Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിസ്തുമസിൻ്റെയും പുതുവത്സരത്തിൻ്റെയും നാളുകൾ യുകെയിൽ ആഘോഷത്തിന്റേതാണ്. അവധിയും ബന്ധുക്കളും സുഹൃത്തുക്കളും ആയുള്ള ഒത്തു ചേരലുകളും ഒക്കെയായി സന്തോഷത്തിന്റെ ദിനങ്ങളാണ് ക്രിസ്തുമസ് കാലം സമ്മാനിക്കുന്നത്. ഉറ്റവർക്കുള്ള സമ്മാനങ്ങളും, ഫുഡ്, യാത്ര, വീട് അലങ്കരിക്കൽ തുടങ്ങിയ വിവിധ ഇനങ്ങളിലായി 700 പൗണ്ടിനും 1000 പൗണ്ടിനും ഇടയിൽ ഓരോ കുടുംബവും ഈ കാലഘട്ടത്തിൽ ചിലവഴിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.


ഈ വർഷം ക്രിസ്തുമസ് ഡിന്നർ ആസ്വദിക്കുന്നതിന് ചിലവാകുന്ന തുകയിൽ അൽപം കുറവുണ്ടാകുമെന്ന ആശ്വാസവാർത്ത പുറത്തു വന്നു. ടർക്കിയുടെയും ബ്രസ്സൽസ് സ്പ്രൗട്ടിൻ്റെയും വില കുറഞ്ഞതാണ് ഇതിന് കാരണം. ബ്രസ്സൽസ് സ്പ്രൗട്ടിൻ്റെ വിലയിൽ 12 ശതമാനം കുറവാണ് ഉണ്ടായത്. അതേസമയം 10lb ഭാരമുള്ള ഫ്രോസൺ ടർക്കിയുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.21 പൗണ്ട് കുറവായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ക്രിസ്തുമസിന് ഇംഗ്ലീഷുകാരുടെ തീൻമേശയിലെ ഏറ്റവും പ്രധാന വിഭവങ്ങളിൽ ഒന്നാണ് ടർക്കി റോസ്റ്റ് . പരമ്പരാഗതമായി തുടർന്നു വരുന്ന ആചാരത്തിന്റെ ഭാഗമായാണ് ഇംഗ്ലീഷ് തീൻമേശയിൽ ടർക്കി സ്ഥാനം പിടിക്കുന്നത്.


ടർക്കിയുടെ വില കുറഞ്ഞങ്കിലും മറ്റു ചില ഭക്ഷണ വസ്തുക്കളുടെ വിലയിൽ സാരമായ ഉയർച്ച ഉണ്ടായതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. കിഴങ്ങ് വർഗ്ഗങ്ങളുടെ വിലയിലാണ് കുതിച്ചു കയറ്റം ഉണ്ടായത്. കാലാവസ്ഥയിലെ മാറ്റം ആണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്. കാലം തെറ്റി വന്ന മഴ മൂലം ഈ വിഭാഗത്തിൽപ്പെട്ട പച്ചക്കറികളുടെ നടിലിൽ താമസമുണ്ടായതാണ് ക്രിസ്തുമസ് സീസണിലെ വിളവെടുപ്പ് പ്രതിസന്ധിയിലാക്കിയതിനും വില ഉയരാൻ കാരണമായതിനും പിന്നിൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടന്റെ ഹൃദയത്തിലേക്ക് പ്രവേശനം ലഭിക്കാൻ ആൻഡ്രൂ രാജകുമാരനുമായുള്ള ബന്ധം ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ചാരൻ്റെ പേര് പുറത്തു വിടണമെന്ന ആവശ്യം ഭൂരിഭാഗം എംപിമാരും മുന്നോട്ടുവെച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ബ്രിട്ടനും ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ ധൃതി കാട്ടുകയാണെന്ന അഭിപ്രായവും എംപിമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് അടുത്തവർഷം വരെ കാലതാമസം വരുത്തിയിരുന്ന, ഫോറിൽ ഇൻഫ്ളുവൻസ് രജിസ്ട്രേഷൻ സ്കീം ( എഫ് ഐ ആർ എസ് ) പുനരുജീവിപ്പിക്കുവാനുള്ള സമയപരിധി ഈ ആഴ്ച തന്നെ നിശ്ചയിക്കാനും, അതോടൊപ്പം തന്നെ ചൈനയെ ഭീഷണി ഉണ്ടാക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഉയർന്ന ലിസ്റ്റിലേക്ക് പ്രവേശിപ്പിക്കാനുള്ള സമ്മർദ്ദം മന്ത്രിമാർക്ക് ഉണ്ടാകും. ബ്രിട്ടനിൽ നിന്ന് പുറത്താക്കപ്പെട്ട ചൈനീസ് വ്യവസായിയും യോർക്ക് ഡ്യൂക്കായ ആൻഡ്രൂ രാജകുമാരനുമായുള്ള അടുപ്പത്തെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾക്ക് ശേഷം ചൈനയോടുള്ള സർക്കാരിൻ്റെ ഊഷ്മളമായ സമീപനത്തെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്നവരിൽ ലേബർ എംപിമാരും ഉൾപ്പെടുന്നുണ്ട്. കേസിന്റെ പൂർണ്ണമായ വസ്തുതകൾ അറിയുവാൻ ജനങ്ങളും അർഹരാണെന്ന് ഷാഡോ വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി. എഫ് ഐ ആർ എസിന്റെ ഉയർന്ന ലിസ്റ്റിലേക്ക് ചൈനയെ ഉൾപ്പെടുത്തുവാൻ ലേബർ സർക്കാർ തയ്യാറാകുമോ എന്നത് ഇനിയും വ്യക്തമായിട്ടില്ല.


ഈ പദ്ധതി പ്രാവർത്തികമാക്കുവാൻ തരത്തിൽ പ്രവർത്തനക്ഷമമാണെന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വ്യക്തമാക്കി. എന്നാൽ നിലവിലുള്ള പദ്ധതി പര്യാപ്തമല്ലെന്ന മറുപടിയാണ് ലേബർ പാർട്ടി ഉന്നയിക്കുന്നത്. നിലവിൽ ചൈനീസ് ചാരന്റെ പേര് വെളിപ്പെടുത്തുന്നത് തടയുന്ന കോടതി ഉത്തരവ് നിലവിലുണ്ട്. എന്നാൽ അത് ചിലപ്പോൾ നീങ്ങിയേക്കാമെന്ന സൂചനയും നിലനിൽക്കുന്നു. ചാരൻ്റെ പേര് വെളിപ്പെടുത്തണമെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പും ആവശ്യപ്പെട്ടു. ഈ വർഷം അവസാനം പ്രധാനമന്ത്രി സ്റ്റാർമർ ചൈന സന്ദർശിക്കാൻ ഇരിക്കെയാണ് നിലവിലുള്ള ഈ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂയോർക്കിനും ലണ്ടനും ഇടയ്ക്ക് മണിക്കൂറിൽ 3000 മൈൽ വേഗത്തിൽ ചീറിപ്പായുന്ന ട്രെയിനുകൾ. നെറ്റി ചുളിക്കണ്ട, ഇത് ഭാവിയിൽ യാഥാർത്ഥ്യം ആയേക്കാം. വെറും 54 മിനിറ്റ് കൊണ്ട് യുകെയേയും ന്യൂയോർക്കിനെയും ബന്ധിപ്പിക്കുന്ന മെഗാ ടണൽ നിർമ്മിക്കാൻ പദ്ധതിയിടുന്നതായുള്ള വാർത്തകൾ പുറത്തു വന്നു കഴിഞ്ഞു. നിലവിൽ 8 മണിക്കൂറാണ് ന്യൂയോർക്കും ലണ്ടനും തമ്മിലുള്ള സമയം. ഇതാണ് ഒരു മണിക്കൂറിൽ താഴെയായി ചുരുങ്ങുന്നത്.


ഹൈപ്പർ ലൂപ്പ് സാങ്കേതികവിദ്യയിലൂടെയാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്ക് ഹൈപ്പർ ലൂപ്പ് സാങ്കേതികവിദ്യയുടെ കടുത്ത ആരാധകനാണ്. യുകെയെയും യുഎസിനേയും ബന്ധിപ്പിക്കുന്ന ഹൈപ്പർ സോണിക് അണ്ടർ വാട്ടർ ടണലിൽ ട്രെയിനുകൾ 3000 മൈൽ വേഗതയിൽ സഞ്ചരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ സ്വപ്ന പദ്ധതി നടപ്പിലാകുന്നതിന് ഏകദേശം 16 ബില്യൺ പൗണ്ട് ചിലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വാക്വം ട്യൂബ് സാങ്കേതികവിദ്യയിലൂടെയാണ് ട്രെയിനുകൾക്ക് ഇത്രയും സഞ്ചാര വേഗം ആർജിക്കാൻ സാധിക്കുന്നത്. വാക്വം ട്യൂബ് സാങ്കേതികവിദ്യയിൽ വായു പ്രതിരോധം തീരെയില്ല. എന്നാൽ 2 ആഗോള നഗരങ്ങൾ തമ്മിലുള്ള 3000 മൈൽ ദൂരത്തിൽ പാത നിർമ്മിക്കാൻ എത്ര സമയം എടുക്കും എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.


വാക്വം ട്യൂബ് സാങ്കേതികവിദ്യ പ്രാവർത്തികമാക്കാൻ മാത്രമായി ഇലോൺ മസ്ക് ദി ബോഗിംഗ് എന്ന കമ്പനി സ്ഥാപിച്ചിരുന്നു. 2013 – ലാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോൺ മസ്ക് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിലും ചൈനയിലും ഈ സാങ്കേതികവിദ്യയുടെ പരീക്ഷണം നടക്കുന്നുണ്ട്. വിമാനത്തിൽ യാത്ര ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹാർദ്ദവുമായിരിക്കും ഈ യാത്രാ മാർഗ്ഗമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. എങ്കിലും നിലവിലെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ടണൽ നിർമ്മിക്കാൻ വർഷങ്ങൾ എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നാല് വർഷം മുൻപ് മാത്രം ലണ്ടനിൽ എത്തിയ മലയാളി ദമ്പതികൾ നഗര ഹൃദയത്തിൽ വ്യാജ ഹാരി പോട്ടർ ഗിഫ്റ്റ് ഷോപ്പുകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. ലണ്ടൻ സെൻട്രിക് മീഡിയ എന്ന ഓൺലൈൻ മാധ്യമമാണ് കടകളുടെ പിന്നിൽ പ്രവർത്തിക്കുന്ന മലയാളികളുടെ പേരു വിവരം സഹിതം വാർത്ത പ്രസിദ്ധീകരിച്ചത്. മലയാളികളായ സഫൂറായും ഭർത്താവ് ഷെഫീഖ് പള്ളിവളപ്പിലുമാണ് പ്രസ്തുത കടകളുടെ നടത്തിപ്പുകാർ.

ഈ നാല് കടകളിലൂടെ ഇവർ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതായുള്ള ആരോപണമാണ് പുറത്ത് വരുന്നത്. കടയുടെ യഥാർത്ഥ ഉടമകളെ കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്ന് വരുന്നുണ്ട്. കോടികൾ മുതല്‍മുടക്ക് വരുന്ന കട ഇവരുടെ സ്വന്തമാണോ അതോ ഇവർ ആരുടെയെങ്കിലും ബിനാമികളായി പ്രവർത്തിക്കുകയാണോ എന്ന ചോദ്യങ്ങളും ഉയർന്ന് വരുന്നുണ്ട്. ഇവരുടെ കടയിലെത്തി സാധനങ്ങൾ വാങ്ങിക്കാൻ വന്ന ഉപഭോക്താവ് ലണ്ടൻ സെൻട്രിക് എന്ന ഓൺലൈൻ പോർട്ടലിന് നൽകിയ വിവരങ്ങളാണ് വ്യാജ ബിസിനസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തെത്തിക്കുന്നതിന് കാരണമായത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ലണ്ടൻ ആസ്ഥാനമായ ഓൺലൈൻ മാധ്യമത്തിന്റെ റിപ്പോർട്ടേഴ്സ് നടത്തിയ അന്വേഷണമാണ് മലയാളി ദമ്പതികൾക്ക് വിനയായത്. ഇവരുടെ വ്യാജ ബിസിനസ് മൂലം സിറ്റി ഓഫ് ലണ്ടൻ കൗൺസിലിന് ലക്ഷക്കണക്കിന് പൗണ്ടിന്റെ നികുതി നഷ്ടം ഉണ്ടായതായാണ് ആരോപിക്കപ്പെടുന്നത്. മലയാളി ദമ്പതികളുടെ 4 ഷോപ്പുകളെ കൂടാതെ മറ്റ് വേറെ 8 അനധികൃത ഷോപ്പുകളും പ്രവർത്തിക്കുന്നതായുള്ള വിവരം ഓൺലൈൻ മാധ്യമം പുറത്തു വിട്ടിട്ടുണ്ട്. എന്നാൽ വാർത്തയുടെ നിജസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരാനുണ്ട്. പ്രസ്തുത വിഷയം ഹോം ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം ആരോപണ വിധേയായ സഫൂറ പുതുതലമുറ ബിസിനസുകാരുടെ ഇടയിൽ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. ലണ്ടനിലെ ഏറ്റവും മികച്ച സംരംഭകയായിട്ടാണ് സഫൂറ അറിയപ്പെടുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ വിജയകരമായി ബിസിനസ് ലോകത്ത് വളർന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്ക
പ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റെഡിങ്ങിൽ അന്തരിച്ച സാബു മാത്യുവിന്റെ പൊതുദർശനവും മൃത സംസ്കാരവും ഡിസംബർ 17-ാം തീയതി നടക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. അന്നേദിവസം രാവിലെ 10 മണിക്ക് റെഡിങിലെ സെൻ്റ് ജോസഫ് ചർച്ചിൽ ആണ് പൊതുദർശനം ഒരുക്കിയിരിക്കുന്നത്. തുടർന്ന് ഹെൻലി റോഡ് സെമിത്തേരി, ഓൾ ഹാലോസ് റോഡ്, കാവർഷാമിൽ ആണ് മൃതസംസ്കാരം നടക്കുന്നത്.

പള്ളിയുടെയും സെമിത്തേരിയുടെയും പൂർണവിലാസവും ഗൂഗിൾ മാപ്പും ചുവടെ കൊടുത്തിരിക്കുന്നു.

https://www.google.com/maps/embed?pb=!1m18!1m12!1m3!1d2486.126530490723!2d-1.0492416238379283!3d51.45583327180162!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x487699636774a7b1%3A0x8af0553db5344b3d!2sSt%20Joseph’s%20Church!5e0!3m2!1sen!2sin!4v1732838133088!5m2!1sen!2sin

Place of Funeral Service:St Joseph’s Church, Tilehurst, Reading, RG31 5JJ

https://www.google.com/maps/embed?pb=!1m18!1m12!1m3!1d2485.052263487241!2d-0.9577959238365219!3d51.47555497180601!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x48769ad0df8ca397%3A0x8d8e8b9f94b6a463!2sReading%20Cemetery%20%26%20Crematorium!5e0!3m2!1sen!2sin!4v1732838291310!5m2!1sen!2sin

Burial Site:Henley Road Cemetery, All Hallows Rd, Caversham, Reading, RG4 5LP

പള്ളിയിലും സെമിത്തേരിയിലും എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിൽ സ്റ്റാഫ് നേഴ്‌സായി ജോലിചെയ്‌തിരുന്ന സാബു മാത്യു (55 വയസ് )24/11/2024 ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് ആണ് നിര്യാതനായത് . പുളിയംതൊട്ടിയിൽ പരേതരായ പി എം മാത്യുവിന്റേയും, റോസമ്മ മാത്യുവിന്റെയും ഏഴു മക്കളിൽ ഇളയ മകനായ സാബു ഇംഗ്ലണ്ടിൽ റോയൽ ബെർക്ക്‌ഷയർ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു. 2003 മുതൽ കുടുംബസമേതം ഇംഗ്ലണ്ടിലുള്ള റെഡിങ്ങിലാണ് താമസം.
ഭാര്യ ഷാന്റി സാബു അതേ ഹോസ്പിറ്റലിൽ തന്നെ സീനിയർ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്നു.

മക്കൾ : ജൂന (യൂണിവേഴ്സിറ്റി വിദ്യാർത്ഥി) ജുവൽ (സിക്സ്ത് ഫോം)

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത കുടിയേറ്റ വിരുദ്ധ വികാരം ഉയർത്തിയാണ് കെയർ സ്റ്റാർമർ സർക്കാർ അധികാരത്തിലെത്തിയത്. അതുകൊണ്ടു തന്നെ അനധികൃത കുടിയേറ്റത്തെ കുറിച്ചുള്ള കണക്കുകൾ കുറയ്ക്കേണ്ടത് സർക്കാരിന് അനിവാര്യമാണ്. ലേബർ പാർട്ടി അധികാരത്തിലെത്തിയതിനു ശേഷം 2019 -ന് ശേഷമുള്ള 6 മാസത്തേക്കാൾ കൂടുതൽ അനധികൃത കുടിയേറ്റക്കാരെ യുകെയിൽ നിന്ന് നീക്കം ചെയ്തതായി ഹോം ഓഫീസിന്റെ വെളിപ്പെടുത്തലിന് ഈ പശ്ചാത്തലത്തിൽ വൻ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


ജൂലൈയിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിന് ശേഷം ഏകദേശം 13,460 പേരെ തിരിച്ചയച്ചതായി ആഭ്യന്തര ഓഫീസ് അറിയിച്ചു. അധികാരത്തിലെത്തിയതിനുശേഷം അനധികൃത കുടിയേറ്റം കുറയ്ക്കാനുള്ള സുരക്ഷാ നടപടികൾ തങ്ങളുടെ ഗവൺമെൻറ് ഫലപ്രദമായി നടപ്പിലാക്കിയെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു . എന്നാൽ പുറത്തുവരുന്ന കണക്കുകൾ അത്ര ശുഭകരമല്ല . ജൂലൈ 5 മുതലുള്ള കണക്കുകൾ അനുസരിച്ച് ഇതുവരെ 21 ,306 അനധികൃത കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിൽ രാജ്യത്ത് എത്തിയിട്ടുണ്ട്. ഈ വ്യാഴാഴ്ച മാത്രം 609 പേർ ആണ് എത്തിച്ചേർന്നത്. ഇതോടെ ഏറ്റവും കൂടുതൽ ആളുകൾ അനധികൃത കുടിയേറ്റത്തിൽ യുകെയിൽ എത്തിയ ഡിസംബർ മാസമാണ് 2024 ലേത് എന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഈ വർഷം ഇതുവരെ 34880 പേർ ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർദ്ധനവ് ആണ് ഈ കണക്കുകൾ കാണിക്കുന്നത്. എന്നാൽ 2022 – ലെ കുടിയേറ്റവുമായി താരതമ്യം ചെയ്യുമ്പോൾ കണക്കുകളിൽ 22 ശതമാനം കുറവുണ്ട് എന്നാണ് ഗവൺമെന്റിനെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും അനധികൃത കുടിയേറ്റം തടയുന്നതിൽ പരാജയപ്പെട്ടതായി കൺസർവേറ്റീവ് പാർട്ടി ശക്തമായി വിമർശനം ഉന്നയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നിർമ്മാണ തൊഴിലാളികളുടെ ഇടയിൽ ആത്മഹത്യാ നിരക്ക് കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ മേഖലയിലെ തൊഴിലാളികളിലെ മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ നാലിരട്ടി കൂടുതലാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓൺ ദി ടൂൾസ് എന്ന സ്ഥാപനം രാജ്യത്തെ 2.1 ദശലക്ഷം നിർമ്മാണ തൊഴിലാളികളിൽ 73 ശതമാനം പേരും മാനസികമായി രോഗബാധിതരാണെന്ന് കണ്ടെത്തിയ പഠനത്തിലാണ് സുപ്രധാന വിവരങ്ങൾ പുറത്തു വന്നത്. കഴിഞ്ഞ ദശകത്തിൽ മാത്രം നിർമ്മാണ മേഖലയിലെ തൊഴിലാളികളിൽ 70000 പേർ ജീവനൊടുക്കിയതായി പഠനം പറയുന്നു.


നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ഇടയിൽ ഇത്രയും ആത്മഹത്യാ നിരക്ക് കൂടുന്നതിനെ കുറിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന് ഓൺ ദി ടൂൾസിന്റെ ബ്രാൻഡ് മാനേജർ ആലീസ് ബ്രൂക്ക്സ് പറഞ്ഞു. സമാനമായ സാഹചര്യം ഡോക്ടർമാരുടെയോ അധ്യാപകരുടെയോ മറ്റ് ഏതെങ്കിലും തൊഴിൽ മേഖലയിൽ ഉണ്ടായിട്ടുണ്ടെങ്കിൽ വ്യാപക പ്രതിഷേധവും ചർച്ചകളും നേരത്തെ തന്നെ നടന്നേനെ എന്നാണ് അവർ അഭിപ്രായപ്പെട്ടത്. നമ്മുടെ ആശുപത്രികളും സ്കൂളുകളും റോഡുകളും നിർമ്മിക്കുന്നവർ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ അടിയന്തിരമായി പരിഗണിക്കപ്പെടണം എന്ന ആവശ്യം അവർ ചൂണ്ടിക്കാട്ടി. നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ കൗൺസിലിങ്ങിനായി 2.5 മില്യൺ പൗണ്ട് സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടത്തെ തുടർന്ന് പലരും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന സാഹചര്യം ഉണ്ടെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത് .


നിലവിൽ യുകെയിൽ നിർമ്മാണ മേഖലയിൽ കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇതോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നൈപുണ്യ ദൗർലഭ്യം, പ്രായമായ തൊഴിലാളികൾ, ബ്രെക്‌സിറ്റ് എന്നിവ തൊഴിൽ ശക്തി കുറയുന്നതിന് പിന്നിലെ ചില ഘടകങ്ങളാണെന്ന് ഹോം ബിൽഡേഴ്‌സ് ഫെഡറേഷൻ (എച്ച്ബിഎഫ്) പറഞ്ഞു. കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ട്രെയിനിംഗ് ബോർഡിൻ്റെ (സിഐടിബി) കണക്കനുസരിച്ച് നിലവിലെ തൊഴിലാളികൾ 2.67 ദശലക്ഷമാണ്. എന്നാൽ ഓരോ 10,000 പുതിയ വീടുകൾ നിർമ്മിക്കുന്നതിനും, ഈ മേഖലയ്ക്ക് 12 ട്രേഡുകളിലായി ഏകദേശം 30,000 പുതിയ റിക്രൂട്ട്‌മെൻ്റുകൾ ആവശ്യമാണെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഹൗസ് നിർമ്മാണ വ്യവസായത്തിൻ്റെ ട്രേഡ് ബോഡിയായ എച്ച്ബിഎഫ് പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്ലാസ്‌ഗോയിൽ റെയിൽവേ പാലത്തിൽ ഡബിൾഡക്കർ ബസ് ഇടിച്ചതിനെ തുടർന്ന് 8 പേർക്ക് പരിക്കുപറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. കുക്ക് സ്ട്രീറ്റിൽ ശനിയാഴ്ച നടന്ന അപകടത്തിൽ മൂന്നുപേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. 5 പേർ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് അടിയന്തിരമായി രക്ഷാപ്രവർത്തനങ്ങൾ നടന്നതായും അഞ്ച് പേരെ ആംബുലൻസിൽ ചികിത്സയ്ക്കായി ക്വീൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും സ്കോട്ട് ലൻഡ് പോലീസിന്റെ വക്താവ് പറഞ്ഞു.

ഫസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗ്ലാസ്‌ഗോയിലെ 4A റൂട്ടിലുള്ള തങ്ങളുടെ ബസുകളിലൊന്ന് ഏകദേശം വൈകുന്നേരം 6 മണിക്ക് അപകടത്തിൽ പെട്ടതായി കമ്പനിയുടെ വക്താവ് പറഞ്ഞു. സംഭവത്തെ കുറിച്ച് കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടാതെ പോലീസ് നടത്തുന്ന അന്വേഷണത്തെ സഹായിക്കുന്നുണ്ടന്നും കമ്പനി അറിയിച്ചു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം വളരെനേരം തടസ്സപ്പെട്ടിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലാകെ സ്നോമാൻനിംഗ് ഡേറ്റിംഗ് വ്യാപകമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു വ്യക്തി അവധിക്കാലത്തോ ശൈത്യകാലത്തോ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനെയാണ് സ്നോമാൻനിംഗ് ഡേറ്റിംഗ് എന്ന പേരിൽ വിശേഷിപ്പിക്കുന്നത്. ഇത്തരം ബന്ധങ്ങൾ അധികകാലം നീണ്ടു നിൽക്കുകയില്ല. അടുത്ത വസന്തത്തോടെ അപ്രത്യക്ഷമാകുന്ന ഇത്തരം ബന്ധങ്ങൾ പല രീതിയിലുള്ള ശാരീരിക മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.


സ്നോമാൻനിംഗ് ഡേറ്റിങ്ങിന്റെ ഫലമായി കുറഞ്ഞ ആവർത്തികളിൽ കൂടുതൽ ഇണകളുമായി ബന്ധം സ്ഥാപിക്കുന്നത് ഗൊണോറിയയും സിഫിലിസും പോലെയുള്ള ലൈംഗികമായി പകരുന്ന രോഗങ്ങൾക്ക് വ്യാപകമായി കാരണമാകുന്നതായുള്ള മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്. 24 മണിക്കൂറിനുള്ളിൽ പുതിയ ലൈംഗിക പങ്കാളികളുടെ താൽപര്യങ്ങളിൽ ഇഴുകി പോകുന്ന പ്രവണതയാണ് സ്നോമാൻനിംഗ് ഡേറ്റിംഗ്. അടുത്തിടെ നടന്ന ഒരു സർവ്വേയുടെ ഫലം അനുസരിച്ച് അഞ്ചിൽ ഒരു ബ്രിട്ടീഷുകാരൻ സ്നോമാൻനിംഗ് ഡേറ്റിംഗിൽ ഏർപ്പെടുന്നയാളാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വരുന്നത്.


80 ശതമാനം ബ്രിട്ടീഷുകാരും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുവെന്നതാണ് ഈ പ്രവണത വ്യാപകമാകുന്നതിൻ്റെ അനന്തരഫലമെന്നാണ് ഡോക്ടർമാർ പറയുന്നത്. 18 വയസ്സിൽ കൂടുതൽ പ്രായമുള്ള 2000 ബ്രിട്ടീഷുകാരിൽ നടത്തിയ ഒരു സർവ്വേയിൽ മൂന്നിലൊന്ന് പേർ ക്രിസ്മസ് വാരാന്ത്യത്തിൽ പലപ്പോഴും കാഷ്യൽ സെക്സിൽ ഏർപ്പെടുന്നുവെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി ജനപ്രിയമായി തുടരുന്ന ഒരു ക്രിസ്മസ് കഥാപാത്രവും ഗാനവും ആണ് ‘ഫ്രോസ്റ്റി ദി സ്നോമാൻ’. ഇതിൽ നിന്നാണ് സ്നോമാൻനിംഗ് ഡേറ്റിംഗ് എന്ന പേര് നിലവിൽ വന്നത്. ക്രിസ്മസ്, ന്യൂ ഇയർ അവധി കാലത്താണ് കൂടുതൽ ആളുകൾ സ്നോമാൻനിംഗ് ഡേറ്റിങ്ങിൽ ഏർപ്പെടുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത് . ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവർ കോണ്ടം ഉപയോഗിക്കാൻ വിമുഖത കാണിക്കുന്നത് ആണ് സ്ഥിതി വഷളാകുന്നതിന് ഒരു പ്രധാന കാരണം .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിലെ പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ സർക്കാരിന്റെ മുൻപിൽ ഒട്ടേറെ വെല്ലുവിളികളാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ പറഞ്ഞ പല വാഗ്ദാനങ്ങളും നടപ്പിലാക്കാൻ സർക്കാരിന് എത്രമാത്രം സാധിക്കും എന്നുള്ളമെന്നതിനെ കുറിച്ച് പല ആശങ്കകളും ഉയർന്നു കഴിഞ്ഞു. ശക്തമായ കുടിയേറ്റ വിരുദ്ധ വികാരവും എൻഎച്ച്എസിൻ്റെ കെടു കാര്യസ്ഥതയും ഉയർത്തി കാട്ടിയാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയത്. ഇതോടൊപ്പം അധികാരത്തിലെത്തിയാൽ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ലേബർ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു.


എന്നാൽ പ്രധാനമന്ത്രി അടുത്ത് പ്രഖ്യാപിച്ച 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നൈപുണ്യ ദൗർലഭ്യം, പ്രായമായ തൊഴിലാളികൾ, ബ്രെക്‌സിറ്റ് എന്നിവ തൊഴിൽ ശക്തി കുറയുന്നതിന് പിന്നിലെ ചില ഘടകങ്ങളാണെന്ന് ഹോം ബിൽഡേഴ്‌സ് ഫെഡറേഷൻ (എച്ച്ബിഎഫ്) പറഞ്ഞു.


എന്നാൽ നിർമ്മാണ മേഖലകളിൽ നേരിടുന്ന കടുത്ത ക്ഷാമം പരിഹരിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. 2024 ഓടെ 1.5 മില്യൺ വീടുകൾ പൂർത്തിയാക്കാനുള്ള ഭവന പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് നിർമ്മാണ തൊഴിലാളികളുടെ ക്ഷാമം നേരിടുമെന്ന വിമർശനത്തോടെ പ്രതിയാത്മകമായാണ് സർക്കാരും പ്രതികരിച്ചിരിക്കുന്നത്. കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ട്രെയിനിംഗ് ബോർഡിൻ്റെ (സിഐടിബി) കണക്കനുസരിച്ച് നിലവിലെ തൊഴിലാളികൾ 2.67 ദശലക്ഷമാണ്. എന്നാൽ ഓരോ 10,000 പുതിയ വീടുകൾ നിർമ്മിക്കുന്നതിനും, ഈ മേഖലയ്ക്ക് 12 ട്രേഡുകളിലായി ഏകദേശം 30,000 പുതിയ റിക്രൂട്ട്‌മെൻ്റുകൾ ആവശ്യമാണെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഹൗസ് നിർമ്മാണ വ്യവസായത്തിൻ്റെ ട്രേഡ് ബോഡിയായ എച്ച്ബിഎഫ് പറയുന്നു. പുറത്തുവരുന്ന ഈ വിവരങ്ങൾ അനുസരിച്ച് നിർമ്മാണ മേഖലയിൽ പ്രാവണ്യമുള്ള ഒട്ടേറെ തൊഴിലാളികളെ യുകെയിൽ ആവശ്യമായി വരും.

RECENT POSTS
Copyright © . All rights reserved