Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ടെസ്‌കോ ക്ലബ് കാർഡ് വൗച്ചറുകൾ നിങ്ങളുടെ കൈവശമുണ്ടോ എങ്കിൽ ഈ അടിയന്തിര മുന്നറിയിപ്പ് നിങ്ങൾക്ക് വേണ്ടിയാണ് . ടെസ്‌കോ ക്ലബ് കാർഡ് വൗച്ചറുകൾ കൈവശമുള്ളവർക്ക് പണമായി മാറ്റാൻ ഇനി ഒരാഴ്ച കൂടിയേ സമയമുള്ളൂ. അടിയന്തിരമായി നടപടി സ്വീകരിക്കാത്ത ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം നഷ്ടപ്പെടാം.

ഈ വിവരങ്ങൾ കാണിച്ച് ടെസ്കോ തങ്ങളുടെ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ട്. തങ്ങളുടെ വൗച്ചറുകൾ എന്നന്നേക്കുമായി കാലഹരണപ്പെടുത്തുന്നതിന് മുൻപ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഇമെയിൽ സന്ദേശത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. 2023 ല്‍ ആരംഭിച്ച ചില വൗച്ചറുകളാണ് ഉടൻ കാലഹരണപ്പെടാൻ പോകുന്നത്. മെയ് 31 – ന് വൗച്ചറുകൾ കാലഹരണപ്പെടുന്നതിന് മുൻപ് നിങ്ങളുടെ ക്യാഷ് ബാക്ക് തിരിച്ചുകിട്ടാൻ ഒരു ആഴ്ച മാത്രമേ ഉള്ളൂവെന്നും ഈമെയിൽ സന്ദേശത്തിലുണ്ട്.

ടെസ്കോയുടെ ആപ്പിൽ നിന്ന് വൗച്ചറുകൾ കണ്ടെത്താൻ സാധിക്കും . അതുമല്ലെങ്കിൽ ടെസ്കോ ഷോപ്പിൽ നിന്നോ ഉപഭോക്താക്കളുടെ ഫോണിൽ നിന്നോ സ്കാൻ ചെയ്തോ വൗച്ചറുകൾ കണ്ടെത്താം. ഓൺലൈനിൽ ഷോപ്പിംഗ് നടത്തുകയാണെങ്കിൽ നിങ്ങളുടെ വൗച്ചറുകൾ ചെക്ക്ഔട്ടിലെ കൂപ്പൺ, വൗച്ചർ വിഭാഗത്തിലായിരിക്കും കാണാൻ സാധിക്കുന്നത്. ഈ വിഷയത്തിൽ പെട്ടെന്ന് നടപടി സ്വീകരിക്കാൻ ടെസ്‌കോയുടെ കസ്റ്റമർ എൻഗേജ്‌മെന്റ് സെന്റർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. വൗച്ചറുകൾ ഇഷ്യൂ ചെയ്ത തീയതി മുതൽ രണ്ടു വർഷത്തേയ്ക്ക് മാത്രമേ കാലാവധി ഉള്ളൂ. ടെസ്‌കോയിൽ ഷോപ്പിംഗ് നടത്തുമ്പോൾ പണത്തിന് പോയിന്റുകൾ നേടാൻ അംഗങ്ങളെ അനുവദിക്കുന്ന ഒരു സൗജന്യ ലോയൽറ്റി പ്രോഗ്രാമാണ് ടെസ്‌കോ ക്ലബ് കാർഡ് . കാർഡ് ഉടമകൾക്ക് ഉള്ള ലോയൽറ്റി സ്കീമിന്റെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് വൗച്ചറുകൾ നൽകിയിരിക്കുന്നത്. 150 പോയന്റുകൾ ഉള്ള ഒരു ഉപഭോക്താവിന് 1.50 പൗണ്ട് വൗച്ചർ ആണ് ലഭിക്കുന്നത്. ടെസ്കോയുമായി പങ്കാളിത്തമുള്ള മറ്റ് ബ്രാൻഡുകളിൽ നിന്ന് സാധനങ്ങൾ മേടിക്കുമ്പോഴും അധിക പോയൻ്റുകൾ നേടാൻ സാധിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർത്ഥികളെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് യുകെയിൽ നിന്നുള്ള 252 വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അതിന്റെ മൂന്നിരട്ടിയാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം. ഇന്ത്യയിൽ നിന്ന് 788 വിദ്യാർത്ഥികളാണ് നിലവിൽ ഹാർവാർഡിൽ പഠിക്കുന്നത്.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന 6800 വിദേശ വിദ്യാർഥികളെ ട്രംപിന്റെ നടപടി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രംപ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ സര്‍വ്വകലാശാലയ്ക്കുള്ള ഫെഡറല്‍ സഹായമായ 2.3 ബില്യണ്‍ ഡോളര്‍ യു.എസ്. മരവിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 6700 വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാഡില്‍ പ്രവേശനം നേടിയിട്ടുള്ളത്. ഗവണ്‍മെന്റ് ആവശ്യപ്പെട്ട ഹാര്‍വാഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഉടൻ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.


മറ്റ് യൂണിവേഴ്സിറ്റികളിലേയ്ക്ക് മാറാത്ത വിദ്യാർത്ഥികളുടെ സ്റ്റുഡൻറ് വിസ റദ്ദാക്കുമെന്നാണ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140-ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. നടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വാഡ് സര്‍വ്വകലാശാല പ്രതികരിക്കുന്നത്. ഇന്നലെ യുഎസ് കോടതി സർക്കാരിന്റെ നീക്കം താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. 1636-ൽ സ്ഥാപിതമായ ഹാർവാർഡ് യൂണിവേഴ്സിറ്റി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. നിലവിൽ ബിരുദ ബിരുദാനന്തര പ്രോജക്ടുകൾക്കായി ഇരുപതിനായിരത്തിലധികം വിദ്യാർഥികളാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാർക്ക്സ് & സ്പെൻസർ അടുത്തിടെ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) സൈബർ ആക്രമണത്തിന് പ്രവേശന കവാടമായി പ്രവർത്തിച്ചോ എന്ന ആഭ്യന്തര അന്വേഷണം നടന്നു വരുന്നതായി ബിബിസി റിപ്പോർട്ട്. ഒരു പതിറ്റാണ്ടിലേറെയായി ടിസിഎസ് എം&എസ്സിന് സേവനങ്ങൾ നൽകി വരുന്ന ഇന്ത്യൻ കമ്പനിയാണ്. നേരത്തെ ഹാക്കർമാർ ഒരു മൂന്നാംകക്ഷി വഴിയാണ് തങ്ങളുടെ സിസ്റ്റത്തിൽ പ്രവേശിച്ചതെന്ന് എം&എസ്സ് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. അന്വേഷണത്തെ കുറിച്ച് എം&എസും ടിസിഎസും ഇതുവരെ അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല.

 

വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത ഫിനാൻഷ്യൽ ടൈംസ് അനുസരിച്ച്, ടിസിഎസ് ആഭ്യന്തര അന്വേഷണം എപ്പോൾ ആരംഭിച്ചുവെന്ന് വ്യക്തമല്ലെങ്കിലും, മാസാവസാനത്തോടെ അന്വേഷണം പൂർത്തിയാകുമെന്നാണ് അന്വേഷണത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്‌തത്‌. ഏപ്രിൽ അവസാനം മുതൽ, സൈബർ ആക്രമണം കാരണം ഉപഭോക്താക്കൾക്ക് മാർക്ക്സ് & സ്പെൻസർ വെബ്‌സൈറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞിട്ടില്ല. വരും ആഴ്ചകളിൽ ഓൺലൈൻ സേവനങ്ങൾ ക്രമേണ പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലൂം ജൂലൈ വരെ ചെറിയ തോതിലുള്ള തടസ്സങ്ങൾ നേരിടും.

 

സൈബർ ആക്രമണം ഈ വർഷത്തെ ലാഭത്തിൽ ഏകദേശം 300 മില്യൺ പൗണ്ടിൻെറ സാമ്പത്തിക ആഘാതം ഉണ്ടാക്കിയതായി എം&എസ് പറയുന്നു. ബിബിസി റിപ്പോർട്ട് പ്രകാരം, സ്കാറ്റേർഡ് സ്പൈഡർ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന ഹാക്കർമാരുടെ ഒരു സംഘത്തിൽ പോലീസ് അന്വേഷണം കേന്ദ്രികരിച്ചിട്ടുണ്ട്. കോ-ഓപ്പിലും ഹാരോഡ്‌സിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇതേ ഗ്രൂപ്പാണെന്നാണ് കരുതുന്നത്. എന്നാൽ ഇവരുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആഘാതം നേരിട്ടത് എം & എസ് ആണ്. ലോകമെമ്പാടുമായി 607,000-ത്തിലധികം ജീവനക്കാരുള്ള ഐടി കമ്പനിയാണ് ടിസിഎസ്. 2023-ൽ റീട്ടെയിൽ പാർട്ണർഷിപ്പ് ഓഫ് ദി ഇയർ അവാർഡ് നേടിയ ടിസിഎസിന് എം&എസ്സുമായി ദീർഘകാല പങ്കാളിത്തമുണ്ട്. കോ-ഓപ്പ്, ഈസിജെറ്റ്, നേഷൻവൈഡ്, ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും കമ്പനിയുടെ ക്ലയന്റ് പട്ടികയിൽ ഉൾപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്താംപ്ടൺഷെയർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ പരിശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പുകയുടെ ശല്യത്തിൽ നിന്ന് ഒഴിവാകാൻ സംഭവസ്ഥലത്തിനടുത്തുള്ള വീടുകളുടെ ജനലുകൾ അടയ്ക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കത്തുന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചു. ചുറ്റുമുള്ള വീടുകളിൽ നിന്ന് അപകട സാധ്യത മുന്നിൽകണ്ട് ആളുകളെ ഒഴിപ്പിച്ചിരുന്നു. വലിയ തീപിടുത്തമാണ് നടന്നതെന്ന് നോർത്താംപ്ടൺഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ ഏരിയ മാനേജർ മിക്ക് ബെറി പറഞ്ഞു. വലിയതോതിൽ പ്ലാസ്റ്റിക്ക് തീയിൽ ഉൾപ്പെട്ടത് അഗ്നി ആളിപ്പടരുന്നതിന് കാരണമായതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് ശ്രീലങ്കയിൽ ബ്രിട്ടീഷ് യുവതി അറസ്റ്റിലായി. സൗത്ത് ലണ്ടനിൽ നിന്നുള്ള 21 വയസ്സുകാരിയായ ഷാർലറ്റ് മേ ലി ആണ് ഈ മാസം ആദ്യം പിടിയിലായത്. ഇവരുടെ സ്യൂട്ട്കേസിൽ നിന്ന് 101 പൗണ്ട് (46 കിലോഗ്രാം) സിന്തറ്റിക് മയക്കുമരുന്ന് കണ്ടെടുത്തു.


തന്റെ സ്യൂട്ട് കേസിൽ മയക്കുമരുന്ന് ഉണ്ടെന്ന് അറിയില്ലെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ദക്ഷിണേഷ്യൻ രാജ്യത്തിന്റെ തലസ്ഥാനമായ കൊളംബോയുടെ വടക്കുള്ള ഒരു ജയിലിലാണ് മിസ് ലീ ഇപ്പോൾ കഴിയുന്നതെന്നും അവരുടെ കുടുംബവുമായി അവർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുടെ അഭിഭാഷകൻ പറഞ്ഞു. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ 25 വർഷം വരെ ഇവർക്ക് തടവ് ലഭിക്കാമെന്നാണ് നിയമ വൃത്തങ്ങൾ അഭിപ്രായപ്പെട്ടത് .

മെയ് 5 – നാണ് കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ ഇവരെ അറസ്റ്റ് ചെയ്തത്. ഈ മയക്കുമരുന്ന് വേട്ട രാജ്യത്തിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതാണെന്ന് ശ്രീലങ്കൻ കസ്റ്റംസ് നാർക്കോട്ടിക് കൺട്രോൾ യൂണിറ്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ഡോക്ടർമാർക്കും അധ്യാപകർക്കും ശമ്പള വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചു. ഈ രണ്ടു വിഭാഗത്തിൽ പെട്ടവർക്കും 4 ശതമാനം ശമ്പള വർദ്ധനവ് ആണ് നടപ്പിലാക്കുക. പേ റിവ്യൂ ബോഡികളിൽ നിന്നുള്ള ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ശമ്പള വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചത്.


4 ശതമാനം ശമ്പള വർദ്ധനവ് വിദ്യാഭ്യാസ യൂണിയനുകൾ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം ശമ്പള വർദ്ധനവ് നടപ്പിലാക്കാൻ സ്കൂൾ ബഡ്ജറ്റുകളിൽ മതിയായ ഫണ്ടില്ലെന്ന വിമർശനവും ഉയർന്നു വരുന്നുണ്ട്. എന്നാൽ ഡോക്ടർമാർ തങ്ങളുടെ ശമ്പള വർദ്ധനവിൽ തൃപ്തരല്ലെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. നിലവിലെ ശമ്പള വർദ്ധനവ് അപര്യാപ്തമാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) പറഞ്ഞു. അടുത്ത ആഴ്ച യൂണിയൻറെ നേതൃത്വത്തിൽ പണിമുടക്കിനെ കുറിച്ച് അഭിപ്രായ വോട്ടെടുപ്പ് നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


എന്നാൽ നേഴ്‌സുമാരും മിഡ്‌വൈഫുകളും ഉൾപ്പെടെയുള്ള മറ്റ് എൻ‌എച്ച്എസ് ജീവനക്കാർക്ക് 3.6% ചെറിയ വർദ്ധനവ് പ്രഖ്യാപിച്ചതിൽ വിവിധ നേഴ്സിംഗ് യൂണിയനുകൾ കടുത്ത അതൃപ്തിയിലാണ്. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർ‌സി‌എൻ) നേഴ്‌സുമാർക്ക് ഡോക്ടർമാരേക്കാൾ ചെറിയ വർദ്ധനവ് വാഗ്ദാനം ചെയ്തത് വിചിത്രമാണ് എന്നാണ് അഭിപ്രായപ്പെട്ടത്. നിലവിലെ ശമ്പള വർദ്ധനവിൽ അംഗങ്ങളുടെ അഭിപ്രായം അവലോകനം ചെയ്യാൻ നേഴ്സുമാരുമായി കൂടിയാലോചന നടത്താൻ വിവിധ യൂണിയനുകൾ നടപടി ആരംഭിച്ചു. ഭൂരിപക്ഷവും ശമ്പള വർദ്ധനവിൽ അസന്തുഷ്ടരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ വീണ്ടും നേഴ്സുമാരുടെ സമരം എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടനിലെ ഏറ്റവും മികച്ച മോട്ടോർവേ സർവീസ് സ്റ്റേഷൻ ആയി തെരഞ്ഞെടുക്കപ്പെട്ട് ഗ്ലൗസെസ്റ്റർ സർവീസ് സ്റ്റേഷൻ. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള ഏകദേശം 100 മോട്ടോർവേ സർവീസ് സ്റ്റേഷനുകളിൽ അടുത്തിടെ വിച്ച്? നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പാട്ടിക തയ്യാറാക്കിയത്. ഗ്ലൗസെസ്റ്റർ സർവീസുകൾ ഏറ്റവും മികച്ച സർവീസ് ആയി തിരഞ്ഞെടുത്തപ്പോൾ ബ്രിഡ്ജ്‌വാട്ടർ ഏറ്റവും മോശം സർവീസ് ആയാണ് രേഖപ്പെടുത്തിയത്. കൂടാതെ സർവീസ് സ്റ്റേഷനുകൾ നൽകുന്ന സേവനത്തിലെ ഗുണനിലവാരത്തിലുള്ള വ്യത്യാസവും സർവേ എടുത്ത് കാട്ടി. പലരും സർവീസ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നത് ലഘുഭക്ഷണങ്ങൾ, വിശ്രമമുറി സ്റ്റോപ്പുകൾ എന്നിവയ്ക്കായാണ്.

ശുചിത്വം, ഭക്ഷണം, കടകൾ, സൗകര്യങ്ങൾ, പ്രവേശനക്ഷമത തുടങ്ങിയവ കണക്കിലെടുക്കുമ്പോൾ ഗ്ലൗസെസ്റ്ററിന് ഫൈവ് സ്റ്റാർ റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. അതേസമയം താഴ്ന്ന റാങ്കിലുള്ള സ്റ്റേഷനുകൾ ശുചിത്വക്കുറവിന് വിമർശങ്ങൾ നേരിട്ടു. 85% മൊത്തത്തിലുള്ള റേറ്റിംഗ് നേടിയാണ് M5 ലെ ഗ്ലൗസെസ്റ്റർ സർവീസുകൾ വിച്ച് സർവേയിൽ ഒന്നാമതെത്തിയത്. കംബ്രിയയിൽ ടെബേ സർവീസുകളും ലാനാർക്ക്‌ഷെയറിലെ കെയ്‌ൻ ലോഡ്ജും നടത്തുന്ന വെസ്റ്റ്‌മോർലാൻഡ് ഫാമിലിയുടെ ഉടമസ്ഥയിലാണ് ഈ സർവീസ് സ്റ്റേഷൻ.

സർവേയിൽ മോട്ടോയുടെ ഉടമസ്ഥതയിലുള്ള റഗ്ബി സർവീസുകൾ മൂന്നാം സ്ഥാനത്തും എക്‌സ്‌ട്രായുടെ ലീഡ്‌സ് സ്‌കെൽട്ടൺ ലേക്ക് അഞ്ചാം സ്ഥാനത്തുമുണ്ട്. മോട്ടോയ്ക്ക് 37 സർവീസ് സ്റ്റേഷനുകളുണ്ട്, ഇതിൽ ഒൻപത് എണ്ണം പട്ടികയിലെ അവസാന 10 സ്ഥാനത്തുണ്ട്. അവസാന സ്ഥാനത്തെത്തിയ മോട്ടോയുടെ ബ്രിഡ്ജ് വാട്ടർ സ്റ്റേഷന് വെറും 23% ഉപഭോക്തൃ സ്‌കോറാണ് ലഭിച്ചിരിക്കുന്നത്. തൊട്ടുപിന്നിൽ 26% സ്‌കോറും ആയി നോർത്ത് യോർക്ക്ഷെയറിലെ ലീമിംഗ് ബാർ ആണുള്ളത്. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള മോട്ടോർവേ സർവീസ് സ്റ്റേഷനുകളിൽ നടത്തിയ 9,000 സന്ദർശനങ്ങളിൽ അനുഭവങ്ങൾ പങ്കുവെച്ച 4,000-ത്തിലധികം അംഗങ്ങളിൽ നിന്നുള്ള ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിലാണ് വിച്ച്? റാങ്കിങ് തയാറാക്കിയത്. സർവ്വേ പുറത്ത് വിട്ടതിന് പിന്നാലെ മോട്ടോ ഹോസ്പിറ്റാലിറ്റിയുടെ സിഇഒ കെൻ മക്മെയ്ക്കൻ സർവേ ഫലങ്ങൾ അംഗീകരിച്ച് രംഗത്ത് വന്നിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2024 യുകെയുടെ നെറ്റ് മൈഗ്രേഷൻ 4,31,000 ആയി ആണ് കുറഞ്ഞത്. 2023 മായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 50 ശതമാനം കുറവാണ്. ആളുകളുടെ കുടിയേറുന്നതിന്റെയും തിരിച്ചു പോകുന്നതിലും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷൻ. 948,000 പേർ യുകെയിൽ എത്തിയപ്പോൾ 517,000 പേർ രാജ്യം വിട്ടു പോയി. യുകെ സർക്കാർ നടപ്പിലാക്കിയ കനത്ത കുടിയേറ്റ നയങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യയിൽ നിന്നുള്ളവരെയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒ എൻ എസ് ) ൻ്റെ കണക്കുകൾ പ്രകാരം 2024 ൽ രാജ്യം വിട്ട കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ഇന്ത്യയിൽ നിന്നുള്ളവരാണ്. കണക്കുകൾ അനുസരിച്ച് പഠന ആവശ്യങ്ങൾക്കായി വന്ന ഏകദേശം 37, 000 ഇന്ത്യക്കാരാണ് കഴിഞ്ഞവർഷം മാത്രം യുകെയിൽ നിന്ന് തിരിച്ചു പോയത്.


ജോലിയ്ക്കും മറ്റുമായി വന്ന 20000 പേരും യുകെയിൽ തിരിച്ചു പോയവരുടെ പട്ടികയിലുണ്ട്. രാജ്യം വിട്ടവരുടെ എണ്ണത്തിൽ തൊട്ടടുത്ത സ്ഥാനം ചൈനക്കാർക്കാണ്. ഏകദേശം 450,000 ചൈനയിൽ നിന്നുള്ളവർ കഴിഞ്ഞവർഷം യുകെയിൽ നിന്ന് തിരിച്ചുപോയി. വിദ്യാർത്ഥി വിസയിലും കെയർ വർക്ക് വിസയിലും യുകെ സർക്കാർ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇത്തരം നടപടികളുടെ പ്രതിഫലനമാണ് വ്യാപകമായി ഇന്ത്യയിൽ നിന്നുള്ളവരുടെ എണ്ണത്തിൽ കുറവ് വരുവാൻ കാരണം.


യുകെയിൽ ജോലിക്കും പഠനത്തിനും വരുന്നവരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെയും ആശ്രിതരുടെയും എണ്ണത്തിലെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് ഒഎൻഎസിലെ പോപ്പുലേഷൻ സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ മേരി ഗ്രിഗറി പറഞ്ഞു. യുകെയിലേക്കുള്ള ദീർഘകാല കുടിയേറ്റം ഏകദേശം മൂന്ന് വർഷത്തിനിടെ ആദ്യമായി 1 ദശലക്ഷത്തിൽ താഴെയായി. നെറ്റ് മൈഗ്രേഷനിലെ കുറവ് ലേബർ സർക്കാരിന് ആശ്വാസകരമായ വാർത്തയാണ് . കടുത്ത കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കിയ റീഫോം പാർട്ടിയുടെ വിജയം മുഖ്യധാര പാർട്ടികളായ ലേബർ പാർട്ടിയെയും കൺസർവേറ്റീവ് പാർട്ടിയെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഋഷി സുനക് സർക്കാരിൻറെ അവസാന കാലത്ത് നടപ്പിലാക്കിയ നയങ്ങളാണ് നെറ്റ് മൈഗ്രേഷൻ കുറയുന്നതിന് കാരണമായത് എന്ന് മുൻ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ആരോഗ്യ ചികിത്സാരംഗത്ത് ഒരു നേട്ടം കൂടി കൈവരിച്ചു. ലൈംഗികമായി പകരുന്ന ഗൊണോറിയയ്ക്കെതിരെ വാക്സിനേഷൻ നൽകാൻ ഒരുങ്ങുന്ന ആദ്യത്തെ രാജ്യമായിരിക്കും ഇംഗ്ലണ്ട് . ഈ അണുബാധ കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ രോഗത്തിന്റെ നിയന്ത്രണത്തിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


തുടക്കത്തിൽ ഇത് എല്ലാവർക്കും ലഭ്യമാകില്ലെന്നാണ് അറിയാൻ സാധിച്ചത്. ആദ്യഘട്ടത്തിൽ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള ഗേ, ബൈ സെക്ഷ്വൽ പുരുഷന്മാരിലുമാകും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. വാക്സിൻ 30-40% ഫലപ്രദമാണ്. അതുകൊണ്ടുതന്നെ വർദ്ധിച്ചുവരുന്ന അണുബാധകളുടെ എണ്ണം ഇത് കുറയ്ക്കും എന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. 2023-ൽ 85,000-ത്തിലധികം കേസുകൾ ആണ് ഉണ്ടായിരുന്നത്. ഇത് 1918-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് ആണ്.


ഗൊണോറിയ രോഗത്തിന് എല്ലായ്പ്പോഴും ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. പക്ഷേ ചിലരിൽ ജനനേന്ദ്രിയ വീക്കം, വേദന എന്നിവ അനുഭവപ്പെടാം. വാക്സിൻ സ്വീകരിക്കാൻ എത്രപേർ മുന്നോട്ട് വരുമെന്നുള്ളതിനെ കുറിച്ച് ആശങ്കയുണ്ട് . വാക്സിനേഷൻ ഓഗസ്റ്റിൽ ആരംഭിക്കുകയും ലൈംഗികാരോഗ്യ സേവനങ്ങൾ വഴി വാഗ്ദാനം ചെയ്യുകയും ചെയ്യും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഏറ്റവും വലിയ രണ്ട് വാട്ടർ കമ്പനികളായ തേംസ് വാട്ടറും ആംഗ്ലിയൻ വാട്ടറും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. മലിനജല സംസ്കരണവുമായി ബന്ധപ്പെട്ടാണ് ഇരുകമ്പനികളും അന്വേഷണം നേരിടുന്നത്. 53 ക്രിമിനൽ അന്വേഷണങ്ങൾ ആണ് ഇരു കമ്പനികൾക്കും എതിരെ നടക്കുന്നതെന്ന് സർക്കാർ സ്ഥിരീകരിച്ചു.

മലിനജല സംസ്കരണവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ വാട്ടർ കമ്പനികൾ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് പരിസ്ഥിതി ഏജൻസിക്ക് വരുന്ന ചിലവുകൾ കമ്പനികൾ തന്നെ വഹിക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഏറ്റവും കൂടുതൽ അന്വേഷണം നേരിടുന്നത് തേംസിനാണ്. നിലവിൽ കനത്ത കടബാധ്യതയുള്ള തേംസിന് ഇത് കടുത്ത തിരിച്ചടിയാണ്.

കടബാധ്യത മൂലം ദേശസാത്കരണത്തിന്റെ വക്കിലാണ് തേംസ് വാട്ടർ കമ്പനി. 16 ദശലക്ഷം ഉപഭോക്താക്കളും 8000 ജീവനക്കാരുമാണ് കമ്പനിക്കുള്ളത്. 20 ബില്യൺ പൗണ്ടിന്റെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. വാട്ടർ കമ്പനികൾ നടത്തിയ തെറ്റായ പ്രവർത്തനത്തിൽ സർക്കാർ മുൻ സർക്കാരുകളെ ആണ് പഴിക്കുന്നത്. കൺസർവേറ്റീവ് സർക്കാർ വാട്ടർ കമ്പനികളുടെ പ്രശ്നങ്ങളെ മറച്ചുവെക്കാൻ ശ്രമിച്ചതായി പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved