Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോക് ഡൗൺ പാർട്ടി വിവാദത്തെ തുടർന്ന് ബോറിസ് ജോൺസന്റെ നേതൃത്വത്തെ ചോദ്യം ചെയ്തു നിരവധി എംപിമാർ രംഗത്തെത്തിയതോടെ പാർട്ടിയിലെ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ച നടത്തുവാൻ തീരുമാനമായിരിക്കുകയാണ്. കോവിഡ് ലോക്ക് ഡൗൺ സമയത്ത് പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അടക്കം മദ്യസൽക്കാര പാർട്ടികൾ നടന്നതായി അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാൻ കാരണം. സ്വന്തം പാർട്ടിയിൽ നിന്നും ബോറിസ് ജോൺസനെതിരെ ശക്തമായ വിമർശനങ്ങൾ ഉണ്ട്. 54 കൺസർവേറ്റീവ് എംപിമാർ ബോറിസ് ജോൺസനെതിരെ വിശ്വാസ വോട്ടിന് കത്തുനൽകി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്വന്തം ഭാഗത്തുനിന്ന് വന്ന വീഴ്ചയ്ക്ക് പ്രധാനമന്ത്രി ക്ഷമ ചോദിച്ചെങ്കിലും, രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ രാജിവെക്കാൻ തയ്യാറല്ലെന്നാണ് ജോൺസൻ പ്രതികരിച്ചത്.


നിലവിലെ സംഘടനാ നിയമ പ്രകാരം, പാർട്ടിയിലെ തന്നെ 15 ശതമാനം എംപിമാർ ആവശ്യപ്പെട്ടാൽ വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടിവരും. കൺസർവേറ്റീവ് പാർട്ടിക്ക് നിലവിൽ 359 എം പി മാരാണ് പാർലമെന്റിൽ ഉള്ളത്. ഇതിൽ 54 പേർ ബോറിസ് ജോൺസനെതിരെ കത്തെഴുതിയാൽ വിശ്വാസവോട്ടെടുപ്പ് ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ കത്തെഴുതിയ എംപി മാരുടെ പേരുകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചാൽ ബോറിസ് ജോൺസന് തന്റെ സ്ഥാനത്ത് തുടരാം. വീണ്ടും ഒരു വിശ്വാസ വോട്ടെടുപ്പ് നടക്കണമെങ്കിൽ 12 മാസത്തെ സമയവും ആവശ്യമാണ്. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ് ക്കേണ്ടതായി വരും. ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും, ബുധനാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോക് ഡൗണിന്റെ ആദ്യകാലത്ത് പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അടക്കം മന്ത്രിമാരുടെ ഭവനങ്ങളിലും ക്രിസ്മസ് പാർട്ടികൾ നടന്നുവെന്ന വാർത്തയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഗാർഡിയൻ പത്രം അടക്കം ഈ മദ്യ സൽക്കാരത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇതേതുടർന്നാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യം ശക്തപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ബുധനാഴ്ചത്തെ വോട്ടെടുപ്പ് ബോറിസ് ജോൺസന്റെ ഭാവി തീരുമാനിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടണിൽ 91000 ത്തോളം സിവിൽ സർവീസ് പോസ്റ്റുകൾ കുറയ്ക്കുവാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തെ ശക്തമായി എതിർത്തിരിക്കുകയാണ് യൂണിയൻ നേതാക്കൾ. ബ്രെക്സിറ്റിന് ശേഷമുള്ള അമിത ജോലി ഭാരം കൈകാര്യം ചെയ്യാൻ സാധിക്കില്ല എന്ന കാരണമാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. അടുത്തിടെയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സിവിൽ സർവീസ് ജോലികളുടെ എണ്ണം 2016 നു സമമാക്കാൻ മന്ത്രിമാരോടും ഉയർന്ന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടത്. ബ്രെക്സിറ്റ് മൂലവും, കോവിഡ് പകർച്ചവ്യാധി മൂലവുമാണ് സിവിൽ സർവീസ് ജോലികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടായത്. കഴിഞ്ഞ ആഴ്ച ബോറിസ് ജോൺസൺ എല്ലാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും കത്തെഴുതിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ തീരുമാനത്തെ ശക്തമായി എതിർത്ത് യൂണിയൻ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

 

ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ കണക്കുകൾ പ്രകാരം ഓരോ 10,000 യു കെ പൗരന്മാർക്കുമുള്ള
സിവിൽ സർവെന്റുകളുടെ എണ്ണം 2010ൽ എഴുപത്തിയാറിൽ നിന്നും 2016 ൽ അമ്പത്തിഒൻപതിലേക്ക് എത്തിയിരുന്നു. എന്നാൽ ബ്രെക്സിറ്റ് മൂലവും കോവിഡ് മൂലവും കഴിഞ്ഞ വർഷം ഈ കണക്ക് എഴുപതിൽ എത്തിയതാണ് ഇപ്പോൾ വീണ്ടും കുറയ്ക്കുവാൻ തീരുമാനമായിരിക്കുന്നത്. ഇപ്പോഴത്തെ പദ്ധതിപ്രകാരം ജോലിക്കാരുടെ എണ്ണം കുറച്ചാൽ, 2025 ഓടെ 10,000 പേർക്ക് അമ്പത്തിയാറ് പേർ എന്ന ഏറ്റവും കുറവ് കണക്കിൽ എത്തും എന്നാണ് ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നിലവിൽ 485,000 സിവിൽ സെർവന്റുമാരാണ് യു കെയിൽ ഉടനീളം ഉള്ളത്. 2016 ൽ യൂറോപ്യൻ യൂണിയൻ റഫറണ്ടം നടക്കുന്ന സമയത്ത്, 384000 സിവിൽ സെർവന്റുമാർ മാത്രമേ യുകെയിൽ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നത് ദോഷം മാത്രമേ ഉണ്ടാക്കൂ എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ വിമാന യാത്രാ തടസ്സം തുടരുന്നതിനാൽ ഡസൻ കണക്കിന് വിമാനസർവീസുകൾ റദ്ദാക്കി ഈസിജെറ്റ്, വിസ് എയർ എന്നിവയുൾപ്പെടെയുള്ള വിമാനക്കമ്പനികൾ. ഞായറാഴ്ച 80 വിമാനസർവീസുകൾ വെട്ടിക്കുറച്ചതായി ഈസിജെറ്റ് അറിയിച്ചു. ഇതിനെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഉണ്ടാവുന്ന തടസ്സങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായും അധികൃതർ അറിയിച്ചു. അർദ്ധ കാല അവധിദിവസങ്ങളിൽ യുകെയിലെ ഫ്ലൈറ്റ് റദ്ദാക്കലുകൾ നിരവധി കുടുംബങ്ങൾക്ക് തടസ്സം ഉണ്ടാക്കിയിരുന്നു. വിമാനസർവീസുകളുടെ കുറവ് മൂലം നിരവധി കുട്ടികൾക്ക് ഇന്ന് രാവിലെ സ്കൂളിൽ എത്താൻ സാധിക്കില്ല.

പല വിമാന സർവീസുകളും അവസാന നിമിഷം റദ്ദാക്കുന്നതിനാൽ ഇവ യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണ്. നിലവിലുള്ള വെല്ലുവിളി നിറഞ്ഞ പ്രവർത്തനാന്തരീക്ഷം മൂലമാണ് ഞായറാഴ്ച എൺപതോളം വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നതെന്ന് ഈസിജെറ്റ് അറിയിച്ചു. തങ്ങളുടെ തീരുമാനം മൂലം യാത്രക്കാർക്ക് ഉണ്ടായ അസൗകര്യങ്ങൾക്കു ക്ഷമ ചോദിക്കുന്നതായും അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് സാധ്യമായ എല്ലാം സഹായവും എയർലൈൻ നൽകുമെന്നും അറിയിച്ചു. തങ്ങളുടെ ഉപഭോക്തൃ സേവന സമയം രാവിലെ 7 മുതൽ വൈകുന്നേരം 11:00 വരെ നീട്ടിയതായും ഹോട്ടൽ താമസസൗകര്യം കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നതായും അധികൃതർ പറഞ്ഞു. ചരക്ക്, മീറ്റ് സംസ്കരണ വ്യവസായങ്ങളിൽ ചെയ്തതുപോലെ ഹ്രസ്വകാലത്തേക്കെങ്കിലും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്നും പ്രത്യേക ഇമിഗ്രേഷൻ നൽകണമെന്നും വിമാനക്കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബംഗ്ലാദേശിലെ ചിറ്റഗോംഗിലുള്ള തീപിടിത്തത്തിൽ 49 പേർ വെന്തുമരിച്ചു. നൂറുകണക്കിനാളുകൾക്കാണ് ഗുരുതര പരുക്കേറ്റത്. ഷിപ്പിംഗ് കണ്ടെയ്നറിൽ തീപിടിച്ചാണ് അപകടം സംഭവിച്ചത്. ചില കണ്ടെയ്നറുകളിൽ രാസവസ്തുക്കൾ ഉണ്ടായിരുന്നതാണ് തീപിടുത്തത്തിലേയ്ക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്.

പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരിച്ചവരുടെ എണ്ണം ഇതിലും കൂടാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശത്തെ ആശുപത്രികൾ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്തദാനത്തിനായി ആളുകൾ മുന്നോട്ട് വരണമെന്നുള്ള അഭ്യർത്ഥന അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് .

തീപിടുത്തത്തെ തുടർന്ന് നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും പോലീസും സന്നദ്ധപ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. തീയണക്കാൻ ശ്രമിച്ചപ്പോൾ വൻ സ്ഫോടനം ഉണ്ടായത് രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് കാരണമായി. ബംഗ്ലാദേശിൽ വ്യവസായമേഖലയിൽ തീപിടിത്തം സർവ്വ സാധാരണമാണ്. മോശം സുരക്ഷാ മാനദണ്ഡങ്ങളാണ് അപകടത്തിലേക്ക് വഴിവെക്കുന്നതെന്ന ആക്ഷേപം പരക്കെയുണ്ട് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വിൻഡ്‌സറിൽ ആദ്യ ജന്മദിനം ആഘോഷിച്ച് ലില്ലിബെറ്റ്. ഹാരിയും മേഗനും യുകെയിൽ എത്തിയതും ലില്ലിബെറ്റിന്റെ ആദ്യ ജന്മദിനം അവിടെ ആഘോഷിക്കുന്നതും രാജ്ഞിക്ക് ഏറെ സന്തോഷം നൽകുന്ന അവസരമായി മാറി. ഫ്രോഗ്‌മോർ കോട്ടേജിലാണ് ജന്മദിനാഘോഷ ചടങ്ങ് നടന്നത്. അതേസമയം, പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഹാരിയും മേഗനും ചാൾസും കാമിലയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയും നടത്തിയതായും റിപ്പോർട്ടുണ്ട്. ബക്കിംഗ്ഹാം കൊട്ടാരവും ചാൾസും കാമിലയും വില്യമും കേറ്റും ട്വിറ്ററിൽ ലിലിബെറ്റിന് ജന്മദിനാശംസകൾ നേർന്നു. വളരെ സ്വകാര്യമായാണ് ജന്മദിനാഘോഷം നടന്നത്.

വിൻഡ്‌സറിലെ ഒരു സ്വകാര്യ മീറ്റിംഗിൽ രാജ്ഞി ലില്ലിബെറ്റിനെ നേരിൽ കണ്ടതായി ഡെയിലിമെയിൽ നേരത്തെ തന്നെ റിപ്പോർട്ട്‌ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിൽ പങ്കെടുത്ത ശേഷം വിൻഡ്‌സറിലെ ഫ്രോഗ്‌മോർ കോട്ടേജിലേക്കാണ് ഹാരി തിരിച്ചെത്തിയത്. ഇവിടെ വെച്ചായിരുന്നു മകളുടെ ആദ്യ ജന്മദിനാഘോഷവും.

ലില്ലിബെറ്റ് ഡയാന മൗണ്ട്ബാറ്റണ്‍-വിന്‍സര്‍ എന്നാണ് കുട്ടിയുടെ പൂർണനാമം. എലിസബത്ത് രാജ്ഞിയുടെ വിളിപ്പേരാണ് ലില്ലിബെറ്റ്. ഹാരി രാജകുമാരന്റെ അമ്മയുടെ പേരാണ് ഡയാന. ബ്രിട്ടീഷ് രാജ്ഞിമാരുടെ നിരയില്‍ എട്ടാം സ്ഥാനക്കാരിയാണ് ലില്ലിബെറ്റ്. മകളുടെ ജന്മദിനം രാജ്ഞിക്കൊപ്പം ആഘോഷിക്കാൻ ഹാരി തീരുമാനിച്ചത് രാജ കുടുംബാംഗങ്ങൾക്കും ഏറെ സന്തോഷം പകരുന്ന വാർത്തയാണ്. അതേസമയം, സെന്റ് പോൾസ് ചർച്ചിലെ ചടങ്ങിൽ പങ്കെടുത്തിട്ടും വില്യമും ഹാരിയും പരസ്പരം സംസാരിക്കാത്തത് ബ്രിട്ടീഷ് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായാണ് സഹോദരങ്ങള്‍ അവസാനമായി പരസ്പരം കണ്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും 20 മിനിറ്റ് പവർ നാപ്പുകൾ അനുവദിക്കണമെന്ന് പഠനം. ട്രെയിനി ഡോക്ടർമാരിൽ പകുതിയും കൺസൾട്ടന്റുമാരും നേഴ്സുമാരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ പലപ്പോഴും അപകടം ഉണ്ടായിട്ടുണ്ട്. എയർലൈൻ വ്യവസായത്തിലെന്നപോലെ എൻഎച്ച്എസിലും ഫാറ്റിഗ് റിസ്ക് മാനേജ്മെന്റ് ഒരു മാനദണ്ഡം ആയി മാറണം എന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാരുടെ കുറവ് കാരണം ഇതിനകം ക്ഷീണിതരായ നേഴ്സുമാർക്ക് ആവശ്യമായ ഇടവേളകൾ ലഭിക്കില്ലെന്ന് ഒരു നഴ്സിംഗ് യൂണിയൻ പറഞ്ഞു. 20 മണിക്കൂറോളം ഉണർന്നിരുന്നതിനുശേഷം ശരീരത്തിന് ഏറ്റവും കൂടുതൽ ഉറക്കം ആവശ്യമായ സാഹചര്യത്തിൽ വാഹനമോടിക്കുന്നത് മദ്യപിച്ച് വാഹനമോടിക്കുന്നതു പോലെ തന്നെ അപകടകരമാണെന്നും ഗവേഷണങ്ങൾ കാണിക്കുന്നു.

16 മുതൽ 18 മണിക്കൂർ വരെ ഉണർന്നിരിക്കുന്നത് രോഗികളുമായി ഇടപെടാനുള്ള ഡോക്ടറുടെ കഴിവിനെ ബാധിക്കും എന്നും 12 മണിക്കൂർ ഷിഫ്റ്റിന് ശേഷം വീട്ടിലേക്ക് വാഹനമോടിക്കുന്നവർ എട്ട് മണിക്കൂർ ഷിഫ്റ്റിലുള്ളവരെ അപേക്ഷിച്ചു അപകടം ഉണ്ടാവാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം കണ്ടെത്തി.
കൂടാതെ രണ്ടോ അതിലധികമോ രാത്രികൾ നിയന്ത്രിത ഉറക്കം മാത്രം ലഭിച്ച ഒരു വ്യക്തിക്ക് അതിൽ നിന്ന് സാധാരണ നിലയിലേക്ക് എത്താൻ കുറഞ്ഞത് രണ്ടു രാത്രികൾ എങ്കിലും എടുക്കുമെന്നും വിദഗ്ധർ കണ്ടെത്തി. രാത്രിയുടെ ആദ്യപകുതി ജീവനക്കാർ ഒരു പവർ നാപ്പ് എടുക്കുകയാണെങ്കിൽ പിന്നീട് ഒരു മൈക്രോസ്ലീപ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ന്യൂകാസിൽ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡോ നാൻസി റെഡ്ഫെർൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിവരസാങ്കേതികവിദ്യയിൽ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രാവീണ്യം കൂട്ടുന്നതിനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചു. ഏതാനും വർഷത്തിനുള്ളിൽ 90% ജോലികൾക്കും നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വിവരസാങ്കേതികവിദ്യയിലുള്ള അറിവുകൾ ഒരു പ്രധാന ഘടകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മുൻകൂട്ടി കണ്ടാണ് എൻഎച്ച്എസ് തങ്ങളുടെ ജീവനക്കാർക്ക് അവരുടെ കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നത്.


ഭാവിയിലെ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ നേഴ്സുമാരും മിഡ് വൈഫറി മേഖലയിലെ ജീവനക്കാരും സജ്ജരാണോ എന്ന് പരിശോധിക്കാനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചു. ഇതിൻറെ ഭാഗമായി ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിംഗ് ഇൻഫർമേഷൻ ഓഫീസർ ഡോ. നടാഷ ഫിലിപ്സിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു.

ഇതിനോടകം തന്നെ നേഴ്സുമാരുടെ ബിരുദ പാഠ്യപദ്ധതിയിൽ ഡേറ്റ അനാലിസിസ്,ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവ ഉൾപ്പെടുത്തപെട്ടു കഴിഞ്ഞു. എന്നിരുന്നാലും കാലാകാലങ്ങളിൽ മാറിവരുന്ന സാങ്കേതികവിദ്യയിൽ തങ്ങളുടെ ജീവനക്കാരെ എങ്ങനെ പ്രാപ്തരാക്കണമെന്നാണ് പുതിയ കമ്മിറ്റി അവലോകനം ചെയ്യുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

റാപ്പറും പ്രശസ്തഗായിക എമേലി സാൻഡെയുടെ മുൻ കാമുകനുമായ ഹൈപ്പോ ജൂബിലി പാർട്ടിക്കിടെ കുത്തേറ്റു മരിച്ചു. കിഴക്കൻ ലണ്ടനിലെ റെഡ്ബ്രിഡ്ജിലെ ബാഷിൽ ജനക്കൂട്ടത്തിൻെറ മുന്നിൽവച്ചാണ് ഹൈപ്പോ എന്ന പേരിൽ അറിയാപ്പെടുന്ന ലാമർ ജാക്സൺ ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും 39 കാരൻ മരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തിലെ ദൃക്സാക്ഷികളോട് മുന്നോട്ടു വരുവാനും പോലീസിനെ സഹായിക്കുവാനും അഭ്യർത്ഥിക്കുന്നതായി ഡെപ്യൂട്ടി ചീഫ് ഇൻസ്‌പെക്ടർ ലോറൻസ് സ്മിത്ത് പറഞ്ഞു. അന്വേഷണത്തിന് സഹായിക്കുന്ന രീതിയിൽ എന്തെങ്കിലും തരത്തിലുള്ള വാർത്ത ഉണ്ടെങ്കിലും അത് പോലീസുമായി പങ്കുവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഒടുവിൽ ആ മുഹൂർത്തം വന്നെത്തി. ലില്ലിബെറ്റിനെ നേരിൽ കണ്ട് എലിസബത്ത് രാജ്ഞി. ഹാരിയും മേഗനും യുകെയിൽ എത്തി രണ്ട് ദിവസങ്ങൾക്കുള്ളിൽ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയെന്നും വിൻഡ്‌സറിലെ ഒരു സ്വകാര്യ മീറ്റിംഗിൽ വെച്ച് രാജ്ഞി ലില്ലിബെറ്റിനെ കണ്ടെന്നും ഡെയിലിമെയിൽ റിപ്പോർട്ട്‌ ചെയ്തു. ഹാരിയും മേഗനും മക്കളോടൊപ്പം ബുധനാഴ്ചയാണ് സ്വകാര്യ ജെറ്റിൽ ബ്രിട്ടനിലെത്തിയത്. തുടർന്നാണ് രാജ്ഞിയെ കാണാൻ എത്തിയത്. തികച്ചും വൈകാരികമായ കുടുംബ സംഗമമായിരുന്നു നടന്നത്. ലിലിബെറ്റ് ഇന്ന് തന്റെ ആദ്യ ജന്മദിനം യുകെയിൽ ആഘോഷിക്കും.

ഇന്നത്തെ ആഘോഷപരിപാടികളിൽ രാജ്ഞി പങ്കെടുക്കില്ലെന്ന് കൊട്ടാരം നേരത്തെ തന്നെ അറിയിച്ചിരുന്നു. എപ്‌സം ഡെർബിയിലേക്കുള്ള യാത്ര റദ്ദാക്കി. ഒപ്പം ഇന്ന് രാത്രി കൊട്ടാരത്തിൽ നടക്കുന്ന പാർട്ടിയിലും രാജ്ഞി പങ്കെടുക്കില്ല. അതിനാൽ തന്നെ ലില്ലിബെറ്റിനോടും ആർച്ചിയോടുമൊപ്പം സമയം ചെലവഴിക്കാനാകും രാജ്ഞി ശ്രമിക്കുക. ചാൾസ് രാജകുമാരനും തന്റെ കൊച്ചുമക്കളെ കാണും.

എലിസബത്ത് രാജ്ഞിയുടെ ഓമനപ്പേരാണ് ലില്ലിബെറ്റ്. ഹാരിയുടെ മകൾക്ക് ലില്ലിബെറ്റ് എന്ന പേരിടാൻ രാജ്ഞിയോട് അനുമതി തേടിയില്ലെന്ന ബിബിസി വാർത്ത കഴിഞ്ഞ വർഷം വലിയ വിവാദങ്ങൾക്ക് കാരണമായി. എന്നാൽ, രാജ്ഞിയോട് ഇക്കാര്യം മുൻകൂട്ടി പറഞ്ഞിരുന്നതായും അനുമതി നൽകിയില്ലായിരുന്നെങ്കിൽ ഈ പേര് ഉപയോഗിക്കില്ലായിരുന്നുവെന്നും ഹാരിയുടെയും മേഗന്റെയും വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലണ്ടനിലെ ഏറെ പ്രശസ്തമായ ക്യാമ്ഡെൻ മാർക്കറ്റ് വിൽപ്പനയ്ക്കായി തീരുമാനിച്ചിരിക്കുകയാണ്. നിലവിലുള്ള മാർക്കറ്റ് ഉടമസ്ഥന് ഏകദേശം 1.5 ബില്യൺ പൗണ്ട് ലഭിച്ചാൽ മാത്രമേ ഡീൽ നടക്കൂ എന്നാണ് വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. ഇൻവെസ്റ്റ്മെന്റ് ബാങ്ക് ഉടമകളായ റോത്സ്ചൈൾഡ് & കമ്പനി ആണ് നിലവിൽ വിൽപ്പനയുടെ പ്രക്രിയകളെല്ലാം തന്നെ മേൽനോട്ടം വഹിക്കുന്നത്. 16 ഏക്കറോളം വരുന്ന മാർക്കറ്റിൽ ആയിരത്തോളം സ്റ്റോളുകൾ, ബാറുകൾ, കടകൾ, കഫെകൾ എന്നിവയെല്ലാം തന്നെയുണ്ട്. ഏറ്റവും മികച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനും കൂടിയാണ് ക്യാമ്ഡെൻ മാർക്കറ്റ്. 1960 കളിലെ കൗണ്ടർ – കൾച്ചറൽ പ്രസ്ഥാനങ്ങളുടെ ഏറ്റവും മികച്ച കേന്ദ്രം കൂടിയായിരുന്നു ഈ മാർക്കറ്റ്.

തുടക്കത്തിൽ ചെറിയ തോതിൽ പ്രവർത്തനമാരംഭിച്ച ഈ മാർക്കറ്റ് പിന്നീടാണ് ഇപ്പോഴത്തെ നിലയിൽ എത്തിച്ചേർന്നത്. നിലവിൽ ഒരു വർഷം ഏകദേശം 28 മില്യൻ സന്ദർശകർ ഇവിടെ എത്തിച്ചേരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ഇസ്രയേലി കോടീശ്വരനായ ടെഡി സാഗിയാണ് മാർക്കറ്റിന്റെ ഉടമസ്ഥൻ. 3 വ്യത്യസ്ത സോണുകൾ ആണ് ഇവിടെ ഉള്ളത് – ക്യാമ്ഡെൻ ലോക്ക് മാർക്കറ്റ്, സ്റ്റേബിൾസ് മാർക്കറ്റ്, ബക്ക് സ്ട്രീറ്റ് മാർക്കറ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved