ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇരുപത്തുനാലുകാരി കാണാതായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡിസംബർ ആദ്യം കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്‌. മൗറീൻ ഗിറ്റൗവിനായെ (24) കാണാതായതായി ഡിസംബർ 10-നാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇതിനു അഞ്ചു ദിവസം മുൻപ് അവരുടെ ലെവിഷാമിലെ ഡെപ്‌ഫോർഡിലെ വീട്ടിലാണ് അവസാനമായി കണ്ടത്. ഇതുവരെയും യുവതിയുടെ ശരീരം കണ്ടെത്താനായിട്ടില്ല .

യുവതിയുമായി പരിചയത്തിലുള്ള 54 കാരനെയാണ് കൊലപാതക സംശയം ഉന്നയിച്ച് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഇയാളുടെ അറസ്റ്റ് അന്വേഷണത്തിൽ സുപ്രധാന പങ്ക് വഹിക്കുമെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ കേറ്റ് ബ്ലാക്ക്ബേൺ പറഞ്ഞു. അറസ്റ്റിനെ കുറിച്ചുള്ള വിവരങ്ങൾ മൗറീൻെറ ബന്ധുക്കളെ അറിയിച്ചുട്ടെണ്ടെന്നും അവർക്ക് എല്ലാത്തരത്തിലുള്ള പിന്തുണയും പോലീസിൽ നിന്ന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിന് സഹായമാകുന്ന വിവരം നൽകാൻ സാധിക്കുന്നവർ 101 -ൽ വിളിച്ച് വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.

ബ്രിട്ടനിൽ നിലവിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടി വരികയാണ്. കഴിഞ്ഞ മാസം ബ്രിട്ടനിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി അഞ്ജുവിൻെറയും രണ്ട് മക്കളുടെയും കൊലപാതകം യുകെ മലയാളികളെ നടുക്കിയ സംഭവങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ 16-നും 74-നും ഇടയിൽ പ്രായമുള്ള 1.6 ദശലക്ഷം സ്ത്രീകളാണ് ഗാർഹിക പീഡനത്തിന് ഇരയായിരിക്കുന്നത്.