Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോഹന്നാസ്ബർഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരിക്കെ ഇത് എത്രത്തോളം അപകടകാരിയാണെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം. ഒമിക്രോൺ പിടിപെടുന്നവർക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉള്ളെന്നും വീട്ടിൽ തന്നെ ചികിത്സിക്കാമെന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡോക്ടർ ഡോ. ആഞ്ചലിക് കോറ്റ്‌സി പറഞ്ഞു. പ്രൈവറ്റ് പ്രാക്ടീഷണറും സൗത്ത് ആഫ്രിക്കൻ മെഡിക്കൽ അസോസിയേഷന്റെ അധ്യക്ഷയുമാണ് ഡോ.ആഞ്ചലിക് കോറ്റ്‌സി. തന്റെ ക്ലിനിക്കിൽ ഏഴ് രോഗികളെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായവുമായി കോറ്റ്‌സി രംഗത്തെത്തിയത്. ഡെൽറ്റ വേരിയന്റിൽ നിന്ന് വ്യത്യസ്തമായ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ശരീരവേദനയും തലവേദനയും മൂലം ക്ഷീണിതനായ ഒരു വ്യക്തി നവംബർ 18ന് തന്റെ ക്ലിനിക്കിൽ എത്തിയതായി ഡോക്ടർ വെളിപ്പെടുത്തി. അതേ ദിവസം തന്നെ സമാനമായ ലക്ഷണങ്ങളുമായി കൂടുതൽ രോഗികൾ വന്നു. “ആ ഘട്ടത്തിലെ ലക്ഷണങ്ങൾ സാധാരണ വൈറൽ അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിശോധന നടത്തിയപ്പോഴാണ് രോഗിയും കുടുംബവും കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞത്.” – കോറ്റ്‌സി പറഞ്ഞു.

രോഗികൾക്ക് മണമോ രുചിയോ നഷ്ടപ്പെട്ടതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഓക്സിജന്റെ അളവിൽ വലിയ കുറവുണ്ടായിട്ടില്ലെന്നും മന്ത്രിതല ഉപദേശക സമിതിയിൽ അംഗമായ ഡോ.കോറ്റ്‌സി പറഞ്ഞു. ഇതുവരെയുള്ള തന്റെ അനുഭവത്തിൽ നിന്ന്, 40 വയസോ അതിൽ താഴെയോ പ്രായമുള്ളവരെയാണ് ഈ വേരിയന്റ് ബാധിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

ഒന്നോ രണ്ടോ ദിവസം നീണ്ടു നിൽക്കുന്ന കഠിനമായ ക്ഷീണമാണ് പ്രധാന ലക്ഷണം. തലവേദനയും ശരീരവേദനയും ഉണ്ടാകും. താൻ ചികിത്സിച്ച ഒമിക്രോൺ ലക്ഷണങ്ങളുള്ള രോഗികളിൽ പകുതിയോളം പേരും വാക്സിനേഷൻ എടുത്തിട്ടില്ലെന്നും ഡോക്ടർ വെളിപ്പെടുത്തി. എന്നാൽ, ഒമിക്രോൺ കൂടുതൽ അപകടകാരിയാവുന്നതെങ്ങനെ എന്നുള്ള ചോദ്യം നിലനിൽക്കുന്നു. കൊറോണ വൈറസിൽ നിന്ന് വ്യത്യസ്തമാണെന്നുള്ളതിനാൽ ആശങ്കയും ഒഴിയുന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലുമായി 4.5 മില്യനോളം വീടുകൾ ലീസ്‌ഹോൾഡിലാണ് നിലനിന്നു വരുന്നത്. ഇത്തരം ആളുകൾക്ക് വസ്തു ഉടമയ്ക്ക് വർഷംതോറും ഗ്രൗണ്ട് റെന്റുകൾ നൽകുന്നത് സാധാരണമാണ്. ഇത്തരക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. ഗ്രൗണ്ട് റെന്റുകൾ ഏറ്റവും കുറഞ്ഞ രീതിയിൽ തന്നെ നിലനിർത്തുവാനുള്ള തീരുമാനത്തെ പിന്തുണച്ചിരിക്കുകയാണ് എംപിമാർ. തിങ്കളാഴ്ചയാണ് കോമൺസിൽ എതിർപ്പുകൾ ഒന്നുമില്ലാതെ ലീസ് ഹോൾഡ് റിഫോം ബിൽ പാസായത്. ഹൗസ് ഓഫ് ലോഡ്സ് മുൻപ് തന്നെ ഈ ബിൽ പാസാക്കിയിരുന്നു.


റെന്റുകൾ വർദ്ധിപ്പിക്കുന്നത് ജനങ്ങൾക്കുമേൽ കൂടുതൽ സമ്മർദ്ദം ഏൽപ്പിക്കും എന്ന കണ്ടെത്തലാണ് ഈ നിയമം പാസാകാനുള്ള പ്രധാനകാരണം. ലീസ്ഹോൾഡിലുള്ള വസ്തുവിലുള്ള വീട് ഉപയോഗിക്കുവാൻ അവകാശമുണ്ടെങ്കിലും, വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തണമെങ്കിൽ വസ്തുവിൻെറ ഉടമയുടെ അനുവാദം ആവശ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 396 വർഷം ബ്രിട്ടന്റെ കോളനി രാജ്യമായിരുന്ന ബാർബഡോസ് പാർലമെന്റ് റിപ്പബ്ലിക് ആയി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധാർഹമായ നിമിഷമാണിതെന്ന് പ്രധാനമന്ത്രി മിയ മോട്ട്ലി വ്യക്തമാക്കി. ഇനിമുതൽ രാജ്യത്തിന്റെ പരമോന്നത അധികാരത്തിൽ എലിസബത്ത് രാജ്ഞി ഉണ്ടാവുകയില്ല. മൂന്നുവർഷമായി ഗവർണർ ജനറൽ പദവി വഹിക്കുന്ന സാൻഡ്ര മേസൺ തിങ്കളാഴ്ച രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡണ്ടായി ചുമതലയേറ്റു. രാജ്ഞിയുടെ പ്രതിനിധിയായി ചാൾസ് രാജകുമാരൻ ചടങ്ങിൽ പങ്കെടുത്തു. ചാൾസ് രാജകുമാരനോടൊപ്പംതന്നെ ബാർബഡോസ് പൗരത്വമുള്ള പ്രശസ്ത ഗായിക റിയാനയും ചടങ്ങിൽ പങ്കെടുത്തു. കരീബിയൻ രാജ്യമായ ബാർബഡോസ് അനുഭവിച്ച അടിമത്തത്തെ സംബന്ധിച്ച് ചാൾസ് രാജകുമാരൻ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വളരെ സൗഹാർദ്ദപരമായി ഒരു ബന്ധം നിലനിർത്തണമെന്ന് രാജകുമാരൻ ഓർമ്മിപ്പിച്ചു.


ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ അമ്പത്തിഅഞ്ചാം വാർഷിക ദിനത്തിൽ തന്നെയാണ് റിപ്പബ്ലിക് ആകാനുള്ള തീരുമാനവും രാജ്യം കൈക്കൊണ്ടത്. കോമൺവെൽത്ത് രാജ്യങ്ങളിലൊന്നായി തന്നെ ബാർബഡോസ് തുടരും. 1627 ലാണ് ആദ്യമായി ബാർബഡോസ് ബ്രിട്ടന്റെ കോളനിയായി തീർന്നത്. ബ്രിട്ടന്റെ ആദ്യകാല കോളനികളിൽ ഒന്നായിരുന്നു ബാർബഡോസ്. തുടർന്ന് ആഫ്രിക്കയിൽ നിന്നും മറ്റും അടിമകളെ എത്തിച്ച് ഇവിടെ വിപുലമായ കരിമ്പുകൃഷി ബ്രിട്ടീഷുകാർ ആരംഭിച്ചു. 1966 ലാണ് ബ്രിട്ടനിൽ നിന്നും പൂർണസ്വാതന്ത്ര്യം ബാർബഡോസ് നേടിയത്. 285000 ജനസംഖ്യയുള്ള, ഏറ്റവും വലിയ കരീബിയൻ ദ്വീപുകളിലൊന്നാണ് ബാർബഡോസ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷുകാരുടെ ക്രിസ്മസ് ആഘോഷത്തിന് ഭീഷണിയായി ഒമിക്രോൺ. ബൂസ്റ്റര്‍ വാക്‌സിനേഷന്റെ എണ്ണമുയര്‍ത്തി പ്രതിരോധം വളര്‍ത്താന്‍ മന്ത്രിമാർ ലക്ഷ്യമിടുന്നുണ്ടെങ്കിലും വരും ആഴ്ചകളിൽ കേസുകളുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്. ഒമിക്രോൺ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ വീട്ടിൽ ഐസൊലേഷനിൽ കഴിയണമെന്ന നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ഇത് പിങ്ഡെമിക്കിലേക്ക് നയിക്കുമെന്നും ബിസിനസുകൾ പ്രതിസന്ധിയിലാകുമെന്നും വ്യവസായ പ്രമുഖർ മുന്നറിയിപ്പ് നൽകി. ക്രിസ്മസിന് മുന്നോടിയായി ബ്രിട്ടനിലുടനീളം ഇത് ജീവനക്കാരുടെ കുറവിന് കാരണമാകും. എൻഎച്ച്എസ് കോവിഡ് ആപ്പിൽ നിന്നുള്ള നിർദേശങ്ങളെയാണ് ‘പിങ്ഡെമിക്’ എന്നു വിളിക്കുന്നത്. സെൽഫ് ഐസൊലേഷൻ പോകണമെന്ന് ആപ്പ് ആവശ്യപ്പെടും. ഈ നിർദേശം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ രൂപകൽപ്പന ചെയ്ത നടപടികളുടെ ഭാഗമായി സെൽഫ് ഐസൊലേഷൻ തിരികെ കൊണ്ടുവരുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം ക്രിസ്മസിന് മുന്നോടിയായി നിരവധി ജീവനക്കാർ സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 2 ബില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് അഫയേഴ്സ് തിങ്ക്-ടാങ്ക് മുന്നറിയിപ്പ് നൽകി. ഇത്തരം നിർദ്ദേശങ്ങൾ ബിസിനസ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെങ്ങിന് വ്യവസായ നേതാക്കൾ മുന്നറിയിപ്പ് നൽകി.

പുതിയ നിയന്ത്രണങ്ങൾ ചില സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വെല്ലുവിളിയാകുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് സമ്മതിച്ചു. അതേസമയം രാജ്യത്ത് ഇന്ന് മുതല്‍ എയര്‍പോര്‍ട്ടിലും, സ്‌റ്റേഷനുകളിലും ഉള്‍പ്പെടെയുള്ള പൊതു ഗതാഗതത്തിലും കടകളിലും മാസ്‌ക് നിര്‍ബന്ധമാക്കി. ദിവസേന അഞ്ച് ലക്ഷം ബൂസ്റ്റർ ഡോസുകള്‍ നല്‍കി വാക്‌സിനേഷന്‍ പദ്ധതി ത്വരിതപ്പെടുത്താനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. 40ന് മുകളിലുള്ളവര്‍ക്കാണ് ബൂസ്റ്ററില്‍ മുന്‍ഗണന ലഭിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം മെഡിറ്ററേനിയനിൽ കടലിൽ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നവംബർ 17 രാത്രി 10 മണിയോടെയായിരുന്നു സംഭവം. പതിവ് പരീക്ഷണ പറക്കലിൽ ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം മെഡിറ്ററേനിയൻ കടലിൽ തകർന്നുവീണതായി പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. വിമാനവാഹിനിക്കപ്പലിലെ സുരക്ഷാ ക്യാമറയിൽ പകർത്തിയ അപകടത്തിന്റെ 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെയാണ് പുറത്ത് വന്നത്. പൈലറ്റിനെ രക്ഷപെടുത്തിയെങ്കിലും 100 മില്യൺ പൗണ്ടിന്റെ സ്റ്റെൽത്ത് ജെറ്റ് കടലിൽ തകർന്നു. മറ്റ് കപ്പലുകളോ വിമാനങ്ങളോ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

വിമാനവാഹിനികപ്പലായ എച്ച്എംഎസ് ക്വീൻ എലിസബത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ ജെറ്റ് താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്നയുടൻ പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് റോയൽ നേവിയുടെ വിമാനവാഹിനിക്കപ്പലിലേക്ക് സുരക്ഷിതമായി തിരിച്ചെത്തി. ഇത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്തുകൊണ്ടാണ് ബ്രിട്ടീഷ് ജെറ്റ് താഴെവീണത് എന്നതിനെ കുറിച്ചും അന്വേഷണം നടത്തിവരുന്നു.

അതീവ നൂതന സ്റ്റെല്‍ത്ത് ടെക്നോളജി ഉപയോഗിക്കുന്ന വിമാനമായതിനാല്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ക്കായി ബ്രിട്ടീഷ് നാവികസേന അന്തര്‍വാഹിനികള്‍ ഉപയോഗിച്ച് തിരച്ചില്‍ ശക്തമാക്കി. അപകടമുണ്ടായെങ്കിലും എച്ച്എംഎസ് ക്വീൻ എലിസബത്ത് വിമാനവാഹിനികപ്പലിന്റെ പരിശീലനം തുടരുകയാണ്. ഇറാഖിലും സിറിയയിലും സൈനിക ദൗത്യങ്ങളില്‍ പങ്കെടുത്തിരുന്ന വിമാനവാഹിനിയാണ് എച്ച്എംഎസ് ക്വീൻ എലിസബത്ത്. കാരിയറിൽ എട്ട് യുകെ എഫ്-35 ബികളും യുഎസ് മറൈൻ കോർപ്‌സിൽ നിന്നുള്ള പത്ത് വിമാനങ്ങളുമുണ്ട്. കപ്പലിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 2000 ടേക്ക് ഓഫുകളും ലാൻഡിംഗുകളും നടത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലിവർപൂളിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നാൽപത്തിയേഴുകാരിയായ ഇറാനിയൻ വനിത മലക് അദബ് സാഡെഹിന്റെ ( കേറ്റി ) മരണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ ഊർജ്ജിതമാക്കി കൊണ്ടിരിക്കുകയാണ്. ഇവരുടെ മരണം സാംസ്കാരികപരമായ കാരണങ്ങൾ മൂലമാണോ എന്ന അന്വേഷണം ശക്തമാക്കി കൊണ്ടിരിക്കുകയാണ് പോലീസ്. ഇരുപത്തിയൊന്നും, അൻപത്തിയേഴും, നാൽപത്തിയാറും വയസ്സുള്ള മൂന്നുപേരെ കേറ്റിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേഴ്‌സിസൈഡ് പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കേറ്റിയുടെ മൃതദേഹം സ്റ്റോണിക്രോഫ്റ്റിലെ ഭവനത്തിൽ കണ്ടെത്തിയത്. എല്ലാ വഴിക്കും അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും, മരണത്തിൽ ഗാർഹിക പരമായ കാരണങ്ങൾ മാത്രമാണോ, അതോ സാംസ്കാരിക കാരണങ്ങൾ ഉൾപ്പെടുന്നുണ്ടോ തുടങ്ങിയവയെല്ലാം അന്വേഷണപരിധിയിൽ ഉണ്ടെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് ഷെറിൽ റോഡസ് വ്യക്തമാക്കി.


എന്തെങ്കിലും വിവരങ്ങൾ അറിയാവുന്ന പരിസരവാസികൾ ഉടൻതന്നെ അധികൃതരിൽ അറിയിക്കണമെന്ന കർശന നിർദ്ദേശം പോലീസ് നൽകി കഴിഞ്ഞു. കേറ്റിയുടെ മരണം കുടുംബാംഗങ്ങൾക്ക് നിർവചിക്കാനാവാത്ത ദുഃഖമാണ് നൽകിയതെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. കേറ്റിയ്ക്ക് എന്താണ് സംഭവിച്ചതെന്ന അന്വേഷണത്തിൽ സമൂഹം തങ്ങളോടൊപ്പം ഉണ്ടാവണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയതിന് പിന്നാലെ മാസ്കും അന്തർദേശീയ യാത്രക്കാരുടെ പരിശോധനയും കർശനമാക്കി. കടകളിലും മറ്റു പൊതു ഇടങ്ങളിലും മാസ്ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. ഇന്ന് മുതൽ ഇംഗ്ലണ്ടിലെ കടകളിലും പൊതുഗതാഗതത്തിലും ആളുകൾ മാസ്ക് ധരിക്കണമെന്ന് സർക്കാർ അറിയിച്ചു. സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. സ്കോട്ട്ലൻഡിൽ കടകളിലും പൊതു ഗതാഗതത്തിലും മാസ്ക് ധരിക്കണം. ഒപ്പം എല്ലാ സ്കൂൾ ജീവനക്കാരും സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും നിർബന്ധമായി മാസ്ക് ധരിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

വെയിൽസിൽ പൊതു ഗതാഗതത്തിൽ മാസ്ക് ധരിക്കണം. നോർത്തേൺ അയർലൻഡിൽ ആരാധനാലയങ്ങളിലും ക്ലാസ് മുറികളിലും മാസ്ക് നിർബന്ധമല്ല. എന്നാൽ കടകളിലും പൊതു ഗതാഗതത്തിലും മാസ്ക് ധരിക്കണമെന്ന നിർദേശമുണ്ട്. സർക്കാർ നിർദേശിച്ചിരിക്കുന്ന ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്ന് 200 പൗണ്ട് മുതൽ 6400 പൗണ്ട് വരെ പിഴ ഈടാക്കാൻ പോലീസിന് അധികാരം നൽകിയിട്ടുണ്ട്.

മൂക്കും വായും പൂര്‍ണമായും മറയുന്ന രീതിയില്‍ വേണം മാസ്ക് ധരിക്കാൻ. FFP3 മാസ്‌കുകൾ കോവിഡിനെതിരെ 100% വരെ സംരക്ഷണം നൽകുമെന്ന് അടുത്തയിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. സാധാരണ സർജിക്കൽ മാസ്‌കുകൾ ധരിക്കുന്ന ആശുപത്രി ജീവനക്കാരിൽ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പൊതുജനങ്ങൾക്കും FFP3 മാസ്ക് ഉപയോഗിക്കാം.

അതേസമയം രാജ്യത്ത് പുതിയ വകഭേദവുമായി ബന്ധപ്പെട്ട കൂടുതൽ കേസുകൾ കണ്ടെത്തിയേക്കുമെന്ന് യുകെ ഹെൽത്ത്‌ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടാകുന്നവര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിക്കാനും പ്രധാനമന്ത്രി ബോറിസ് ‌ജോണ്‍സണ്‍ ഉത്തരവിട്ടു. നാം എന്തിനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് സമയം നൽകേണ്ടതുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോൺ’ കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് മുൻകരുതലുകൾ സ്വീകരിച്ച് കേരളം. യു.കെ. ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു.

ഇവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നടത്തും. പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കിൽ ഹോം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും ഏഴ് ദിവസംവരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാൽ അവരെ പ്രത്യേകം സജ്ജീകരിച്ച വാർഡുകളിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തും. അവർക്കായി പ്രത്യേകം വാർഡുകൾ ക്രമീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

നവംബർ 24 ന് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഒമിക്രോൺ വേരിയന്റ് ഇതുവരെയും കേരളത്തിൽ കണ്ടെത്തിയിട്ടില്ല. ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കണമെന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദേശം. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരും സ്വയം നിരീക്ഷണം നടത്തണം. നാല് വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ യുദ്ധസമാന നീക്കവുമായി ലോകരാജ്യങ്ങൾ. കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദത്തിന് ഒമൈക്രോണ്‍ (ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരം) എന്ന് ലോകാരോഗ്യസംഘടന നാമകരണം ചെയ്തു. കോവിഡ് സ്ഥിതി രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേ​ഗ വ്യാപനശേഷിയുള്ള വൈറസ് എത്തിയത് സ്ഥിതി സങ്കീര്‍ണമാക്കി. ഇന്ത്യയിലും ആശങ്ക ഉയർന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരയോഗം വിളിച്ചിരുന്നു. ഇതിനെത്തുടർന്ന് അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ഒമൈക്രോൺ മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. ‘റിസ്ക്’ പട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്നവർ ഏഴു ദിവസം ക്വാറന്റീനിൽ കഴിയണം. ബ്രിട്ടൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ന്യൂസിലാൻഡ് സിംഗപ്പൂർ, ബ്രസീൽ, ചൈന, സിംബാവേ, ഹോങ്കോങ്, മൗറീഷ്യസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഗൾഫ് രാജ്യങ്ങൾ പട്ടികയിൽ ഇല്ല.

ഡിസംബർ 1 ബുധനാഴ്ച മുതൽ പുതിയ മാർഗരേഖ നിലവിൽ വരും. പ്രധാന നിർദേശങ്ങൾ ഇവയാണ് :

എല്ലാ യാത്രക്കാരും എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം. യാത്രയ്ക്ക് മുൻപുള്ള 14 ദിവസത്തെ വിവരം ഇതിൽ ഉണ്ടാവണം.

എല്ലാ യാത്രക്കാരും യാത്രയ്ക്ക് 72 മണിക്കൂർ മുൻപെങ്കിലും ആർടിപിസിആർ പരിശോധന നടത്തണം.

റിസ്ക് രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന ഉണ്ടായിരിക്കും. രോഗം സ്ഥിരീകരിച്ചാൽ ഐസൊലേഷൻ സൗകര്യമുള്ള ആശുപത്രിയിൽ ചികിത്സ. പോസിറ്റീവ് ആണെങ്കിൽ സാംപിളിന്റെ ജനിതക പരിശോധന.

നെഗറ്റീവാണെങ്കിൽ ഏഴുദിവസം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ തുടർന്നുള്ള ഏഴു ദിവസം സ്വയംനിരീക്ഷണത്തിൽ കഴിയണം.

ഒമൈക്രോൺ സ്ഥിരീകരിച്ചാൽ കർശന ഐസൊലേഷൻ. കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് ഒമൈക്രോൺ അല്ലെന്ന് തെളിഞ്ഞാൽ നെഗറ്റീവ് ആവുമ്പോൾ ആശുപത്രി വിടാം.

എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം.

റിസ്ക് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ 5% പേർക്ക് കോവിഡ് പരിശോധന. രോഗം സ്ഥിരീകരിച്ചാൽ ജനിതക പരിശോധനയും ഐസൊലേഷനും നിർബന്ധം. നെഗറ്റീവായാൽ 14 ദിവസം സ്വയംനിരീക്ഷണം.

സ്വയം നിരീക്ഷണത്തിലോ ക്വാറന്റീനിലോ കഴിയുമ്പോൾ രോഗലക്ഷണം വന്നാൽ വീണ്ടും പരിശോധന നടത്തണം. ഉടൻ സെൽഫ് ഐസൊലേഷനിൽ പ്രവേശിക്കണം. നാഷണൽ ഹെല് പ് ലൈൻ നമ്പറായ 1075 ലോ സ്റ്റേറ്റ് ഹെല് പ് ലൈൻ നമ്പറിലോ ബന്ധപ്പെടാം.

കപ്പൽ മാർഗം എത്തുന്ന വിദേശ യാത്രക്കാർക്കും ഈ പ്രോട്ടോകോൾ ബാധകമാണ്.

അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിമാനത്താവളത്തിൽ പരിശോധന ഇല്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓക്ക്‌ലൻഡ് : പൂർണ്ണ ഗർഭിണിയായിരിക്കെ പ്രസവത്തിനായി സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി ന്യൂസിലാൻഡ് പാർലമെന്റ് അംഗം ജൂലി ആൻ ജെന്റർ. ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു തുടങ്ങിയ ജൂലി സ്വയം സൈക്കിൾ ചവിട്ടിയാണ് ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ എത്തി ഒരുമണിക്കൂറിന് ശേഷം പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

ജൂലി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. “ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഇന്നു പുലർച്ചെ 3.04ന് ഞങ്ങൾ സ്വാഗതം ചെയ്തു. പ്രസവത്തിനായി സൈക്കിളിൽ പോകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല, എന്നാൽ അങ്ങനെ സംഭവിക്കുകയായിരുന്നു. രണ്ടുമണിക്ക് ആശുപത്രിയിൽ പോകുമ്പോൾ കാര്യമായി പ്രസവ വേദന തുടങ്ങിയിരുന്നില്ല. എന്നാൽ പത്തു മിനിറ്റ് കഴിഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും വേദന തീവ്രമായി. ഇപ്പോൾ അവളുടെ പിതാവിനെപ്പോലെ ആരോഗ്യവതിയും സന്തോഷവതിയുമായ ഒരു കുഞ്ഞ് ഞങ്ങൾക്കുണ്ട്. മികച്ച ഒരുകൂട്ടം ഡോക്ടർമാരുടെ സംഘത്തിൽനിന്ന് നല്ല പരിചരണവും പിന്തുണയും ലഭിച്ചു.” ജൂലി ആൻ ജെന്റർ ഫേസ്ബുക്കിൽ കുറിച്ചു.

ജൂലി ആൻ ജെൻ്ററിൻ്റെ ഈ പ്രവൃത്തി ലോകത്താകമാനം ചർച്ചയായിരുന്നു. ജൂലിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. എന്നാൽ ജൂലിയെ സംബന്ധിച്ചിടത്തോളം ഇത് പുതിയ കാര്യമല്ല. മൂന്ന് വർഷങ്ങൾക്ക് മുൻപ് തൻ്റെ ആദ്യ മകന് ജന്മം നൽകിയതും സൈക്കിളിൽ യാത്ര ചെയ്ത് ആശുപത്രിയിൽ എത്തിയായിരുന്നു. 42 ആഴ്ചകൾ ഗർഭിണിയായിരുന്ന സമയത്താണ് ജൂലി ആദ്യ പ്രസവത്തിനായി സൈക്കിളിൽ ഒരു കിലോമീറ്റർ ദൂരത്തുള്ള ആക് സാൻ സിറ്റി ഹോസ്പിറ്റലിൽ എത്തിയത്. ഗ്രീൻ പാർട്ടി അംഗമായ ജൂലിക്കും ഭർത്താവിനും സ്വന്തമായി കാർ ഇല്ല. പ്രസവത്തിനായി ആശുപത്രിയിലേയ്ക്കുള്ള സൈക്കിള്‍ യാത്രയുടേയും കുഞ്ഞിന്റേയും ചിത്രങ്ങൾ ജൂലി പങ്കുവെച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved