Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാർലമെന്റ് തിരിച്ചെത്തിയതോടെ ഡൗണിംഗ് സ്ട്രീറ്റ് ടീമിൽ അഴിച്ചു പണി നടത്തിയിരിക്കുകയാണ് പ്രധാന മന്ത്രി കെയർ സ്റ്റാർമർ. പുതിയ മാറ്റത്തിൻെറ ഭാഗമായി ഡാരൻ ജോൺസിനെ പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ വർഷം ട്രഷറിയിൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ജോൺസ് പുതിയ സ്ഥാനത്ത് മന്ത്രിസഭയിൽ തുടരും. ട്രഷറിയിൽ അദ്ദേഹത്തിന് പകരം മുൻ ട്രഷറി സെക്രട്ടറിയായിരുന്ന ജെയിംസ് മുറെ നിയമിക്കപ്പെടും. അതേസമയം കഴിഞ്ഞ വർഷം ലേബർ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഡാൻ ടോംലിൻസൺ ജെയിംസ് മുറെയുടെ മുൻ സ്ഥാനം ഏറ്റെടുക്കും.

ഈ വേനൽക്കാലം സർക്കാരിന് നിരവധി വെല്ലുവിളികൾ നിറഞ്ഞതാണ്. ചെറിയ ബോട്ടുകളിലും മറ്റുമായുള്ള അഭയാർഥികൾ ചാനൽ കടക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുക, കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക തുടങ്ങി നിരവധി അജണ്ടകൾ ഈ വേനൽക്കാലത്ത് സർക്കാരിനുണ്ട്. നിലവിൽ അഭയാർത്ഥികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന പദ്ധതി പ്രകാരമുള്ള പുതിയ അപേക്ഷകൾ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ താൽക്കാലികമായി നിർത്തിവച്ചു.

അധികാരത്തിലെത്തി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിനാലാണ് ലേബർ പാർട്ടിയിൽ ഈ അഴിച്ചു പണിയെന്ന് പ്രധാനമന്ത്രി പറയുന്നു. നമ്പർ 10 ലെ കമ്മ്യൂണിക്കേഷൻസ് ടീമിലും അഴിച്ചു പണികൾ നടക്കുന്നുണ്ട്. സ്റ്റാർമറിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർമാരിൽ ഒരാളായ ജെയിംസ് ലിയോൺസ് നിയമിതനായി ഒരു വർഷത്തിനുള്ളിൽ സ്ഥാനമൊഴിയുകയാണ്. അതേസമയം,സഹ-ഡയറക്ടറായ സ്റ്റെഫ് ഡ്രൈവർ സ്ഥാനത്ത് തുടരും. ചീഫ് ഓഫ് സ്റ്റാഫ് സ്യൂ ഗ്രേയും കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ മാത്യു ഡോയലും നേരത്തെ രാജിവച്ചതിനെ തുടർന്നാണ് ഈ പുനഃസംഘടന.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൂടുതൽ വിപുലമായ രീതിയിൽ ചൈൽഡ് കെയർ സംവിധാനങ്ങൾ ഇംഗ്ലണ്ടിൽ ആരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് അവരുടെ നേഴ്സറി ചെലവുകളിൽ കൂടുതൽ ധനസഹായം ലഭിക്കും. ഒമ്പത് മാസം മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.


മേൽപറഞ്ഞ പ്രായപരിധിയിൽ ഉള്ള കുട്ടികൾക്ക് ആഴ്ചയിൽ 30 മണിക്കൂർ ചൈൽഡ് കെയർ ആണ് യോഗ്യരായ മാതാപിതാക്കൾക്ക് ലഭിക്കുന്നത്. എന്നാൽ നിലവിൽ ഈ ആനുകൂല്യം ലഭിക്കുന്നതിന് ഒട്ടേറെ പേർ വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പ്രധാനമായും ജീവനക്കാരുടെ കുറവാണ് ഈ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി എന്ന് നേഴ്സറികൾ മുന്നറിയിപ്പ് നൽകി.


പുതിയ പദ്ധതി പ്രായോഗിക തലത്തിൽ നടപ്പിലാക്കിയാൽ പ്രതിമാസം ഒരു ഫാമിലിക്ക് 240 പൗണ്ട് ലാഭിക്കാൻ കഴിയും. എന്നാൽ കൂടുതൽ കുടുംബങ്ങൾ പദ്ധതിയിൽ ചേരാൻ ആഗ്രഹിച്ചാൽ സ്ഥല പരിമിതി ഒരു പ്രശ്നമാകും. അർഹരായ പല കുടുംബങ്ങൾക്കും ഇതിൻറെ പ്രയോജനം എത്രമാത്രം ലഭിക്കും എന്നതിനെ കുറിച്ചുള്ള ആശങ്കകളും ഉയർന്നു വന്നിട്ടുണ്ട്. ഗവൺമെൻറ് ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രയോജനം മാതാപിതാക്കൾക്ക് ലഭിക്കുന്നതിന് ജീവനക്കാരുടെ അഭാവം ഒരു കാരണമാകുമെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് (NFER) നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നു. യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യത്തിൽ കൊച്ചുകുട്ടികൾ ഉള്ളവർക്ക് ഈ പദ്ധതി വലിയ അനുഗ്രഹമായിരിക്കും എന്നാണ് ഒട്ടുമിക്ക മലയാളികളും പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അത്യാസന്ന നിലയിൽ പനിയോ മറ്റ് അസുഖങ്ങളോ ബാധിച്ച് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുക. മിക്ക എൻഎച്ച്എസ് ആശുപത്രികളുടെയും സ്ഥിരം കാഴ്ചയാണിത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ദശകത്തിൽ ആക്സിഡൻറ് ആൻഡ് എമർജൻസിയിൽ കാത്തിരിക്കേണ്ടി വന്നവരുടെ എണ്ണം 2.9 ദശലക്ഷമായി ആണ് ഉയർന്നത് . നിലവിൽ എൻഎച്ച്എസ് അഭിമുഖീകരിച്ചതിൽ ഏറ്റവും ഉയർന്ന കണക്കുകൾ ആണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ദശാബ്ദം മുമ്പ് 12 മണിക്കൂർ ട്രോളി കാത്തിരിപ്പ് ഏതാണ്ട് നിലവിലില്ലായിരുന്നു. 2015 ജൂൺ, ജൂലൈ മാസങ്ങളിൽ വെറും 47 പേർ മാത്രം ആണ് ഈ രീതിയിൽ കാത്തിരിക്കേണ്ടി വന്നത് . എന്നാൽ 2025 ജൂണിൽ മാത്രം ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോയ രോഗികളുടെ എണ്ണം 38,683 ആണ് . നിലവിൽ A& E യിൽ എത്തുന്നവരിൽ 7.2ശതമാനത്തിനും ഹോസ്പിറ്റൽ അഡ്മിഷൻ ലഭിക്കാൻ 12 മണിക്കൂറോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടതായി വരുന്നുണ്ട്.


ഒരുകാലത്ത് ശൈത്യകാല രോഗം പിടിമുറുക്കുമ്പോൾ മാത്രമാണ് എൻഎച്ച്എസ് ഈ പ്രതിസന്ധിയെ നേരിട്ടിരുന്നത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. വർഷത്തിലെ 365 ദിവസവും ഈ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. നിലവിൽ പ്രതിപക്ഷ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റുകൾ ഈ വിഷയത്തിൽ സർക്കാരിൻറെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് രംഗത്ത് വന്നു. ആശുപത്രി വരാന്തകളിൽ പ്രിയപ്പെട്ടവർ വേദനയോടെ കഴിയുന്നത് നിസ്സഹായരായി കണ്ടു നിൽക്കേണ്ടിവരുന്ന കുടുംബങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നതായി ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ആരോഗ്യ, സാമൂഹിക പരിപാലന വക്താവ് ഹെലൻ മോർഗൻ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സഹപ്രവർത്തകയായ ഇന്ത്യക്കാരിയിൽ നിന്ന് നിരന്തരം അവഹേളനവും കുറ്റപ്പെടുത്തലും നേരിട്ട ഡെന്റൽ നേഴ്‌സിന് 25,254 പൗണ്ട് (ഏകദേശം 30 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് തൊഴിൽ ട്രൈബ്യൂണൽ. ഇന്ത്യയിൽ നിന്നുള്ള ദന്തഡോക്ടറായ ജിസ്‌ന ഇഖ്ബാലും 64കാരിയായ മോറിൻ ഹോവിസണും തമ്മിലുള്ള കേസിലാണ് നിർണ്ണായക വിധി വന്നിരിക്കുന്നത്. ലണ്ടനിലെ എഡിൻബർഗിലെ ഗ്രേറ്റ് ജങ്ഷൻ ഡെന്റൽ കേന്ദ്രത്തിലാണ് സംഭവം. 40 വർഷത്തിലേറെ പരിചയസമ്പത്തുള്ള നേഴ്‌സാണ് മോറിൻ ഹോവിസൺ. ഡെന്റൽ തെറാപ്പിസ്റ്റായ ജിസ്‌ന തന്നെ ജോലിസ്ഥലത്ത് വച്ച് രൂക്ഷമായി നോക്കുകയും അവഹേളിക്കുകയും ചെയ്യാറുണ്ടെന്നായിരുന്നു നേഴ്‌സായ മോറിൻെറ വാദം.

ട്രൈബ്യൂണലിൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൽ സംബന്ധിച്ച രേഖകളും തെളിവുകളും ഹാജരാക്കിയിരുന്നു. ഇന്ത്യയിൽ യോഗ്യതയുള്ള ദന്തഡോക്ടറായിരുന്നെങ്കിലും യുകെയിൽ പ്രാക്ടീസ് ചെയ്യാൻ ഇതുവരെ യോഗ്യത നേടിയിട്ടില്ലാത്ത ജീവനക്കാരിയായിരുന്നു ജിസ്‌ന. അതുകൊണ്ട് തന്നെ, ക്ലിനിക്കില്‍ മോറീൻ വർഷങ്ങളായി ചെയ്തുവന്നിരുന്ന റിസപ്ഷനിസ്റ്റ് ജോലികൾ ജിസ്നയ്ക്ക് ചെയ്യേണ്ടിവന്നു. 2024 സെപ്റ്റംബറിൽ മോറീൻ ജോലിസ്ഥലത്ത് കരഞ്ഞതോടെയാണ് പ്രശ്നം കൈവിട്ടത്.

അതേസമയം മോറീന്റെ ആരോപണങ്ങൾ ജിസ്ന നിഷേധിച്ചിരുന്നു. ട്രൈബ്യൂണൽ നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പെടുത്തലിനും ഭീഷണിപ്പെടുത്തലിനും നേഴ്‌സ് ഇരയായെന്ന് കണ്ടെത്തി. ജോലിസ്ഥലത്തെ ഇത്തരം പ്രവർത്തികൾ ഭീഷണിപ്പെടുത്തലായി കണക്കാക്കാമെന്നും ഇത്തരം പെരുമാറ്റം തുടർന്നാൽ തൊഴിലുടമ ഉത്തരവാദിയായിരിക്കുമെന്നും വിധിയിൽ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കംബോഡിയൻ തലസ്ഥാനമായ ഫ്നോം പെനിൽ 34 കാരിയായ ഒരു ബ്രിട്ടീഷ് സ്ത്രീ കുത്തേറ്റു മരിച്ചു . നഗരത്തിലെ ഒരു പാർക്കിൽ ഇവരെ ഗുരുതരമായ പരുക്കുകളോട് കണ്ടെത്തുകയായിരുന്നു. കംബോഡിയയിൽ മരിച്ച ബ്രിട്ടീഷ് സ്ത്രീയുടെ കുടുംബത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു എന്നും പ്രാദേശിക അധികാരികളുമായി ഞങ്ങൾ ബന്ധപ്പെട്ടുട്ടുണ്ട് എന്നും ഹോം ഓഫീസ് അറിയിച്ചു.

മരണവുമായി ബന്ധപ്പെട്ട് വിദേശ പൗരയായ ഒരു സ്ത്രീയെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 17 മണിക്കൂർ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സ്ത്രീ ഇവിടെ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അവധിയ്ക്ക് ശേഷം സെപ്റ്റംബർ ആദ്യവാരം ഇംഗ്ലണ്ടിലെ സ്കൂളുകൾ തുറക്കുകയാണ്. ഈ അവസരത്തിൽ പല കുട്ടികളും പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കാതെ സ്കൂളുകളിൽ എത്തുന്നതിന്റെ അപകട സാധ്യതയെ കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഗുരുതരമായ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണമില്ലാതെ അഞ്ചിൽ ഒരാൾ പ്രൈമറി സ്കൂളുകളിൽ എത്തുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.


ജനുവരി മുതൽ ചിക്കൻപോക്സിനെതിരെയുള്ള ഒരു പുതിയ പ്രതിരോധ കുത്തിവെയ്പ്പ് സർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ അത് എത്രമാത്രം ഫലപ്രദമായി നടപ്പിലാക്കപ്പെട്ടു എന്നതിനെ കുറിച്ച് കടുത്ത ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ചെറിയ ഒരു ശതമാനം കുട്ടികൾപോലും പ്രതിരോധ വാക്സിനുകൾ എടുക്കാത്ത സാഹചര്യം നിലവിൽ ഉണ്ടെങ്കിൽ അധ്യയന വർഷ തുടക്കത്തിൽ അത് കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.ലോകാരോഗ്യ സംഘടന (WHO) അനുസരിച്ച് ഹെർഡ് ഇമ്മ്യൂണിറ്റി കൈവരിക്കുന്നതിന് കുട്ടികൾക്കിടയിൽ വാക്സിൻ എടുക്കുന്നതിനുള്ള ലക്ഷ്യം 95% ആണ്. എന്നാൽ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യാഴാഴ്ച പുറത്തിറക്കിയ 2024-25 ലെ കണക്കുകൾ കാണിക്കുന്നത് ഒരു ബാല്യകാല വാക്സിനും ഈ ലക്‌ഷ്യം കൈവരിച്ചിട്ടില്ല എന്നാണ്.

അഞ്ച് വയസ്സുള്ള കുട്ടികളിൽ 83.7% പേർക്ക് മാത്രമേ മീസിൽസ്, മമ്പ്സ്, റുബെല്ല (എംഎംആർ) വാക്സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചിട്ടുള്ളൂ. അതേസമയം പോളിയോ, വില്ലൻ ചുമ, ടെറ്റനസ്, ഡിഫ്തീരിയ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന ഫോർ-ഇൻ-വൺ പ്രീസ്‌കൂൾ ബൂസ്റ്റർ വാക്സിൻ ഇംഗ്ലണ്ടിൽ 81.4% കുട്ടികൾക്കെ നൽകിയിട്ടുള്ളൂ . കുറഞ്ഞ വാക്സിനേഷൻ നിരക്കുകൾ സെപ്റ്റംബറിൽ പ്രൈമറി സ്കൂൾ ആരംഭിക്കുമ്പോൾ കുട്ടികൾ പകർച്ചവ്യാധികൾക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് ആശങ്ക ശക്തമാക്കിയിട്ടുണ്ട് . കുട്ടികൾക്ക് വാക്സിനുകൾ നൽകിയിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ സർക്കാർ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ജൂലൈയിൽ ലിവർപൂളിൽ അഞ്ചാംപനി ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു . ഒരു ദശാബ്ദത്തിനിടെ യുകെയിൽ നടന്ന ആദ്യത്തെ മരണമാണിത്. ലിവർപൂളിലെ 73% കുട്ടികൾക്ക് മാത്രമേ അഞ്ചാംപനിയിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ രണ്ട് കുത്തിവയ്പ്പുകൾ ലഭിച്ചിട്ടുള്ളൂ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സെപ്റ്റംബർ മാസത്തിൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ നീണ്ട അവധി കാലത്തിനു ശേഷം കുട്ടികൾ തിരിച്ചെത്തുകയാണ്. ആദ്യ ആഴ്ചകളിൽ പല കുട്ടികളും കഴിഞ്ഞുപോയ അവധി കാലത്തിന്റെ ആലസ്യത്തിൽ ആയിരിക്കുമെന്നാണ് അധ്യാപകർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ കാലയളവിൽ ഒട്ടേറെ കുട്ടികൾ സ്ഥിരമായി സ്കൂളുകളിൽ ഹാജരാകാതിരിക്കാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.


സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചകളിൽ ക്ലാസുകൾ മുടങ്ങുന്ന കുട്ടികൾ തുടർന്നുള്ള ദിവസങ്ങളിലും വരാതിരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഒന്നാം ആഴ്ചയിൽ ഭാഗികമായി ഹാജരാകാതിരുന്ന വിദ്യാർത്ഥികളിൽ പകുതിയിലധികം പേരും (57%) സ്ഥിരമായി ഹാജരാകുന്നില്ല. ഓരോ സ്കൂളിലും പത്ത് ശതമാനം പേരെങ്കിലും ഈ വിഭാഗത്തിൽ പെട്ടവരാണ്. ഇംഗ്ലണ്ടിലെ ഒട്ടുമിക്ക സ്കൂളുകളും കുട്ടികളുടെ ഹാജർ കുറയുന്നതിൻ്റെ പ്രതിസന്ധികൾ നേരിടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 ലെ പകർച്ചവ്യാധികൾക്ക് ശേഷം ഈ പ്രതിസന്ധി കൂടിയതായാണ് കണക്കുകൾ കാണിക്കുന്നത്.

ഇംഗ്ലണ്ടിൽ ഉടനീളമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 2024 – 25 അധ്യയന വർഷത്തിൽ ഏകദേശം 18 ശതമാനം വിദ്യാർത്ഥികൾ സ്ഥിരമായി ഹാജരാകുന്നില്ല. ഹാജർ നില ഉയരുന്നതിന് മാതാപിതാക്കളുടെ പിൻതുണ ആവശ്യമാണെന്ന് ഒരു പ്രധാന അധ്യാപക യൂണിയൻ പറഞ്ഞു. എൻ എച്ച്സിലെ വെയിറ്റിംഗ് ലിസ്റ്റും കുട്ടികളുടെ ഹാജർ കുറയുന്നതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റുകൾ ഒഴിവാക്കാൻ വിദേശത്ത് വൈദ്യചികിത്സയ്ക്കായി കുട്ടികളെ കൊണ്ടുപോകുന്നുണ്ടെന്ന് ലെസ്റ്ററിലെ ഷാഫ്റ്റസ്ബറി ജൂനിയർ സ്കൂളിലെ പ്രധാന അധ്യാപകനായ കാൾ സ്റ്റുവർട്ട് പറഞ്ഞു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗിക കടത്തിനും ചൂഷണത്തിനും വഴിയൊരുക്കുന്നതായി ആരോപിക്കപ്പെടുന്ന വെബ്‌സൈറ്റുകളെ കുറിച്ച് യുകെയിലെ സ്വതന്ത്ര അടിമത്ത വിരുദ്ധ കമ്മീഷണർ അന്വേഷണം ആരംഭിച്ചു. വിവാസ്ട്രീറ്റ് ഉൾപ്പെടെയുള്ള പിമ്പിംഗ് വെബ്‌സൈറ്റുകൾ, ദുർബലരായ സ്ത്രീകളെയും പെൺകുട്ടികളെയും വാങ്ങാൻ സാധ്യത ഉള്ള കടത്തുകാരിലേയ്ക്ക് എത്തിക്കാൻ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് എലീനർ ലിയോൺസ് പറഞ്ഞു.

2021-ൽ നടത്തിയ സ്കോട്ടിഷ് പാർലമെന്ററി പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ലൈംഗിക കടത്ത് വ്യാപാരത്തെ കൂടുതൽ എളുപ്പമാക്കുന്നതായി എലീനർ ലിയോൺസ് പറയുന്നു. ഇത്തരം വെബ്സൈറ്റുകൾ നിരവധി പേരെയാണ് ഓരോ ദിവസവും കടത്തുന്നത്. അതുകൊണ്ട് തന്നെ ഇവയ്ക്ക് കൂടുതൽ കർശനമായ നിയന്ത്രണം കൊണ്ടുവരണം എന്നും അന്വേഷണ സംഘം പറയുന്നു.

ഇത്തരത്തിൽ ഓൺലൈനിൽ പരസ്യം ചെയ്യപ്പെടുന്ന ഇരകളെ തിരിച്ചറിയാൻ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്ന ആരോപണവും ഉയർന്ന് വരുന്നുണ്ട്. ഒരേ സ്ത്രീകളെ ഒന്നിലധികം സ്ഥലങ്ങളിൽ പോസ്റ്റ് ചെയ്യുന്നതോ ഒരു ഫോൺ നമ്പർ നിരവധി പ്രൊഫൈലുകളുമായി ലിങ്ക് ചെയ്തിരിക്കുന്നതോ പോലുള്ള സംഭവങ്ങൾ ഉണ്ടായതായും എലീനർ ലിയോൺസ് ചൂണ്ടിക്കാട്ടി. അതേസമയം ലൈംഗിക തൊഴിലിൽ തുടരുന്ന സ്ത്രീകൾ ഓൺലൈൻ പരസ്യം അവരുടെ ജോലി സുരക്ഷിതമാക്കിയിട്ടുണ്ടെന്നും, അവർക്ക് കൂടുതൽ സ്വാതന്ത്ര്യവും ക്ലയന്റുകളുടെ മേൽ നിയന്ത്രണവും നൽകുന്നുണ്ടെന്നും വാദിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശനിയാഴ്ച ലണ്ടനിൽ അഭയാർത്ഥികളെ പാർപ്പിക്കുന്ന ഹോട്ടലിൽ മുഖംമൂടി ധരിച്ച ഒരു സംഘം അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഉച്ചയോടെ രണ്ട് അഭയാർത്ഥി വിരുദ്ധ സംഘങ്ങൾ പടിഞ്ഞാറൻ ലണ്ടനിലെ സ്റ്റോക്ക്ലി റോഡിലുള്ള ക്രൗൺ പ്ലാസയിലേക്ക് ആണ് മാർച്ച് നടത്തിയത്. മുഖംമൂടി ധരിച്ച ഒരു സംഘം പിൻവാതിലിലൂടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച് സുരക്ഷാ വേലികൾ തകർത്തുവെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.


മറ്റ് പ്രകടനക്കാർ വെസ്റ്റ് ഡ്രെയ്‌റ്റണിലെ ചെറി ലെയ്‌നിലെ അടുത്തുള്ള നോവോടെലിലേക്കും ഒരു ഹോളിഡേ ഇന്നിലേക്കും നീങ്ങി. അക്രമത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട് . ഏകദേശം 500 പ്രതിഷേധക്കാർ പ്രദേശത്ത് ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിച്ചത് . ക്രമസമാധാനം നിയന്ത്രിക്കണമെങ്കിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും എന്ന് ലണ്ടനിൽ പോലീസ് സംവിധാനത്തിന്റെ ചുമതലയുള്ള കമാൻഡർ ആദം സ്ലോനെക്കി പറഞ്ഞു. ഇതിനിടെ ഇത്തരം പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ മാസ്കുകൾ മാറ്റണമെന്ന് ആവശ്യപ്പെടാൻ അധികാരം നൽകുന്ന ഉത്തരവ് പോലീസ് നടപ്പിലാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

139 ദിവസം കൊണ്ട് പസഫിക് സമുദ്രം കുറുകെ കടന്ന് വേൾഡ് റെക്കോർഡിൽ ഇടം നേടി എഡിൻബർഗിൽ നിന്നുള്ള മൂന്ന് സഹോദരങ്ങൾ. ജാമി, ഇവാൻ, ലാച്ലാൻ മക്ലീൻ എന്നിവർ പെറുവിൽ നിന്ന് ഓസ്‌ട്രേലിയയിലെ കെയ്‌ൻസിലേക്കുള്ള 9,000 മൈൽ (14,484 കിലോമീറ്റർ) യാത്രയാണ് മറ്റാരുടെയും സഹായം ഇല്ലാതെ പൂർത്തിയാക്കിയത്. 2014-ൽ റഷ്യൻ സോളോ റോവർ ഫ്യോഡോർ കൊന്യുഖോവ് സ്ഥാപിച്ച 162 ദിവസത്തെ മുൻ റെക്കോർഡ് മറികടന്നാണ് ഇവർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥകളും മറികടന്നായിരുന്നു സഹോദരങ്ങളുടെ യാത്ര. അപകടങ്ങൾക്കിടയിലും, പുറത്തുനിന്നുള്ള സഹായമില്ലാതെയാണ് ഇവർ ദൗത്യം തുടർന്നത്. 150 ദിവസത്തേയ്ക്ക് 500 കിലോഗ്രാം ഫ്രീസ്-ഡ്രൈഡ് ഭക്ഷണവും 75 കിലോഗ്രാം ഓട്‌സും പായ്ക്ക് ചെയ്‌തായിരുന്നു ഇവരുടെ യാത്ര. ഭക്ഷണം തീരുകയാണെങ്കിൽ അടിയന്തിര മാർഗങ്ങൾ കരുതിയിട്ടുണ്ടായിരുന്നെങ്കിലും അവ ഉപയോഗിക്കേണ്ട ആവശ്യം വന്നിരുന്നില്ല.

റോസ് എമിലി എന്ന് പേരിട്ട കാർബൺ ഫൈബർ ബോട്ടിലായിരുന്നു ഇവരുടെ യാത്ര. മരിച്ച് പോയ ഇവരുടെ സഹോദരിയുടെ പേരാണ് ബോട്ടിന് നൽകിയത്. 2020-ൽ സഹോദരന്മാർ റെക്കോർഡ് ഭേദിച്ച അറ്റ്ലാന്റിക് ക്രോസിംഗ് പൂർത്തിയാക്കിയിരുന്നു. മഡഗാസ്കറിലെ ശുദ്ധജല പദ്ധതികൾക്കായി £1 മില്യൺ എന്ന ലക്ഷ്യത്തിലേക്ക് ഈ സഹോദരന്മാർ £700,000 ആണ് സമാഹരിച്ചിരിക്കുന്നത്. ധനസമാഹരണമായിരുന്നു തങ്ങളുടെ പ്രധാന പ്രചോദനമെന്നും ലോകമെമ്പാടുമുള്ള പിന്തുണക്കാർക്ക് നന്ദി അറിയിച്ചുകൊണ്ട് അവർ പറഞ്ഞു. അഞ്ച് മാസം നീണ്ട് നിന്ന കടൽ വാസത്തിന് ശേഷം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഈ പുതിയ വിജയം ആഘോഷിക്കുകയാണ് ഈ സഹോദരർ ഇപ്പോൾ.

RECENT POSTS
Copyright © . All rights reserved