ന്യൂസ് ഡെസ്ക്, മലയാളം യുകെ
A1 മോട്ടോർ വേയിൽ ഇതുവരെ ദർശിക്കാത്ത വാഹനാപകടത്തിനാണ് ബ്രിട്ടൻ സാക്ഷ്യം വഹിച്ചത്. 5 വാഹനങ്ങൾ കൂട്ടിയിടിച്ച് മോട്ടർവേയുടെ ഒരു ഭാഗത്തെ ഗതാഗതം പൂർണ്ണമായും നിലച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം കൂട്ടിയിടിയിൽ ഉൾപ്പെട്ട 5 വാഹനങ്ങളിൽ 4 കാറുകളും പോലീസ് വാഹനങ്ങൾ ആയിരുന്നു എന്നതാണ്.
ന്യൂകാസിലിൽ ജംഗ്ഷൻ 75 ന് സമീപം പുലർച്ചെ 2.30 ന് തൊട്ടുമുമ്പ് ആണ് അപകടം നടന്നത് . സംഭവ സ്ഥലത്തു നിന്നുള്ള ചിത്രങ്ങളിൽ തകർന്ന് തരിപ്പണമായ പോലീസ് വാഹനങ്ങൾ കാണാം. സംഭവത്തെ കുറിച്ച് പോലീസ് കാര്യമായ അന്വേഷണം നടത്തി വരുകയാണ്. ഇത്രയും പോലീസ് വാഹനങ്ങൾ ഒരേസമയം ഒരു അപകടത്തിൽ ഉൾപ്പെടാനുള്ള കാരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തുവരുമെന്നാണ് കരുതുന്നത്. സംഭവത്തെ തുടർന്ന് ഇതുവഴി യാത്ര ചെയ്യാൻ ഇരുന്നവരോട് ബദൽ യാത്രാ മാർഗങ്ങൾ ആരായാൻ പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പിലെ ആദ്യത്തെ യൂണിവേഴ്സൽ തീം പാർക്ക് യുകെയിൽ വരുന്നു. ബെഡ് ഫോര്‍ഡിന് സമീപം ഉടൻ നിർമ്മാണം ആരംഭിക്കുന്ന പാർക്ക് 2031 ഓടു കൂടി പ്രവർത്തനം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർക്കിന്റെ നിർമ്മാണത്തിലൂടെ ഏകദേശം 28,000 തൊഴിൽ അവസരങ്ങൾ ആണ് സൃഷ്ടിക്കപ്പെടുന്നത്. 476 ഏക്കർ വിസ്തൃതിയുള്ള ഈ സമുച്ചയത്തിന് ആദ്യ വർഷം തന്നെ 8.5 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനാകുമെന്ന് യൂണിവേഴ്സൽ കണക്കാക്കി . യൂണിവേഴ്സൽ കമ്പനി നടത്തുന്ന നിക്ഷേപം ബേർഡ്ഫോർഡിനെ ആഗോളതലത്തിൽ തന്നെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് സർ കെയർ സ്റ്റാർമർ പറഞ്ഞു.
കെയർ സ്റ്റാർമർ, റേച്ചൽ റീവ്സ്, കോംകാസ്റ്റ് കോർപ്പറേഷൻ്റെ പ്രസിഡൻ്റ് മൈക്കൽ കവാനി, ബെഡ്‌ഫോർഡ് ബറോ കൗൺസിൽ ലോറ ചർച്ചിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ്, യൂണിവേഴ്‌സൽ ഡെസ്റ്റിനേഷൻസ് ആൻഡ് എക്‌സ്പീരിയൻസ് ചെയർമാനും സിഇഒ മാർക്ക് വുഡ്‌ബറി എന്നിവരും പ്രഖ്യാപന സമയത്ത് സന്നിഹിതരായിരുന്നു. മിനിയൻസ് ആൻഡ് വിക്കഡ് ഉൾപ്പെടെയുള്ള സിനിമകൾ നിർമ്മിച്ച യൂണിവേഴ്സലിന് യുഎസിലെ ഒർലാൻഡോയിലും ലോസ് ആഞ്ചൽസിലും ജപ്പാൻ, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിലും തീം പാർക്കുകളുണ്ട്.
ഈ സൈറ്റ് പൂർത്തിയാകുമ്പോൾ ഭൂഖണ്ഡത്തിലെ ഏറ്റവും വലുതും നൂതനവുമായ തീം പാർക്കുകളിൽ ഒന്നായിരിക്കും എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇവിടെ ജോലി ലഭിക്കുന്നവരിൽ 80% പേരും ബെഡ്‌ഫോർഡ്, സെൻട്രൽ ബെഡ്‌ഫോർഡ്‌ഷെയർ, ലൂട്ടൺ, മിൽട്ടൺ കെയ്ൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരിക്കുമെന്ന് യൂണിവേഴ്‌സൽ ഡെസ്റ്റിനേഷൻസ് ആൻഡ് എക്‌സ്പീരിയൻസ് പറഞ്ഞു. പദ്ധതി നിലവിൽ വരുന്നത് യുകെയുടെ നിർമ്മാണ മേഖലകൾക്കും പുത്തനുണർവ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പദ്ധതിയുടെ നിർമ്മാണ സമയത്ത് ബ്രിട്ടീഷ് നിർമ്മിത സ്റ്റീൽ ഉപയോഗിക്കാനുള്ള ധാരണ നിർമ്മാണ കമ്പനികളും സർക്കാരും തമ്മിൽ ഉണ്ടായതായി ചാൻസിലർ റേച്ചൽ റീവ്സ് പറഞ്ഞു. തീം പാർക്കിൽ 500 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും ഉൾപ്പെടുന്നുണ്ട്. പദ്ധതിക്കായി യൂണിവേഴ്‌സൽ ഇതിനകം 476 ഏക്കർ വാങ്ങിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വത്തിക്കാനിൽ ചാൾസ് രാജാവും കാമില രാജ്ഞിയും ഫ്രാൻസിസ് മാർപ്പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. മാർപ്പാപ്പയെ കാണാനും അദ്ദേഹത്തിൽ നിന്ന് ഇരുപതാം വിവാഹ വാർഷികത്തിന് ആശംസകൾ ലഭിക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചാൾസ് രാജാവ് അറിയിച്ചു. ഇറ്റലിയിലേയ്ക്കുള്ള അവരുടെ ഔദ്യോഗിക സന്ദർശനത്തിന്റെ മൂന്നാം ദിവസം, റോമിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
മാർപാപ്പയുടെ ആരോഗ്യ സ്ഥിതിയിലെ അനിശ്ചിതാവസ്ഥ മൂലം ബുധനാഴ്ച രാവിലെയാണ് കൂടിക്കാഴ്ച സ്ഥിരീകരിച്ചത്. 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇന്ന് പുറത്ത് വരും. ജെമെല്ലി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം ഫ്രാൻസിസ് മാർപ്പാപ്പ താമസിക്കുന്ന വത്തിക്കാനിലെ കാസ സാന്താ മാർട്ടയിലാണ് കൂടിക്കാഴ്ച നടന്നത്.
പോപ്പിനെ കണ്ടതിനുശേഷം, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല റോമിൽ ആതിഥേയത്വം വഹിച്ച ഒരു സംസ്ഥാന വിരുന്നിൽ ചാൾസ് രാജാവും കാമില രാജ്ഞിയും അവരുടെ വിവാഹ വാർഷികം ആഘോഷിച്ചു. ക്വിരിനാലെ കൊട്ടാരത്തിൽ നടന്ന വിരുന്നിൽ ഗായിക ആൻഡ്രിയ ബോസെല്ലി, ഷെഫ് ജോർജിയോ ലോക്കറ്റെല്ലി, ഹോട്ടൽ വ്യവസായി റോക്കോ ഫോർട്ടെ, യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി എന്നിവരുൾപ്പെടെ 150 അതിഥികൾ പങ്കെടുത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ രോഗനിർണയത്തിൽ ഉമിനീർ പരിശോധന നിർണ്ണായകമായ മാറ്റങ്ങൾ വരുത്തുമെന്ന് യുകെയിൽ നിന്നുള്ള ശാസ്ത്രജ്ഞർകണ്ടെത്തി . രോഗം വരുന്നതിനു മുൻപ് തന്നെ രോഗം വരാൻ സാധ്യത പ്രവചിക്കുന്നതിലൂടെ ചികിത്സയും രോഗനിർണ്ണയവും കൂടുതൽ എളുപ്പത്തിലാക്കുന്നതിന് ഇത് ഉപകരിക്കും. രാജ്യത്ത് പ്രതിവർഷം 12,000 പുരുഷന്മാരാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച് മരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും ഉപകരിക്കുന്ന ഏതൊരു കാര്യവും രാജ്യത്തെ സംബന്ധിച്ച് വളരെ നിർണ്ണായകമാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.
ഉമനീർ പരിശോധനയിൽ പുരുഷന്മാരുടെ ഡിഎൻഎ യിലുള്ള 130 ഇനം മ്യൂട്ടേഷനുകൾ കണ്ടെത്തുവാനാണ് ശ്രമിക്കുന്നത് . ഇതിൽ ഓരോന്നും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാവാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ആണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് . അപകടസാധ്യത കൂടുതലുള്ള പുരുഷന്മാരെ നേരത്തെ കണ്ടെത്തി പരിശോധിച്ച് ഉറപ്പുവരുത്താൻ നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ക്യാൻസർ റിസർച്ച് യുകെയിലെ ഡോ. ഇയാൻ വാക്കർ പറഞ്ഞു. അതിജീവന നിരക്ക് വളരെയധികം മെച്ചപ്പെട്ടതായാണ് കഴിഞ്ഞ 40 വർഷത്തെ കണക്കുകൾ കാണിക്കുന്നത്.
ക്യാൻസർ റിസർച്ച് യുകെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ ഏറ്റവും സാധാരണയായി കണ്ടുപിടിക്കപ്പെടുന്ന ക്യാൻസറായി പ്രോസ്റ്റേറ്റ് ക്യാൻസർ മാറിയിരിക്കുന്നു. ഓരോ വർഷവും 52,000-ലധികം പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെന്ന് തിരിച്ചറിയുന്നതായാണ് കണക്കുകൾ കാണിക്കുന്നത് . അതായത് പ്രതിദിനം 143 രോഗം കണ്ടുപിടിക്കുന്നുണ്ട്. അതിജീവന നിരക്ക് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പല പുരുഷന്മാരും ഇപ്പോഴും വളരെ വൈകിയാണ് രോഗനിർണ്ണയം നടത്തുന്നതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന ചാരിറ്റികൾ മുന്നറിയിപ്പ് നൽകുന്നു. പ്രോസ്റ്റേറ്റ് ക്യാൻസർ പലപ്പോഴും സാവധാനത്തിൽ ആണ് വികസിക്കുന്നത്. അതുകൊണ്ടുതന്നെ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങൾ കാണിക്കില്ല. ഈ രോഗം പ്രധാനമായും 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയാണ് ബാധിക്കുന്നത്. കറുത്തവർഗ്ഗക്കാരിലും പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ പരമ്പര്യമുള്ളവരിലും അപകടസാധ്യത കൂടുതലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ താമസിക്കുന്ന യുകെ മലയാളി ജോനാസ് ജോസഫ് (52) നിര്യാതനായി. ഇന്നലെ പുലർച്ചെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഭാര്യ എമർജൻസി സർവീസിന് ഉടൻ വിളിച്ചെങ്കിലും ആംബുലൻസ് എത്തി അരമണിക്കൂറിനുള്ളിൽ മരിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് ജോനാസിന്റെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇരിങ്ങാലക്കുട കോണിക്കര പരേതനായ ജോസഫ് – റോസ് മേരി ദമ്പതികളുടെ മകനാണ് ജോനാസ്. ജോനാസ് ജോസഫ് ലണ്ടനിൽ എത്തിയിട്ട് രണ്ടുവർഷം മാത്രം ആയിട്ടുണ്ടായിരുന്നുള്ളൂ. ലണ്ടനിൽ കുടുംബവുമായായിരുന്നു താമസം. ഭാര്യ സൗമിനി എബ്രഹാം ഫിഞ്ച് ലിയിലെ റിവെൻഡൽ കെയർ ആൻ്റ് സപ്പോർട്ടിൽ ജോലി ചെയ്യുകയാണ്. ജോനാസ് ജോസഫിന്റെ മൂത്തമകൻ ജോഷ്വാ ജോനാസ് ഇയർ 8 വിദ്യാർത്ഥിയും ഇളയ മകൻ അബ്രാം ഇയർ 3 വിദ്യാർത്ഥിയുമാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കുടുംബം നാട്ടിൽ പോകാൻ ഇരിക്കുകയാണ് ജോനാസിന്റെ മരണം. സംസ്കാരം നാട്ടിലായിരിക്കും.
ജോനാസ് ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
1990 കളുടെ അവസാനം ഇന്ത്യയിൽ വ്യാപകമായ രീതിയിൽ മാധ്യമ ശ്രദ്ധ സൃഷ്ടിച്ച സംഭവമായിരുന്നു പച്ചിലകളിൽ നിന്ന് പെട്രോൾ നിർമ്മിച്ചു എന്ന അവകാശവാദം. ലളിതമായ പ്രക്രിയയിലൂടെ പ്രത്യേകതരം പച്ചിലകൾ ഉപയോഗിച്ച് പെട്രോൾ നിർമ്മിക്കാമെന്നാണ് രാമർ പിള്ള എന്നയാൾ അവകാശവാദം ഉന്നയിച്ചത്. ശാസ്ത്രജ്ഞരും ഗവേഷകരും ഈ രീതിയെ ചോദ്യം ചെയ്തു. നിരവധി പഠനങ്ങൾ നടത്തി ഈ പ്രക്രിയ ശാസ്ത്രീയമായി ശരിയല്ലെന്ന് അന്ന് കണ്ടെത്തിയിരുന്നു . ഈ രീതിയിൽ പെട്രോൾ നിർമ്മിക്കാൻ കഴിയില്ലെന്നും അത് ഒരു തട്ടിപ്പായിരിക്കാമെന്നും ചിലർ പറഞ്ഞു. ചില അന്വേഷണങ്ങൾക്ക് ശേഷം, തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിന് രാമർ പിള്ളയെ അറസ്റ്റ് ചെയ്തു.
സമാനമായ രീതിയിൽ യുകെയിൽ വിപണനം ചെയ്തുവരുന്ന ഹരിത ഇന്ധനത്തിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്ന് വന്നിരിക്കുകയാണ്. എച്ച് വിഒ ഡീസൽ എന്നപേരിൽ അറിയപ്പെടുന്ന ഈ ഇന്ധനത്തിന്റെ പേരിൽ വ്യാപകമായ രീതിയിൽ തട്ടിപ്പു നടന്നതായുള്ള സംശയങ്ങൾ ആണ് ഉയർന്ന് വന്നിരിക്കുന്നത്. ഹരിത ഇന്ധനത്തിൽ വെർജിൻ പാം ഓയിൽ അടങ്ങിയിട്ടുണ്ടെന്ന് ആരോപണത്തെ കുറിച്ച് യുകെ അന്വേഷണം ആരംഭിച്ചത് ആയിട്ടാണ് അറിയാൻ സാധിച്ചത്.
ഉപയോഗിച്ച പാചക എണ്ണ പോലുള്ള മാലിന്യ വസ്തുക്കളിൽ നിന്ന് ആണ് ഹരിത ഇന്ധനം ഉത്പാദിപ്പിക്കുന്നത് എന്നാണ് ഇതിന്റെ നിർമാതാക്കൾ പറഞ്ഞിരുന്നത്. അതുകൊണ്ട് 90% വരെ കാർബൺ ഉദ്‌വമനം തടയാൻ ഇതിന് കഴിയുമെന്ന് അതിന്റെ പിന്തുണക്കാർ പറയുന്നു. എന്നാൽ ഈ ഇന്ധനത്തിൽ വലിയ ഒരു ഭാഗം മാലിന്യമല്ലെന്നും പകരം വെർജിൻ പാം ഓയിൽ ആണെന്നുമുള്ള വിമർശനങ്ങൾ ആണ് ഉയർന്നു വന്നിരിക്കുന്നത്. നിലവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഈ ഇന്ധനത്തിൻ്റെ യുകെയിലെ ഉപയോഗം വളരെ അധികം വർദ്ധിച്ചു. 2019 -ൽ 8 ദശലക്ഷം ലിറ്ററിൽ നിന്ന് 2024 ൽ ഏകദേശം 699 ദശലക്ഷം ലിറ്ററായാണ് ഹരിത ഇന്ധനത്തിന്റെ ഉപയോഗം കൂടിയത്. വിർജിൻ പാമോയിൽ ഉഷ്ണമേഖല വനനശീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പരിസ്ഥിതിവാദികൾ കടുത്ത വിമർശനങ്ങൾ ആണ് എച്ച് വിഒ ഡീസലിന് എതിരെ ഉയർത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഒരു ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ വെട്ടി കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായുള്ള വാർത്തകൾ പുറത്തുവന്നു. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും എൻഎച്ച്എസിന്റെ പുതിയ മേധാവിയും നടപ്പിലാക്കാൻ നിർദ്ദേശിച്ച ചെലവു ചുരുക്കൽ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായാണ് ഈ നടപടി. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് സർ ജിം മാക്കി ഇംഗ്ലണ്ടിലുടനീളമുള്ള ആരോഗ്യ സംരക്ഷണം നൽകുന്ന 215 ട്രസ്റ്റുകളോട് വർഷാവസാനത്തോടെ അവരുടെ കോർപ്പറേറ്റ് പ്രവർത്തനങ്ങളായ എച്ച്ആർ, ധനകാര്യം, ആശയവിനിമയം എന്നിവയുടെ ചെലവ് 50% കുറയ്ക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത് .
എന്നാൽ പുതിയ എൻഎച്ച്എസ് മേധാവിയുടെ നിർദ്ദേശം നടപ്പിലാക്കിയാൽ 3 മുതൽ 11 ശതമാനം വരെ തൊഴിലാളികളെ പിരിച്ചുവിടേണ്ടി വരുമെന്നാണ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് കോൺഫെഡറേഷൻ പറഞ്ഞത്. 215 ട്രസ്റ്റുകളിലും ഇത് ആവർത്തിക്കുകയാണെങ്കിൽ അത് 150,700 വരെ തൊഴിൽ നഷ്ടത്തിലേക്ക് നയിച്ചേക്കാം. എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കാനും വലിയൊരു വിഭാഗം മാനേജർമാരെ പിരിച്ചുവിടാനും നേരത്തെ ആരോഗ്യ സെക്രട്ടറി എടുത്ത തീരുമാനത്തിന്റെ തുടർച്ചയായാണ് പുതിയ നീക്കത്തെ കാണുന്നത്.
പുറത്തുവരുന്ന വാർത്ത യുകെ മലയാളികൾക്കും യുകെയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾക്കും അത്ര ശുഭകരമല്ല. കാരണം ഭൂരിപക്ഷം യു കെ മലയാളികളും എൻഎച്ച്എസ്സിന്റെ കീഴിൽ ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. നിലവിൽ കേരളത്തിൽനിന്ന് യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം സാധ്യമായ മാർഗ്ഗം എൻഎച്ച്എസ്സിന്റെ കീഴിൽ ജോലി സമ്പാദിക്കുകയാണ്. അതുകൊണ്ട് തന്നെ യുകെയിലുള്ളവരിലും യുകെയെ സ്വപ്നം കാണുന്നവർക്കും ഒരുപോലെ പ്രയാസകരമായ വാർത്തയാണ് യുകെയിലെ ആരോഗ്യമേഖലയിൽ വ്യാപകമായ തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന വാർത്തകൾ. ഇതിനുപുറമെ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് എൻഎച്ച്എസ് ഇംഗ്ലണ്ടിലെ 15,300 പേരടങ്ങുന്ന ജീവനക്കാരിൽ പകുതിയോളം പേർക്ക് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പുമായി ലയിക്കുമ്പോൾ ജോലി നഷ്ടപ്പെടും. ഡി എച്ച് എസ് സി അതിന്റെ 3,300 ജീവനക്കാരിൽ ചിലർ പിരിഞ്ഞുപോകുമെന്നും പ്രതീക്ഷിക്കുന്നു. എൻഎച്ച്എസ്സിന്റെ 42 ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ – 25,000 പേർക്ക് ജോലി നൽകുന്ന പ്രാദേശിക മേൽനോട്ട സ്ഥാപനങ്ങളിൽ 12,500 ജോലികൾ കൂടി നഷ്ടപ്പെട്ടേക്കാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുറെ നാളുകളായി സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന ബ്രിട്ടീഷ് സ്റ്റീൽ കമ്പനി കൂടുതൽ പ്രതിസന്ധികളിൽ അകപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനം നികുതി ഏർപ്പെടുത്തിയത് പ്രതിസന്ധിയുടെ ആഴം കൂട്ടിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ സ്‌കൻതോർപ്പിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ട അസംസ്കൃത സാധനങ്ങൾ തീർന്നു പോകുമെന്ന വാർത്തകൾ പുറത്തുവന്നു.
കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ബ്രിട്ടീഷ് സ്റ്റീൽ ദേശസാത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ബ്രിട്ടനിലെ സ്റ്റീൽ ഉത്പാദനത്തിന്റെ ഭാവിയെ കുറിച്ച് വിശദീകരിക്കാൻ ചാൻസിലർ വാരാന്ത്യത്തിൽ ട്രേഡ് യൂണിയൻ നേതാക്കളുമായി സംസാരിച്ചിരുന്നു. യുകെയിലേക്കുള്ള സ്റ്റീൽ വ്യവസായത്തിൻ്റെ തന്ത്രപരമായ പ്രാധാന്യത്തെ കുറിച്ച് ചർച്ചകളിൽ അവർ പറഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം സ്‌കൻതോർപ്പിലെ രണ്ട് ചൂളകൾ അടച്ചുപൂട്ടാൻ കമ്പനിയെടുക്കുന്ന തീരുമാനം മൂലം 2700 പേർക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാരിൻറെ സാമ്പത്തിക പിൻതുണ വേണമെന്നാണ് കമ്പനിയുടെ നിലപാട്. 2020 മുതൽ ചൈനീസ് കമ്പനിയായ ജിൻഗേയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനായി ബ്രിട്ടീഷ് സ്റ്റീലിൽ 1.2 ബില്യൺ പൗണ്ടിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രതിദിനം 700,000 പൗണ്ടിൻ്റെ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആണ് കമ്പനി പറയുന്നത് . നിലവിൽ സ്ഫോടന ചൂളകളിൽ നിന്ന് ഇലക്ട്രിക് ആർക്ക് ചൂളകളിലേയ്ക്ക് മാറുന്നതിന് ഭാഗികമായി ധനസഹായം നൽകാൻ 500 മില്യൺ പൗണ്ട് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നിന്ന് ഉയർന്ന പഠനം നടത്തിയെന്ന വ്യാജേന ചികിത്സ നടത്തിയ ഡോക്ടർ 7 പേരുടെയെങ്കിലും മരണത്തിന് കാരണമായതായുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്നു. യുകെയിൽ പഠനം പൂർത്തിയാക്കിയ ഹൃദ് രോഗ വിദഗ്ധൻ എന്ന നിലയിലാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. മധ്യപ്രദേശിലെ റാമോ ജില്ലയിലെ ഒരു മിഷനറി ഹോസ്പിറ്റലിൽ ആണ് വ്യാജ ഡോക്ടർ ചികിത്സ നടത്തിവന്നത്.
ഇയാൾ ഒട്ടേറെ ഹൃദയ ശസ്ത്രക്രിയകൾ നടത്തിയെന്നാണ് അറിയാൻ സാധിച്ചത്. ഇതിൻറെ ഫലമായി ഏഴ് മുതൽ ഒരു ഡസൻ ആളുകളെങ്കിലും മരണമടഞ്ഞതായുള്ള പരാതികളെ കുറിച്ച് മധ്യപ്രദേശിലെ ഉന്നതാധികാരികൾ അന്വേഷണം നടത്തി വരുകയാണ്. നരേന്ദ്ര വിക്രമാദിത്യ യാദവ് എന്ന യഥാർത്ഥ പേര് മറച്ചുവെച്ച് യുകെയിൽ നിന്ന് ബിരുദം നേടിയ ഡോക്ടർ എൻ ജോൺ കാം എന്ന പേരിലാണ് ഇയാൾ ചികിത്സ നടത്തിയത് . സാധുവായ മെഡിക്കൽ യോഗ്യതകളോ പ്രൊഫഷണൽ യോഗ്യതകളോ ഇല്ലെങ്കിലും ആശുപത്രി അദ്ദേഹത്തെ നിയമിച്ചു എന്നാണ് ആരോപണം. യഥാർത്ഥ പേര് വിവരങ്ങൾ മറച്ചുവെച്ച് മറ്റാരുടെയോ സർട്ടിഫിക്കറ്റ് ഇയാൾ ദുരുപയോഗം ചെയ്തതാകാമെന്ന സംശയവും ബലപ്പെടുന്നുണ്ട്. യഥാർത്ഥ ഇരകളുടെ എണ്ണം ഇതിലും കൂടുതലാകുമെന്ന് പ്രാദേശിക അധികാരികൾ ഭയപ്പെടുന്നു.
സ്ഥലത്തെ കളക്ടർ സുധീർ കൊച്ചറെയോ ദാമോ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മുകേഷ് ജെയിനിനെയോ എത്തിപ്പിക്കുന്ന സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സംഭവം പുറത്തുവന്നതിനെ തുടർന്ന് പ്രതി ഒളിവിൽ പോയിരിക്കുകയാണ്. നേരത്തെ ഹൈദരാബാദിൽ യാദവിനെതിരെ ക്രിമിനൽ കേസ് ഉണ്ടെന്നും ചോദ്യം ചെയ്തപ്പോൾ നിയമാനുസൃതമായ തിരിച്ചറിയൽ രേഖകളോ മെഡിക്കൽ സർട്ടിഫിക്കറ്റുകളോ നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിൽ പോരാടുന്നതിനിടെ വാർ ക്രൈം ചെയ്തെന്ന പരാതിയിൽ ബ്രിട്ടീഷുകാർക്കെതിരെ കുറ്റം ചുമത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാസയിൽ ഇസ്രായേലി സൈന്യത്തിൽ സേവനമനുഷ്ഠിച്ച 10 ബ്രിട്ടീഷുകാർക്കെതിരായ യുദ്ധക്കുറ്റ പരാതി യുകെയിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകരിൽ ഒരാൾ മെറ്റ് പോലീസിന് സമർപ്പിക്കും. കുറ്റാരോപിതരായ വ്യക്തികൾ ഇരട്ട പൗരത്വമുള്ളവർ ആണെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇവർ സിവിലിയന്മാരെയും രക്ഷാപ്രവർത്തകരെയും കൊലപ്പെടുത്തിയതായും കുറ്റപത്രത്തിലുണ്ട് . ഇതുകൂടാതെ ആശുപത്രികൾ ഉൾപ്പെടെയുള്ള സിവിലിയൻ പ്രദേശങ്ങളിൽ വിവേചന രഹിതമായ ആക്രമണങ്ങൾ നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. 240 പേജുള്ള കുറ്റപത്രം സ്കോട്ട്‌ലൻഡ് യാർഡിൻറെ വാർ യൂണിറ്റിന് ഉടനെ സമർപ്പിക്കുമെന്നാണ് അറിയാൻ സാധിച്ചത്. ഹേഗിലെ യുകെ അഭിഭാഷകരും ഗവേഷകരും അടങ്ങുന്ന ഒരു സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ, ചരിത്ര സ്മാരകങ്ങളും മതപരമായ സ്ഥലങ്ങളും ഉൾപ്പെടെയുള്ള സംരക്ഷിത സ്ഥലങ്ങളിൽ ഏകോപിത ആക്രമണങ്ങൾ, സിവിലിയന്മാരെ നിർബന്ധിതമായി സ്ഥലംമാറ്റുകയും ചെയ്തതായും പറയുന്നു .
നിയമപരമായ കാരണങ്ങളാൽ, ഓഫീസർ തലത്തിലുള്ള വ്യക്തികൾ ഉൾപ്പെടെയുള്ള സംശയിക്കപ്പെടുന്നവരുടെ പേരുകളോ പൂർണ്ണ റിപ്പോർട്ടോ പരസ്യമാക്കുന്നില്ല. ബ്രിട്ടീഷുകാർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചത് രാജ്യാന്തര തലത്തിൽ ഇസ്രയേലിന് വൻ തിരിച്ചടിയാണെന്നാണ് നയതന്ത്ര വിദഗ്ധർ കരുതുന്നത്. കാരണം ഗാസയിൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ സൈന്യം ഒരു വാർ ക്രൈം ചെയ്തെന്ന ആരോപണങ്ങൾ ഇസ്രയേൽ നിരന്തരം നിഷേധിച്ചിരുന്നു. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 50000 ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. 2023 ഒക്ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായായിരുന്നു സൈനിക നടപടി. ആ ആക്രമണത്തിൽ 1,200-ലധികം പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തു.