Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: നികുതി വർധനയിലൂടെ ഭക്ഷ്യവിലകൾ വലിയ തോതിൽ ഉയർന്നേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടനിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകൾ. ടെസ്‌കോ, അസ്ദ, സെയിൻസ്ബറീസ്, മോറിസൺസ്, ലിഡിൽ, ആൽഡി, ഐസ്‌ലാൻഡ്, വെയ്റ്റ്‌റോസ്, എം&എസ് തുടങ്ങിയവ ചേർന്ന് ചാൻസിലർ റേച്ചൽ റീവ്സിന് അയച്ച സംയുക്ത കത്തിലാണ് മുന്നറിയിപ്പ്. നികുതി ഭാരങ്ങൾ കൂടിയാൽ ഉപഭോക്താക്കൾക്കുള്ള വിലക്കുറവ് ഉറപ്പാക്കുന്നത് ദുഷ്കരമാകുമെന്നും അവർ വ്യക്തമാക്കി.

അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന ശൈത്യകാല ബജറ്റിന് മുൻപ്, റീവ്സ് നികുതി വർധനകൾക്ക് തയ്യാറെടുക്കുന്നതായി സൂചനകളുണ്ട്. സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന കട ഭീക്ഷണിയുമാണ് ചാൻസിലറെ കഠിന തീരുമാനങ്ങളിലേയ്ക്ക് നയിക്കുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊതു ധനകാര്യത്തിൽ £22 ബില്യൺ കുറവുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് (ഐഎഫ്എസ്) കണക്കുകൾ ഇതിനോടകം പുറത്തു വന്നിരുന്നു. ഇതിനകം തന്നെ തൊഴിലുടമകൾ അടയ്ക്കേണ്ട നാഷണൽ ഇൻഷുറൻസ് നിരക്കുകൾ ഉയർത്തിയ സാഹചര്യത്തിൽ സൂപ്പർമാർക്കറ്റുകൾക്ക് 2025-ൽ മാത്രം £7 ബില്യൺ അധികഭാരം ഉണ്ടാകുമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർട്ടിയം ചൂണ്ടിക്കാട്ടി.

വ്യവസായ നികുതിയായ ബിസിനസ് റേറ്റ്സ് സംവിധാനം സൂപ്പർമാർക്കറ്റുകൾക്ക് വലിയ തിരിച്ചടിയാണെന്ന് ആ രംഗത്തെ വിദഗ്ദ്ധർ പറയുന്നത് . വലിപ്പമേറിയ കച്ചവട സ്ഥാപനങ്ങൾക്കാണ് അധിക നികുതി ബാധകമാകുന്നത്. എന്നാൽ ഇവയുടെ എണ്ണം കുറവായിട്ടും, റീട്ടെയിൽ മേഖലയിലെ മൊത്തം നികുതിയുടെ മൂന്നിൽ ഒരുഭാഗം ഇവരിൽ നിന്നാണ് വരുന്നത്. “ഭക്ഷ്യദ്രവ്യങ്ങളുടെ വിലവർധന നിയന്ത്രിക്കുക സർക്കാരിന്റെ മുൻഗണനയായിരിക്കെ, റീട്ടെയിൽ മേഖലയിലെ നികുതി ഭാരം കുറയ്ക്കുന്നത് അതിന് സഹായകമായിരിക്കും,” എന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർട്ടിയം മേധാവി ഹെലൻ ഡിക്കിൻസൺ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്‌പെയിൻ: കനാരി ദ്വീപുകളിലെ ലൻസറോട്ടെ റിസോർട്ട് പട്ടണമായ കോസ്റ്റ ടെഗീസിൽ ഹോട്ടലിലെ ബാൽക്കണിയിൽ നിന്ന് വീണ് ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരി ദാരുണമായി മരിച്ചു. മറ്റൊരു ബ്രിട്ടീഷ് പൗരന് ഗുരുതരമായി പരിക്കേറ്റു. ബാൽക്കണി റെയിലിംഗ് തകർന്നു വീണതാണ് അപകടത്തിന് കാരണം എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്ച പുലർച്ചെ ഏകദേശം 1.30 ഓടെയായിരുന്നു സംഭവം. 56, 54 വയസുള്ള ഇരുവരും ഏകദേശം 20 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണതായി പോലീസ് അറിയിച്ചു. അപകടസമയത്ത് ഹോട്ടലിൽ നിന്ന് നിലവിളികൾ കേട്ടതോടെ അടിയന്തര സേവന സംഘം സ്ഥലത്തെത്തിയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.

മറ്റയാളെ ഗുരുതരാവസ്ഥയിൽ ഡോ. ഹോസെ മൊളിന ഓറോസ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോട്ടലിലെ സുരക്ഷാ സംവിധാനങ്ങളും റെയിലിംഗിന്റെ പരിപാലനവും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി സ്പാനിഷ് സിവിൽ ഗാർഡ് അറിയിച്ചു. ഇരുവരും ബന്ധുക്കളോ സുഹൃത്തുക്കളോ ആണോയെന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എസ്സെക്സിലെ ജയിലിൽ നിന്ന് തെറ്റായ വിവരങ്ങളുടെ പേരിൽ മോചിതനായ ലൈംഗിക കുറ്റവാളി ഹദുഷ് കിബാതുവിനോട് സ്വയം കീഴടങ്ങണമെന്ന് മെട്രോപൊളിറ്റൻ പൊലീസ് ആവശ്യപ്പെട്ടു. 14 വയസുകാരിയായ പെൺകുട്ടിയെയും ഒരു സ്ത്രീയെയും ലൈംഗികമായി പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട ഇയാളെ കഴിഞ്ഞ വെള്ളിയാഴ്ച തെറ്റായി മോചിപ്പിച്ചെന്നും തുടർന്ന് ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തതായും പൊലീസ് വ്യക്തമാക്കി. കിബാതു അവസാനമായി ഡാൽസ്റ്റൺ സ്ക്വയറിലെ ഒരു ലൈബ്രറിയിലെ സിസിടിവിയിൽ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഉടൻ തന്നെ പൊലീസുമായി ബന്ധപ്പെടാൻ മെട്രോ പൊലീസ് കമാൻഡർ ജെയിംസ് കോൺവേ കിബാതുവിനോട് നേരിട്ട് ആവശ്യപെട്ടു. ” ഇയാളെ കാണുന്നവർ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട് . ഇതോടൊപ്പം കൂടുതൽ പൊലീസുകാരെ ഡാൽസ്റ്റൺ പ്രദേശത്ത് വിന്യസിച്ചതായും അറിയിച്ചു. സംഭവം പോലീസിനും നീതിന്യായ വ്യസ്ഥയ്ക്കും കടുത്ത നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്.

ഈ സംഭവത്തിൽ സ്വതന്ത്ര അന്വേഷണത്തിന് മിനിസ്റ്റർ ഓഫ് ജസ്റ്റിസ് ഡേവിഡ് ലാമി ഉത്തരവിട്ടു . തെറ്റായ മോചനം “ഭീകരമായ പിഴവാണെന്ന്” അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജയിലുകളിൽ ഭാവിയിൽ ഇത്തരമൊരു പിഴവ് ആവർത്തിക്കാതിരിക്കാൻ പുതിയ പരിശോധനാ മാർഗ്ഗനിർദേശങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചു. സംഭവം പൊതുസുരക്ഷയ്‌ക്ക് ഭീഷണിയാകുന്നുവെന്ന് കണക്കാക്കി, പൊലീസ് കിബാതുവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വിന്ററിന് മുന്നോടിയായി ഒക്ടോബറിലെ അവസാനത്തെ ഞായറാഴ്ചയും സമ്മറിന് മുന്നോടിയായി മാർച്ചിലെ അവസാനത്തെ ഞായറാഴ്ചയുമാണ് ബ്രിട്ടനിൽ സമയ മാറ്റമുണ്ടാകുന്നത്. പകൽ വെളിച്ചം പരമാവധി ഉപയോഗിക്കുന്നതിനായിട്ടും ജനങ്ങളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനും ആയിട്ടാണ് സമയമാറ്റക്രമം ബ്രിട്ടനിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്.

സമയമാറ്റം ജനങ്ങളുടെ ജീവിതരീതിയിൽ സാരമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. നഴ്സുമാർ ഉൾപ്പെടെ രാത്രി ഷിഫ്റ്റ് ചെയ്യുന്നവർ ഇന്ന് ഒരു മണിക്കൂർ അധികം ജോലി ചെയ്യേണ്ടി വരും. ജനങ്ങളുടെ പ്രത്യേകിച്ച് കുട്ടികളുടെ ബോഡി ക്ലോക്ക് സമയം മാറ്റത്തോടെ പല രീതിയിലാണ് പ്രതികരിക്കുന്നത്. സമയ മാറ്റത്തിനനുസരിച്ച് തങ്ങളുടെ ജീവിത രീതികൾ ക്രമീകരിക്കാനായിട്ട് ജനങ്ങൾ ഏതാണ്ട് ഒരു മാസം വരെയും എടുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

ബെഞ്ചമിൻ ഫ്രാങ്ക്ലിനാണ് പകൽ വെളിച്ചത്തിനനുസരിച്ച് സമയക്രമം മാറ്റുക എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്. ഇനി അടുത്ത വർഷം മാർച്ച് അവസാന ഞായറാഴ്ച പുലർച്ചെ 1.00 നാണ് സമയക്രമത്തിൽ മാറ്റം ഉണ്ടാവുക.

ലണ്ടൻ: ബിർക്ക്ബെക്ക് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥിയായ അനുഷ് രാജൻ നായർ (23) ഒക്ടോബർ 21 മുതൽ കാണാതായുള്ള വാർത്തകൾ പുറത്തുവന്നു. ടോട്ടൻഹാമിലെ യുണൈറ്റ് സ്റ്റുഡന്റ്സ് നോർത്ത് ലോഡ്ജ് (Unite Students – North Lodge, Tottenham) ഹോസ്റ്റലിലാണ് അനുഷിനെ അവസാനമായി കണ്ടത്. അതിനുശേഷം ഇയാളുമായി ബന്ധപ്പെടാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

അനുഷ് താമസിച്ചിരുന്ന ഹോസ്റ്റലിൽ സഹവാസികളിൽ ചിലരിൽ നിന്ന് വംശീയ അധിക്ഷേപവും വാക്കാലുള്ള പീഡനവും നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. കാണാതാകുന്നതിന് മുൻപ് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്. മൂന്നു ദിവസത്തിലേറെയായി യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കളും സഹപാഠികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം തേടുകയാണ്.

അനുഷിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയിലാണ്. ഏതെങ്കിലും വിവരം ലഭിക്കുന്നവർ ബ്രിട്ടീഷ് പോലീസിനെയോ അല്ലെങ്കിൽ കുടുംബാംഗങ്ങളെയോ 07455844224 / +91 97698 48324 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളി സമൂഹം അനുഷിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടർമാർ അടുത്ത മാസം അഞ്ചുദിവസത്തെ സമരത്തിന് തയാറെടുക്കുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നവംബർ 14 രാവിലെ ഏഴ് മണി മുതൽ നവംബർ 19 രാവിലെ ഏഴ് മണിവരെ സമരം നടക്കും എന്നാണ് അറിയാൻ സാധിച്ചത്. 2023 മുതൽ ഇത് റെസിഡന്റ് ഡോക്ടർമാർ നടത്തുന്ന പതിമൂന്നാമത്തെ സമരമായിരിക്കും. ശീതകാല വൈറസ് വ്യാപനവും 7.4 ദശലക്ഷം രോഗികളുടെ നീണ്ട കാത്തിരിപ്പു പട്ടികയും നേരിടേണ്ട സമയത്ത് ഈ സമരം ആരോഗ്യ സേവനത്തിന് വലിയ തിരിച്ചടിയാണെന്ന് എൻ.എച്ച്.എസ് മേധാവികൾ പറഞ്ഞു.

സമരത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ ചൊല്ലി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) യും ആരോഗ്യ സെക്രട്ടറിയായ വെസ് സ്ട്രീറ്റിംഗും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഡോക്ടർമാർക്ക് 29 ശതമാനം ശമ്പളവർദ്ധനയും മികച്ച തൊഴിൽ സാധ്യതകളും ആവശ്യപ്പെട്ടുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സമരത്തിന് യൂണിയൻ തീരുമാനിച്ചത് . സർക്കാരിന്റെ വാഗ്ദാനങ്ങൾ അനിശ്ചിതമാണെന്നും യഥാർത്ഥ പരിഹാര മനോഭാവം കാണുന്നില്ലെന്നും ബി .എം.എ കമ്മിറ്റിയുടെ ചെയർമാൻ ഡോ. ജാക്ക് ഫ്ലെച്ചർ അഭിപ്രായപ്പെട്ടു.

അതേസമയം, സ്ട്രീറ്റിംഗ് ബി.എം.എയുടെ തീരുമാനം “അസംബന്ധവും ഉത്തരവാദിത്വമില്ലാത്തതുമാണ്” എന്ന് വിമർശിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഡോക്ടർമാരുടെ ശമ്പളം 28.9 ശതമാനം വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ ശമ്പളവർധന ഇപ്പോൾ സാധ്യമല്ലെന്നും, സമര തീരുമാനം രോഗികൾക്കും എൻ.എച്ച്.എസ്. സേവനങ്ങൾക്കും ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഡിമെൻഷ്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപേ കണ്ടെത്താൻ സാധിക്കുന്ന പുതിയ പരിശോധനകൾ എൻഎച്ച്എസിൽ നാലു വർഷത്തിനുള്ളിൽ ലഭ്യമാകുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായുള്ള ഗവേഷണങ്ങൾക്ക് 5 മില്യൺ പൗണ്ട് ഫണ്ടിംഗ് ആണ് അനുവദിച്ചിരിക്കുന്നത് . പുതിയ ചികിത്സാ രീതിയിലൂടെ രോഗികൾക്ക് നേരത്തെ ഡയഗ്നോസ് നടത്താനും ജീവിത നിലവാരം മെച്ചപ്പെടുത്താനും, ആരോഗ്യവ്യവസ്ഥയിലുള്ള സമ്മർദ്ദം കുറയ്ക്കാനും ആണ് പദ്ധതി ലക്ഷ്യമിടുന്നത് .


കേംബ്രിഡ്ജിലെ യു.കെ. ഡിമെൻഷ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സന്ദർശനത്തിനിടെ ശാസ്ത്ര മന്ത്രി ലോർഡ് വാലൻസം ആരോഗ്യ മന്ത്രി സുബിർ അഹ്മദ് എന്നിവർ ആണ് പുതിയ ഫണ്ടിംഗ് പ്രഖ്യാപിച്ചത് . “ഡിമെൻഷ്യ മുൻകൂട്ടി തിരിച്ചറിയുന്നതിൽ ശാസ്ത്രജ്ഞർ വലിയ പുരോഗതിയിൽ എത്തിയിരിക്കുന്നു. രക്ത പരിശോധനകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും ഡിമെൻഷ്യയുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ നിലവാരം കണ്ടെത്താനാകും എന്ന് ലോർഡ് വാലൻസ് പറഞ്ഞു,. ഇത് കൂടാതെ ഹോർമോൺ മാറ്റങ്ങളും ശ്രദ്ധിക്കാനാകും. എ ഐ-അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയറുകൾ രോഗികളുടെ ദിനചര്യ പിന്തുടരാനും, മെമ്മറി പരിശീലനവും, ഓർമ്മപ്പെടുത്തലുകളും, കുടുംബവുമായി വീഡിയോ കോളുകളും സഹായിക്കും.

“മുന്‍കൂട്ടി രോഗ നിർണ്ണയം നടത്തുന്നത് രോഗികൾക്കും കുടുംബങ്ങൾക്കും ഉടനടി സഹായം ലഭിക്കാനുള്ള വഴി തുറക്കും എന്ന് യുകെ ഡിമെൻഷ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രൊഫസർ സിദ്ധാർത്ഥൻ ചന്ദ്രൻ പറഞ്ഞു . ” എൻഎച്ച്എസിൽ നാലിൽ ഒന്ന് കിടക്കകൾ ഡിമെൻഷ്യ രോഗികളാൽ നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, പുതിയ ടെക്നോളജികൾ ആശുപത്രികളിലെ സമ്മർദ്ദം കുറയ്ക്കാനും, സമൂഹത്തിൽ കൂടുതൽ പിന്തുണ നൽകാനും സഹായിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിതരുടെ മരണസാധ്യത പകുതിയായി കുറയ്ക്കാമെന്നു കണ്ടെത്തിയ പുതിയ മരുന്നിന് അനുമതി. ഡാരോളൂട്ടാമൈഡ് (Darolutamide) എന്ന ഈ മരുന്ന് എൻ.എച്ച്.എസ്. വഴി ആയിരക്കണക്കിന് രോഗികൾക്ക് നൽകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (NICE) അനുമതി നൽകിയതോടെ, വർഷംതോറും കുറഞ്ഞത് ആറായിരം പുരുഷന്മാർക്ക് ഈ ചികിത്സ ലഭ്യമാകും. നിലവിലെ മരുന്നുകളെക്കാൾ പാർശ്വഫലങ്ങൾ കുറവായതും അപകടം കുറയ്ക്കുകയും ചെയ്യുന്ന ചികിത്സയാണിതെന്ന് അധികൃതർ വ്യക്തമാക്കി.

ജർമ്മൻ കമ്പനി ബെയർ നിർമ്മിച്ചിരിക്കുന്ന ഡാരോളൂട്ടാമൈഡ് ദിവസത്തിൽ രണ്ടുതവണ രണ്ടു ഗുളികകളായി നൽകും. ഹോർമോൺ നിയന്ത്രണത്തിലൂടെ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതാണ് മരുന്നിന്റെ പ്രവർത്തനം. ആൻഡ്രജൻ ഡിപ്രൈവേഷൻ തെറാപ്പിയോടൊപ്പം (ADT) നൽകിയാൽ, രോഗികളുടെ മരണസാധ്യത 46 ശതമാനം കുറയുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിലവിലുള്ള ചികിത്സകളെക്കാൾ ഫലപ്രദമായതിനാലാണ് ഇതിന് അനുമതി ലഭിച്ചതെന്ന് NICE അറിയിച്ചു.

“ഈ മരുന്ന് ആയിരക്കണക്കിന് പുരുഷന്മാർക്ക് ജീവന്റെ പുതിയ പ്രതീക്ഷ നൽകും,” എന്ന് പ്രോസ്റ്റേറ്റ് ക്യാൻസർ യു.കെ.യുടെ ആരോഗ്യവിഭാഗം ഡയറക്ടർ എമി റൈലൻസ് പറഞ്ഞു. പാർശ്വഫലങ്ങൾ കുറവായതിനാൽ പ്രായമായവർക്കും നിലവിലെ മരുന്നുകൾക്ക് അനുയോജ്യമല്ലാത്തവർക്കും ഇത് ഏറെ ഗുണകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ മരുന്നിന്റെ അനുമതി രോഗികൾക്കും ഡോക്ടർമാർക്കും കൂടുതൽ ചികിത്സാ മാർഗങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകും എന്ന് എൻ.എച്ച്.എസ്. ക്യാൻസർ വിഭാഗം ഡയറക്ടർ പീറ്റർ ജോൺസൺ പറഞ്ഞു

പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച്‌ യുവതിക്ക് നേരെ ആക്രമണം. കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയാണ് ഭർത്താവ് ആക്രമിച്ചത്. പത്തനംതിട്ട അടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു.

നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാർ യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും ആക്രമണം തുടരുകയായിരുന്നു.

കഴിഞ്ഞ 22ാം തീയതിയാണ് 24കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത്. തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസില്‍ മിസ്സിംഗ് പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയെ പൊലീസ് കണ്ടെത്തിയിരുന്നു.

തുടർന്ന് കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്താണ് ഭർത്താവ് ആക്രമിച്ചത്. വിദേശത്തായിരുന്ന ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലെത്തിയത്.

പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യുവതിയെ പൊലീസ് സംരക്ഷണത്തില്‍ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകവേയാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ : യുകെയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കടുത്ത ഞെട്ടലാണ് സൃഷ്ഠിച്ചിരിക്കുന്നത് . കോഴിക്കോട് കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേൽപ്പാലത്തിന് സമീപം ഒതയോത്ത് വില്ല സ്വദേശിയും വിമുക്ത ഭടൻ എം. കെ. വിജയന്റെയും ജസിയയുടെയും മകനുമായ വി.ജെ. അർജുൻ (28) ആണ് കെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിടെക് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ അർജുൻ 2022ൽ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസെക്സിൽ എം.എസ്. പഠനത്തിനായി എത്തിയതായിരുന്നു. യുകെ പൊലീസാണ് അർജുന്റെ മരണവിവരം കുടുംബത്തെ അറിയിച്ചത്. അപ്രതീക്ഷിതമായ വേർപാടിൽ മാതാപിതാക്കളും സഹോദരന്മാരായ വി.ജെ. അതുൽ, വി.ജെ. അനൂജ എന്നിവരും സഹോദരി ഭർത്താവ് അക്ഷയ് ഉൾപ്പെടെയുള്ള ബന്ധുക്കളും കടുത്ത ദുഃഖത്തിലാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പ്രാദേശിക മലയാളി സമൂഹത്തിന്റെ സഹകരണത്തോടെയാണ് പുരോഗമിക്കുന്നത്. മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

RECENT POSTS
Copyright © . All rights reserved