Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇന്ന് വാനവിസ്മയം. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സൂപ്പര്‍ മൂണ്‍ പ്രതിഭാസം ആകാശ വിസ്മയങ്ങളില്‍ ഒന്ന് തന്നെയാണ് എന്നതിൽ സംശയമില്ല. ഈ വർഷത്തെ ഏറ്റവും വലുപ്പമേറിയ സൂപ്പർ മൂൺ പ്രത്യക്ഷപ്പെടുന്ന ദിവസമാണ് ഇന്ന്. ഇന്ന് മുതൽ ഏതാനും ദിവസത്തേക്ക് 3,57,265 കിലോമീറ്റര്‍ മാത്രമായിരിക്കും ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം. സാധാരണയായി ഇത് 3.85 ലക്ഷം കിലോമീറ്ററാണ്. ലോകമെങ്ങും സൂപ്പര്‍മൂണ്‍ കാണുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ജൂലൈ 13 ന് കാണാന്‍ സാധിക്കും. ഇത് ഭൂമിയെ അടിസ്ഥാനമാക്കിയുള്ള രേഖാംശത്തില്‍ സൂര്യന് എതിര്‍വശത്ത് 2:38 pm EDT ന് ദൃശ്യമാകും.

ബ്രിട്ടീഷ് സമയം അനുസരിച്ച് സൗത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിൽ 21:47-ന് സൂപ്പർ മൂൺ ദൃശ്യമാകും. ചന്ദ്രന്‍ അതിന്റെ ഏറ്റവും വലിയ വൃത്താകൃതിയില്‍ വരുകയും ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുകയും ചെയ്യുമ്പോഴാണ് സൂപ്പര്‍മൂണ്‍ എന്ന പ്രതിഭാസം ദൃശ്യമാവുന്നത്. സൂപ്പര്‍മൂണ്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1979-ല്‍ റിച്ചാര്‍ഡ് നോലെ എന്ന ഗവേഷകനാണ്.

ചന്ദ്രന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ഭാഗത്തെ പെരിജിയം എന്നാണ് പറയുന്നത്. സൂപ്പര്‍മൂണ്‍ എന്നത് ചന്ദ്രന്‍ പെരിജിയുടെ 90% ഉള്ളിലായിരിക്കുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണെന്ന് പറയപ്പെടുന്നു. സൂപ്പര്‍ മൂണ്‍ സമയത്ത് പൗര്‍ണമി കൂടി വന്നാല്‍ അത് ഏറ്റവും തിളക്കമുള്ള സൂപ്പര്‍ മൂണ്‍ ആയി മാറും. എന്നാൽ, ആകാശം പൂർണ്ണമേഘാവൃതമായാൽ കാഴ്ചയുടെ ഈ സൗഭാഗ്യം നഷ്ടപ്പെട്ടേക്കാം എന്നാണ് വാനനിരീക്ഷകർ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇന്ന് മുതൽ സെപ്റ്റംബർ 11 വരെ ഹീത്രൂ എയർപോർട്ടിൽ നിന്ന് ദിവസേന പുറപ്പെടുന്നവരുടെ എണ്ണം 100,000 ആയി പരിമിതപ്പെടുമെന്ന് അറിയിപ്പ്. യാത്രക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. എന്നാൽ പ്രതിസന്ധി നേരിടാൻ കഴിയാതെ വന്നതോടെ വേനൽക്കാല ടിക്കറ്റുകൾ വിൽക്കുന്നത് നിർത്താൻ ഹീത്രൂ എയർപോർട്ട് എയർലൈനുകളോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ കുറവ് കാരണം യുകെയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ വിമാനം റദ്ദാക്കുന്നത് തുടർക്കഥയാവുകയാണ്. പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനായി വേനൽക്കാല ടിക്കറ്റുകൾ വിൽക്കുന്നത് നിർത്താൻ വിമാനക്കമ്പനികളോട് ഉത്തരവിട്ടതായി ഹീത്രൂ പറഞ്ഞു.

കോവിഡ് ലോക്ക്ഡൗൺ സമയത്ത് ജോലി വെട്ടിക്കുറച്ച എയർപോർട്ടുകളും എയർലൈനുകളും അവധിക്കാലം എത്തിയതോടെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ പാടുപെടുകയാണ്. ഉപഭോക്തൃ ഗ്രൂപ്പായ വിച്ച്? ഏറ്റവും പുതിയ പ്രഖ്യാപനത്തിന്റെ ഫലമായി ഏതൊക്കെ വിമാനങ്ങളാണ് റദ്ദാക്കുന്നതെന്ന് വ്യക്തമാക്കാൻ ഹീത്രൂവിനോട് ആവശ്യപ്പെട്ടു.

വിമാനത്താവളത്തിൽ പ്രതിദിനം 110,000 മുതൽ 125,000 വരെ യാത്രക്കാർ എത്തുന്നുണ്ട്. ഇന്നലെ അവസാന നിമിഷം 61 വിമാനങ്ങൾ ഹീത്രൂ റദ്ദാക്കിയതിനെതുടർന്ന് 10,000ലധികം യാത്രക്കാർ പ്രതിസന്ധിയിലായി. അതേസമയം, ഗാറ്റ്‌വിക്ക് എയർപോർട്ട് റൺവേയിൽ നാല് മണിക്കൂർ കാത്തിരിക്കേണ്ടി വന്നതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധം നടത്തി. വേനൽക്കാലത്ത് യാത്രക്കാരുടെ എണ്ണം ഉയരുന്നതോടെ പ്രതിസന്ധി എങ്ങനെ നേരിടുമെന്നറിയാതെ നട്ടംതിരിയുകയാണ് വിമാനത്താവളങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സെപ്തംബർ 5-നകം ബ്രിട്ടന് ഒരു പുതിയ പ്രധാനമന്ത്രി ഉണ്ടാകുമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ 1922 കമ്മിറ്റിയുടെ ചെയർമാൻ ഗ്രഹാം ബ്രാഡി. പുതിയ നേതാവിനെ തെരഞ്ഞെടുത്ത ശേഷം ഇദ്ദേഹത്തിന്റെ പേര് രാജ്ഞിക്ക് സമര്‍പ്പിക്കും. പുതിയ സർക്കാർ രൂപീകരിക്കാനുള്ള അധികാരവും ഇയാൾക്ക് ലഭിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവാകാനുള്ള നോമിനേഷനുകള്‍ ഇന്ന് കൂടിയേ സ്വീകരിക്കൂ. ആദ്യ ബാലറ്റ് നാളെ നടക്കും. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ചുരുങ്ങിയത് 20 പേരുടെ പിന്തുണ വേണം. പ്രൊപ്പോസറും, സെക്കന്‍ഡറും ഉള്‍പ്പെടെയാണിത്. ഇവരുടെ പേരുകൾ മാത്രം പുറത്തുവിടും.

അടുത്ത ഘട്ടത്തിലേക്ക് പോകണമെങ്കിൽ സ്ഥാനാർഥിക്ക് 30 പേരുടെ വോട്ട് ആവശ്യമാണ്. വ്യാഴാഴ്ചയാണ് രണ്ടാം ബാലറ്റ്. ജൂലൈ 21നുള്ളിൽ വിവിധ ബാലറ്റുകളിലൂടെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം രണ്ടായി ചുരുങ്ങും. രണ്ട് പേരില്‍ നിന്നുള്ള വിജയിയെ പാര്‍ട്ടി അംഗങ്ങള്‍ പോസ്റ്റല്‍ ബാലറ്റിലൂടെയാണ് തെരഞ്ഞെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടെടുപ്പ് നടത്തിയാവും പുതിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവിനെ അടുത്ത പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുക.

വേനലവധി കഴിഞ്ഞ് എംപിമാർ വെസ്റ്റ്മിൻസ്റ്ററിലേക്ക് മടങ്ങുന്ന സെപ്റ്റംബർ 5 ന് അന്തിമ ഫലം പ്രഖ്യാപിക്കുമെന്ന് ഗ്രഹാം പറഞ്ഞു. യാത്രാ ചെലവുകൾ ഒഴികെ സ്ഥാനാർത്ഥികൾക്ക് 300,000 പൗണ്ട് വരെ തെരഞ്ഞെടുപ്പ് ഫണ്ടായി ചിലവഴിക്കാം. ഋഷി സുനക്, സാജിദ് ജാവിദ്, ലിസ് ട്രസ് ഉൾപ്പെടെ 16 പേരാണ് നിലവിൽ മത്സരരംഗത്തുള്ളത്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും മത്സരത്തിനുണ്ടാകുമെന്നാണ് സൂചന. 38 എംപിമാരുടെ പിന്തുണയുള്ള ഋഷി സുനകാണ് മുന്നില്‍. 22 എംപിമാരുടെ പിന്തുണയുമായി പെന്നി മോര്‍ഡന്റ്, 19 എംപിമാരുടെ പിന്തുണയുള്ള ടോം ടുഗെന്‍ഡ്ഹാറ്റ്, 15 എംപിമാര്‍ പിന്തുണയ്ക്കുന്ന ലിസ് ട്രസ് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എട്ടാം വയസ്സിൽ നിയമവിരുദ്ധമായി ബ്രിട്ടനിലേക്ക് കടത്തപ്പെട്ടയാളാണ് താനെന്ന വെളിപ്പെടുത്തലുമായി ദീർഘദൂര ഓട്ടത്തിലെ ഇതിഹാസ താരം മോ ഫറ. കുട്ടിക്കാലത്ത് താൻ ഒരു വീട്ടിൽ അടിമയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ബിബിസി ഡോക്യുമെന്ററിയായ ‘ദി റിയൽ മോ ഫറ’യിലാണ് ഒളിമ്പിക് ജേതാവിന്റെ തുറന്നുപറച്ചിൽ. പരിപാടി നാളെ രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യും. ജന്മനാടായ സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിൽ പിതാവ് കൊല്ലപ്പെട്ടു. പിന്നാലെ, എട്ടാം വയസിൽ ബ്രിട്ടനിലേക്ക് അനധികൃതമായി കടത്തപ്പെട്ടു. ബ്രിട്ടനിലെ ആദ്യ നാളുകൾ ഗാർഹിക അടിമത്തത്തിൽ. വെസ്റ്റ് ലണ്ടനിലെ ഫെൽഥാമിലുള്ള ജൂനിയർ സ്കൂളിൽ ചേർന്നെങ്കിലും വംശീയ അധിക്ഷേപത്തിന് ഇരയായി. തന്റെ പേര് മോ ഫറ എന്നല്ല, ഹുസൈൻ അബ്ദി കഹിൻ എന്നാണ് – അദ്ദേഹം തുറന്നുപറയുന്നു.

1983ൽ സോമാലിലാൻഡിൽ ജനിച്ച മോ ഫറയ്ക്ക് നാലാം വയസിൽ പിതാവിനെ നഷ്ടമായി. വേദനയുടെയും കഷ്ടപ്പാടിന്റെയും നാളുകളായിരുന്നു പിന്നീട്. അമ്മയിൽ നിന്ന് വേർപിരിഞ്ഞ് ബന്ധുക്കളോടൊപ്പം കഴിയാൻ ആഫ്രിക്കയിലെ ജിബൂട്ടിയിലേക്ക് പോയി. 1993ലാണ് മോ ഫറ എന്ന വ്യാജ പേരിൽ അനധികൃത കുടിയേറ്റക്കാരനായി യുകെയിലേക്ക് കടത്തപ്പെട്ടത്. 1997ൽ ലാത്വിയയിൽ നടന്ന ഒരു അന്താരാഷ്ട്ര മീറ്റിൽ ഇംഗ്ലണ്ടിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ബ്രിട്ടീഷ് പൗരത്വം ഇല്ലായിരുന്നു.

2000ത്തിൽ ഫറയ്ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു. ലണ്ടനിൽ നടന്ന 2012 ഒളിമ്പിക് ഗെയിംസിൽ ഗ്രേറ്റ്‌ ബ്രിട്ടനുവേണ്ടി മോ പുരുഷന്മാരുടെ 5,000, 10,000 മീറ്ററുകളിൽ സ്വർണ്ണ മെഡൽ നേടി. 2017 നവംബറിൽ ഭാര്യ ടാനിയയ്‌ക്കൊപ്പം ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വെച്ച് നൈറ്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു. വ്യാജ പേരിൽ, അനധികൃതമായി ബ്രിട്ടനിലേക്ക് കടത്തപ്പെട്ട്, ബാല്യത്തിൽ തന്നെ അടിമയായി കഴിയേണ്ടി വന്ന മോ പിന്നീട് ബ്രിട്ടന്റെ അഭിമാനമായി. മോയക്ക് വേണ്ടി കാലം കാത്തുവെച്ചത് അതായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തന്റെ പെൻഷൻ പണത്തിൽ നിന്നും 45000 പൗണ്ട് തുക തട്ടിപ്പുകാരിലൂടെ നഷ്ടമായതായി വെളിപ്പെടുത്തിയിരിക്കുകയാണ് അമ്പത്തെട്ടുകാരിയായ എൻഎച്ച്എസ് നേഴ്സ് പോളിൻ പാഡൻ. കൂടുതൽ റിട്ടേണുകളും ക്യാഷ് ബോണസുകളും മറ്റും നൽകാമെന്ന് വാഗ്ദാനത്തിലാണ് ഇവർ പെൻഷൻ പണം വാങ്ങിയതെന്ന് നേഴ്സ് വ്യക്തമാക്കി. 2013ൽ തന്റെ മാതാവ് ആശുപത്രിയിലായിരുന്ന സമയത്താണ് ഇവർ പോളിനുമായി ബന്ധപ്പെടുന്നത്. നിലവിലെ പെൻഷൻ അവരുടെ അക്കൗണ്ടിലേക്ക് നൽകിയാൽ കൂടുതൽ തുക ബോണസായി ലഭിക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് പോളിൻ തന്റെ പെൻഷൻ ട്രാൻസ്ഫർ ചെയ്തത്. ഫോണിലൂടെയാണ് എല്ലാ ഇടപാടുകളും നടന്നതെന്ന് പോളിൻ വ്യക്തമാക്കുന്നുണ്ട്. സ്കീമിന്റെ വിശ്വാസ്യത തെളിയിക്കുന്നതിനായി പോളിന് 2500 പൗണ്ട് തുക അവർ നൽകി. അതിനുശേഷം തനിക്ക് 1900 പൗണ്ട് കൂടി ലഭിച്ചതോടെ പോളിന് ഈ സ്കീമിലുള്ള വിശ്വാസം വർധിച്ചു.

എന്നാൽ പിന്നീട് കുറെ മാസങ്ങൾ ഇവരിൽ നിന്നും യാതൊരു വിവരങ്ങളും ലഭിക്കാതായതോടെയാണ് പോളിൻ ആശങ്കപ്പെട്ടത്. പിന്നീട് ആറ് മാസങ്ങൾക്ക് ശേഷം പെൻഷൻസ് റെഗുലേറ്റർ ഓഫീസിൽ നിന്നും വിവരങ്ങൾ അറിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെട്ടെന്ന് പോളിൻ തിരിച്ചറിഞ്ഞത്. നിരവധി കോടികളുടെ ഈ തട്ടിപ്പിൽ ഉൾപ്പെട്ട രണ്ടുപേരെ പിന്നീട് കഴിഞ്ഞ ഏപ്രിലിൽ ജയിൽ ശിക്ഷക്ക് വിധിച്ചിരുന്നു. സൂസൻ ഡാൽട്ടനും അലൻ ബാരറ്റും ചേർന്നാണ് 2012 മുതൽ 2014 വരെയുള്ള കാലഘട്ടങ്ങളിൽ ഏകദേശം 245 ഓളം പേരിൽനിന്ന് 13.7 മില്യൻ പൗണ്ട് തുക തട്ടിയെടുത്തത്. ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് ഓസ്റ്റിൻ 2019 ൽ പോലീസ് അന്വേഷണം ഭയന്ന് ആത്മഹത്യ ചെയ്തിരുന്നു. ഓരോ വ്യക്തിയിൽ നിന്നും ശരാശരി 55000 പൗണ്ട് തുകയോളമാണ് തട്ടിപ്പുകാർ തട്ടിയെടുത്തത്. അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ ഇന്റർവ്യൂവിലാണ് എൻഎച്ച്എസ് നേഴ്സ് തന്റെ അനുഭവം വെളിപ്പെടുത്തിയത്.

എന്റര്‍ടൈം ഡെസ്‌ക്. മലയാളം യുകെ.

പ്രശസ്ത സംഗീത സംവിധായകന്‍ ജോജി കോട്ടയം, ഗാന രചയിതാവ് ഷിബു മാത്യൂ കൂട്ടുകെട്ടില്‍ വിരിഞ്ഞൊരു പ്രണയകാവ്യം ‘പ്രിയ സഖി” എന്ന റൊമാന്റിക് മ്യൂസിക്കല്‍ ആല്‍ബം യൂ ടൂബില്‍ റിലീസ് ചെയ്തു. യുകെ മലയാളി ബാബു സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ജോജി

ഷിബു മാത്യൂ

കോട്ടയം സംവിധാനം ചെയ്ത പ്രിയ സഖി എന്ന റൊമാന്റിക് ആല്‍ബത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് യുകെ മലയാളിയും മലയാളം യുകെ ന്യൂസ് ഡയറക്ടറുമായ ഷിബു മാത്യുവാണ്. ജോജി കോട്ടയം ഷിബു മാത്യൂ കൂട്ടുകെട്ടില്‍ വിരിഞ്ഞ യാത്രാമൊഴി എന്ന ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരുന്നു.

ബാബു സെബാസ്റ്റ്യൻ

പുതു തലമുറയിലെ പ്രണയമാണ് ഈ ഗാനത്തിനാധാരമെന്ന് ഗാന രചയിതാവ് ഷിബു മാത്യൂ പറയുന്നു. പെട്ടന്ന് പ്രണയിക്കുകയും പെട്ടന്നകലുകയും ചെയ്യുന്ന പ്രണയകാലം. വാകമരങ്ങളുടെയും ബോഗന്‍ വില്ലകളുടേയും കോളേജ് കാമ്പസിന്റെയും തണലില്ലാത്ത പ്രണയം. സോഷ്യല്‍ മീഡിയയുടെ തണലില്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന പ്രണയം. ഇതാണ് ന്യൂജന്‍ പ്രണയം. പക്ഷേ, അകലുമ്പോഴും അല്പം പ്രണയം ഇക്കൂട്ടര്‍ ബാക്കി വെക്കും.

ജോജി കോട്ടയം

പ്രിയ സഖി എന്ന റൊമാന്റിക് മ്യൂസിക്കല്‍ ആല്‍ബത്തിന് ഒരു പാട് പ്രത്യേകതകള്‍ ഉണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഈ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഗാനത്തിന്റെ വരികള്‍ക്കൊപ്പം ഒരു ന്യൂജന്‍ സമീപനമാണ് ആല്‍ബത്തിലുടനീളം അവതരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചത്. പ്രേക്ഷകര്‍ക്ക് ഓരോ ക്ലിപ്പും
പരസ്പര വിരുദ്ധമായി തോന്നും. പക്ഷേ, ഇത് അവരുടെ ജീവിതമല്ല. സമൂഹത്തില്‍ നടമാടുന്ന ന്യൂജന്‍ പ്രണയത്തിന്റെ സത്യസന്ധമായ സാക്ഷാത്കാരമാണ് അവതരിപ്പിച്ചത്.

ജിനോ ആൻ്റണി

ആയിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച ജോജി കോട്ടയമാണ് പ്രിയസഖി എന്ന ആല്‍ബത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ‘തിരുവോസ്തിയായ് അല്‍ത്താരയില്‍’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നതും ജോജി കോട്ടയമാണ്.
പ്രിയ സഖി എന്ന പ്രണയകാവ്യത്തിന്റെ സാക്ഷാത്കാരം യൂ ടൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്.
ദയവായി ലിങ്ക് ഓപ്പണ്‍ ചെയ്യുക..

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യു കെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസം ഈ വരാന്ത്യത്തിലായിരിക്കുമെന്ന് മെറ്റ് ഓഫീസ് പ്രവചനം. ഈ ഞായറാഴ്ച ഇംഗ്ലണ്ടിൽ മിക്കയിടത്തും താപനില 38 ഡിഗ്രിയിൽ എത്തും. ഉഷ്ണതരംഗം കൂടുതൽ രൂക്ഷമാകാനും സാധ്യതയുണ്ട്. ഞായറാഴ്ച മുതൽ താപനില അസാധാരണമാംവിധം ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഇത് റോഡ്, റെയിൽ, വിമാന ഗതാഗതം തടസ്സപ്പെടും. ഈ വാരാന്ത്യം അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിലെത്താൻ മുപ്പത് ശതമാനം സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് കാലാവസ്ഥ വിദഗ്ദ്ധൻ ഡാൻ സ്റ്റൗഡ് അറിയിച്ചു.

പ്രവചനം സത്യമായാൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ദിവസമായി ഇത് മാറും. ഇതിനു മുൻപ് ബ്രിട്ടനിലേറ്റവും ചൂടേറിയ ദിവസം 2019 ജൂലായ് 15 ആയിരുന്നു. അന്നേദിവസം കേംബ്രിഡ്‌ജിൽ രേഖപ്പെടുത്തിയത് 38.7 ഡിഗ്രി സെൽഷ്യസാണ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) ലെവൽ ത്രീ ഹീറ്റ് ഹെൽത്ത് അലേർട്ട് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച 24 മണിക്കൂറും അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അടുത്ത ആഴ്‌ച വരെ നീട്ടാൻ സാധ്യതയുണ്ട്.

ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, ലണ്ടൻ, സൗത്ത് ഈസ്റ്റ്, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, യോർക്ക്ഷയർ, ഹംബർ എന്നീ പ്രദേശങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടും. സൗത്ത് ലണ്ടനിലെ ബാറ്റർസിയിൽ പാലത്തിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് വിക്ടോറിയക്കും ബ്രിക്സ്റ്റണിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ ഇന്ന് രാവിലെ നിർത്തിവച്ചു. ചൂട് കൂടുന്നതോടെ ബ്രിട്ടനിലെ പാർക്കുകളിലേക്കും കടൽത്തീരങ്ങളിലേക്കും ജനങ്ങൾ ഇരച്ചെത്തുകയാണ്. ബ്രിട്ടനിൽ മാത്രമല്ല, യൂറോപ്പിലാകമാനം ചൂട് ഉയരുകയാണ്. ഫ്രാൻസിലെ അന്തരീക്ഷ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് പ്രവചനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിലേക്കെത്താനുള്ളവരുടെ എണ്ണം ഉയരുകയാണ്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് മത്സരരംഗത്തുണ്ടെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ, മുൻ ചാൻസലർ ഋഷി സുനകിന്റെ സാധ്യതകൾക്ക് മങ്ങലേറ്റു. പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവായ ഡൊമിനിക് കമ്മിംഗ്സുമായുള്ള ബന്ധം നിഷേധിക്കാൻ ഋഷി സുനക്ക് കഴിഞ്ഞ രാത്രി നിർബന്ധിതനായി. മത്സരരംഗത്തുള്ളവരെ പറ്റി കമ്മിംഗ്സ് ഓൺലൈനിൽ വിവാദപരമായ പല പ്രസ്താവനകളും നടത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ സുനക് ഉൾപ്പെടുന്നില്ല. 2020 അവസാനത്തോടെ നമ്പർ 10 വിട്ടതിനുശേഷം കമ്മിംഗ്സുമായി സംസാരിച്ചിട്ടില്ലെന്ന് മുൻ ചാൻസലറുടെ ടീം തറപ്പിച്ചു പറഞ്ഞു.

കമ്മിംഗ്‌സുമായി ബന്ധമില്ലെന്ന കാര്യം സുനക് തെളിയിക്കേണ്ടതുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി ടോറി നേതൃത്വ മത്സരാർത്ഥികൾക്കെതിരെ കടുത്ത ആരോപണങ്ങളാണ് കമ്മിംഗ്‌സ് ഉന്നയിച്ചത്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് രാജ്യത്തെ നയിക്കാൻ യോഗ്യയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷന്‍ ടാക്‌സ് വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനമാണ് മിക്കവരും നൽകുന്നത്. ഋഷി സുനക് പ്രഖ്യാപിച്ചിരുന്ന നികുതി വര്‍ദ്ധന റദ്ദാക്കി, 25 ശതമാനം എന്നത് 15 ശതമാനമാക്കി കുറയ്ക്കും എന്നാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് സജിദ് ജാവിദും ജെറേമി ഹണ്ടും പറഞ്ഞത്.

ഇതുവരെ മത്സരരംഗത്തുള്ളവർ;

• മുൻ ഇക്വാലിറ്റി മന്ത്രി കെമി ബാഡെനോക്ക്

•അറ്റോർണി ജനറൽ സുല്ല ബ്രാവർമാൻ

•പുതുതായി നിയമിതനായ വിദേശകാര്യ മന്ത്രി റഹ് മാൻ ചിഷ് തി

•മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്

•മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്

•വാണിജ്യ മന്ത്രി പെന്നി മോർഡൗണ്ട്

•ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ്

•മുൻ ചാൻസലർ ഋഷി സുനക്

•വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്

•ബാക്ക്ബെഞ്ചർ ടോം തുഗെന്ധത്

•ചാൻസലർ നാദീം സഹവി

എന്നാൽ, സ്ഥാനാർഥികളുടെ എണ്ണം വരും ദിവസങ്ങളിൽ ചുരുങ്ങും. മത്സരത്തിന്റെ നിയമങ്ങളും സമയക്രമവും അന്തിമമാക്കാൻ കൺസർവേറ്റീവ് ബാക്ക്ബെഞ്ചർമാർ തിങ്കളാഴ്ച യോഗം ചേരും. പിന്നീട് എംപിമാർക്കിടയിൽ ആദ്യ റൗണ്ട് വോട്ടെടുപ്പ് നടക്കും. ജൂലൈ 21 ന് പാർലമെന്റിന്റെ വേനൽക്കാല അവധി ആരംഭിക്കുമ്പോൾ ഇതിൽ നിന്ന് രണ്ട് പേരെ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഊബർ എങ്ങനെയാണ് ഉന്നത രാഷ്ട്രീയക്കാരെ സ്വാധീനിച്ചത് എന്നതിൻെറ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നു. ഊബറിൻെറ ആയിരക്കണക്കിന് ഫയലുകൾ ചോർന്നതിന് പിന്നാലെയാണ് ഇവ പുറത്തായത്. ഇമ്മാനുവൽ മാക്രോൺ, മുൻ യൂറോപ്യൻ യൂണിയൻ കമ്മീഷണർ നീലി ക്രോസ് തുടങ്ങിയ നേതാക്കളിൽ നിന്ന് ഊബറിന് ലഭിച്ച സഹായങ്ങളുടെ വിവരങ്ങളാണ് ചോർന്നത്. കമ്പ്യൂട്ടറുകൾ ആക്സസ് ചെയ്യുന്നതിൽ നിന്ന് പോലീസിനെ തടയാൻ ഒരു “കിൽ സ്വിച്ച്” ഉപയോഗിക്കാൻ ടാക്സി സ്ഥാപനത്തിന്റെ മുൻ മേധാവി വ്യക്തിപരമായി ഉത്തരവിട്ടതെങ്ങനെയെന്നും ഇതിൽ പറയുന്നു. 2013 മുതൽ 2017 വരെയുള്ള കാലയളവിൽ 83,000 ഈമെയിലുകളുടെയും 124,000-ലധികം റെക്കോർഡുകളും ആണ് ഊബർ ഫയലുകളിൽ ഉള്ളത്.

എന്നാൽ തങ്ങളുടെ മുൻകാല പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലെ കമ്പനിയെ വിലയിരുത്തരുതെന്നാണ് വാർത്തകളെ കുറിച്ച് ഊബർ പ്രതികരിച്ചത് . ഊബറിൻെറ വഴിവിട്ട ബിസിനസ്സ് നയങ്ങൾ നേരത്തെ തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങിയതായിരുന്നു. ഫയലുകൾ ചോർന്നതോടെ പല ലക്ഷ്യങ്ങളും നേടിയെടുക്കാൻ കമ്പനി എത്രമാത്രം വഴിവിട്ടു പ്രവർത്തിച്ചുവെന്നുള്ളതിൻെറ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബ്രസൽസിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായ മുൻ യൂറോപ്പ്യൻ യൂണിയൻ ഡിജിറ്റൽ കമ്മീഷണർ നീലി ക്രോസ് തന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഊബറിൽ ചേരാൻ ചർച്ചകൾ നടത്തിയതും പുറത്ത് വന്നു. അക്കാലത്ത് ഊബർ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന കമ്പനികളിൽ ഒന്നായിരുന്നില്ല കോടതി കേസുകൾ, ലൈംഗിക പീഡന ആരോപണങ്ങൾ, ഡാറ്റാ ലംഘന അഴിമതികൾ എന്നി വിവാദങ്ങൾ നേരിട്ടിരുന്ന കമ്പനി ആയിരുന്നു. ഈ കാലയളവിൽ നിരവധി നേതാക്കൾ ധാർമിക നിയമങ്ങൾ ലംഘിച്ചുകൊണ്ട് കമ്പനിയെ രഹസ്യമായി സഹായിച്ചു എന്നും റിപ്പോർട്ടിൽ കണ്ടെത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയ കോവിഡ് വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപന ശേഷിയെ കുറിച്ച് ശക്തമായ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ രംഗത്തെത്തി. ഏതെങ്കിലും തരത്തിലുള്ള ആന്റിബോഡി പ്രതിരോധശേഷിയുള്ളവരെയും ബാധിക്കാൻ കോവിഡിന്റെ പുതിയ വകഭേദങ്ങൾക്ക് സാധിക്കുമെന്നത് വളരെ ആശങ്ക ഉളവാക്കുന്നതാണെന്നാണ് വിലയിരുത്തൽ . ഒമിക്രോണിൻറെ BA.5 വേരിയന്റാണ് വ്യാപന ശേഷിയിൽ മുൻ വകഭേദങ്ങളെ കവച്ചു വയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

ഒരു പ്രാവശ്യം രോഗം ബാധിച്ചവരെ തന്നെ വീണ്ടും നാലാഴ്ചയ്ക്കകം ബാധിക്കാനുള്ള കഴിവ് ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾക്കുള്ളതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ കോവിഡ് കേസുകളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 26.5 ശതമാനമാണ് കൂടിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,39,272 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനത്തെ ചെറുക്കാൻ നിയന്ത്രണങ്ങളൊന്നുമില്ല. തങ്ങൾക്ക് നിഷ്കർഷിക്കപ്പെട്ടിരിക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ എല്ലാവരും എടുക്കുക, പതിവായി കൈ കഴുകുക തുടങ്ങിയ സുരക്ഷിത സമ്പ്രദായങ്ങൾ സ്വീകരിക്കുക എന്നിവയിലൂടെ രോഗ വ്യാപനം പരമാവധി കുറയ്ക്കാൻ സാധിക്കുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved