Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ന്യൂ ജേഴ്‌സിയിലെ കൊളോണിയ ഹൈസ്കൂളിൽ പഠിച്ചവരും ജോലി ചെയ്തവരുമായ നൂറോളം പേർക്ക് വളരെ അപൂർവമായ ബ്രെയിൻ ട്യൂമർ ബാധിച്ചിട്ടുള്ളതായി പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇത്തരത്തിൽ ക്യാൻസർ ബാധിച്ച ശേഷം അതിനെ അതിജീവിച്ച കൊളോണിയ ഹൈസ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അൽ ലുപിയാനോ എന്ന അൻപത് വയസ്സുകാരനാണ് ഇത് സംബന്ധിച്ച് ഇപ്പോൾ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് സംഭവിച്ചതുപോലെ ഇതേ സ്കൂളിൽ ജോലി ചെയ്തവരും പഠിച്ചവരും ആയ നിരവധി പേർക്ക് ഇത്തരത്തിൽ ബ്രെയിൻ ട്യൂമർ ബാധിച്ചിട്ടുള്ളതായി ലുപിയാനോ കണ്ടെത്തിയിട്ടുണ്ട്. ഇതേ സ്കൂളിൽ പഠിച്ചവരായ ലുപിയാനോയുടെ ഭാര്യയ്ക്കും സഹോദരിക്കും ഇത്തരത്തിൽ രോഗം നിർണയിക്കപ്പെട്ടതോടെയാണ് തന്റെ സംശയം ശക്തമായതെന്ന് ലുപിയാനോ വ്യക്തമാക്കി. നാല്പത്തിനാലാം വയസ്സിലാണ് ഇദ്ദേഹത്തിന്റെ സഹോദരി ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചത്. ഇതേ തുടർന്ന് ഇതേ സ്കൂളിൽ പഠിച്ച മറ്റുള്ളവർക്ക് രോഗമുണ്ടോ എന്നറിയാനായി ലുപിയാനോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. അവിടുത്തെ പരിസ്ഥിതിയിൽ ഉള്ള റേഡിയേഷൻ മൂലമാകാം ഇതെന്നാണ് പ്രാഥമിക നിഗമനം.

വുഡ്ബ്രിഡ്ജിലുള്ള ഈ സ്കൂളിനെയും അതിന്റെ പരിസരത്തെയും സംബന്ധിച്ച് വുഡ്ബ്രിഡ്ജ് അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. വനഭൂമിയിൽ ആണ് 1967ൽ ഈ സ്കൂൾ നിർമ്മിക്കപ്പെട്ടതെന്ന് വുഡ്ബ്രിഡ്ജ് മേയർ വ്യക്തമാക്കി. ഗ്ലിയോബ്ലാസ്‌റ്റോമ എന്ന ഈ അപൂർവ്വ ഇനം ക്യാൻസർ ബാധിക്കപ്പെട്ട അവരുടെ കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും ശക്തമായ അന്വേഷണങ്ങൾ ഉണ്ടാകുമെന്നാണ് നിലവിൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഒരുലക്ഷം പേരിൽ 3.21 ശതമാനത്തിനു മാത്രമാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നതെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് ന്യൂറോളജിക്കൽ സർജൻസ് വ്യക്തമാക്കി. പരിസ്ഥിതിയിൽ ഉള്ള കാരണങ്ങളാകാം ഇത്രയും പേരിൽ രോഗം കണ്ടെത്താൻ ഇടയായത് എന്നാണ് പ്രാഥമിക നിഗമനം. 28 ഏക്കർ ഉള്ള സ്കൂളിന്റെ ക്യാമ്പസിലും പരിസരങ്ങളിലും റേഡിയോളജിക്കൽ സർവ്വേകൾ നടത്തുവാനുള്ള തീരുമാനമായിട്ടുണ്ട്. 1990 കളിൽ ഇരുപത്തിയേഴാമത്തെ വയസ്സിലാണ് ലുപിയാനോയ്ക്ക് കാൻസർ കണ്ടെത്തിയത്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് ദുഃഖവെള്ളി കഴിഞ്ഞപ്പോള്‍ ലഭിച്ചത് 2495 പൗണ്ട് .ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു. ചാരിറ്റി ഏപ്രില്‍ 17 നു അവസാനിക്കും തൊട്ടടുത്തദിവസം ലഭിച്ച തുക അനു ആന്റണിക്കു കൈമാറുമെന്ന് അറിയിക്കുന്നു .
ക്യന്‍സര്‍ ബാധിച്ചു ചികില്‍സിക്കാന്‍ ബുദ്ധിമുട്ടുന്ന B, Ed , വിദ്യര്‍ത്ഥി ഏലപ്പാറ സ്വദേശി അനു ആന്റണിക്കു വേണ്ടിയാണ് ഞങ്ങള്‍ ചാരിറ്റി കളക്ഷന്‍ നടത്തുന്നത്. കൂലിപ്പണികൊണ്ടു ജീവിച്ചിരുന്ന അനുവിന്റെ കുടുംബത്തിനു ചികിത്സ ചിലവ് താങ്ങാന്‍ കഴിയാത്തതു കൊണ്ടാണ് ഞങ്ങള്‍ നിങ്ങളെ സമീപിക്കുന്നത്
നാമെല്ലാം ഈസ്റ്റര്‍ ആഘോഷിക്കുന്ന ഈ സമയത്തു അനുവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാന്‍ നമുക്ക് ഒരുമിക്കാം നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുക .
.
അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലില്‍ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യര്‍ത്ഥന മാനിച്ചു ഞങ്ങള്‍ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റര്‍ ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുക
ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 2050.82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
അനു ആന്റണിയെ നേരിട്ട് സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ നാട്ടിലെ അക്കൗണ്ടില്‍ പണം നല്‍കുക .Anu Antony
Kuttikattu (H)
Chinnar p.o 4th mile Elappara, Idukki ,kerala
Pin number: 685501
Account Number: 67228266273
IFSC : SBIN0070104
(SBI Branch Elappara) പിതാവ് ആന്റണി യുടെ ഫോണ്‍ നമ്പര്‍ ഇവിടെ .0091 9656241951
ടോം ജോസ് തടിയംപാട്

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കഠിനമേറിയ ശൈത്യകാലത്തെ എൻഎച്ച്എസ് അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. എൻ എച്ച് എസിൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. എ & ഇ പ്രവേശനം വൈകുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആംബുലൻസിനുവേണ്ടി ഒൻപത് മണിക്കൂർ കാത്തിരുന്നതായി ഒരു രോഗി വെളിപ്പെടുത്തി. ഈസ്റ്റർ കാലത്ത് എൻ എച്ച് എസ് സേവനങ്ങൾ മുഴുവൻ താറുമാറിലാകുമെന്ന ആശങ്കയിലാണ് അധികൃതർ. മാർച്ചിൽ 71% രോഗികളെ ചികിത്സിക്കുകയും നാല് മണിക്കൂറിനുള്ളിൽ അവരെ അഡ്മിറ്റ് ചെയ്യുകയോ ഡിസ്ചാർജ് ചെയ്യുകയോ ചെയ്തു. 2019 മാർച്ചിൽ ഇത് 87% ആയിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന ആളുകളുടെ എണ്ണം ക്രമാനുഗതമായി വർധിക്കുകയാണ്.

അടിയന്തര പരിചരണം ആവശ്യമില്ലെങ്കിൽ എ & ഇ യിൽ എത്തുന്ന കാര്യം ചിന്തിക്കണമെന്ന് നിരവധി ആശുപത്രികൾ പൊതുജനങ്ങൾക്ക് ഓൺലൈനിൽ അറിയിപ്പ് നൽകിയിരുന്നു. അത്യാഹിത വിഭാഗങ്ങളിലേക്കുള്ള നീണ്ട കാത്തിരിപ്പ് ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ പ്രസിഡന്റ് ഡോ. കാതറിൻ ഹെൻഡേഴ്സൺ പറഞ്ഞു. ഈ നീണ്ട കാത്തിരിപ്പ് രോഗിയുടെ അവസ്ഥ വഷളാകാൻ കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

അത്യാഹിത വിഭാഗത്തിലെ രോഗികളെ മറ്റൊരു വാർഡിലേക്ക് മാറ്റുന്നതിലും സമ്മർദ്ദം നേരിടുന്നുണ്ട്. മെയിൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ്, മാർച്ചിൽ 22,506 പേർക്ക് എ ആൻഡ് ഇ ഡിപ്പാർട്ട്‌മെന്റുകളിലെ ട്രോളികളിലും ക്യൂബിക്കിളുകളിലും 12 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. ജീവനക്കാരുടെ ക്ഷാമവും കോവിഡുമാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പാർട്ടിഗേറ്റ് വിവാദത്തിൽ ബോറിസ് ജോൺസൻ സർക്കാരിന് അടിപതറുന്നു. കോവിഡ് ചട്ടം ലംഘിച്ചതിന്റെ പേരിൽ നീതിന്യായ വകുപ്പ് മന്ത്രി മന്ത്രി ലോർഡ് ഡേവിഡ് വുൾഫ്‌സൺ രാജിവെച്ചു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു നടന്ന പാർട്ടിയിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി ബോറിസ് ജോൺസണും ചാൻസലർ ഋഷി സുനക്കിനും പിഴ ചുമത്തിയതിന് പിന്നാലെയാണിത്. ലോക്ക്ഡൗൺ പാർട്ടികളുടെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം സർക്കാർ നിന്ന് രാജി വെക്കുന്ന ആദ്യ വ്യക്തിയാണ് വുൾഫ്‌സൺ. നിയമലംഘനം നടത്തിയതിനോടുള്ള ഔദ്യോഗിക പ്രതികരണമെന്ന നിലയിലാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

ലോർഡ് വുൾഫ്‌സന്റെ രാജി സ്വീകരിക്കുന്നതിൽ സങ്കടമുണ്ടെന്നും നിയമ പരിഷ്‌കാരങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെ പ്രശംസിക്കുന്നതായും ജോൺസൺ പറഞ്ഞു. സർക്കാർ തന്നെ കോവിഡ് ചട്ടം ലംഘിച്ചത് തെറ്റാണെന്നും വുൾഫ്‌സൺ രാജിക്കത്തിൽ പരാമർശിച്ചു. രാജിവെക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വുൾഫ്‌സന്റെ രാജിയോടെ സർക്കാരിനുള്ളിൽ ആശങ്കകൾ ഉടലെടുത്തിട്ടുണ്ട്.

ജോൺസനും സുനക്കും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫിസിലും വസതിയിലും 10 ഡൗണിങ് സ്ട്രീറ്റിലെ മറ്റ് സർക്കാർ ഓഫിസുകളിലുമായി ലോക‍്ഡൗൺ കാലത്ത് 12 വിരുന്നുകൾ നടന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിലെത്തുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ പ്രാഥമികമായി അവരുടെ അപേക്ഷകളും മറ്റും പ്രോസസ്സ് ചെയ്യാനായി റൂവാണ്ടയിലേക്ക് മാറ്റുവാൻ യുകെ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ ആഫ്രിക്കൻ രാജ്യമായ റൂവാണ്ടയുമായി കരാർ ഒപ്പിടാനായി അവിടെ എത്തിച്ചേർന്നിട്ടുണ്ടെന്നും, ഇന്ന് കരാർ ഒപ്പിടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏകദേശം 120 മില്യൺ പൗണ്ടോളം ഈ പദ്ധതിക്കായി ചിലവ് വരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. എന്നാൽ ഗവൺമെന്റിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുകൾ പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഗവൺമെന്റിന്റെ ഈ തീരുമാനം തികച്ചും ക്രൂരമാണെന്ന് റെഫ്യുജി കൗൺസിൽ വ്യക്തമാക്കി. ലേബർ പാർട്ടിയും ഈ തീരുമാനത്തോടുള്ള തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷൻസ് റെഫ്യുജി കൗൺസിലർ ബ്രിട്ടനിലെ പുതിയ നടപടിയോടുള്ള തങ്ങളുടെ ആശങ്കകൾ വ്യക്തമാക്കിയിട്ടുണ്ട്.

ഗവൺമെന്റിൻെറ ഈ തീരുമാനം വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അഭയാർഥികൾക്ക് മേൽ രാജ്യത്തിന് കൂടുതൽ അധികാരം നൽകുന്നതാണ് ഈ നടപടിയെന്ന് ഗവൺമെന്റ് വാദിക്കുമ്പോൾ, മനുഷ്യത്വരഹിതമാണെന്ന ആരോപണം ശക്തമായി തന്നെ തുടരുന്നുണ്ട്. പാർട്ടിഗേറ്റ് വിവാദത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ഗവൺമെന്റ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നതെന്ന് ലേബർ പാർട്ടി അംഗം കുറ്റപ്പെടുത്തി. നിരവധി ആളുകൾ ദിവസേന ഇംഗ്ലീഷ് ചാനൽ അനധികൃതമായി കടക്കുന്നതിനാൽ, ഇത്രയും പേരെ സംരക്ഷിക്കുന്നതിനുള്ള ശേഷി ബ്രിട്ടണില്ല എന്നുള്ള വസ്തുത കൂടി കുറ്റപ്പെടുത്തുന്നവർ ഓർമ്മിച്ചിരിക്കണം എന്നാണ് ഗവൺമെന്റ് വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ മാസം ഒരു വിവാദ ഫേഷ്യൽ റെക്കഗ്നിഷൻ കമ്പനിയായ ക്ലിയർവ്യൂ എഐ തങ്ങളുടെ സാങ്കേതിക വിദ്യയെ ഉക്രേനിയൻ സർക്കാരിന് നൽകിയതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിൻെറ തെളിവുകൾ പുറത്ത് വന്നിരിക്കുകയാണ്. എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരിച്ചറിയുവാൻ ഇതെങ്ങനെ ഉപയോഗിക്കാം എന്നതിൻെറ തെളിവുകൾ പുറത്തു വന്നിരിക്കുകയാണ്. മുഖത്ത് പരുക്കുകൾ ഏറ്റു ഒരു ജോടി കാൽവിൻ ക്ലീൻ ബോക്സർമാർ മാത്രം ഉള്ള ഒരു മൃതശരീരം കിഴക്കൻ ഉക്രെയ്നിലെ ഖാർകിവിൽ യുദ്ധത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയിരുന്നു. തലയ്ക്ക് പരുക്കേറ്റതുമൂലം ശരീരം ആരുടേതെന്ന് കണ്ടെത്താൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ അധികാരികൾ ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്.

ക്ലിയർവ്യൂ എഐ ഒരുപക്ഷെ ലോകത്തിലെ ഏറ്റവും പ്രശസ്തവും വിവാദപരമായ മുഖം തിരിച്ചറിയൽ സംവിധാനമാണ്. മുഖങ്ങൾ തിരിച്ചറിയാനായി ക്ലിയർവ്യൂ എഐയുടെ സ്ഥാപകനും സിഇഓയും ആയ ഹോൺ ടൺ-തട്ട് ഫേസ്ബുക്ക്, ട്വീറ്റർ ഉൾപ്പെടയുള്ള സാമൂഹമാധ്യമങ്ങളിൽ നിന്ന് ഫോട്ടോകൾ ശേഖരിച്ച് ഡേറ്റാബേസ് സൃഷ്ടിക്കുന്നു. ഇത് ഗൂഗിൾ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത് വാക്കുകളോ വാചകങ്ങളോ ഉപയോഗിക്കുന്നതിനുപകരം ഇവിടെ ഉപയോക്താവ് ഒരു വ്യക്തിയുടെ ഫോട്ടോയാണ് ഇടുന്നത്. കമ്പനി നിയമപരമായ നിരവധി വെല്ലുവിളികൾ നേരത്തെ നേരിട്ടിരുന്നു. തങ്ങളുടെ സൈറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിൾ, ട്വിറ്റർ എന്നീ കമ്പനികൾ ക്ലിയർവ്യൂവിന് കത്തുകൾ നേരത്തെ അയച്ചിരുന്നു. ജനങ്ങളുടെ ഫോട്ടോകൾ അവരെ അറിയിക്കാതെ ശേഖരിക്കുന്നതിന് ക്ലിയർവ്യൂ എഐ യുടെ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് കമ്പനിക്ക് പിഴ പോലും ചുമത്തിയിരുന്നു.

ലണ്ടൻ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലീസ് പിഴ ചുമത്തിയ ചാൻസലർ റിഷി സുനക് ഒടുവിൽ മാപ്പ് പറഞ്ഞു. ലോക‍്ഡൗൺ ചട്ടം ലംഘിച്ച് കാബിനറ്റ് ഓഫിസിൽ മദ്യവിരുന്നിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ധനമന്ത്രി ഋഷി സുനക്, ജോൺസന്റെ ഭാര്യ കാരി എന്നിവരുൾപ്പെടെ 50 പേർക്ക് പിഴയടയ്ക്കാൻ മെട്രോപ്പൊലിറ്റൻ പോലീസ് നോട്ടിസ് നൽകിയിരുന്നു. അതിനുപിന്നാലെയാണ് ആറു മണിക്കൂർ നീണ്ട മൗനം വെടിഞ്ഞ് സുനക് ക്ഷമാപണം നടത്തിയത്. നേരത്തെ, ലോക‍്ഡൗൺ ചട്ടം ലംഘിച്ച് പാർട്ടികളിൽ ഒന്നും പങ്കെടുത്തിട്ടില്ലെന്നാണ് സുനക് പറഞ്ഞത്. കാബിനറ്റ് ഓഫിസിൽ നടന്ന കോവിഡ് മീറ്റിംഗിൽ പങ്കെടുക്കേണ്ടി വന്നതിനാലാണ് സുനക് പാർട്ടിയിൽ ഉൾപ്പെട്ടതെന്നും പറയുന്നുണ്ട്.

അന്വേഷണത്തെ മാനിക്കുന്നുവെന്ന് പറഞ്ഞ സുനക്, പിഴയടയ്ക്കുമെന്നും കൂട്ടിച്ചേർത്തു. “പ്രധാനമന്ത്രിയെപ്പോലെ, ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ബ്രിട്ടീഷ് ജനതയ്ക്ക് പിന്തുണ നൽകുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.” സുനക് വ്യക്തമാക്കി. താൻ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതായി വിശ്വസിക്കുന്നില്ലെന്ന് സുനക് ഫെബ്രുവരിയിൽ പറഞ്ഞു. എന്നാൽ 2020 ജൂൺ 19 ന് കാബിനറ്റ് ഓഫീസിൽ നടന്ന ‘കോവിഡ് മീറ്റിംഗിൽ’ താൻ പങ്കെടുത്തതായി അദ്ദേഹം സമ്മതിച്ചു.

ഇതേ സംഭവത്തിന് പെനാൽറ്റി നോട്ടീസ് ലഭിച്ച ബോറിസ് ജോൺസൺ ഏതാനും മണിക്കൂറുകൾക്ക് മുൻപ് ക്ഷമാപണം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലും വസതിയിലും ലോക്ഡൗൺ കാലത്ത് നടന്ന 12 വിരുന്നുകൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. സർക്കാർ തന്നെ നിയമലംഘനം നടത്തിയ, പാർട്ടി ഗേറ്റ് വിവാദം എന്നറിയപ്പെടുന്ന സംഭവത്തിൽ ജനരോഷം ഉയർന്നതിനെ തുടർന്നാണ് അന്വേഷണം നടന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : റഷ്യൻ സൈനികർ യുക്രൈനിൽ നടത്തിയ കൊടും ക്രൂരതയുടെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബലാത്സംഗത്തെ യുദ്ധായുധമായി ഉപയോഗിക്കുന്ന റഷ്യ ഐക്യരാഷ്ട്രസഭയെ (യുഎൻ) ആശങ്കയിലാക്കുന്നു. റഷ്യന്‍ സൈന്യം ബലാത്സംഗം ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നതായി യുക്രൈനിയന്‍ മനുഷ്യാവകാശ സംഘം ആരോപിച്ചെന്ന് ഒരു മുതിര്‍ന്ന യു എന്‍ ഉദ്യോഗസ്ഥന്‍ സുരക്ഷാ കൗണ്‍സിലിനോട് പറഞ്ഞു. 12 സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെട്ട ഒമ്പത് ബലാത്സംഗക്കേസുകള്‍ റഷ്യന്‍ സൈനികര്‍ക്കെതിരെ ആരോപിക്കുന്ന ഫോണ്‍ കോളുകള്‍ തന്റെ സംഘടനയുടെ എമര്‍ജന്‍സി ഹോട്ട്ലൈനുകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ലാ സ്ട്രാഡ – യുക്രെയ്ന്‍ പ്രസിഡന്റ് കാതറീന ചെറെപാഖ പറഞ്ഞു. സമാനമായി, 14 നും 24 നും ഇടയിൽ പ്രായമുള്ള 25 ഓളം സ്ത്രീകൾ ഒരു ബേസ്‌മെന്റിൽ വെച്ച് ബലാത്സംഗത്തിനിരയായതായി യുക്രൈനിലെ മനുഷ്യാവകാശ പ്രവർത്തകൻ ലുഡ്‌മില ഡെനിസോവ പറഞ്ഞു. ഇവരിൽ ഒമ്പത് പേർ ഇപ്പോൾ ഗർഭിണികളാണ്.

അൻപതുകാരിയായ അന്നയുടെ (യഥാർത്ഥ പേരല്ല) വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ് –
മാർച്ച് ഏഴിന് അന്നയുടെ വീട്ടിലേക്കൊരു പട്ടാളക്കാരൻ അതിക്രമിച്ചു കയറി. അയാൾ തോക്ക് ചൂണ്ടി അന്നയെ അടുത്ത വീട്ടിലേക്ക് കൊണ്ടുപോയി. രക്ഷിക്കാൻ പിന്നാലെ ഓടിയ ഭർത്താവിനെ അയാൾ വെടിവെച്ചിട്ടു. വിവസ്ത്രയാക്കപ്പെട്ട അന്ന തോക്കിൻ മുനയിൽ ക്രൂരബലാത്സംഗത്തിനിരയായി. ഇതിനിടെ നാല് സൈനികർ കൂടി അവിടേക്ക് വന്നു. എല്ലാം അവസാനിച്ചുവെന്ന് തോന്നി. പക്ഷേ വന്നവർ അയാളെ കൊണ്ടുപോവുകയാണ് ചെയ്തത്. അന്ന തിരികെ വീട്ടിലേക്കോടി. അടിവയറ്റിൽ വെടിയേറ്റ ഭർത്താവ് നിലത്ത് വീണുകിടപ്പുണ്ടായിരുന്നു. ചികിത്സ നൽകാൻ കഴിയാതെ വന്നതോടെ അദ്ദേഹം രണ്ട് ദിവസത്തിന് ശേഷം മരിച്ചു. ബലാത്സംഗത്തിനിടെ അന്ന് രക്ഷിച്ച പട്ടാളക്കാർ അന്നയുടെ വീട്ടിലായിരുന്നു പിന്നീട് താമസം. അന്നയെ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി അവർ ഭർത്താവിന്റെ സാധനങ്ങൾ ആവശ്യപ്പെട്ടു. മാനസികമായി തകർന്ന അന്ന ഇപ്പോൾ ചികിത്സയിലാണ്.

മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്ന സൈനികനാണ് അന്ന് അന്നയുടെ വീട്ടിലേക്കെത്തിയതെന്ന് അയൽക്കാർ പറയുന്നു. കൊല്ലപ്പെട്ട സ്ത്രീയ്ക്ക് നാല്പതു വയസ്സാണ് പ്രായം. അവർ കൊല്ലപ്പെട്ട മുറിയിൽ ചുവന്ന ലിപ്സ്റ്റിക് കൊണ്ട് ആരോ ഇങ്ങനെ എഴുതിയിട്ടു – ‘അജ്ഞാതരാൽ പീഡിപ്പിക്കപ്പെട്ടു, റഷ്യൻ പട്ടാളക്കാർ കുഴിച്ചുമൂടി.’ റഷ്യൻ സൈന്യം നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളുടെ തോത് വിലയിരുത്തുക അസാധ്യമെന്നാണ് പലരും വെളിപ്പെടുത്തുന്നത്. യുദ്ധം, ഒരു രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും തകർത്തുകളയുന്നതിന്റെ ഉദാഹരണമാണ് റഷ്യ – യുക്രൈൻ യുദ്ധം. ദുരന്തങ്ങളും നഷ്ടക്കണക്കുകളും മാത്രമാണ് അവിടെ ബാക്കിയാവുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ഹേ ഫിവർ ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മെറ്റ് ഡിപ്പാർട്മെന്റ്. താപനില വർധിക്കുന്ന സാഹചര്യത്തിൽ അന്തരീക്ഷത്തിൽ അമിതമായി പൂമ്പൊടികൾ ഉണ്ടാകാനുള്ള സാധ്യത ഏറെയായതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ്. ഇത് 10 മില്യനോളം ജനങ്ങളിൽ ഹേ ഫിവറിന്റെ ലക്ഷണങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നതിന് ഇടയാക്കും. ബ്രിട്ടണിൽ അഞ്ചിൽ ഒരാൾക്ക് ഹേ ഫിവർ ഉണ്ടെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ബുധനാഴ്ച മുതൽ തന്നെ ഇംഗ്ലണ്ടിലെ എല്ലാ ഭാഗങ്ങളിലും പൂമ്പൊടിയുടെ സാന്നിധ്യം ഉണ്ടാകും. വെയിൽസിലും ഈ ആഴ്ചകൾ ജനങ്ങൾ കൂടുതൽ ശ്രദ്ധാലുക്കൾ ആകണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. അന്തരീക്ഷത്തിൽ വായുവിന്റെ ഒരു ക്യുബിക് മീറ്ററിൽ 50 ഗ്രയിൻസ് പോളൻ ഉണ്ടാകുമ്പോഴാണ് ഹേ ഫിവർ ലക്ഷണങ്ങൾ ഉണ്ടാകുന്നത്.

മരങ്ങളിൽ നിന്നുള്ള പോളൻ ആണ് ഈ സമയത്ത് കൂടുതൽ ഉണ്ടാകുന്നത് എന്നാണ് മെറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചത്. ബിർച്, ആഷ്, എല്മ് എന്നീ മരങ്ങളിൽ നിന്നുള്ള പൂമ്പൊടികളാണ് കൂടുതൽ . ഇതിൽ തന്നെ ബിർച് മരങ്ങളിൽ നിന്നുള്ള പോളന്റെ സാന്നിധ്യമാകും അധികവും. മാർച്ച് മുതൽ മെയ് പകുതി വരെയുള്ള സമയങ്ങളിൽ ആണ് ബ്രിട്ടണിൽ ഇത്തരത്തിൽ മരങ്ങളിൽ നിന്നുള്ള പൂമ്പൊടികളുടെ സാന്നിധ്യം അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉണ്ടാവുക. ഹേ ഫിവർ ഉള്ള ഭൂരിഭാഗം പേരും മരങ്ങളുടെ പൂമ്പൊടികളോട് അലർജി ഉള്ളവരാണ്. മെയ് മാസം പകുതി മുതൽ ജൂലൈ വരെ ഗ്രാസ് പോളന്റെ സാന്നിദ്ധ്യമാണ് അധികവും ഉണ്ടാവുക. തുമ്മൽ,മൂക്കൊലിപ്പ്, കണ്ണിൽ നിന്ന് വെള്ളം വരുക, മണം നഷ്ടപ്പെടുക,തലവേദന, ക്ഷീണം മുതലായവയെല്ലാം തന്നെ ഹേ ഫിവറിന്റെ ലക്ഷണങ്ങളാണ്. ആസ്മ ഉള്ളവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിന പാർട്ടി നടത്തിയ പ്രധാനമന്ത്രി ബോറിസ് ജോൺസന് പിഴ ചുമത്തി പോലീസ്. 2020 ജൂൺ 19 ന് കാബിനറ്റ് റൂമിൽ നടന്ന ഒത്തുചേരലിൽ പങ്കെടുത്തതിന് പിഴ അടച്ചതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ചാൻസലർ ഋഷി സുനക്കിനും പിഴ ചുമത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോൺസൺ ഇതേ സംഭവവുമായി ബന്ധപ്പെട്ട് പിഴ അടച്ചതായി സ്ഥിരീകരിച്ചു. ഡൗണിംഗ് സ്ട്രീറ്റിൽ കോവിഡ് നിയമങ്ങൾ ലംഘിച്ച് നടത്തിയ അനധികൃത പാർട്ടികൾക്കെതിരെ മെട്രോപൊളിറ്റൻ പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പിഴ ചുമത്തിയത്. നിയമം ലംഘിച്ചുവെന്ന കുറ്റത്തിന് പിഴ അടയ്ക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ജോൺസൻ.

പോലീസ് അന്വേഷണത്തിന്റെ ഫലത്തെ താൻ പൂർണമായി മാനിക്കുന്നുവെന്നും പൊതുജനങ്ങൾക്ക് ഉണ്ടായ രോഷം മനസിലായെന്നും ജോൺസൻ വ്യക്തമാക്കി. സുനക്കിന്റെ പിഴ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടിയിൽ അദ്ദേഹം ഉൾപ്പെടെ മുപ്പത് പേർ പങ്കെടുത്തതായി റിപ്പോർട്ട്‌ ഉണ്ട്.

വൈറ്റ്ഹാളിൽ നടന്ന 12 നിയമലംഘന ഒത്തുചേരൽ മെട്രോപൊളിറ്റൻ പോലീസ് അന്വേഷിക്കുകയാണ്. ഇതുവരെ, 50 തിലധികം പിഴകൾ കൈമാറി. പ്രധാനമന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്. കൺസർവേറ്റീവുകൾ ഭരിക്കാൻ യോഗ്യരല്ല എന്നതിന്റെ തെളിവാണ് ഈ പിഴകളെന്നും രാജ്യം ഇതിലും മികച്ചത് അർഹിക്കുന്നുവെന്നും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. നിയമങ്ങൾ പാലിച്ച ലക്ഷക്കണക്കിന് ആളുകളെ പ്രധാനമന്ത്രിയും ചാൻസലറും അപമാനിച്ചുവെന്ന് എസ്എൻപിയുടെ വെസ്റ്റ്മിൻസ്റ്റർ നേതാവ് ഇയാൻ ബ്ലാക്ക്ഫോർഡ് അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved