിലർ റേച്ചൽ റീവ്സിന് മേൽ സമ്മർദ്ദം ചെലുത്തിയതായുള്ള വാർത്തകൾ പുറത്തുവന്നു. തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഇടതുപക്ഷ പ്രദേശങ്ങളിലെ വോട്ടർമാർക്ക് വളർച്ചയുടെ പ്രയോജനം ലഭിക്കുന്നതിന് മുൻതൂക്കം നൽകുന്നതിനായിട്ടാണ് ഈ നടപടി . പാർക്കുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, ലൈബ്രറികൾ തുടങ്ങിയ അടിസ്ഥാന വികസനത്തിനായി കൂടുതൽ തുക ഈ പ്രദേശങ്ങളിൽ വകയിരുത്തണമെന്നായിരുന്നു പാർട്ടി എംപിമാർ ആവശ്യപ്പെട്ടത്.
ലേബർ സഹപ്രവർത്തക ഹിലാരി ആംസ്ട്രോങ്ങിന്റെ അധ്യക്ഷതയിലുള്ള ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ നെയ്ബർഹുഡ്സ് ആണ് ഇത്തരത്തിലുള്ള 613 നിർണായക പ്രാദേശിക മേഖലകൾ വേർതിരിച്ചത് . ഉയർന്ന തൊഴിലില്ലായ്മ, ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ ഉൽപാദനക്ഷമത എന്നിവയാണ് ഇത്തരം പ്രദേശങ്ങളുടെ സവിശേഷതയെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. അടുത്ത ആഴ്ചയിലെ ചെലവ് അവലോകനത്തിന് മുന്നോടിയായി ലണ്ടന് തെക്കുകിഴക്കും പുറത്തുള്ള ഗതാഗത പദ്ധതികളിൽ 15 ബില്യൺ പൗണ്ട് ഉൾപ്പെടെ അടുത്ത അഞ്ച് വർഷത്തേക്ക് മൂലധന ചെലവിൽ 113 ബില്യൺ പൗണ്ട് കൂടി ചെലവഴിക്കാനുള്ള പദ്ധതികൾ ആണ് റീവ്സ് പ്രഖ്യാപിച്ചിരിക്കുന്നത് .
നിലവിലെ നിയമങ്ങൾ അനുസരിച്ച് പ്രാദേശിക തലത്തിൽ കൂടുതൽ ഫണ്ട് അനുവദിക്കുന്നതിനായി കടം വാങ്ങുന്നതിനുള്ള അനുവാദവും നൽകുന്നുണ്ട്. എന്നാൽ ബസുകളും മറ്റു ചെറിയ യാത്രാസൗകര്യങ്ങൾക്കും മാത്രമല്ല കൂടുതൽ ഫണ്ട് അനുവദിക്കേണ്ട അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് 1987 മുതൽ 2010 വരെ നോർത്ത് വെസ്റ്റ് ഡർഹാമിലെ ലേബർ എംപിയായിരുന്ന ആംസ്ട്രോങ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിൻഡ് സ്ക്രീൻ തകരാറിലായതിനെ തുടർന്ന് ലണ്ടൻ ഹീത്രോ എയർപോർട്ടിൽ നിന്ന് ഡെട്രോയിറ്റിലേക്ക് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. ഒരു ഡെൽറ്റ എയർ ലൈൻസ് എയർബസ് വിമാനമാണ് വൻ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെ പറന്നുയർന്ന് കുറച്ച് സമയത്തിനുള്ളിൽ തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനത്തിൽ 188 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. തകരാർ തിരിച്ചറിഞ്ഞ് കുറെ സമയത്തിനുശേഷം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർലൈൻ അറിയിച്ചു. യാത്രക്കാർ മറ്റ് വിമാനങ്ങളിൽ ടിക്കറ്റും അതിനു കഴിയാത്തവർക്ക് ഭക്ഷണവും ഹോട്ടൽ മുറികളും വാഗ്ദാനം ചെയ്തതായി ഡെൽറ്റ എയർലൈൻ അറിയിച്ചു. സംഭവത്തെ തുടർന്ന് മറ്റ് വിമാന സർവീസുകളൊന്നും തടസ്സപ്പെട്ടിട്ടില്ലെന്ന് ഹീത്രോ വിമാനത്താവളം അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഗ്രാമീണ മേഖലയിലെ യാത്രാസൗകര്യം ദിനംപ്രതി മോശമായി കൊണ്ടിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗ്രാമ പ്രദേശങ്ങളിലെ ബസ് റൂട്ടുകളിൽ അഞ്ചിലൊന്നും കഴിഞ്ഞ 5 വർഷത്തിനിടയിൽ അപ്രത്യക്ഷമായതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ബസ് സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള കൗൺസിൽ ഫണ്ടിംഗ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
2019 നും 2024 നും ഇടയിൽ ഗ്രാമപ്രദേശങ്ങളിലെ ബസ് സർവീസ് 18 ശതമാനം കുറഞ്ഞതായി കണക്കുകൾ കാണിക്കുന്നു. ലണ്ടന് പുറത്തുള്ള സർവീസുകളുടെ ഇടിവ് പരിഹരിക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തിയെങ്കിലും കാര്യങ്ങൾ ഫല പ്രാപ്തിയിൽ എത്തിയില്ലെന്നതാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ ബസ് സർവീസ് നടത്തുന്നതിനുള്ള അടിയന്തര ഫണ്ടിങ്ങിൽ ഭൂരിഭാഗവും കോവിഡ് പ്രതിരോധത്തിലേയ്ക്ക് വഴി തിരിച്ചു വിട്ടതിന്റെ അനന്തരഫലമാണ് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2021- ൽ ബോറിസ് ജോൺസൺ സർക്കാർ അനുവദിച്ച 3 ബില്യൺ പൗണ്ടിന്റെ ധനസഹായം ആണ് ഇങ്ങനെ വഴിമാറ്റിയത്.
ബസ് സർവീസുകൾ പ്രാദേശിക നിയന്ത്രണത്തിലാക്കി കാര്യക്ഷമമായി നടത്തുന്നതിന് കൗൺസിലുകൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നത് ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതിനായി നിയമനിർമ്മാണം ഉൾപ്പെടെ കൊണ്ടുവരുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഗ്രാമപ്രദേശങ്ങളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ട് പോയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ കാണിക്കുന്നത്. നിലവിലുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ബസ് സർവീസുകൾ കാര്യക്ഷമമായി നടത്താൻ 1 ബില്യൺ പൗണ്ട് അധികമായി ആവശ്യമാണെന്ന് കാമ്പെയ്‌ൻ ഫോർ ബെറ്റർ ട്രാൻസ്‌പോർട്ടേഷൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ സർക്കാർ അധികാരമേറ്റെടുത്തതിനുശേഷവും അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് കൂടിയതായുള്ള റിപ്പോർട്ട് പുറത്തു വന്നു. റസ്റ്റോറന്റുകൾ, നെയിൽ ബാറുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു അനധികൃത കുടിയേറ്റക്കാർ കൂടുതലായി ജോലി ചെയ്തിരുന്നത്. ഇത്തരം സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ മുൻകാലത്തേക്കാൾ 51 ശതമാനം കൂടുതൽ അനധികൃത കുടിയേറ്റക്കാർ അറസ്റ്റിലായതായുള്ള കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത് .
ലേബർ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ പിറ്റേന്ന് 2024 ജൂലൈ 5 മുതൽ 2025 മെയ് 31 വരെ നിയമവിരുദ്ധമായി ജോലി ചെയ്തതായി സംശയിക്കുന്ന 6,410 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഹോം ഓഫീസിൻെറ കണക്കുകൾ പറയുന്നു. കൺസർവേറ്റീവുകൾ സർക്കാരിൽ ഉണ്ടായിരുന്ന മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 51% വർദ്ധനവ് ആണ് . റെസ്റ്റോറന്റുകൾ, നെയിൽ ബാറുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഏകദേശം 9000 റെയ്ഡുകൾ ആണ് നടത്തിയത്. കഴിഞ്ഞവർഷം നേരത്തെ നടത്തിയ പരിശോധനകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 48 ശതമാനം വർദ്ധനവ് ആണ് ഉണ്ടായത്.
ബെൽഫാസ്റ്റിലെ ഒരു നിർമ്മാണ സ്ഥലത്ത് മാത്രം 36 പേരെയാണ് അറസ്റ്റ് ചെയ്തത്. അവിടെ വിസ വ്യവസ്ഥകൾ ലംഘിച്ച് യുകെയിൽ ജോലി ചെയ്യുന്ന ആളുകളെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തി. സറേയിൽ അനധികൃത ഡെലിവറി ഡ്രൈവർമാർ കാരവൻ പാർക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് വെളിപ്പെടുത്തിയതിനെത്തുടർന്ന് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ബ്രാഡ്‌ഫോർഡിൽ അനധികൃത തൊഴിലാളികൾക്കുള്ള ഒരു ജനപ്രിയ പിക്ക്-അപ്പ് സ്ഥലം ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്തു. യുകെയിൽ ജോലി കണ്ടെത്താൻ കഴിയുമെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തുകാർ പലപ്പോഴും കുടിയേറ്റക്കാരെ ചെറിയ ബോട്ടുകളിൽ ആണ് യുകെയിൽ എത്തിക്കുന്നത്.
വിദേശത്ത് നിന്ന് വരുന്ന എല്ലാ പുതിയ ജീവനക്കാരിലും തൊഴിലുടമകൾ ജോലി ചെയ്യാനുള്ള അവകാശ പരിശോധനകൾ നടത്തണം എന്നാണ് നിയമം . അങ്ങനെ ചെയ്യാത്ത ഒരു തൊഴിലാളിക്ക് £60,000 പിഴയും അഞ്ച് വർഷം വരെ തടവ് ശിക്ഷയും നേരിടേണ്ടി വരും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൗമാരക്കാരനായ കോൾ കൂപ്പറിനെ തിരയുന്നതിനിടെ ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മെയ് 7 ന് ബാങ്ക്നോക്കിലാണ് കോൾ കൂപ്പറിനെ അവസാനമായി കണ്ടത്. ഫാൽകിർക്കിനടുത്തുള്ള ബാങ്ക്നോക്കിലെ കിൽസിത്ത് റോഡിനടുത്തുള്ള ഒരു വനപ്രദേശത്ത് ആണ് മൃതദേഹം കണ്ടെത്തിയത് . ഔപചാരിക തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ല. എന്നിരുന്നാലും കോൾ കൂപ്പറിന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.
മെയ് 7-ാം തീയതി ഒരാൾ കോൾ കൂപ്പറിനെ കണ്ടതായി സ്ഥിരീകരിച്ചിരുന്നു. ഏകദേശം ഒരു മാസത്തിനു ശേഷമാണ് പോലീസിന് മൃതദേഹം കണ്ടെത്താനായത്. സംഭവത്തിലേയ്ക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൻ്റെ വിപുലമായ അന്വേഷണം പോലീസ് നടത്തിയിരുന്നു. ഏകദേശം 400 പ്രദേശവാസികളുമായി പോലീസ് സംസാരിച്ചിരുന്നു. ഇതുകൂടാതെ 2000 മണിക്കൂറിലധികമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ലെസ്റ്ററിൽ 80 വയസ്സുകാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ ശിക്ഷ വിധിച്ച് കോടതി. വീടിന് തൊട്ടടുത്തുള്ള പാർക്കിൽ നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെൻ കോലിയെ ബ്രിട്ടീഷുകാരായ കുട്ടികൾ കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ 15 വയസ്സുകാരന് 7 വർഷം ജയിൽ ശിക്ഷയാണ് ലഭിച്ചത്. അതേസമയം, ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 വയസ്സുള്ള പെൺകുട്ടിയെ ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കി. ഈ പെൺകുട്ടിക്ക് മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഉത്തരവാണ് നല്‍കിയിരിക്കുന്നത്.
കോടതി നൽകിയ ശിക്ഷ കുറഞ്ഞു പോയെന്ന് ഭീം സെൻ കോലിയുടെ മകൾ സൂസൻ കോടതിക്ക് വെളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികൾ ചെയ്‌ത കുറ്റകൃത്യത്തിൻെറ തീവ്രത മനസിലാക്കിയുള്ള ശിക്ഷ അല്ല ലഭിച്ചിരിക്കുന്നതെന്ന് സൂസൻ പറയുന്നു. ലെസ്റ്ററിലെ ബ്രൗൺസ്റ്റോൺ ടൗണിലെ ഫ്രാങ്ക്‌ളിൻ പാർക്കിൽ വച്ചാണ് ഒരു സംഘം കുട്ടികൾ നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെൻ കോലിയെ ആക്രമിച്ചത്. സംഭവ ദിവസം തന്നെ, ആക്രമിച്ച അഞ്ച് കുട്ടികളെയും അറസ്റ്റ് ചെയ്തതായി ലെസ്റ്റർഷയർ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
2024 സെപ്റ്റംബർ 1ന് വൈകുന്നേരം നടന്ന ആക്രമണത്തിന് ശേഷം ആശുപത്രിയിലായിരുന്ന ഭീം കോലി അടുത്ത ദിവസം രാത്രി തന്നെ മരണത്തിന് കീഴടങ്ങി. കല്ലേറിൽ കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പാർക്കിന് തൊട്ടടുത്തുള്ള വീട്ടിലാണ് ഭീം സെൻ കോലിയും ഭാര്യ സതീന്ദർ കൗറും താമസിച്ചിരുന്നത്. പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ വിചാരണ വേളയിൽ പൊലീസ് ഹാജരാക്കിയിരുന്നു. പ്രതികൾ പ്രായപൂർത്തി ആകാത്തതിനാൽ പൊതുസമൂഹത്തിൽ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ കുറെ നാളുകളായി ലഹരി കടത്ത് നടത്തി അറസ്റ്റിലാകുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വ്യാപകമായി കൂടിയിട്ടുണ്ട്. ഈ കുറ്റത്തിന് വിശ്രമ ജീവിതം നയിക്കുന്നത് ഉൾപ്പെടെ അറസ്റ്റിലായരുടെ എണ്ണത്തിലെ വർദ്ധനവ് ഞെട്ടിക്കുന്നത്. അതുകൊണ്ട് തന്നെ മയക്കുമരുന്ന് മാഫിയയുടെ കെണിയിൽ ബ്രിട്ടീഷുകാർ കൂടുതലായി വീഴുന്നതിന്റെ കാരണങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.
ആഡംബര അവധിക്കാലവും പണം കാണിച്ച് പ്രലോഭിപ്പിച്ചാണ് മയക്കുമരുന്ന് മാഫിയ പലരെയും വരുതിയിൽ കൊണ്ടുവരുന്നത്. കൂടുതലായും ഗ്ലാമറസായിട്ടുള്ള യുവതികളാണ് ചതി കുഴിയിൽ പെടുന്നത്. എന്നാൽ ഇവരെ കാത്തിരിക്കുന്നത് നീണ്ടകാലത്തെ ജയിൽവാസമോ വധശിക്ഷയോ ആണ്. ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർ കൂടുതൽ പിടിക്കപ്പെടുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
സാധാരണഗതിയിൽ യുവതികൾ ആണ് മയക്കുമരുന്ന് കടത്തുകാരായി പിടിയിലാകുന്നത്. എന്നാൽ അടുത്തയിടെ ഏവരെയും ഞെട്ടിച്ചുകൊണ്ട് 79 വയസ്സുള്ള വില്യം എന്നയാൾ ചിലിയിൽ മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായി മെക്സിക്കൻ സംഘം 3.7 മില്യൻ പൗണ്ട് ആണ് ഇയാൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. കള്ളക്കടത്തുകാരിൽ പലരും പതിറ്റാണ്ടുകളായി തടവ് അനുഭവിക്കുകയാണ്. എന്നാൽ ഏറ്റവും അവസാന ഘട്ടത്തിൽ യുകെയിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് കൊക്കെയ്ൻ കടത്തിയതിന് മൂന്ന് ബ്രിട്ടീഷ് പൗരന്മാർ വധശിക്ഷ ആണ് നേരിടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിൽനിന്ന് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് യുകെയിൽ എത്തി ചൂഷണത്തിന് ഇരയാകുന്ന കെയർ വർക്കർമാരുടെ ദയനീയ അവസ്ഥ കരളലിയിക്കുന്നതാണ്. ലക്ഷങ്ങൾ നൽകിയാണ് പലരും കെയർ വിസ സ്വന്തമാക്കി യുകെയിൽ എത്തിയത്. എന്നാൽ ഭൂരിപക്ഷത്തിനും അവർ ആഗ്രഹിച്ച രീതിയിൽ ഉള്ള ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഏജൻസികളുടെയും കെയർ ഹോമുകളുടെയും ചൂഷണത്തിന് ഇരയായവരുടെ കൊടും യാതനകളുടെ രേഖാചിത്രം നേരത്തെ മലയാളം യുകെ വാർത്തയാക്കിയിരുന്നു.
ചൂഷണത്തിനിരയായ കെയർ വർക്കർമാരെ സഹായിക്കുന്നതിനുള്ള യുകെ സർക്കാരിൻറെ പദ്ധതികൾ വളരെ കുറച്ചുപേർക്ക് മാത്രമേ സഹായകരമായുള്ളൂ എന്ന ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആണ് പുറത്തു വന്നിരിക്കുന്നത്. പുതിയ തൊഴിലുടമകളുടെ കീഴിൽ ജോലി സമ്പാദിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്ന പദ്ധതി വഴി 4 ശതമാനം പേർക്ക് മാത്രമെ തൊഴിൽ കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്നാണ് കണക്കുകൾ കാണിക്കുന്നത്. ചൂഷണത്തിന് ഇരയായ 28,000 കുടിയേറ്റ കെയർ വർക്കർമാരിൽ 3.4 ശതമാനം പേർക്ക് മാത്രമെ പുതിയ തൊഴിൽ ഉടമയെ കണ്ടെത്താനായിട്ടുള്ളൂ. അതായത് തൊഴിൽ പീഡനവും ജോലിയും നഷ്ടപ്പെട്ട ബഹുഭൂരിപക്ഷം കെയർ നേഴ്സുമാരും ഇപ്പോഴും ഓരോ ദിവസവും തള്ളി നീക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.
യുകെയിലെ കെയർ മേഖല കുത്തഴിഞ്ഞതിന്റെ ഒട്ടനവധി വിവരങ്ങളാണ് ദിനംപ്രതി പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. നിലവിൽ 131,000 സോഷ്യൽ കെയർ ഒഴിവുകൾ നികത്തിയിട്ടില്ലെന്ന് വർക്ക് റൈറ്റ്സ് സെന്റർ നടത്തിയ വിശകലനത്തിൽ കണ്ടെത്തിയിരുന്നു . 2022 മുതൽ നടത്തിപ്പിൻ്റെ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് കുറഞ്ഞത് 470 കെയർ ഹോമുകളുടെ ലൈസൻസ് ആണ് യുകെ ഗവൺമെൻറ് റദ്ദാക്കിയത്. ഇതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിപക്ഷവും മലയാളികളായിരുന്നു. ഈ രീതിയിൽ ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ തൊഴിൽ ദാതാവിനെ കണ്ടെത്താനുള്ള 6 മാസത്തെ കാലാവധി സർക്കാർ നൽകിയിരുന്നു. ഇതിനിടയിൽ ജോലി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അവർക്ക് രാജ്യം വിടേണ്ടതായി വരും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ അടുത്തിടെയായി ഇ- ബൈക്കുകളും സ്കൂട്ടറുകളും വ്യാപകമായി തീപിടുത്തത്തിന് വിധേയമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2024 ൽ മാത്രം ഇത്തരം ഇരുനൂറിൽപരം അപകടങ്ങളിലാണ് അഗ്നിശമനസേന ഇടപെടേണ്ടതായി വന്നത് . ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം – അയൺ ബാറ്ററികൾ ഉണ്ടാക്കുന്ന അപകടങ്ങൾ കടുത്ത സുരക്ഷാ വീഴ്ചയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.
2023 -ൽ ഇത്തരം അപകടങ്ങളുടെ എണ്ണം 207 ആയിരുന്നെങ്കിൽ 2024 ൽ അത് 211 ആയി ഉയർന്നു. എന്നാൽ 2017 -ൽ ഇത് വെറും രണ്ട് എണ്ണം മാത്രമായിരുന്നു. ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും പ്രകൃതി സൗഹൃദ ജനപ്രിയ ഗതാഗത മാർഗ്ഗമാണെങ്കിലും അവമൂലം ഉണ്ടാക്കുന്ന തീപിടുത്ത സാധ്യതയെ കുറിച്ച് ലണ്ടൻ അഗ്നിശമന സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ സ്കൂട്ടറുകളും ബൈക്കുകളും മാറ്റം വരുത്തി നിരത്തിലിറക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് പ്രധാനമായും അപകടം ഉണ്ടാക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.