Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : ഒ‌സി‌ഐ കാർഡുകൾ പുതുക്കുന്നതിനുള്ള പ്രക്രിയ ലളിതമാക്കാൻ മോദി സർക്കാർ. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾ വീണ്ടും ഇഷ്യു ചെയ്യുന്നതിനുള്ള പ്രക്രിയ ലളിതമാക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് ഈ തീരുമാനം. ഇതുവരെ 37.72 ലക്ഷം ഒസിഐ കാർഡുകൾ ഇന്ത്യൻ സർക്കാർ നൽകിയിട്ടുണ്ട്. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒ‌സി‌ഐ കാർഡ്. വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ തീരുമാനം. ഈ തീരുമാനം പ്രകാരം 50 വയസ്സ് പൂർത്തിയാക്കിയ വ്യക്തി കാർഡ് വീണ്ടും ഇഷ്യു ചെയ്യേണ്ടതിന്റെ ആവശ്യമില്ല. അതേസമയം, 20 വയസ്സ് തികയുമ്പോൾ ഒസിഐ കാർഡ് ഉടമകൾ അവരുടെ കാർഡ് വീണ്ടും പുതുക്കേണ്ടതുണ്ട്.

മുമ്പത്തെ നിയമങ്ങൾ‌ പ്രകാരം ഇരുപത് വയസ്സ് വരെയും അമ്പത് വയസ്സിനു ശേഷവും ഓരോ തവണ പുതിയ പാസ്പോർട്ട്‌ നൽകുമ്പോഴും അപേക്ഷകന്റെ മുഖത്തെ രൂപപരമായ മാറ്റങ്ങൾ പിടിച്ചെടുക്കാൻ വേണ്ടി ഒസിഐ കാർഡുകൾ പുതുക്കേണ്ടത് ആവശ്യമായിരുന്നു. ഈ ആവശ്യകത തള്ളികളയാൻ ഇപ്പോൾ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുതിയ നിയമങ്ങൾ അനുസരിച്ച്, 20 വയസ് തികയുന്നതിനുമുമ്പ് ഒസിഐ കാർഡ് ഉടമയായി രജിസ്ട്രേഷൻ നേടിയ ഒരാൾക്ക് 20 വയസ്സ് പൂർത്തിയാക്കിയ ശേഷം പുതിയ പാസ്‌പോർട്ട് നൽകുമ്പോൾ ഒരു തവണ മാത്രമേ ഒസിഐ കാർഡ് പുതുക്കേണ്ടതുള്ളൂ.

ഒരാൾ 20 വയസ്സ് തികഞ്ഞതിന് ശേഷം ഒസിഐ കാർഡ് ഉടമയായി രജിസ്ട്രേഷൻ നേടിയിട്ടുണ്ടെങ്കിൽ, ഒസിഐ കാർഡ് വീണ്ടും ഇഷ്യു ചെയ്യേണ്ട ആവശ്യമില്ലെന്ന് എംഎച്ച്എ പ്രസ്താവനയിൽ പറഞ്ഞു. ഒരു ഒ‌സി‌ഐ കാർ‌ഡ്‌ഹോൾ‌ഡർ‌ ഫോട്ടോ അടങ്ങിയ പുതിയ പാസ്‌പോർട്ടിന്റെ പകർ‌പ്പും ഏറ്റവും പുതിയ ഫോട്ടോയും ഓൺ‌ലൈൻ‌ ഒ‌സി‌ഐ പോർ‌ട്ടലിൽ‌ അപ്‌ലോഡ് ചെയ്യേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. എം‌എ‌ച്ച്‌എ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച്, പുതിയ പാസ്‌പോർട്ട് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഈ രേഖകൾ‌ ഒ‌സി‌ഐ കാർഡ് ഉടമകൾക്കോ പങ്കാളിയ്ക്കോ അപ്‌ലോഡുചെയ്യാം. വിശദാംശങ്ങൾ‌ സിസ്റ്റത്തിൽ‌ അപ്‌ഡേറ്റുചെയ്യുകയും അപ്‌ഡേറ്റുചെയ്‌ത വിശദാംശങ്ങൾ‌ റെക്കോർഡുചെയ്‌തുവെന്ന് അറിയിച്ചുകൊണ്ട് ഒരു ഇമെയിൽ ലഭിക്കുകയും ചെയ്യും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന 30 അംഗങ്ങളുടെ പട്ടിക പുറത്തുവിട്ട് ബക്കിംഗ്ഹാം കൊട്ടാരം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വിൻഡ്‌സറിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ സംസ്‍കാര ചടങ്ങുകൾ ആരംഭിക്കും. നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം 30 പേർക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. എണ്ണുറോളം അംഗങ്ങളിൽ നിന്നും മുപ്പതു പേരെ തിരഞ്ഞെടുക്കേണ്ടി വന്നതിനാൽ രാജ്ഞി വളരെ ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങൾ കൈകൊണ്ടതായി കൊട്ടാരം അറിയിച്ചു. പട്ടികയിലെ ഒന്നാമത്തെ വ്യക്തി രാജ്ഞി തന്നെയാണ്. വെയിൽസ് രാജകുമാരനും ഫിലിപ്പിന്റെ മൂത്തമകനുമായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും ചടങ്ങിൽ ഉണ്ടായിരിക്കും. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെതുടർന്ന് 2019ൽ രാജകീയ ചുമതലകളിൽ നിന്ന് സ്ഥാനമൊഴിഞ്ഞതിന് ശേഷം ഡ്യൂക്ക് ഓഫ് യോർക്, ആൻഡ്രൂ ആദ്യമായി പ്രത്യക്ഷപ്പെടുന്ന ഔദ്യോഗിക ചടങ്ങ് ആയിരിക്കും പിതാവിന്റെ ശവസംസ്‍കാരം. വെസെക്സിന്റെ പ്രഭുവും ഫിലിപ്പിന്റെ ഇളയ മകനുമായ എഡ്വേർഡ്, ഭാര്യ സോഫി, രാജകുമാരിയും ഫിലിപ്പിന്റെ ഏക മകളുമായ ആൻ, ഭർത്താവ് വൈസ് അഡ്മിറൽ സർ തിമോത്തി ലോറൻസ് എന്നിവരും ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കും.

ഫിലിപ്പ് രാജകുമാരന്റെ പേരക്കുട്ടികളും അവരുടെ ജീവിതപങ്കാളികളുമാണ് സംസ്‍കാര ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട മറ്റു കുടുംബാംഗങ്ങൾ. വില്യം രാജകുമാരൻ, ഭാര്യ കേറ്റ് എന്നിവർക്കൊപ്പം ഹാരിയും ചടങ്ങിൽ പങ്കെടുക്കും. ഗർഭിണിയായ ഭാര്യ മേഗനെയും മകനെയും കൂട്ടാതെയാണ് ഹാരി സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. യുഎസിൽ നിന്ന് തിരികെയെത്തിയ സസെക്സ് ഡ്യൂക്ക് ഹാരി ഫ്രോഗ് മോർ കോട്ടേജിൽ ഐസൊലേഷനിൽ കഴിയുകയാണ്. ആൻഡ്രൂവിന്റെ മക്കളായ ബിയാട്രീസ്, യൂജിൻ എന്നിവരും അവരുടെ ഭർത്താക്കന്മാരായ എഡൊർഡോ മാപ്പെല്ലി മോസ്സി, ജാക്ക് ബ്രൂക്സ്ബാങ്ക് എന്നിവരും എഡ്വേർഡിന്റെ മക്കളായ ലേഡി ലൂയിസ്, ജെയിംസ് എന്നിവരും ആനിയുടെ മക്കളായ പീറ്റർ ഫിലിപ്സ്,സാറ ടിണ്ടൽ, സാറയുടെ ഭർത്താവ് മൈക്ക് ടിണ്ടൽ എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജ്ഞിയുടെ ഏറ്റവും അടുത്ത ബന്ധുക്കളും ഫിലിപ്പിന്റെ മൂന്ന് ജർമ്മൻ ബന്ധുക്കളുമാണ് പട്ടികയിലെ മറ്റു അതിഥികൾ. ഡ്യൂക്കിന്റെ കാര്യേജ് ഡ്രൈവിംഗ് പാർട്ണറും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന പെന്നിയാണ് പട്ടികയിലെ അവസാന വ്യക്തി.

കോവിഡ് നിയന്ത്രണങ്ങൾ കാരണം ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ രാജ്ഞി കുടുംബാംഗങ്ങളിൽ നിന്നും വിട്ടുമാറി ഒറ്റയ്ക്കാണ് ഇരിക്കുക. നിലവിലെ നിയന്ത്രണങ്ങൾ പ്രകാരം ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന വ്യക്തി, തന്റെ ബബിളിൽ ഇല്ലാത്തവരിൽ നിന്നും രണ്ട് മീറ്റർ അകലം പാലിക്കണം. അതുകൊണ്ട് തന്നെ വിൻഡ്‌സർ ബബിളിലെ ഒരു അംഗം തന്നോടൊപ്പം ചേർന്നില്ലെങ്കിൽ രാജ്ഞി ശവസംസ്കാര ശുശ്രൂഷയിൽ തനിച്ചായിരിക്കുമെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന 30 ആളുകളുടെ പേരുകൾ പുറത്തുവിട്ടുകഴിഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇന്ത്യൻ ജനിതക കൊറോണ വൈറസ് യു കെയിൽ സ്ഥിരീകരിച്ചു. എഴുപത്തിഏഴോളം പേരിലാണ് പുതിയ സ്‌ട്രെയിൻ കണ്ടെത്തിയിരിക്കുന്നത്. വളരെ വേഗത്തിൽ പകരുന്ന തരത്തിലുള്ള സ്‌ട്രെയിനാണ് ഇതെന്ന് ആരോഗ്യ വിദഗ്തർ വിലയിരുത്തുന്നു. ഈ സ്‌ട്രെയിനാണ് ഇപ്പോൾ ഇന്ത്യയിലെ കോവിഡ് വർദ്ധനവിന് കാരണമായിരിക്കുന്നത്. ബുധനാഴ്ച ഇന്ത്യയിൽ 198000 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഇതു ലോകത്തിലെ കണക്കുകളിലെ തന്നെ മൂന്നിലൊന്ന് ശതമാനത്തോളമാണ്.


സാഹചര്യത്തെ വളരെ ശ്രദ്ധയോടെയാണ് വിലയിരുത്തുന്നത് എന്ന് ആരോഗ്യപ്രവർത്തകർ രേഖപ്പെടുത്തി. മാർച്ചിലാണ് ഈ പുതിയ സ്‌ട്രെയിൻ ഇന്ത്യയിൽ കണ്ടെത്തിയത്. ഇത് ഡബിൾ മ്യുട്ടന്റ് വൈറസ് ആണ് എന്ന് ഇന്ത്യൻ ഗവൺമെന്റ് സ്ഥിതീകരിച്ചിരുന്നു. മറ്റ് രണ്ട് സ്‌ട്രെയിനുകളുടെ ഹൈബ്രിഡ് ആയാണ് ഈ പുതിയ വൈറസ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ 56 ഓളം സ്ട്രെയിനുകളാണ് യുകെയിൽ മൊത്തമായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആശങ്ക ഉളവാക്കുന്നത് സൗത്ത് ആഫ്രിക്കൻ സ്‌ട്രെയിൻ ആണ്.


ഈ സ്‌ട്രെയിൻ കൂടുതൽ പടരുകയാണെങ്കിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് സേജ് മെമ്പർ പ്രൊഫസർ ജോൺ എഡ്മണ്ട്സ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം ആരോഗ്യപ്രവർത്തകർ നൽകുന്നു. ലോക് ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന രോഗികളുടെ എണ്ണം വളരെ കുറഞ്ഞെങ്കിലും എൻഎച്ച്എസിനെ കാത്തിരിക്കുന്നത് അതീവ ജോലി സമ്മർദ്ദത്തിൻെറ നാളുകൾ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 4.7 ദശലക്ഷം രോഗികളാണ് ഇംഗ്ലണ്ടിൽ ചികിത്സക്കായി കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിലവിൽ 388000 ആളുകളാണ് ശസ്ത്രക്രിയയ്ക്കായി ഒരു വർഷത്തിലധികമായി വെയ്റ്റിങ് ലിസ്റ്റിൽ ഉള്ളത്. എന്നാൽ മഹാമാരി ആരംഭിക്കുന്നതിനുമുമ്പ് ഇത് 1600 പേർ മാത്രമായിരുന്നു.

ജനുവരി ഫെബ്രുവരി മാസങ്ങളിൽ കോവിഡ്-19 മൂലമുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതാണ് നിലവിലെ സാഹചര്യം സംജാതമാകാൻ കാരണമായത്. കാൻസർ പോലെ ജീവന് ഭീഷണിയായ രോഗാവസ്ഥകൾക്ക് അടിയന്തര ചികിത്സകൾ നൽകാൻ സാധിച്ചെങ്കിലും ചെറിയ ശസ്ത്രക്രിയകൾ തുടങ്ങിയ ചികിത്സയ്ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് രോഗികളുടെ ചികിത്സ റദ്ദാക്കുകയോ മാറ്റി വെയ്ക്കുകയോ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ് വൈസ് പ്രസിഡന്റ് ടിം മിച്ചൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കർശനമായ കോവിഡ് പ്രോട്ടോക്കോൾ കാരണം ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ രാജ്ഞി കുടുംബാംഗങ്ങളിൽ നിന്നും വിട്ടുമാറി ഒറ്റയ്ക്ക് ഇരിക്കും. നിലവിലെ നിയന്ത്രണങ്ങൾ പ്രകാരം ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന വ്യക്തി, തന്റെ ബബിളിൽ ഇല്ലാത്തവരിൽ നിന്നും രണ്ട് മീറ്റർ അകലം പാലിക്കണം. അതുകൊണ്ട് തന്നെ വിൻഡ്‌സർ ബബിളിലെ ഒരു അംഗം തന്നോടൊപ്പം ചേർന്നില്ലെങ്കിൽ രാജ്ഞി ശവസംസ്കാര ശുശ്രൂഷയിൽ തനിച്ചായിരിക്കുമെന്ന് രാജകീയ വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം രാജ്ഞിക്കൊപ്പം ഇരിക്കാൻ അനുവാദം ലഭിച്ച ഒരേയൊരു വ്യക്തിയാണ് ഫിലിപ്പിന്റെ പ്രൈവറ്റ് സെക്രട്ടറി ബ്രിഗേഡിയർ ആർച്ചി മില്ലർ-ബേക്ക്‌വെൽ. ശവസംസ്കാര ചടങ്ങ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യും.

ശവസംസ്കാര ചടങ്ങിൽ അതിഥികൾ മാസ്ക് ധരിച്ചാവും സംബന്ധിക്കുക. രോഗവ്യാപനം കണക്കിലെടുത്ത് പാട്ട് പാടുന്നതിനും വിലക്കുണ്ട്. അതേസമയം ഈ പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ വിൻഡ്‌സർ മേയർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹാരിയും ആൻഡ്രൂവും സംസ്‍കാര ചടങ്ങിൽ സൈനിക യൂണിഫോം ധരിക്കുമോയെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയായിരുന്നു. ഹാരിയുടെയും ആൻഡ്രൂവിന്റെയും നാണക്കേട് ഒഴിവാക്കാൻ രാജകുടുംബത്തിലെ ആരും ഫിലിപ്പിന്റെ ശവസംസ്കാര ചടങ്ങിൽ യൂണിഫോം ധരിക്കില്ലെന്നും പകരം സ്യൂട്ട് ധരിക്കുമെന്നും അറിയിച്ചു. രാജ്ഞി ഇടപെട്ടാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. സൈനിക യൂണിഫോം ധരിക്കാൻ കഴിയാത്ത ഏക കുടുംബാംഗം ഹാരി രാജകുമാരനാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ തീരുമാനം ഉണ്ടാവുന്നത്.

ഒരു ദശാബ്ദക്കാലം കരസേനയിൽ സേവനമനുഷ്ഠിച്ച ഹാരി യുകെ വിട്ടതിനാൽ രാജകീയ പദവികൾ നഷ്ടപ്പെട്ടിരുന്നു. അതേസമയം പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ തനിക്ക് അഡ്മിറൽസ് യൂണിഫോം ധരിക്കണമെന്ന് ആൻഡ്രൂ രാജകുമാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്ഞിയുടെ ഈ തീരുമാനത്തോടെ ശനിയാഴ്ച നടക്കുന്ന ശവസംസ്കാര ചടങ്ങിൽ എല്ലാ മുതിർന്ന രാജകുടുംബാംഗങ്ങളും വിലാപ വസ്ത്രമാവും ധരിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ പ്രതിദിനം 175 രോഗികൾ മാത്രമാണ് കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത് എന്ന കണക്കുകൾ പുറത്തുവന്നു. ജനുവരിയിൽ രോഗവ്യാപനം ഏറ്റവും കൂടി നിന്ന സമയത്ത് ഇത് 4000 വരെയായിരുന്നു. ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം വളരെ കുറഞ്ഞത് രോഗവ്യാപനം നിയന്ത്രണവിധേയമായതിൻറെ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. രോഗവ്യാപനവും മരണനിരക്കും കുറഞ്ഞതിനാൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾക്കായി രാഷ്ട്രീയ നേതൃത്വത്തിൻെറ മേൽ സമ്മർദ്ദം വർധിക്കുമെന്നാണ് പൊതുവെ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ ഔദ്യോഗിക കണക്കുകൾ പ്രകാരം രോഗവ്യാപനവും മരണനിരക്കും കുറയുന്നതിൽ നിർണായക പങ്കുവഹിച്ചത് യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയതാണ്. മാർച്ച് മാസം തുടക്കത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗികളിൽ 49 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരായിരുന്നു. ഡിസംബറിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ തുടങ്ങുന്നതിനുമുമ്പ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 65 വയസ്സിന് മുകളിലുള്ള രോഗികളുടെ എണ്ണം 70 ശതമാനമായിരുന്നു. ജൂൺ 21 വരെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കാൻ സാധ്യതയില്ല എന്നാണ് കരുതപ്പെടുന്നത്. രോഗവ്യാപനം തടയാൻ ഫെയ്‌സ് മാസ്ക് തുടർന്നും ഉപയോഗിക്കണം എന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധർക്കുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആധുനിക ജീവിതത്തിലെ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായി മൊബൈൽഫോൺ മാറിയിട്ടുണ്ട്. മലയാളികൾ അടക്കമുള്ള മാതാപിതാക്കൾ കുട്ടികൾ ഹൈസ്കൂളിൽ എത്തുന്നതോടു കൂടി സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കുകയാണ് പതിവ്. അടിയന്തര സാഹചര്യങ്ങളിലും മറ്റും മാതാപിതാക്കളെ ബന്ധപ്പെടാനായാണ് മൊബൈൽ ഫോൺ വാങ്ങി നൽകുന്നതെങ്കിലും കുട്ടികൾ ഫോണുകൾ കൂടുതലും ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയയിലെ ഇടപെടലുകൾക്കാണ്. ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ .

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം സൈബർ ബുള്ളിഗിനും, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗത്തിനും കാരണമാകുന്നുണ്ട്. ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതിനാൽ സ്കൂളുകളിൽ മൊബൈൽഫോൺ നിരോധിക്കണമെന്നാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ പക്ഷം. എന്നാൽ ഓരോ സ്കൂളുകൾക്കും ഇക്കാര്യത്തിൽ സ്വന്തമായി തീരുമാനം എടുക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലീഡ്സിൽ വടിവാൾ ആക്രമണത്തിൽ കൗമാരക്കാരന് ഗുരുതരമായി പരിക്ക് പറ്റി. നിഷ്ഠൂരമായ ആക്രമണത്തിൽ കൗമാരക്കാരൻെറ കൈ വെട്ടി മാറ്റിയതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. വേദനകൊണ്ട് പുളയുന്ന കുട്ടിയുടെ കരച്ചിൽ ഞങ്ങൾക്ക് കേൾക്കാമായിരുന്നു, എന്നാണ് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞത്. പെട്ടെന്ന് തന്നെ പാരാമെഡിക്‌സ് വന്ന് കുട്ടിയെ ശുശ്രൂഷിച്ചതിനാൽ 18 കാരൻെറ ജീവൻ രക്ഷിക്കാനായി .

സംഭവം വളരെ പേടിപ്പെടുത്തുന്നതായിരുന്നുവെന്നും തൻറെ ജീവിതത്തിൽ താൻ ഇതുവരെ ഇങ്ങനെയൊരു കാര്യം കണ്ടിട്ടില്ലെന്നും ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലം ഫോറൻസിക് എക്സാമിനേഷനും വിദഗ്ദ പരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. തങ്ങൾ ഈ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിനാൽ തന്നെ വളരെ നല്ല രീതിയിലുള്ള അന്വേഷണമായിരിക്കും നടത്തുകയെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആയ ഗൈ ഷാക്കിൾട്ടൺ പറഞ്ഞു. ആക്രമിക്കപ്പെട്ടയാൾക്ക് വളരെ ഗുരുതരമായ പരിക്കാണ് ഉണ്ടായിരിക്കുന്നതെന്നും ഇപ്പോഴും അയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിൻെറ ഭാഗമായി നിരവധി ദൃക്സാക്ഷികളോട് സംസാരിച്ചിട്ടുണ്ടെന്നും ആരെങ്കിലും കേസുമായി ബന്ധപ്പെട്ട് ഉപയോഗപ്രദമായ വിവരങ്ങൾ തരാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലീസിനെ ബന്ധപ്പെടാൻ മടിക്കരുതെന്നും പോലീസ് അറിയിച്ചു.

ലെസ്റ്റർ: വിഷു ദിനത്തിൽ മരണവാർത്ത കേൾക്കേണ്ടിവന്ന യുകെ മലയാളികൾ. ലെസ്റ്റർ മലയാളികളെ ദുഃഖത്തിൽ ആഴ്ത്തി ബ്രദർ സിനി മാത്യുവിന്റെ (45) വേർപാട് ഇന്ന് വെളിപ്പിന് ആണ് സംഭവിച്ചത്. ലെസ്റ്റർ ലൈഫ് അബാന്ഡന്റ് പെന്തകോസ്ത് സഭാംഗമായ പരേതൻ വഴുവാടി മുഞ്ഞിനാട്ട് പാസ്റ്റർ ജോർജ് മാത്യു അന്നമ്മ ദമ്പതികളുടെ മകനാണ്.

ഇന്ന് വെളിപ്പിനാണ് മരണം സംഭവിച്ചത്. ഉറങ്ങാൻ കിടന്നപ്പോൾ തന്നെ ഒരസ്വസ്ഥത തോന്നുന്നു എന്ന് നഴ്‌സായ ഭാര്യയോടും മക്കളോടും പറഞ്ഞു. എന്നതാണ് വിഷമം എന്ന് തിരിച്ചറിയാൻ കഴിയാതെ ഇരിക്കെ സിനിക്ക് ടോയ്‌ലെറ്റിൽ പോകാൻ ഉള്ള ഒരു ഫീൽ ഉണ്ടാവുകയും ചെയ്‌തു. ടോയ്‌ലെറ്റിൽ കയറിയ സിനി മാത്യു ഏകദേശം നാല് മിനുട്ടുകളാണ് എടുത്തത്. ഈ സമയത്തിനുള്ളിൽ സിനി ടോയ്‌ലെറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ എമർജൻസി വിഭാഗത്തെ വിളിക്കുകയും അവർ വീട്ടിൽ എത്തിച്ചേരുകയും ചെയ്തു. ഇരുപത് മിനിറ്റോളം പാരാമെഡിക്‌സ് എല്ലാ മറന്ന് സിനിയുടെ ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹൃദയ സംബദ്ധമായ എന്തോ ആണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. യഥാർത്ഥ മരണകാരണം പിന്നീട് മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ദേഹം പിന്നീട് ഫ്യൂണറൽ ഡിറക്ടർസ് ഏറ്റെടുത്ത ശേഷം മാത്രമേ ശവസംസ്ക്കാരം സംബന്ധിച്ച കാര്യം അറിയുവാൻ സാധിക്കു.

നേഴ്‌സായ ഭാര്യ ലിസി വര്ഗീസ് മണർകാട് വെള്ളാപ്പിള്ളി സ്വദേശിനിയാണ്. മൂന്നു മക്കൾ- സൂസന്ന, സാമുവേൽ, സ്റ്റെഫി എന്നിവർ

അകാലത്തിൽ ഉണ്ടായ സിനിയുടെ വേർപാടിൽ വേദനിക്കുന്ന കുടുബാംഗങ്ങളെയും ബന്ധുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വെ​ള്ളി​യാ​ഴ്​​ച അ​ന്ത​രി​ച്ച ഫി​ലി​പ്പ് രാ​ജ​കു​മാ​രന്റെ സം​സ്​​കാ​ര ചടങ്ങുകൾ 17 -ന്​ ​വി​ൻ​സ​ർ കാ​സി​ൽ ഗ്രൗ​ണ്ടി​ലു​ള്ള സെൻറ്​ ജോ​ർ​ജ്​ ചാ​പ്പ​ലി​ൽ നടക്കും. രാജകുമാരന്റെ വിയോഗത്തെ തുടർന്ന് എട്ടു ദിവസത്തെ ദുഃ​ഖാ​ച​ര​ണ​ത്തി​ലാ​ണ്​ രാ​ജ്യം. ഞായറാഴ്ച രാവിലെ വരെ നീണ്ടുനിൽക്കുന്നതാണ് ദുഃഖാച​ര​ണം. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ദിവസം ബാങ്ക് അവധി ഉണ്ടായിരിക്കില്ല. ദേശീയ അവധിദിനങ്ങൾ സാധാരണയായി നടപ്പാക്കുന്നത് രാജാവ് മരിക്കുമ്പോൾ മാത്രമാണ്.

പരമ്പരാഗതമായി, ജോലിക്കാരുടെ ജോലി സമയം വെട്ടികുറയ്ക്കുകയും ശവസംസ്കാര ദിവസം ഒരു അവധി ദിവസമായി പ്രഖ്യാപിക്കുകയും ചെയ്യും. എന്നിരുന്നാലും, രാജ്ഞിയുടെ ഭർത്താവ് എന്ന നിലയിൽ ഇത് ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ദിവസം ഉണ്ടായിരിക്കില്ല. കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ശ്രമിക്കരുതെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫിലിപ്പ് രാജകുമാരൻെറ മരണദിനം മുതൽ രാജ്ഞിയും രാജകുടുംബവും രണ്ടാഴ്ചത്തെ ദുഃഖാചരണത്തിൽ പ്രവേശിച്ചു. കോ​വി​ഡ് കാ​ല​ത്ത് ജ​ന​ക്കൂ​ട്ട​മൊ​ഴി​വാ​ക്കാ​ൻ കൊ​ട്ടാ​ര​ത്തി​നു​​ മു​ന്നി​ൽ പൂക്ക​ൾ ​വെ​ക്കു​ന്ന​തി​നു പ​ക​രം ജീ​വ​കാ​രു​ണ്യ​ത്തി​നാ​യി പ​ണം സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നു ബ​ക്കി​ങ്​​ഹാം കൊ​ട്ടാ​രം ജ​ന​ങ്ങ​ളോ​ട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചാരിറ്റി ഓർഗനൈസേഷന്റെ ഒരു പട്ടിക രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

RECENT POSTS
Copyright © . All rights reserved