Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ത്രീ ആയി ഒരാളെ പരിഗണിക്കുന്നത് ബയോളജിക്കൽ സെക്സിനെ മാത്രം പരിഗണിച്ചാണെന്ന സുപ്രീംകോടതി വിധി വിവിധ തലത്തിൽ വൻ മാറ്റങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ എന്തൊക്കെ കാര്യങ്ങൾ വിവിധ സ്ഥാപനങ്ങളിൽ ചെയ്യേണ്ടതെന്ന കാര്യത്തിൽ ഇക്വാളിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ (ഇഎച്ച്ആർസി) മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ആശുപത്രികൾ, കടകൾ, റെസ്റ്റോറൻ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ത്രീകളുടെ സൗകര്യങ്ങൾ ഉപയോഗിക്കാൻ ട്രാൻസ് സ്ത്രീകളെ (ബയോളജിക്കൽ പുരുഷന്മാർ) അനുവദിക്കരുതെന്നാണ് പുതിയ മാർഗനിർദേശം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് ഉപയോഗിക്കാൻ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സൗകര്യങ്ങളില്ലാതെ പോകരുതെന്നും അതിൽ പറയുന്നുണ്ട്.


വിധിയെ സംബന്ധിച്ച് പലതലങ്ങളിലും സംശയങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അതിൻറെ അടിസ്ഥാനത്തിലാണ് ഇടക്കാല മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഇ എച്ച് ആർ അറിയിച്ചു. സ്ത്രീ എന്ന പദം ബയോളോജിക്കൽ സെക്സിനെ മാത്രം ആശ്രയിച്ചായിരിക്കുമെന്ന് വിധിച്ച് യുകെ സുപ്രീം കോടതി 2010ലെ സമത്വ നിയമത്തിൽ മാറ്റം വരുത്തിയിരിന്നു . പുതിയ മാറ്റമനുസരിച്ച് ജൻഡർ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് (GRC) കൈവശമുള്ള ട്രാൻസ്‌ജെൻഡർ സ്ത്രീകളെ പോലും, ഈ നിയമനിർമ്മാണത്തിന് കീഴിൽ നിയമപരമായി സ്ത്രീകളായി അംഗീകരിക്കില്ല. സ്കോട്ടിഷ് സർക്കാരിന്റെ നിയമ വ്യാഖ്യാനത്തിനെതിരെ ഫോർ വിമൻ സ്കോട്ട്ലൻഡ് എന്ന ഗ്രൂപ്പ് നടത്തിയ കാമ്പെയിന് പിന്നാലെയാണ് ഈ വിധി ഉണ്ടായത്.

സുപ്രീം കോടതിയുടെ ഏകകണ്ഠമായ തീരുമാനം യുകെയിലുടനീളമുള്ള സിംഗിൾ സെക്സ് ഇടങ്ങളിലും സേവനങ്ങളിലും കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ആശുപത്രി വാർഡുകൾ, സ്‌പോർട്‌സ് ടീമുകൾ, ഷെൽട്ടറുകൾ തുടങ്ങിയ സ്ത്രീകൾക്ക് മാത്രമുള്ള സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് ഇനി നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം. പ്രശസ്‌ത എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് ഉൾപ്പെടെ ഉള്ളവർ വിധിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. അതേസമയം, സ്റ്റോൺവാൾ, സ്കോട്ടിഷ് ട്രാൻസ് പോലുള്ള LGBTQ+ സംഘടനകൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിധി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെയും സുരക്ഷയെയും ഇല്ലാതാക്കുമെന്ന് അവർ പറഞ്ഞു. ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ വിധിയെ വിമർശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ കോട്ടയം സ്വദേശിനിയായ യുകെ മലയാളി യുവതി നിര്യാതയായി. കോട്ടയം വാകത്താനം ചക്കപുരയ്ക്കൽ ഗ്രിഗറി ജോണിന്റെ ഭാര്യ നിത്യ മേരി വർഗീസ് ആണ് അകാലത്തിൽ വിട പറഞ്ഞത്. 31 വയസ്സ് മാത്രം പ്രായമുള്ള നിത്യ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

കോട്ടയത്ത് വളരെ പ്രശസ്തമായ പാരഡൈസ് സ്റ്റുഡിയോ ഉടമയായ ജോൺസൺ ജോർജിന്റെ മകനാണ് നിത്യയുടെ ഭർത്താവ് ഗ്രിഗറി . ഗ്രിഗറിയും ഭാര്യ നിത്യയും അതുകൊണ്ടുതന്നെ കോട്ടയത്തും സമീപപ്രദേശങ്ങളിലുള്ളവരിലും സുപരിചിതരാണ്. ഗ്രിഗറിയും ഭാര്യ നിത്യയും ലണ്ടനിൽ താമസിക്കുന്ന സ്ഥലത്തെ മലയാളി സാമൂഹിക സാംസ്കാരിക പരിപാടികളിൽ സജീവമായി ഇടപെടുന്നവരായിരുന്നതുകൊണ്ട് നിത്യയുടെ മരണം കടുത്ത വേദനയാണ് പ്രാദേശിക മലയാളി സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തെയും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ തീരുമാനിക്കുന്ന മുറയ്ക്ക് അറിയിക്കുന്നതായിരിക്കും.

നിത്യ മേരി വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യ വ്യാപകമായി പെൺവാണിഭ സംഘങ്ങൾ സ്ത്രീകളെ യുകെയിൽ എത്തിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഷെഫീൽഡ് കോടതിയിൽ നടന്ന ഒരു വിചാരണയ്ക്കിടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സൗത്ത് യോർക്ക് ഷെയർ, ലണ്ടൻ, നോർഫോക്ക് എന്നിവിടങ്ങളിൽ 20-നും 30-നും ഇടയിൽ പ്രായമുള്ള 14 സ്ത്രീകളെ ലൈംഗികത്തൊഴിലാളികളായി കൊണ്ടുവന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

ഓൺലൈൻ മാധ്യമങ്ങളിൽ കൂടിയാണ് ഇവർ കുറ്റകൃത്യങ്ങൾ നടത്തിയത്. പെൺവാണിഭത്തിന് കൊണ്ടുവന്ന സ്ത്രീകളെ കുറിച്ചുള്ള പരസ്യങ്ങൾ ഓൺലൈൻ മുഖേന ഇവർ നടത്തിയിരുന്നു. താത്പര്യമുള്ളവരെ കണ്ടെത്തി വിവിധ സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിന് വിപുലമായ ഒരു നെറ്റ്‌വർക്ക് ശൃംഖല ഇവർക്ക് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

നിലവിൽ അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളും ആണ് പോലീസ് പിടിയിലായത്. ഇവർ എല്ലാവരും റൊമാനിയൻ പൗരന്മാരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക നേട്ടത്തിനായി വേശ്യാവൃത്തി ചെയ്തെന്ന് ഇവർ കുറ്റം സമ്മതിച്ചിരുന്നു. വാലൻ്റൈൻ ബാഡിക്ക (39), ക്രിസ്റ്റ്യൻ ഡമാസ്‌ചിൻ (35), അയോണിക്ക ബാഡിക്ക (34), മിഹേല മറ്റെയ് (28), ഇയോനട്ട് ലിയോനാർഡ് ബഹിക്ക (38), അഡ്രിയാൻ സിയോറോബ (33), യൂലിയാന മാവ്‌റോയൻ (41) എന്നിവരാണ് കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയത്. ഗൂഢാലോചനയുടെ തലവനായ ഒരാൾ കൊല്ലപ്പെട്ടുവെന്ന് കോടതി പറഞ്ഞു. ഏഴ് പ്രതികൾക്കും സംഘത്തിൽ വ്യത്യസ്ത റോളുകൾ ഉണ്ടായിരുന്നു. അന്യ രാജ്യങ്ങളിൽ നിന്ന് ലൈംഗിക തൊഴിലാളികളായി സ്ത്രീകളെ കൊണ്ടുവരുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2023 ഫെബ്രുവരി 22 ന് ലീഡ്സിൽ ബസ് കാത്തു നിൽക്കവെ മലയാളി വിദ്യാർത്ഥിനി ആയ ആതിര അനിൽകുമാർ (25) കാറടിച്ച് മരിച്ച സംഭവത്തിൽ അമിത വേഗത്തിൽ കാറോടിച്ചിരുന്ന നേഴ്സ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. റോമീസ അഹമ്മദ് എന്ന പേരുകാരിയായ 27കാരിക്ക് ലീഡ്സ് ക്രൗൺ കോടതി 9 വർഷം ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. അമിത വേഗത്തിൽ വാഹനമോടിച്ചത് മരണത്തിന് കാരണമായെന്നും അപകടകരമായ ഡ്രൈവിംഗിലൂടെ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നും പ്രതി കുറ്റം സമ്മതിച്ചു .

ഈ സംഭവത്തിനു ശേഷവും പ്രതിക്ക് വേഗത്തിൽ വാഹനം ഓടിച്ചതിന് രണ്ട് തവണ വിലക്ക് ഏർപ്പെടുത്തപ്പെട്ടിരുന്നതും കോടതി പരിഗണിച്ചു. ഇത് കൂടാതെ അപകടം ഉണ്ടായ സമയത്ത് പ്രതി സമൂഹ മാധ്യമമായ സ്നാപ് ചാറ്റ് പയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. 40 മൈൽ വേഗ പരുധി ഉള്ള റോഡിൽ കാർ ഓടിച്ചിരുന്നത് 60 മൈൽ സ്പീഡിൽ ആയിരുന്നു. അപകടത്തിൽ 42 വയസ്സുകാരനായ മറ്റൊരാൾക്കും പരിക്കേറ്റിരുന്നു. അപകടത്തിന് തൊട്ടു മുമ്പ് തന്റെ കാർ തനിയെ വേഗത്തിൽ ഓടാൻ തുടങ്ങിയെന്ന് പ്രതി പറഞ്ഞതിനെ അസബദ്ധം എന്നാണ് കോടതി വിശേഷിപ്പിച്ചത്.


ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽകുമാർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെ ആണ് നിയന്ത്രണം വിട്ടുവന്ന കാറിടിച്ചത് . മസ്കറ്റിൽ ജോലി ചെയ്തിരുന്ന രാഹുൽ ശേഖർ ആണ് ആതിരയുടെ ഭർത്താവ്. സംഭവം നടക്കുന്നതിന് ഒന്നരമാസം മുമ്പ് മാത്രമാണ് ആതിര പഠനത്തിനായി ലീഡ്‌സിൽ എത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം ബ്രിട്ടീഷ് പാർലമെൻറ് ശക്തമായി അപലപിച്ചു. 26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരാക്രമണം പാക്കിസ്ഥാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും അറിവോടെയായിരുന്നു എന്ന് കൺസർവേറ്റീവ് പാർട്ടി എംപിയായ ബോബ് ബ്ലാക്ക്മാൻ പറഞ്ഞു.

പാക്കിസ്ഥാനെ വിമർശിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ചില മതവിഭാഗങ്ങളിൽ പെട്ടവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചത് എടുത്തുപറഞ്ഞു. ജമ്മു കശ്മീരിലെ നിരപരാധികളെ ബോധപൂർവം ലക്ഷ്യമിടുന്ന ഒരു പാകിസ്ഥാൻ സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ എന്ന ഭീകര സംഘടനയാണ് ഇതിന് ഉത്തരവാദികളെന്ന് അദ്ദേഹം ചൂണ്ടി കാട്ടി. യുകെ വിദേശകാര്യ സെക്രട്ടറി സഭയിൽ പ്രസ്താവന നടത്തേണ്ട സുപ്രധാന വിഷയമാണിതെന്നും ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് നടത്തിയ പ്രതിഷേധ സമ്മേളനത്തിലും അദ്ദേഹം സംസാരിച്ചു. ഭീകരരെ പിടികൂടി അവരെ പിന്തുണച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കിക്കൊണ്ട്, ഇന്ത്യൻ സർക്കാരിന് ഉറപ്പും പിന്തുണയും നൽകേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ആക്രമണങ്ങളെ അപലപിക്കാൻ പാകിസ്ഥാൻ സർക്കാരിനോടും സൈന്യത്തോടും അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം, ഹൗസ് ഓഫ് കോമൺസ് നേതാവ് ലൂസി പവലും അദ്ദേഹത്തിൻ്റെ നിലപാടിനെ പിന്തുണച്ചു. യുകെ എല്ലായ്‌പ്പോഴും ഭീകരാക്രമണങ്ങൾ അനുഭവിക്കുന്ന മറ്റ് രാജ്യങ്ങളുമായി തോളോട് തോൾ ചേർന്ന് നിൽക്കുന്നു എന്ന് അവർ പറഞ്ഞു. അതേസമയം പഹൽഗാമിൽ നടന്ന ഭീകരാക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീർത്തും വഷളാകുന്നതിന് കാരണമായി. വിസ റദ്ദാക്കൽ, അതിർത്തികൾ അടയ്ക്കൽ, പാകിസ്ഥാനിൽ നിന്നുള്ള ഉദ്യോഗസ്ഥരെ പുറത്താക്കൽ, ഏറ്റവും പ്രധാനമായി സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള കടുത്ത നടപടികളാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് സ്വീകരിച്ചിരിക്കുന്നത്. അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ റീട്ടെയിൽ സെയിൽസിൽ വൻ കുതിച്ചു ചാട്ടം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നാല് വർഷത്തിനിടയിലെ ഏറ്റവും കൂടിയ വർദ്ധനവ് ആണ് ചില്ലറ വിൽപനയുടെ കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിൽപന വർധിക്കുന്നതിന് നല്ല കാലാവസ്ഥയും ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.


ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ കണക്കനുസരിച്ച് ജനുവരിക്കും മാർച്ചിനും ഇടയിലുള്ള റീറ്റെയിൽ സെയിൽസ് ആണ് കുതിച്ചുയർന്നത്. വിൽപനയുടെ അളവ് മുൻ വർഷത്തേക്കാൾ 1.6 ശതമാനമാണ് ഉയർന്നത് . ഇത് ജൂലൈ 2021 ന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ വർദ്ധനവാണ്. മാർച്ചിലെ തെളിവാർന്ന കാലാവസ്ഥ പല സാധനങ്ങളുടെയും ഡിമാൻഡ് കൂട്ടിയതാണ് റീറ്റെയിൽ സെയിൽസ് വർദ്ധനവ് ഉണ്ടാകാൻ കാരണമായത്. എന്നാൽ സൂപ്പർമാർക്കറ്റിലെ ഭക്ഷ്യ വിൽപനയുടെ അളവ് കുറഞ്ഞതായി ഒ എൻ എസിന്റെ കണക്കുകൾ കാണിക്കുന്നു.


എന്നാൽ തുടർ മാസങ്ങളിൽ വിൽപന കുറയാനുള്ള സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഉപഭോക്തൃ ആത്മവിശ്വാസം ഏപ്രിലിൽ ഇടിഞ്ഞതാണ് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മാർച്ചിൽ 0.4 ശതമാനം വിൽപ്പനയിൽ ഇടിവുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ നേരത്തെ പ്രവചിച്ചിരുന്നത്. എന്നാൽ ഇത് 0.4 ശതമാനം ഉയർന്നതായാണ് കണക്കുകൾ കാണിക്കുന്നത്. വസ്ത്ര, ഷൂ സ്റ്റോറുകൾ ഏറ്റവും ശക്തമായ വളർച്ച കൈവരിച്ചു, മുൻ മാസത്തെ അപേക്ഷിച്ച് വിൽപ്പന 3.7% ഉയർന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിന് കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനുള്ള നടപടികൾ ബ്രിട്ടൻ വേഗത്തിൽ ആക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. 60 ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിലാണ് പ്രധാനമന്ത്രി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്‌നും യുഎസ് സീനിയർ എനർജി ഓഫീസർ ടോമി ജോയ്‌സിനും ഉൾപ്പെടെയുള്ള സുപ്രധാന വ്യക്തികളുടെ മുന്നിലായിരുന്നു യുകെയുടെ ഊർജ്ജ നവീകരണത്തെ കാതലായി ബാധിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തിയത്.


കഴിഞ്ഞ കുറെ നാളുകളായി പൂജ്യം കാർബൺ ബഹിർഗമനം ആർജ്ജിക്കാനുള്ള സർക്കാരിൻറെ പ്രതിബന്ധതയെ കുറിച്ച് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നു വന്നിരുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ ചാൻസിലർ റേച്ചൽ റീവ്സ് പ്രസ്തുത വിഷയത്തിൽ വകയിരുത്തിയ ഫണ്ട് ഇതിന് ഒരു കാരണമായിരുന്നു. കുറഞ്ഞ കാർബൺ ബഹിർഗമനത്തിനു വേണ്ടി പോരാടിയ ഊർജ സുരക്ഷാ സെക്രട്ടറി എഡ് മിലിബാൻഡിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ മതിയായ പിൻതുണ കിട്ടുന്നില്ലെന്ന് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ഈ വിഷയത്തിൽ സർക്കാരിൻറെ ദിശാബോധത്തിന് തെളിവായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.


കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനുള്ള നടപടികൾ സ്റ്റീൽ വ്യവസായത്തിനും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് ബ്രിട്ടീഷ് സ്റ്റീലിലും ടാറ്റാ സ്റ്റീലിലും പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ബ്രിട്ടീഷ് സ്റ്റീലിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിര പാർലമെൻറ് യോഗം നടത്തി കമ്പനി ദേശസാത്ക്കരിക്കുക എന്ന കടുത്ത നടപടിയിലേയ്ക്ക് സർക്കാർ കടന്നിരുന്നു. വിശ്വസനീയവും താങ്ങാനാവുന്നതുമായ ഊർജമാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമെന്നും അത് നമ്മുടെ വ്യാവസായികവും സാമ്പത്തികവുമായ മത്സരക്ഷമത നിലനിർത്തുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ പ്രസ്തുത വിഷയത്തിൽ അമേരിക്കൻ നിലപാട് യുകെയിൽ നിന്ന് വ്യത്യസ്തമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 2050-ഓടെ ഹരിതഗൃഹ വാതക ഉദ്‌വമനം പൂർണ്ണമായും പൂജ്യമാക്കുക എന്ന ലക്ഷ്യത്തെ ഹാനികരവും അപകടകരവുമെന്നാണ് യുഎസ് ഊർജ്ജ വകുപ്പിലെ ഇൻ്റർനാഷണൽ അഫയേഴ്‌സ് ഓഫീസിലെ ആക്ടിംഗ് അസിസ്റ്റൻ്റ് സെക്രട്ടറി ജോയ്‌സ് പറഞ്ഞത്. ലണ്ടനിലെ ലങ്കാസ്റ്റർ ഹൗസിൽ വെള്ളിയാഴ്ച നടക്കുന്ന ചർച്ചയിൽ 60-ലധികം രാജ്യങ്ങളുടെയും 50-ഓളം സ്വകാര്യമേഖലാ കമ്പനികളുടെയും പ്രതിനിധികളാണ് പങ്കെടുക്കുന്നത് . ചാൾസ് രാജാവ് സമ്മേളനത്തിന് എത്തിയില്ലെങ്കിലും പൂർണ്ണ പിന്തുണ അറിയിച്ചുകൊണ്ടുള്ള സന്ദേശം അയച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാൽനട യാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ സൈക്കിൾ ഓടിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന നിയമം ഇംഗ്ലണ്ടിലും നിലവിൽ വരും. ഇത്തരം അപകടങ്ങളിൽ കാൽനടയാത്രക്കാർ കൊല്ലപ്പെടുകയാണെങ്കിൽ സൈക്കിൾ ഓടിക്കുന്നയാൾക്ക് ജീവപര്യന്തം തടവ് ലഭിക്കും. നേരത്തെ അപകടകരമായതോ അശ്രദ്ധമായതോ ആയ സൈക്ലിംഗ് നടത്തുന്നവർക്ക് സാധാരണയായി പരമാവധി രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചിരുന്നത്. ഇത് അപര്യാപ്തമായ ശിക്ഷയാണെന്ന വിമർശനം നേരത്തെ ഉയർന്നു വന്നിരുന്നു.


നിലവിലെ നിയമം 1860 ലേതാണ് . കൂടുതൽ കുറ്റമറ്റ നിയമനിർമ്മാണം ഗതാഗത സെക്രട്ടറിയായ ഹെയ്ഡി അലക്സാണ്ടറിൻ്റെ നേതൃത്വത്തിലാണ് രൂപകൽപന ചെയ്തത്. പുതിയ നിയമം നടപ്പിലാക്കുന്നതിനായി നിരവധി തലങ്ങളിൽ നിന്ന് ശക്തമായ ആവശ്യം ഉയർന്നു വന്നിരുന്നു. കാൽനടയാത്രയ്ക്കിടെ സൈക്കിൾ ഇടിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നിരന്തരമായി ഇതിനായി പ്രചാരണം നടത്തിയിരുന്നു. 2016 -ൽ സൈക്കിൾ ഇടിച്ച് കൊല്ലപ്പെട്ട 44 വയസ്സുകാരനായ കിമ്മിൻ്റെ ഭാര്യ മാറ്റ് ബ്രിഗ്സ് അവരിൽ പ്രധാനിയാണ്. കിമ്മിൻ്റെ മരണത്തിന് തൊട്ടടുത്ത വർഷം തന്നെ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിനായി അവർ പ്രചാരണം ആരംഭിച്ചു.


എന്നാൽ പുതിയ ഭേദഗതികളെ ചില സൈക്കിൾ യാത്രക്കാര്‍ വിമർശിച്ചു. പുതിയ നിയമങ്ങൾ ആളുകളെ സൈക്കിൾ ചവിട്ടുന്നതിൽ നിന്ന് തടയുമെന്ന് മുൻ ഒളിമ്പിക് സൈക്ലിസ്റ്റും ഇംഗ്ലണ്ടിലെ നാഷണൽ ആക്റ്റീവ് ട്രാവൽ കമ്മീഷണറുമായ ക്രിസ് ബോർഡ്മാൻ പറഞ്ഞു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി കൂടുതൽ ആളുകൾ സൈക്കിൾ സഞ്ചരിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് ലേബർ സർക്കാർ പിൻതുടരുന്നത്. അപകടകരമായ സൈക്ലിംഗ് പൂർണ്ണമായും അസ്വീകാര്യമാണെന്നും റോഡുകളുടെ സുരക്ഷ ഈ സർക്കാരിൻ്റെ പ്രധാന മുൻഗണനയാണ് എന്നും ഗവൺമെൻറ് വക്താവ് പറഞ്ഞു. ക്രൈം ആൻഡ് പോലീസ് ബില്ലിൻ്റെ ഭാഗമായാണ് പുതിയ നിയമം അവതരിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം നടപ്പിലാക്കിയ താരിഫ് നയം യുകെയ്ക്ക് വൻ തിരിച്ചടിയാണെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് . പുതിയ സാഹചര്യത്തിൽ യുകെ സമ്പദ് വ്യവസ്ഥ കടുത്ത വളർച്ചാ ആഘാതം നേരിടുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. നിലവിൽ യുകെ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെങ്കിലും വളർച്ചാ നിരക്കിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.


വാഷിംഗ്ടണിൽ നടന്ന ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മീറ്റിംഗുകളിൽ പങ്കെടുത്താണ് ബെയ്‌ലി അഭിപ്രായം പ്രകടിപ്പിച്ചത് . താരിഫുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനുവരി വരെ പ്രതീക്ഷിച്ചിരുന്ന 1.6% ൽ നിന്ന് 2025 ലെ യുകെയുടെ വളർച്ചാ പ്രവചനം ഈ ആഴ്ച ആദ്യം IMF 1.1% ആയി താഴ്ത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ലേബർ പാർട്ടിയുടെ പൊതുതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയാണ്. ഇതിനെ തുടർന്ന് പണപ്പെരുപ്പം കുറയുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ പലതവണ കുറയ്ക്കുകയും ചെയ്തിരുന്നു.

ഐഎംഎഫിന്റെ വളർച്ചാ നിരക്കിലെ തരംതാഴ്ത്തൽ പ്രതീക്ഷിച്ചതായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ഫെബ്രുവരിയിലെ യു കെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വളർച്ചാ നിരക്ക് കൈവരിച്ചിരുന്നു. ട്രംപ് പ്രഖ്യാപിച്ച താരിഫുകളെ മറികടക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ കമ്പനികൾ ഉദ്ദേശിച്ചതിലും കൂടുതൽ ക്രയവിക്രയങ്ങൾ നടത്തിയതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ചാൻസലറായ റേച്ചൽ റീവ്സ് ഈ ആഴ്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിനെ കാണുമ്പോൾ യുഎസ്-യുകെ വ്യാപാര കരാറിൻ്റെ സാധ്യതകൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും രാജ്യ താത്പര്യങ്ങൾ ഹനിച്ചുകൊണ്ടുള്ള ഒരു കരാറിനായി യുകെ മുന്നിട്ടിറങ്ങില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നേരത്തെ നൽകിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ബ്രെസ്റ്റ് ക്യാൻസർ വന്ന രോഗികൾക്ക് ആശ്വാസമാകുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ബ്രെസ്റ്റ് കാൻസർ വന്ന് രോഗം സുഖപ്പെടുന്ന രോഗികളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന കാര്യമാണ് വീണ്ടും രോഗത്തിൻറെ തിരിച്ചുവരവ് . ഇത്തരത്തിലുള്ള ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസം നൽകുന്ന ഒരു മരുന്നിന് എൻഎച്ച്എസ് ഇംഗ്ലണ്ട് അംഗീകാരം നൽകിയിരിക്കുകയാണ്.


ഒരിക്കൽ ബ്രസ്റ്റ് ക്യാൻസർ വന്ന് രോഗം സുഖപ്പെട്ടവർക്ക് വീണ്ടും രോഗം വരുന്നത് തടയാൻ ഈ മരുന്ന് സഹായകരമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ടിൽ ഈ മരുന്നിന്റെ ഉപയോഗം മെഡിസിൻ വാച്ച് ഡോഗ് അംഗീകരിച്ചു. ആഗോളതലത്തിൽ 20 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് സ്തനാർബുദം ഉണ്ടാകുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. അടുത്ത 25 വർഷത്തിനുള്ളിൽ കേസുകളുടെ എണ്ണത്തിൽ 38 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


ബ്രസ്റ്റ് ക്യാൻസർ മൂലമുള്ള മരണങ്ങൾ 68 ശതമാനം വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസറിൻ്റെ (IARC) ഏറ്റവും പുതിയ വിശകലനം പറയുന്നു. യുകെയിൽ, സ്തനാർബുദ നിരക്ക് ഉയരാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോൾ കിസ്‌കാലി എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മരുന്ന് ഒട്ടേറെ പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ക്യാൻസർ കോശങ്ങളുടെ വളർച്ചയിലും വിഭജനത്തിലും പങ്കുവഹിക്കുന്ന സിഡികെ 4, സിഡികെ 6 എന്നീ പ്രോട്ടീനുകളെ തടയാൻ ഈ മരുന്ന് ഫലപ്രദമാണ്. ഇത് ട്യൂമർ വളർച്ച മന്ദഗതിയിലാക്കാനോ തടയാനോ സഹായിക്കുന്നു. ശരീരത്തിലെ ഈസ്ട്രജൻ്റെ അളവ് കുറയ്ക്കുന്ന ഹോർമോൺ തെറാപ്പിയായ അരോമാറ്റേസ് ഇൻഹിബിറ്ററിനൊപ്പം മരുന്ന് ഉപയോഗിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved