ബിൻസു ജോൺ , ചീഫ് എഡിറ്റർ
മനുഷരെല്ലാം ഒന്നുപോലെ എന്ന ജാതിമത വർഗ്ഗ വ്യത്യാസമില്ലാത്ത നല്ല കാലത്തെ സ്മരിച്ചുകൊണ്ട് ലോകമെങ്ങുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്ന അവസരത്തിൽ പ്രിയ വായനക്കാർക്ക് എല്ലാ മംഗളങ്ങളും നേരുന്നു. മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കഥകളിലും ചരിത്രത്തിലും നിറഞ്ഞുനിൽക്കുന്ന മഹാബലി തമ്പുരാന്റെ ഓർമ്മകളാണ് ഓണത്തിന്റെ ആധാരമെങ്കിലും, ഇന്ന് അത് മതത്തിന്റെയും പ്രദേശത്തിന്റെയും അതിർത്തികൾ കടന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ഉത്സവമായി മാറിയിരിക്കുന്നു.
കേരളത്തിൽനിന്ന് വിദൂരസ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളികൾ ഏറ്റവും കൂടുതൽ ഒന്നിക്കുന്നതും ഓണം വരുമ്പോഴാണ്. ഇംഗ്ലണ്ടിലോ അമേരിക്കയിലോ മിഡിൽ ഈസ്റ്റിലോ എവിടെയായാലും ഓണം ആഘോഷിക്കാൻ മലയാളികൾ ഒന്നിച്ച് ചേരുന്നു . ഓണക്കളികളും സദ്യയും കുട്ടികളുടെ കലാപരിപാടികളും എല്ലാം ചേർന്ന് വിദേശത്തും ഓണത്തിന്റെ സൗന്ദര്യം നിലനിൽക്കുന്നു. കുടുംബങ്ങൾ തമ്മിലുള്ള ബന്ധം പുതുക്കാനും പഴയ സൗഹൃദങ്ങളെ ഓർമ്മിക്കാനും ഓണം നല്ലൊരു അവസരമാണ്. എല്ലാവർക്കും സമൃദ്ധിയും സന്തോഷവും പരസ്പര സൗഹൃദവുമാണ് ഓണത്തിൻറെ യഥാർത്ഥ സന്ദേശങ്ങൾ.
മുൻ വർഷങ്ങൾക്ക് സമാനമായി തുടർച്ചയായ 7 വർഷവും മലയാളം യുകെ ന്യൂസിൽ നിന്ന് അത്തം മുതൽ ഇന്ന് തിരുവോണം വരെ സാഹിത്യ വിഭവങ്ങൾ പ്രസിദ്ധീകരിക്കുന്നതിലുള്ള സന്തോഷം വായനക്കാരുമായി പങ്കു വെയ്ക്കുന്നു . പ്രശസ്ത സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ കിടങ്ങൂർ , പ്രശസ്ത സിനിമാ സംവിധായകനും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ അധ്യാപകനും നാഷണൽ അവാർഡ് ജേതാവുമായ പ്രൊഫ. കവിയൂർ ശിവപ്രസാദ് എന്നിവർ ഉൾപ്പെടെയുള്ള 45 ഓളം മുനിര എഴുത്തുകാരുടെ രചനകൾ ഈ ഓണക്കാലത്ത് മലയാളം യുകെയുടെ പ്രിയ വായനക്കാർക്ക് ആയി ഒരുക്കാൻ സാധിച്ചു. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ , വൈജ്ഞാനിക സാഹിത്യ മേഖലയിലെ മുൻനിര എഴുത്തുകാരനായ ഡോ. ജോസഫ് സ്കറിയ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് .
ഈ ഓണക്കാലത്തെ ഏറ്റവും വലിയ സന്തോഷം മലയാളം യുകെ പബ്ലിക്കേഷൻ്റെ ആദ്യ സംരംഭമായ അനുജ സജീവ് എഴുതിയ ശർക്കരവരട്ടി എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തതാണ്. 17 കഥകളുടെ ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും മലയാളം യുകെയിലൂടെയാണ് വായനക്കാരിലേയ്ക്ക് എത്തിയത്. പ്രൊഫ. റ്റിജി തോമസ് ആണ് അവതാരിക എഴുതിയിരിക്കുന്നത്. ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പംക്തിയിലൂടെ മലയാളം യുകെ വായനക്കാർക്ക് സുപരിചിതയായ ഡോ. ഐഷ വിയുടെ പഠനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തം മുതൽ തിരുവോണം വരെയും അല്ലാതെയും പ്രസിദ്ധീകരിക്കുന്ന സാഹിത്യ രചനകളിലൂടെ ഓൺലൈൻ പത്രങ്ങൾക്കിടയിൽ വേറിട്ട വായനാനുഭവം അവതരിപ്പിച്ച മലയാളം യുകെയുടെ മലയാളികൾക്കുള്ള ഓണസമ്മാനമാണ് മലയാളം യുകെ പബ്ലിക്കേഷൻ.
നാളിതുവരെ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുകയും തുടർന്നും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
ഉണ്ണികൃഷ്ണൻ കിടങ്ങൂർ
എഴുത്തിലും വർത്തമാനത്തിലും ഓണം നമുക്കു മഹാബലിയുടെ മാത്രം കഥയാണ്. വിഷ്ണുവിൻ്റെ അവതാരമായ വാമനൻ്റെയുംകൂടി കഥയാണതെന്നു നാം വിസ്മരിക്കുന്നു. അറിവിന്റെയും വിനയത്തിന്റെയും പ്രതീകമാണ് വാമനൻ . കൃശഗാത്രനായ ബ്രഹ്മചാരിയുടെ സാന്നിധ്യം കേവല ബ്രാഹ്മണ്യത്തിൻ്റെ ഭൗതിക സ്വരൂപമായി വായിക്കുന്നത് വർത്തമാനകാലത്തിൻ്റെ അനിവാര്യതയാകാം. അതിലൂടെ ഭൗതികശക്തിയ്ക്ക് അതീതമായ ആത്മജ്ഞാനത്തിൻ്റെ മഹത്വത്തെ പ്രതീകവൽക്കരിക്കുകയാണ് എന്നു തോന്നുന്നു. മൂന്നടി മണ്ണു യാചിക്കുന്നതിലൂടെ ലളിതമായ ആവശ്യങ്ങളുടെ മറവിൽ പ്രപഞ്ചത്തിന്റെ മുഴുവൻ അധികാരത്തെയും സ്ഥാപിക്കുന്ന ഒരു ദാർശനിക പ്രവൃത്തിയാണ് പ്രശ്നവൽക്കരിക്കുന്നത്.
മഹാബലിയുടെ ഭരണത്തിൽ മനുഷ്യർക്കിടയിൽ അസൂയയോ ദുരാഗ്രഹമോ സാമ്പത്തിക അസമത്വങ്ങളോ ഉണ്ടായിരുന്നില്ല എന്നതാണ് പരമാർത്ഥം. മനുഷ്യരാശിയുടെ ആദർശപരമായ സ്വപ്നത്തെ ആവിഷ്കരിക്കുന്ന ഒരു സങ്കല്പമാണത്. എല്ലാവരും തുല്യരും സന്തോഷവാന്മാരുമായി ജീവിക്കുന്ന ലോകം. കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സങ്കല്പങ്ങളുടെ പ്രാഗ്രൂപം. എന്നാൽ, ഈ ആദർശപരമായ വ്യവസ്ഥിതിയുടെ സമ്പൂർണ്ണതയിൽ അഹംഭാവം എന്ന വാമനൻ പ്രത്യക്ഷപ്പെടുന്നു. മഹാബലിയുടെ ആത്മവിശ്വാസം ക്രമേണ അഹങ്കാരമായി പരിണമിക്കുമ്പോൾ ലോകത്തിന്റെ താളക്രമത്തിനു മാറ്റം സംഭവിക്കുന്നു.
ഗ്രീക്ക് ദുരന്തനാടകങ്ങളിലെ നായകന്മാരെപ്പോലെ മഹാബലിയുടെ ദുരന്തം അദ്ദേഹത്തിൻ്റെ സവിശേഷ വൈശിഷ്ട്യമായിരുന്ന വിനയത്തിന്റെ അഭാവത്തിൽ നിന്നാണ് ഉടലെടുക്കുന്നത്. ഈ പതനം ഒരു ശിക്ഷയല്ല. മോക്ഷമാർഗമാണ്. വാമനന്റെ ആദ്യത്തെ രണ്ട് അടികൾ പ്രപഞ്ചത്തെ അളന്നപ്പോൾ, മൂന്നാമത്തെ അടി മഹാബലിയുടെ ശിരസ്സിൽ വെച്ചത് കേവലം ഒരു ശിക്ഷയായിരുന്നില്ല; അനുഗ്രഹമായിരുന്നു. ഭൗതികമായ എല്ലാ അഹങ്കാരങ്ങളെയും അധികാരങ്ങളെയും ത്യജിച്ച്, മോക്ഷമാർഗത്തിലേക്ക് മഹാബലിയെ കരകയറ്റുവാനുള്ള ഒരു മാർഗ്ഗം. മഹാബലിയുടെ സമ്പൂർണ്ണമായ ത്യാഗം, സർവ്വതും നഷ്ടപ്പെട്ട ശൂന്യതയിലേക്കല്ല മഹാബലിയെ നയിച്ചത്. നഷ്ടങ്ങളുടെയും ആത്മനിന്ദയുടെയും നരകപാതാളമല്ല വാമനൻ അദ്ദേഹത്തിനു സമ്മാനിച്ചത്. പാതാളലോകത്തിൻ്റെ ആധിപത്യമായിരുന്നു. അങ്ങനെയാണ് അധികാര ത്യാഗത്തിലൂടെ ലഭിക്കുന്ന ആത്മീയമായ ഉൽക്കർഷയുടെ സൂചിതകഥയായി ഈ ഐതിഹ്യം മാറുന്നത്. ഓണം വെറും ഒരു രാജാവിനെപ്പറ്റിയുളള കേവലമായ ഓർമ്മയല്ല. ഭൗതികമായ അധികാരത്തിൽനിന്ന് ആത്മീയമായ മോക്ഷത്തിലേക്ക് ഒരു ആത്മാവ് നടത്തിയ യാത്രയുടെ ആഘോഷമാണ്.
ഓണപ്പൂക്കളം ഒരു സൗന്ദര്യാനുഭവത്തിനപ്പുറം ആഴത്തിലുള്ള തത്ത്വചിന്താപരമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നു. വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ ഒന്നിച്ചു ചേർന്ന് ഒരുമയോടെ ഒരു മണ്ഡലം സൃഷ്ടിക്കുന്നു. ഇത് പ്രപഞ്ചത്തിന്റെ വൈവിധ്യത്തെയും, അതിനുള്ളിലെ എല്ലാ ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന സത്യത്തെയും സൂചിപ്പിക്കുന്നു. പൂക്കളമൊരുക്കുന്ന പ്രവൃത്തി, പ്രകൃതിയെ മനുഷ്യന്റെ കലാവബോധമുപയോഗിച്ച് മനോഹരമാക്കുന്നതുപോലെ ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ സൗന്ദര്യവും അർത്ഥവും കണ്ടെത്താനുള്ള ശ്രമത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യന്റെ നിലനിൽപ്പിന്റെ ഏറ്റവും വലിയ പ്രതിരോധങ്ങളിലൊന്നാണ് ഇത്. പൂക്കളമൊരുക്കുക എന്ന കൃത്യം ബുദ്ധമത തത്ത്വചിന്തയിലെ അനിത്യം (Anitya) എന്ന ആശയത്തെ ഓർമ്മിപ്പിക്കുന്നു. ഓരോ ദിവസവും പുതുതായി പൂക്കളം ഒരുക്കുക. വൈകുന്നേരമാകുന്നതോടെ പൂക്കൾ വാടിപ്പോകുന്നു -ജീവിതം ക്ഷണികമാണെന്നും ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ഈ പ്രവർത്തി നമ്മെ പഠിപ്പിക്കുന്നു. പ്രകൃതിയോടുള്ള മനുഷ്യന്റെ ആത്മബന്ധത്തെ ഇത് ഊട്ടിയുറപ്പിക്കുന്നു. ലോകത്തിലെ എല്ലാ സൗന്ദര്യത്തിനും പര്യവസാനമുണ്ടെന്ന വിഷാദാത്മകസത്യത്തെ ഇത് ഓർമ്മിപ്പിക്കുന്നു. ഇത് പൂക്കളങ്ങൾ നഷ്ടപ്പെട്ട സ്വർഗ്ഗത്തിൽ നിന്നുള്ള നെടുവീർപ്പാണ്. ആശ്വാസമാണ്. ബുദ്ധദർശനങ്ങളുടെ പ്രതിഫലനമാണിത്.
ഓണസദ്യയാകട്ടെ, വൈവിധ്യമാർന്ന രുചികളാൽ, ജീവിതത്തിന്റെ ഭേദഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്, കഷായം തുടങ്ങി ആറു രുചികൾ ഒരേ ഇലയിൽ വിളമ്പുന്നത് ജീവിതം പലതരം അനുഭവങ്ങളുടെ സങ്കലനമാണെന്ന തത്ത്വത്തെയാണ് സൂചിപ്പിക്കുന്നത്. മധുരം – സന്തോഷങ്ങളെയും സ്നേഹത്തെയും, പുളി – ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും വെല്ലുവിളികളെയും, ഉപ്പ് – സ്ഥിരതയെയും അനുഭവജ്ഞാനത്തെയും, എരിവ് -ആകാംഷയെയും ആവേശത്തെയും, കയ്പ്- ദുരന്തങ്ങളെയും കയ്പേറിയ സത്യങ്ങളെയും, കഷായം- ചിട്ടകളെയും അച്ചടക്കത്തെയും പ്രതിനിധീകരിക്കുന്നുവത്രേ. ഇവയെല്ലാം സമന്വയിക്കുമ്പോൾ മാത്രമാണ് ജീവിതം പൂർണ്ണമാകുന്നത്. ഇത് വിഭവങ്ങളുടെ ഒരു കൂട്ടം മാത്രമല്ല, സമൂഹത്തെ ഒന്നിപ്പിക്കാനുള്ള ഒരു ആത്മീയ കർമ്മം കൂടിയാണ്. എല്ലാവരും ഒരേ പായയിലിരുന്ന് ഭക്ഷണം പങ്കുവെക്കുമ്പോൾ ‘വസുധൈവ കുടുംബകം’ എന്ന ആശയം പ്രാവർത്തികമാകുന്നു. ഭക്ഷണം എന്നത് കേവലം വിശപ്പടക്കാനുള്ള മാർഗ്ഗം മാത്രമല്ല, ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും സ്നേഹം പങ്കിടാനുമുള്ള സന്ദർഭമായും മാറുന്നു. സമൃദ്ധിയുടെയും പങ്കുവെക്കലിന്റെയും തത്വം ഓണസദ്യ മുന്നോട്ട് വെക്കുന്നു. ആ സമൃദ്ധി ഒരുമിച്ചു പങ്കുവെക്കുമ്പോൾ വേദനകളെയും ദുഃഖങ്ങളെയും മറികടക്കാമെന്ന നിശ്ശബ്ദകരാർ കൂടിയാണത്.
പഴയകാലത്തിൽനിന്ന് വേർപെട്ട് പുതിയൊരു ജീവിതം ആരംഭിക്കുന്നതിന്റെ പ്രതീകമാണ് ഓണക്കോടി. മനസ്സിന്റെ നവീകരണവും കൂടിയാണത്. പഴയ ദുഃഖങ്ങളും പ്രതികാരചിന്തകളും ഉപേക്ഷിച്ച് പുതിയ പ്രതീക്ഷയോടെ മുന്നോട്ട് പോകാനുള്ള ആഹ്വാനമാണിത്. തുമ്പിതുള്ളൽ, പുലികളി, വള്ളംകളി തുടങ്ങിയ ഓണക്കളികൾ സമൂഹത്തിലെ എല്ലാ വേർതിരിവുകളെയും ഇല്ലാതാക്കുന്നു. കളികളിലൂടെ മനുഷ്യർ പരസ്പരം അടുക്കുകയും ചിരിക്കുകയും ഒരുമിക്കുകയും ചെയ്യുന്നു. ആധുനിക ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൂട്ടായ്മയുടെയും മാനസികോല്ലാസത്തിന്റെയും പ്രാധാന്യം ഈ കളികൾ ഓർമ്മിപ്പിക്കുന്നു. ഈ കളികൾ മനുഷ്യനെ അവന്റെ സ്വാഭാവികമായ ആദിമസ്വഭാവത്തിലേക്ക് താൽക്കാലികമായി മടക്കിക്കൊണ്ടുപോകുന്നു.
ഓണം എന്ന ആശയം കേവലം പുരാണങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. അതിന് കേരളത്തിന്റെ മണ്ണിൽ ആഴത്തിലുള്ള ചരിത്രപരവും സാമൂഹികവുമായ വേരുകളുണ്ട്. മഴക്കാലം കഴിഞ്ഞ് ഭൂമി സമൃദ്ധമാകുമ്പോൾ പ്രകൃതിയുടെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്ന ഒരു കാർഷികോത്സവമായിരുന്നു ഇത്. ഭാരതത്തിലെ പുരാണങ്ങളിലോ പഴയ ഗ്രന്ഥങ്ങളിലോ ഓണത്തെക്കുറിച്ച് നേരിട്ട് പരാമർശങ്ങൾ ഉണ്ടോ എന്നത് ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. ഓണത്തിന്റെ ഐതിഹ്യവും ആചാരങ്ങളും നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടു വന്നതാണ്. മഹാബലിയുടെയും വാമനന്റെയും കഥ പുരാണങ്ങളിലെ ഭാഗമാണെങ്കിലും, കേരളത്തിലെ ഓണാഘോഷവുമായി അതിനെ ബന്ധിപ്പിച്ചത് പിന്നീടാണ്. അതേസമയം, ഓണം കാർഷികോത്സവം എന്ന നിലയിൽ ചരിത്രപരമായ തെളിവുകൾ നൽകുന്ന ചില പ്രാചീന ഗ്രന്ഥങ്ങളുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള സംഘകാലസാഹിത്യകൃതിൽ ഇതിന് വ്യക്തമായ സൂചനകളുണ്ട്. അക്കൂട്ടത്തിൽപ്പെട്ട ഒരു പ്രധാന ക്യതിയാണ് മധുരൈക്കാഞ്ചി.
ഓണം പോലെ തന്നെയുള്ള ഒരു ഉത്സവം മധുരയിലെ പാണ്ഡ്യ രാജാക്കന്മാരുടെ കാലത്ത് ആഘോഷിച്ചിരുന്നതായി മാങ്കുടി മരുതനാർ എന്ന കവി വർണ്ണിക്കുന്നുണ്ട്. തിരുവോണം നാളിൽ നടക്കുന്ന ഈ ഉത്സവത്തിൽ പുതിയ വസ്ത്രങ്ങൾ ധരിച്ച് ആളുകൾ ആഘോഷിച്ചിരുന്നു എന്ന് ഗ്രന്ഥം പറയുന്നു. “കന്നികൻ ഓണത്തിൻ, കോൾ അണി തിങ്ങി” എന്നും ഉൾവയം മുതുനാര്, കണ്ണിവേൾ വിഴവെടുപ്പ” എന്നും തുടങ്ങുന്ന വരികളിലൂടെ ആ കാലഘട്ടത്തിലെ ആഘോഷങ്ങളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. ഇത് ഓണത്തിന്റെ പ്രാചീനതയേയും കാർഷിക ബന്ധത്തെയും സൂചിപ്പിക്കുന്നുണ്ട്. ‘ഓണം’ എന്ന പേര് ശ്രാവണം (തിരുവോണം) എന്ന നക്ഷത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. “മാവേലി നാടു വാണീടും കാലം” എന്ന സങ്കൽപ്പം ഉന്നതമായ സാമൂഹിക സമത്വത്തെക്കുറിച്ചുള്ള ആശയമാണ്. ചരിത്രപരമായി നിലനിന്നിരുന്ന ജാതിവ്യവസ്ഥയും സാമൂഹിക ശ്രേണികളും ഈ ഉത്സവത്തിന്റെ ആഘോഷത്തെ സ്വാധീനിച്ചിരുന്നു. തങ്ങളുടെ മേധാവിത്വം നിലനിർത്താൻ ഉപയോഗിച്ചിരുന്ന സാമൂഹിക ക്രമത്തിൻ്റെ ഭാഗമായിട്ടാവാം ജന്മിമാർ എല്ലാ വിഭാഗക്കാർക്കും ഓണക്കോടിയും സദ്യയും നൽകിയിരുന്നത്. എങ്കിലും, കാലക്രമേണ, ഓണം ഒരു മതേതര ദേശീയോത്സവമായി രൂപാന്തരപ്പെട്ടു. മതഭേദമന്യേ എല്ലാവരും ഒരേ മനസ്സോടെ ആഘോഷിച്ചു തുടങ്ങിയതോടെ കേരളത്തിന്റെ സാമൂഹിക ഐക്യത്തിന്റെയും മതേതര പാരമ്പര്യത്തിന്റെയും പ്രതീകമായി ഓണം.
ഓണം മുന്നോട്ട് വെക്കുന്ന ദാർശനിക ചിന്തകൾക്ക് സാർവത്രികമായ പ്രസക്തിയുണ്ട്. മഹാബലിയുടെ സുവർണ്ണ കാലഘട്ടത്തെക്കുറിച്ചുള്ള ഓർമ്മ, മനുഷ്യരാശിയുടെ കൂട്ടായ ഓർമ്മയിലെ നഷ്ടപ്പെട്ട സ്വർഗ്ഗത്തെക്കുറിച്ചുള്ള നൊമ്പരമാണ്. ബൈബിളിലെ ഏദൻ തോട്ടം (Garden of Eden), ഗ്രീക്ക് പുരാണത്തിലെ സുവർണ്ണയുഗം (Golden Age), ഹിന്ദുമതത്തിലെ സത്യയുഗം (Satya Yuga) എന്നിവയെല്ലാം മനുഷ്യൻ ഒരിക്കൽ അനുഭവിച്ചറിഞ്ഞ നിർമ്മലമായ പൂർണ്ണതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളാണ്. ഈ ഓർമ്മകൾ സന്തോഷത്തെക്കാളേറെ, നഷ്ടബോധത്തിന്റെ ആഴത്തിലുള്ള വിഷാദമാണ് നൽകുന്നത്. വിളവെടുപ്പ് ഉത്സവങ്ങൾ; ക്ഷണികമായ ആനന്ദത്തിന്റെ പങ്കുവെക്കൽ എന്ന ആശയം ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളിലും കാണാം.
അമേരിക്കയിലെ താങ്ക്സ്ഗിവിങ് (Thanksgiving), ചൈനയിലെ മിഡ്-ഓട്ടം ഫെസ്റ്റിവൽ (Mid-Autumn Festival), ജൂതമതത്തിലെ സുക്കോത്ത് (Sukkot) എന്നിവയെല്ലാം പ്രകൃതിയുടെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്ന ആഘോഷങ്ങളാണ്. ഈ ആഘോഷങ്ങൾ മണ്ണിന്റെ ക്ഷമയെയും പ്രകൃതിയുടെ കനിവിനെയും ആശ്രയിച്ചുള്ള മനുഷ്യന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. ദുരിതങ്ങളുടെ മധ്യത്തിലും ക്ഷണികജീവിതത്തിൻ്റെ ആനന്ദം ഒരുമിച്ചു പങ്കുവെക്കുക എന്നതായ് ഓണസദ്യ മുന്നോട്ടു വയ്ക്കുന്ന ആശയം. വേദനകളെ മറികടക്കാനുള്ള ശ്രമം കൂടിയാണത്. ഓണത്തിന്റെ പുതുവസ്ത്രങ്ങളും പുതിയ തുടക്കങ്ങളും പേർഷ്യൻ നവവത്സരാഘോഷമായ നോ റൂസുമായി (Nowruz) സാമ്യം പുലർത്തുന്നു. നോറൂസ് പുതുവർഷത്തെയും വസന്തകാലത്തെയും വരവേൽക്കുന്നത് പോലെ, ഓണവും ജീവിതത്തിലെ പുതിയ പ്രാരംഭങ്ങളെയും പ്രതീക്ഷകളെയും ആഘോഷിക്കുന്നു. ഈ നവീകരണം ഒരു ദുഃഖത്തിന്റെ ആവർത്തനം കൂടിയാണ്. കാലം പലതും ജീവിതത്തിൽ നിന്നു കവർന്നെടുക്കുമെന്ന ബോധ്യമാണത്.
ഓണം ഒരു പഴങ്കഥയുടെ ആഘോഷം മാത്രമല്ല, ഭാവിയെക്കുറിച്ചുള്ള ഗഹനമായ ധ്യാനം കൂടിയാണ്. അത് മനുഷ്യരാശിയുടെ നൈസർഗ്ഗികമായ നന്മയുടെയും, വീഴ്ചകളിൽനിന്ന് പാഠം പഠിച്ചുകൊണ്ട് വീണ്ടും മുന്നോട്ട് പോകാനുള്ള കഴിവുകളുടെയും നേർസാക്ഷ്യമാണ്. മലയാളസാഹിത്യത്തിൽ, ഓണം ഒരു പ്രമേയത്തേക്കാൾ ഉപരി ഒരു ഭാവ ഗീതമായി നിലകൊള്ളുന്നു. വള്ളത്തോൾ നാരായണമേനോനെപ്പോലുള്ള കവികൾ ഓണത്തെ കേരളത്തിന്റെ നഷ്ടപ്പെട്ട സംസ്കാരത്തിന്റെ പ്രതീകമായി നൊമ്പരപൂർവ്വം ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ കവിതകളിൽ “മാവേലിയുടെ സ്മരണ” സ്വപ്നം പോലെ മിന്നിമറയുന്നു. ചങ്ങമ്പുഴക്കവിതകളിൽ നഷ്ടപ്രണയത്തിന്റെ വിഷാദപൂർണ്ണമായ പശ്ചാത്തലമായി ഓണം കടന്നുവരുന്നു, “ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ കഞ്ഞി” എന്ന നാടൻ പ്രയോഗത്തിലൂടെ ദാരിദ്ര്യത്തിന്റെ യാഥാർത്ഥ്യത്തെയും നമ്മുടെ ഭാഷ അടയാളപ്പെടുത്തി. ഓണം ഒരു ആഘോഷം മാത്രമല്ല, ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ മനസ്സിലാക്കാനുള്ള വാർഷിക അവസരം കൂടിയാണ്.
പ്രൊഫ. കവിയൂർ ശിവപ്രസാദ്
കേട്ടു ഗ്രഹിച്ച കഥകൾ വിശകലനം ചെയ്ത് ഓണത്തിൻറെ പ്രസക്തിയും പൊരുളും ഗ്രഹിക്കുമ്പോൾ ചതിയിലൂടെ കീഴ്പ്പെടുത്തിയ (കീഴ്പ്പെട്ട) പരാജിതനായ ഒരു അസുര ചക്രവർത്തിയുടെ വിജയകഥയായി കരുതാം. മൂല്യങ്ങൾക്കു വേണ്ടി പരാജിതരായവരുടെ ചരിത്രം കാലത്തെ അവഗണിച്ച് ജന മനസ്സിൽ എന്നും നിലനിൽക്കും. ഹിരണ്യ കശിപുവിൻറെ പുത്രനായ പ്രഹ്ലാദന് വിരോചനൻ എന്ന പുത്രൻ ഉണ്ടായിരുന്നു. വിരോചന പുത്രനായ ഇന്ദ്രസേനൻ ആണ് മഹാബലി എന്ന പേരിൽ അറിയപ്പെട്ട പ്രതാപശാലിയായ അസുര ചക്രവർത്തി.
ബലി എന്ന പേര് , ത്യാഗ സുരഭിലമായ ആ ജീവിതത്തിന് പിൽക്കാലത്ത് സ്മരണ നിലനിർത്താൻ കൊടുത്തതാവണം. ബലിയുടെ ഭരണകാലത്താണ് പാലാഴിമഥനം നടന്നത്. തുടർന്നു ലഭിച്ച അമൃത കുംഭത്തിനായുണ്ടായ യുദ്ധത്തിൽ ബലി വധിക്കപ്പെട്ടു. അസുര ഗുരുവായ ശുക്രാചാര്യർ ദിവ്യ ഔഷധപ്രയോഗത്തിലൂടെ ബലിയെ പുനർജീവിപ്പിച്ചു. പിന്നീട് മഹാബലി ദേവലോകം ആക്രമിച്ച് കീഴ്പ്പെടുത്തി. ദേവന്മാർ വനാന്തരങ്ങളിൽ അഭയം പ്രാപിച്ചു. ദേവമാതാവായ അദിതി ദ്വാദശിവൃതം അനുഷ്ഠിച്ച് വിഷ്ണുവിനെ പ്രസാദിപ്പിച്ച് സങ്കടം പറഞ്ഞു. മഹാവിഷ്ണു ദേവമാതാവിൽ നിന്നും അവതാരം എടുത്തു. വാമനൻ !
മഹാബലി നടത്തിയ യജ്ഞത്തിൽ വാമനൻ ഒരു മുനികുമാരന്റെ വേഷത്തിൽ മഹാബലിയെ സമീപിച്ച് മൂന്നു ചുവട് സ്ഥലം ദാനം വേണമെന്ന് അഭ്യർത്ഥിച്ചു. ഇതിലെ ചതി മനസ്സിലാക്കിയ ശുക്രാചാര്യർ ബലിയെ ദാന കർമ്മം ചെയ്യുന്നതിൽ നിന്നും വിലക്കിയെങ്കിലും ബലി ഗുരുവാക്യം നിരാകരിച്ച് ചതിയാണെന്നറിഞ്ഞു കൊണ്ടുതന്നെ സ്വയം സമർപ്പിതനായി. ഇഷ്ടം ഉള്ള സ്ഥലം അളന്ന് എടുത്തു കൊള്ളുവാൻ അഭ്യർത്ഥിച്ചു. പെട്ടെന്ന് സ്വയം വളർന്ന് വലുതായി ഭൂമി മുഴുവനും ഒരു ചുവടു കൊണ്ടും സ്വർലോകം മുഴുവനും രണ്ടാമത്തെ ചുവടുകൊണ്ടും ആളെന്നെടുത്തു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ചുവടിന് സ്ഥലമെവിടെ എന്ന് വാമനൻ ചോദിച്ചു. തൻറെ ശരീരം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നു പറഞ്ഞ് അദ്ദേഹം തല കുമ്പിട്ടു. വാമനൻ തലയിൽ ചവിട്ടി മഹാബലിയെ പാതാളത്തിലേയ്ക്ക് അയച്ചു. അന്നുമുതൽ അസുരന്മാർ പാതാള വാസികളായി.
ഇവിടെ സത്യ ധർമ്മാദികൾക്ക് മൂല്യച്യുതി സംഭവിച്ചു. ധർമ്മം ചെയ്യേണ്ടയാൾ അധർമ്മിയായി. ധർമ്മി പരാജിതനായി പാതാള വാസിയായി. പക്ഷേ ആത്യന്തികമായി ധർമ്മിയായ പരാജിതനെ മനുഷ്യവംശം ആരാധിച്ചു. അധർമ്മികളായ വിജയികൾ വിസ്മരിക്കപ്പെട്ടു. ഈ കഥ തന്നെ നൂറ്റാണ്ടുകൾ ആവർത്തിക്കപ്പെടുന്നു. സോക്രട്ടീസിലൂടെ ക്രിസ്തുവിലൂടെ തുടങ്ങി നിരവധി ആചാര്യന്മാരിലൂടെ ഈ ഓണക്കഥ മറ്റു പല പേരുകളിലായി പുനർജ്ജനിക്കുന്നു… അനശ്വരത്വം എന്നും പരാജിതന്റെ വിജയമായി കാണാവുന്നതാണ്. ഓണാശംസകൾ!
പ്രൊഫ. കവിയൂർ ശിവപ്രസാദ്
എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് നേഴ്സിനെതിരെ ദമ്പതികൾ നടത്തിയ വംശീയ അധിക്ഷേപം വിവാദമായി. വെസ്റ്റ് യോർക്ക്ഷെയറിലെ ഹാലിഫാക്സിലെ മാനർ ഹീത്ത് പാർക്കിൽ ആണ് വിവാദമായ സംഭവം നടന്നത് . ഏകദേശം അറുപത് വയസ്സ് പ്രായമുള്ള ദമ്പതികൾ നേഴ്സിനെതിരെ മോശമായ പരാമർശങ്ങൾ ഉന്നയിക്കുകയും വെള്ളം എറിയുകയും ചെയ്തു. “നീ ഇവിടെ വന്നത് റബർ ബോട്ടിലാണോ?” എന്നായിരുന്നു അവരെ പരിഹസിച്ച് ചോദിച്ചത്. തന്റെ കുട്ടിയെ ആക്രമിക്കാൻ വന്ന നായയെ നിയന്ത്രിക്കാൻ ദമ്പതികളോടെ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.
12 വർഷമായി എൻഎച്ച്എസിൽ സേവനം ചെയ്യുന്ന ഹഡേഴ്സ് ഫീൽഡ് സ്വദേശിനി നേഴ്സ് ആണ് ആക്രമണത്തിന് ഇരയായത്. അവർക്കൊപ്പം ഉണ്ടായിരുന്ന മാതാപിതാക്കൾക്കും, ആറും പതിനൊന്നും വയസ്സുള്ള കുട്ടികൾക്ക് നേരെയും അധിക്ഷേപം ഉണ്ടായി. നായ ഭയപ്പെടുത്തിയത് മൂലം കുഞ്ഞുങ്ങൾ സുരക്ഷിതരല്ലെന്ന തോന്നലിൽ ആയിരുന്നുവെന്ന് അവർ പറഞ്ഞു.
സംഭവം പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളിലൂടെയും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ആരോഗ്യരംഗത്ത് ജീവൻ പണയം വെച്ച് സേവനം ചെയ്യുന്ന നേഴ്സുമാർക്കെതിരായ ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് മിക്കവരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടത് . ദമ്പതികളെ വംശീയ ആക്രമണത്തിന് അറസ്റ്റ് ചെയ്തതായി പോലിസ് സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നേഴ്സുമാർക്കും വലിയ സ്ഥാനം ഉണ്ട്. ഇപ്പോൾ എൻഎച്ച്എസ് നേഴ്സുമാരിൽ ഏകദേശം 30 ശതമാനം പേർ വിദേശികളാണ്. ഇന്ത്യക്കാരാണ് ഏറ്റവും വലിയ വിഭാഗം .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രമുഖ വനിതകളും കലാകാരികളും രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് വലതുപക്ഷ നേതാക്കൾ നടത്തുന്ന കുടിയേറ്റ വിരുദ്ധ പ്രചാരണത്തെ ശക്തമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നു . Women Against the Far Right ന്റെ പേരിൽ പുറത്തിറക്കിയ തുറന്ന കത്തിൽ സംഗീത ലോകത്തെ പ്രമുഖരായ പാലോമ ഫെയ്ത്ത്, ഷാർലറ്റ് ചർച്ച്, അനുഷ്കാ ശങ്കർ, ബ്രോഡ്കാസ്റ്റർ ആനി മക്മാനസ്, വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ ആണ് ഒപ്പുവച്ചിരിക്കുന്നത് . ലേബർ, ഗ്രീൻ, സ്വതന്ത്ര എംപിമാരും ലേബർ ലോർഡ് ഷാമി ചക്രബർത്തി പോലുള്ള പാർലമെന്റ് അംഗങ്ങളും കത്തിൽ ഒപ്പ് വെച്ചത് ഇതിന്റെ പ്രാധാന്യം വർധിപ്പിച്ചു.
ലൈംഗിക അതിക്രമം ബ്രിട്ടീഷ് സമൂഹത്തിലെ സമഗ്രമായ സാമൂഹിക പ്രശ്നമാണന്നും അത് കുടിയേറ്റക്കാരുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. കുടുംബാതിക്രമം, ജോലി സ്ഥലങ്ങളിലെ പീഡനം, ഓൺലൈൻ ദുരുപയോഗം എന്നിവയാണ് സ്ത്രീകളുടെ സുരക്ഷയെ യഥാർത്ഥത്തിൽ ബാധിക്കുന്ന ഘടകങ്ങൾ. അഭയാർത്ഥികളിൽ പലരും യുദ്ധത്തിന്റെയും പീഡനത്തിന്റെയും ഇരകളാണ് എന്നും സ്വന്തം നാട്ടിൽ ജീവൻ രക്ഷിക്കാൻ ഓടി വന്നവരെ കുറ്റപ്പെടുത്തുന്നത് അവരുടെ മനുഷ്യാവകാശത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണെന്നും കത്തിൽ ചൂണ്ടി കാണിക്കുന്നുണ്ട് . സമൂഹത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളെ അവഗണിച്ച് കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നത് വോട്ടു പിടിക്കാനുള്ള രാഷ്ട്രീയ കളിയാണ് എന്നും അവർ ചൂണ്ടിക്കാട്ടി.
കത്തിൽ ഒപ്പുവെച്ചവർ സർക്കാരിന്റെ പൊതുസേവനങ്ങൾ കുറച്ചത് സ്ത്രീകൾക്കും കുട്ടികൾക്കും ഇരകൾക്കും നീതി ലഭിക്കുന്നതിനുള്ള വലിയ തടസമാണെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷങ്ങളിലായി വനിതാ സുരക്ഷാ സേവനങ്ങൾ, കൗൺസിലിംഗ്, അഭയം തേടുന്ന കേന്ദ്രങ്ങൾ, നിയമ സഹായങ്ങൾ തുടങ്ങി നിരവധി സംവിധാനങ്ങൾ സർക്കാർ ധനസഹായ കുറവ് മൂലം തകർന്നുവെന്ന് അവർ ഓർമ്മപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ, അഭയാർത്ഥി ഹോട്ടലുകൾക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ “സ്ത്രീകളെ സംരക്ഷിക്കു” എന്ന പേരിൽ വിദ്വേഷം വളർത്തുന്നത് സമൂഹത്തിൽ കലഹത്തിനും കലാപത്തിനും വഴിവയ്ക്കുമെന്നാണ് കത്ത് മുന്നറിയിപ്പ് നൽകുന്നത് . വരാനിരിക്കുന്ന വലതുപക്ഷ പ്രക്ഷോഭങ്ങൾക്ക് എതിരെ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങൾക്ക് ശക്തമായ പിന്തുണ നൽകുമെന്നും സ്ത്രീകളുടെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന രാഷ്ട്രീയത്തിന് ഇനി സമൂഹത്തിൽ സ്ഥാനം ഇല്ല എന്നും അവർ പ്രഖ്യാപിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ കൗൺസിൽ ടാക്സിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കൗൺസിൽ ടാക്സ് സംവിധാനം പഴഞ്ചനായതാണെന്നും, 1991ലെ വീടുകളുടെ വിലകളെ ആശ്രയിച്ച് ഇന്നും ടാക്സ് ഈടാക്കുന്നത് വലിയ അനീതി വരുത്തുന്നതാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് (IFS) പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വീടുകളുടെ ഇപ്പോഴത്തെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കി ടാക്സ് പുതുക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നടപ്പിലാക്കിയാൽ സൗത്ത് ഇംഗ്ലണ്ടിലും പ്രത്യേകിച്ച് ലണ്ടനിലും കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമായി മാറും. ഉദാഹരണത്തിന് വെസ്റ്റ്മിൻസ്റ്ററിലെ ശരാശരി കൗൺസിൽ ടാക്സ് 410% വരെ ഉയരും. കെൻസിങ്ടൺ & ചെൽസിയിലും വാൻഡ്സ്‌വർത്തിൽ 166% മുതൽ 358% വരെയുള്ള വർധനവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം നോർത്ത് ഇംഗ്ലണ്ടിലെ പല നഗരങ്ങൾക്കും വലിയ ആശ്വാസം ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കിംഗ്സ്റ്റൺ അപോൺ ഹൾ പോലുള്ള നഗരങ്ങളിൽ ശരാശരി 60% വരെ കുറവ് പ്രതീക്ഷിക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ കുടുംബത്തിനും ഏകദേശം £700 പൗണ്ട് വരെ ലാഭം ലഭിക്കുമെന്നും ആണ് കണക്കാക്കുന്നത് . സ്റ്റോക്ക്-ഓൺ-ട്രെന്റ് , ഹാർട്ട്‌ലിപൂൾ പോലുള്ള പ്രദേശങ്ങളിലും 50%ത്തിൽ കൂടുതൽ കുറവ് ഉണ്ടായേക്കാം. അതുകൊണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് കാര്യമായ പ്രയോജനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത് .
34 വർഷമായി ടാക്സ് നിരക്കുകൾ പുതുക്കാതിരുന്നതു മൂലം തെക്കൻ ഇംഗ്ലണ്ടിലെ കോടികളുടെ വിലയുള്ള വീടുകൾക്ക് വളരെ കുറച്ച് മാത്രമാണ് നികുതി അടയ്ക്കേണ്ടി വരുന്നത്. എന്നാൽ ഇത്തരം പ്രദേശങ്ങളിലെ കുറഞ്ഞ വിലയുള്ള വീടുകൾക്ക് വലിയ ടാക്സ് ആണ് അടച്ചുകൊണ്ടിരുന്നത് . ഇത് കടുത്ത അനീതിയാണ് എന്ന് ഐ.എഫ്.എസ്. റിപ്പോർട്ടിലെ സ്റ്റുവർട്ട് ആഡം ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം പരിഷ്‌കരണം നടപ്പിലാക്കുന്നതിന് വൻ രാഷ്ട്രീയ എതിർപ്പ് നേരിടേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുടിയേറ്റ വിസകളുടെ ദുരുപയോഗം തടയാനും അനധികൃതമായി തൊഴിലുകളിൽ ഏർപ്പെടുന്നത് തടയാനുമായി കർശന നടപടികളുമായി ബ്രിട്ടീഷ് സർക്കാർ രംഗത്തെത്തി. വിദേശ തൊഴിലാളികളുടെ നിയമനം നിയന്ത്രിച്ച് ബ്രിട്ടീഷ് പൗരന്മാർക്കും നിലവിൽ രാജ്യത്തുണ്ടായിരിക്കുന്ന നിയമാനുസൃത കുടിയേറ്റക്കാർക്കും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാനാണ് സർക്കാരിന്റെ നീക്കം.അനധികൃത തൊഴിലും വിസ ലംഘനവും ഇനി അനുവദിക്കില്ല. തൊഴിലവസരങ്ങൾ ആദ്യം നാട്ടുകാരുടെയും നിയമാനുസൃത കുടിയേറ്റക്കാരുടെയും അവകാശമാണ് എന്നും ഹോം സെക്രട്ടറി ഇവെറ്റ് കൂപ്പർ വ്യക്തമാക്കി.
ബ്രിട്ടനിലെ നിയമവിരുദ്ധ തൊഴിലാളികളെ നിയമിച്ചതിന്റെ പേരിൽ വൻ തിരിച്ചടി കിട്ടിയ ഒരു തൊഴിൽ രംഗം കെയർ സേവന മേഖല ആണ് . 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിനുള്ളിൽ 10 സ്ഥാപനങ്ങൾക്ക് മാത്രം ചുമത്തിയ പിഴ 600,000 പൗണ്ട് ആണ് . ജേക്കോ റിക്രൂട്ട്മെന്റ് ലിമിറ്റഡിന് £105,000, ബാർചെസ്റ്റർ ഹെൽത്ത്‌കെയർ ലിമിറ്റഡിന് £60,000, ഫൗണ്ടൻ ലോഡ്ജ് കെയർ ഹോം ലിമിറ്റഡിനും എ & ബി ക്വാളിറ്റി കെയറിനും £45,000 വീതം പിഴ ചുമത്തിയിട്ടുണ്ട് എന്നാണ് ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് . നിരവധി തൊഴിലാളികളെയാണ് അനധികൃത നിയമനത്തിന്റെ പേരിൽ പിടികൂടിയത്. നിയമം കൂടുതൽ കടുപ്പിച്ചതിനാൽ നിലവിൽ അനുമതിയില്ലാതെ തൊഴിലാളിയെ നിയമിക്കുന്നതിന് ആദ്യപ്രാവശ്യം £45,000 വരെയും വീണ്ടും ആവർത്തിച്ചാൽ £60,000 വരെ പിഴ അടയ്ക്കേണ്ടിവരും .
2022 മാർച്ച് മുതൽ 2024 മാർച്ച് വരെ ഹെൽത്ത്, സോഷ്യൽ കെയർ വിസകളിലൂടെ മാത്രം ഏകദേശം 1.85 ലക്ഷം പേരാണ് വിദേശത്ത് നിന്ന് ബ്രിട്ടനിലെത്തിയതായി വ്യവസായ നിരീക്ഷണ സ്ഥാപനമായ സ്കിൽ ഫോർ കെയർ പുറത്തിറക്കിയ കണക്ക് വ്യക്തമാക്കുന്നു.അതേസമയം, യൂണിസൺ നടത്തിയ സർവേ പ്രകാരം, കെയർ മേഖലയിൽ ജോലി ചെയ്യുന്ന 3,000-ത്തിലധികം കുടിയേറ്റ തൊഴിലാളികളിൽ നാലിലൊന്ന് പേർ അനധികൃത വിസാ ഫീസ് അടച്ചിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനകം 50 ശതമാനം അധിക റെയ്ഡുകളും അറസ്റ്റുകളും നടന്നു കഴിഞ്ഞതായി ഹോം സെക്രട്ടറി വ്യക്തമാക്കി. നിലവിൽ ബാറുകൾ, ബാർബർ ഷോപ്പുകൾ, ഡെലിവറി ഹബ്ബുകൾ എന്നിവയാണ് പ്രധാനമായും പരിശോധനയ്ക്കിരയായത്. അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുന്നതിനോടൊപ്പം ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബൈക്കിൽ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷ്ടിക്കപ്പെട്ടു. ആഗസ്റ്റ് 31- നാണ് യോഗേഷ് അലേകാരി എന്ന സഞ്ചാരിക്ക് പണി കിട്ടിയത്. നോട്ടിംഗ്ഹാമിലെ ഒരു സുഹൃത്തിനെ സന്ദർശിച്ച് വോളട്ടൺ പാർക്കിൽ പ്രഭാതഭക്ഷണത്തിനായി നിർത്തിയപ്പോഴാണ് സംഭവം. മോഷണം നടന്ന സമയത്ത്, അദ്ദേഹത്തിന്റെ മോട്ടോർ ബൈക്കിൽ പാസ്‌പോർട്ട്, പണം, മറ്റ് രേഖകൾ എന്നിവയുൾപ്പെടെ യാത്രയ്ക്ക് വേണ്ട ഒട്ടേറെ അവശ്യവസ്തുക്കളും ഉണ്ടായിരുന്നു.
നാലുപേർ ചേർന്ന് ചുറ്റിക ഉപയോഗിച്ച് ലോക്ക് തകർത്ത് മോട്ടോർ ബൈക്കുമായി കടന്നു കളയുകയായിരുന്നു. ഇതിനകം അദ്ദേഹം 17 രാജ്യങ്ങളിലൂടെ 24,000 കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞു. യാത്രയുടെ അടുത്ത ഘട്ടത്തിൽ ആഫ്രിക്കയിലേക്ക് പോകേണ്ടതായിരുന്നു. മോട്ടോർബൈക്കോ രേഖകളോ ഇല്ലാത്തതിനാൽ സഹായത്തിനായി അദ്ദേഹം തന്റെ ഓൺലൈൻ ഫോളോവേഴ്‌സിനെ സമീപിച്ചു. നോട്ടിംഗ്ഹാം പോലീസ് അന്വേഷണം ആരംഭിച്ചു, എന്നിരുന്നാലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും തന്റെ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അലേകാരിക്ക് ഒട്ടേറെ ഫോളോവേഴ്സ് ആണ് ഉള്ളത് . മോഷ്ടിക്കപ്പെട്ട മോട്ടോർ ബൈക്കിന്റെയും മറ്റ് വസ്തു വകകളുടെയും ആകെ മൂല്യം ഏകദേശം 15000 പൗണ്ട് ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക അന്വേഷണങ്ങൾ നടത്തിയിരുന്നുവെങ്കിലും മോഷ്ടിച്ച മോട്ടോർ ബൈക്ക് കണ്ടെത്തുന്നതിൽ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
16 വയസ്സിന് താഴെയുള്ളവരിൽ എനർജി ഡ്രിങ്ക്സ് വാങ്ങുന്നത് നിയമം മൂലം നിരോധിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഇതോടെ ഈ പ്രായപരിധിയിൽ ഉള്ളവർ കടകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, വെൻഡിംഗ് മെഷീനുകൾ എന്നീ ഇടങ്ങളിൽ നിന്ന് റെഡ് ബുൾ, മോൺസ്റ്റർ, പ്രൈം തുടങ്ങിയ എനർജി ഡ്രിങ്ക്സ് വാങ്ങുന്നത് കുറ്റകരമാകും. മിക്ക സൂപ്പർമാർക്കറ്റുകളും ഇതിനകം സ്വമേധയാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും യുകെയിലെ കുട്ടികളിൽ മൂന്നിലൊന്ന് പേർ വരെ എല്ലാ ആഴ്ചയും ഇത്തരം പാനീയങ്ങൾ കഴിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇത്തരം പല ജനപ്രിയ എനർജി ഡ്രിങ്കുകളിൽ രണ്ട് കപ്പ് കാപ്പിയെക്കാൾ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നത് കുട്ടികൾക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അപൂർവ്വമാണെങ്കിൽ പോലും അധികം കഫീന്റെ ഉപയോഗം മൂലം മരണങ്ങൾ വരെ സംഭവിച്ചിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണക്രമം കൂടുതൽ ആരോഗ്യകരമാക്കുന്നതിനുള്ള ഉചിതമായ നടപടി നിരോധനമാണെന്ന് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്തിന്റെ പ്രസിഡന്റ് പ്രൊഫ. സ്റ്റീവ് ടർണർ പറഞ്ഞു.
ഇത്തരം പാനീയങ്ങൾ കുട്ടികൾ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഇവയുടെ സ്വാധീനത്തെ കുറിച്ച് പഠിച്ച ടീസൈഡ് സർവകലാശാലയിലെ പ്രൊഫ. അമേലിയ ലേക്ക് പറഞ്ഞു. ഇംഗ്ലണ്ട് കൂടാതെ വടക്കൻ അയർലൻഡ്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവയും നിരോധിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. നിലവിലെ ലേബലിംഗ് നിയമങ്ങൾ പ്രകാരം ചായയോ കാപ്പിയോ ഒഴികെയുള്ള ഏത് പാനീയത്തിലും ലിറ്ററിന് 150 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ടെങ്കിൽ “ഉയർന്ന കഫീൻ ഉള്ളടക്കം. കുട്ടികൾക്കോ ഗർഭിണികൾക്കോ മുലയൂട്ടുന്ന സ്ത്രീകൾക്കോ ശുപാർശ ചെയ്യുന്നില്ല” എന്ന് പറയുന്ന മുന്നറിയിപ്പ് ലേബൽ ആവശ്യമാണ്.
ഇത്തരം പാനീയങ്ങളുടെ അമിതമായ ഉപഭോഗം തലവേദനയ്ക്കും ഉറക്ക പ്രശ്‌നങ്ങൾക്കും കാരണമാകും. അമിതമായ കഫീൻ വേഗത്തിലുള്ള ഹൃദയമിടിപ്പ്, അസാധാരണമായ ഹൃദയ താളം, അപസ്മാരം എന്നിവയ്ക്കും കാരണമാകും. യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി മാതാപിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ കണക്കിലെടുത്ത് ഈ പ്രശ്നം അടിയന്തിര പ്രധാന്യത്തോടെ സർക്കാർ കൈകാര്യം ചെയ്യുമെന്ന് ആരോഗ്യ-സാമൂഹിക പരിപാലന സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വേനൽ കാലത്ത് രാജ്യത്ത് ഉടനീളം പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനോട് അനുബന്ധിച്ചുള്ള തട്ടിപ്പുകൾ വർധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതേ തുടർന്ന് ഇത്തരം തട്ടിപ്പുകളെ കുറിച്ച് കരുതിയിരിക്കണമെന്ന് പോലീസും കൗൺസിലുകളും ശക്തമായ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ഓരോ ദിവസം കഴിയുംതോറും തട്ടിപ്പുകാർ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ രീതിയിൽ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നത് പോലീസിന് കടുത്ത വെല്ലുവിളിയായിട്ടുണ്ട്.
പണമടയ്ക്കാത്ത ഫൈനുകളെ കുറിച്ചുള്ള വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുക, കാർഡ് വിവരങ്ങൾ രഹസ്യമായി മോഷ്ടിക്കാൻ സഹായിക്കുന്ന കൃത്രിമ കാർ പാർക്കിംഗ് മെഷീനുകൾ ഉപയോഗിക്കുക തുടങ്ങിയ നിരവധി മാർഗങ്ങൾ ആണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. പാർക്കിംഗ് ഫൈനുകളെ കുറിച്ച് സന്ദേശങ്ങൾ ലഭിച്ചാൽ തട്ടിപ്പാണോ എന്ന് പരിശോധിക്കുവാൻ ചില മാർഗങ്ങൾ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്. യഥാർത്ഥ പാർക്കിംഗ് പിഴകളിൽ വാഹന രജിസ്ട്രേഷൻ, കുറ്റകൃത്യം നടന്ന സമയം, അത് നടന്ന സ്ഥലം എന്നിവ രേഖപ്പെടുത്തിയിരിക്കും. ഈ മൂന്ന് വിവരങ്ങൾ ഇല്ലെങ്കിൽ അത് ഒരു തട്ടിപ്പാണ് എന്ന് മനസ്സിലാക്കണം.
പാർക്കിങ്ങിനോട് അനുബന്ധിച്ച് മൂന്ന് തരത്തിലുള്ള പിഴകളാണ് ലഭിക്കുന്നത്. കൗൺസിൽ നൽകുന്ന പിഴ ഈടാക്കൽ നോട്ടീസ്, അമിതവേഗത പോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന പിഴ നോട്ടീസ്, ഒരു സ്വകാര്യ കമ്പനി നൽകുന്ന പാർക്കിംഗ് ചാർജ് നോട്ടീസ് എന്നിവയാണവ. ഇത്തരം ഫൈനുകൾ അടയ്ക്കാവുന്ന രീതിയിൽ വരുന്ന ലിങ്കുകളിൽ ഉടൻ ക്ലിക്ക് ചെയ്ത് പണം അടയ്ക്കുന്നത് ചിലപ്പോൾ തട്ടിപ്പിനിരയാകുന്നതിന് കാരണമാകും. തട്ടിപ്പ് ടെക്സ്റ്റ് മെസ്സേജുകളുടെ ഭാഷാ ഭീഷണിയുടേതായിരിക്കും. ഉദാഹരണത്തിന് ഉടനെ പണം അടച്ചില്ലെങ്കിൽ നിങ്ങളുടെ ലൈസൻസ് റദ്ദാക്കും എന്നു തുടങ്ങിയ മെസ്സേജുകൾ ആളുകളെ പരിഭ്രാന്തിയിലാക്കി പണം തട്ടിയെടുക്കാനുള്ള അടവാണ്. ഈ സ്‌കാം ടെക്‌സ്‌റ്റുകളിലെ ചില ലിങ്കുകൾ നിങ്ങളെ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകൾ പോലെ തോന്നിക്കുന്ന വെബ്‌സൈറ്റുകളിലേക്ക് കൊണ്ടുപോകുന്നു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ബാങ്കിൻറെ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും നൽകുന്നത് തട്ടിപ്പുകാർക്ക് നിങ്ങളുടെ വിവരങ്ങൾ മനസ്സിലാകുന്നതിന് സഹായിക്കും. ഏതെങ്കിലും കാരണവശാൽ ഇത്തരം സാഹചര്യത്തിൽ കൂടി കടന്നു പോയിട്ടുണ്ടെങ്കിൽ ഉടനെ തന്നെ ബാങ്കിൻറെ പാസ്സ്‌വേർഡ് മാറ്റേണ്ടതാണ്. ഏതെങ്കിലും തട്ടിപ്പിന് ഇരയായി എന്ന് തോന്നിയാൽ ഉടനെ തന്നെ നിങ്ങളുടെ ബാങ്കിനെ വിവരം അറിയിക്കണം.