ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ഗർഭിണിയാണെന്ന് നടിച്ച് കാമുകനെയും കുടുംബത്തെയും വഞ്ചിച്ച 23 കാരിയായ കിറ കസിൻസ് നടത്തിയ തട്ടിപ്പ് ബ്രിട്ടനിൽ വലിയ വാർത്താ പ്രധാന്യം നേടി . മാസങ്ങളോളം വ്യാജ ഗർഭധാരണ നാടകം കളിച്ച്, അതിന്റെ ഭാഗമായി ‘ജെൻഡർ റിവീൽ പാർട്ടി’യും ബേബി ഷവറും സംഘടിപ്പിച്ച് എല്ലാവരെയും വിശ്വസിപ്പിക്കുന്നതിൽ യുവതി വിജയിച്ചു. ഈ മാസം ആദ്യം ‘ബോണി ലീ’ എന്ന കുഞ്ഞിന് ജന്മം നൽകിയെന്ന് അവൾ കാമുകനായ ജാമി ഗാർഡ്‌നറിനെയും കുടുംബാംഗങ്ങളെയും അറിയിക്കുകയും ചെയ്തു.

പ്രസവത്തിനു ശേഷം കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നാടകം കൂടുതൽ വിശ്വസനീയമാക്കി. എന്നാൽ, ആരെയും കുഞ്ഞിനെ കാണാൻ അനുവദിക്കാത്തതോടെ കുടുംബത്തിനും സുഹൃത്തുകൾക്കും സംശയം തോന്നി. ഒടുവിൽ കിറയുടെ മുറിയിൽ നിന്നും ജീവനുള്ളതുപോലെയുള്ള ഒരു പാവ അവളുടെ അമ്മ കണ്ടെത്തിയതോടെ ആണ് സത്യം പുറത്ത് വന്നത് . യഥാർത്ഥ കുഞ്ഞല്ല പാവയാണെന്ന് മനസ്സിലായപ്പോൾ കുടുംബം നടുങ്ങി. ഈ പാവയ്ക്കായി കിറ വലിയ തുക ചെലവഴിക്കുകയായിരുന്നുവെന്നും, അമ്മയും മുത്തശ്ശിയും കുഞ്ഞിനായി പ്രാം, കാർ സീറ്റ് മുതലായ സാധനങ്ങൾ വാങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.
സംഭവം പുറത്തായതിനെ തുടർന്ന് കിറ സമൂഹമാധ്യമങ്ങളിലൂടെ തെറ്റ് സമ്മതിക്കുകയും കുടുംബത്തിന് സംഭവത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്നും വ്യക്തമാക്കി. “ഞാൻ ചെയ്ത പ്രവൃത്തിയെ ഞാൻ ന്യായീകരിക്കുന്നില്ല, പക്ഷേ ശരിയായ സഹായം ലഭിച്ചതിന് ശേഷം എന്റെ അവസ്ഥയെ കുറിച്ച് തുറന്ന് പറയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” അവൾ പോസ്റ്റ് ചെയ്തു . കാമുകന്റെ കുടുംബത്തെ ആരും കുറ്റപ്പെടുത്തരുതെന്നും കിറ അഭ്യർത്ഥിച്ചു. ഇതുവരെ യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടണിലെ ചരിത്രപ്രധാനമായ കത്തീഡ്രലുകളും പള്ളികളും അടുത്ത അഞ്ച് വർഷത്തിനകം പരിപാലന ചെലവുകളുടെ പേരിൽ അടച്ചുപൂട്ടേണ്ടി വരാമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടണിലെ 20,000-ത്തിലധികം ലിസ്റ്റ് ചെയ്ത ആരാധനാലയങ്ങളിൽ പലതും ചരിത്രപ്രധാനമായ നിർമ്മിതികളാണ് . മതസ്ഥാപനങ്ങൾ മാത്രമായല്ല , പള്ളികൾ സമൂഹ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കും പ്രധാന കേന്ദ്രമായും പ്രവർത്തിക്കുന്നുണ്ട് .

നാഷണൽ ചർച്ചസ് ട്രസ്റ്റ് നടത്തിയ സർവേ പ്രകാരം, അഞ്ച് വർഷത്തിനുള്ളിൽ ഗ്രാമപ്രദേശങ്ങളിൽ ഏകദേശം 900 പള്ളികൾ അടച്ചു പൂട്ടപ്പെടാൻ സാധ്യതയുണ്ട്. സർവേയിൽ പങ്കെടുത്ത 3,600-ലധികം പള്ളികളിൽ ഏകദേശം 20% കെട്ടിടങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തകർന്നുവെന്ന് അറിയിക്കുകയും, 40% പള്ളികളുടെ മേൽക്കൂരകൾ അടിയന്തിരമായി പരിചരണം ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പല പള്ളികളും അടിസ്ഥാന ചെലവുകൾക്കായി ഫണ്ടുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

സർക്കാർ അഞ്ച് വർഷം മുമ്പ് ആരാധനാലയ പരിചരണത്തിന് 25,000 പൗണ്ടിൽ മുകളിലുള്ള ചെലവിൽ വാറ്റ് ഏർപ്പെടുത്തിയിരുന്നു. ഇത് ഫണ്ട് സ്രോതസ്സുകളിൽ ആശ്രയിച്ചിരുന്ന പള്ളികൾക്ക് അധിക ഭാരം ആയി തീർന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പള്ളികൾ സമൂഹത്തിനും സാമൂഹിക സേവനങ്ങൾക്കും കേന്ദ്രമാണെന്നും ഇവ സംരക്ഷിക്കാതെ വിട്ടാൽ ബ്രിട്ടണിന്റെ സാമൂഹിക അന്തരീക്ഷം നഷ്ടപ്പെടുമെന്നുള്ള അഭിപ്രായം ശക്തമാണ്. പള്ളികൾ സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ബ്രിട്ടണിന്റെ ചരിത്ര സംസ്‌കാരത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ആരോഗ്യ സേവന മേഖലയിൽ (NHS) ഏറ്റവും സ്വാധീനമുള്ള 50 കറുത്തവർഗ്ഗ, ഏഷ്യൻ, ന്യൂനപക്ഷ വിഭാഗ (BAME) നേതാക്കളുടെ പട്ടികയിൽ ഇടം നേടി മലയാളിയായ നഴ്സ് സജൻ സത്യൻ. ഹെൽത്ത് സർവീസ് ജേണൽ (HSJ) പ്രസിദ്ധീകരിച്ച ഈ പട്ടികയിൽ ലണ്ടൻ മേയർ സാദിഖ് ഖാൻ, ഇമിഗ്രേഷൻ മന്ത്രി സീമ മൽഹോത്ര, റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡന്റ് മുംതാസ് പട്ടേൽ തുടങ്ങിയ പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ട്. എയർഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നേഴ്‌സും ‘അലയൻസ് ഓഫ് സീനിയർ കേരള നേഴ്‌സസ്’ (ASKeN) സ്ഥാപകനുമാണ് സജൻ സത്യൻ. യുകെയിലേക്ക് പുതുതായി എത്തുന്ന മലയാളി നേഴ്സുമാർക്ക് പിന്തുണയും മാർഗ്ഗനിർദേശവും നൽകാനാണ് ASKeN രൂപീകരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നത തസ്തികകളിലെ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ഈ സംഘടനയുടെ മുഖ്യ ലക്ഷ്യം.
2009ൽ എൻഎച്ച്എസിൽ ചാർജ് നേഴ്സായി സേവനം ആരംഭിച്ച സജൻ സത്യൻ, നോർത്ത്, മിഡ്‌ലാൻഡ്‌സ് മേഖലകളിലെ നിരവധി ട്രസ്റ്റുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലീഡ്സ് ടീച്ചിങ് ഹോസ്പിറ്റൽസിൽ ലീഡ് അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണറായും, ഹെൽത്ത് എജ്യുക്കേഷൻ ഇംഗ്ലണ്ടിലും പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് 2023ൽ അദ്ദേഹം എയർഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നേഴ്സായി ചുമതലയേറ്റത്. കേരളത്തിൽ നേഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം അധ്യാപകനായും പ്രവർത്തിച്ചിരുന്ന അദ്ദേഹം. ഇംഗ്ലണ്ടിൽ എം.എസ്.സി. നേഴ്സിങ് ബിരുദവും നേടി. അന്താരാഷ്ട്ര നേഴ്സിങ് അസോസിയേഷനുകളുമായി സഹകരിച്ച് വിദേശ നേഴ്സുമാർക്ക് മാർഗ്ഗനിർദേശം നൽകുന്നതിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മഹത്യാ നിരക്ക് 50 ശതമാനം വർധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നു. 2011 മുതൽ 2022 വരെയുള്ള കാലയളവിൽ 15 മുതൽ 25 വയസ്സു വരെയുള്ള ഏകദേശം 1.2 കോടി യുവാക്കളെ ഉൾപ്പെടുത്തി നടത്തിയ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. ആകെ 4,315 ആത്മഹത്യകൾ ഈ കാലയളവിൽ രേഖപ്പെടുത്തി. 2011-12 കാലഘട്ടത്തിലെ 300 മരണങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ, 2021-22ൽ 440 പേർ ആത്മഹത്യ ചെയ്തതായി കണക്കുകൾ പറയുന്നു.

പഠന വർഷത്തിലെ വേനൽപരീക്ഷാ സമയത്ത് ആത്മഹത്യാ നിരക്ക് കൂടുതലായും, അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കുറവായും കാണപ്പെട്ടതായി ഒഎൻഎസ് വ്യക്തമാക്കി. പുരുഷന്മാരിലും സ്ത്രീകളിലും ആത്മഹത്യാ നിരക്കിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എങ്കിലും മേയ് മാസത്തിന്റെ തുടക്കത്തിൽ സ്ത്രീകളിൽ നിരക്ക് ഏറ്റവും കൂടുതലായിരുന്നപ്പോൾ, പുരുഷന്മാരിൽ ജൂലൈ ആദ്യവാരത്തിലായിരുന്നു ഉയർച്ച. കഴിഞ്ഞ വർഷം ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ എല്ലാ പ്രായ ഗ്രൂപ്പുകളിലുമുള്ള ആത്മഹത്യാ നിരക്ക് 1999നുശേഷം ഏറ്റവും ഉയർന്ന നിലയിലെത്തി.

ഇത് ഒരു ഭയാനക അവസ്ഥയാണ് എന്ന് മാനസികാരോഗ്യ ചാരിറ്റി സംഘടനയായ മൈൻഡിന്റെ നയനിർമ്മാണ മാനേജർ ജെമ്മ ബേൺ പ്രതികരിച്ചു. മാനസികാരോഗ്യ ചികിത്സക്ക് ഉണ്ടാകുന്ന കാലതാമസവും പുറത്തുവന്ന വിവരങ്ങളുമായി ബന്ധമുണ്ടന്ന അഭിപ്രായം ശക്തമാണ്. ഒട്ടേറെ കുട്ടികൾ ഇപ്പോൾ മാനസികാരോഗ്യ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്; ഇവരിൽ നാലിൽ ഒരാൾക്ക് രണ്ടുവർഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്നു. സർക്കാർ മാനസികാരോഗ്യ പ്രതിസന്ധിയുടെ വലുപ്പം തിരിച്ചറിയുകയും വേണമെന്ന് അവർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2026 മുതൽ ഇംഗ്ലണ്ടിലെ സർവകലാശാലകളിലെ ട്യൂഷൻ ഫീസ് ഓരോ വർഷവും വർധിപ്പിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഇതോടെ ബ്രിട്ടനിലെ പഠന ചെലവ് കുതിച്ചുയരും . അടുത്ത രണ്ട് വർഷത്തേക്കുള്ള വർധനയും ഭാവിയിൽ സ്വയമേവ നടപ്പാക്കാനുള്ള നിയമ നിർമ്മാണവും നടപ്പാക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സൺ പാർലമെന്റിൽ പറഞ്ഞു.

ഇപ്പോൾ വർഷം £9,535 ആയിരിക്കുന്ന ഫീസ്, നിലവിലെ വിലക്കയറ്റ നിരക്കിൽ 2026-ൽ ഏകദേശം £400 കൂടി ഉയരാൻ സാധ്യതയുണ്ട്. നിലവിൽ ഉയർന്ന നിലവാരമുള്ള പഠനം നൽകുന്ന സർവകലാശാലകൾക്കാണ് പരമാവധി ഫീസ് ഈടാക്കാൻ അനുമതി ലഭിക്കുക. നിലവാരമില്ലാത്ത സ്ഥാപനങ്ങൾക്ക് ഫീസ് പരിമിതപ്പെടുത്താനും വിദ്യാർത്ഥി പ്രവേശനം നിയന്ത്രിക്കാനും സാധ്യതയുണ്ടെന്ന സുപ്രധാന നീക്കവും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് .

സർവകലാശാലകളുടെ പ്രതിനിധി സംഘടനയായ യൂണിവേഴ്സിറ്റീസ് യുകെ ഈ തീരുമാനം “വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമാണെന്നാണ് വിശേഷിപ്പിച്ചത് . എന്നാൽ അധ്യാപക സംഘടനയായ യൂണിവേഴ്സിറ്റി ആൻറ് കോളേജ് യൂണിയൻ ഇതിനെ ശക്തമായി വിമർശിച്ചു. “ഫീസ് വർധനവ് വിദ്യാർത്ഥികളുടെ വായ്പാ ഭാരം വർധിക്കുകയും വിദ്യാഭ്യാസം സമ്പന്നരുടെ അവകാശമായി മാറുകയും ചെയ്യും” എന്ന ആശങ്കയാണ് അവർ പ്രകടിപ്പിച്ചത് . കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 12,000-ത്തിലധികം ജോലികൾ സർവകലാശാലകളിൽ നഷ്ടപ്പെട്ടതായി അവർ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ്. വായ്പ തിരിച്ചടയ്ക്കാൻ കഴിയുമോയെന്ന ഭയവും, ഭാവിയിലെ സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശയക്കുഴപ്പവും വിദ്യാർത്ഥികളിൽ വ്യക്തമായി പ്രകടമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഡ്രൈവർ ഇല്ലാത്ത കാറുകൾ നിരത്തിൽ ഇറങ്ങുന്ന കാലം അടുത്തു വന്നിരിക്കുകയാണ്. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോ ഉൾപ്പെടെ നാല് പ്രധാന നഗരങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന വേമോ (Waymo) എന്ന കമ്പനി, 2026 ൽ ലണ്ടനിൽ പൂർണ്ണമായും സ്വയം നിയന്ത്രിതമായ ടാക്സി സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു . ഡ്രൈവർ ഇല്ലാതെ യാത്ര ചെയ്യാം എന്ന വാഗ്ദാനവുമായി കമ്പനി മുന്നോട്ട് വരുമ്പോൾ, ഇത് ബ്രിട്ടനിലെ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിവെക്കും എന്നാണ് വിലയിരുത്തൽ. ബ്രിട്ടൻ സർക്കാർ തന്നെ ഇത്തരം വാഹനങ്ങളുടെ നിയമാനുസൃത പ്രവർത്തനം വേഗത്തിലാക്കാൻ പദ്ധതികൾ തയ്യാറാക്കുകയാണ്. എന്നാൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും പുറത്തു വന്നിട്ടില്ല.

സാൻഫ്രാൻസിസ്‌കോ പോലെയുള്ള നഗരങ്ങളെ അപേക്ഷിച്ച് ലണ്ടൻ കൂടുതൽ തിരക്കേറിയതും സങ്കീർണ്ണമായ ഗതാഗത സംവിധാനമുള്ളതുമായ നഗരമാണ്. അതുകൊണ്ട് തന്നെ ഡ്രൈവർ ഇല്ലാത്ത കാറുകൾ ഈ സാഹചര്യങ്ങളിൽ എത്രത്തോളം ഫലപ്രദമായി പ്രവർത്തിക്കും എന്നതിൽ വിദഗ്ധർക്ക് സംശയമുണ്ട്. ലണ്ടനിലെ റോഡുകളിൽ ആളുകൾ നിരന്തരം റോഡ് മുറിച്ചു കടക്കാറുണ്ട്. വേമോയുടെ സെൻസർ കാണുമ്പോൾ ആളുകൾ ഉറപ്പായും വാഹനം നിർത്തുമെന്ന് കരുതി വഴിയിലൂടെ നടക്കും എന്ന് ടാക്സി ഡ്രൈവർ സംഘടനാ നേതാവ് സ്റ്റീവ് മക്‌നമാര അഭിപ്രായപ്പെട്ടു. യുകെയിൽ ആളുകൾക്ക് എവിടെ വേണമെങ്കിലും റോഡ് മുറിച്ചു കടക്കാം എന്നത് ഇത്തരം വാഹനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്.

വേമോയുടെ വരവിലൂടെ തൊഴിൽ രംഗത്തും വലിയ മാറ്റങ്ങൾ ആണ് പ്രതീക്ഷിക്കപ്പെടുന്നത് . ഗതാഗത വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഡ്രൈവർ ഇല്ലാത്ത കാറുകളുടെ വ്യവസായം 38,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. എന്നാൽ മറ്റൊരുവശത്ത്, സ്വകാര്യ ടാക്സി ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ, ഡെലിവറി ജോലിക്കാർ എന്നിവരുടെ തൊഴിൽ ഭാവിയിൽ അപകടത്തിലാകാമെന്ന ആശങ്കയും നിലനിൽക്കുന്നു. ബ്രിട്ടനിലെ ഏകദേശം 3 ലക്ഷം സ്വകാര്യ ടാക്സി ഡ്രൈവർമാരെയും 1 ലക്ഷം ചരക്ക് വാഹനം ഓടിക്കുന്നവരെയുമാണ് നേരിട്ട് ബാധിക്കപ്പെടാൻ സാധ്യതയുള്ളത്. പൊതുജന അഭിപ്രായ സർവേകൾ പ്രകാരം, ഡ്രൈവർ ഇല്ലാത്ത കാറുകളെ പറ്റിയുള്ള വിശ്വാസം ഇപ്പോഴും യുകെയിൽ കുറവാണ് . അതേസമയം, കാഴ്ചപ്രശ്നമുള്ളവർ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങൾ ഈ സാങ്കേതികവിദ്യയെ യാത്രാ സ്വാതന്ത്ര്യത്തിനുള്ള പുതു വഴിയാകും എന്ന് അഭിപ്രായപെടുന്നവരും ഉണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ പ്രസവശുശ്രൂഷാ വിഭാഗങ്ങളിൽ ഉണ്ടായ “ആവർത്തിച്ച പിഴവുകളെ” കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 56 കുഞ്ഞുങ്ങളുടെയും രണ്ട് മാതാക്കളുടെയും മരണങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന ബിബിസി അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് നടപടി.

ലീഡ്സ് ജനറൽ ഇൻഫർമറിയിലെയും സെന്റ് ജെയിംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും പ്രസവശുശ്രൂഷാ യൂണിറ്റുകളിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. ബിബിസി റിപ്പോർട്ടിൽ ഉൾപ്പെട്ട 70-തിലധികം കുടുംബങ്ങൾ അവരുടെ ദുരനുഭവങ്ങൾ പങ്കുവെച്ചു. ഫിയോണ വിൻസർ-റാം, ഡാൻ റാം എന്നിവർക്ക് 2020-ൽ ജനിച്ച മകൾ അല്യോണയുടെ മരണം ഗൗരവമായ ശുശ്രൂഷ പിഴവുകൾ മൂലമായിരുന്നു. 2024 ജനുവരിയിൽ അമർജിത് കൗർ, മൻദീപ് സിംഗ് മഥാരൂ ദമ്പതികളുടെ മകൾ അസീസ്, അതേ ആശുപത്രിയിൽ മരിച്ചു. ഇവർ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു.

ലീഡ്സ് അന്വേഷണത്തിന്റെ ചുമതലയ്ക്ക് ഷ്രൂസ്ബറി, ടൽഫോർഡ് അന്വേഷണങ്ങൾ നയിച്ച മിഡ്‌വൈഫ് ഡോണ ഒക്കൻഡനെ നിയോഗിക്കണമെന്ന ആവശ്യം മുന്നോട്ട് വരുന്നുണ്ട്. അതേസമയം, കെയർ ക്വാളിറ്റി കമ്മീഷൻ (CQC) കഴിഞ്ഞ ജൂണിൽ ലീഡ്സ് ട്രസ്റ്റിന്റെ പ്രസവശുശ്രൂഷാ യൂണിറ്റുകളെ “ഗുഡ്” എന്ന വിലയിരുത്തലിൽ നിന്ന് “ഇൻഅഡിക്വേറ്റ്” ആയി താഴ്ത്തിയിരുന്നു. ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബ്രെൻഡൻ ബ്രൗൺ, ദു:ഖിതരായ കുടുംബങ്ങളോട് ക്ഷമാപണം നടത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് ഇന്ത്യൻ വോട്ടർമാരിൽ നൈജൽ ഫാരേജ് നയിക്കുന്ന റീഫോം യുകെയ്ക്കുള്ള പിന്തുണ മൂന്ന് ഇരട്ടിയായി വർധിച്ചിട്ടുണ്ടെന്ന് ഓക്‌സ്‌ഫോർഡ് അധ്യാപകരുടെ സംഘമായ 1928 ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ കണ്ടെത്തി. ദീപാവലി ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഇന്ത്യക്കാരുടെയിടയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4 ശതമാനമായിരുന്ന റീഫോം പാർട്ടിയ്ക്കുള്ള പിന്തുണ ഇപ്പോൾ 13 ശതമാനമായി ഉയർന്നിട്ടുണ്ട്.

റീഫോം യുകെയോടുള്ള പിന്തുണ ബ്രിട്ടീഷ് ഇന്ത്യൻ സമൂഹത്തിൽ ഇനിയും ദേശീയ ശരാശരിയേക്കാൾ കുറവാണെങ്കിലും, വളർച്ചാ നിരക്ക് ദേശീയ തലത്തിലെ ശരാശരിയെക്കാൾ വേഗത്തിൽ വർധിച്ചിരിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. യുകെയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമായ ഇന്ത്യൻ വംശജർ രാജ്യത്തിന്റെ ഏകദേശം 3 ശതമാനം ജനസംഖ്യയാണ്. ഇതിനുമുമ്പ് ദശകങ്ങളോളം ലേബർ പാർട്ടിയോടുള്ള അടുപ്പം നിലനിർത്തിയിരുന്ന ഇന്ത്യൻ വോട്ടർമാർ, ഇപ്പോൾ സമൂഹത്തിന്റെ സാമൂഹ്യ-ആർഥിക പുരോഗതിയോടൊപ്പം മറ്റു ബ്രിട്ടീഷ് ജനങ്ങളുമായി സാമ്യമുള്ള നയപ്രാധാന്യങ്ങൾ സ്വീകരിക്കുകയാണ്. ഹിന്ദു വോട്ടർമാരിലെ സാമൂഹിക പരമ്പരാഗതതയും ദേശീയതയും ഇവരെ വലതുപക്ഷത്തിലേക്ക് നീങ്ങാൻ കാരണമായി ഗവേഷകർ പറയുന്നു.

2021-ൽ കാർനെജി എൻഡൗമെന്റ് ഫോർ ഇന്റർനാഷണൽ പീസ് നടത്തിയ പഠനത്തിൽ, ജെറമി കോർബിൻെറ കാലത്ത് കശ്മീർ സ്വാതന്ത്ര്യത്തിന് ലേബർ പാർട്ടി നൽകിയ പിന്തുണയാണ് ബ്രിട്ടീഷ് ഇന്ത്യൻ വോട്ടർമാരെ അകറ്റിയതെന്ന് കണ്ടെത്തിയിരുന്നു. പുതിയ സർവേ പ്രകാരം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വോട്ടർമാരിൽ 48 ശതമാനം പേർ ലേബർ പാർട്ടിക്കും 21 ശതമാനം പേർ കൺസർവേറ്റീവിനും 4 ശതമാനം പേർ റീഫോമിനും വോട്ട് ചെയ്തിരുന്നു. ഇപ്പോൾ ലേബറിന് 35 ശതമാനം, കൺസർവേറ്റീവിന് 18 ശതമാനം മാത്രമാണ് പിന്തുണ. നയപ്രാധാന്യങ്ങളിൽ ഉണ്ടായ മാറ്റമാണ് ഈ മാറ്റത്തിന് പിന്നിൽ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ റോഡ് സുരക്ഷാ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ അധികാരികൾ നീക്കം തുടങ്ങി. പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിയമ പ്രകാരം നിശ്ചിത പരിധിയെക്കാൾ 1 mph മാത്രം അധികമായാലും വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താൻ കഴിയുമെന്ന് നിയമത്തിൽ പറയുന്നുണ്ട് . ഇതോടെ ചെറിയ നിയമലംഘനങ്ങൾക്ക് പോലും വിട്ടുവീഴ്ചയില്ലാത്തതായിരിക്കും സ്പീഡ് ക്യാമറ നിരീക്ഷണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ട്രാഫിക് സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കം, എന്നാൽ നിരവധി ഡ്രൈവർ അനുകൂല സംഘടനകൾ ഇത് അനീതിയാണെന്ന പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ബ്രിട്ടനിലെ ചില പോലീസ് ഫോഴ്സുകൾ വേഗപരിധിയിൽ 10% വരെ ‘ലീ വേ’ (അൽപം ഇളവ്) അനുവദിക്കാറുണ്ട്. ഉദാഹരണത്തിന്, 30 mph പരിധിയുള്ള പ്രദേശങ്ങളിൽ 33 mph വരെ ഓടിച്ചാൽ സാധാരണയായി പിഴ ലഭിക്കാറില്ല. എന്നാൽ ഈ ഇളവ് ഒഴിവാക്കി സീറോ ടോളറൻസ് നയം ആവിഷ്കരിച്ചിരിക്കുകയാണ്. സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ചില മേഖലകളിൽ ഇതിനകം തന്നെ ഈ രീതിയിലുള്ള കർശന നിയന്ത്രണം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്നു.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ബ്രിട്ടന്റെ ഈ നീക്കം ഏറ്റവും കർശനമായവയിൽ പെടുന്നു. ജർമ്മനിയിൽ ചില ഭാഗങ്ങളിൽ വേഗപരിധി തന്നെ ഇല്ലാത്തപ്പോൾ, ഫ്രാൻസിലും ഇറ്റലിയിലും 5 km/h വരെ ഇളവുണ്ട്. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും സ്പീഡ് പരിധി ലംഘനത്തിന് 3–5 mph വരെ സഹിഷ്ണുത ലഭിക്കും. എന്നാൽ ബ്രിട്ടീഷ് ട്രാഫിക് അതോറിറ്റികൾ പറയുന്നത്, വേഗതയിൽ “അൽപം മാത്രം” എന്നത് പോലും അപകടസാധ്യത വർധിപ്പിക്കുന്നുവെന്നതാണ്. അതിനാൽ സുരക്ഷയ്ക്ക് വേഗം കുറയ്ക്കുക, ജീവിതം രക്ഷിക്കുക എന്ന സന്ദേശം തന്നെയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പിലെ മൂന്ന് പ്രമുഖ ബ്രാൻഡുകൾ നിർമ്മിച്ച കുഞ്ഞുങ്ങളുടെ പാവകളിൽ മനുഷ്യാരോഗ്യത്തിന് ഹാനികരമായ ‘ബിസ്‌ഫിനോൾ എ’ (ബിപിഎ) എന്ന രാസപദാർത്ഥം കണ്ടെത്തിയതായി ചെക്ക് റിപ്പബ്ലിക്കിലെ ഉപഭോക്തൃസംഘടനയായ ഡി ടെസ്റ്റ് റിപ്പോർട്ട് ചെയ്തു. ഡച്ച് കമ്പനി ഫിലിപ്സ്, സ്വിറ്റ്സർലൻഡിലെ കുരാപ്രോക്സ് , ഫ്രഞ്ച് കളിപ്പാട്ട നിർമ്മാതാക്കളായ സോഫി ലാ ജിറാഫ് എന്നിവയുടെ ഡമ്മികളിലാണ് പരിശോധനയിൽ ബിപിഎ കണ്ടെത്തിയത്. ബിപിഎ, പ്ലാസ്റ്റിക് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന സിന്തറ്റിക് രാസപദാർത്ഥമാണ്.

ബിപിഎ, ഇത് സ്ത്രീഹോർമോണായ ഈസ്റ്റ്രജന്റെ സ്വഭാവം അനുകരിക്കുന്നതിനാൽ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ, പ്രജനനപ്രശ്‌നങ്ങൾ, കുട്ടികളിലെ പൂർവ്വവയോപ്രാപ്തി, ക്യാൻസർ, അമിതവണ്ണം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഡി ടെസ്റ്റ് നടത്തിയ പരിശോധനയിൽ ചെക്ക് റിപ്പബ്ലിക്, സ്ലോവേനിയ, ഹംഗറി എന്നിവിടങ്ങളിൽ നിന്നായി 21 ഡമ്മികൾ വാങ്ങിയാണ് പരിശോധന നടത്തിയത്. ഇതിൽ ഏറ്റവും കൂടുതലായ 19 മൈക്രോഗ്രാം/കിലോ അളവാണ് കുരാപ്രോക്സ് ബേബി ഗ്രോ വിത്ത് ലൗ സുതാര്യത്തിൽ കണ്ടെത്തിയത്. യൂറോപ്യൻ യൂണിയൻെറ 10µg എന്ന പരിധി മറികടന്നാണ് ഈ അളവ്.

കുറാഡൻ (കുറാപ്രോക്സ് നിർമ്മാതാക്കൾ) പരിശോധനാഫലം സ്ഥിരീകരിച്ച ശേഷം ബാധിച്ച ബാച്ചുകൾ വിപണിയിൽ നിന്ന് പിൻവലിക്കുകയും ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാനുള്ള നടപടിയും ആരംഭിച്ചു. അതേസമയം ഡെക്ര നടത്തിയ പരിശോധനകളിൽ അവരുടെ ഉൽപ്പന്നങ്ങളിൽ ബിപിഎ കണ്ടെത്തിയില്ലെന്നും എല്ലാ ഡമ്മികളും ബിപിഎ – രഹിതമാണെന്നും വ്യക്തമാക്കി ഫിലിപ്‌സ് രംഗത്ത് വന്നിരുന്നു. ഇയു നിയമപ്രകാരം കുഞ്ഞുങ്ങളുടെ കുപ്പികളിൽ ബിപിഎ പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെങ്കിലും ഡമ്മികളിൽ സംബന്ധിച്ച നിയമങ്ങൾക്ക് വ്യക്തതയില്ല. അതേസമയം കുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന പാവകളിൽ ബിപിഎ അനുവദിക്കുന്നത് യുക്തിപരമല്ലെന്നും കർശനമായ നിയന്ത്രണങ്ങൾ വേണമെന്നും ചെക്ക് പരിസ്ഥിതി സംഘടനയുടെ വക്താവ് വ്യക്തമാക്കി.