ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രമുഖ വനിതകളും കലാകാരികളും രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് വലതുപക്ഷ നേതാക്കൾ നടത്തുന്ന കുടിയേറ്റ വിരുദ്ധ പ്രചാരണത്തെ ശക്തമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നു . Women Against the Far Right ന്റെ പേരിൽ പുറത്തിറക്കിയ തുറന്ന കത്തിൽ സംഗീത ലോകത്തെ പ്രമുഖരായ പാലോമ ഫെയ്ത്ത്, ഷാർലറ്റ് ചർച്ച്, അനുഷ്കാ ശങ്കർ, ബ്രോഡ്കാസ്റ്റർ ആനി മക്മാനസ്, വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ ആണ് ഒപ്പുവച്ചിരിക്കുന്നത് . ലേബർ, ഗ്രീൻ, സ്വതന്ത്ര എംപിമാരും ലേബർ ലോർഡ് ഷാമി ചക്രബർത്തി പോലുള്ള പാർലമെന്റ് അംഗങ്ങളും കത്തിൽ ഒപ്പ് വെച്ചത് ഇതിന്റെ പ്രാധാന്യം വർധിപ്പിച്ചു.

ലൈംഗിക അതിക്രമം ബ്രിട്ടീഷ് സമൂഹത്തിലെ സമഗ്രമായ സാമൂഹിക പ്രശ്നമാണന്നും അത് കുടിയേറ്റക്കാരുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. കുടുംബാതിക്രമം, ജോലി സ്ഥലങ്ങളിലെ പീഡനം, ഓൺലൈൻ ദുരുപയോഗം എന്നിവയാണ് സ്ത്രീകളുടെ സുരക്ഷയെ യഥാർത്ഥത്തിൽ ബാധിക്കുന്ന ഘടകങ്ങൾ. അഭയാർത്ഥികളിൽ പലരും യുദ്ധത്തിന്റെയും പീഡനത്തിന്റെയും ഇരകളാണ് എന്നും സ്വന്തം നാട്ടിൽ ജീവൻ രക്ഷിക്കാൻ ഓടി വന്നവരെ കുറ്റപ്പെടുത്തുന്നത് അവരുടെ മനുഷ്യാവകാശത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണെന്നും കത്തിൽ ചൂണ്ടി കാണിക്കുന്നുണ്ട് . സമൂഹത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളെ അവഗണിച്ച് കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നത് വോട്ടു പിടിക്കാനുള്ള രാഷ്ട്രീയ കളിയാണ് എന്നും അവർ ചൂണ്ടിക്കാട്ടി.

കത്തിൽ ഒപ്പുവെച്ചവർ സർക്കാരിന്റെ പൊതുസേവനങ്ങൾ കുറച്ചത് സ്ത്രീകൾക്കും കുട്ടികൾക്കും ഇരകൾക്കും നീതി ലഭിക്കുന്നതിനുള്ള വലിയ തടസമാണെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷങ്ങളിലായി വനിതാ സുരക്ഷാ സേവനങ്ങൾ, കൗൺസിലിംഗ്, അഭയം തേടുന്ന കേന്ദ്രങ്ങൾ, നിയമ സഹായങ്ങൾ തുടങ്ങി നിരവധി സംവിധാനങ്ങൾ സർക്കാർ ധനസഹായ കുറവ് മൂലം തകർന്നുവെന്ന് അവർ ഓർമ്മപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ, അഭയാർത്ഥി ഹോട്ടലുകൾക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ “സ്ത്രീകളെ സംരക്ഷിക്കു” എന്ന പേരിൽ വിദ്വേഷം വളർത്തുന്നത് സമൂഹത്തിൽ കലഹത്തിനും കലാപത്തിനും വഴിവയ്ക്കുമെന്നാണ് കത്ത് മുന്നറിയിപ്പ് നൽകുന്നത് . വരാനിരിക്കുന്ന വലതുപക്ഷ പ്രക്ഷോഭങ്ങൾക്ക് എതിരെ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങൾക്ക് ശക്തമായ പിന്തുണ നൽകുമെന്നും സ്ത്രീകളുടെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന രാഷ്ട്രീയത്തിന് ഇനി സമൂഹത്തിൽ സ്ഥാനം ഇല്ല എന്നും അവർ പ്രഖ്യാപിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ കൗൺസിൽ ടാക്സിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കൗൺസിൽ ടാക്സ് സംവിധാനം പഴഞ്ചനായതാണെന്നും, 1991ലെ വീടുകളുടെ വിലകളെ ആശ്രയിച്ച് ഇന്നും ടാക്സ് ഈടാക്കുന്നത് വലിയ അനീതി വരുത്തുന്നതാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് (IFS) പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വീടുകളുടെ ഇപ്പോഴത്തെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കി ടാക്സ് പുതുക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നടപ്പിലാക്കിയാൽ സൗത്ത് ഇംഗ്ലണ്ടിലും പ്രത്യേകിച്ച് ലണ്ടനിലും കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമായി മാറും. ഉദാഹരണത്തിന് വെസ്റ്റ്മിൻസ്റ്ററിലെ ശരാശരി കൗൺസിൽ ടാക്സ് 410% വരെ ഉയരും. കെൻസിങ്ടൺ & ചെൽസിയിലും വാൻഡ്സ്‌വർത്തിൽ 166% മുതൽ 358% വരെയുള്ള വർധനവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം നോർത്ത് ഇംഗ്ലണ്ടിലെ പല നഗരങ്ങൾക്കും വലിയ ആശ്വാസം ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കിംഗ്സ്റ്റൺ അപോൺ ഹൾ പോലുള്ള നഗരങ്ങളിൽ ശരാശരി 60% വരെ കുറവ് പ്രതീക്ഷിക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ കുടുംബത്തിനും ഏകദേശം £700 പൗണ്ട് വരെ ലാഭം ലഭിക്കുമെന്നും ആണ് കണക്കാക്കുന്നത് . സ്റ്റോക്ക്-ഓൺ-ട്രെന്റ് , ഹാർട്ട്‌ലിപൂൾ പോലുള്ള പ്രദേശങ്ങളിലും 50%ത്തിൽ കൂടുതൽ കുറവ് ഉണ്ടായേക്കാം. അതുകൊണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് കാര്യമായ പ്രയോജനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത് .

34 വർഷമായി ടാക്സ് നിരക്കുകൾ പുതുക്കാതിരുന്നതു മൂലം തെക്കൻ ഇംഗ്ലണ്ടിലെ കോടികളുടെ വിലയുള്ള വീടുകൾക്ക് വളരെ കുറച്ച് മാത്രമാണ് നികുതി അടയ്ക്കേണ്ടി വരുന്നത്. എന്നാൽ ഇത്തരം പ്രദേശങ്ങളിലെ കുറഞ്ഞ വിലയുള്ള വീടുകൾക്ക് വലിയ ടാക്സ് ആണ് അടച്ചുകൊണ്ടിരുന്നത് . ഇത് കടുത്ത അനീതിയാണ് എന്ന് ഐ.എഫ്.എസ്. റിപ്പോർട്ടിലെ സ്റ്റുവർട്ട് ആഡം ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം പരിഷ്‌കരണം നടപ്പിലാക്കുന്നതിന് വൻ രാഷ്ട്രീയ എതിർപ്പ് നേരിടേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുടിയേറ്റ വിസകളുടെ ദുരുപയോഗം തടയാനും അനധികൃതമായി തൊഴിലുകളിൽ ഏർപ്പെടുന്നത് തടയാനുമായി കർശന നടപടികളുമായി ബ്രിട്ടീഷ് സർക്കാർ രംഗത്തെത്തി. വിദേശ തൊഴിലാളികളുടെ നിയമനം നിയന്ത്രിച്ച് ബ്രിട്ടീഷ് പൗരന്മാർക്കും നിലവിൽ രാജ്യത്തുണ്ടായിരിക്കുന്ന നിയമാനുസൃത കുടിയേറ്റക്കാർക്കും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാനാണ് സർക്കാരിന്റെ നീക്കം.അനധികൃത തൊഴിലും വിസ ലംഘനവും ഇനി അനുവദിക്കില്ല. തൊഴിലവസരങ്ങൾ ആദ്യം നാട്ടുകാരുടെയും നിയമാനുസൃത കുടിയേറ്റക്കാരുടെയും അവകാശമാണ് എന്നും ഹോം സെക്രട്ടറി ഇവെറ്റ് കൂപ്പർ വ്യക്തമാക്കി.

ബ്രിട്ടനിലെ നിയമവിരുദ്ധ തൊഴിലാളികളെ നിയമിച്ചതിന്റെ പേരിൽ വൻ തിരിച്ചടി കിട്ടിയ ഒരു തൊഴിൽ രംഗം കെയർ സേവന മേഖല ആണ് . 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിനുള്ളിൽ 10 സ്ഥാപനങ്ങൾക്ക് മാത്രം ചുമത്തിയ പിഴ 600,000 പൗണ്ട് ആണ് . ജേക്കോ റിക്രൂട്ട്മെന്റ് ലിമിറ്റഡിന് £105,000, ബാർചെസ്റ്റർ ഹെൽത്ത്‌കെയർ ലിമിറ്റഡിന് £60,000, ഫൗണ്ടൻ ലോഡ്ജ് കെയർ ഹോം ലിമിറ്റഡിനും എ & ബി ക്വാളിറ്റി കെയറിനും £45,000 വീതം പിഴ ചുമത്തിയിട്ടുണ്ട് എന്നാണ് ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് . നിരവധി തൊഴിലാളികളെയാണ് അനധികൃത നിയമനത്തിന്റെ പേരിൽ പിടികൂടിയത്. നിയമം കൂടുതൽ കടുപ്പിച്ചതിനാൽ നിലവിൽ അനുമതിയില്ലാതെ തൊഴിലാളിയെ നിയമിക്കുന്നതിന് ആദ്യപ്രാവശ്യം £45,000 വരെയും വീണ്ടും ആവർത്തിച്ചാൽ £60,000 വരെ പിഴ അടയ്ക്കേണ്ടിവരും .

2022 മാർച്ച് മുതൽ 2024 മാർച്ച് വരെ ഹെൽത്ത്, സോഷ്യൽ കെയർ വിസകളിലൂടെ മാത്രം ഏകദേശം 1.85 ലക്ഷം പേരാണ് വിദേശത്ത് നിന്ന് ബ്രിട്ടനിലെത്തിയതായി വ്യവസായ നിരീക്ഷണ സ്ഥാപനമായ സ്കിൽ ഫോർ കെയർ പുറത്തിറക്കിയ കണക്ക് വ്യക്തമാക്കുന്നു.അതേസമയം, യൂണിസൺ നടത്തിയ സർവേ പ്രകാരം, കെയർ മേഖലയിൽ ജോലി ചെയ്യുന്ന 3,000-ത്തിലധികം കുടിയേറ്റ തൊഴിലാളികളിൽ നാലിലൊന്ന് പേർ അനധികൃത വിസാ ഫീസ് അടച്ചിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനകം 50 ശതമാനം അധിക റെയ്ഡുകളും അറസ്റ്റുകളും നടന്നു കഴിഞ്ഞതായി ഹോം സെക്രട്ടറി വ്യക്തമാക്കി. നിലവിൽ ബാറുകൾ, ബാർബർ ഷോപ്പുകൾ, ഡെലിവറി ഹബ്ബുകൾ എന്നിവയാണ് പ്രധാനമായും പരിശോധനയ്ക്കിരയായത്. അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുന്നതിനോടൊപ്പം ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബൈക്കിൽ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷ്ടിക്കപ്പെട്ടു. ആഗസ്റ്റ് 31- നാണ് യോഗേഷ് അലേകാരി എന്ന സഞ്ചാരിക്ക് പണി കിട്ടിയത്. നോട്ടിംഗ്ഹാമിലെ ഒരു സുഹൃത്തിനെ സന്ദർശിച്ച് വോളട്ടൺ പാർക്കിൽ പ്രഭാതഭക്ഷണത്തിനായി നിർത്തിയപ്പോഴാണ് സംഭവം. മോഷണം നടന്ന സമയത്ത്, അദ്ദേഹത്തിന്റെ മോട്ടോർ ബൈക്കിൽ പാസ്‌പോർട്ട്, പണം, മറ്റ് രേഖകൾ എന്നിവയുൾപ്പെടെ യാത്രയ്ക്ക് വേണ്ട ഒട്ടേറെ അവശ്യവസ്തുക്കളും ഉണ്ടായിരുന്നു.

നാലുപേർ ചേർന്ന് ചുറ്റിക ഉപയോഗിച്ച് ലോക്ക് തകർത്ത് മോട്ടോർ ബൈക്കുമായി കടന്നു കളയുകയായിരുന്നു. ഇതിനകം അദ്ദേഹം 17 രാജ്യങ്ങളിലൂടെ 24,000 കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞു. യാത്രയുടെ അടുത്ത ഘട്ടത്തിൽ ആഫ്രിക്കയിലേക്ക് പോകേണ്ടതായിരുന്നു. മോട്ടോർബൈക്കോ രേഖകളോ ഇല്ലാത്തതിനാൽ സഹായത്തിനായി അദ്ദേഹം തന്റെ ഓൺലൈൻ ഫോളോവേഴ്‌സിനെ സമീപിച്ചു. നോട്ടിംഗ്ഹാം പോലീസ് അന്വേഷണം ആരംഭിച്ചു, എന്നിരുന്നാലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും തന്റെ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അലേകാരിക്ക് ഒട്ടേറെ ഫോളോവേഴ്സ് ആണ് ഉള്ളത് . മോഷ്ടിക്കപ്പെട്ട മോട്ടോർ ബൈക്കിന്റെയും മറ്റ് വസ്തു വകകളുടെയും ആകെ മൂല്യം ഏകദേശം 15000 പൗണ്ട് ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക അന്വേഷണങ്ങൾ നടത്തിയിരുന്നുവെങ്കിലും മോഷ്ടിച്ച മോട്ടോർ ബൈക്ക് കണ്ടെത്തുന്നതിൽ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
16 വയസ്സിന് താഴെയുള്ളവരിൽ എനർജി ഡ്രിങ്ക്സ് വാങ്ങുന്നത് നിയമം മൂലം നിരോധിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഇതോടെ ഈ പ്രായപരിധിയിൽ ഉള്ളവർ കടകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, വെൻഡിംഗ് മെഷീനുകൾ എന്നീ ഇടങ്ങളിൽ നിന്ന് റെഡ് ബുൾ, മോൺസ്റ്റർ, പ്രൈം തുടങ്ങിയ എനർജി ഡ്രിങ്ക്സ് വാങ്ങുന്നത് കുറ്റകരമാകും. മിക്ക സൂപ്പർമാർക്കറ്റുകളും ഇതിനകം സ്വമേധയാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും യുകെയിലെ കുട്ടികളിൽ മൂന്നിലൊന്ന് പേർ വരെ എല്ലാ ആഴ്ചയും ഇത്തരം പാനീയങ്ങൾ കഴിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇത്തരം പല ജനപ്രിയ എനർജി ഡ്രിങ്കുകളിൽ രണ്ട് കപ്പ് കാപ്പിയെക്കാൾ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നത് കുട്ടികൾക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അപൂർവ്വമാണെങ്കിൽ പോലും അധികം കഫീന്റെ ഉപയോഗം മൂലം മരണങ്ങൾ വരെ സംഭവിച്ചിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണക്രമം കൂടുതൽ ആരോഗ്യകരമാക്കുന്നതിനുള്ള ഉചിതമായ നടപടി നിരോധനമാണെന്ന് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്തിന്റെ പ്രസിഡന്റ് പ്രൊഫ. സ്റ്റീവ് ടർണർ പറഞ്ഞു.

ഇത്തരം പാനീയങ്ങൾ കുട്ടികൾ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഇവയുടെ സ്വാധീനത്തെ കുറിച്ച് പഠിച്ച ടീസൈഡ് സർവകലാശാലയിലെ പ്രൊഫ. അമേലിയ ലേക്ക് പറഞ്ഞു. ഇംഗ്ലണ്ട് കൂടാതെ വടക്കൻ അയർലൻഡ്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവയും നിരോധിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. നിലവിലെ ലേബലിംഗ് നിയമങ്ങൾ പ്രകാരം ചായയോ കാപ്പിയോ ഒഴികെയുള്ള ഏത് പാനീയത്തിലും ലിറ്ററിന് 150 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ടെങ്കിൽ “ഉയർന്ന കഫീൻ ഉള്ളടക്കം. കുട്ടികൾക്കോ ഗർഭിണികൾക്കോ മുലയൂട്ടുന്ന സ്ത്രീകൾക്കോ ശുപാർശ ചെയ്യുന്നില്ല” എന്ന് പറയുന്ന മുന്നറിയിപ്പ് ലേബൽ ആവശ്യമാണ്.

ഇത്തരം പാനീയങ്ങളുടെ അമിതമായ ഉപഭോഗം തലവേദനയ്ക്കും ഉറക്ക പ്രശ്‌നങ്ങൾക്കും കാരണമാകും. അമിതമായ കഫീൻ വേഗത്തിലുള്ള ഹൃദയമിടിപ്പ്, അസാധാരണമായ ഹൃദയ താളം, അപസ്മാരം എന്നിവയ്ക്കും കാരണമാകും. യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി മാതാപിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ കണക്കിലെടുത്ത് ഈ പ്രശ്നം അടിയന്തിര പ്രധാന്യത്തോടെ സർക്കാർ കൈകാര്യം ചെയ്യുമെന്ന് ആരോഗ്യ-സാമൂഹിക പരിപാലന സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വേനൽ കാലത്ത് രാജ്യത്ത് ഉടനീളം പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനോട് അനുബന്ധിച്ചുള്ള തട്ടിപ്പുകൾ വർധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതേ തുടർന്ന് ഇത്തരം തട്ടിപ്പുകളെ കുറിച്ച് കരുതിയിരിക്കണമെന്ന് പോലീസും കൗൺസിലുകളും ശക്തമായ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ഓരോ ദിവസം കഴിയുംതോറും തട്ടിപ്പുകാർ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ രീതിയിൽ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നത് പോലീസിന് കടുത്ത വെല്ലുവിളിയായിട്ടുണ്ട്.

പണമടയ്ക്കാത്ത ഫൈനുകളെ കുറിച്ചുള്ള വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുക, കാർഡ് വിവരങ്ങൾ രഹസ്യമായി മോഷ്ടിക്കാൻ സഹായിക്കുന്ന കൃത്രിമ കാർ പാർക്കിംഗ് മെഷീനുകൾ ഉപയോഗിക്കുക തുടങ്ങിയ നിരവധി മാർഗങ്ങൾ ആണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. പാർക്കിംഗ് ഫൈനുകളെ കുറിച്ച് സന്ദേശങ്ങൾ ലഭിച്ചാൽ തട്ടിപ്പാണോ എന്ന് പരിശോധിക്കുവാൻ ചില മാർഗങ്ങൾ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്. യഥാർത്ഥ പാർക്കിംഗ് പിഴകളിൽ വാഹന രജിസ്ട്രേഷൻ, കുറ്റകൃത്യം നടന്ന സമയം, അത് നടന്ന സ്ഥലം എന്നിവ രേഖപ്പെടുത്തിയിരിക്കും. ഈ മൂന്ന് വിവരങ്ങൾ ഇല്ലെങ്കിൽ അത് ഒരു തട്ടിപ്പാണ് എന്ന് മനസ്സിലാക്കണം.

പാർക്കിങ്ങിനോട് അനുബന്ധിച്ച് മൂന്ന് തരത്തിലുള്ള പിഴകളാണ് ലഭിക്കുന്നത്. കൗൺസിൽ നൽകുന്ന പിഴ ഈടാക്കൽ നോട്ടീസ്, അമിതവേഗത പോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന പിഴ നോട്ടീസ്, ഒരു സ്വകാര്യ കമ്പനി നൽകുന്ന പാർക്കിംഗ് ചാർജ് നോട്ടീസ് എന്നിവയാണവ. ഇത്തരം ഫൈനുകൾ അടയ്ക്കാവുന്ന രീതിയിൽ വരുന്ന ലിങ്കുകളിൽ ഉടൻ ക്ലിക്ക് ചെയ്ത് പണം അടയ്ക്കുന്നത് ചിലപ്പോൾ തട്ടിപ്പിനിരയാകുന്നതിന് കാരണമാകും. തട്ടിപ്പ് ടെക്സ്റ്റ് മെസ്സേജുകളുടെ ഭാഷാ ഭീഷണിയുടേതായിരിക്കും. ഉദാഹരണത്തിന് ഉടനെ പണം അടച്ചില്ലെങ്കിൽ നിങ്ങളുടെ ലൈസൻസ് റദ്ദാക്കും എന്നു തുടങ്ങിയ മെസ്സേജുകൾ ആളുകളെ പരിഭ്രാന്തിയിലാക്കി പണം തട്ടിയെടുക്കാനുള്ള അടവാണ്. ഈ സ്‌കാം ടെക്‌സ്‌റ്റുകളിലെ ചില ലിങ്കുകൾ നിങ്ങളെ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകൾ പോലെ തോന്നിക്കുന്ന വെബ്‌സൈറ്റുകളിലേക്ക് കൊണ്ടുപോകുന്നു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ബാങ്കിൻറെ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും നൽകുന്നത് തട്ടിപ്പുകാർക്ക് നിങ്ങളുടെ വിവരങ്ങൾ മനസ്സിലാകുന്നതിന് സഹായിക്കും. ഏതെങ്കിലും കാരണവശാൽ ഇത്തരം സാഹചര്യത്തിൽ കൂടി കടന്നു പോയിട്ടുണ്ടെങ്കിൽ ഉടനെ തന്നെ ബാങ്കിൻറെ പാസ്സ്‌വേർഡ് മാറ്റേണ്ടതാണ്. ഏതെങ്കിലും തട്ടിപ്പിന് ഇരയായി എന്ന് തോന്നിയാൽ ഉടനെ തന്നെ നിങ്ങളുടെ ബാങ്കിനെ വിവരം അറിയിക്കണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗേറ്റ്സ്ഹെഡിലെ ആഡിസൺ കോർട്ട് കെയർ ഹോമിൽ ജോലി ചെയ്തിരുന്ന നേഴ്‌സ് ഡെനിഷ് ഡേവാസിയയെ നേഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ സ്ഥിര വിലക്ക് ഏർപ്പെടുത്തി പുറത്താക്കി. 2022-ൽ രാത്രി ഷിഫ്റ്റിനിടെ ഓക്സികോഡോൺ, മിഡാസൊലം എന്നീ മരുന്നുകൾ സ്വന്തമായി ദുരുപയോഗം ചെയ്തതായി അദ്ദേഹം സമ്മതിച്ചിരുന്നു. ഇതിനെ തുടർന്ന് നേഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (NMC) നടത്തിയ ഹിയറിംഗിൽ, രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കി എന്ന കാരണത്താൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു .

2024 ആഗസ്റ്റിൽ നടന്ന പ്രാഥമിക ഹിയറിംഗിൽ, മരുന്നുകളുടെ അലമാര തുറന്നുവെച്ച് രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്നും , ഡ്യൂട്ടിക്കിടെ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നെന്നും കണ്ടെത്തി. അത് ഒരിക്കൽ മാത്രം നടന്ന സംഭവമായതിനാൽ സ്ഥിര വിലക്ക് നൽകാതെ വിട്ടുവീഴ്ച ചെയ്തിരുന്നു. എന്നാൽ, സസ്പെൻഷൻ കാലാവധി കഴിഞ്ഞപ്പോൾ നടന്ന റിവ്യൂ ഹിയറിംഗിൽ അദ്ദേഹം ഹാജരായില്ല. ശിക്ഷാ നടപടികളിൽ സഹകരിക്കാതിരിക്കുകയും, പ്രതികരണം നൽകാതിരിക്കുകയും ചെയ്തതിനാൽ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അദ്ദേഹത്തെ സ്ഥിരമായി പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് പാനൽ വ്യക്തമാക്കി.
അതേസമയം, ഡെനിഷ് ജോലി ചെയ്തിരുന്ന ആഡിസൺ കോർട്ട് കെയർ ഹോം 2023-ൽ കെയർ ക്വാളിറ്റി കമ്മീഷന്റെ പരിശോധനയിൽ “സുരക്ഷിതമല്ല” എന്ന് വിലയിരുത്തപ്പെട്ടിരുന്നു. സ്റ്റാഫ് കുറവും, താമസക്കാരുടെ സുരക്ഷാപ്രശ്നങ്ങളും ചൂണ്ടികാട്ടിയതിനെ തുടർന്ന് സ്ഥാപനത്തെ സ്പെഷ്യൽ മെഷറുകളിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ നിലവാരം മെച്ചപ്പെട്ടതായി കണ്ടെത്തി, “ഗുഡ്” റേറ്റിംഗ് നൽകി സ്പെഷ്യൽ മെഷറിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിസയുടെ കാലാവധി കഴിഞ്ഞിട്ടും യുകെയിൽ തുടരുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഹോം ഓഫീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് സ്റ്റുഡൻറ് വിസയിൽ എത്തിയ വിദ്യാർത്ഥികളെ ഹോം ഓഫീസ് നേരിട്ട് ബന്ധപ്പെട്ടാണ് വിസ കാലാവധി കഴിഞ്ഞതിനാൽ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന അറിയിപ്പ് നൽകിയത്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു.

കാലാവധി കഴിഞ്ഞ വിദ്യാർത്ഥികളെ ടെക്സ്റ്റ് മെസ്സേജ് ആയും ഇമെയിലിൽ കൂടിയും ഹോം ഓഫീസ് നേരിട്ട് ബന്ധപ്പെടുകയായിരുന്നു. കാലാവധി കഴിഞ്ഞ ചില വിദ്യാർത്ഥികൾ അഭയാർത്ഥികളായി അഭയം തേടുന്ന പ്രവണത വർദ്ധിച്ചു വരുന്നതായി ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ ബിബിസിയോട് പറഞ്ഞു. ജൂൺ വരെയുള്ള കാലയളവിൽ യുകെയിൽ ലഭിച്ച അഭയാർത്ഥി അപേക്ഷകളിൽ ഏകദേശം 13% പഠന വിസയിൽ എത്തിയവരിൽ നിന്നാണെന്നാണ് ഹോം ഓഫീസിന്റെ കണക്കുകൾ കാണിക്കുന്നത്. ഇത് ഏകദേശം 14,800 എണ്ണം വരും. വിസ കാലാവധി കഴിഞ്ഞ് താമസിക്കുന്ന കുട്ടികളിൽ നിന്ന് എത്ര അപേക്ഷകൾ ലഭിച്ചു എന്നതിനെ കുറിച്ചുള്ള കണക്കുകൾ ഹോം ഓഫീസ് പുറത്തുവിട്ടിട്ടില്ല.
യുകെയിൽ പ്രവേശിക്കുന്നതിനുള്ള കുറുക്കുവഴിയായി സ്റ്റുഡൻറ് വിസകളെ ഉപയോഗിക്കുന്നതായുള്ള ആക്ഷേപം ശക്തമാണ്. ഇതിനെ തുടർന്ന് സ്റ്റുഡൻ്റ് വിസയിൽ എത്തിയവരെ തടയുന്നതിനുള്ള നിയമങ്ങൾ രാജ്യത്ത് കർശനമാക്കിയിരുന്നു. സ്റ്റുഡൻറ് വിസയിൽ എത്തുന്നവരെ കൂടുതൽ കർശനമായ നടപടിക്രമങ്ങളിലൂടെ തിരഞ്ഞെടുക്കണമെന്ന നിർദ്ദേശം ഹോം ഓഫീസിന്റെ ഭാഗത്തുനിന്നും സർവ്വകലാശാലകൾക്ക് നൽകിയിട്ടുണ്ട് . അഭയാർത്ഥികൾക്ക് അവരുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന പദ്ധതിക്കായുള്ള പുതിയ അപേക്ഷകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഹോം സെക്രട്ടറി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു സുപ്രധാന നീക്കത്തിലൂടെ അഭയാർത്ഥികൾക്ക് അവരുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന ഒരു പദ്ധതിക്കായുള്ള പുതിയ അപേക്ഷകൾ സർക്കാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നു. പുതിയ നടപടി ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. യുകെയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മറ്റ് കുടിയേറ്റക്കാർക്കുള്ള അതേ നിയന്ത്രണങ്ങൾ അഭയാർത്ഥികൾക്ക് നേരിടേണ്ടിവരുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.

പുതിയ നിർദ്ദേശത്തിന്റെ ഭാഗമായി അഭയാർത്ഥികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ യുകെയിൽ കൊണ്ടുവരുന്നതിന് പ്രതിവർഷം കുറഞ്ഞത് £29,000 സമ്പാദിക്കുകയും അനുയോജ്യമായ താമസസൗകര്യം നൽകുകയും വേണം. ഇതോടൊപ്പം അവരുടെ കുടുംബാംഗങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്. എന്നാൽ അനധികൃത കുടിയേറ്റം കുറയ്ക്കാൻ സർക്കാർ പരാജയപ്പെട്ടെന്നും ഇതിന്റെ വ്യാപ്തി കൈകാര്യം ചെയ്യുന്നതിന് കുടുംബ പുനഃസമാഗമ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് പര്യാപ്തമല്ല എന്നും കൺസർവേറ്റീവ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് പറഞ്ഞു. യുദ്ധം, സംഘർഷം, പീഡനം എന്നിവയാൽ വേർപിരിഞ്ഞ കുടുംബങ്ങളെ സഹായിക്കുന്നതിനായി നിയമങ്ങൾ വർഷങ്ങൾക്ക് മുമ്പ് രൂപകൽപ്പന ചെയ്തതാണെന്നും എന്നാൽ പുതിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും കൂപ്പർ പറഞ്ഞു.

ഈ വർഷം ഇതുവരെ 28,000-ത്തിലധികം കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തിയിട്ടുണ്ട് എന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് . ഇത് 2024 ലെ ഇതേ കാലയളവിനേക്കാൾ കൂടുതലാണ്. ജൂൺ വരെയുള്ള കാലയളവിൽ ഈ വർഷം ലഭിച്ച അഭയാർത്ഥി അപേക്ഷകളിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻവർഷത്തെ അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 14 ശതമാനം ആണ് വർദ്ധനവ്. 2002 ലെ ഏറ്റവും ഉയർന്ന നിരക്കായ 103,000 – നേക്കാൾ നിലവിലെ അപേക്ഷകരുടെ എണ്ണം കൂടുതലാണെന്ന പ്രത്യേകതകയുമുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ബ്രിട്ടനിൽ ഉയരുന്നത്. ഇതിൻറെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചെഷയറിൽ കളിസ്ഥലത്ത് 12 വയസ്സുള്ള ആൺകുട്ടി വീണ് മരിച്ച സംഭവത്തിൽ ഒരു കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 29 -ാം തീയതി വെള്ളിയാഴ്ചയാണ് വിൻസ്‌ഫോർഡിലെ വാർട്ടണിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ കുട്ടിക്ക് അപകടം സംഭവിച്ചത്. ലോഗൻ കാർട്ടർ എന്ന പേരുകാരനായ കുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു.അപകടം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സ്ഥലത്തെത്തിയ പാരാമെഡിക്കലുകൾ കുട്ടിയെ ചികിത്സിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റൗണ്ട്എബൗട്ട് ഓടിക്കാൻ ഇ-ബൈക്കിന്റെ ചക്രങ്ങൾ ഉപയോഗിച്ചതിനെ തുടർന്നാണ് ലോഗൻ കാർട്ടർ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു . അപകടകരമായ ഡ്രൈവിംഗ് മരണത്തിന് കാരണമായെന്ന് സംശയിച്ച് തിങ്കളാഴ്ച 13 വയസ്സുള്ള ഒരു ആൺകുട്ടിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിന് വിധേയനാക്കുകയും ചെയ്തു. പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യലിസ്റ്റ് ഓഫീസർമാർ ലോഗൻ്റെ ബന്ധുക്കൾക്ക് പിൻതുണ നൽകുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ലോഗന്റെ സ്മരണയ്ക്കായി കുടുംബ സുഹൃത്തുക്കൾ ആരംഭിച്ച ഒരു GoFundMe പേജ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കളെ സഹായിക്കുന്നതിനായി £14,000-ത്തിലധികം സമാഹരിച്ചു കഴിഞ്ഞു . സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.