Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് ബാധിച്ചവർക്കുള്ള സിക്ക് പേ നിയമങ്ങളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡ് ബാധിച്ച ശേഷം ഒന്നാം ദിവസം മുതൽ ലഭ്യമായിരുന്ന സിക്ക് പേ, മാർച്ച് 24 മുതൽ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കോവിഡിനൊപ്പം ജീവിക്കുക എന്ന പുതിയ മാറ്റത്തിനായാണ് ഇത്തരം നടപടികൾ എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശദീകരിച്ചു.

നാലോ അതിലധികമോ ദിവസം രോഗം മൂലം ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവർക്ക് മാത്രമായിരിക്കും ഇനി മുതൽ സിക്ക് പേ ലഭ്യമാവുക. ഇതോടൊപ്പംതന്നെ സെൽഫ് – ഐസലേഷന് സഹായകരമായി നൽകിയിരുന്ന 500 പൗണ്ട് വീതമുള്ള അലവൻസും നിർത്തലാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

പകർച്ചവ്യാധിയുടെ തുടക്കത്തിൽ കോവിഡ് ബാധിച്ച ആദ്യ ദിവസം മുതൽ തന്നെ സിക്ക് പേ നൽകുവാൻ സർക്കാർ തീരുമാനിച്ചിരുന്നു. രോഗം പൂർണമായ തോതിൽ തടഞ്ഞു നിർത്തുന്നതിനാണ് ഇത്തരമൊരു തീരുമാനം അന്ന് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാൽ ഗവൺമെന്റിന്റെ ഈ തീരുമാനം നിരവധി വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഈ തീരുമാനത്തിനെതിരെ ട്രേഡ് യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


നിലവിൽ ഒരാഴ്ചയിൽ 96.35 പൗണ്ട് എന്നതോതിൽ 28 ദിവസത്തോളമാണ് സ്റ്റാറ്റ്യൂട്ടറി സിക്ക് പേ ലഭ്യമാകുന്നത്. ഗവൺമെന്റിന്റെ ഈ തീരുമാനം സാധാരണക്കാരായ ജോലിക്കാരെ നിർണായകമായ തോതിൽ ബാധിക്കുമെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്. രോഗം വരുന്നവർക്ക് സിക്ക് പേ ലഭ്യമാക്കാതിരുന്നാൽ, സാധാരണക്കാർ തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങുമെന്നും, ഇത് കൂടുതൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. നിർധനരായ ജീവനക്കാർക്ക് സിക്ക് പേ ലഭ്യമാകാതെ രോഗം വന്നാൽ വീടുകളിൽ ഇരിക്കാൻ സാധിക്കില്ലെന്നും, ഗവൺമെന്റ് ഈ തീരുമാനം മാറ്റണമെന്നുള്ള ശക്തമായ ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.


ഇതോടൊപ്പം തന്നെ എല്ലാവർക്കും ഫ്രീയായി ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതും ഗവൺമെന്റ് ഉടൻതന്നെ നിർത്തലാക്കുമെന്ന് പുതിയ കോവിഡ് മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. കോൺടാക്ട് ട്രെയിസിംഗ് സംവിധാനവും പൂർണമായി നിർത്തലാക്കും. കോവിഡ് പോസിറ്റീവ് ആകുന്നവർക്ക് ഉണ്ടായിരുന്ന നിർബന്ധമായ ക്വാറന്റൈനും പുതിയ മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിസിനസ് ഗ്രൂപ്പുകൾ എല്ലാം തന്നെ പ്രധാനമന്ത്രിയുടെ തീരുമാനത്തോടുള്ള തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കായിട്ടാണ് അവർ ഈ തീരുമാനങ്ങളെ കാണുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വളപ്പിലെ ന്യൂട്ടന്റെ ആപ്പിൾ മരം യൂനിസ് കൊടുങ്കാറ്റിൽ കടപുഴകി. 1954-ലാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ബോട്ടാണിക്കൽ ഗാർഡനിൽ ന്യൂട്ടൻെറ ആപ്പിൾമരം വച്ചുപിടിപ്പിച്ചത്. 68 വർഷമായി ബൊട്ടാണിക്കൽ ഗാർഡൻെറ ബ്രൂക്ക്സൈഡ് പ്രവേശനകവാടത്തിൽ നിലനിന്നിരുന്ന ആപ്പിൾ മരം മറിഞ്ഞുവീണത് വലിയ നഷ്ടമാണെന്ന് ഗാർഡൻ ക്യൂറേറ്റർ ഡോ. സാമുവൽ ബ്രോക്കിംഗ്ടൺ പറഞ്ഞു.

ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ തലയിൽ വീണപ്പോഴാണ് ന്യൂട്ടൻ ഗുരുത്വാകർഷണ നിയമത്തെക്കുറിച്ച് ആദ്യമായി ചിന്തിച്ചതെന്ന  കഥ ലോകപ്രശസ്തമാണ്. ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തിലേയ്ക്ക് നയിച്ച യഥാർത്ഥവൃക്ഷം ലിങ്കൺഷെയറിലെ ഗ്രന്ഥാമിലെ വൂൾസ്‌തോർപ്പ് മാനറിലാണ്. ന്യൂട്ടൻെറ യഥാർത്ഥ ആപ്പിൾ മരത്തിൽ നിന്ന് ബഡ് ചെയ്ത് വികസിപ്പിച്ച മൂന്ന് ആപ്പിൾ മരങ്ങളിൽ ഒന്നായിരുന്നു കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്നത്. യൂണിവേഴ്സിറ്റിയിലെ ആപ്പിൾ മരത്തിൽ നിന്ന് ഗ്രാഫ്റ്റ് ചെയ്ത വൃക്ഷം നട്ടുപിടിപ്പിച്ച് ന്യൂട്ടൻ ആപ്പിൾ മരത്തിൻെറ പാരമ്പര്യം നിലനിർത്താനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രണ്ട് വർഷം നീണ്ടുനിന്ന കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും പൂർണ്ണസ്വാതന്ത്ര്യം പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടൻ. ‘കോവിഡിനൊപ്പം ജീവിക്കുക’ എന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ഉടൻ പ്രഖ്യാപിക്കും. കോവിഡ് പോസിറ്റീവ് ആയവർക്കുള്ള സെൽഫ് ഐസൊലേഷൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിൽ ഇല്ലാതെയാകും. വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. സർക്കാരിന് വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന സൗജന്യ കോവിഡ് പരിശോധനയും നിര്‍ത്തലാക്കും. സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ ലഭ്യത കുറയുമോ എന്ന് വ്യക്തമല്ല. അതേസമയം പുതിയ പദ്ധതിയ്ക്കുള്ള ഫണ്ടിങ്ങിനെ ചൊല്ലി ട്രഷറിയും ആരോഗ്യ വകുപ്പും തമ്മിൽ തർക്കമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്.

തന്റെ പുതിയ പദ്ധതിയിലൂടെ സമൂഹത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്ന് ജോൺസൻ ഉറപ്പ് നൽകി. വാക്‌സിനുകളെയും പുതിയ ചികിത്സാരീതികളേയും മാത്രം ആശ്രയിച്ച് കോവിഡിനൊപ്പം ജീവിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. കോവിഡ് പരിശോധനയ്ക്കായി ജനുവരിയിൽ മാത്രം രണ്ട് ബില്യൺ പൗണ്ടാണ് സർക്കാർ ചിലവാക്കിയത്.

പ്രധാനമന്ത്രിയുടെ കോമൺസ് പ്രസ്താവനയ്ക്ക് മുൻപായി ഇന്ന് മന്ത്രിസഭയുമായി നടത്താനിരുന്ന യോഗം വൈകിയതായി ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. കോമൺസിലെ പ്രസ്താവനയ്ക്ക് ശേഷം, ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ സർ ക്രിസ് വിറ്റി, മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് എന്നിവരോടൊപ്പം പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്തും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫ്രാങ്ക്ലിൻ കൊടുങ്കാറ്റ് യുകെയിൽ ഇന്ന് ആഞ്ഞടിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. 80 മൈൽ വേഗതയുള്ള കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മിക്ക പ്രദേശങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. ജീവന് ഭീഷണിയാകുന്ന രീതിയിൽ വെള്ളം ഉയർന്നതോടെ വീടുകൾ വിടാൻ ആളുകൾ തയ്യാറായി. സൗത്ത് മാഞ്ചസ്റ്ററിലെ 400 ലധികം വീടുകൾ ഇതിനകം ഒഴിപ്പിച്ചു. യോർക്ക്ഷയറിലും നോർത്തേൺ അയർലൻഡിലും വെള്ളപൊക്കം ഉണ്ടായി.

നോർത്തേൺ അയർലൻഡിൽ നദികൾ കരകവിഞ്ഞൊഴുകി. ലണ്ടൻഡെറി, ടൈറോൺ കൗണ്ടികളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഡ്രംരാഗ്, ഫിൻ നദികൾ കരകവിഞ്ഞൊഴുകുന്നത് തടയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഫ്രാങ്ക്ലിൻ കൊടുങ്കാറ്റിന് മുന്നോടിയായി പെയ്യുന്ന മഴയിൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മെർസി നദി കരകവിഞ്ഞൊഴുകുമെന്ന് പ്രതീക്ഷിക്കുന്നു. നദിക്ക് സമീപമുള്ള വീടുകൾ ഇന്നലെ തന്നെ ഒഴിപ്പിച്ചു.

അതേസമയം, ഗതാഗതം സ്തംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നത്തെ യാത്ര ഒഴിവാക്കണമെന്ന് ട്രെയിൻ ഓപ്പറേറ്റർമാർ ഉപഭോക്താക്കൾക്ക് നിർദേശം നൽകി. ഇംഗ്ലണ്ട്, വെയിൽസ്, തെക്ക്-പടിഞ്ഞാറൻ സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1 മണി വരെ കാറ്റിന്റെ യെല്ലോ അലേർട്ട് നിലനിൽക്കുന്നു. ഡഡ്‌ലിക്കും യൂനിസിനും ശേഷം യുകെയിൽ തുടർച്ചയായി ആഞ്ഞടിക്കുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണ് ഫ്രാങ്ക്ലിൻ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗുരുതരമായ മസ്തിഷ്‌കാഘാതം നേരിട്ട മുത്തച്ഛൻെറ ജീവൻ രക്ഷിച്ച് ഈ ഏഴുവയസ്സുകാരിയായ കൊച്ചു മിടുക്കി. തന്റെ പ്രിയപ്പെട്ട മുത്തച്ഛൻ തന്റെ മുന്നിൽ തളർന്നു വീണപ്പോൾ എവി ടിയേർണി പതറിയില്ല. മുത്തച്ഛനായ ജോർജിന്റെ വീട്ടിൽ രാത്രി ചിലവഴിക്കാനായി പോയപ്പോഴാണ് മുത്തച്ഛൻ സുഖമില്ലാതായത്. എന്നാൽ എവി പരിഭ്രാന്തയാകാതെ ആദ്യം തൻെറ മാതാവിനെ വിളിക്കുകയും പിന്നീട് 999- നെ വിളിച്ച് കോൾ ഹാൻഡ്‌ലറുടെ നിർദ്ദേശങ്ങളനുസരിച്ച് മുത്തശ്ശനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു . മെർസിസൈഡിലെ നെതർടണിലുള്ള തന്റെ വീട്ടിൽ പാരാമെഡിക്കൽ എത്തുന്നതുവരെ മുത്തച്ഛൻ അദ്ദേഹത്തിന് നാവ് വിഴുങ്ങിയിട്ടില്ല എന്ന് അവൾ ഉറപ്പുവരുത്തി.

കുട്ടിയുടെ സമയത്തുണ്ടായ ശരിയായ പ്രവർത്തനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ തൻെറ പിതാവിനെ തനിക്ക് ജീവനോടെ ലഭിക്കുമായിരുന്നില്ല എന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ എവി എങ്ങനെ പ്രതികരിച്ചു എന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അവൾ അവിടെ ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന് തനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല എന്നും മൂന്നു കുട്ടികളുടെ അമ്മയായ അവർ കൂട്ടിച്ചേർത്തു.

സംഭവത്തെപ്പറ്റി ചാൻടെല്ലെ ഇങ്ങനെ പറയുന്നു:” തന്റെ പിതാവിനോടൊപ്പം എവി താമസിക്കാൻ പോയ ദിവസം രാത്രി എട്ടുമണിയോടെ അവൾ തന്നെ വിളിച്ച് മുത്തച്ഛന് എന്തോ സംഭവിച്ചു എന്നും അദ്ദേഹം അനങ്ങുന്നില്ല എന്നും പറഞ്ഞു. പശ്ചാത്തലത്തിൽ തനിക്ക് ഭയങ്കര ബഹളം കേൾക്കാൻ സാധിച്ചിരുന്നു. എന്നാൽ താൻ ആംബുലൻസിനെ വിളിക്കുവാൻ പോകുന്നു എന്ന് പറഞ്ഞ് മകൾ ഫോൺ കോൾ നിർത്തി”.
ഇത് ഒരു ഏഴു വയസ്സുകാരിക്ക് ചെയ്യാൻ കഴിയുന്നതിലും അപ്പുറമാണെന്ന് അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തു കളയുന്നതിനെതിരെ വൻ അഭിപ്രായവ്യത്യാസമാണ് ആരോഗ്യവിദഗ്ധർ ഉന്നയിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതീക്ഷിച്ചതിലും ഒരു മാസം മുമ്പ് ഇന്ന് കോമൺസിനെ അഭിസംബോധനചെയ്ത് ലിവിംഗ് വിത്ത് കോവിഡിൻെറ വിശദാംശങ്ങൾ അറിയിക്കും. കോവിഡ് പോസിറ്റീവ് ആയാൽ സ്വയം ഒറ്റപ്പെടൽ നിർദ്ദേശം അവസാനിക്കുന്നതും സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി ഇന്ന് നടത്തുക.

ഇതിനിടെ പാർട്ടിയിലെ വിമതരിൽ നിന്ന് വൻപ്രതിഷേധം നേരിടുന്ന പ്രധാനമന്ത്രി വിമത എംപിമാരുടെ നാവടക്കാനാണ് തിരക്ക് പിടിച്ച പ്രഖ്യാപനവുമായി മുന്നോട്ടു പോകുന്നത് എന്നുള്ള ആരോപണവും ശക്തമാണ് . ഞായറാഴ്ചയിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 25696 കോവിഡ് കേസുകളും 74 മരണങ്ങളും ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് രോഗവ്യാപന തോതിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധർ പങ്കുവച്ചിരിക്കുന്നത്. ഭൂരിപക്ഷം ആളുകൾക്കും 3 ഡോസ് വാക്സിൻ ലഭിച്ചതാണ് നിയന്ത്രണങ്ങൾ ഒന്നൊഴിയാതെ പിൻവലിക്കാനുള്ള തീരുമാനത്തിന് ഗവൺമെൻറിന് ശക്തിപകർന്നത്.

എന്നാൽ യുദ്ധം പൂർണമാകുന്നതിന് മുമ്പ് വിജയം പ്രഖ്യാപിക്കുന്നതിന് തുല്യമാണ് ഇപ്പോൾ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നത് എന്ന് ലേബർ പാർട്ടി അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനോട് കടുത്ത എതിർപ്പാണ് എൻഎച്ച്എസ് കോൺഫെഡറേഷൻ രേഖപ്പെടുത്തിയത്. താൻ വളരെ ആശങ്കാകുലനാണെന്നും കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കുക എന്നതിനർത്ഥം എല്ലാ മുൻകരുതലും ഉപേക്ഷിക്കുക എന്നല്ലന്നും എൻഎച്ച്എസ് കോൺഫെഡറേഷൻ ചെയർമാൻ ലോർഡ് അഡെബോവാലെ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

95 വയസ്സുകാരിയായ എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചതായി കൊട്ടാരം അറിയിച്ചു. പൂർണ്ണ തോതിൽ വാക്‌സിൻ സ്വീകരിച്ച രാജ്ഞിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പത്ത് ദിവസം മുൻപ് ചാൾസ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചതിന് രണ്ട് ദിവസം മുൻപ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നുള്ള വാർത്ത അന്ന് ആശങ്ക ഉളവാക്കിയിരുന്നു .

ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി ഉടൻതന്നെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിക്കുന്നതിനുള്ള നടപടികളുമായി ബ്രിട്ടൻ മുന്നോട്ട് പോകുകയാണ്. കോവിഡ് ബാധിതർ സ്വയം ഒറ്റപ്പെടണം എന്ന നിർദ്ദേശം അടുത്ത ആഴ്ച മുതൽ ഒഴിവാക്കപ്പെടുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു കഴിഞ്ഞു. രാജ്യത്ത് ശേഷിക്കുന്ന എല്ലാ വൈറസ് നിയമങ്ങളും അടുത്ത ആഴ്ച അവസാനിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഭീകരമായ കൊടുങ്കാറ്റുകൾ യുകെയെ വിട്ടൊഴിയുന്നില്ല. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റായ യൂനിസിന് പുറകെ ഫ്രാങ്ക്ലിൻ കൊടുങ്കാറ്റെത്തുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. നാളെ രാവിലെ നോർത്തേൺ അയർലണ്ടിൽ ആംബർ വാണിംഗ് നൽകിയിട്ടുണ്ട്. ഇന്നും നാളെയും യുകെയുടെ ചില ഭാഗങ്ങളിൽ യെല്ലോ വാണിംഗ് നൽകി. ഒരാഴ്ചയ്ക്കിടെ യുകെയിൽ ആഞ്ഞടിക്കുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണ് ഫ്രാങ്ക്ലിൻ. ശക്തമായ കാറ്റ് കൂടുതൽ വീടുകളെ ഇരുട്ടിലാക്കുമെന്നും യാത്രാ തടസ്സത്തിനും നാശനഷ്ടത്തിനും കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

യൂനിസ് കൊടുങ്കാറ്റിന്റെ ഫലമായി 80,000-ത്തിലധികം വീടുകളിൽ ഇപ്പോഴും വൈദ്യുതിയില്ല. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ 29,000 വീടുകളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ 23,000, സൗത്ത് ഇംഗ്ലണ്ടിൽ 20,000, കിഴക്കൻ ഇംഗ്ലണ്ടിൽ 7,000, സൗത്ത് വെയിൽസിൽ 3,000 എന്നിങ്ങനെയാണ് ബാക്കിയുള്ള കണക്കുകൾ. യുകെയിലുടനീളം വെള്ളപ്പൊക്ക മുന്നറിയിപ്പുകളും പരിസ്ഥിതി ഏജൻസികൾ നൽകിയിട്ടുണ്ട്. പോവിസിലെ സെവേൺ നദിക്കരയിൽ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നാച്ചുറൽ റിസോഴ്‌സ് വെയിൽസ് (എൻആർഡബ്ല്യു) അറിയിച്ചു.

ഗ്രേറ്റർ മാഞ്ചസ്റ്ററിൽ മഴയുടെ യെല്ലോ വാണിംഗ് നൽകിയിട്ടുണ്ട്. വെസ്റ്റ് മിഡ്‌ലാൻഡിലെ ഡെർബിഷെയർ, ഡർഹാം, നോർത്തംബർലാൻഡ്, സ്റ്റാഫോർഡ്ഷയർ എന്നിവിടങ്ങളിലും യെല്ലോ വാണിംഗ് നിലനിൽക്കുന്നു. ശക്തമായ കാറ്റുകൾ ഇപ്പോൾ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. റോഡ്, റെയിൽ ഗതാഗതം വരും ദിവസങ്ങളിലും തടസ്സപ്പെടാം എന്നതിന്റെ സൂചനയാണ് തുടരെത്തുടരെ ഉണ്ടാകുന്ന ശക്തമായ കാറ്റുകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

1945-ന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധം റഷ്യ ആസൂത്രണം ചെയ്യുന്നു എന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ലഭിച്ച സൂചനകൾ അനുസരിച്ച് യുദ്ധത്തിനായുള്ള പദ്ധതി ഇതിനോടകം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഉക്രേനിയൻ തലസ്ഥാനമായ കൈവിനെ വളഞ്ഞ് ആക്രമണം നടത്താനാണ് റഷ്യ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം 169,000 ത്തിനും 190,000 ത്തിനും ഇടയിലുള്ള റഷ്യൻ സൈനികരാണ് ഉക്രെയ്ൻ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുള്ളത്.

ഉക്രെയ് നിനുമേൽ റഷ്യയുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. അത്തരം ഒരു നീക്കം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ, നിർണായകമായ തീരുമാനങ്ങൾ യു എസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ൻ അതിർത്തിയിലുള്ള കുറച്ചധികം സൈനികരെ പിൻവലിച്ചതായി റഷ്യൻ പ്രതിരോധമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഈ നീക്കം സ്ഥിരീകരിക്കാനാവില്ലെന്ന് ജോ ബൈഡൻ പറഞ്ഞു. അത്തരത്തിൽ പിൻമാറ്റം ഉണ്ടെങ്കിൽ അത് സന്തോഷകരമായ വാർത്തയാണെന്നും, എന്നാൽ സൈനികർ പിന്മാറിയതായി സ്ഥിരീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ ഏത് സമയത്തും ആക്രമിക്കാനുള്ള ഒരുക്കത്തിലാണെന്ന് പാശ്ചാത്യരാജ്യങ്ങളിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ചകളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സൈന്യം ഈ മേഖലയിൽ സൈനികാഭ്യാസം നടത്തുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് ഈ അവകാശവാദങ്ങളെ റഷ്യ നിഷേധിച്ചു.അതേസമയം റഷ്യ, ഉക്രെയ്നെ ഏത് നിമിഷവും ആക്രമിക്കാമെന്ന് മുന്നറിയിപ്പ് വന്നതോടെ ഉക്രെയ് നിലുള്ള ബ്രിട്ടീഷുകാരോട് രാജ്യം വിടാൻ ബ്രിട്ടീഷ് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി ഉടൻതന്നെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിക്കുന്നതിനുള്ള നടപടികളുമായി ബ്രിട്ടൻ മുന്നോട്ട് പോകുകയാണ്. കോവിഡ് ബാധിതർ സ്വയം ഒറ്റപ്പെടണം എന്ന നിർദ്ദേശം അടുത്ത ആഴ്ച മുതൽ ഒഴിവാക്കപ്പെടുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു കഴിഞ്ഞു. രാജ്യത്ത് ശേഷിക്കുന്ന എല്ലാ വൈറസ് നിയമങ്ങളും അടുത്ത ആഴ്ച അവസാനിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചിരുന്നു.

യുകെയിൽ നിലവിൽ പോസിറ്റീവ് ആയവരും രോഗലക്ഷണമുള്ളവരും 10 ദിവസം വരെ ഒറ്റപ്പെടലിന് വിധേയരാകണം എന്നാണ് നിയമം. ഫെബ്രുവരി 12 -ന് അവസാനിക്കുന്ന ആഴ്ചയിൽ ഇംഗ്ലണ്ടിൽ 20 പേരിൽ ഒരാൾക്ക് അണുബാധയുണ്ടെന്ന കണക്കുകൾ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പുറത്തുവിട്ടിരുന്നു. യുകെയിലെ 12 വയസിനും അതിൽ കൂടുതലും ഉള്ളവരിൽ 91 % പേർക്കും വാക്സിൻെറ ആദ്യ ഡോസും 85 % പേർക്ക് രണ്ടാം ഡോസും 66 % പേർക്ക് ബൂസ്റ്റർ ഡോസോ മൂന്നാം ഡോസോ ലഭിച്ചിട്ടുണ്ട്. ഇത്രയും പേർക്ക് പ്രതിരോധ കുത്തിവെയ്പ്പുകൾ ലഭിച്ചതിൻെറ ആത്മവിശ്വാസത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താനുള്ള നീക്കവുമായി ഗവൺമെൻറ് മുന്നോട്ട് പോകുന്നത്.

എന്നാൽ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുന്നത് യുദ്ധം മുഴുവൻ തീരുന്നതിനു മുമ്പ് വിജയം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് ലേബർ പാർട്ടി മുന്നറിയിപ്പുനൽകി. സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം എൻഎച്ച്എസ് മേധാവികൾ രംഗത്ത് വന്നിരുന്നു.

RECENT POSTS
Copyright © . All rights reserved