ന്യൂസ് ഡെസ്ക്, മലയാളം യുകെ
എച്ച്‌എം റവന്യൂ ആൻഡ് കസ്റ്റംസ് (എച്ച്എംആർസി)യുടെ രേഖകൾ പ്രകാരം കഴിഞ്ഞ വർഷം 30 വയസ്സിന് താഴെയുള്ള 1,000 നികുതിദായകർ £1 മില്യണിൽ കവിഞ്ഞ വരുമാനം നേടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻവർഷത്തേക്കാൾ 11% വർധനവായ ഇത് ഒരു പുതിയ റെക്കോർഡാണ്. ആകെ ഇവർ £3 ബില്യണിനു മേൽ വരുമാനം ആണ് നേടിയത്. ശരാശരി ഒരാൾക്ക് ഏകദേശം £3 മില്യൺ വീതം ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. അക്കൗണ്ടൻസി സ്ഥാപനമായ ലബ്ബോക്ക് ഫൈൻ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക്, യൂട്യൂബ് എന്നിവയിൽ ഇൻഫ്ലുവൻസർമാർക്ക് ലഭിക്കുന്ന വൻ പരസ്യ വരുമാനമാണ് ഈ ഉയർച്ചയ്ക്ക് പ്രധാന കാരണം എന്ന് സ്ഥാപനം വിലയിരുത്തുന്നു. കായികം, സംഗീതം, മീഡിയ മേഖലകളിലെ വലിയ കരാറുകളും ടെക്‌നോളജി, ഫിനാൻഷ്യൽ സർവീസസ് മേഖലകളിലെ ഉയർന്ന ശമ്പളവും കാരണങ്ങളായി ചൂണ്ടിക്കാണിക്കപെടുന്നുണ്ട്.

£1 മില്യണിന് മുകളിൽ വരുമാനമുള്ളവരിൽ ഇപ്പോൾ ഏകദേശം 3% പേർ 30 വയസ്സിനു താഴെയുള്ളവരാണ്. ആകെ £1 മില്യൺ വരുമാനക്കാർ 31,000 പേരാണ് ഉള്ളത്. എന്നാൽ ഈ വിഭാഗത്തിൽ 1% മാത്രം വർധനയുണ്ടായപ്പോൾ യുവജന വിഭാഗത്തിൽ വർധന വേഗത്തിൽ ഉയർന്നുവെന്നതാണ് ശ്രദ്ധേയം. മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലാൻഡ് പോലുള്ള താരങ്ങളും മുൻ ലവ് ഐലൻഡ് മത്സരാർത്ഥിയും ഇൻഫ്ലുവൻസറുമായ മോളി-മേ ഹേഗ് പോലുള്ള യുവപ്രതിഭകളും ഈ വിഭാഗത്തിൽപ്പെടുന്നവരാണെന്നാണ് റിപ്പോർട്ട്. ഹാലാൻഡിന് ആഴ്ചയിൽ ഏകദേശം £5.25 ലക്ഷം (വർഷം ഏകദേശം £27.3 മില്യൺ) വരുമാനമുണ്ടെന്നാണ് കണക്ക്. മോളി-മേയ്ക്ക് ഒരു പോസ്റ്റിന് £60,000 വരെ ലഭിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

പാൻഡെമിക്കിന് ശേഷം £1 മില്യൺ വരുമാനം നേടുന്ന 30 വയസ്സിനു താഴെയുള്ളവരുടെ എണ്ണം 54% വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേകാലയളവിൽ ബ്രിട്ടനിലെ ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ചെലവ് £917 മില്യൺ ആയി ഉയർന്ന് മൂന്നിരട്ടിയായി. ഈ വർഷം ഇത് £1 ബില്യൺ കടക്കും എന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് . അതേസമയം ചെറുപ്രായത്തിൽ വലിയ വരുമാനം നേടുന്നതു ജീവിതകാലം മുഴുവൻ സമ്പന്നത ലഭിക്കുമെന്നതിനുള്ള ഉറപ്പല്ലെന്ന് ലബ്ബോക്ക് ഫൈൻ സ്പോർട്സ്-എന്റർടെയിൻമെന്റ് വിഭാഗം തലവൻ മുന്നറിയിപ്പ് നൽകി. വിരമിച്ച ശേഷം പല കായികതാരങ്ങളും കലാരംഗത്തുള്ളവരും നിക്ഷേപത്തിൽ പിന്നോക്കം നിൽക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടെ 55–64 പ്രായക്കാർക്കിടയിൽ യൂട്യൂബ്, ടിക്‌ടോക്ക് ഉപഭോഗവും കൂടിയതായി പഠനങ്ങൾ വ്യക്തമാക്കുന്നു. അതിലൂടെ മുതിർന്നവരും ഇൻഫ്ലുവൻസർ രംഗത്ത് ശ്രദ്ധേയരായി ഉയർന്നുവരുന്നതായും ഉള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സെയ് നവൽനിയെ രണ്ട് വർഷം മുൻപ് ഭരണകൂടം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് യുകെ ഉൾപ്പെടെ അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ ഇന്റലിജൻസ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമനി, സ്വീഡൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങൾ സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിലാണ് ഈ ആരോപണം. എന്നാൽ യുഎസ് ഈ അന്വേഷണത്തിൽ പങ്കെടുത്തിട്ടില്ല. സൈബീരിയയിൽ 19 വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് നവൽനി മരിച്ചത്. സംസ്കാരത്തിന് മുൻപ് ശേഖരിച്ച ശരീര സാമ്പിളുകൾ രണ്ട് രാജ്യങ്ങളിലെ ലബോറട്ടറികളിൽ പരിശോധിച്ചപ്പോൾ തവളകളുടെ ചർമത്തിൽ നിന്നുള്ള മാരക വിഷാംശം കണ്ടെത്തിയതായാണ് റിപ്പോർട്ട്.

ഈ വിഷം വിനിയോഗിക്കാൻ ശേഷിയും ഉദ്ദേശ്യവും അവസരവും റഷ്യൻ രാഷ്ട്രത്തിനുമാത്രം ഉണ്ടായിരുന്നു” വെന്നും നവൽനിയുടെ മരണത്തിന് റഷ്യ ഉത്തരവാദിയാണെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. തെക്കേ അമേരിക്കയിലെ വന്യജീവികളായ ഡാർട്ട് ഫ്രോഗുകളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഈ വിഷം റഷ്യയിൽ സ്വാഭാവികമായി ലഭ്യമല്ലെന്നും, തടവറയിൽ കഴിയുന്ന നവൽനിയുടെ ശരീരത്തിൽ ഇത് കണ്ടെത്താനുള്ള വിശദീകരണം ഒന്നുമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിഷപ്രയോഗം കടത്തമാണെന്നു വിശേഷിപ്പിച്ച യുകെ, രാസായുധ നിരോധന കൺവെൻഷൻ ലംഘിച്ചുവെന്നാരോപിച്ച് റഷ്യയെ ഓർഗനൈസേഷൻ ഫോർ ദ പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസിന് മുന്നിൽ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടു . 2006-ൽ ലണ്ടനിൽ അലക്സാണ്ടർ ലിറ്റ്വിനെങ്കോയുടെ പോളോണിയം വിഷബാധ മരണം, 2018-ൽ സാലിസ്ബറിയിൽ മുൻ ചാരനായ സെർഗെയ് സ്‌ക്രിപാലിനെതിരായ നർവ് ഏജന്റ് ആക്രമണം, നവൽനിക്കെതിരായ മുൻ വിഷപ്രയോഗശ്രമം എന്നിവ റഷ്യയുടെ രാസ ആയുധ പ്രയോഗത്തിന് ഉദാഹരങ്ങളായാണ് വിലയിരുത്തപ്പെടുന്നത് .

നവൽനിയുടെ ഭാര്യ യൂലിയ നവൽനയ 2024-ലെ മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുമ്പോൾ എന്റെ ഭർത്താവിനെ പുടിൻ രാസായുധം ഉപയോഗിച്ച് കൊന്നു എന്ന് പ്രതികരിച്ചത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ശ്വാസതടസം, പക്ഷാഘാതം, വേദനാജനകമായ മരണം എന്നിവയ്ക്ക് കാരണമാകുന്ന വിഷമാണ് ഉപയോഗിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. യുകെ വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പർ, നവൽനിയെ നിശ്ശബ്ദനാക്കാൻ ക്രെംലിൻ സ്വീകരിച്ച ക്രൂര നീക്കമാണ് ഇത് എന്നു പറഞ്ഞു. 2017-ൽ രാസായുധങ്ങൾ നശിപ്പിച്ചതായി റഷ്യ പറഞ്ഞിരുന്നുവെങ്കിലും അതെല്ലാം പൂർണ്ണമായിരുന്നില്ലെന്നും, ജൈവ-വിഷായുധ കൺവെൻഷൻ നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്നുമാണ് യുകെയുടെ ആരോപണം. യുക്രെയ്‌നിൽ യുദ്ധഭൂമിയിലും റഷ്യ രാസായുധങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണവും യുകെ ആവർത്തിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എച്ച്‌എംആർസി ജനുവരി 31, 2026-ലെ സെൽഫ് അസസ്മെന്റിന്റെ അവസാന തീയതി നഷ്ടപ്പെടുത്തിയ ഏകദേശം പത്ത് ലക്ഷം നികുതിദായകർക്ക് സ്വമേധയാ 100 പൗണ്ട് പിഴ ചുമത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . നികുതി അടയ്ക്കാനുള്ള തുക ഇല്ലാത്തവർക്കും ഈ പ്രാഥമിക പിഴ ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാത്തവർക്കാണ് ഈ നടപടി.

റിട്ടേൺ സമർപ്പിക്കൽ കൂടുതൽ വൈകുന്നുവെങ്കിൽ പിഴ കുത്തനെ ഉയരും. ഒരു ദിവസം വൈകിയാൽ 100 പൗണ്ട് പിഴ ഈടാക്കും. മൂന്ന് മാസം കഴിഞ്ഞാൽ പരമാവധി 90 ദിവസം വരെ ദിവസേന 10 പൗണ്ട് വീതം പിഴ ചുമത്തി ആകെ 900 പൗണ്ടായി പിഴ ഉയരും. ആറു മാസം കഴിഞ്ഞാൽ 300 പൗണ്ട് അല്ലെങ്കിൽ അടയ്ക്കാനുള്ള നികുതിയുടെ 5 ശതമാനം (ഏത് കൂടുതലോ) അധികമായി ഈടാക്കും. 12 മാസം കഴിഞ്ഞാലും വീണ്ടും 300 പൗണ്ട് അല്ലെങ്കിൽ 5 ശതമാനം അധിക പിഴ ബാധകമാകും.

നികുതി അടയ്ക്കുന്നതിലും വൈകിയാൽ 30 ദിവസം കഴിഞ്ഞാൽ കുടിശ്ശിക തുകയിലെ 5 ശതമാനം പിഴ ഈടാക്കും. ആറു മാസം, 12 മാസം ഘട്ടങ്ങളിലും അധികമായി 5 ശതമാനം വീതം പിഴ ചുമത്തും. കൂടാതെ വർഷത്തിൽ 7.75 ശതമാനം നിരക്കിൽ പലിശ ദിവസേന കണക്കാക്കി ഈടാക്കും. ഗുരുതര രോഗം, അടുത്ത ബന്ധുവിന്റെ മരണം, സാങ്കേതിക തകരാർ തുടങ്ങിയ ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ 30 ദിവസത്തിനകം അപ്പീൽ നൽകാം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് തവണകളായി അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കുടുംബകോടതിയുടെ ഉത്തരവിനെ തുടർന്ന് ആറുവർഷത്തോളം മക്കളിൽ നിന്ന് അകറ്റപ്പെട്ടിരുന്ന ഒരു അമ്മയ്ക്ക് ആശ്വാസ മായി കോടതി വിധി . സൈക്കോളജിസ്റ്റിന്റെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി പുറപ്പെടുവിച്ചിരുന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെ അമ്മയും മകനും വീണ്ടും ഒന്നിച്ചു. 2019 ഡിസംബറിൽ ഒൻപതും പന്ത്രണ്ടും വയസ്സുള്ള മക്കളെ അമ്മയിൽ നിന്ന് മാറ്റി പിതാവിന്റെ രക്ഷാകർത്തൃത്വത്തിൽ നൽകുകയായിരുന്നു. അമ്മ കുട്ടികളെ പിതാവിനെതിരെ തിരിച്ചതായി സൈക്കോളജിസ്റ്റ് മെലനി ഗിൽ നൽകിയ റിപ്പോർട്ട് കോടതിയാൽ അംഗീകരിക്കപ്പെട്ടതോടെയാണ് ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടത്. കൂടാതെ, മാതാപിതാക്കൾ തമ്മിലുള്ള ഗാർഹിക പീഡനാരോപണങ്ങൾ പരിശോധിക്കേണ്ടതില്ലെന്നും റിപ്പോർട്ട് നിർദേശിച്ചിരുന്നു.

കഴിഞ്ഞ മാസം ഇംഗ്ലണ്ടിലെ ഫാമിലി ഡിവിഷൻ പ്രസിഡന്റായ സർ ആൻഡ്രൂ മക്‌ഫാർലേൻ മുൻ വിധി റദ്ദാക്കുകയായിരുന്നു. ഗിൽ നൽകിയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ആറുവർഷം താൻ കടുത്ത ദുരിതത്തിലായിരുന്നു എന്നാണ് വിധിയോട് അമ്മ പ്രതികരിച്ചത് . നവംബറിൽ 15-കാരനായ മകൻ സ്വന്തം അഭിഭാഷകനെ നിയമിച്ച് കോടതിയെ സമീപിച്ചതോടെ ആണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത് .
കുട്ടികളുടെ പിതാവ് ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ജനുവരി ഹിയറിംഗിൽ ഹാജരായില്ല. ഇപ്പോൾ 18 വയസുള്ള മകൾ കേസിൽ പങ്കാളിയായിരുന്നില്ല. 2024 ഡിസംബറിൽ പുറത്തിറങ്ങിയ മാർഗനിർദേശങ്ങൾ പ്രകാരം ‘പാരന്റൽ അലിയനേഷൻ’ എന്ന ആശയം അടിസ്ഥാനമാക്കി വിദഗ്ധരെ ഉപയോഗിക്കരുതെന്നും, കോടതിക്കായി കുടുംബങ്ങളെ വിലയിരുത്തുന്ന സൈക്കോളജിസ്റ്റുകൾ പരിചയ സമ്പന്നരായിരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. വിദഗ്ധരെ നിയമിക്കുന്നതിൽ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. സമാന സാഹചര്യത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് വീണ്ടും കോടതിയെ സമീപിക്കാൻ ഈ വിധി ഉപകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാരിസ്: ഫ്രഞ്ച് ആൽപ്സ് മലനിരകളുടെ സമീപമുള്ള മാൻഷെറ്റ് താഴ് വരയിൽ വെള്ളിയാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരും ഒരു ഫ്രഞ്ച് സ്വദേശിയും മരിച്ചു. അഞ്ച് പേരടങ്ങുന്ന സംഘത്തിൽ ഇൻസ്ട്രക്ടറോടൊപ്പം സ്കീയിംഗ് നടത്തിയിരുന്ന രണ്ട് ബ്രിട്ടീഷുകാരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അതേസമയം, 11.30ഓടെ (പ്രാദേശിക സമയം) സ്കീയിംഗ് ചെയ്തിരുന്ന ഫ്രഞ്ച് പൗരനും മഞ്ഞിടിച്ചിലിൽ പെട്ട് മരിച്ചു. മറ്റൊരു ബ്രിട്ടീഷുകാരന് ചെറിയ പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് ആൽബർവില്ലെ പബ്ലിക് പ്രോസിക്യൂട്ടർ ബെനോയിറ്റ് ബാഷ്ലെറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇൻസ്ട്രക്ടർ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടതായും ലഹരി ഉപയോഗത്തെ കുറിച്ച് നടത്തിയ പരിശോധനയിൽ നെഗറ്റീവായതുമാണ് റിപ്പോർട്ട്. ഫ്രഞ്ച് മലനിരകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സി.ആർ.എസ് ആൽപ്സ് പോലീസ് അന്വേഷണത്തിന് നേതൃത്വം നൽകും. മരിച്ച രണ്ട് ബ്രിട്ടീഷുകാരുടെ കുടുംബങ്ങൾക്ക് കോൺസുലർ സഹായം നൽകാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് അറിയിച്ചു.

ഈ ശൈത്യകാലത്ത് ആൽപ്സ് മേഖലയിൽ ആവർത്തിച്ച് മഞ്ഞിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമീപത്തുള്ള റിസോർട്ടിൽ കഴിഞ്ഞ മാസം ഒരാൾ മരിച്ചിരുന്നു . സാവോയ് മേഖലയിൽ വ്യാഴാഴ്ച ദേശീയ കാലാവസ്ഥാ സേവനം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ച അത് പിൻവലിച്ചു. എങ്കിലും മുന്നറിയിപ്പ് തുടരുകയാണ്. ഫ്രാൻസിലൂടെ കടന്നുപോയ ‘സ്റ്റോം നിൽസ്’ 60 മുതൽ 100 സെന്റിമീറ്റർ വരെ മഞ്ഞ് പെയ്തതിന് കാരണമായതും അപകടസാധ്യത വർധിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിലെ യഹൂദ സമൂഹത്തെ ലക്ഷ്യമാക്കി വൻതോതിലുള്ള ആക്രമണം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു . വാലിദ് സാദാവി (38)നും അമർ ഹുസൈൻ (52)നും എതിരായ കേസിൽ പ്രസ്റ്റൺ ക്രൗൺ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. യുകെയിലെ ഏറ്റവും വലിയ ഭീകരാക്രമണമായി മാറാനിടയുണ്ടായിരുന്ന പദ്ധതിയാണിതെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് വ്യക്തമാക്കി. സാദൗയിക്ക് കുറഞ്ഞത് 37 വർഷവും ഹുസൈനിന് 26 വർഷവും ജയിൽവാസം അനുഭവിക്കേണ്ടതായി കോടതി നിർദേശിച്ചു.

ഐഎസിസിന്റെ പദ്ധതിയുടെ ഭാഗമായി എകെ-47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ യുകെയിലേക്ക് കടത്താനായിരുന്നു ഇരുവരുടെയും നീക്കം. യഹൂദവിരുദ്ധ മാർച്ചിനെ ലക്ഷ്യമിട്ട് വെടിവെപ്പ് നടത്തി തുടർന്ന് വടക്കൻ മാഞ്ചസ്റ്ററിലെ യഹൂദ സ്ഥാപനങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കാനായിരുന്നു പദ്ധതിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഗൂഢാലോചന തകർത്തത്. 2024 മെയ് 8 ന് ബോൾട്ടണിലെ ഹോട്ടൽ പാർക്കിംഗിൽ ആയുധങ്ങൾ കൈപ്പറ്റാനെത്തിയ സാദൗയിയെ അറസ്റ്റ് ചെയ്യുകയും പിന്നാലെ ഹുസൈനെയും സഹോദരൻ ബിലെൽ സാദൗയിയെയും പിടികൂടുകയും ചെയ്തു. വാഹനത്തിൽ നിന്ന് രണ്ട് റൈഫിളുകളും ഒരു സെമി-ഓട്ടോമാറ്റിക് പിസ്റ്റളും ഏകദേശം 200 വെടിയുണ്ടകളും കണ്ടെത്തി.

സാദൗയിയുടെ സഹോദരൻ ബിലാൽ സാദൗയി(36) ആക്രമണത്തിൽ നേരിട്ട് പങ്കെടുക്കാൻ തയ്യാറായിരുന്നില്ലെങ്കിലും പദ്ധതിയെ കുറിച്ച് അറിഞ്ഞും വിവരം മറച്ചുവച്ചതുമായി ബന്ധപ്പെട്ട കുറ്റത്തിൽ ആറുവർഷം തടവിന് ശിക്ഷിക്കപ്പെട്ടു. യഹൂദ നേഴ്‌സറികൾ, സ്കൂളുകൾ, സിനഗോഗുകൾ എന്നിവ നിരീക്ഷിച്ചതായും പ്രതികൾ ഡോവറിലെ തുറമുഖത്ത് ആയുധങ്ങൾ കടത്താനുള്ള സാധ്യതകൾ പരിശോധിച്ചതായും വിചാരണയിൽ തെളിഞ്ഞു. രഹസ്യ ഏജന്റിന്റെ ധൈര്യവും ഇടപെടലും അനവധി ജീവനുകൾ രക്ഷപ്പെടുത്തിയതായി ജഡ്ജി വിലയിരുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലുമായി 14 ലക്ഷത്തിലധികം എൻഎച്ച്എസ് ജീവനക്കാർക്ക് 2026 ഏപ്രിൽ 1 മുതൽ 3.3 ശതമാനം ശമ്പളവർധന ലഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സ്വതന്ത്രമായ എൻ എച്ച് എസ് പേ റിവ്യൂ ബോഡി നൽകിയ ശുപാർശ സർക്കാർ പൂർണമായും അംഗീകരിച്ചതോടെയാണ് തീരുമാനം നടപ്പിലാകുന്നത്. ‘അജണ്ട ഫോർ ചെയ്ഞ്ച്’ വിഭാഗത്തിൽപ്പെടുന്ന നേഴ്സുമാർ, പാരാമെഡിക്കുകൾ, മിഡ്വൈഫുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ, പോർട്ടർമാർ, ഹെൽത്ത്‌കെയർ സപ്പോർട്ട് വർക്കർമാർ എന്നിവർക്ക് വർധന ലഭിക്കും. എന്നാൽ ഡോക്ടർമാർ, ഡെന്റിസ്റ്റുകൾ, മുതിർന്ന മാനേജർമാർ എന്നിവർക്ക് ഇത് ബാധകമല്ല. ആറു വർഷത്തിനിടയിൽ ആദ്യമായി ശമ്പളവർധന ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം തന്നെ ലഭ്യമാകുമെന്നതും ശ്രദ്ധേയമാണ്.

ഇംഗ്ലണ്ടിനായി യുകെ സർക്കാരും വെയിൽസിനായി വെൽഷ് സർക്കാരും 3.3 ശതമാനം വർധന സ്ഥിരീകരിച്ചു. വെയിൽസിൽ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്ക് 3.8 മുതൽ 5.9 ശതമാനം വരെ വർധന ലഭിക്കും. റിയൽ ലിവിംഗ് വേജ് നിലവാരത്തിലേക്ക് ശമ്പളം ഉയർത്തുന്നതിനായുള്ള നീക്കത്തിന്റെ ഭാഗമായാണ് അധിക വർധന. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഇത് ‘യാഥാർത്ഥ്യത്തിൽ ശമ്പളവർധന’ ആണെന്ന് വ്യക്തമാക്കി. 2026–27 കാലയളവിൽ 2.2 ശതമാനം മാത്രമാണ് പണപ്പെരുപ്പം ഉണ്ടാകുമെന്നത് ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി പ്രവചനം ഈ വാദത്തിന് ആധാരമാക്കുന്നു.

അതേസമയം, തൊഴിലാളി യൂണിയനുകൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. നിലവിലെ സി.പി.ഐ 3.4 ശതമാനവും ആർ.പി.ഐ 4.2 ശതമാനവുമുള്ള സാഹചര്യത്തിൽ 3.3 ശതമാനം വർധന മതിയാകില്ലെന്നതാണ് അവരുടെ വാദം. യൂനിസൺ , റോയൽ കോളേജ് ഓഫ് നേഴ്സിംഗ് തുടങ്ങിയ സംഘടനകൾ ഇത് ‘അപമാനകരമായ ഓഫർ’ ആണെന്ന് വിമർശിച്ചു. യുണൈറ്റ് ദി യൂണിയൻ വ്യവസായിക സമരത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ദീർഘകാല നിയമന-തടസ്സങ്ങളും ജീവനക്കാരുടെ നിലനിൽപ്പും പരിഹരിക്കാതെ ഇത്തരം വർധന പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുമെന്നാണ് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ വിനോദസഞ്ചാരികൾക്ക് ‘ഹോളിഡേ ടാക്സ്’ ഏർപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 200 -ലധികം ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ രംഗത്ത് വന്നു . ബട്ട്ലിൻസ്, ഹിൽട്ടൺ, ട്രാവലോഡ്ജ്, ആൽട്ടൺ ടവേഴ്‌സ് എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥർ ആണ് ചാൻസലർ റേച്ചൽ റീവ്സിന് കത്ത് നൽകി ആശങ്ക രേഖപ്പെടുത്തിയത് . ഒരാൾക്ക് ഒരു രാത്രിക്ക് £2 എന്ന നിരക്കിൽ നികുതി ഈടാക്കിയാൽ രണ്ട് ആഴ്ചത്തെ അവധിക്ക് £100 വരെ അധികഭാരം വരുമെന്നും, ഇത് കുടുംബങ്ങളെ യാത്ര ചുരുക്കുകയോ വിദേശത്തേക്ക് മാറുകയോ ചെയ്യാൻ ഇടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. “അവധി ആഘോഷത്തിനുള്ളതാണ് നികുതി അടയ്ക്കാനുള്ളതിനല്ല എന്നായിരുന്നു ഇതിനെക്കുറിച്ചു ഇവർ പ്രതികരിച്ചത്.

നികുതി ഫ്ലാറ്റ് നിരക്കായി അല്ലാതെ താമസച്ചെലവിന്റെ ഒരു ശതമാനമായി ഈടാക്കണമെന്നതാണ് സർക്കാരിന്റെ മുൻഗണന. പ്രാദേശിക മേയർമാർക്കും നേതാക്കൾക്കും തങ്ങളുടെ പ്രദേശത്തിന് അനുയോജ്യമായ നിരക്ക് നിശ്ചയിക്കാമെന്ന് സർക്കാർ നേരെത്തെ നിലപാട് വ്യകത്മാക്കിയിരുന്നു . വിഷയത്തിൽ ഉള്ള പൊതുചർച്ച ഫെബ്രുവരി 18-ന് അവസാനിക്കും. സ്കോട്ട് ലൻഡിലും വെയിൽസിലും ഇതിനകം പ്രാദേശിക കൗൺസിലുകൾക്ക് വിസിറ്റർ ലെവി ഏർപ്പെടുത്താനുള്ള നിയമപരമായ അധികാരമുണ്ട്. മാഞ്ചസ്റ്ററിൽ 2023 മുതൽ ഓരോ മുറിക്കും £1 വീതം ഈടാക്കുന്ന നികുതി ആദ്യ വർഷം £2.8 മില്യൺ സമാഹരിച്ചിരുന്നു.

എഡിൻബറോയിൽ ഈ വേനൽക്കാലം മുതൽ ഹോട്ടൽ, ബി&ബി ബുക്കിംഗുകൾക്ക് 5% ലെവി ഏർപ്പെടുത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അബർഡീൻ, ഗ്ലാസ്‌ഗോ നഗരങ്ങളും സമാന നീക്കത്തിലേക്ക് കടക്കുന്നതായാണ് അറിയാൻ സാധിച്ചത് എന്നാൽ ഓർക്ക്നി, ഷെറ്റ്‌ലാൻഡ് ഉൾപ്പെടെയുള്ള ചില കൗൺസിലുകൾ പദ്ധതി തള്ളിയിട്ടുണ്ട്. അതേസമയം, യുകെയിൽ ഇതിനകം ഉയർന്ന നികുതിഭാരം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ ഹോളിഡേ ടാക്സ് ആഭ്യന്തര വിനോദസഞ്ചാരത്തെ ബാധിക്കുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി സി.ഇ.ഒ അലൻ സിംപ്സൺ മുന്നറിയിപ്പ് നൽകി. പാരിസ്, റോം, ബ്രസ്സൽസ് തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിൽ ഇതിനകം ടൂറിസ്റ്റ് നികുതി നിലവിലുണ്ടെന്നതാണ് സർക്കാർ വിമർശനങ്ങൾക്കെതിരെ ചൂണ്ടിക്കാണിക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ കുട്ടികളുള്ള വാഹനങ്ങളിൽ വെയ്പിംഗ് നിരോധിക്കാൻ സർക്കാർ നീക്കം ആരംഭിച്ചു . കൂടാതെ കളിസ്ഥലങ്ങളിലും സ്കൂളുകളുടെ സമീപ പ്രദേശങ്ങളിലും ആശുപത്രികളുടെ പരിസരത്തുമാണ് പുകവലി, വെയ്പിംഗ്, ഹീറ്റഡ് ടുബാക്കോ ഉപയോഗം എന്നിവ വിലക്കാൻ സർക്കാർ പദ്ധതിയിടുന്നത്. ഇതിനായി 12 ആഴ്ച നീളുന്ന പൊതുചർച്ച വെള്ളിയാഴ്ച ആരംഭിച്ചു കഴിഞ്ഞു . ഇൻഡോർ ഇടങ്ങളിൽ ഇതിനകം പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും, പുതിയ നിർദേശപ്രകാരം അവിടങ്ങളും വെയ്പ്-ഹീറ്റഡ് ടുബാക്കോ ഫ്രീ മേഖലകളാക്കും. എന്നാൽ പബ് ഗാർഡനുകൾ, ബീച്ചുകൾ, സ്വകാര്യ ഔട്ട്‌ഡോർ ഇടങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. വീടുകളിൽ പുകവലിക്കും വെയ്പിംഗിനും വിലക്ക് ബാധകമല്ല.

മറ്റുള്ളവർ പുകവലിക്കുന്നതിനാൽ കുട്ടികളും രോഗികളും ദുരിതമനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു, മറ്റുള്ളവരുടെ പുകവലി മൂലം അത് ഉപയോഗിക്കാത്തവർക്കും ഹൃദ്രോഗം, ശ്വാസകോശാർബുദം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആസ്ത്മ, ഹൃദ്രോഗം, സ്ട്രോക്ക്, വിവിധ തരത്തിലുള്ള ക്യാൻസർ, പ്രസവ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ പുകവലിയുമായി ബന്ധപ്പെട്ട ഗൗരവമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. സർ ക്രിസ് വിറ്റി പറഞ്ഞു .

പത്ത് വർഷത്തെ ആരോഗ്യപദ്ധതിയുടെ ഭാഗമായാണ് രോഗചികിത്സയ്ക്ക് പകരം പ്രതിരോധത്തിന് മുൻഗണന നൽകുന്ന ഈ നീക്കം. എൻഎച്ച്എസിന് മേൽ വരുന്ന സമ്മർദ്ദം കുറയ്ക്കാനും പുകവലി രഹിത തലമുറ സൃഷ്ടിക്കാനുമാണ് ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ പാർലമെന്റിൽ പരിഗണനയിലുള്ള ടുബാക്കോ ആൻഡ് വെയ്പ്സ് ബില്ലിന് കീഴിൽ ഭാവിയിലുള്ള ചട്ടങ്ങൾ രൂപപ്പെടുത്താൻ പൊതുചർച്ചയിലെ അഭിപ്രായങ്ങൾ സഹായകരമാകും. നിയമം പ്രാബല്യത്തിൽ വരുന്നതിന് കുറഞ്ഞത് ആറുമാസത്തെ ഇടവേള നൽകുമെന്നും, നടപ്പാക്കൽ നിലവിലെ പുകവലി നിരോധന നിയമങ്ങളെ മാതൃകയാക്കുമെന്നും സർക്കാർ വ്യക്തമാക്കി. 2026 മേയ് 8ന് പൊതുചർച്ച അവസാനിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സെയിം സെക്സ് വിഭാഗത്തിൽ പെട്ട ദമ്പതികൾക്കായി ദേവാലയങ്ങളിൽ പ്രത്യേക അനുഗ്രഹച്ചടങ്ങുകൾ നടത്താനുള്ള നിർദേശങ്ങൾ ജനറൽ സിനഡ് യോഗത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു. തത്വശാസ്ത്രപരവും നിയമപരവുമായി തടസ്സങ്ങളുണ്ടെന്ന ബിഷപ്പുമാരുടെ വിലയിരുത്തലിനെ തുടർന്നാണ് നടപടി. 2023 ൽ സെയിം സെക്സ് വിവാഹത്തെ പിന്തുണക്കില്ലെന്ന് തീരുമാനിച്ചിരുന്ന സഭ, പകരമായി അനുഗ്രഹച്ചടങ്ങുകൾക്ക് രൂപരേഖ തയ്യാറാക്കാൻ ശ്രമിച്ചെങ്കിലും ഏകദേശം £1.6 മില്യൺ ചെലവഴിച്ച പ്രക്രിയ ഇതോടെ അവസാനിച്ചു. എന്നാൽ സാധാരണ ഞായറാഴ്ച ആരാധനയിൽ ഉൾപ്പെടുന്ന അനുഗ്രഹ പ്രാർത്ഥനകൾ തുടരാൻ അനുവദിച്ചിട്ടുണ്ട്.

സിനഡ് ചര്‍ച്ചയിൽ എൽജിബിടിക്യു വിശ്വാസികളിൽ നിന്നുള്ള ശക്തമായി എതിർപ്പ് തീരുമാനത്തിനെതിരെ ഉയർന്നു. “ഇത് ഞങ്ങൾ പ്രതീക്ഷിച്ചതല്ലെ “ന്ന് വ്യക്തമാക്കി ആർച്ച്‌ബിഷപ്പ് ഓഫ് യോർക്ക് സ്റ്റീഫൻ കൊട്രെൽ ഖേദം രേഖപ്പെടുത്തി. സെയിം സെക്സ് പുരോഹിതനായ റവ. ചാർലി ബാഞ്ചിക്-ബെൽ സഭയുടെ നടപടിയെ “വേദനാജനകമായ പ്രഹസനം” എന്ന് വിശേഷിപ്പിച്ച് സമൂഹത്തോട് മാപ്പുപറഞ്ഞു. അതേസമയം പരമ്പരാഗത വിവാഹത്തെ പിന്തുണക്കുന്ന വിഭാഗങ്ങൾ തങ്ങളുടെ നിലപാട് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരുന്നു. ഗ്ലോബൽ സൗത്ത് ആംഗ്ലിക്കൻ സഭകളെ ‘ഹോമോഫോബിക്’ എന്ന് വിളിക്കുന്നത് അന്യായമാണെന്ന വിമർശനവും ഉയർന്നു.

സിനഡിന്റെ തീരുമാനം ആഗോള ആംഗ്ലിക്കൻ സഭകളെ നേരിട്ട് ബാധിക്കില്ലെങ്കിലും വിഷയം ആംഗ്ലിക്കൻ കമ്മ്യൂണിയനിൽ ഭിന്നത വർധിപ്പിച്ചു. സ്കോട്ടിഷ് എപ്പിസ്കോപൽ ചർച്ച് 2017ൽ സെയിം സെക്സ് വിവാഹത്തിന് അനുമതി നൽകിയപ്പോൾ, വെയിൽസ് സഭ സെയിം സെക്സ് ദമ്പതികൾക്കായുള്ള അനുഗ്രഹ ശുശ്രൂഷകൾക്ക് അധികാരം നൽകി. പുതിയ ആർച്ച്‌ബിഷപ്പ് ഓഫ് കാന്റർബറിയായ സാറാ മുള്ളാലി വിഷയത്തിന്റെ തീവ്രത അംഗീകരിച്ച് “ഇത് നമ്മുടെ വിശ്വാസത്തിന്റെ ആഴങ്ങളെയും വ്യക്തിത്വത്തെയും സ്പർശിച്ച വിഷയമാണെ”ന്ന് വ്യക്തമാക്കി. ചര്‍ച്ച തുടരാൻ പ്രത്യേക വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും സിനഡ് അനുമതി നൽകിയിട്ടുണ്ട്.