ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ ബ്രിട്ടീഷ് പൗരന്മാർക്ക് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. 169 ഇന്ത്യൻ പൗരന്മാരും 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനും ഉൾപ്പെടെ 242 യാത്രക്കാരും വിമാന ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 40 കാരനായ ബ്രിട്ടീഷ് പൗരനായ വിശ്വാഷ് കുമാർ രമേശ് എന്ന യാത്രക്കാരൻ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അദ്ദേഹം പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച ബ്രിട്ടീഷ് പൗരന്മാരിൽ ഭൂരിപക്ഷവും ഇന്ത്യയിൽ നിന്ന് കുടിയേറിയവരാണ്. റോയൽ ഡെർബി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജോഷിയും ഭാര്യയും കുട്ടികളും ഇന്ത്യയിൽ വന്ന് മടങ്ങുന്ന സമയത്താണ് അപകടത്തിൽ ജീവൻ നഷ്ടമായത്. റോയൽ ഡെർബി ആശുപത്രിയിൽ റേഡിയോളജിസ്റ്റായിരുന്നു പ്രതീക് ജോഷി. അകീൽ നാനാബാവ, ഭാര്യ ഹന്ന, അവരുടെ നാല് വയസ്സുള്ള മകൾ സാറ എന്നിവർ മലേഷ്യയിലും ഇന്തോനേഷ്യയിലും അവധിക്കാലം ആഘോഷിക്കാൻ പോയതായിരുന്നു. 39 വയസ്സുള്ള ഫിയോംഗലും 45 വയസ്സുള്ള ജാമി ഗ്രീൻലോ-മീക്കും സൗത്ത് ലണ്ടനിലും കെന്റിലെ റാംസ്ഗേറ്റിലും വെൽനസ് ഫൗണ്ടറി നടത്തുന്നവരായിരുന്നു.
241 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഇന്ത്യയിലെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ഇൻഷുറൻസ് ക്ലെയിം ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അന്തേവാസികളുടെ ഗുരുതരാവസ്ഥ കൂടി പരിഗണിച്ച് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മരിച്ച ഓരോ യാത്രക്കാരന്റെയും കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. വ്യോമയാനം, ലൈഫ്, വ്യക്തിഗത അപകടം എന്നിങ്ങനെ ഇൻഷുറൻസിന്റെ നിരവധി തലങ്ങളിൽ ഇരകളുടെ കുടുംബങ്ങൾക്ക് കൂടുതൽ നഷ്ടപരിഹാരവും പിന്തുണയും നൽകുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.
ഒരു യാത്രക്കാരന് ഏകദേശം 2.8 കോടി രൂപ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്ന യൂറോപ്യൻ യൂണിയൻ പരിരക്ഷ യൂറോപ്പിലേക്കോ പുറത്തേക്കോ പോകുന്ന എല്ലാ വിമാനക്കമ്പനികൾക്കും ബാധകമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇതുവരെയുള്ളതിൽ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇന്നലെയെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ഇന്നലെ വെസ്റ്റ് സഫോക്കിലെ സാന്റൺ ഡൗൺഹാമിൽ താപനില 29.4°C ആയിരുന്നു. ചൂടിനെ തുടർന്ന്, വെള്ളിയാഴ്ച രാത്രി ഈസ്റ്റേൺ , സൗത്ത് ഈസ്റ്റേൺ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലിനുള്ള ആംബർ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതേസമയം യുകെയിലെ മറ്റു സ്ഥലങ്ങളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് വെള്ളപ്പൊക്കം, വൈദ്യുതി തടസ്സം, ട്രെയിൻ, ബസ് സർവീസുകൾ തടസ്സപ്പെടൽ തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി.
മെയ് 1 ന് ലണ്ടനിലെ ക്യൂവിൽ 29.3°C രേഖപ്പെടുത്തിയിരുന്നു. വെസ്റ്റ് സഫോക്കിലെ സാന്റൺ ഡൗൺഹാമിൽ ഏറ്റവും ചൂടേറിയ താപനില 29.4°C രേഖപ്പെടുത്തിയപ്പോൾ, സ്കോട്ട്ലൻഡിലെ ഏറ്റവും ചൂടേറിയ ദിവസം അനുഭവപ്പെട്ടത് മൊറേയിലെ ലോസിമൗത്തിൽ 25.7°C ആയിരുന്നു. തെക്കുകിഴക്കൻ മേഖലയിലെ താപനില ഈ സമയത്ത് ശരാശരിയേക്കാൾ 9–10°C കൂടുതലാണെന്ന് മെറ്റ് ഓഫീസ് പറയുന്നു.
സസെക്സിലെ ഈസ്റ്റ്ബോൺ മുതൽ വടക്കൻ നോർഫോക്കിലെ ക്രോമർ വരെ ഇടിമിന്നലിനുള്ള ആംബർ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ശനിയാഴ്ച രാവിലെ 5:00 വരെ ഇത് പ്രാബല്യത്തിൽ ഉണ്ട്. മുന്നറിയിപ്പിന് കീഴിലുള്ള പ്രദേശങ്ങളിൽ 30–50 മില്ലിമീറ്റർ മഴയും 40–50 മൈൽ വേഗതയിൽ കൂടുതൽ കാറ്റും ഉണ്ടാകാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ഇടയ്ക്കിടെയുള്ള ഇടിമിന്നലും ശക്തമായ മഴയും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾ അത്യാവശ്യമെങ്കിൽ മാത്രമേ റോഡ് വഴി യാത്ര ചെയ്യാവു എന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2019 സെപ്റ്റംബറിൽ ബ്ലെൻഹൈം കൊട്ടാരത്തിൽ നടന്ന ഒരു ആർട്ട് എക്സിബിഷനിൽ നിന്ന് 4.8 മില്യൺ പൗണ്ട് വിലമതിക്കുന്ന 18 കാരറ്റ് സ്വർണ്ണ ടോയ്ലറ്റ് മോഷ്ടിച്ചതിന് ഓക്സ്ഫോർഡിൽ നിന്നുള്ള രണ്ട് പേർക്ക് തടവ് ശിക്ഷ ലഭിച്ചു. ഒരു ഉന്നതതല ലോഞ്ച് പരിപാടി നടന്ന് മണിക്കൂറുകൾക്ക് ശേഷം മോഷ്ടാക്കൾ അകത്തുകടന്ന് സ്വർണ്ണ ടോയ്ലറ്റ് മോഷ്ടിക്കുകയായിരുന്നു. 2024-ൽ ജെയിംസ് ‘ജിമ്മി’ ഷീൻ (40) മോഷണം, ക്രിമിനൽ സ്വത്ത് കൈമാറ്റം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ സമ്മതിച്ചു. പിന്നാലെ 39 കാരനായ മൈക്കൽ ജോൺസ് മാർച്ചിൽ മോഷണ കുറ്റത്തിന് ശിക്ഷിക്കുകയായിരുന്നു. ഷീനിന് നാല് വർഷത്തെ തടവും ജോൺസിന് രണ്ട് വർഷവും മൂന്ന് മാസവും തടവ് വിധിച്ചു.
ശിക്ഷ വിധിക്കുന്ന വേളയിൽ, പ്രതികൾക്ക് 4.8 മില്യൺ പൗണ്ട് വിലമതിക്കുന്ന സ്വർണ്ണ ടോയ്ലറ്റിൻെറ മോഷണം നടത്താൻ വെറും അഞ്ചര മിനിറ്റ് മാത്രമാണ് വേണ്ടി വന്നതെന്ന് കോടതി കണ്ടെത്തി. ഇറ്റാലിയൻ കലാകാരനായ മൗറീഷ്യോ കാറ്റെലന്റെ ‘അമേരിക്ക’ എന്ന പേരിലുള്ള ഈ കലാസൃഷ്ടി, ബ്ലെൻഹൈം കൊട്ടാരത്തിൽ പ്രദർശിപ്പിച്ചപ്പോഴാണ് മോഷ്ടിക്കപ്പെട്ടത്.
മോഷണ കുറ്റത്തിനും മോഷ്ടിക്കപ്പെട്ട സ്വർണം വിറ്റതിനും ജെയിംസ് ‘ജിമ്മി’ ഷീനെ ശിക്ഷിച്ചു. പോലീസ് സംഭവസ്ഥലത്ത് നിന്ന് ഇയാളുടെ ഡിഎൻഎ, വസ്ത്രങ്ങളിൽ സ്വർണ്ണക്കഷണങ്ങൾ, ഫോണിൽ നിന്ന് കുറ്റകരമായ സന്ദേശങ്ങൾ എന്നിവ കണ്ടെത്തിയതിനെ പിന്നാലെ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ഇത്രയും വലിയ അളവിൽ തെളിവുകൾ ഫോണിൽ അടങ്ങിയിരിക്കുന്നത് അപൂർവമാണെന്ന് സീനിയർ ക്രൗൺ പ്രോസിക്യൂട്ടർ ഷാൻ സോണ്ടേഴ്സ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദിൽ പറന്നുയർന്ന ഉടനെ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്സും കണ്ടെടുത്തതായി ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു പറഞ്ഞു. വിമാന അപകടത്തിന്റെ കാരണത്തിലേയ്ക്ക് വെളിച്ചം വീശാൻ ബ്ലാക്ക് ബോക്സുകൾ കണ്ടെത്തിയത് സഹായിക്കും. എയർ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പിൻറെ അഭ്യർത്ഥന പ്രകാരം യുകെയിൽ നിന്നും യുഎസിൽ നിന്നുമുള്ള വിദഗ്ധർ ഇന്ത്യയിൽ എത്തിയിട്ടുണ്ട്.
വിമാന ദുരന്തത്തിൽ ദാരുണമായി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ്. ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത 6 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തതായി അധികൃതർ അറിയിച്ചു. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുമെന്ന് ബിജെ മെഡിക്കൽ കോളേജ് ആൻഡ് സിവിൽ ഹോസ്പിറ്റലിന്റെ ഡീൻ ഡോ. മിനാക്ഷി പരീഖ് പറഞ്ഞു.
ലോകമെങ്ങുമുള്ള മലയാളികളുടെ തീരാവേദനയായി മാറുകയാണ് യുകെ മലയാളി നേഴ്സ് വിമാനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവം. രഞ്ജിത ഗോപകുമാർ സർക്കാർ ജോലിയിൽനിന്ന് അവധിയെടുത്ത് ആദ്യം ഒമാനിലും പിന്നീട് യുകെയിലും ആണ് ജോലി ചെയ്തത്. രഞ്ജിതയുടെ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനയ്ക്കായി സഹോദരൻ അഹമ്മദാബാദിലേയ്ക്ക് പോയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻതന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പഞ്ഞിക്കെട്ടു പോലെയുള്ള മേഘങ്ങൾക്കിടയിലൂടെ പറക്കുന്നത് ചെറുപ്പത്തില് സ്വപ്നം കണ്ടിരുന്നു റീന. കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ നിന്ന് യുകെയിൽ എത്തിയറീന ബിജു തന്റെ ആഗ്രഹ പൂർത്തീകരണത്തിൻ്റെ സന്തോഷത്തിലാണ്. 13000 അടി ഉയരത്തിൽനിന്ന് നിന്നാണ് റീന സ്കൈ ഡൈവിംഗ് പൂർത്തിയാക്കിയത്.
നോർത്താംപ്ടൺഷെയറിലെ ബ്രാക്ലിയിലെ സ്റ്റീനിലുള്ള ഹിന്റൺ സ്കൈഡൈവിംഗ് സെന്ററിലാണ് റീന ഈ അതുല്യ നേട്ടം കൈവരിച്ചത്. സർട്ടിഫൈഡ് ഇൻസ്ട്രക്ടർ സ്റ്റീവ് ബാൾഡ്വിന്റെ മാർഗ്ഗനിർദ്ദേശത്തിൽ സ്കൈഡൈവ് ചെയ്യുന്നതിന് മുമ്പ് റീന ആവശ്യമായ പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ബർമിങ് ഹാം ഹാർട്ട് ലാൻഡ് ഹോസ്പിറ്റലിലെ അസ്സെസ്സ്മെന്റ് യൂണിറ്റിലാണ് റീന നേഴ്സായി ജോലി ചെയ്യുന്നത്. തങ്ങളുടെ യൂണിറ്റിന്റെ ചാരിറ്റിക്കായിയാണ് റീനയും ഒപ്പം റേച്ചൽ ഫെല്ല്, ആനി റോസ് എന്നീ സുഹൃത്തുക്കളും ആകാശ ചാട്ടം നടത്തിയത്. ഇതിലൂടെ 2000 പൗണ്ട് അവർക്ക് സമാഹരിക്കാനായി. തങ്ങളുടെ യൂണിറ്റിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ പണം വിനിയോഗിക്കാനാണ് മൂവരും പദ്ധതിയിടുന്നത്.
പാലാ മരങ്ങാട്ടുപള്ളി സ്വദേശി ബിജു ജോർജാണ് റീനയുടെ ഭർത്താവ്. ബിജു റീന ദമ്പതികൾക്ക് രണ്ടു മക്കളാണ്. ആൽഫി ബിജു കവൻട്രി യൂണിവേഴ്സിറ്റി രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് . അമേലിയ ബിജു സെന്റ് പോൾസ് ഗേൾസ് സ്കൂൾ എഡ്ജ്ബാസ്റ്റനിൽ 11-ാം ക്ലാസിൽ പഠിക്കുന്നു . അസാധ്യമെന്ന് കരുതുന്ന പലതും നേടിയെടുക്കാനുള്ള ആത്മവിശ്വാസം സ്കൈ ഡൈവിംഗ് നൽകിയതായി റീന മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന്റെ അപകടത്തെ കുറിച്ചുള്ള വാർത്തകൾ ചങ്കിടിപ്പോടെയാണ് യുകെ മലയാളികൾ അറിഞ്ഞു കൊണ്ടിരുന്നത്. മലയാളികൾ അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത അപകടം നടന്ന ഉടനെ പുറത്തു വന്നിരുന്നു. അവസാനം ആരുടെയും നെഞ്ചുലയ്ക്കുന്ന ഹൃദയവേദനയോടെ ആ സത്യം പുറത്തു വന്നു. ഒരു യുകെ മലയാളി നേഴ്സ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു.
യുകെയിലെ പോര്ട്സ്മൗത്ത് ഹോസ്പിറ്റലിലെ നേഴ്സായ രഞ്ജിത ഗോപകുമാറിന്റെ മരണം അത്രമേൽ ഹൃദയവേദനയാണ് ലോകമൊട്ടാകെയുള്ള മലയാളികൾക്ക് സമ്മാനിച്ചത്. ഒരു വർഷം മാത്രമെ യുകെയിൽ എത്തിയിട്ട് ആയുള്ളൂവെങ്കിലും സൗമ്യമായ പെരുമാറ്റവും പുഞ്ചിരിക്കുന്ന മുഖവുമായി രഞ്ജിത എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറിയിരുന്നു. തിരുവല്ലയ്ക്ക് അടുത്തുള്ള പുല്ലാട്ടിൽ വീട് പണി പൂർത്തിയാകുന്ന സന്തോഷത്തിലായിരുന്നു രഞ്ജിത. ബാധ്യതകൾ തീർത്ത് നാട്ടിലെത്തി കഷ്ടപ്പെട്ട് നേടിയ സർക്കാർ ജോലിയിൽ മക്കളോടും അമ്മയോടുമൊപ്പം സന്തോഷത്തോടെ ജീവിക്കണം എന്നതായിരുന്നു അവളുടെ സ്വപ്നം. കത്തി കരിഞ്ഞ ചിറകുകളുമായി ആ സ്വപ്നങ്ങൾ ഏറെക്കാലം ലോകമെങ്ങുമുള്ള മലയാളികളുടെ ഉറക്കം കെടുത്തും.
ഒരുപക്ഷേ സർക്കാർ തലത്തിലുള്ള നൂലാമാലകളാണ് രഞ്ജിതയുടെ അകാല മരണത്തിന് ഇടയാക്കിയത് എന്ന് പറയേണ്ടിയിരിക്കുന്നു. വിവരസാങ്കേതികവിദ്യ ഇത്രമാത്രം പുരോഗമിച്ച സമയത്ത് ഒരു ഒപ്പിനു വേണ്ടി മാത്രമാണ് രഞ്ജിത ഏതാനും ദിവസത്തേയ്ക്ക് യുകെയിൽ നിന്ന് കേരളത്തിലെത്തിയത്. ഒരു പക്ഷേ പെട്ടെന്നുള്ള യാത്രയിൽ വിമാന ടിക്കറ്റ് കിട്ടാതിരുന്നതിനെ തുടർന്നാണ് അഹമ്മദാബാദിൽ നിന്ന് ഫ്ലൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നത് എന്നാണ് കരുതുന്നത്.
എല്ലാ അകാല മരണങ്ങളും ദുഃഖകരമാണ്. എന്നാൽ ഇത്രമാത്രം വാർത്താ പ്രാധാന്യം നേടിയ ഒരു യുകെ മലയാളിയുടെ മരണം അടുത്തിടെയുണ്ടായിട്ടില്ല. ഉള്ളിൽ എരിയുന്ന കനലുമായിട്ടായിരുന്നു രഞ്ജിത ജീവിച്ചിരുന്നത്. സർക്കാർ ജോലിയുടെ ശമ്പള പരിമിതിയാണ് അവളെ ഒമാനിലും പിന്നീട് യുകെയിലും എത്തിച്ചത്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും അമ്മയെയും ഒറ്റയ്ക്ക് നാട്ടിലാക്കി തൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഠിനാധ്വാനം ചെയ്ത രഞ്ജിതയെ വിധി അതിനനുവദിച്ചില്ല. രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ 10-ാം ക്ലാസ് വിദ്യാർഥിയും മകൾ ഇതിക 7-ാം ക്ലാസ് വിദ്യാർഥിനിയുമാണ്. മുത്തശ്ശി തുളസിക്കൊപ്പം പണിതീരാത്ത വീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്. രണ്ട് സഹോദരന്മാരുണ്ട്. രഞ്ജിതയുടെ പിതാവ് ഗോപകുമാർ നേരത്തെ മരിച്ചു.
രഞ്ജിതയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകമെമ്പാടും ഉള്ള ജനങ്ങൾ ഇന്നലെ നടന്ന എയർ ഇന്ത്യ വിമാന ദുരന്തത്തിൻെറ ഞെട്ടലിൽ കഴിയുകയാണ്. ഇപ്പോഴിതാ എയർ ഇന്ത്യ ദുരന്തത്തിന് ഒരു ആഴ്ച മുമ്പ് വിമാന അപകടത്തെ കുറിച്ച് ഒരു ഇന്ത്യൻ ജ്യോതിഷി പ്രവചിച്ച വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ഇന്നലെ പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം ബോയിംഗ് 787 ഡ്രീംലൈനർ തകർന്ന് വീഴുകയായിരുന്നു. 2025-ൽ ‘വിമാനാപകട വാർത്തകൾ നമ്മെ ഞെട്ടിച്ചേക്കാം’ എന്ന് സോഷ്യൽ മീഡിയയിൽ ആസ്ട്രോ ശർമിഷ്ഠ എന്ന പേരിൽ അറിയപ്പെടുന്ന ജ്യോതിഷി കഴിഞ്ഞ വർഷം ട്വീറ്റ് ചെയ്തിരുന്നു. ആഴ്ച, സോഷ്യൽ പ്ലാറ്റ്ഫോമായ എക്സിൽ മുന്നറിയിപ്പ് വീണ്ടും ആവർത്തിക്കുകയായിരുന്നു.
ജൂൺ 5 ന് ഇട്ട പോസ്റ്റ് ഇന്നലെ അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തെത്തുടർന്ന് വൈറലായിരിക്കുകയാണ്. ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം തകർന്ന് ഏതാനും മണിക്കൂറിനുള്ളിൽ ഞെട്ടിക്കുന്ന പ്രവചനം സോഷ്യൽ മീഡിയയിൽ പരക്കെ ഷെയർ ചെയ്യപ്പെടുകയായിരുന്നു. 53 ബ്രിട്ടീഷുകാർ ഉൾപ്പെടെ 242 യാത്രക്കാരുമായി പറന്ന വിമാനത്തിൽ ഒരാൾ മാത്രമാണ് രക്ഷപെട്ടിരിക്കുന്നത് എന്ന് പ്രാദേശിക അധികാരികൾ അറിയിച്ചു.
അപകടത്തിലേക്ക് നയിച്ചതിൻെറ യഥാർത്ഥ കാരണം ഇനിയും വ്യക്തമല്ല. പറന്നുയരുന്നതിന്റെ നിർണായക ഘട്ടത്തിൽ വിമാനത്തിന് വൈദ്യുതി നഷ്ടപ്പെട്ടിരിക്കാമെന്നും, പെട്ടെന്നുള്ള കാറ്റിന്റെ വ്യതിയാനമോ പക്ഷി ഇടിച്ചതോ ഇരട്ട എഞ്ചിൻ സ്തംഭനത്തിലേക്ക് നയിച്ചതാകാമെന്നും വ്യോമയാന വിദഗ്ധർ സംശയിക്കുന്നു. നിലവിൽ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തി വരികയാണ്. വിമാനത്തിൽ 159 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും 11 കുട്ടികളും രണ്ട് നവജാത ശിശുക്കളും ഉണ്ടായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
241 യാത്രക്കാരുടെ മരണത്തിന് ഇടയായ എയർ ഇന്ത്യ വിമാന അപകടത്തിൽ രക്ഷപെട്ട് ഒരു ബ്രിട്ടീഷ് യാത്രക്കാരൻ. ലണ്ടനിലേക്ക് പോയ ബോയിംഗ് 787 വിമാനത്തിന്റെ 11A സീറ്റിൽ ആയിരുന്നു വിശ്വഷ് കുമാർ രമേശ് ഇരുന്നത്. വിമാനം അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കകം തകർന്ന് വീഴുകയായിരുന്നു. വിമാനാപകടത്തിൽ രക്ഷപെട്ട ഒരേയൊരു ആളായ വിശ്വഷ് കുമാറിൻെറ സഹോദരനും അപകടത്തിൽ ജീവൻ നഷ്ടമായി. താൻ എങ്ങനെ രക്ഷപെട്ടെന്ന് അറിയില്ലെന്ന് വിശ്വഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വിമാനാപകടത്തിൽ 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷുകാരും ഉൾപ്പെടെ മറ്റ് എല്ലാ യാത്രക്കാരും ജീവനക്കാരും മരിച്ചതായി എയർ ഇന്ത്യ അറിയിച്ചു. മുഖത്ത് പരിക്കുകൾ ഉണ്ടെന്നും ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്നും വിശ്വഷ് കുമാറിൻെറ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപെട്ടതിന് പിന്നാലെ തൻെറ സഹോദരനെ വിശ്വഷ് കുമാർ തിരഞ്ഞെങ്കിലും കണ്ടെത്താൻ ആയില്ല. സോഷ്യൽ മീഡിയ ദൃശ്യങ്ങളിൽ അപകടസ്ഥലത്ത് നിന്ന് വിശ്വഷ് കുമാർ ആംബുലൻസിലേക്ക് നടക്കുന്നത് കാണാം.
ആഭ്യന്തര മന്ത്രി അമിത് ഷാ വിശ്വഷ് കുമാർ രമേശിനെ ആശുപത്രിയിൽ സന്ദർശിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ ട്രെയിനി ഡോക്ടർമാർ ഉപയോഗിക്കുന്ന താമസസ്ഥലത്തേയ്ക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ എത്രപേർക്ക് ജീവൻ നഷ്ടമായെന്നത് ഇനിയും വ്യക്തമല്ല. വിമാനത്തിൽ 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും, 7 പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയൻ പൗരനും ഉൾപ്പെട്ടിരുന്നു. ആകെ യാത്രക്കാരിൽ 104 പുരുഷന്മാരും 112 സ്ത്രീകളും 12 കുട്ടികളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ യുകെ മലയാളി നേഴ്സ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ആർ.നായർ (39) മരിച്ച വിവരമാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്. സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് യുകെയിൽ നിന്ന് എത്തി ലീവെടുത്ത് മടങ്ങുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.
നേരത്തെ ഒമാനിൽ നഴ്സായിരുന്ന രഞ്ജിതയ്ക്ക് ഒരു വർഷം മുമ്പാണ് യുകെയിൽ നഴ്സായി ജോലി ലഭിച്ചത്.
ഇന്നലെയായിരുന്നു രഞ്ജിത വീട്ടിൽ നിന്ന് പോയത്. കൊച്ചിയിൽ നിന്ന് അഹമ്മദാബാദിലേക്ക് വിമാനം കയറി. അവിടെ നിന്ന് യു കെയിലേക്ക് പോകവേയായിരുന്നു ദുരന്തം. അമ്മയും മകനും മകളുമാണ് രഞ്ജിതയുടെ വീട്ടിലുള്ളത്. വീട് നിർമാണം നടന്നുകൊണ്ടിരിക്കെയാണ് ദുരന്തമെത്തിയത്.
രഞ്ജിത കോഴഞ്ചേരി ഗവൺമെന്റ് ആശുപത്രിയിലെ സ്റ്റാഫായിരുന്നു. അഞ്ച് വർഷത്തെ അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. മൂത്ത മകൻ പത്താം ക്ലാസിലാണ്. മകൾ ഏഴാം ക്ലാസിലും. രണ്ട് സഹോദരന്മാരുണ്ട്. രഞ്ജിതയുടെ പിതാവ് ഗോപകുമാർ നേരത്തെ മരിച്ചു.
വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായിയുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ വിമാന ദുരന്തമാണിത്. അഹമ്മദാബാദ് ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ദുരന്തത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും മരിച്ചു. രണ്ട് പൈലറ്റുമാർ, 10 ക്യാബിൻ ക്രൂ അംഗങ്ങൾ അടക്കം 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ 53 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ട് . ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രയ്ക്കിടെയാണ് വിജയ് രൂപാണി അപകടത്തിൽപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിലെ ആദ്യത്തെ പിതാക്കന്മാരുടെ പണിമുടക്ക് എന്ന് വിശേഷിപ്പിക്കുന്ന സമരം യുകെയിൽ അരങ്ങേറി. പ്രസവാവധികൾ സ്ത്രീകൾക്ക് മാത്രമല്ല പിതാക്കന്മാർക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് ആളുകൾ ലണ്ടനിലെയും എഡിൻബർഗിലെയും തെരുവിലിറങ്ങിയത് . യൂറോപ്പിലെ ഏറ്റവും മോശം പിതൃത്വ അവധി സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകളും ഉയർത്തി പിടിച്ചു കൊണ്ട് പലരും കുഞ്ഞുങ്ങളുമായി ആണ് എത്തിയത് .
കുറഞ്ഞത് 6 ആഴ്ചയെങ്കിലും ശമ്പളത്തോടു കൂടിയ അവധിയാണ് പ്രതിഷേധക്കാരുടെ ആവശ്യം. നിലവിൽ യുകെയിലെ ലീവ് സമ്പ്രദായം വികസിത രാജ്യങ്ങളിൽ സ്വീകരിച്ചിരിക്കുന്നതിൽ ഏറ്റവും മോശം ആണെന്നാണ് വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റി വിമർശിച്ചിരിന്നു. 2003-ൽ അവതരിപ്പിച്ച സ്റ്റാറ്റ്യൂട്ടറി പിതൃത്വ അവധി, മിക്ക പുതിയ അച്ഛന്മാർക്കും രണ്ടാമത് കുഞ്ഞുങ്ങൾ ഉണ്ടാകുന്ന ദമ്പതികൾക്കും രണ്ടാഴ്ച വരെ മാത്രമേ അവധി നൽകുന്നുള്ളൂ. ഈ സമയത്തെ ശമ്പള പരിധി ആഴ്ചയിൽ £187.18 അല്ലെങ്കിൽ അവരുടെ ശരാശരി വരുമാനത്തിന്റെ 90% ആയി പരിമിതപ്പെടുത്തിയിട്ടും ഉണ്ട്. ഇത് ദേശീയ ജീവിത വേതനത്തിന്റെ പകുതിയിൽ താഴെയാണ്.
യുകെയിലെ പിതൃത്വ അവധി സമ്പ്രദായം നിലവിലെ ജീവിത ചെലവുമായി പൊരുത്തപ്പെടാത്തതാണെന്നാണ് വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. പിതൃത്വ വേതനം 90% അല്ലെങ്കിൽ അതിൽ കൂടുതലായി ഉയർത്താനും ഘട്ടം ഘട്ടമായി കൊണ്ടുവരുന്ന മാറ്റത്തിൽ ലീവുകൾ ആറ് ആഴ്ചകൾ വരെ നീട്ടാനും വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. 2003 മുതൽ യുകെയിലെ പിതാക്കന്മാർക്ക് നിയമപരമായ അവകാശങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് എടുത്തു കാണിക്കുന്നു. സ്പെയിൻ – പൂർണ്ണ ശമ്പളത്തോടെ 16 ആഴ്ച അവധി, ഫ്രാൻസ് – 28 ദിവസം അവധി, സ്വീഡൻ – 480 ദിവസം പങ്കിട്ട അവധി, പിതാവിന് 90 ദിവസം അവധി എന്നിങ്ങനെ ആനുകൂല്യങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ യുകെയിലെ നിലവിലെ നിയമത്തിൽ മാറ്റം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു