ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ് :- ഉക്രൈനിനുമേൽ റഷ്യയുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അത്തരം ഒരു നീക്കം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ, നിർണായകമായ തീരുമാനങ്ങൾ യു എസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈനിൽ അതിർത്തിയിൽ ഇപ്പോൾതന്നെ 150,000 ത്തോളം സൈനികരെ റഷ്യ വിന്യസിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ കുറച്ചധികം സൈനികരെ പിൻവലിച്ചതായി റഷ്യൻ പ്രതിരോധമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഈ നീക്കം സ്ഥിരീകരിക്കാനാവില്ലെന്ന് ജോ ബൈഡൻ പറഞ്ഞു. അത്തരത്തിൽ പിൻമാറ്റം ഉണ്ടെങ്കിൽ അത് സന്തോഷകരമായ വാർത്തയാണെന്നും, എന്നാൽ സൈനികർ പിന്മാറിയതായി സ്ഥിരീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക റഷ്യയുമായി നേരിട്ട് ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഉക്രൈനിന് ആവശ്യമെങ്കിൽ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം ഉറപ്പ് പറഞ്ഞു. എന്തു സാഹചര്യം ഉണ്ടായാലും നേരിടുവാൻ യുഎസും നാറ്റോ രാജ്യങ്ങളും സന്നദ്ധമാണെന്നും ബൈഡൻ തന്റെ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഇനിയൊരു യുദ്ധം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന സൂചനയാണ് പ്രസിഡന്റ്‌ വ്ളാഡിമിർ പുടിൻ നൽകിയത്.


റഷ്യൻ സൈനികരുടെ പിൻമാറ്റത്തിന്റെ വാർത്തയോട് പ്രതീക്ഷയോടെയാണ് നാറ്റോയും പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളോടെയുള്ള വിശദീകരണം ആവശ്യമാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു.