ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന 30 പേർ ആരൊക്കെ? പട്ടിക പുറത്തുവിട്ട് കൊട്ടാരം. കോവിഡ് നിയന്ത്രണങ്ങൾ കാരണം ചടങ്ങിൽ രാജ്ഞി ഒറ്റയ്ക്കിരിക്കും

ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന 30 പേർ ആരൊക്കെ? പട്ടിക പുറത്തുവിട്ട് കൊട്ടാരം. കോവിഡ് നിയന്ത്രണങ്ങൾ കാരണം ചടങ്ങിൽ രാജ്ഞി ഒറ്റയ്ക്കിരിക്കും
April 16 05:48 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന 30 അംഗങ്ങളുടെ പട്ടിക പുറത്തുവിട്ട് ബക്കിംഗ്ഹാം കൊട്ടാരം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വിൻഡ്‌സറിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ സംസ്‍കാര ചടങ്ങുകൾ ആരംഭിക്കും. നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം 30 പേർക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. എണ്ണുറോളം അംഗങ്ങളിൽ നിന്നും മുപ്പതു പേരെ തിരഞ്ഞെടുക്കേണ്ടി വന്നതിനാൽ രാജ്ഞി വളരെ ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങൾ കൈകൊണ്ടതായി കൊട്ടാരം അറിയിച്ചു. പട്ടികയിലെ ഒന്നാമത്തെ വ്യക്തി രാജ്ഞി തന്നെയാണ്. വെയിൽസ് രാജകുമാരനും ഫിലിപ്പിന്റെ മൂത്തമകനുമായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും ചടങ്ങിൽ ഉണ്ടായിരിക്കും. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെതുടർന്ന് 2019ൽ രാജകീയ ചുമതലകളിൽ നിന്ന് സ്ഥാനമൊഴിഞ്ഞതിന് ശേഷം ഡ്യൂക്ക് ഓഫ് യോർക്, ആൻഡ്രൂ ആദ്യമായി പ്രത്യക്ഷപ്പെടുന്ന ഔദ്യോഗിക ചടങ്ങ് ആയിരിക്കും പിതാവിന്റെ ശവസംസ്‍കാരം. വെസെക്സിന്റെ പ്രഭുവും ഫിലിപ്പിന്റെ ഇളയ മകനുമായ എഡ്വേർഡ്, ഭാര്യ സോഫി, രാജകുമാരിയും ഫിലിപ്പിന്റെ ഏക മകളുമായ ആൻ, ഭർത്താവ് വൈസ് അഡ്മിറൽ സർ തിമോത്തി ലോറൻസ് എന്നിവരും ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കും.

ഫിലിപ്പ് രാജകുമാരന്റെ പേരക്കുട്ടികളും അവരുടെ ജീവിതപങ്കാളികളുമാണ് സംസ്‍കാര ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട മറ്റു കുടുംബാംഗങ്ങൾ. വില്യം രാജകുമാരൻ, ഭാര്യ കേറ്റ് എന്നിവർക്കൊപ്പം ഹാരിയും ചടങ്ങിൽ പങ്കെടുക്കും. ഗർഭിണിയായ ഭാര്യ മേഗനെയും മകനെയും കൂട്ടാതെയാണ് ഹാരി സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. യുഎസിൽ നിന്ന് തിരികെയെത്തിയ സസെക്സ് ഡ്യൂക്ക് ഹാരി ഫ്രോഗ് മോർ കോട്ടേജിൽ ഐസൊലേഷനിൽ കഴിയുകയാണ്. ആൻഡ്രൂവിന്റെ മക്കളായ ബിയാട്രീസ്, യൂജിൻ എന്നിവരും അവരുടെ ഭർത്താക്കന്മാരായ എഡൊർഡോ മാപ്പെല്ലി മോസ്സി, ജാക്ക് ബ്രൂക്സ്ബാങ്ക് എന്നിവരും എഡ്വേർഡിന്റെ മക്കളായ ലേഡി ലൂയിസ്, ജെയിംസ് എന്നിവരും ആനിയുടെ മക്കളായ പീറ്റർ ഫിലിപ്സ്,സാറ ടിണ്ടൽ, സാറയുടെ ഭർത്താവ് മൈക്ക് ടിണ്ടൽ എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജ്ഞിയുടെ ഏറ്റവും അടുത്ത ബന്ധുക്കളും ഫിലിപ്പിന്റെ മൂന്ന് ജർമ്മൻ ബന്ധുക്കളുമാണ് പട്ടികയിലെ മറ്റു അതിഥികൾ. ഡ്യൂക്കിന്റെ കാര്യേജ് ഡ്രൈവിംഗ് പാർട്ണറും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന പെന്നിയാണ് പട്ടികയിലെ അവസാന വ്യക്തി.

കോവിഡ് നിയന്ത്രണങ്ങൾ കാരണം ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ രാജ്ഞി കുടുംബാംഗങ്ങളിൽ നിന്നും വിട്ടുമാറി ഒറ്റയ്ക്കാണ് ഇരിക്കുക. നിലവിലെ നിയന്ത്രണങ്ങൾ പ്രകാരം ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന വ്യക്തി, തന്റെ ബബിളിൽ ഇല്ലാത്തവരിൽ നിന്നും രണ്ട് മീറ്റർ അകലം പാലിക്കണം. അതുകൊണ്ട് തന്നെ വിൻഡ്‌സർ ബബിളിലെ ഒരു അംഗം തന്നോടൊപ്പം ചേർന്നില്ലെങ്കിൽ രാജ്ഞി ശവസംസ്കാര ശുശ്രൂഷയിൽ തനിച്ചായിരിക്കുമെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന 30 ആളുകളുടെ പേരുകൾ പുറത്തുവിട്ടുകഴിഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles