ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ പലിശ നിരക്ക് വീണ്ടും കുറച്ചു. 0. 25 ൻ്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ നിലവിലെ പലിശ നിരക്ക് 4.75 ശതമാനമായി . പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന സൂചന നേരത്തെ പുറത്തു വന്നിരുന്നു. ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയിൽ ഒന്നിനെതിരെ എട്ടു പേരാണ് തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തത്. പലിശ നിരക്ക് കുറച്ചത് വീണ്ടും പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്ന അഭിപ്രായം ചില കോണുകളിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്.
ഭാവിയിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായ ആൻഡ്രൂ ബെയ്ലി സൂചന നൽകി. പലിശ നിരക്ക് കുറയുന്നത് ലോണുകൾ എടുക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഉപകാരപ്രദമാകും. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം വാഹന ഭവന വിപണിക്ക് പുത്തൻ ഉണർവ് നൽകുമെന്നാണ് പരക്കെ പ്രതീക്ഷിക്കുന്നത്.
പാന്തിയോൺ മാക്രോ ഇക്കണോമിക്‌സിൻെറ പ്രവചനം അനുസരിച്ച് എംപിസി ബാങ്ക് നിരക്ക് ഓരോ പാദത്തിലും 25 ബെയ്സ് പോയിൻ്റുകൾ വീതം ക്രമേണ കുറയും എന്ന റിപോർട്ടുകൾ പുറത്തുവന്നിരുന്നു. അതായത് അടുത്ത വർഷം അവസാനത്തോടെ 3.75 ശതമാനത്തിലേയ്ക്ക് പലിശാ നിരക്ക് എത്തും . പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധാരണയായി പലിശ നിരക്കിൽ മാറ്റം വരുത്താറുണ്ട്. റേച്ചൽ റീവ്സിൻ്റെ സമീപകാല ബജറ്റ്, സർക്കാറിന്റെയും തൊഴിലുടമകളുടെയും ചെലവുകൾ വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . ഇത് പണപ്പെരുപ്പം വീണ്ടും വർധിക്കുന്നതിന് കാരണമായേക്കാം
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പക്ഷികൾക്കിടയിൽ പടർന്ന ഏവിയൻ ഇൻഫ്ലുവൻസ (HPAI) H5N5 പൊട്ടിപ്പുറപ്പെട്ടത് ഈസ്റ്റ് യോർക്ക്ഷെയറിലെ ഹോൺസിയിലെ ഒരു കോഴി ഫാമിൽ നിന്നെന്ന് കണ്ടെത്തി. കർശന നിയന്ത്രണ നടപടികൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥരിപ്പോൾ. ഇതിൻെറ ഭാഗമായി, രോഗം ബാധിച്ച ഫാമിലെ എല്ലാ പക്ഷികളെയും കൊല്ലും. കൂടാതെ യഥാക്രമം 3 കിലോമീറ്ററും 10 കിലോമീറ്ററും വ്യാപിച്ചുകിടക്കുന്ന സംരക്ഷണ, നിരീക്ഷണ മേഖലകൾ പ്രദേശത്തിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ ഈസ്റ്റ് യോർക്ക്ഷെയറിലെ മറ്റൊരു ഫാമിൽ മുമ്പ് H5N1 സ്ഥിരീകരിച്ചിരുന്നു. ഇത് ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന പൊട്ടിത്തെറിയാണ്.
രാജ്യത്തുടനീളമുള്ള ഫാം ഉടമസ്ഥരോട് കൂടുതൽ ജാഗ്രത പുലർത്താനും കൂടുതൽ വ്യാപനം തടയുന്നതിന് കർശനമായ ജൈവ സുരക്ഷാ നടപടികൾ പാലിക്കാനും ഡെഫ്ര ആവശ്യപ്പെട്ടു. ഈ ശരത്കാലത്ത് കാട്ടുപക്ഷികളിലും പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പക്ഷികളുടെ ശരീരം കാണുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷികളുടെ ശരീരസ്രവങ്ങൾ, മലിനമായ ഭക്ഷണം അല്ലെങ്കിൽ വെള്ളം എന്നിവയിലൂടെയാണ് പക്ഷിപ്പനി പകരുന്നത്. സമീപ വർഷങ്ങളിലായി പക്ഷിപ്പനി കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2021-ൽ യുകെയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ പൊട്ടിത്തെറിയാണ് ഇത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- സ്കൂളുകളിൽ നിന്നും ലഭിക്കുന്ന മികച്ച പരീക്ഷ ഗ്രേഡുകൾ കുട്ടികളെ സന്തുഷ്ടരും ആരോഗ്യമുള്ളവരുമായ വ്യക്തികളാക്കി മാറ്റുന്നില്ല. അതിനാൽ അക്കാദമിക് വിജയം മാത്രമെന്ന സങ്കുചിത മനോഭാവം നീക്കി കുട്ടികളുടെ സമഗ്രമായ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇംഗ്ലണ്ടിലെ സ്കൂളുകളോട് ആവശ്യപ്പെടുകയാണ് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിൽപ്സൺ. വ്യാഴാഴ്ച ബർമിംഗ്ഹാമിൽ വെച്ച് നടക്കുന്ന സ്‌കൂൾ നേതാക്കന്മാരുടെ സമ്മേളനത്തിൽ ഈ ആശയം വിദ്യാഭ്യാസ സെക്രട്ടറി മുന്നോട്ട് വെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്കൂളുകളിലെ ഹാജർ നില കുറയുന്ന സാഹചര്യത്തോടും, അതോടൊപ്പം തന്നെ പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നതിനോടും ക്രിയാത്മകമായി പ്രതികരിക്കുവാൻ സ്കൂളുകൾക്ക് സാധിക്കണം. പരീക്ഷാ ഫലങ്ങൾ യുവാക്കൾക്ക് അവസരങ്ങളിലേക്കുള്ള പ്രധാന വാതിലുകൾ തുറക്കുന്നു. ഇവ വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന നെടുംതൂണുകളായി തുടരുക തന്നെ ചെയ്യും. എന്നാൽ പരീക്ഷകളിൽ മികച്ച ഗ്രേഡുകൾ നേടുന്നതു കൊണ്ട് മാത്രം, കുട്ടികൾ സന്തോഷമുള്ള ആരോഗ്യവാന്മാരായ യുവാക്കൾ ആയി തീരുകയില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഉറപ്പിച്ചു വ്യക്തമാക്കുന്നു. അതിനാൽ മുൻ സർക്കാരുകൾക്ക് ഉണ്ടായിരുന്ന സങ്കുചിത കാഴ്ചപ്പാടുകൾ നീക്കി, കൂടുതൽ വിശാലമായ, കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് കാരണമാകുന്ന നടപടികളാകും ലേബർ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഉറപ്പ് നൽകുന്നു. കോൺഫെഡറേഷൻ ഓഫ് സ്കൂൾ ട്രസ്റ്റുകളുടെ സമ്മേളനത്തിൽ സ്കൂളുകളെ കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ സെക്രട്ടറി എന്ന നിലയിൽ ഫിലിപ്പ്സൻ്റെ ആദ്യ ശ്രമമാണ്. സംഗീതവും കായികവും എല്ലാം കൂടുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള പരിശ്രമങ്ങളും ഉണ്ടാവും എന്ന് വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കുന്നു.
ഈ വേനൽക്കാലത്ത് പ്രൊഫ.ബെക്കി ഫ്രാൻസിസ് അധ്യക്ഷനായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിപുലമായ പാഠ്യപദ്ധതികളുടെ അവലോകനത്തിന്റെ പശ്ചാത്തലത്തിലാണ് ഫിലിപ്പ്‌സൻ്റെ പ്രസംഗം. അതോടൊപ്പം തന്നെ അടുത്ത വർഷം കുട്ടികളുടെ ക്ഷേമത്തിനായി ലേബർ സർക്കാരിന്റെ ഭാഗത്തുനിന്നും പുതിയ ബില്ല് ഉണ്ടാകുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. 1500 ഓളം വരുന്ന സ്കൂൾ, അക്കാദമി ട്രസ്റ്റ് ജീവനക്കാരാകും സമ്മേളനത്തിൽ പങ്കെടുക്കുക. ലേബർ സർക്കാരിന്റെ പുതിയ നടപടികൾ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുതിയ ഉണർവ് കൊണ്ടു വരുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധർ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേയ്ക്ക് ഇംഗ്ലീഷ് ചാനൽ വഴി പ്രവേശിക്കാൻ ശ്രമിച്ച് അപകടത്തിൽ പെട്ട അൻപതിലധികം ആളുകളെ രക്ഷപ്പെടുത്തി. അപകടത്തിൽ നിരവധി പേർ മരിച്ചിരിക്കാമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. നിരവധി പേരുടെ മൃതദേഹങ്ങൾ കടലിൽ പൊങ്ങി കിടക്കുന്നതായുള്ള ഫോട്ടോകൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു .
വടക്കൻ ഫ്രാൻസിലെ ഔഡ്രെസെല്ലെസ് തീരത്ത് തിങ്കളാഴ്ച രാത്രി ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 51 പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് കോസ്റ്റ്ഗാർഡ് അറിയിച്ചു. രക്ഷപ്പെടുത്തിയവരെ ബൊലോൺ-സുർ-മെർ ക്വയ്‌സൈഡിലെ എമർജൻസി സർവീസുകൾ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതുവരെ ബോട്ടപകടത്തിൽ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ കണ്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവർ കുടിയേറ്റക്കാരാണോ എന്ന് സ്ഥിരീകരിക്കാൻ ഫ്രഞ്ച് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
മനുഷ്യ കടത്ത് നടത്തുന്ന സംഘങ്ങളെ നേരിടാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ കൂടുതൽ തുക നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു . നിലവിലുള്ളതിലും 75 മില്യൺ പൗണ്ട് ചിലവഴിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത് . ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റം കുറയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. പക്ഷേ കഴിഞ്ഞ കുറെ കാലമായുള്ള അനധികൃത കുടിയേറ്റത്തിന്റെ കണക്കുകളിൽ കാര്യമായ കുറവ് വരാത്തതിനെ ചൊല്ലി ലേബർ പാർട്ടി സർക്കാർ വിമർശനം ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഞ്ച് ശതമാനത്തിൽ നിന്ന് 4.75 ശതമാനമായി പലിശ കുറയ്ക്കാനൊരുങ്ങി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി). ഓഗസ്റ്റിൽ 5.25 ശതമാനത്തിൽ നിന്ന് പലിശ കുറഞ്ഞിരുന്നു. ഈ ആഴ്ച അവസാനം പലിശ കുറയ്ക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. പാന്തിയോൺ മാക്രോ ഇക്കണോമിക്‌സിൻെറ പ്രവചനം അനുസരിച്ച് എംപിസി ബാങ്ക് നിരക്ക് ഓരോ പാദത്തിലും 25 ബെയ്സ് പോയിൻ്റുകൾ വീതം ക്രമേണ കുറയും, അതായത് അടുത്ത വർഷം അവസാനത്തോടെ 3.75 ശതമാനത്തിലേയ്ക്ക് പലിശാ നിരക്ക് എത്തും. പാന്തിയോൺ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച്, നവംബറിൽ 25 ബെയ്സ് പോയിൻ്റ് വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.
ഡ്യൂഷെ ബാങ്ക് റിസർച്ചും നവംബർ 7 ന് ക്വാർട്ടർ പോയൻ്റ് കുറവുണ്ടാകുമെന്ന് പറയുന്നു. അതേസമയം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിൽ നിന്നുള്ള സ്റ്റീഫൻ മില്ലാർഡ് നവംബറിൽ പലിശ നിരക്ക് 4.75 ശതമാനമായി കുറയുമെന്ന് അവകാശപ്പെട്ടു. പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധാരണയായി പലിശ നിരക്കിൽ മാറ്റം വരുത്താറുണ്ട്. റേച്ചൽ റീവ്സിൻ്റെ സമീപകാല ബജറ്റ്, സർക്കാർ ചെലവുകളും തൊഴിലുടമ ചെലവുകളും വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് പണപ്പെരുപ്പത്തിന് കാരണമായേക്കാം.
2021 നും 2023 നും ഇടയിൽ, ഉയർന്ന പണപ്പെരുപ്പത്തെ നേരിടാൻ ബാങ്ക് നിരക്ക് 0.1% ൽ നിന്ന് 5.25% ആയി ഉയർത്തിയിരുന്നു. ഉയർന്ന പലിശനിരക്ക് ഉപഭോക്തൃ ചെലവ് കുറയ്ക്കുകയും കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കുകയും ചെയ്യുന്നു. ഇത് പണപ്പെരുപ്പം ഒരു പരിധി വരെ കുറയ്ക്കും. എന്നിരുന്നാലും അടുത്തിടെ പലിശാ നിരക്കിൽ കൊണ്ടുവന്ന വെട്ടിക്കുറവുകൾ ജനങ്ങൾക്ക് ഒരൽപം ആശ്വാസം തരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
14 വയസ്സുകാരിയെ തട്ടി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് യുവതിക്ക് ജയിൽ ശിക്ഷ വിധിച്ചു. 25 വയസ്സുകാരിയായ ന്യൂപോർട്ടിൽ നിന്നുള്ള ഫെബി പിയേഴ്‌സ് ആണ് ശിക്ഷിക്കപ്പെട്ടത്. രണ്ടുവർഷം മുമ്പ് ഫെയ്സ്ബുക്കിൽ കൂടിയാണ് ഇവർ പെൺകുട്ടിയെ പരിചയപ്പെട്ടത്. ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ഇവരെ പെൺകുട്ടിയുടെ അമ്മ തുടക്കത്തിൽ താക്കീത് ചെയ്തിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.
യുവതിക്കെതിരെ പരാതി ആദ്യം ഉണ്ടായതിനെ തുടർന്ന് മൂന്ന് വർഷത്തെ കമ്മ്യൂണിറ്റി ഓർഡറും പെൺകുട്ടിയുമായി ബന്ധപ്പെടരുതെന്ന നിബന്ധനയോടെ ലൈംഗികാതിക്രമം തടയുന്നതിനുള്ള ഉത്തരവുമാണ് പിയേഴ്സിന് വിധിച്ചത്. എന്നാൽ ഇവർ കോടതിവിധി അനുസരിക്കാതെ പെൺകുട്ടിയുടെ 16-ാം ജന്മദിനത്തിലും വീണ്ടും അവളുമായി ബന്ധപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് കടുത്ത ശിക്ഷ വിധിക്കാൻ കാരണമായത്. മുൻ ഉത്തരവ് ലംഘിച്ചതിന് പിയേഴ്സിന് 17 മാസം തടവാണ് വിധിച്ചിരിക്കുന്നത്. ഇവർ വീണ്ടും കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ തന്നെ പെൺകുട്ടിയുടെ അമ്മ പോലീസിനെ ബന്ധപ്പെടുകയും പിയേഴ്‌സിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകൾക്കും ആശുപത്രികൾക്കും സമീപം പുകവലി നിരോധിക്കാനുള്ള തീരുമാനം സർക്കാർ കൈ കൊണ്ടതായുള്ള വിവരങ്ങൾ പുറത്തുവന്നു. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് പുകയിലയുടെ ഉപയോഗം. അതുകൊണ്ട് തന്നെ പുകയിലയുടെ ഉപയോഗം ഘട്ടം ഘട്ടമായി നിരോധിക്കണമെന്ന മുറവിളി ശക്തമാണ്. എന്നാൽ പബ്ബുകൾക്കും റെസ്റ്റോറൻ്റുകൾക്കും പുറത്ത് പുകവലി നിയമവിരുദ്ധമാക്കാനുള്ള പദ്ധതി സർക്കാർ ഉപേക്ഷിച്ചു. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ വൻകിട പുകയില കമ്പനികളുടെ സ്വാധീനമുണ്ടെന്ന വിമർശനം ശക്തമാണ്.
യുകെയിലെ ക്യാൻസർ മരണങ്ങളിൽ 20 ശതമാനത്തിനും കാരണം പുകയിലയുടെ ഉപയോഗമാണ്. 2023 -ൽ മാത്രം പുകവലി സംബന്ധമായ അസുഖങ്ങൾ കാരണം ഏകദേശം 408, 700 പേരാണ് എൻഎച്ച്എസ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 5 ശതമാനം കൂടുതലാണ്. പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി പ്രതിവർഷം ഏകദേശം 2.5 ബില്യൺ പൗണ്ട് ആണ് എൻഎച്ച്എസ് വിനിയോഗിക്കുന്നത്. യുകെയിലെ മൊത്തം മരണങ്ങളിൽ ഏകദേശം 11% പുകവലി മൂലമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
എന്നാൽ പുകവലിയുമായി ബന്ധപ്പെട്ട കൂടുതൽ നിരോധനങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതായുള്ള വിമർശനവും ശക്തമാണ്. കടുത്ത രീതിയിലുള്ള പുകവലി നിരോധനം ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയെ ബാധിക്കുമെന്നതാണ് സർക്കാരിനെ കടുത്ത നടപടികളിൽ നിന്ന് പിന്നോക്കം വലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളും ആരോഗ്യപരമായി ദുർബലരായ ആളുകളും എത്തുന്ന കൂടുതൽ സ്ഥലങ്ങളിൽ പുകവലി സംബന്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. വാണിജ്യ താത്പര്യങ്ങളാൽ പുകവലി നിരോധനത്തിൽ വെള്ളം ചേർത്തതിൽ ആക്ഷൻ ഓൺ സ്‌മോക്കിംഗ് ആൻഡ് ഹെൽത്തിൻ്റെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവായ കരോലിൻ സെർണി നിരാശ പ്രകടിപ്പിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കഴിഞ്ഞ വർഷം സറേയിലെ വോക്കിംഗിലുള്ള വീട്ടിൽ നിരവധി മുറിവുകളോടെ കണ്ടെത്തിയ പത്തു വയസ്സുകാരിയായ സാറാ ഷെരീഫിന്റെ മരണത്തിൽ യഥാർത്ഥ വില്ലൻ രണ്ടാനമ്മ ആണെന്ന് കോടതിയിൽ നടക്കുന്ന വിചാരണയ്ക്കിടെ കുറ്റാരോപിതനായ പിതാവ് വ്യക്തമാക്കി. നാൽപ്പത്തിരണ്ടുകാരനായ പിതാവ് ഉർഫാൻ ഷെരീഫ്, രണ്ടാനമ്മയായ ബീനാഷ് ബട്ടൂൽ, അമ്മാവൻ ഫൈസൽ മാലിക് (29) എന്നിവരെല്ലാം തന്നെ കോടതിയിൽ കൊലപാതകത്തിലുള്ള തങ്ങളുടെ പങ്ക് നിഷേധിച്ചു. സാറയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കടിച്ച പാടുകളും നിരവധി ഉണ്ടായിരുന്നതായി പ്രോസിക്യൂട്ടർ ബിൽ എമ്മിൻ ജോൺസ് വിചാരണയുടെ തുടക്കത്തിൽ കോടതിയിൽ വ്യക്തമാക്കി. ഒരു കുട്ടിയുടെ മരണത്തിന് കാരണമായതോ അനുവദിച്ചതോ ആയ കുറ്റമാണ് മൂവർക്കും എതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് പേരും തങ്ങൾക്കെതിരായ കുറ്റങ്ങൾ നിഷേധിക്കുകയും അവളുടെ മരണത്തിന് പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. തന്റെ ജീവിതത്തിൽ ഒരുപാട് പോരായ്മകൾ ഉണ്ടെന്നും എന്നാൽ തന്റെ മകളെ ഒരിക്കലും താൻ കഠിനമായി ഉപദ്രവിച്ചിട്ടില്ലെന്നുമായിരുന്നു പിതാവ് കോടതിയിൽ വ്യക്തമാക്കിയത്. തന്റെ മകൾ വളരെ സുന്ദരിയായ ഒരു കുട്ടിയായിരുന്നുവെന്നും, പ്രായമാകുമ്പോൾ അവൾക്ക് ബാലറ്റ് ഡാൻസർ ആകാൻ ആയിരുന്നു താല്പര്യമെന്നും പിതാവ് വികാരാധീനനായി കോടതിയിൽ പറഞ്ഞു. ചില അവസരങ്ങളിൽ മകളെ തല്ലിയിട്ടുണ്ടെന്നും എന്നാൽ സ്ഥിരമായി ഒരിക്കലും അവളെ ഉപദ്രവിക്കാറില്ലെന്നും ആയിരുന്നു പിതാവിന്റെ മൊഴി.
2023 ഓഗസ്റ്റ് 8 ന് മരിക്കുന്നതിന് മുമ്പ് സാറയ്ക്ക് മനുഷ്യൻ്റെ കടിയേറ്റ അടയാളങ്ങൾ, ഇരുമ്പ് പൊള്ളൽ, ചൂടുവെള്ളത്തിൽ നിന്നുള്ള പൊള്ളൽ എന്നിവയുൾപ്പെടെ നിരവധി പരിക്കുകൾ സംഭവിച്ചതായി പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. രക്തം പുരണ്ട ക്രിക്കറ്റ് ബാറ്റ്, സാറയുടെ ഡിഎൻഎ ലഭിച്ച റോളിംഗ് പിൻ, ബെൽറ്റും കയറും മറ്റും കുടുംബത്തിൻ്റെ ഔട്ട്‌ഹൗസിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി പ്രോസിക്യൂട്ടർ ബിൽ എംലിൻ ജോൺസ് കോടതിയിൽ വ്യക്തമാക്കി. സാറയുടെ മൃതദേഹം കണ്ടെത്തുന്നതിൻ്റെ തലേദിവസം, 2023 ഓഗസ്റ്റ് 9 ന്, ഷരീഫ്, ഭാര്യ ബറ്റൂൾ, മാലിക് എന്നിവർ മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോയതായും കോടതി വാദം കേട്ടു. തൻ്റെ കുടുംബത്തിൻ്റെ വിമാനം ഇസ്‌ലാമാബാദിൽ ഇറങ്ങി ഒരു മണിക്കൂറിന് ശേഷം ഷെരീഫ് പാക്കിസ്ഥാനിൽ നിന്ന് പോലീസിനെ വിളിച്ച് സാറയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ തന്റെ ഭാര്യയാണ് യഥാർത്ഥ കാരണമെന്നും, ഫോണിലൂടെ നടത്തിയത് തെറ്റായ കുറ്റസമ്മതമാണെന്നും ഷെരീഫ് കോടതിയിൽ വ്യക്തമാക്കി. സംഭവത്തിൽ കോടതി വാദം തുടരുകയാണ്.
കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട കെമി ബാഡെനോക്ക് തൻറെ ഷാഡോ ക്യാബിനറ്റ് പൂർണമായും രൂപീകരിച്ചു. മുൻ പോളിസി മന്ത്രി ക്രിസ് ഫിൽപ്പിനെ ഷാഡോ ഹോം സെക്രട്ടറിയായി നിയമിച്ചു. അലക്സ് ബർഗാർട്ട് ആണ് പുതിയ ഡി-ഫാക്ടോ ഡെപ്യൂട്ടി. ഷാഡോ കാബിനറ്റിൽ ഷാഡോ ഡിഫൻസ് സെക്രട്ടറിയായി ജെയിംസ് കാർട്ട്‌ലിഡ്ജും ഉൾപ്പെടുന്നു. മുൻ ആരോഗ്യമന്ത്രി എഡ് ആർഗർ ഷാഡോ ഹെൽത്ത് സെക്രട്ടറിയാകും. ഷാഡോ ക്യാബിനറ്റിൻ്റെ ആദ്യ മീറ്റിംഗ് ഇന്ന് രാവിലെ നടന്നു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കെമി ബാഡെനോക്ക് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത് . കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേയ്ക്കാണ് കൺസർവേറ്റീവ് പാർട്ടി കൂപ്പു കുത്തിയത്. പാർട്ടിക്ക് നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചു പിടിക്കുകയാണ് കെമി ബാഡെനോക്കിൻ്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അനധികൃത കുടിയേറ്റത്തിനെതിരെയും എൻഎച്ച്എസിലെ കെടു കാര്യസ്ഥതയും ചൂണ്ടി കാണിച്ചാണ് പ്രധാനമായും ലേബർ പാർട്ടി അധികാരത്തിൽ എത്തിയത്. ബഡ്ജറ്റിനെ തുടർന്ന് ലേബർ പാർട്ടി സർക്കാരിൻ്റെ നയങ്ങളെ ശക്തമായി എതിർക്കാനാണ് ഷാഡോ മിനിസ്റ്റർമാരെ കെമി ബാഡെനോക്ക് പെട്ടെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം യൂണിവേഴ്സിറ്റി ഫീസ് വർദ്ധനവിനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ട്യൂഷൻ ഫീസ് വർധനയെക്കുറിച്ചുള്ള പാർലമെൻ്ററി പ്രസ്താവനയോട് പ്രതികരിക്കാൻ ലോറ ട്രോട്ടിനെയും ഷാഡോ എഡ്യൂക്കേഷൻ സെക്രട്ടറിയായി നേരെത്തെ പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിഷൻ ഞായറിന്റെ സന്ദേശം ഉൾക്കൊണ്ട് പരമ്പരാഗതമായിട്ട് കേരളത്തിലെ സുറിയാനി കത്തോലിക്കർ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന മിഷൻ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനുള്ള ധനസമഹാകരണം നടത്തുന്നത് തങ്ങളുടെ കാർഷികോത്പന്നങ്ങൾ ദൈവാലയങ്ങളിൽ കൊണ്ടുവന്ന് ലേലം വിളിയിലൂടെയാണ്. കേരളത്തിലെ മിഷൻ ഞായറിന്റെ ധനസമാഹാരണത്തിന്റെ അതേ മാതൃകയിൽ ആണ് ലീഡ്സിലെ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വിശ്വാസികൾ മിഷൻ പ്രവർത്തനങ്ങൾക്കായിട്ടുള്ള ധനസമാഹാരണം നടത്തിയത്.
സീറോ മലബാർ സഭയുടെ കീഴിലുള്ള ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയമാണ് ലീഡ്സിലെ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയം . വിശ്വാസികൾ തങ്ങളുടെ വീടുകളിൽ ഉത്പാദിപ്പിച്ചതോ ശേഖരിച്ചതുമായ വിവിധതരത്തിലുള്ള കാർഷികോത്പന്നങ്ങളും മറ്റുമായിരുന്നു മിഷൻ പ്രവർത്തനങ്ങൾക്കായിട്ടുള്ള ധനസമാഹാരണത്തിനുള്ള ലേലം വിളിക്കായിട്ട് ദേവാലത്തിൽ എത്തിച്ചത്. ധനസമാഹരണത്തിലൂടെ സ്വരൂപിക്കുന്ന പണം ആഫ്രിക്കൻ രാജ്യങ്ങൾ പോലുള്ള പിന്നോക്ക പ്രദേശങ്ങളിലെ മിഷൻ പ്രവർത്തനങ്ങൾക്കായിട്ടായിരിക്കും പ്രധാനമായും വിനിയോഗിക്കുക. ലേലം വിളിയിൽ പങ്കെടുത്ത വിശ്വാസികൾ ഉത്പന്നങ്ങളുടെ വിലയേക്കാൾ ഉപരിയായിട്ട് ഇത് മിഷൻ പ്രവർത്തനങ്ങൾക്കായിട്ട് തങ്ങളുടെ ഒരു സംഭാവനയാണെന്നുള്ള അന്തസത്ത ഉൾക്കൊണ്ടപ്പോൾ നല്ലൊരു തുക ശേഖരിക്കാൻ ഇടവക സമൂഹത്തിന് സാധിച്ചു.
ലേലം വിളിയിൽ മിന്നും താരമായത് കറിവേപ്പായിരുന്നു. ഒരു ഇടവകാംഗത്തിന്റെ വീട്ടിൽ ഉണ്ടായിരുന്ന കറിവേപ്പിൽ നിന്ന് പൊട്ടിമുളച്ച് തഴച്ച് വളർന്ന കറിവേപ്പിൻ തൈക്കായിട്ട് മത്സരബുദ്ധിയോടെ നിരവധി പേർ രംഗത്തെത്തിയത് കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു. ഒന്നര അടിയിലേറെ പൊക്കത്തിൽ വളർന്ന കറിവേപ്പിൻ തൈ 60 പൗണ്ടിനാണ് ലേലം വിളിയിൽ പോയത്. ഉത്പന്നങ്ങളുടെ ബാഹുല്യം നിമിത്തം മിഷൻ ഞായറായ ഒക്ടോബർ 27 , നവംബർ 2 തീയതികളിലാണ് ലേലം നടന്നത്. ഇടവകാംഗങ്ങൾ കൃഷി ചെയ്തെടുത്ത മികച്ച തരം റോസ ചെടികൾ , വിവിധതരത്തിലുള്ള പഴങ്ങൾ , മുട്ടകൾ തുടങ്ങിയവയൊക്കെയായിരുന്നു മിഷൻ ഞായറിലേയ്ക്ക് ഇടവകാംഗങ്ങൾ സംഭാവനയായി നൽകിയ പ്രധാന ഇനങ്ങൾ.