ഡോ. ഐഷ വി
വൈകി വന്ന പാസഞ്ചറിൽ വൈകുന്നേരം ഹരിപ്പാട് റയിൽവേ സ്റ്റേഷനിൽ നിന്നും കയറുമ്പോൾ കംപാർട്ട്മെന്റിൽ ആരുമില്ലെന്നൊരു തോന്നൽ. അപ്പോൾ ചുരിദാറിട്ട സുന്ദരിയായ ഒരു സ്ത്രീ ഓടി വന്ന് ആ കംപാർട്ട്മെന്റിൽ കയറി. ഞാനിരുന്ന ബർത്തിന്റെ എതിർ വശത്തെ ബർത്തിൽ അവരിരുന്നു. ഞാനൊന്ന് കിടന്നു. അവർ ഇരുന്നു കൊണ്ടൊന്ന് മയങ്ങാൻ തുടങ്ങി. ട്രെയിൻ കായംകുളം എത്തിയപ്പോൾ ഒരു ട്രാക്കിലൊതുക്കി. പല അതിവേഗ തീവണ്ടികളും കടന്നുപോയി. എന്തായാലും ട്രെയിൻ വൈകുമെന്നുറപ്പായി. എന്റെ എതിർ വശത്തിരുന്ന സ്ത്രീയോട് എവിടെയിറങ്ങാനാണെന്ന് ഞാൻ കുശലം ചോദിച്ചു. ‘കൊല്ലം’ എന്ന് അവർ മറുപടി നൽകി. “എവിടെ ജോലി ചെയ്യുന്നു ? ” എന്ന ചോദ്യത്തിന് ” എനിക്ക് ജോലിയൊന്നുമില്ല. അഞ്ച് മക്കളെ വളർത്തുകയാണ് ജോലി ” എന്നവർ മറുപടി നൽകിയപ്പോൾ എന്റെ കൗതുകം വർദ്ധിച്ചു.
മിക്കവാറും എല്ലാ വീടുകളിലുമിപ്പോൾ ഒന്നോ രണ്ടോ കുട്ടികൾ മാത്രമുള്ളപ്പോൾ അഞ്ച് കുട്ടികൾ എന്നത് കൗതുകം തന്നെ. ഞാൻ എഴുന്നേറ്റിരുന്നു. “വീട് കൊല്ലത്താണോ ” എന്ന് ഞാൻ ചോദിച്ചു. ” അല്ല . കൊല്ലത്തൊരുമകൾ പഠിക്കുന്നു. മോളെ കാണാൻ പോവുകയാണ്”. വീട് ഹരിപ്പാട് എരിക്കകത്താണ്.” ” മോളെവിടെ പഠിക്കുന്നു. ” ട്രാവൻകൂർ മെഡിക്കൽ കോളേജിലാണ്. മോൾക്കൊരു പനി. അതിനാൽ മകളുടെ അടുത്തേയ്ക്ക് പോവുകയാണ്.” മറ്റ് മക്കൾ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് അവർ മറുപടി നൽകി. മൂത്ത പെൺകുട്ടി എം.ഡി കഴിഞ്ഞ ശേഷം ചെന്നൈയിലെ ഒരാശുപത്രിയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ ബിഡി എസ്സിന് പഠിക്കുന്നു. മൂന്നാമത്തെയാളുടെ അടുത്തേയ്ക്കാണ് പോകുന്നത്. മറ്റ് രണ്ട് പേർ പ്ലസ് ടു കഴിഞ്ഞ ശേഷം മെഡിക്കൽ എൻട്രൻസ് എഴുതാൻ പഠിക്കുന്നു. അവരെ രണ്ടു പേരെയും വീട്ടിലാക്കിയ ശേഷമാണ് ആ ഉമ്മയുടെ വരവ്. ” അവർ രണ്ടു പേരും ഇരട്ടകളാണോ?” എന്ന എന്റെ ചോദ്യത്തിന് ” അല്ല , നാലാമത്തെ കുട്ടിയ്ക്ക് ഒരപകടം പറ്റിയിരുന്നു.” അതിനു ശേഷം ഒരുമിച്ചായതാണ്.
ആ ഉമ്മ അവരുടെ ജീവിത കഥയിലേയ്ക്ക് കടന്നു. അഞ്ചാമത്തെ കുട്ടി കൈകുഞ്ഞായിരുന്നപ്പോൾ ബിസിനസ് നടത്തിയിരുന്ന ഭർത്താവിന് കടബാധ്യതയായി. ബാങ്കുകാർ ജപ്തി നോട്ടീസയച്ചു. പണം തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനാൽ ബാങ്കുകാർ വീട് ജപ്തി ചെയ്യാൻ വന്നു. അപ്പോഴേയ്ക്കും ഭർത്താവ് ഹൃദയ സ്തംഭനം മൂലം മരിച്ചു. മരണം നടന്നത് കൊണ്ട് ജപ്തി നടന്നില്ലെന്നുo, താമസിക്കാൻ മറ്റൊരിടമില്ലാത്തതു കൊണ്ട് അവരിപ്പോഴും ആ വീട്ടിൽ തന്നെ കഴിയുന്നെന്നും കടം ഇതുവരെയും വീട്ടാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. ചില ബന്ധുക്കളും പരിചയക്കാരും കുറച്ചൊക്കെ സഹായിച്ചു. മൂത്ത മകൾ മിടുമിടുക്കിയായി പഠിച്ചപ്പോൾ ആ ഉമ്മയ്ക്ക് സന്തോഷമായി. എൻട്രൻസ് എഴുതിയപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചു. ഹോസ്റ്റൽ ചിലവുകളും മറ്റും പരുങ്ങലിലാവുമെന്ന് കണ്ടപ്പോൾ ആ ഉമ്മ പത്രക്കാരെ സമീപിച്ചു. മാതൃഭൂമി ലേഖകൻ പത്രത്തിൽ കൊടുക്കാൻ തയ്യാറായി. സ്പോൺസറെ കിട്ടിയാൽ മകളുടെ പഠനം ഉറപ്പാക്കാം എന്ന പ്രതീക്ഷയിലിരിക്കേയാണ് കോട്ടയം മെഡിക്കൽ കോളേജിലെ അലൂമിനി അസോസിയേഷൻ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ഹോസ്റ്റൽ ഫീസ് വഹിക്കാൻ തയ്യാറായത്. അത് ആ കുട്ടിയ്ക്ക് ലഭിച്ചു. അങ്ങനെ ഹോസ്റ്റൽ ഫീസിന്റെ കാര്യത്തിൽ ആശ്വാസമായി.
രണ്ടാമത്തെ കുട്ടിക്കും പത്രത്തിൽ കൊടുത്തപ്പോൾ സ്പോൺസറെ കിട്ടി. മൂന്നാമത്തെ കുട്ടിയുടെ കാര്യം വന്നപ്പോൾ പത്രക്കാർ കൈയൊഴിഞ്ഞു. ഇനി ബാങ്ക് ലോൺ വല്ലതും എടുക്കാൻ നോക്കുക എന്നായിരുന്നു ഉപദേശം. മൂത്ത മകൾ എം.ബി.ബി.എസ് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ എം.ഡിഅഡ്മിഷനുമായി ബന്ധപ്പെട്ട് ഡൽഹിയ്ക്ക് പോകേണ്ടി വന്നു. കുടുംബം മുഴുവനും ട്രെയിനിൽ രാജ്യ തലസ്ഥാനത്തേയ്ക്ക് യാത്രയായി. ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകാൻ വാഷ് ബേസിനടുത്തേയ്ക്ക് പോയ നാലാമത്തെ കുട്ടി തിരികെ വന്നില്ല. ഏറെ നേരമായിട്ടും കുട്ടിയെ കാണാഞ്ഞപ്പോൾ അവർ ട്രെയിൻ മുഴുവനും തിരഞ്ഞു. ജീവിത കഥ ഇത്രയുമായപ്പോൾ ഞാനാ ഉമ്മയോട് ചോദിച്ചു: കുട്ടിയുടെ പേര് സുൽഫിക്കർ എന്നാണോയെന്ന്. മലയാള മനോരമ പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ ഈ കുടുംബത്തിന്റെ ഫീച്ചർ വന്നത് എന്റെ ഓർമ്മയിലുണ്ടായിരുന്നു. പത്രത്തിൽ വായിച്ച കുടുംബത്തെ നയിച്ച ഉമ്മയാണ് എന്റെ മുമ്പിലിരിയ്ക്കുന്നത് എന്ന കാര്യം എന്നെ അതിശയിപ്പിച്ചു.
ഡൽഹിയിൽ എത്തുന്നതു വരെ പല സ്റ്റേഷനിലും അനൗൺസ്മെന്റ് നടത്തിച്ചു. ടെയിൻ മുഴുവൻ അരിച്ചു പെറുക്കി . പലരേയും ഫോണിൽ വിളിച്ചു. കേന്ദ്ര മന്ത്രിമാരെ കണ്ട് കാര്യം ഉണർത്തിച്ചു. അവരുടെ ഇടപെടലോടെ രാജ്യം മുഴുവൻ ടെലിവിഷൻ ചാനലുകളിൽ വാർത്ത വന്നു. മൂന്നാം ദിവസം ആന്ധാപ്രദേശിലെ കുപ്പം റയിൽവേ സ്റ്റേഷനടുത്തുള്ള ചെറിയ ആശുപത്രിയിൽ അപകടം പറ്റി ഒരു കുട്ടി കിടപ്പുണ്ടെന്ന വിവരം ലഭിച്ചു. കുടുംബം അവിടെയെത്തി. അവർ ചെല്ലുന്നതു വരെയും കുട്ടിക്ക് യാതൊരു ചികിത്സയും ലഭിച്ചിരുന്നില്ല. ഡോക്ടർ കുട്ടി മരിച്ചു എന്ന് കരുതി ജഡം മോർച്ചറിയിലേയ്ക്ക് മാറ്റിയതാണ്. മോർച്ചറിയിലെ അറ്റന്റർക്ക് കുട്ടിക്ക് ജീവൻ പോയിട്ടില്ല എന്ന് തോന്നിയതിനാൽ ഇടയ്ക്കിടെ വായിൽ അല്പാല്പം വെള്ളം ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു. ട്രെയിനിൽ കൈകഴുകുന്നതിനിടയിൽ ജെർക്കിൽ കുട്ടി ട്രെയിനിൽ നിന്നും തെറിച്ചു പുറത്തേയ്ക്ക് വീണതായിരുന്നു. വീൽ കയറിയിറങ്ങി തലയുടെ ഒരു വശത്ത് പറ്റിയ പരിക്ക് ഗുരുതരമായിരുന്നു.
കുടുംബം ആശുപത്രിയിലെത്തിയപ്പോൾ മെഡിക്കൽ വിദ്യാർത്ഥികളായ മൂത്ത മക്കൾക്ക് കുട്ടി മരിച്ചിട്ടില്ലെന്ന് മനസ്സിലായി. വേഗം ആംബുലൻസ് വിളിച്ച് അവർ ഹൈദരാബാദിലെ സൗകര്യങ്ങളുള്ള ആശുപത്രിയിൽ കുട്ടിയെ എത്തിച്ചു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഒരു കൈയ്യും ഒരു കാലും ചലനമറ്റ നിലയിലും മുറിവുകൾ പുഴുവരിച്ച നിലയിലുമാണെന്ന് മനസ്സിലായി. പോരാത്തതിന് തലയിലെ ഗുരുതര പരിക്കും. ഒരു കാലും ഒരു കൈയ്യും മുറിയ് ക്കേണ്ടി വരുമെന്ന് ഡോക്ടർമാർ വിധിയെഴുതി. ഉമ്മ സമ്മതിച്ചില്ല. ഷർട്ടോ പാൻ്‌സോ ഇടുമ്പോൾ ഒരു കൈയ്യും ഒരു കാലും കയറ്റാൻ എന്തെങ്കിലും ഒരവയവം അവിടെ വേണ്ടേ അതിനാൽ അതവിടെയിരിയ്ക്കട്ടെ എന്ന് ഉമ്മ തറപ്പിച്ചു പറഞ്ഞു. ഡോക്ടർമാർ മറുത്തൊന്നും പറഞ്ഞില്ല. അവരാലാവും വിധം അവർ ചികിത്സിച്ചു.
ചികിത്സാ ചിലവുകൾ ആ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പിന്നെ സുമനസ്സുകളുടെ സഹായത്തോടെ അവർ കോഴിക്കോട് മിംസിലെത്തി. അവിടത്തെ ചികിത്സ സൗജന്യമായിരുന്നു. എന്നിട്ടും കൈകാലുകളുടെ ചലന ശേഷി തിരികെ കിട്ടിയിരുന്നില്ല. ചെങ്ങന്നൂരിലെ ഒരു ഫിസിയോ തെറാപിസ്റ്റ് സൗജന്യ ചികിത്സ നൽകാമെന്നേറ്റു. അവർ അങ്ങോട്ട് തിരിച്ചു. ഡോക്ടർ പറഞ്ഞ പ്രകാരം 24 മണിക്കൂറും കുടുംബാംഗങ്ങൾ മാറി മാറി കുട്ടിയ്‌ക്ക് ഫിസിയോ തെറാപ്പി ചെയ്തു. കുറേ നാളുകൾക്കു ശേഷം ഈ ചികിത്സ ഫലം കണ്ടു. കുട്ടി നടക്കാൻ തുടങ്ങി. ഞാൻ ഉമ്മയെ കാണുന്ന സമയത്ത് കുട്ടി പ്ലസ് 2 പാസായിരുന്നു. ഉമ്മ കുട്ടിയ്ക്ക് അപകടം പറ്റിയ ശേഷമുള്ള പല ഫോട്ടോകളും എനിക്ക് കാട്ടിത്തന്നു.
കഷ്ടിച്ച് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രം ലഭിച്ച അമ്മയാണ് അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോവുകയും പ്രതിസന്ധികളെ അതിജീവിക്കുകയും മക്കളെ നന്നായി നോക്കുകയും ചെയ്യുന്നതെന്നറിഞ്ഞപ്പോൾ എനിക്കതിശയമായി. ഉമ്മ പറഞ്ഞതു പോലെ ശരിക്കും അതൊരു ജോലി തന്നെയാണ്. ഹൈസ്കൂളിലെത്തിയപ്പോഴേയ്ക്കും ശാരീരിക വളർച്ചയുള്ളതിനാൽ മാതാപിതാക്കൾ മകളെ വേഗം വിവാഹം കഴിച്ചയച്ചു. കട ബാധ്യതയും ഭർത്താവിന്റെ മരണവും കൂടിയായപ്പോൾ ഇരു വീട്ടുകാരും ഏതാണ്ട് കൈയൊഴിഞ്ഞു. പിന്നെ ജയിക്കാനുള്ള വാശിയും പ്രയത്നവും മാത്രം ബാക്കി. ഇന്ന് എല്ലാം ഏതാണ്ട് കരയ്ക്കടുത്തു വരുന്നു. സുൾഫിക്കറിനെ സ്പോൺസർ ചെയ്യാൻ ആൾക്കാരുണ്ട്. ഉമ്മയുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെയെന്ന് ഞാൻ മനസ്സാ ആഗ്രഹിച്ചു. വണ്ടി കൊല്ലം സ്റ്റേഷനിലെത്തിയപ്പോൾ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ബേസിൽ ജോസഫ്
ചേരുവകൾ
കൊഞ്ച് – 10 എണ്ണം (ഒരു ആവറേജ് വലിപ്പം ഉള്ളത് )
മാരിനേഷന് വേണ്ട മസാലയ്ക്കുള്ള ചേരുവകൾ
കുഞ്ഞുള്ളി – 12 എണ്ണം
ഇഞ്ചി -1 പീസ്
വെളുത്തുള്ളി -1 കുടം
കറിവേപ്പില – 1 തണ്ട്
വിനിഗർ -30 മില്ലി
പെരുംജീരകം – 1 ടീസ്‌പൂൺ
ഉപ്പ് -ആവശ്യത്തിന്
നെയ്യ് -100 മില്ലി

പാചകം ചെയ്യുന്ന വിധം
കൊഞ്ച് നന്നായി കഴുകി ഉള്ളിലെ വേസ്റ്റ് ഒക്കെ കളഞ്ഞു എടുത്തു കഴുകി മാറ്റി വയ്ക്കുക . ഷെൽ കളയണം എന്നില്ല .കുഞ്ഞുള്ളി , വെളുത്തുള്ളി ഇഞ്ചി, കറിവേപ്പില എന്നിവ കഴുകി തൊലി കളഞ്ഞു ചെറിയ കഷണങ്ങൾ ആക്കി വിനിഗറും പെരുംജീരകവും ,ഉപ്പും ചേർത്ത് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക .ഈ അരച്ചെടുത്ത മസാല ഓരോ കൊഞ്ചിലും നന്നായി തേച്ചു പിടിപ്പിച്ചു 1 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക. ഒരു ഗ്രിൽ പാനിൽ നെയ്യ് നന്നായി ചൂടാക്കി കൊഞ്ച് ഇട്ട് ചെറിയ തീയിൽ രണ്ടു വശവും നന്നായി മൊരിച്ചെടുക്കുക .5 -6 മിനിറ്റിനുള്ളിൽ നന്നായി വെന്തു കളർ മാറി വരും . ചൂടോടെ സെർവിങ് ഡിഷിലേയ്ക്ക് മാറ്റി ചെറുതായി അല്പം സ്പ്രിങ് ഒനിയൻ കൊണ്ട് ഗാർണിഷ് ചെയ്ത് ചൂടോടെ സെർവ് ചെയ്യുക . അതിഥികൾ വരുമ്പോൾ കൊടുക്കാൻ ഈസി ആയി തയ്യറാക്കാവുന്ന ഒരു വെറൈറ്റി സ്റ്റാർട്ടർ ആണ് ഈ ഡിഷ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സിയറ ലിയോണിലെ ജംഗ്ഷനിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഏകദേശം 91 പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി തലസ്ഥാനനഗരമായ ഫ്രീടൗണിൽ ഇന്ധന ടാങ്കറുകൾ കൂട്ടിയിടിച്ചുണ്ടായതിനെ തുടർന്നുണ്ടായ തീ സ്ഫോടനത്തിന് കാരണമാവുകയായിരുന്നു. സംഭവസ്ഥലത്തിന് അടുത്തുണ്ടായ പ്രദേശത്തെ ജനങ്ങളും അപകടത്തിനിരയാവുകയും സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നുപിടിക്കുകയും ചെയ്‌തു. ദുരന്തത്തെ തുടർന്നുണ്ടായ മരണസംഖ്യ ഇതുവരെയും വ്യക്തമല്ല. എന്നാൽ കേന്ദ്ര-സംസ്ഥാന മോർച്ചറിയിൽ ഇതുവരെ നൂറുകണക്കിന് മൃതദേഹങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

പൊട്ടിത്തെറിച്ച വാഹനത്തിൽനിന്ന് ചോർന്ന ഇന്ധനം ശേഖരിക്കുവാനായെത്തിയ ആളുകളും മരിച്ചവരിൽ ഉൾപ്പെടുന്നു എന്ന് പോർട്ട് മേയറായ ഇവോൻ അകി-സായേറിൻെറ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു. നഗരത്തിലെ വെല്ലിംഗ്ടൺ മേഖലയിലെ ഒരു സൂപ്പർമാർക്കറ്റിന് പുറത്ത് ഏകദേശം രാത്രി പത്ത് മണിയോടെയാണ് ദുരന്തം നടന്നതെന്ന് കരുതുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ചിത്രങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റ് തെരുവിൽ കിടക്കുന്ന നിരവധി പേരെയാണ് കാണാൻ സാധിക്കുന്നത്. “തങ്ങൾക്ക് ഗുരുതരാവസ്ഥയിലുള്ള നിരവധി പേരെയും കത്തികരിഞ്ഞ മൃതദേഹങ്ങളും അപകടസ്ഥലത്തുനിന്ന് കണ്ടെത്താൻ സാധിച്ചു എന്നും വളരെ ഭയാജനകമായ ഒരു അപകടം ആയിരുന്നു ഇതെന്നും ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ മേധാവി ബ്രിമ ബുറെഹ് സെസെ പറഞ്ഞു.

കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോടും അപകടത്തിൻറെ ഫലമായി അംഗവൈകല്യം സംഭവിച്ചവരോടും തൻറെ അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് ജൂലിയസ് മാഡ ബയോ ട്വീറ്റ് ചെയ്തു. ദുരന്ത ബാധിതരായ കുടുംബങ്ങളെ സഹായിക്കുവാൻ സർക്കാരിൻെറ ഭാഗത്തുനിന്ന് എല്ലാ തരത്തിലുള്ള പ്രവർത്തനവും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. സബ്-സഹാറൻ ആഫ്രിക്കയിൽ ടാങ്കർ ലോറികൾ തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ ചോർന്ന ഇന്ധനം ശേഖരിക്കുവാൻ ഒത്തുകൂടിയ നിരവധി ആളുകളാണ് പ്രധാന തീപിടുത്തത്തിന് അനുബന്ധമായി ഉണ്ടായ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടത്. 2019-ൽ കിഴക്കൻ കിഴക്കൻ ടാൻസാനിയയിൽ ഉണ്ടായ ടാങ്കർ സ്ഫോടനത്തിൽ 85 പേരാണ് മരണമടഞ്ഞത്. 2018-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സമാനമായ ദുരന്തത്തിൽ അമ്പതോളം പേരുടെ ജീവനാണ് പൊലിഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വിവിധ ഇടങ്ങളിൽ നിന്നും ആശങ്കകൾ ഉയർന്നു വന്നതിനെ തുടർന്ന്, നഴ്സുമാരുടെ കുടിയേറ്റ ബില്ലിൽ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് യുകെ ഗവൺമെന്റ്. യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ യോഗ്യതയും മറ്റും തീരുമാനിക്കുവാനുള്ള പൂർണ്ണ അധികാരം നഴ്സിംഗ് & മിഡ് വൈഫെറി കൗൺസിലിനു (എൻ എം സി ) ആയിരിക്കുമെന്ന് ഗവൺമെന്റ് ഉറപ്പിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. യു കെ യിൽ ജോലി ചെയ്യുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ള നേഴ്സുമാരെയും, മറ്റു രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്ന യുകെ നേഴ്സുമാരെയും ഒരുപോലെ ബാധിക്കുന്ന ഈ ബില്ലിന് ഈ വർഷം അവസാനത്തോടെയോ, അടുത്തവർഷം ആദ്യമോ അന്തിമ അനുമതി ലഭിക്കും. ഈ ബില്ല് തുടക്കത്തിൽ കൊണ്ടുവന്നപ്പോൾ, എൻ എം സി യുടെ അധികാരം കുറയ്ക്കുന്നതാണെന്നും, രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒഴിവുകൾ നിറയ്ക്കുവാൻ ഈ ബില്ല് കാരണമായേക്കുമെന്നുമുള്ള കുറ്റപ്പെടുത്തലുകൾ ഉണ്ടായതിനെ തുടർന്നാണ് പുതിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത്. ഇപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ള നേഴ്സുമാരെ യൂറോപ്യൻ യൂണിയൻ നിർദ്ദേശിച്ചിട്ടുള്ള യോഗ്യത അടിസ്ഥാനത്തിലാണ് യുകെയിലും നിയമിക്കുന്നത്. എന്നാൽ യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രെക്സിറ്റോടെ യുകെ പിൻവാങ്ങിയതിനാലാണ് നിയമനങ്ങളിൽ പുതിയ മാറ്റങ്ങൾ വന്നിരിക്കുന്നത്. പുതിയ തീരുമാനങ്ങൾ പ്രകാരം എൻ എം സി ക്ക് ആയിരിക്കും നേഴ്സുമാരുടെ റിക്രൂട്ട്മെന്റുകളിൽ പൂർണ ഉത്തരവാദിത്വം ഉണ്ടാവുക.

യോഗ്യതകളുടെ അടിസ്ഥാനത്തിൽ മാത്രമാകും റിക്രൂട്ട്മെന്റുകൾ ഉണ്ടാവുകയെന്നും, ഇതിൽ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലുകളും ഉണ്ടാവുകയില്ലെന്നും മന്ത്രി ഗ്രിംസ്റ്റോൺ വ്യക്തമാക്കി. മെഡിക്കൽ കൗൺസിലിന് തൃപ്തിയില്ലാത്ത ഒരാളെപ്പോലും അംഗീകരിക്കുവാൻ ഗവൺമെന്റ് ഇടപെടുകയില്ല എന്നും അദ്ദേഹം ഉറപ്പു നൽകി. ഈ ബില്ലിന്റെ തുടക്കത്തിൽ ഗവൺമെന്റിന്റെ കൂടുതൽ സ്വാധീനം മൂലം യോഗ്യതയില്ലാത്തവരെ കൂടെ നിയമിക്കാനുള്ള സാധ്യതയുണ്ട് എന്ന ആരോപണത്തിൻ മേലാണ് പുതിയ മാറ്റങ്ങൾ. ഇതോടെ കേരളത്തിൽ നിന്നും മറ്റുമുള്ള നേഴ്സുമാരുടെ റിക്രൂട്ട്മെന്റ് പ്രക്രിയകൾ കൂടുതൽ കർശനമാകാൻനാണ് സാധ്യത.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോകമാകെ കോവിഡ് മരണം 50 ലക്ഷം കടന്നു. ഏറ്റവുമധികം മരണം യുഎസിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാമത് ബ്രസീലും മൂന്നാമത് ഇന്ത്യയും. എന്തുകൊണ്ടാണ് കോവിഡ് രോഗം ബാധിച്ചവരിൽ ചിലർ മരണപ്പെടുന്നതും മറ്റുള്ളവർ രക്ഷ നേടുന്നതും? ഈ ഒരന്വേഷണം നടത്തിയ ഗവേഷകർ പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് മരണ സാധ്യത എല്ലാവരിലും ഒരുപോലെയല്ലെന്ന് വ്യക്തമാക്കിയ അവർ, മനുഷ്യശരീരത്തിലെ ജീനുകളാണ് അതിന് കാരണമെന്നും വിശദമാക്കി. വൈറസിനെതിരെ പോരാടുന്നതിൽ നിന്ന് ശ്വാസകോശ കോശങ്ങളെ തടയുന്ന ഡിഎൻഎ തന്മാത്രയുടെ ഒരു ഭാഗം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഗവേഷകർ വ്യക്തമാക്കുകയുണ്ടായി. LZTFL1 എന്ന് വിളിക്കപ്പെടുന്ന ജീൻ കോവിഡ് മരണ സാധ്യത ഇരട്ടിയാക്കുന്നു.

ബ്രിട്ടീഷുകാർക്കിടയിൽ ആറിലൊരാളിൽ ഈ ജീൻ ഉണ്ടായിരിക്കാം. എന്നാൽ ദക്ഷിണേഷ്യൻ (South Asian) പൈതൃകത്തിൽ നിന്നുള്ള ജനങ്ങളാണ് വലിയ ഭീഷണി നേരിടുന്നത്. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള 61.2 ശതമാനം ആളുകളിലും ഈ ജീൻ കാണപ്പെടുമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ ജീൻ മാത്രമല്ല പ്രധാന കാരണം. സമൂഹവുമായി കൂടുതൽ ഇടപഴകി ജോലി ചെയ്യുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്.

വൈറസിനോട് ശരിയായ രീതിയിൽ പ്രതികരിക്കുവാൻ കോശങ്ങൾക്ക് സാധിക്കുന്നില്ല. ശ്വാസനാളങ്ങളിലും ശ്വാസകോശങ്ങളിലുമുള്ള കോശങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ജീൻ തടയുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ജീനിനെ ലക്ഷ്യമാക്കി ഒരു മരുന്ന് രൂപപ്പെടുത്തിയാൽ എല്ലാവർക്കും പ്രയോജനപ്പെടുമെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. എന്നാൽ നേച്ചർ ജെനറ്റിക്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ജീൻ രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ തടയുന്നില്ലെന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ മരണസാധ്യത ഇല്ലാതാക്കാൻ വാക്സീനുകൾക്ക് സാധിക്കുമെന്ന് അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് ആഫ്രിക്കൻ സമൂഹത്തിനെതിരെ 1970-ൽ തങ്ങളുടെ ഒരു ഉദ്യോഗസ്ഥൻ നടത്തിയ വംശീയ വെറിയ്ക്ക് ക്ഷമാപണം നടത്തി ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് (ബിടിപി). ഈ സംഭവത്തിൽ നിരവധി കറുത്ത വംശജരായ യുവാക്കളാണ് ചെയ്യാത്ത കുറ്റത്തിന് ജയിലിലായത്. വാട്ടർലൂ ഫോർ, ഓവൽ ഫോർ, സ്റ്റോക്ക്‌വെൽ സിക്‌സ് എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രൂപ്പുകൾക്കെതിരെ തെറ്റായ തെളിവുകൾ ഡെറക് റിഡ് ജ്‌വെൽ എന്ന ഓഫീസർ വിചാരണയിൽ നൽകി. സംഭവിച്ച കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെങ്കിലും അതിൽനിന്നും തെറ്റ് മനസ്സിലാക്കി പാഠങ്ങൾ പഠിക്കാൻ കഴിയുമെന്ന് ബിടിപി ചീഫ് കോൺസ്റ്റബിൾ ലൂസി ഡി ഓർസി പറഞ്ഞു.കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഓവൽ ഫോറിനും സ്റ്റോക്ക് വെൽ സിക്സിനും നൽകിയ ശിക്ഷകൾ കോടതി റദ്ദാക്കി. ഓരോ കേസിലും ബിടിപിയിലെ ഉദ്യോഗസ്ഥൻ കേസിലെ ഇരകളോട് ക്ഷമാപണം നടത്തി. എന്നാൽ, ഓവൽ ഫോറിലെ ഒരാളായ വിൻസ്റ്റൺ ട്രൂവാണ് ബിടിപി ബ്രിട്ടീഷ് ആഫ്രിക്കൻ സമൂഹത്തോട് ക്ഷമാപണം നടത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

1972-ൽ സ്റ്റെർലിംഗ് ക്രിസ്റ്റി, ജോർജ്ജ് ഗ്രിഫിത്ത്‌സ്, കോൺസ്റ്റന്റൈൻ “ഒമർ” ബൗച്ചർ എന്നിവർക്കൊപ്പം മിസ്റ്റർ ട്രൂ ഹാൻഡ്‌ബാഗുകൾ മോഷ്ടിച്ചതായും ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ആരോപിക്കപ്പെട്ടതിനെ തുടർന്ന് എട്ട് മാസം ജയിലിൽ കഴിഞ്ഞു. 1960-1970 കാലയളവിൽ ബി ടി പി യിൽ ജോലിചെയ്തിരുന്ന പോലീസ് ഓഫീസറായ ഡിഎസ് ഡെറക് റിഡ്ജ് വെലിൻെറ ക്രിമിനൽ നടപടികൾ മൂലം ബ്രിട്ടീഷ് ആഫ്രിക്കൻ സമൂഹം അനുഭവിച്ച കഷ്ടതയിൽ താൻ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്ന് ചീഫ് കോൺസ്റ്റബിൾ പറഞ്ഞു. നിരപരാധികളായ ബ്രിട്ടീഷ് ആഫ്രിക്കക്കാരെ ശിക്ഷിക്കുന്നതിന് കാരണമായി ഇത്തരത്തിലുള്ള നീക്കത്തിനെതിരെ എത്രയും വേഗം നടപടി എടുക്കാൻ കഴിയാത്തതിലുള്ള ഖേദവും അവർ അറിയിച്ചു.

ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിക്കുന്ന രണ്ട് സിംബാവെ സ്വദേശികൾക്കെതിരെയുള്ള ഡെറ്റ് സർജൻറ് റിഡ്ജ്‌വെല്ലിന്റെ തെളിവുകൾ വിചിത്രമായി തോന്നിയതിനെ തുടർന്ന് 1973-ൽ ടോട്ടൻഹാം കോർട്ട് റോഡ് ടു കോടതിയിലെ വിചാരണ ജഡ്ജി നിർത്തിവെച്ചു. പിൽക്കാലത്ത് തൻെറ ഏഴ് വർഷത്തെ ജയിൽശിക്ഷ കാലയളവിൽ 1982-ൽ ഹൃദയാഘാതത്തെ തുടർന്ന് ഡെറ്റ് സർജൻറ് റിഡ്ജ്‌വെൽ മരണമടഞ്ഞു. ഡെറ്റ് റിഡ്ജ്‌വെല്ലിന്റെ പ്രവർത്തനങ്ങൾ നിലവിലെ ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസുമായി ഒരിക്കലും താരതമ്യപ്പെടുത്തരുതെന്നും പൊതുജനങ്ങളുടെ സംരക്ഷണത്തിൽ താൽപര്യരായ ഉദ്യോഗസ്ഥരാണ് ഇപ്പോൾ ബിടിപിയിൽ ഉള്ളതെന്നും ചീഫ് കോൺസ്റ്റബിൾ ഡി’ഓർസി പറഞ്ഞു. മുന്നോട്ട് നീങ്ങുമ്പോൾ ബ്രിട്ടീഷ് ആഫ്രിക്കൻ കമ്മ്യൂണിറ്റിയുമായി ഇടപഴകാനും കൂടുതൽ അടുത്ത് പ്രവർത്തിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും സംഭവിച്ച കാര്യങ്ങളിൽ ഇനി മാറ്റം വരുത്താൻ കഴിയില്ലെങ്കിലും അതിൽനിന്ന് പാഠം ഉൾക്കൊള്ളുമെന്നും ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട സംഭവങ്ങളിൽ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ്-19 നെതിരെയുള്ള ഫൈസർ ആൻറി വൈറൽ ഗുളിക ഗുരുതര രോഗമുള്ള മുതിർന്നവരിലെ മരണസാധ്യത 89 ശതമാനം കുറയ്ക്കുന്നതായി പരീക്ഷണത്തിൽ കണ്ടെത്തി. ഫൈസറിൻെറ പഠനത്തിൽ 1,219 രോഗികളിൽ പൊണ്ണത്തടി അല്ലെങ്കിൽ വാർദ്ധക്യം പോലുള്ള അവസ്ഥ ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നുണ്ടെങ്കിലും ആൻറി വൈറസ് ഗുളിക സ്വീകരിച്ചവരിൽ കോവിഡ്-19ൻെറ പാർശ്വഫലങ്ങൾ വളരെ കുറഞ്ഞ രീതിയിൽ ആണെന്ന് കണ്ടെത്തി. രോഗലക്ഷണങ്ങൾ കണ്ട് മൂന്നു ദിവസത്തിനുള്ളിൽ ഫൈസർ മരുന്ന് സ്വീകരിച്ചവരിൽ 0.8% പേർ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് 28 ദിവസം ആയിട്ടും പ്രശ്നങ്ങളൊന്നുമില്ലാതെ കഴിയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഏഴ് ശതമാനം പ്ലേസിബോ രോഗികളിൽ ഏഴ് മരണങ്ങളാണ് ഉണ്ടായത്.

രോഗം സ്ഥിരീകരിച്ച അഞ്ചു ദിവസത്തിനു ശേഷം ചികിത്സ തേടിയ രോഗികളുടെ കണക്കും സമാനമാണ്. ഇതിൽ ഒരു ശതമാനം രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 6.7 ശതമാനം പ്ലാസിബോ രോഗികളിൽ 10 മരണങ്ങളും രേഖപ്പെടുത്തി. ഫൈസറിൻെറ ആൻറി വൈറൽ ഗുളികകളുടെ 2,50,000 കോഴ്സുകൾ നേടിയതായി ഈ മാസം ആദ്യം യുകെ അറിയിച്ചിരുന്നു. കോവിഡിൻെറ അപകടസാധ്യത ഇല്ലാതെ ആളുകൾക്ക് ഗുളിക ഉപയോഗിക്കാനാകുമോ എന്നും വൈറസ് ബാധിതരിൽ കൊറോണ വൈറസിൻെറ അണുബാധ തടയാൻ ആൻറി വൈറൽ മരുന്നുകൾക്ക് ആകുമോ എന്നും ഫൈസർ പഠനം നടത്തിവരികയാണ്. ആൻറിവൈറലുകൾ ഏറ്റവും ഫലപ്രദം ആവാൻ അണുബാധ പിടിപെടുന്നതിന് മുമ്പുതന്നെ ഇവ നൽകേണ്ടതുണ്ട്.

ഒക്ടോബറിൽ അടിയന്തര ഉപയോഗത്തിൻെറ ഭാഗമായി തുറന്ന യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിൽ റിറ്റോണാവിർ എന്ന ആൻറിവൈറലുമായി സംയോജിപ്പിച്ച ഗുളികകളുടെ പരീക്ഷണ ഫലങ്ങൾ സമർപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. പാക്‌സ്‌ലോവിഡ് എന്ന് പേരുള്ള ഈ കോമ്പിനേഷൻ ചികിത്സയിൽ ദിവസവും രണ്ടു തവണ നൽകുന്ന 3 ഗുളികകൾ ആണ് അടങ്ങിയിട്ടുള്ളത്. ഗുരുതരമായ രോഗം വരാൻ സാധ്യതയുള്ള കോവിഡ്-19 രോഗികൾ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത പകുതിയായി കുറയ്ക്കാൻ മെർക്ക് ആൻഡ് കോ ഇങ്കിന്റെ മോൾനുപിരാവിർ എന്ന ഗുളികയ്ക്ക് സാധിച്ചുവെന്ന ഫലങ്ങൾ കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. ഫൈസറിൻറെ ടാബ്ലറ്റ് മോൾനുപിരാവിറിനേക്കാൾ ഫലം കാണിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ രണ്ട് കമ്പനികളുടെയും പൂർണ്ണ ട്രയൽ ഡേറ്റ ഇതുവരെ ലഭ്യമല്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇംഗ്ലണ്ട് നഗരമായ കവൻട്രിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി ജെർലിൻ ജയിംസ് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വദേശികളായ പടത്തുകടവ് ഇളവകുന്നേൽ ജെയിംസിന്റെയും റിന്റോ ജെയിംസിന്റെയും ഇളയ മകളാണ് ജെർലിൻ. ജെർലിന്റെ കുടുംബത്തിൽ എല്ലാവരും കോവിഡ് പോസിറ്റീവായിരുന്നു. എന്നാൽ ജെർലിന്റെ നില വഷളായതിനെത്തുടർന്ന് ബർമിങ്ഹാമിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഗ്മോ മെഷീന്റെ സഹായത്തോടെ കുട്ടിയുടെ ജീവൻ നിലനിർത്തുവാൻ ശ്രമിച്ചുവെങ്കിലും, മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൂന്നിലാവ് പുളിമൂട്ടിൽ കുടുംബാംഗമാണ് ജെർലിന്റെ മാതാവ് റിന്റോ. ഗ്രേസ് ലിൻ (12), ജെറോൺ (18) എന്നിവർ ജെർലിന്റെ സഹോദരങ്ങളാണ്. ജെയിംസിന്റെ സഹോദരി ടെസിയും ഭർത്താവ് ഡെറിക്കും ലൂട്ടണിൽ സ്ഥിരതാമസക്കാരാണ്. ജെർലിന്റെ ശവസംസ്കാര ശുശ്രൂഷ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.
ജെർലിന്റെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ അഥവാ എച്ച്പിവി വാക്സിൻ സെർവിക്കൽ ക്യാൻസർ കേസുകളുടെ എണ്ണത്തെ 90 ശതമാനത്തോളം കുറയ്ക്കുന്നതായുള്ള കണക്കുകൾ പുറത്ത്. ക്യാൻസർ റിസർച്ച് യുകെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച ഈ കണ്ടെത്തൽ വാക്സിൻ ജീവൻ രക്ഷിക്കുന്നു എന്നതിനുള്ള തെളിവാണ്. മിക്കവാറുമുള്ള സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത് വൈറസ് മൂലമാണ്. വാക്സിനേഷനുകൾ ഈ രോഗങ്ങളെ ഏതാണ്ട് ഇല്ലാതാക്കും എന്നാണ് പ്രതീക്ഷ. ലോകത്താകമാനമുള്ള സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണുന്ന അർബുദങ്ങളിൽ ഒന്നാണ് സെർവിക്കൽ ക്യാൻസർ. ഏകദേശം 30 ലക്ഷത്തിലധികം പേരാണ് ഇതുമൂലം ഓരോ വർഷവും മരണമടയുന്നത്. ദരിദ്ര രാജ്യങ്ങളിൽ സെർവിക്കൽ ക്യാൻസറുള്ള രോഗികളിൽ പത്തിൽ ഒൻപത് പേരും മരിക്കുന്നു. യുകെ പോലുള്ള സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് വാക്സിനേഷൻ ഈ രാജ്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തും എന്നാണ് പ്രതീക്ഷ.

സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതിയുടെ ഭാഗമായി നൂറിലധികം രാജ്യങ്ങളാണ് വാക്‌സിൻ ഉപയോഗിക്കാൻ തുടങ്ങിയിട്ടുള്ളത്. യുകെയിൽ 11ഉം 13ഉം വയസിനിടയിലുള്ള പെൺകുട്ടികൾക്ക് അവർ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് വാക്സിൻ നൽകുന്നു. 2019 ആൺകുട്ടികൾക്കും വാക്‌സിൻ നൽകുന്നുണ്ട്. എച്ച്പിവി വാക്സിന് അണുബാധയെ തടയാൻ മാത്രമേ സാധിക്കുള്ളൂ, ഒരിക്കൽ വൈറസ് പിടിപെട്ടാൽ പിന്നെ ശരീരത്തിൽനിന്നിത് മാറില്ല.

2008-ൽ വാക്സിൻ ലഭിച്ച പെൺകുട്ടികൾക്ക് എന്താണ് സംഭവിച്ചതെന്ന പഠന റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഈ പെൺകുട്ടികൾ ഇപ്പോൾ ഇരുപതുകളിൽ പ്രായമുള്ളവരാണ്. ഇവരിൽ സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത 87 ശതമാനമായി കുറഞ്ഞു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പഠന റിപ്പോർട്ട് വാക്സിൻ സെർവിക്കൽ ക്യാൻസർ തടയുന്നതിന് എത്രമാത്രം പ്രധാന പങ്കുവഹിക്കുന്നുവെന്നതിൻെറ തെളിവാണെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകരിലൊരാളായ പ്രൊഫ.പീറ്റർ സാസിയേനി പറഞ്ഞു. എച്ച്പിവി വാക്സിൻ പ്രോഗ്രാം വഴി ഏകദേശം 450 ക്യാൻസറുകളും 17200 പ്രീക്യാൻസറുകളും തടയാൻ സാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനത്തിൽ നിന്ന് ‘വെളുത്ത മധ്യവയസ്കരായ’ സെലിബ്രിറ്റികളെ ഒഴിവാക്കണമെന്ന മാനേജരുടെ ആവശ്യത്തെ എതിർത്തതിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട വിദ്യാർത്ഥി യൂണിയൻ ജീവനക്കാരൻ എംപ്ലോയ്മെൻറ് ട്രിബ്യൂണലിൽ വിജയിച്ചു. ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് യൂണിയനിലെ സീനിയർ മാനേജരായിരുന്ന എല്ലെൻ റഡ് ജാണ് പുതിയ ഹബ്ബായ പെർസി ഗീ ബിൽഡിംഗിൻെറ ഉദ്ഘാടനത്തിനായി അതിഥികളുടെ പേരുകൾ മുന്നോട്ടുവയ്ക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് ഈമെയിൽ അയച്ചത്. “വൈവിധ്യത്തെ പ്രതിഫലിപ്പിക്കാൻ” ശ്രമിക്കുന്നതിനാൽ ഉദ്ഘാടനത്തിനായി മറ്റൊരു ‘വെള്ളക്കാരനായ മധ്യവയസ്കനെ’ ആവശ്യമില്ലെന്ന് മാർക്കറ്റിംഗ് മാനേജരുടെ ഈമെയിലിൽ പറഞ്ഞിരുന്നു. എന്നാൽ, എച്ച്ആർ പ്രവർത്തകനായ റിക്കാർഡോ ഷാംപെയ്നാണ് ഒരു പ്രത്യേക വിഭാഗത്തെ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള മാനേജരുടെ പ്രവർത്തി കുറ്റകരവും അപകീർത്തികരവുമാണെന്ന്ചൂണ്ടിക്കാട്ടിയത്.

ഷാംപെയ്നിൻെറ ഇത്തരത്തിലുള്ള പ്രതികരണത്തെക്കുറിച്ച് മാർക്കറ്റിംഗ് മാനേജരായ റഡ്‌ജ് തൻെറ മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടതിനെത്തുടർന്ന് ഷാംപെയ്നെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം രാജിവച്ചത്. എംപ്ലോയ്മെൻറ് ട്രിബ്യൂണലിൽ വിവേചനത്തെ ചൂണ്ടിക്കാട്ടിയതിനാണ് വിദ്യാർത്ഥി യൂണിയൻ തന്നെ ഇരയാക്കിയതെന്ന് 6 വയസ്സുള്ള കുട്ടിയുടെ പിതാവായ അദ്ദേഹം ആരോപിച്ചു. നോട്ടിംഗ്ഹാമിലെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിൽ ജഡ്ജി ഷാംപെയിൻെറ വാദം ന്യായമാണെന്നും റഡ്‌ജിൻെറ ഇമെയിൽ വിവേചനപരമാണെന്നും വിധിച്ചു.
ഈമെയിലിൽ സെപ്റ്റംബറിലുള്ള സർവകലാശാലയുടെ പുതിയ ബിൽഡിംഗിൻെറ ഉദ്ഘാടനത്തിനായി ശ്രദ്ധേയരായ വ്യക്തികളെ നിർദ്ദേശിക്കുവാൻ ജീവനക്കാരെ ക്ഷണിക്കുന്നു എന്നും വ്യക്തി വൈവിധ്യത്തെ പ്രതിഫലിപ്പിക്കാനായി ‘വെളുത്ത മധ്യവയസ്കരെ’ പാടില്ല എന്നും പറയുന്നു. ഇതിന് മറുപടിയായാണ് ഷാംപെയ്ൻ ഒരു വിഭാഗത്തിനെതിരെയും അപകീർത്തികരമായ രീതിയിൽ സംസാരിക്കുന്നത് ശരിയല്ല എന്ന് പ്രതികരിച്ചത്.

തന്നെ ഒരു വംശീയ വാദിയായിയാണ് ഷാംപെയ്ൻ ആരോപിച്ചതെന്നും തൻെറ സത്യസന്ധത ചോദ്യം ചെയ്യപെട്ടുവെന്നും റഡ്‌ജ് ആരോപിച്ചു. വിഷയം ഉടൻ തന്നെ എച്ച് ആർ മാനേജരായ സാമന്ത ക്രീസിൻെറ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇവർ വിഷയം ഗൗരവമായി കാണുകയും ഷാംപെയ്നിനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതേസമയം സഹപ്രവർത്തകരായ സ്ത്രീകൾക്ക് ഷാംപെയ്നിനിൽനിന്ന് മോശം സന്ദേശങ്ങൾ ലഭിച്ചതായുള്ള പരാതി ഉയർന്നുവന്നിരുന്നു. ഈ സംഭവത്തിലും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുകയും ചെയ്തു. ഇരയാക്കപ്പെട്ടതിനെ തുടർന്ന് തൻെറ ആത്മവിശ്വാസം നഷ്ടമായെന്നും ഷാംപെയ്നിൻ പറഞ്ഞു. അദ്ദേഹത്തിന് 1,048 പൗണ്ട് നഷ്ടപരിഹാരമായി ലഭിച്ചു. എന്നാൽ മോശമായ സന്ദേശങ്ങൾ അയച്ചതിനുള്ള ശിക്ഷ നേരിടേണ്ടിവരുമെന്നും ജഡ്ജി ബ്രോട്ടൺ കൂട്ടിച്ചേർത്തു.