Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് -19 പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ച ആളുകളിൽനിന്ന് വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരാൻ സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ജോനാഥൻ മുന്നറിയിപ്പുനൽകി. ഇത് മുന്നിൽ കണ്ട് പ്രതിരോധകുത്തിവെയ്പ്പിൻെറ ആദ്യഗഡു ലഭിച്ചവർ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സൺഡേ ടെലിഗ്രാഫിൽ എഴുതിയ ലേഖനത്തിൽ പ്രതിരോധകുത്തിവെയ്പ്പ് നേടിയവരിൽ നിന്നുള്ള വൈറസ് വ്യാപനത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പ്രൊഫസർ വാൻ-ടാം ചൂണ്ടിക്കാണിച്ചു. വാക്‌സിനുകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും അണുബാധയുടെ നിരക്ക് കുറയ്ക്കാൻ കഴിയണം.

 

ഇംഗ്ലണ്ടിൽ ഉടനീളം 32 വാക്സിൻ സൈറ്റുകൾ കൂടി ഈ ആഴ്ച ആരംഭിക്കുകയാണ്. ഒരു വാക്‌സിനും ഇതുവരെ 100% ഫലപ്രദമായിട്ടില്ല. അതിനാൽ തന്നെ വാക്‌സിൻ ലഭിച്ചാലും ജാഗ്രതയ്ക്ക് കുറവുണ്ടാവരുത്. ഒരു ഡോസ് ലഭിച്ചതിന് ശേഷം രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ വൈറസ് പിടിപെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചാലും പ്രായമായവരിൽ രോഗപ്രതിരോധം ലഭിക്കാൻ കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും വേണ്ടിവരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യമെങ്ങും യുദ്ധകാലടിസ്ഥാനത്തിൽ വാക്സിൻ വിതരണം പുരോഗമിക്കുമ്പോഴും ആരോഗ്യരംഗത്തെ വിദഗ്ധരുടെ ഇടയിൽ പല കാര്യങ്ങളിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് ഫൈസർ വാക്‌സിൻെറ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള കാലദൈർഘ്യം 12 ആഴ്ചയിൽ നിന്ന് 6 ആഴ്‌ചയായി കുറയ്ക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

സ്വന്തം ലേഖകൻ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയതായി സ്ഥാനമേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ആദ്യമായി ഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നീണ്ടുനിൽക്കുന്ന ഒരു ശക്തമായ ബന്ധം ഉണ്ടായിരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും, വൈസ് – പ്രസിഡന്റായി കമല ഹാരിസും സ്ഥാനമേറ്റത്. ഇവർ ഇരുവരും അധികാരമേറ്റത് യുഎസിനെ ഒരുപടികൂടി മുൻപിലേക്ക് നയിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

പാരിസ് കാലാവസ്ഥാവ്യതിയാന കരാറിലും, വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷനിലും തിരികെ ചേരാനുള്ള യുഎസിന്റെ തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ജോ ബൈഡെന്റെ മുൻഗാമി ആയിരുന്ന ഡൊണാൾഡ് ട്രംപ് ഈ രണ്ട് തീരുമാനങ്ങളും തള്ളിയിരുന്നു. കാലാവസ്ഥ വ്യതിയാനം തടുക്കുന്നതിനായി, പുതിയ തീരുമാനങ്ങൾ എടുക്കുവാൻ ഉത്സാഹിക്കുന്ന ബൈഡന്റെ നിലപാട് പ്രശംസനീയം ആണെന്ന് പ്രധാനമന്ത്രി അറിയിച്ചതായി വക്താവ് രേഖപ്പെടുത്തി.

ഇരു രാജ്യങ്ങൾ തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുന്നത് സംബന്ധിച്ചും രണ്ട് നേതാക്കളും ചർച്ച ചെയ്തു. ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ കമല ഹാരിസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിനന്ദിച്ചു.

സ്വന്തം ലേഖകൻ

ഒരു ചാനലിന്റെ മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ് പരിപാടിയിലൂടെ വിവാഹിതയായ ദമ്പതിമാരാണ് സ്റ്റെഫും ജോനാഥനും. ഒരുമിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധ്യമല്ല എന്ന് മനസ്സിലായതോടെ ഇരുവരും രണ്ടു വർഷം മുൻപ് പിരിഞ്ഞിരുന്നു. എന്നാൽ ജോനാഥൻ ഇപ്പോഴും ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ തയ്യാറല്ലാത്തത് സ്റ്റെഫിനെ വലയ്ക്കുകയാണ്.

2019ൽ നടന്ന ചാനൽ പരിപാടിക്കിടെയാണ് ഇരുവരും വിവാഹിതരായത്. ഹണിമൂൺ സമയത്ത് ഇരുവരും തമ്മിൽ ഒത്തു പോകില്ല എന്ന് മനസ്സിലായതോടെ പിരിയാൻ തീരുമാനിച്ചു. ജോനാഥൻ ഇപ്പോഴും ബന്ധം തുടരാൻ ശ്രമിക്കുന്നതും പേപ്പർ നൽകാത്തതും ‘ ദുസ്വപ്നം’ പോലെയാണെന്ന് സ്റ്റെഫ് പറയുന്നു.

തുടരേണ്ട എന്ന് തീരുമാനിച്ചിട്ടും ജോനാഥൻ ഇടയ്ക്കിടെ പിറന്നാൾ ദിനത്തിലും ആനിവേഴ്സറി ദിനത്തിലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ആശംസകാർഡുകൾ അയക്കാറുണ്ടായിരുന്നു. ഇതിനെപ്പറ്റി സ്റ്റെഫ് പ്രൊഡ്യൂസേഴ്സിനോട് പരാതിപ്പെട്ടിരുന്നു. ഇരുവരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ സ്റ്റെഫ് പിരിയാൻ മുൻകൈയെടുത്തു. എന്നാൽ ജോനാഥൻ രണ്ടാഴ്ച കൂടി സമയം തരൂ എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട് വലിച്ചുനീട്ടി കൊണ്ടുപോവുകയായിരുന്നു. അതിനിടയിൽ ഇരുവരും പ്രമുഖ റിലേഷൻഷിപ്പ് കൺസൾടന്റിനെ സമീപിച്ചിരുന്നു. അവിടെനിന്നും പിരിയുന്നതാണ് നല്ലത് എന്ന നിർദ്ദേശം തന്നെയാണ് ലഭിച്ചത്.

” സ്വന്തം ജീവിതം, നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതിൽ അങ്ങേയറ്റം വേദനയും ബുദ്ധിമുട്ടും ഉണ്ടെന്ന് സ്റ്റെഫ് പറഞ്ഞു.

ഡോ. ഐഷ വി

ചിറക്കര ത്താഴത്ത് താമസമായപ്പോൾ ആദ്യ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ മര്യാദ രാമന്മാരായിരുന്നു. യാതൊരു കുരുത്തക്കേടുകളും ഇല്ല. വല്ല കുരുത്തക്കേടും കാണിച്ച് അച്ഛനമ്മമാരിൽ നിന്നും അടി വാങ്ങുന്നത് അപ്പുറത്തെ കുട്ടികൾ കണ്ടാൽ നാണക്കേടല്ലേ എന്ന ചിന്തയായിരുന്നു ഈ മര്യാദ രാമത്വത്തിന് പിന്നിൽ. അതൊക്കെ കാറ്റിൽ പറന്നത് വളരെ വേഗത്തിലായിരുന്നു. ശ്രീദേവി അപ്പച്ചിയുടെ ‘മകൾ ബേബി അപ്പച്ചിയുടെ കൈയ്യിൽ നിന്നും ഞങ്ങൾ കാൺകെ അടി മേടിച്ചപ്പോൾ. അന്ന് വൈകിട്ട് കിളിമരചോട്ടിലെ പൂജയുടെ വട്ടം കൂട്ടുകയായിരുന്നു ശ്രീദേവി അപ്പച്ചി . അതിനിടയിൽ ബേബി എന്തോ കുരുത്തക്കേട് കാണിച്ചതിനാണ് അടി കൊണ്ടത്. ലക്ഷ്മി അച്ഛാമ്മയുടെ അകാലത്തിൽ ചരമമടഞ്ഞ മകളുടെ ശ്രാദ്ധ ദിവസമായിരുന്നു അന്ന്. കിളിമരചോട്ടിലായിരുന്നു അവരെ അടക്കിയിരുന്നത്. അവിടെ ശ്രാദ്ധദിവസം എല്ലാ വർഷവും ലക്ഷ്മി അച്ഛാമ്മ പൂജ നടത്തിയിരുന്നു. അരിയട, അവൽ, കരിക്ക്, ശർക്കര, കൽക്കണ്ടം, തേങ്ങ എന്നിവയുണ്ടായിരുന്നു. പൂജ കഴിയുമ്പോൾ ഇതെല്ലാം എല്ലാവർക്കുമായി വീതിച്ച് നൽകും.

ലക്ഷ്മി അച്ഛാമ്മയ്ക്ക് എന്റെ അനുജനോട് അല്പം സ്നേഹം .കൂടുതലായിരുന്നോ എന്നെനിയ്ക്ക് തോന്നീട്ടുണ്ട്. ഇത്രയും പെൺകുട്ടികൾക്കിടയിലെ രണ്ടാൺ തരികളിൽ ഒരാളല്ലേ എന്ന പരിഗണനയാവാം. രണ്ട് വീട്ടിലും കൂടി മൊത്തം 16 കുട്ടികൾ. പതിനാല് പെൺകുട്ടികൾക്ക് തലനിറയെ മുല്ലപ്പൂ ചൂടാനായി മുറ്റത്തിനരികിലെ കിളിമരത്തിൽ പടർന്ന് പന്തലിച്ച് കിളിമരത്തെ ഇപ്പുറത്തെ പറമ്പിലേയ്ക്ക് ചായ്ച്ച് നിർത്തിയിരുന്ന നിത്യ ഹരിതയായ ഒരു മുല്ല . ഈ മുല്ലയുടെ പ്രത്യേകത അരിമുല്ലയേക്കാൾ വല്യ നീണ്ട കുടുമുല്ലയേക്കാൾ നീളം കൂടി വണ്ണം കുറഞ്ഞ പൂക്കളായിരുന്നു. . കുട്ടികളുടെ കൂട്ടത്തിൽ പ്രായോഗിക ബുദ്ധി കൂടിയ കതിയാമ്മചേച്ചി കിളിമരച്ചുവട്ടിൽ ഒരു കമഴ്ത്തിയോട് വച്ച് മഴ നനയാതെ വിളക്ക് കത്തിയ്ക്കാനുള്ള സംവിധാനം കമനീയമാക്കി.

ഫെബ്രുവരി പകുതി മുതൽ ഏപ്രിൽ പകുതി വരെയാണ് മുല്ലപൂക്കുന്ന കാലം. മാർച്ച് പകുതി കഴിയുമ്പോൾ പൂക്കളുടെ അളവ് വളരെ കൂടും. ഉയരങ്ങളിൽ നിൽക്കുന്ന മുല്ലപ്പൂ കേടുപാടില്ലാതെ പറിച്ചെടുക്കാനുമുണ്ട് കതിയാമ്മ ചേച്ചിയുടെ പ്രായോഗിക ബുദ്ധി. ഓലമെടയുന്നവർ ചീകിയിടുന്ന മടൽ പ്പൊളികൾ പുള്ളിക്കാരി സംഘടിപ്പിയ്ക്കും. അതിൽ പച്ച ഈർക്കിൽ വച്ച് കെട്ടി തൈപ്പുണ്ടാക്കും. ആദ്യം പാകമാകുന്നത് മൂന്ന് മുല്ലപ്പൂ മൊട്ടുകൾ ഉള്ള ഒരു ഞെട്ടിലെ നടുക്കു നിൽക്കുന്നത് ആയിരിയ്ക്കും. വളരെ സൂക്ഷ്മതയോടെ പിഞ്ചു മൊട്ടുകൾക്ക് കേട് പാട് പറ്റാതെ പറിച്ചെടുക്കാനും കതിയാമ്മ ചേച്ചിയ്ക്ക് പ്രത്യേക വൈദഗ്ദ്യമുണ്ട്.

കൊച്ചു കുട്ടികൾ പിച്ചിയെടുത്ത മുല്ലമൊട്ടുകൾ തിണ്ണയിൽ വച്ചിരിയ്ക്കുന്ന തൂശനിലയിൽ ഇടും. മുല്ലമൊട്ടുകൾ കെട്ടാനുള്ള വാഴവള്ളികൾ നേരത്തേ തന്നെ മുറിച്ചെടുത്ത് ഒരു ബക്കറ്റിലെ വെള്ളത്തിൽ കുതിർക്കാൻ വച്ചിട്ടുണ്ടാകും. അതിൽ നിന്ന് കെട്ടാൻ പാകത്തിലുള്ള നാരുകൾ വേർപെടുത്തി മുതിർന്ന കുട്ടികൾ മുല്ലമൊട്ടുകൾ ചന്തത്തിൽ കെട്ടി വാഴയിലയിൽ പൊതിഞ്ഞ് വീടിന്പുറത്ത് വച്ച് മഞ്ഞ് കൊള്ളിച്ചാൽ രാവിലെ നല്ല മുല്ലപ്പൂ മാല തയ്യാർ. രാവിലെ കതിയാമ്മ ചേച്ചി കത്രിക വച്ച് മാല നിശ്ചിത നീളത്തിൽ മുറിച്ച് നൽകും. കുട്ടികൾ അതും ചൂടിയാകും സ്കൂളിൽ പോവുക. ഒരിക്കൽ ധാരാളം മുല്ലപൂക്കൾ ചൂടി സ്കൂളിൽ പോയ എന്നെ ചില പൂവാലന്മാർ കല്യാണപ്പെണ്ണെന്ന് വിളിച്ച് കളിയാക്കിയിരുന്നു. മുല്ലയുടെ ഉണങ്ങിയ ചെറു ചില്ലകൾ കൊണ്ട് കുട്ടികളുടെ കണ്ണും ദേഹവുമൊക്കെ മുറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അച്ഛന്റെ കരുതലും സ്നേഹവും ഞങ്ങൾ മനസ്സിലാക്കിയ ഒരു സന്ദർഭം അനുജത്തിയുടെ കണ്ണ് ഇതു പോലെ മുറിഞ്ഞ വേളയിലാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഉടനീളം കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധകുത്തിവെയ്പ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ് ഇതിനിടെ ഫൈസർ വാക്‌സിൻെറ പ്രതിരോധകുത്തിവെയ്പ്പുകൾക്കിടയിലുള്ള കാലദൈർഘ്യം അശാസ്ത്രീയമാണെന്ന അഭിപ്രായവുമായി മുതിർന്ന ഡോക്ടർമാർ രംഗത്തുവന്നു. ഫൈസർ കൊറോണാവൈറസ് വാക്‌സിൻെറ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള അന്തരം പകുതിയാക്കണമെന്നാണ് മുതിർന്ന ഡോക്ടർമാർ ചീഫ് മെഡിക്കൽ ഓഫീസറിനോട് ആവശ്യപ്പെട്ടത്. സമാനമായ ആവശ്യവുമായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബി.എം.എ) രംഗത്ത് വന്നു.

ലോകാരോഗ്യ സംഘടനയുടെ ശുപാർശ പ്രകാരം 2 പ്രതിരോധ കുത്തിവെയ്പ്പുകൾ തമ്മിലുള്ള കാലയളവ് 6 ആഴ്ചയാണ്. എന്നാൽ യുകെയിലെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എം‌എച്ച്‌ആർ‌എ) രണ്ടാമത്തെ ഫൈസർ ഡോസ് കുത്തിവെയ്ക്കുന്നത് 12 ആഴ്ച വരെ കാലതാമസം വരുത്താൻ തീരുമാനിച്ചിരുന്നു, ഫൈസർ പരീക്ഷണഘട്ടത്തിൽ വാക്‌സിൻെറ ഫലപ്രാപ്തി പരീക്ഷിച്ചത് 21 ദിവസത്തെ ഇടവേളയിൽ ആയിരുന്നു. ഈ വിഷയത്തിൽ ചീഫ് മെഡിക്കൽ ഓഫീസറുമായി ഒരു ചർച്ച നടത്താൻ സംഘടന ആഗ്രഹിക്കുന്നുവെന്ന് ബി‌എം‌എ കൗൺസിൽ ചെയർ ചന്ദ് നാഗ്പോൾ പറഞ്ഞു.


ഇതുവരെ 5.3 ദശലക്ഷത്തിലധികം ആളുകൾക്ക് യുകെയിലുടനീളം ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിച്ചിട്ടുണ്ട്. എന്നാൽ രണ്ടു കുത്തിവെയ്പ്പുകൾക്കിടയിലെ കാലദൈർഘ്യം കൂട്ടാനുള്ള തീരുമാനം സമഗ്രമായ അവലോകനത്തെ തുടർന്നും യുകെയിലെ നാലു ചീഫ് മെഡിക്കൽ ഓഫീസർമാരുടെ ശുപാർശയ്ക്ക് അനുസൃതവുമായിരുന്നു എന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിൻെറ വക്താവ് പറഞ്ഞു. വാക്സിനുകൾ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഉയർന്ന പ്രതിരോധശേഷി നൽകുന്നുണ്ടെന്നുള്ളതാണ് രണ്ട് പ്രതിരോധ കുത്തിവെയ്പ്പുകൾക്കിടയിലെ കാലദൈർഘ്യം കൂട്ടുന്നതിലുള്ള ഓദ്യോഗിക വിശദീകരണം. പ്രതിരോധ കുത്തിവെയ്പ്പുകൾക്കിടയിലെ കാലദൈർഘ്യം കൂട്ടുന്നതിലൂടെ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം ഇരട്ടിയാക്കാൻ കഴിഞ്ഞു എന്ന് ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിച്ച ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി പറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് ബാധിച്ച് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് 85കാരനായ രോഗി 25 വർഷമായി തന്റെ ഒപ്പം ഉണ്ടായിരുന്നവളെ വിവാഹം കഴിച്ചു. ബെന്നി ഖാ (85), ജൂലിയ കോക്സ് എന്നിവർ രണ്ടു പതിറ്റാണ്ടിലേറെയായി ഒന്നിച്ചായിരുന്നെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. എന്നാൽ ഈ നിമിഷത്തിൽ കിംഗ്സ്റ്റൺ ആശുപത്രിയിലെ ഉദ്യോഗസ്ഥർ അക്യൂട്ട് അസസ്മെന്റ് യൂണിറ്റിനെ വിവാഹ വേദിയാക്കി മാറ്റി. പൂർണ ആരോഗ്യവാനായ ബെന്നി, ഈ വർഷം തുടക്കത്തിലാണ് രോഗബാധിതനായത്. ജനുവരി 2ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി എട്ടിന് രാത്രി 11.30 ന് അദ്ദേഹം ജൂലിയയെ, അവളുടെ രണ്ട് പെൺമക്കളായ എലനോർ കോക്സിനെയും എമ്മ പെർഹാമിനെയും സാക്ഷി നിർത്തി വിവാഹം കഴിച്ചു. ഒരാഴ്ച കഴിഞ്ഞ് ജനുവരി 17 ന് ബെന്നി മരിച്ചു.

ബെന്നിയും ജൂലിയയും 25 വർഷം മുമ്പ് ബാഡ്മിന്റൺ കളിച്ച് കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു. അന്നുമുതൽ ഒരു കല്യാണത്തെപ്പറ്റി ആലോചിച്ചിരുന്നുവെങ്കിലും ഒരിക്കലും അതിലേക്ക് എത്തിയില്ല. ” “ബെന്നി വർഷങ്ങളായി ഞങ്ങളുടെ ഒപ്പം ഉണ്ട്. ഞാൻ അദ്ദേഹത്തെ എന്റെ അച്ഛനായി കരുതുന്നു. മമ്മിയും ബെന്നിയും വിവാഹിതരാകുന്നത് കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ” മകളായ എലനോർ കോക്സ് പറഞ്ഞു. “വിവാഹ കേക്ക്, അലങ്കാരങ്ങൾ എന്നിവയ്ക്ക് ധനസഹായം നൽകിയ കിംഗ്സ്റ്റൺ ഹോസ്പിറ്റൽ ചാരിറ്റിക്ക് നന്ദി അറിയിക്കുന്നു. ബെന്നിയുടെ ബെഡ്സൈഡ് മനോഹരമായ ലൈറ്റുകളും അലങ്കാരങ്ങളും കൊണ്ട് അലങ്കരിക്കാൻ സമയം ചെലവഴിച്ച എല്ലാ ഉദ്യോഗസ്ഥരോടും നന്ദി.” അവൾ കൂട്ടിച്ചേർത്തു. ബെന്നിക്കും ജൂലിയക്കും മൂന്ന് പെൺമക്കളും നാല് പേരക്കുട്ടികളും ഉണ്ട്. തന്റെ ആഗ്രഹം സഫലമാക്കിയാണ് ബെന്നി വിടപറഞ്ഞത്. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനായി.

സ്വന്തം ലേഖകൻ

യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കൂടുതൽ മാരകമാണെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കഴിഞ്ഞദിവസം ഡൗണിങ് സ്ട്രീറ്റ് നടത്തിയ പത്രസമ്മേളനത്തിൽ പുതിയ വൈറസിൻെറ വ്യാപനം മരണനിരക്ക് ഉയരാൻ കാരണമാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. നിലവിൽ നൽകുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ പഴയ കൊറോണാ വൈറസിനൊപ്പം തന്നെ ജനിതകമാറ്റം വന്ന വൈറസുകളെയും പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യം കണ്ടെത്തിയ കൊറോണാ വൈറസ് മൂലം 60 വയസ്സിന് മുകളിൽ രോഗ ബാധിതരാകുന്ന 1000 പേരിൽ 10 പേർ മരണമടയുന്നതായി സർക്കാരിൻെറ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് പറഞ്ഞു. എന്നാൽ ജനിതക മാറ്റം വന്ന വൈറസിൻെറ പുതിയ വകഭേദം പിടിപെടുന്നവരിൽ മരണനിരക്ക് 1000 -ത്തിൽ 13 അല്ലെങ്കിൽ 14 പേരാണ്. ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്ക് നിലവിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ ഫലപ്രദമാണോ എന്ന് തീർച്ചയില്ലന്നതാണ് സർ പാട്രിക് വാലൻസ് അഭിപ്രായപ്പെട്ടത്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ കണക്കുകൾ പ്രകാരം യുകെയിൽ 44 പേർക്ക് കൊറോണാ വൈറസിൻെറ ദക്ഷിണാഫ്രിക്കൻ വകഭേദം ബാധിച്ചിട്ടുണ്ട്. വൈറസിൻെറ ജനിതക മാറ്റം വന്ന പുതിയ വകഭേദങ്ങൾ രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ യാത്രാനിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വായിലുണ്ടായ വൃണത്തിന് ഡെന്റിസ്റ്റിനെ ഹോസ്പിറ്റലിൽ ചെന്ന് കണ്ടു ചികിത്സ നേടാൻ വിസമ്മതിച്ച ടീച്ചർ ആണ് കൂടുതൽ മരുന്ന് ഉള്ളിൽ ചെന്ന നിലയിൽ സ്വവസതിയിൽ കാണപ്പെട്ടത്. കോവിഡ് 19 ഭയന്ന് ഡോക്ടറെ സന്ദർശിക്കാൻ വിസമ്മതിച്ച അലക്സാൻഡ്രിയ പിയേഴ്‌സ് ബാഡെല്ലിയെന്ന 29 കാരിയാണ് ദാരുണ സാഹചര്യത്തിൽ മരിച്ചത്. മൃതദേഹത്തിന് സമീപത്തു നിന്നും ബീറ്റ ബ്ലോകേഴ്സ്, മഞ്ഞൾ പേസ്റ്റ്, വൈറ്റ് വൈൻ എന്നിവ കണ്ടെത്തി.

പ്രോപ്പനോൾ പില്ലുകൾ വലിയ അളവിൽ കഴിച്ച് ബോധരഹിതയായ ശേഷം മരണത്തിന് കീഴടങ്ങിയ അലക്സാൻഡ്രിയയെ ചെഷെയറിലെ വിൻസ്‌ഫോഡിലെ വീട്ടിൽ അമ്മയാണ് കണ്ടെത്തിയത്. 9 വയസ്സുകാരിയായ പെൺകുട്ടിയുടെ മാതാവാണ് അലക്സാൻഡ്രിയ.

 

ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയും ഇല്ലെന്നും, മരുന്ന് ഡോസ് കൂടി കഴിച്ചതാവാം അപകടകാരണം എന്നും ബന്ധുക്കളും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു. വലിയ ഒരു സൗഹൃദ വലയത്തിന് ഉടമയായ അലക്സാൻഡ്രിയ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു.

മരിക്കുന്നതിന് ആറു ദിവസം മുൻപാണ് വായ്ക്കുള്ളിൽ വലിയ വ്രണം രൂപപ്പെട്ടത്. പുറത്തുനിന്നു നോക്കുന്ന ഒരു വ്യക്തിക്ക് കാണാൻ സാധിക്കുന്ന വിധം വലിയ മുറിവാണ് അലക്സാൻഡ്രിയയുടെ വായ്ക്കുള്ളിൽ ഉണ്ടായിരുന്നത്. മരിക്കുന്നതിന് 20 മിനിറ്റ് മുമ്പ് താൻ കഴിച്ച മരുന്നിന്റെ ചിത്രം എക്സ് ബോയ്ഫ്രണ്ടിന് അയച്ചുകൊടുത്തിരുന്നു. 20 മിനിറ്റിനു ശേഷം എനിക്ക് അനങ്ങാൻ ആവില്ല എന്ന ശബ്ദ സന്ദേശവും അയച്ചിരുന്നു. സംഭവസമയത്ത് ഒൻപത് വയസ്സുകാരിയായ മകൾ വീട്ടിലുണ്ടായിരുന്നില്ല. ഹെപ്പറ്റൈറ്റിസ്, സെപ്സിസ്, ന്യൂമോണിയ എന്നീ രോഗങ്ങൾ ഉണ്ടായിരുന്നതിനാൽ ഹോസ്പിറ്റലിൽ ചെന്നാൽ തന്നെ കോവിഡ് ആണെന്ന് സംശയിച്ചു അഡ്മിറ്റ് ചെയ്യുമെന്ന് ഭയന്നിട്ടാണ് അലക്സാൻഡ്രിയ സ്വയം ചികിത്സിക്കാൻ തീരുമാനിച്ചത്.

ജീവിതത്തോടും, മകളോടും സുഹൃത്തുക്കളോടുമെല്ലാം അങ്ങേയറ്റം സ്നേഹം പുലർത്തിയിരുന്ന വ്യക്തിക്ക് ഇത്തരത്തിൽ ഒരു അപകടമുണ്ടായത് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് ബന്ധുക്കൾ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved