ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻ എച്ച് എസ് വിദഗ്ദ്ധരായിട്ടുള്ള നേഴ്സുമാരുടെ അഭാവത്തിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന റിപ്പോർട്ട് പുറത്തു വന്നു. കഴിഞ്ഞ വർഷം മാത്രം 40000 ത്തിൽ അധികം നേഴ്സുമാരാണ് എൻ എച്ച് എസിൽ നിന്ന് ജോലി ഉപേക്ഷിച്ചത്. ഇവരിൽ അധികം പേരും തങ്ങളുടെ പ്രവർത്തി പരിചയത്തിൽ വളരെ മുൻ പന്തിയിൽ ഉള്ളവരാണ്. എൻ എച്ച് എസിൻെറ സുഗമമായ പ്രവർത്തനത്തിന് 50,000 ത്തിൽ അധികം നേഴ്‌സുമാരെ കൂടുതലായി എടുക്കാൻ പാർലമെന്റ് അനുമതി നൽകിയെങ്കിലും ഇത് പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതും കൂടി കൂട്ടിവായിക്കുമ്പോൾ യുകെയുടെ അഭിമാനമായ നാഷണൽ ഹെൽത്ത് സർവീസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്ന് മനസിലാക്കാൻ സാധിക്കും.

ശമ്പളക്കുറവും ജോലിയിൽ നിന്നുള്ള കടുത്ത സമ്മർദ്ദവുമാണ് പലരെയും എൻ എച്ച് എസ് ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് തിങ്ക് ടാങ്കിൽ നിന്നുള്ള ഡോ. ബില്ലി പാമർ പറഞ്ഞു. സ്കോട്ട്ലൻഡിലും ജോലി ഉപേക്ഷിക്കുന്ന നേഴ്‌സുമാരുടെ അനുപാതം ഇംഗ്ലണ്ടിന് സമാനമാണ്. വെയിൽസിലും വടക്കൻ അയർലണ്ടിലും സമാനമായ വിവരങ്ങൾ കിട്ടാനിലെങ്കിലും അവിടെയും സ്‌ഥിതി വ്യത്യസ്ഥമല്ലെന്നാണ് സൂചനകൾ. ജീവിത ചിലവ് പ്രതിസന്ധി രൂക്ഷമാകുമ്പോൾ അതിനെ അതികരിക്കാനുള്ള ശമ്പള വർദ്ധനവ് ഉണ്ടായില്ലെങ്കിൽ സ്‌ഥിതി കൂടുതൽ വഷളാവുമെന്ന് എൻ എച്ച് എസ് മാനേജർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.