Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ 22 വയസിന് താഴെയുള്ളവർക്ക് സൗജന്യ ബസ് പാസ് നൽകാനുള്ള പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങി. ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയിൽ ഇത് മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഈ പദ്ധതിയെ കുറിച്ച് ട്രാൻസ്പോർട്ട് കമ്മിറ്റിയാണ് ശുപാർശ ചെയ്തിരുന്നത്. തൊഴിലും വിദ്യാഭ്യാസവും യുവാക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അന്ന് അവർ പറഞ്ഞിരുന്നു.

സർക്കാരിന്റെ തീരുമാനത്തിനെതിരെ കമ്മിറ്റിയുടെ അധ്യക്ഷയായ എം.പി. റൂത്ത് കാഡ്ബറി ശക്തമായി പ്രതികരിച്ചു. “ദുര്‍ബല ഗതാഗത സംവിധാനം നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു അവർ പറഞ്ഞു. യുവാക്കൾക്ക് ജോലി ലഭിക്കാൻ ബുദ്ധിമുട്ട്, വിദ്യാർത്ഥികൾക്ക് ദീർഘയാത്രകൾ, മുതിർന്നവരും വൈകല്യമുള്ളവരും ഒറ്റപ്പെട്ട് കഴിയുന്ന അവസ്ഥ, വ്യാപാര കേന്ദ്രങ്ങൾക്ക് ഉപഭോക്താക്കളുടെ അഭാവം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് പ്രതിവിധിയായാണ് സൗജന്യ യാത്രാ പദ്ധതി വിഭാവനം ചെയ്തതെന്ന് അവര്‍ പറഞ്ഞു. സ്കോട്ട് ലൻഡിൽ 5 മുതൽ 22 വയസുവരെയുള്ളവർക്ക് ഇതിനകം സൗജന്യ ബസ് യാത്ര ലഭ്യമാണെന്നത് അവർ ഓർമ്മപ്പെടുത്തി.

സർക്കാരിന്റെ തീരുമാനം നിരാശാജനകമാണെന്ന് ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു. യുവാക്കൾ ഇതിനകം തന്നെ വിലക്കയറ്റത്തിൽ നട്ടംതിരിയുകയാണെന്നും പലരും നല്ലൊരു തുക മാസത്തിൽ ബസ് യാത്രയ്ക്കായി ചെലവാക്കുന്നുവെന്നും ആണ് ഭൂരിപക്ഷവും ഈ വിഷയത്തിൽ പ്രതികരിച്ചത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള ജയിലുകളിൽ മയക്കുമരുന്ന് കച്ചവടം തടയാൻ ഡ്രോൺ തടയുന്ന സാങ്കേതിക വിദ്യ അടിയന്തിരമായി നടപ്പാക്കണമെന്ന് ബ്രിട്ടീഷ് എംപിമാരുടെ കമ്മിറ്റി ആവശ്യപ്പെട്ടു. ജയിലുകളിലേക്ക് ഡ്രോണുകൾ വഴി മയക്കുമരുന്നും നിരോധിത വസ്തുക്കളും കടത്തുന്ന സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ പ്രവർത്തനം തടയാൻ ഇത് അത്യാവശ്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

പ്രതിവർഷം ജയിലുകൾക്ക് മുകളിൽ ഡ്രോൺ പറന്ന സംഭവങ്ങളിൽ 770 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . സ്കൈഫെൻസ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രോണുകളുടെ കമ്പ്യൂട്ടർ നിയന്ത്രണം തടയുന്ന സംവിധാനങ്ങൾ രണ്ടുവർഷത്തിനുള്ളിൽ പ്രത്യേക സുരക്ഷാ ജയിലുകളിൽ സ്ഥാപിക്കണമെന്ന് ശുപാർശയിൽ പറയുന്നുണ്ട് . നിലവിലുള്ള പോലീസ്-ക്രൈം ഏജൻസി സഹകരണങ്ങൾ മതിയാകുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

അതേസമയം ജയിലുകളിൽ തിരക്ക് കുറയ്ക്കുന്നതിനായി 38,000-ത്തിലധികം തടവുകാരെ നേരത്തേ മോചിപ്പിച്ചതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. തടവുകാരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനെ തുടർന്ന് 2024 സെപ്റ്റംബറിൽ ആണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിലൂടെ പല കുറ്റവാളികളും ശിക്ഷയുടെ 40% മാത്രമെ അനുഭവിക്കേണ്ടതായി വരുന്നുള്ളു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡോൺകാസ്റ്റർ നഗരത്തിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ 70 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടു . ബെൻ‍ലി പ്രദേശത്തെ ഇൻഗ്സ് ലെയ്‌ൻ സമീപം സ്ഥിതി ചെയ്യുന്ന വയലിലേക്കാണ് രാവിലെ ഏകദേശം 10.15 ഓടെ ഹെലികോപ്റ്റർ തകർന്നുവീണത്. റെറ്റ്‌ഫോർഡ് ഗാംസ്റ്റൺ വിമാനത്താവളത്തിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത് .

41 വയസ്സുള്ള പൈലറ്റിനും 58 വയസ്സുള്ള സ്ത്രീക്കും 10 വയസ്സുള്ള ബാലനുമാണ് പരിക്കേറ്റത്. ഇവർക്ക് ചെറിയ പരിക്കുകളാണ് ഉണ്ടായതെന്ന് സൗത്ത് യോർക്‍ഷയർ പൊലീസ് അറിയിച്ചു. അപകടസ്ഥലത്ത് തന്നെ 70 കാരനെ രക്ഷപ്പെടുത്താൻ മെഡിക്കൽ സംഘം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസും എയർ ആക്‌സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും (AAIB) ചേർന്ന് അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അപകടസമയത്തെ ദൃശ്യങ്ങളോ വിവരങ്ങളോ ഉള്ളവർ പൊലീസിനെ ബന്ധപ്പെടണമെന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചിട്ടുണ്ട് . പ്രദേശത്ത് റോഡ് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അബുദാബിയിലേക്കുള്ള എയർ അറേബ്യയുടെ വിമാനത്തിൽ ഹൃദയസ്തംഭനം മൂലം ബോധരഹിതനായ 34കാരന്റെ ജീവൻ കേരളത്തിൽ നിന്നുള്ള രണ്ട് യുവ നേഴ്സുമാർ രക്ഷപ്പെടുത്തി. വയനാട് സ്വദേശി അഭിജിത് ജീസും ചങ്ങനാശേരി സ്വദേശി അജീഷ് നെൽസണുമാണ് വിമാനയാത്രയ്ക്കിടെ അതിവേഗത്തിൽ സിപിആർ (CPR) നടത്തി യാത്രക്കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള 3 വിമാനത്തിലായിരുന്നു സംഭവം.

രാവിലെ ഏകദേശം 5.50ഓടെ അറേബ്യൻ കടലിനു മുകളിലൂടെ പറന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. യാത്രക്കാരൻ ബോധരഹിതനായി വീഴുന്നത് കണ്ട അഭിജിത് ഉടൻ പരിശോധന നടത്തി ഹൃദയമിടിപ്പ് നിന്നതാണെന്ന് മനസിലാക്കുകയായിരുന്നു . അജീഷ് സഹായിയായി ചേർന്നതോടെ ഇരുവരും ചേർന്ന് രണ്ട് റൗണ്ട് CPR നടത്തി. വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദർ അടിയന്തര ചികിത്സ നൽകി യാത്രക്കാരന്റെ നില മെച്ചപ്പെടുത്തി . അബുദാബിയിൽ വിമാനം ഇറങ്ങിയ ഉടനെ വിമാനത്താവളത്തിലെ മെഡിക്കൽ സംഘം രോഗിയെ ഏറ്റെടുത്തു.

പുതിയ ജോലി ആരംഭിക്കാനായി യുഎഇയിലേക്കുള്ള ഇരുവരുടെയും ആദ്യയാത്രയായിരുന്നു ഇത്. റസ്‌പോൺസ് പ്ലസ് മെഡിക്കൽ (RPM) സ്ഥാപനത്തിലാണ് ഇരുവരും നിയമിതരായത്. സംഭവം പുറത്തറിഞ്ഞതിനു ശേഷം റസ്‌പോൺസ് പ്ലസ് മെഡിക്കൽ അധികൃതർ ഇരുവരെയും ആദരിച്ചു. ജീവിതത്തിന്റെ ആദ്യ വിദേശയാത്രയിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്നാണ് സംഭവത്തെ കുറിച്ച് അഭിജിത്തും അജീഷും പറഞ്ഞത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ അംഗമായ പ്രിൻസ് ആൻഡ്രൂവിനെ എല്ലാ രാജകീയ പദവികളിലും നിന്നു പുറത്താക്കാനും, വിൻഡ്സറിലെ ആഡംബര ഭവനമായ ‘റോയൽ ലോഡ്ജ്’ ഒഴിയാനുമുള്ള ഉത്തരവ് രാജാവ് ചാൾസ് പുറപ്പെടുവിച്ചു. ഇതോടെ ഇനി അദ്ദേഹത്തെ “ആൻഡ്രൂ മൗണ്ട്‌ബാറ്റൻ വിൻഡ്സർ” എന്ന പേരിലാണ് അറിയുക എന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

ജെഫ്രി എപ്പ്സ്റ്റൈൻ എന്ന ബാലപീഡകനുമായുള്ള ആൻഡ്രൂവിന്റെ ബന്ധവും, എപ്പ്സ്റ്റൈന്റെ ഇരയായ വെർജീനിയ ഗിയുഫ്രെയുടെ ലൈംഗിക പീഡനാരോപണവും രാജകുടുംബത്തിന് വലിയ അപകീർത്തി സൃഷ്ടിച്ചതാണ് ഈ കടുത്ത നടപടിക്ക് പിന്നിലെ പ്രധാന കാരണം. അവളുടെ സത്യസന്ധതയും ധൈര്യവുമാണ് ഈ നടപടിക്ക് കാരണമായത് എന്ന് ഗിയുഫ്രെയുടെ കുടുംബം പ്രതികരിച്ചു.

ആൻഡ്രൂ എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ടെങ്കിലും, 12 മില്യൺ പൗണ്ട് നൽകി കേസിൽ ഒത്തുതീർപ്പ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഡ്യൂക്ക് ഓഫ് യോർക്ക് ഉൾപ്പെടെ എല്ലാ പദവികളും പിൻവലിക്കപ്പെടും. വിൻഡ്സറിലെ ഭവനം ഒഴിഞ്ഞ് അദ്ദേഹം നോർഫോക്കിലെ സാൻഡ്രിംഗ്ഹാമിലെ സ്വകാര്യ വസതിയിലേക്ക് മാറും. ജനവിശ്വാസം സംരക്ഷിക്കാനായുള്ള നിർബന്ധിത നടപടി” ആണിതെന്ന് പ്രസ്താവനയിൽ ചാൾസ് “ രാജാവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടന്‍: ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ യുകെയില്‍ താമസിക്കുന്ന മലയാളി പ്രിന്‍സ് ഫ്രാന്‍സിസിന് 27 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഐല്‍ ഓഫ് വൈറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇയാൾ വര്‍ഷങ്ങളായി മദ്യലഹരിയില്‍ ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി ഉപദ്രവിച്ചിരുന്ന ഇയാള്‍ നാട്ടുകാരുടെ മുന്നിലും പലപ്പോഴും അക്രമം നടത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു.

പ്രിന്‍സ് ഫ്രാന്‍സിസ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാൾ മദ്യപാനത്തിന് ശേഷം വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും, ഭാര്യയെ അടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. നാല് കുട്ടികളുള്ള കുടുംബത്തില്‍ ഇളയ കുഞ്ഞിന്റെ പ്രസവ ശുശ്രൂഷകാലത്ത് പോലും ഭാര്യയെ മര്‍ദ്ദിച്ചതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇയാളുടെ പ്രവൃത്തികള്‍ ഗാർഹിക പീഡനത്തിന്റെ പാരമത്യത്തിലെത്തിയതായി കോടതി പരാമര്‍ശിച്ചു.

ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രതി കോടതിയോട് അനുമതി തേടിയിരുന്നെങ്കിലും, ശിക്ഷ പൂര്‍ത്തിയാകുന്നത് വരെ ജയിലില്‍ തുടരണം എന്നതാണ് കോടതി നിലപാട്. ഇതോടൊപ്പം യുകെയില്‍ ഗാര്‍ഹിക പീഡനം, ബലാത്സംഗശ്രമം തുടങ്ങിയ കേസുകളില്‍ പത്തിലധികം മലയാളികള്‍ക്കെതിരെ വിചാരണ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാർഡിഫ് ∙ കാർഡിഫിലെ ക്ലിഫ്ടൺ റോഡിൽ കഴിഞ്ഞ രണ്ട് വർഷമായി താമസിച്ചു വരികയായിരുന്ന റെജി ജോർജ് (48) ചൊവ്വാഴ്ച ഉച്ചക്ക് ഹൃദയാഘാതം മൂലം മരിച്ചു . മൂവാറ്റുപുഴ കയനാട് തച്ചുകുന്നേൽ കുടുംബാഗമാണ് . അപ്രതീക്ഷിതമായി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. എല്ലാവരോടും സൗമ്യമായും സന്തോഷത്തോടെയും ഇടപെട്ടിരുന്ന റെജി കാർഡിഫിലെ മലയാളി സമൂഹത്തിൽ സുപരിചിതനായിരുന്നു.

റെജിയോടൊപ്പം താമസിച്ചിരുന്ന മകൻ ആൽബി (16) ഇപ്പോൾ കാർഡിഫിലെ ഒരു സ്കൂളിൽ പഠിക്കുന്നു. സഹോദരൻ സകുടുംബം യുകെയിൽ ഉണ്ട്. . പ്രാദേശിക മലയാളി സമൂഹം കുടുംബത്തിന് എല്ലാ സഹായമായി കൂടെയുണ്ട്.

റെജിയുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ആവശ്യമായ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മൂവാറ്റുപുഴയിലെ ജന്മനാട്ടിലേക്കാണ് കൊണ്ടുപോയി മൃതസംസ്‍കാരം നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. യുകെയിലെ പൊതുദർശനത്തിന്റെയും സംസ്കാരത്തിയതിയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

റെജി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നികുതി വർധനയും സാമ്പത്തിക വളർച്ചാ മന്ദഗതിയും സംബന്ധിച്ച ആശങ്കകൾ മൂലം പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു . ഡോളറിനെതിരെ പൗണ്ട് 1.32 ഡോളറിലേക്കും യൂറോയോട് 1.13 യൂറോയിലേക്കും ആണ് താഴ്ന്നത് . ഇത് കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണ് . പിന്നീട് ചെറിയ തോതിൽ ഉയർന്നെങ്കിലും 1.14 യൂറോയിൽ സ്ഥിരത കൈവരിക്കുകയും ചെയ്‌തെങ്കിലും വിപണിയിൽ കൂടുതൽ ഇടിവ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . സർക്കാരിന്റെ ധനകാര്യ നയം കൂടുതൽ കടുപ്പിക്കുകയും നികുതി വർധനയും ചെലവു ചുരുക്കലും ഒരുമിച്ച് നടപ്പിലാകുകയുമെങ്കിൽ പൗണ്ട് വീണ്ടും ദുർബലമാകാനുള്ള സാധ്യത ആണ് കാണുന്നത്.

നവംബർ 26-ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ചാൻസലർ റേച്ചൽ റീവ്സ് കർശന ധനനിയമങ്ങൾ പാലിക്കാനായി നികുതി കൂട്ടാനും ചില പൊതു ചെലവുകൾ കുറയ്ക്കാനും നിർബന്ധിതയാകുമെന്നാണ് വിലയിരുത്തൽ. യുകെയുടെ ഉൽപാദനക്ഷമത പ്രതീക്ഷിച്ചതിനേക്കാൾ താഴെയായതിനാൽ, സർക്കാരിന് അധിക വരുമാനം കണ്ടെത്തേണ്ടി വരുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ഇതിന്റെ ഫലമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് നിലവിലെ 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി വേഗത്തിൽ കുറയ്ക്കാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത് . ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെയുള്ള ചില പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ അടുത്ത ആഴ്ച നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് യോഗത്തിൽ തന്നെ നിരക്ക് കുറയ്ക്കാമെന്ന പ്രവചനവുമായി രംഗത്തെത്തി.

പലിശനിരക്കിൽ ഇളവ് വരുമ്പോൾ വിദേശ നിക്ഷേപകർ കൂടുതൽ ലാഭം ലഭിക്കുന്ന രാജ്യങ്ങളിലേക്ക് പണം മാറ്റാനുള്ള പ്രവണത കാണിക്കും. ഇതോടെ പൗണ്ട് മൂല്യം കൂടുതൽ താഴ്ന്നേക്കാം. എന്നാൽ വിലക്കയറ്റം നിയന്ത്രണത്തിലായതും ഭക്ഷ്യവിലയിൽ വൻതോതിലുള്ള ഇടിവ് വന്നതും ഉപഭോക്താക്കൾക്ക് ആശ്വാസമായി മാറും. ബ്രിട്ടീഷ് റീട്ടെയിൽ കോൺസോർഷ്യത്തിന്റെ റിപ്പോർട്ട് പ്രകാരം, കോവിഡ് മഹാമാരിക്കുശേഷം ഏറ്റവും വലിയ ഭക്ഷ്യവില ഇടിവ് ഒക്ടോബറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനയായതിനാൽ, ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ സാമ്പത്തിക വിദഗ്ധർ വായ്പാ പലിശ കുറയ്ക്കുന്നതിനായി കൂടുതൽ ആത്മവിശ്വാസം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൗണ്ടിന്റെ ഈ ഇടിവ് യുകെയിലെ മലയാളികളെയും നേരിട്ട് ബാധിക്കുന്നതാണ്. ഇതോടെ യുകെ മലയാളികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ മൂല്യം കുറയും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജമൈക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റായ മെലിസയെ തുടർന്ന് യുകെ സർക്കാർ 2.5 ദശലക്ഷം പൗണ്ട് അടിയന്തിര സഹായമായി നൽകുമെന്ന് വിദേശകാര്യ വകുപ്പ് (FCDO) പ്രഖ്യാപിച്ചു. ദുരന്താനന്തര രക്ഷാപ്രവർത്തനങ്ങൾക്ക് ബ്രിട്ടൻ സാങ്കേതിക വിദഗ്ധരെയും അടിയന്തിര സഹായ സാമഗ്രികളായ ഷെൽട്ടർ കിറ്റുകൾ, വാട്ടർ ഫിൽറ്ററുകൾ, വസ്ത്രങ്ങൾ എന്നിവയും അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. “ജമൈക്കയിൽ നിന്നുള്ള നാശനഷ്ട ദൃശ്യങ്ങൾ തീർത്തും ഞെട്ടിക്കുന്നതാണ്,” എന്ന് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ പാർലമെന്റിൽ പ്രസ്താവിച്ചു. എച്ച് എം എസ് ട്രെൻ്റ് എന്ന ബ്രിട്ടീഷ് നാവിക കപ്പൽ ഇതിനകം തന്നെ ആ പ്രദേശത്ത് സഹായത്തിനായി നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

295 കിലോമീറ്റർ വേഗതയിലുള്ള കാറ്റോടെയാണ് കാറ്റഗറി 3 നിലവാരത്തിലുള്ള ചുഴലിക്കാറ്റായ മെലിസ ജമൈക്കയുടെ തെക്കൻ തീരത്ത് അപ്രതീക്ഷിതമായി ആഞ്ഞടിച്ചത് . ഇതോടെ വീടുകൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തകർന്ന് വൻ നാശ നഷ്ടമാണ് സംഭവിച്ചത് . രാജ്യത്തിന്റെ മൂന്നിൽ നാല് ഭാഗത്തും വൈദ്യുതി വിതരണം നിലച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ജമൈക്ക പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് രാജ്യം “ദുരന്ത മേഖലയായി” പ്രഖ്യാപിച്ചു. കടുത്ത കാറ്റും മഴയും കാരണം ദ്വീപിന്റെ പല മേഖലകളിലും വ്യാപകമായ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ജമൈക്കയിലെ നാശനഷ്ടത്തെ കുറിച്ച് ചാൾസ് രാജാവും കമില്ല രഞ്ജിയും ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ചു. ജമൈക്കയിൽ താമസിക്കുന്ന ഏകദേശം 8,000 ബ്രിട്ടൻകാരോട് എഫ്‌സിഡിഒ അവരുടെ സ്ഥിതിവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മെലിസ കൊടുങ്കാറ്റിന്റെ ഭാഗമായി അടുത്ത ആഴ്ച യുകെയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് മഴയും കാറ്റും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലീഡ്സ് റീജിണൽ ബൈബിൾ കലോത്സവം വിജയകരമായി സമാപിച്ചു . ലീഡ്സ് റീജണിന്റെ നാനാഭാഗത്തുനിന്നും മികച്ച പങ്കാളിത്തമാണ് കലോത്സവത്തിൽ ഉണ്ടായിരുന്നത്. സെൻറ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് . രണ്ടും മൂന്നും സ്‌ഥാനങ്ങൾ യഥാക്രമം ഔവർ ലേഡി ചർച്ച് ന്യൂ കാസ്റ്റിലൈനും മറിയം ത്രേസ്യ മിഷൻ ഷെഫീൽഡും നേടി . ലീഡ്സ് റീജണൽ കോർഡിനേറ്റർ ഫാ. ജോജോ പ്ലാപ്പള്ളിൽ ആണ് ബൈബിൾ കലോത്സവം ഉദ്ഘാടനം ചെയ്തത്. പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ജോസഫ് പിണക്കാടിനെ സമാപന സമ്മേളനത്തിൽ ആദരിച്ചു.

വിശ്വാസത്തെയും ബൈബിൾ പഠനത്തെയും പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബൈബിൾ കലോത്സവത്തിൽ കുട്ടികളും യുവാക്കളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്തു. പ്രസംഗം, ഗ്രൂപ്പ് ഡാൻസ് , നാടകങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി മത്സരങ്ങൾ ആവേശപൂർവ്വം നടന്നു. വിശ്വാസത്തോടുള്ള ആത്മീയ പ്രതിബന്ധത എടുത്തുകാട്ടിയ ഈ പരിപാടി യുകെയിലെ സീറോ മലബാർ സമൂഹത്തിന് അഭിമാന നിമിഷമായി.

പരിപാടിയുടെ വിജയകരമായ നടത്തിപ്പ് ലീഡ്സ് റീജിയൻ ബൈബിൾ കലോത്സവ ഡയറക്ടർ ഫാ. തോമസ് വാലുമ്മലിൻ്റെ നേതൃത്വത്തിലായിരുന്നു. മികവുറ്റ സംഘാടനത്തിന് മുക്തകണ്ഠ പ്രശംസയാണ് ബൈബിൾ കലോത്സവത്തിൽ പങ്കെടുത്തവരും കാണികളും അറിയിച്ചത് . കോർഡിനേറ്റർ ജോൺ കുര്യൻ, സെക്രട്ടറി ജിമ്മിച്ചൻ, ടാബുലേഷൻ ചുമതലയുള്ള വിമൽയും സംഘവും, ഷെഫീൽഡ് ഉൾപ്പെടെ വിവിധ പള്ളികളിലെ പ്രാദേശിക കോർഡിനേറ്റർമാരും പരിപാടിയുടെ വിജയത്തിന് അതുല്യമായ പങ്കുവഹിച്ചു. പങ്കെടുക്കുന്നവർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനമാവുന്ന രീതിയിൽ ക്രമീകരിച്ച ചടങ്ങ് ആത്മീയതയും ആഘോഷവും ചേർന്ന മനോഹര അനുഭവം ആണ് പങ്കെടുത്തവർക്ക് സമ്മാനിച്ചത്. മികച്ച സംഘാടനത്തിനും ശുചിത്വം പാലിച്ചതിനും പരിപാടി നടന്ന സ്കൂളിന്റെ അധികൃതർക്ക് അഭിനന്ദനം അറിയിച്ചത് ശ്രദ്ധേയമായി.

RECENT POSTS
Copyright © . All rights reserved