ന്യൂസ് ഡെസ്ക്, മലയാളം യുകെ
വടക്ക് പടിഞ്ഞാറൻ യൂറോപ്പിലേയ്ക്ക് വീശിയടിക്കുന്ന കിർക്ക് ചുഴലിക്കാറ്റ് യുകെയിലെങ്ങും നാശം വിതയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ചുഴലിക്കാറ്റ് മൂലം യുകെയിൽ അടുത്ത ആഴ്ച കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മധ്യ വടക്കൻ അറ്റ്ലാൻറിക് സമുദ്രത്തിൽ രൂപംകൊണ്ട കിർക്ക് ചുഴലിക്കാറ്റിനെ കാറ്റഗറി 4- ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാറ്റിന്റെ ഗതിയനുസരിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
ഒക്ടോബർ 9 മുതൽ 18 വരെയാണ് കാലാവസ്ഥാ വ്യതിയാനം പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടിൻ്റെയും വെയിൽസിൻ്റെയും ചില ഭാഗങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. സ്‌കോട്ട്‌ലൻഡിലും നോർത്തേൺ അയർലൻഡിലും മഴയ്‌ക്കൊപ്പം താപനില കുറഞ്ഞേക്കാം. കൂടാതെ സ്കോട്ടിഷ് പർവതങ്ങളിലെ മഞ്ഞ് ക്രമേണ തെക്കോട്ട് നീങ്ങാൻ സാധ്യതയുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മലയാളികളെ ഒന്നാകെ ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്ത സംഭവമായിരുന്നു 5 മാസം ഗർഭിണിയായ മലയാളി യുവതിയെ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് തെറിപ്പിച്ച സംഭവം. ഞായറാഴ്ച സംഭവം ഉടനെ തന്നെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ലങ്കാ ഷെയറിനു സമീപം ബാബർ ബ്രിഡ്ജിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടു മണിയോടെ നടന്ന സംഭവത്തിൽ ഗർഭസ്ഥശിശു മരിച്ചതായി ലങ്കാ ഷെയർ പോലീസ് അറിയിച്ചു.
രണ്ട് വർഷം മുമ്പാണ് വയനാട് മീനങ്ങാടി സ്വദേശിയായ യുവതിയും ഭർത്താവും സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയത്. നേഴ്സിങ് ഹോമിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ സീബ്രാ ലൈനിൽ വെച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. യുവതിയെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.
സംഭവത്തോട് അനുബന്ധിച്ച് 6 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത് . മരണത്തിന് കാരണമായ രീതിയിൽ വാഹനം ഓടിച്ചതിന് 19 കാരനായ യുവാവിനെ വാർട്ടണിലെ ഡെയിലിൽ നിന്ന് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഇതു കൂടാതെ 16, 17, 40, 50, 19 വയസ്സ് വീതം പ്രായമുള്ള 5 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 വയസ്സുകാരിയായ പെൺകുട്ടിയും 40 വയസ്സുള്ള പുരുഷനും കുറ്റവാളികളെ സഹായിച്ചതിനും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റിൽ ആയത്. അപകടത്തിന്റെ സിസിടിവി, ഡാഷ്‌ക്യാം മൊബൈൽ ഫോൺ ദൃശ്യങ്ങൾ ഉള്ളവർ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓൺലൈൻ ബാങ്ക് സംവിധാനങ്ങൾ വ്യാപകമായതോടെ പണം തട്ടിപ്പു നടത്തുന്ന സംഘങ്ങളും സജീവമായതായുള്ള റിപ്പോർട്ടുകൾ ആണ് ദിനംപ്രതി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2023 -ൽ ഒരു ബില്യൺ പൗണ്ടിലധികം ആണ് തട്ടിപ്പുകാർ പല രീതിയിൽ കവർന്നെടുത്തത്. 2022 നെ അപേക്ഷിച്ച് കവർന്നെടുത്ത പണത്തിന്റെ മൂല്യത്തിൽ 104 ശതമാനം വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്.
ബാങ്ക് ഇടപാടുകളിലുള്ള തട്ടിപ്പ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംശയാസ്പദമായ പണ ഇടപാടുകൾ നിലവിൽ വരാൻ കൂടുതൽ സാവകാശം വരുത്താൻ സർക്കാർ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്തരം പണമിടപാടുകൾ ഒരു അക്കൗണ്ടിൽ നിന്ന് മറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ഇനി മുതൽ 4 പ്രവർത്തി ദിവസം വരെ വേണ്ടിവരും. വ്യക്തിഗത ലോഗിൻ വിവരങ്ങൾ കൈക്കലാക്കിയും മറ്റും തട്ടിപ്പു നടത്തുന്ന കുറ്റവാളികളെ മുന്നിൽ കണ്ടാണ് ഈ ഒരു തീരുമാനം കൈ കൊണ്ടിരിക്കുന്നത്. തട്ടിപ്പ് അന്വേഷിക്കാൻ കൂടുതൽ സമയം നൽകുന്നതിന് നാല് ദിവസം വരെ പേയ്‌മെൻ്റുകൾ താൽക്കാലികമായി നിർത്താൻ ബാങ്കുകൾക്ക് അധികാരമുണ്ടാകുമെന്ന് ആണ് സർക്കാർ അറിയിച്ചിരിക്കുന്നത് .
പുതിയ നിയന്ത്രണങ്ങൾ ഒക്ടോബർ അവസാനത്തോടെ നിലവിൽ വരുമെന്നാണ് അറിയാൻ സാധിച്ചത്.നിലവിൽ അടുത്ത പ്രവൃത്തി ദിവസത്തിൻ്റെ അവസാനത്തോടെ കൈമാറ്റങ്ങൾ പ്രോസസ്സ് ചെയ്യുകയോ നിരസിക്കുകയോ ചെയ്യണം എന്നാണ് നിയമം . പുതിയ നിയമം അനുസരിച്ച് മൂന്ന് ദിവസം കൂടി സമയം ബാങ്കിന് അനുവദിക്കും. എന്നാൽ ഇത് എത്രമാത്രം പ്രായോഗികമാകും എന്ന കാര്യത്തിൽ സംശയവും ഉയർന്നു വന്നിട്ടുണ്ട് . പെയ്മെന്റുകൾ ഉടനടി നടത്തണമെന്ന് ആഗ്രഹിക്കുന്ന പണം ഇടപാടുകൾക്ക് ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്ന വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത്. വീട് വാങ്ങുന്നവർക്കും വലിയ തുക വേഗത്തിൽ കൈമാറേണ്ടവർക്കും നാല് ദിവസത്തെ കാലയളവ് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സൊസൈറ്റി ഓഫ് ലൈസൻസ്ഡ് കൺവെയൻസേഴ്‌സ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനായ വ്യക്തി കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്ന ആളാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വന്നു. മാത്തമാറ്റിക്സിലും സയൻസിലും കുട്ടികൾക്ക് ട്യൂഷൻ കൊടുക്കുമെന്ന് പറഞ്ഞ് ഇയാൾ വ്യാപകമായി പരസ്യം ചെയ്തിരുന്നതായുള്ള വിവരങ്ങളും പുറത്തു വന്നു. നിയമപരമായ കാരണങ്ങളാൽ ഇയാളുടെ പേര് പുറത്തു വിട്ടിട്ടില്ല. എന്തെങ്കിലും രീതിയിൽ കുട്ടികളുമായി സമ്പർക്കം പുലർത്തില്ല എന്ന വ്യവസ്ഥയിൽ ആണ് ഇയാൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കടുത്ത ജാമ്യ വ്യവസ്ഥകൾ നിലവിൽ ഉള്ളപ്പോഴും ട്യൂഷൻ ക്ലാസുകൾ എടുക്കാം എന്ന രീതിയിൽ വ്യാപകമായി പരസ്യം ചെയ്തിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത മാർച്ചിൽ വിചാരണ നേരിടുന്ന ഇയാളുടെ സംഭവം ഒറ്റപ്പെട്ടത് അല്ലെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ 90-ലധികം സ്വകാര്യ അധ്യാപകർ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു .
സമാനമായ രീതിയിലുള്ള ഒട്ടേറെ സംഭവങ്ങൾ ആണ് മാധ്യമങ്ങളിൽ കൂടി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ലൈംഗികാതിക്രമം ആരോപിക്കപ്പെട്ട മുൻ അധ്യാപികയ്ക്ക് അടുത്ത കാലം വരെ ഒരു സ്വകാര്യ ട്യൂട്ടറിംഗ് വെബ്‌സൈറ്റും ഒരു ഓൺലൈൻ പരസ്യവും ഉണ്ടായിരുന്നു. അടുത്ത കാലം വരെ സജീവമായിരുന്ന പരസ്യം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് അപ്രത്യക്ഷമായത്. ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ കുട്ടികളുമായി ഇടപഴകാൻ അവസരം വരുന്നത് അപകടകരമാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ കാമ്പെയ്‌നിംഗ് ഗ്രൂപ്പായ ഫ്രീഡം ഫ്രം അബ്യൂസിൻ്റെ ചീഫ് എക്‌സിക്യൂട്ടീവായ മെർലിൻ ഹാവ്സ് പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ സണ്ടണിൽ വീടിന് തീപിടിച്ച് 4 കുട്ടികൾ മരിച്ച സംഭവത്തിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. 2021 ഡിസംബർ 16 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30 കാരിയായ ദേവേക റോസ് തൻറെ നാല് കുട്ടികളെ തനിച്ചാക്കി സാധനങ്ങൾ മേടിക്കാൻ പോയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. മൂന്ന് വയസ്സുള്ള ലെയ്‌ടണും ലോഗൻ ഹോത്തും നാല് വയസ്സുള്ള കൈസണും ബ്രൈസൺ ഹോത്തും തീപിടുത്തത്തിൽ കൊല്ലപ്പെടുകയായിരുന്നു.
കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസുകളിൽ ദേവേക റോസ് ഉൾപ്പെടാത്തതുകൊണ്ട് അവർക്ക് ജാമ്യം ലഭിച്ചിരുന്നു. നവംബർ 15 ന് കോടതി ശിക്ഷ വിധിക്കും. മൂന്ന് മണിക്കൂറോളം നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് ദേവേക റോസ് കുറ്റക്കാരിയെന്ന് വിധിച്ചത്. ഒരു ജഡ്ജ് തൻറെ വിയോജിപ്പ് രേഖപ്പെടുത്തി. സംഭവം നടന്ന ദിവസം കുഞ്ഞു കുട്ടികളെ തനിച്ചാക്കി ഷോപ്പിങ്ങിന് പോയപ്പോഴാണ് അവരുടെ മരണത്തിന് ഇടയാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ ജെയ്ഡ് എന്ന സുഹൃത്തിനെ കുട്ടികളെ ഏൽപ്പിച്ചാണ് താൻ ഷോപ്പിങ്ങിനു പോയത് എന്ന് ദേവേക റോസ് വാദിച്ചെങ്കിലും തെളിവുകൾ നൽകാൻ അവർക്ക് ആയില്ല. ജെയ്ഡിനെ കണ്ടെത്താൻ പോലീസ് വിപുലമായ അന്വേഷണം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം . വാദത്തിനിടയിൽ നേരത്തെ രണ്ട് തവണ കുട്ടികളെ തനിച്ചാക്കി പുറത്തു പോയതായി അവൾ സമ്മതിച്ചു. തീപിടുത്തത്തിൽ ദേവേക റോസ് വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് തീ അണയ്ക്കാനോ അല്ലെങ്കിൽ കുട്ടികളെ സുരക്ഷിതരായി പുറത്ത് എത്തിക്കാനോ സാധിക്കുമായിരുന്നു എന്നാണ് കോടതി നിരീക്ഷിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കഥകളെ വെല്ലുന്ന യാഥാർത്ഥ്യത്തിന്റെ മുഖമാണ് ഇന്നലെ ന്യൂകാസിൽ ക്രൗൺ കോടതിയിൽ നടന്ന കേസിന്റെ വാദത്തിൽ ചുരുളഴിഞ്ഞത്. ജനറൽ പ്രാക്ടീഷണറായ തോമസ് ക്വാൻ എന്ന അമ്പത്തിമൂന്നുകാരനായ ഡോക്ടർ വ്യാജ കോവിഡ് ബൂസ്റ്റർ ഡോസ് ഉപയോഗിച്ച് തന്റെ അമ്മയുടെ പങ്കാളിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിനെ സംബന്ധിച്ചുള്ള വാദമാണ് ഇന്നലെ കോടതി കേട്ടത്. ഈ വർഷം ജനുവരി 22-ന് ന്യൂകാസിൽ സിറ്റി സെൻ്ററിൽ തന്റെ അമ്മ ജെന്നി ല്യൂങ്ങിൻ്റെ വീട്ടിൽ വച്ച് 71 വയസ്സുള്ള, അമ്മയുടെ പങ്കാളിയായ ഒഹാരയെ കൊലപ്പെടുത്താനാണ് ക്വാൻ ശ്രമിച്ചത്. ദോഷകരമായ പദാർത്ഥം നൽകുവാൻ ശ്രമിച്ചതായി ക്വാൻ കുറ്റസമ്മതം നടത്തിയെങ്കിലും, മനപ്പൂർവ്വം കൊല്ലപ്പെടുത്തുവാൻ ശ്രമിച്ചു എന്ന ആരോപണം അദ്ദേഹം കോടതിയിൽ നിഷേധിച്ചു.
കേസിലെ പ്രതിയായ തോമസ് ക്വാൻ, ഈ വർഷം ജനുവരിയിൽ സണ്ടർലാൻഡ് ആസ്ഥാനമായുള്ള ജിപിയുടെ സർജറിയിൽ പങ്കാളിയും, പൊതു പ്രാക്ടീസിൽ ബഹുമാന്യനും പരിചയസമ്പന്നനുമായ ഒരു മെഡിക്കൽ ഡോക്ടറുമായിരുന്നുവെന്ന് കോടതി വാദം കേട്ടു. എന്നാൽ 2023 നവംബർ മുതലോ, അതിനു മുൻപ് തന്നെയോ തൻ്റെ അമ്മയുടെ ദീർഘകാല പങ്കാളിയായ പാട്രിക് ഒഹാര എന്ന മനുഷ്യനെ കൊല്ലാൻ അദ്ദേഹം ഒരു സങ്കീർണ്ണ പദ്ധതി ആവിഷ്കരിച്ചു. തൻ്റെ അമ്മയുടെ മരണശേഷം ക്വാന് അമ്മയുടെ സ്വത്ത് അവകാശമാക്കുന്നതിന് പങ്കാളി ഒരു തടസ്സമായിരുന്നു എന്നതിനെ തുടർന്നാണ് ഇത്തരത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് കോടതി കേട്ടു. ഒരു കമ്മ്യൂണിറ്റി നേഴ്‌സായി വേഷംമാറിയെത്തി, കോവിഡ് ബൂസ്റ്റർ കുത്തിവയ്പ്പ് നൽകാനെന്ന വ്യാജേന അപകടകരമായ വിഷം കുത്തിവയ്ക്കുക എന്നതായിരുന്നു ക്വാന്റെ പദ്ധതി.
എൻഎച്ച്എസ് ഡോക്യുമെൻ്റേഷനുകൾ കെട്ടിച്ചമയ്ക്കൽ, തെറ്റായ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കൽ, തെറ്റായ പേര് ഉപയോഗിച്ച് ഹോട്ടലിൽ ബുക്ക് ചെയ്യൽ എന്നിവയെല്ലാം ക്വാന്റെ പ്ലാനിൽ ഉൾപ്പെട്ടിരുന്നു. സ്വന്തം അമ്മയുടെ മുന്നിൽ വച്ച് അവരുടെ പങ്കാളിയെ കൊലപ്പെടുത്താൻ തക്ക മനുഷ്യത്വരഹിതമായ ഒരു പദ്ധതിയായിരുന്നു ഡോക്ടർ പ്ലാൻ ചെയ്തിരുന്നതെന്ന് കോടതി വാദം കേട്ടു. എന്നാൽ ചെറിയ രീതിയിൽ വേദനയും അസ്വസ്ഥതയും ഉണ്ടാക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും, കൊലപ്പെടുത്തുക അല്ലായിരുന്നുവെന്നും ക്വാൻ കോടതിയിൽ വ്യക്തമാക്കി. അമ്മയുടെ സ്വത്തിനെ സംബന്ധിച്ച തർക്കമാണ് ഇത്തരത്തിൽ ചിന്തിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും കോടതി വിലയിരുത്തി. തന്റെ പ്ലാൻ പ്രകാരം ജനുവരിയിൽ രാജ് പട്ടേൽ എന്ന ഒരു കമ്മ്യൂണിറ്റി നേഴ്‌സാണെന്ന് അവകാശപ്പെട്ട് ഇയാൾ ഒഹാരയ്ക്ക് ഇഞ്ചക്ഷൻ നൽകി. തെറ്റായ പേരിൽ സിറ്റി സെൻ്റർ പ്രീമിയർ ഇന്നിൽ താമസിച്ച ക്വാൻ, നീണ്ട കോട്ടും തൊപ്പിയും സർജിക്കൽ ഗ്ലൗസും മെഡിക്കൽ മാസ്കും ടിൻ്റ് ഗ്ലാസും ധരിച്ചാണ് അമ്മയുടെ വീട്ടിലേക്ക് പോയത്. ഇൻജക്ഷൻ നൽകിയ ഉടൻ തന്നെ, ക്വാൻ വേഗത്തിൽ സാധനങ്ങൾ പാക്ക് ചെയ്ത് തിടുക്കത്തിൽ രക്ഷപ്പെട്ടതായും കോടതി വാദം കേട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അത്തരമൊരു എൻഎച്ച്എസ് സ്ഥാപനമില്ലെന്ന് ഒഹാര കണ്ടെത്തിയത്. ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും, ഇതിനുള്ള കാരണം കണ്ടെത്തുക ഡോക്ടർമാർക്ക് സാധിച്ചില്ല. എല്ലാ ബയോപ്‌സികളും രക്തപരിശോധനയും നടത്തിയെങ്കിലും അതിൽ ഉൾപ്പെട്ടിരിക്കുന്ന വിഷാംശം തിരിച്ചറിയുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടു. ഒഹാര ആഴ്ചകളോളമാണ് തീവ്രപരിചരണത്തിൽ തുടർന്നത്. കേസിനെ സംബന്ധിച്ച വിചാരണ കോടതിയിൽ തുടർന്നു വരികയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ പലിശ നിരക്കുകൾ വീണ്ടും കുറയാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിലക്കയറ്റം നിയന്ത്രണവിധേയമാവുകയാണെങ്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഇനിയും കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കഴിഞ്ഞ ആഗസ്റ്റിൽ ബാങ്ക് പലിശ നിരക്ക് 5.25 ൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. നീണ്ട നാലു വർഷ കാലയളവിൽ ആദ്യമായാണ് ബാങ്ക് പലിശ നിരക്ക് കുറച്ചത്.എന്നിരുന്നാലും മധ്യപൂർവേഷ്യയിൽ നടക്കുന്ന സംഭവവികാസങ്ങൾ വിലക്കയറ്റത്തെ സ്വാധീനിക്കുമോ എന്ന ആശങ്ക സാമ്പത്തിക വിദഗ്ധർക്കുണ്ട്. ഇസ്രായേലും ഇറാനുമായുള്ള സംഘർഷം കനക്കുകയാണെങ്കിൽ അത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലയെ ഗണ്യമായി സ്വാധീനിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
നവംബർ, ഡിസംബർ മാസങ്ങളിലായി പലിശ നിരക്ക് നിർണ്ണയിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് അവലോകന യോഗങ്ങൾ നടക്കും. പണപ്പെരുപ്പം ബാങ്കിൻറെ പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിന് അടുത്തെത്തിയതാണ് പലിശ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല ഘടകമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. എന്നിരുന്നാലും യുദ്ധ ഭീതിയാണ് ബാങ്കിൻറെ തീരുമാനത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം. വിതരണം തടസ്സപ്പെടുമെന്ന ആശങ്കയെ തുടർന്ന് ഈ ആഴ്ച എണ്ണവില ബാരലിന് 76 ഡോളറിന് മുകളിൽ ഉയർന്നിരുന്നു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
M65 -ൽ നടന്ന അപകടത്തെ തുടർന്ന് 17 വയസ്സുകാരിയായ പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ മൂന്ന് കൗമാരക്കാർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. M65 ലങ്കാ ഷെയറിലാണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന് M65 മണിക്കൂറുകളോളം അടച്ചിട്ടിരുന്നു. M65 -ൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി ഉണ്ടായതായുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്തു വന്നത്. എന്നാൽ ഒരു വാഹനം മാത്രമാണ് അപകടത്തിൽ പെട്ടതെന്നും മറ്റ് രണ്ട് വാഹനങ്ങൾ സഹായത്തിനായി നിർത്തിയിട്ടിരിക്കുകയായിരുന്നെന്നും പോലീസ് പിന്നീട് സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണങ്ങളെ കുറിച്ചോ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
മരിച്ച പെൺകുട്ടി അപകടത്തിൽ പെട്ട വാഹനത്തിലെ യാത്രക്കാരിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . 17 വയസ്സുകാരനായ ഒരു ആൺകുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. 17 ഉം19 ഉം വയസ്സുള്ള രണ്ടു പെൺകുട്ടികൾ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ തുടരുകയാണ്. അപകടത്തിൽ പെട്ട എല്ലാവരും സാർവെൽ മേഖലയിൽ നിന്നുള്ളവരാണ്. സംഭവത്തിൽ ദൃക്സാക്ഷികളോ ഡാഷ്‌ക്യാമോ മൊബൈൽ ഫൂട്ടേജോ ഉള്ളവരോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പുരുഷന്മാരുടെ ഇടയിൽ അമിതമായ സ്വയംഭോഗം മൂലമുള്ള ശാരീരിക മാനസിക പ്രശ്നങ്ങൾ വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇടയ്ക്കിടെ സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാർ പലപ്പോഴും കിടപ്പുമുറിയിൽ ഒരു പരാജയം ആയിരിക്കുമെന്നാണ് ഇൻഡിപെൻഡൻ്റ് ഫാർമസിയിലെ ജിപിയും മുതിർന്ന ക്ലിനിക്കൽ ഉപദേശകനുമായ ഡോ. ഡൊണാൾഡ് ഗ്രാൻ്റ് പറഞ്ഞു . മിതമായ അളവിൽ ചെയ്യുന്ന സ്വയംഭോഗം മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉറക്കത്തിനും കാരണമാകുമെന്നും അത് ഒരു അനാരോഗ്യകരമായ ശീലമായി വളരുന്നത് അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അശ്ലീല വെബ്സൈറ്റുകൾ അമിതമായി കാണുന്നതാണ് സ്വയംഭോഗം വർദ്ധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുകെയിൽ പ്രായപൂർത്തിയായവരിൽ പകുതി പേരും ഓൺലൈനിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നവരാണന്ന് അടുത്തിടെ മീഡിയ വാച്ച്ഡോഗ് ഓഫ്കോം നടത്തിയ സർവേയിൽ പുറത്തു വന്നിരുന്നു. ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് യൂറോളജിക്കൽ സർജൻ്റെ അഭിപ്രായത്തിൽ പ്രായപൂർത്തിയായ പുരുഷന്മാരിൽ 50 ശതമാനം വരെ ഉദ്ധാരണ കുറവ് അനുഭവിക്കുന്നു. പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം ഉദ്ധാരണ കുറവിന് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.
അമിതമായ സ്വയംഭോഗം അശ്ലീല വെബ്സൈറ്റുകളുടെ ഉപയോഗവുമാണ് പി ഐ ഇ ഡി എന്ന രോഗാവസ്ഥയ്ക്ക് കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. പോൺ ഇൻഡ്യൂസ് ഇറക്റ്റൈൽ ഡിസ് ഫംഗ്ഷൻ (പിഐഇഡി) മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം യുകെയിൽ ക്രമാതീതമായി കൂടുകയാണെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. പോണോഗ്രാഫി ഉപഭോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ആരോഗ്യകരമായ ശീലങ്ങൾ പുനഃസ്ഥാപിക്കുകയോ ചെയ്യുന്നത് പലപ്പോഴും രോഗലക്ഷണങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. പലപ്പോഴും പുരുഷന്മാർ അശ്ലീലത്തിനും സ്വയംഭോഗത്തിനും മുൻഗണന നൽകുന്നതിനാൽ യഥാർത്ഥ ലൈംഗികതയിൽ താത്പര്യം കുറയാൻ കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഷെഫീൽഡ് സ്ട്രീറ്റിൽ വഴിയാത്രക്കാരനെ രണ്ട് നായ്ക്കൾ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ, ഇത്തരം മൃഗങ്ങളുടെ ഉടമസ്ഥരായ വ്യക്തികൾ ആക്രമണങ്ങൾ തടയുവാൻ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന കർശന നിർദേശം പോലീസ് നൽകിയിരിക്കുകയാണ്. മാസ്റ്റിഫ് ഇനത്തിൽപ്പെട്ട നായയും, മറ്റൊരു കെയ്ൻ കോർസോയും ചേർന്നാണ് വഴിയാത്രക്കാരനായ നാല്പത്തിയേഴുകാരനെ ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നത്. അടുത്തുള്ള ഒരു ഉടമസ്ഥന്റെ പ്രോപ്പർട്ടിയിൽ നിന്നും രക്ഷപ്പെട്ട് എത്തിയതാണ് ഈ നായ്ക്കൾ എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇത്തരം വളർത്തു മൃഗങ്ങളുടെ ഉടമസ്ഥർക്ക് മുന്നറിയിപ്പായാണ് പോലീസിന്റെ ഈ നടപടി. ആക്രമണത്തിൽ വഴിയാത്രക്കാരന് ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും ചതവുകളും സംഭവിച്ചിട്ടുണ്ട്.
വഴിയിലൂടെ നടക്കുകയായിരുന്നു നായ്ക്കളെ തുടൽ ഉപയോഗിച്ച് ബന്ധിക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് വഴിയാത്രക്കാരനെ നായ്ക്കൾ ആക്രമിച്ചത്. സംഭവം കണ്ട് അദ്ദേഹത്തെ സഹായിക്കാനായി ഓടിയെത്തിയ 14 കാരിയായ പെൺകുട്ടിക്കും ചെറിയ പരിക്കുകൾ സംഭവിച്ചു. ആക്രമണത്തിനുശേഷം പോലീസ് അധികൃതർ സ്ഥലത്ത് എത്തുമ്പോഴും ഒരു നായ റോഡിലൂടെ നടക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി. പിന്നീട് വളരെ ശ്രമപ്പെട്ടാണ് നായ്ക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയതെന്നും അധികൃതർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനാണ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ഉടമകൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും നിർദ്ദേശം നൽകി.