Main News

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം തികയുമ്പോൾ അക്ഷരാർത്ഥത്തിൽ ലോകത്തെ ഒന്നാകെ തടവറയിലാക്കിയ കൊറോണ വൈറസിനെ വരുതിയിലാക്കാൻ ഫലപ്രദമായ വാക്സിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ വിജയം കാണുന്നതിൻെറ ആഹ്ലാദത്തിലാണ് ലോകമെങ്ങും. അമേരിക്കൻ മരുന്ന് നിർമാതാക്കളായ മോഡേണയുടെ വാക്സിൻ 94.5% ആൾക്കാരിലും വിജയകരമായിരുന്നു എന്ന വാർത്ത ലോകമെങ്ങും ആശ്വാസത്തോടെയാണ് വരവേറ്റത്. വിജയകരമായി പരീക്ഷണം പൂർത്തിയാക്കുന്ന അമേരിക്കയിൽ നിന്നു തന്നെയുള്ള രണ്ടാമത്തെ വാക്സിനാണ് ഇത്.

അമേരിക്കൻ കമ്പനിയായ ഫൈസർ ജർമ്മൻ മരുന്ന് നിർമ്മാതാക്കളായ ബയോ ടെക്കിനൊപ്പം വികസിപ്പിച്ചെടുത്ത വാക്സിൻ 90 ശതമാനത്തിലധികം ആൾക്കാരിലും വിജയം കണ്ടു എന്ന വാർത്ത വന്നതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് കൂടുതൽ വിജയ ശതമാനവുമായി പുതിയ വാക്സിൻ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

രണ്ട് വാക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണ് എങ്കിലും മോഡേണയുടെ വാക്സിന് പ്രായോഗികതലത്തിൽ ചില മേന്മകൾ ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഫൈസറിൻെറ വാക്സിൻ മൈനസ് 75 ഡിഗ്രിയിൽ ആണ് സൂക്ഷിക്കേണ്ടത്. എന്നാൽ മോഡേണയുടെ വാക്സിന് മൈനസ് 20 ഡിഗ്രി സെൽഷ്യസ് മതിയാകും. വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് വളരെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട ഫൈസറിൻെറ വാക്സിനുകളെക്കാൾ അനുയോജ്യം മോഡേണയുടെ വാക്സിനാണെന്ന് കരുതപ്പെടുന്നു. ഫൈസറിൻെറ വാക്സിൻ 5 ദിവസത്തോളമെ റെഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ മോഡേണയുടെ വാക്‌സിൻ 30 ദിവസം വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ സാധിക്കും. ഈ അനുകൂലഘടകങ്ങൾ മോഡേണയുടെ വാക്സിൻ കൂടുതൽ സ്വീകാര്യമാക്കും എന്നാണ് കരുതപ്പെടുന്നത്. വിലയുടെ കാര്യത്തിലും ഫൈസർ വാക്സിനെക്കാൾ കുറവ് മോഡേണ വാക്സിനാണ്.ഒരു ഡോസ് മോഡേണ വാക്സിന് 11.57 പൗണ്ട് വില വരുമ്പോൾ ഫൈസർ വാക്സിനുകൾ 14.79 പൗണ്ട് വിലയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

5 മില്യൺ ഡോസ് വാക്സിൻ വേണ്ടി മോഡേണ കമ്പനിയുമായി കരാർ ഒപ്പിട്ടതായി ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തി. മോഡേണ വാക്സിൻ രണ്ട് ഡോസായി നൽകേണ്ടത് കൊണ്ട് അഞ്ച് ദശലക്ഷം ഡോസു കൊണ്ട് രണ്ടര ദശലക്ഷം ബ്രിട്ടീഷുകാർക്ക് മാത്രമേ വാക്സിൻ നൽകാൻ കഴിയുകയുള്ളൂ.

ഓസ്‌ട്രേലിയിൽ വികസിപ്പിച്ച കോവിഡ് വാക്സിൻെറ ഫലപ്രാപ്തിയെ കുറിച്ചുമുള്ള ശുഭ സൂചനകളും നേരത്തെ പുറത്തുവന്നിരുന്നു. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ആയ യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ് ലാൻഡ് വികസിപ്പിച്ച വാക്‌സിൻ പ്രായമായവരിലും ഗർഭിണികളിലും ഫൈസറിൻെറ വാക്സിനുകളെക്കാളും കൂടുതൽ ഫലപ്രദമാണെന്ന വിവരങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

നവംബർ അഞ്ചാം തീയതി ആരംഭിച്ച ലോക്ക്ഡൗൺ യുകെയിൽ 13 ദിവസങ്ങൾ പിന്നിടുമ്പോൾ ഡിസംബർ രണ്ടാം തീയതി ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഈ സാഹചര്യത്തിൽ വ്യക്തമാക്കാൻ സാധിക്കില്ല എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വെളിപ്പെടുത്തി. അടുത്ത ഒരാഴ്ചത്തെ രോഗവ്യാപനതോത് വളരെ നിർണായകമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് -19 കേസുകളിൽ ഭൂരിഭാഗവും ലോക്ക്ഡൗണിന് മുൻപേ വൈറസ് വ്യാപനം നടന്നതാകണം. അതുകൊണ്ടു തന്നെ ലോക്ക്ഡൗണിൻെറ ഫലപ്രാപ്തി അറിയാൻ കാത്തിരിക്കേണ്ടതുണ്ട്.

ജനങ്ങൾ കോവിഡ്-19 പ്രോട്ടോകോളും ലോക്ക്ഡൗൺ നിയമങ്ങളും പാലിക്കുകയാണെങ്കിൽ ഉടൻതന്നെ കോവിഡ് -19 വ്യാപനതോത് കുറയുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ വൈറസ് വ്യാപനത്തിൽ നേരിയ വർധനവു മാത്രമാണ് ഉള്ളത് എന്നത് ആശ്വാസം നൽകുന്നുണ്ട്.

എല്ലാവരും ഉറ്റുനോക്കുന്നത് ക്രിസ്മസ് കാലത്തെയാണ്. ജനങ്ങൾ കൂടുതൽ പുനഃസമാഗമനത്തിനും ഒത്തുചേരലുകൾക്കും താൽപര്യപ്പെടുന്ന സമയത്ത് കോവിഡ് -19 ൻെറ വ്യാപനത്തെ പിടിച്ചുകെട്ടിയില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വാക്സിനുകളുടെ വിതരണം, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ സ്വഭവനത്തിലേക്കുള്ള മടക്കം ഇവയെല്ലാം ഡിസംബർ രണ്ടിന് ശേഷം യുദ്ധകാലടിസ്ഥാനത്തിൽ നടപ്പാക്കേണ്ട കാര്യങ്ങളായി ഗവൺമെൻറിൻറെ മുൻപിലുണ്ട്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഡയറക്ടർമാരിൽ ഒരാളായ ഡോ. സൂസൻ ഹോപ്കിൻസിൻെറ അഭിപ്രായത്തിൽ ലോക്ക്ഡൗൺ അവസാനിച്ചാലും യുകെയിൽ ഉടനീളം ടയർ സംവിധാനത്തിലുള്ള നിയന്ത്രണങ്ങൾ നിലനിർത്തേണ്ടതായി വരും. ഇന്നലെ മാത്രം 21363 പേർക്കാണ് യുകെയിൽ രോഗം സ്ഥിരീകരിച്ചത്. ഇതു കൂടി ഉൾപ്പെടുത്തി 13,90,681 പേർക്കാണ് ഇതുവരെ യുകെയിൽ കോവിഡ് ബാധിച്ചത്. ഇന്നലത്തെ 213 പേരെ കൂടി ഉൾപ്പെടുത്തി 52,147 പേരാണ് യുകെയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

തൻറെ പ്രിയപ്പെട്ട മകൾക്കുവേണ്ടി ഒരുപക്ഷേ ലോകത്തെ ആരും ഇതുവരെ ചെയ്യാത്ത പുണ്യ പ്രവർത്തിയാണ് ഈ അമ്മ ചെയ്തിരിക്കുന്നത്. അമ്പത്തിയൊന്നാം വയസ്സിൽ അവർ തൻെറ മകളുടെ കുഞ്ഞിനെ ഗർഭത്തിൽ വഹിച്ചു.

ചിക്കാഗോയിലെ ഇല്ലിനോയിസിലാണ് സംഭവം. 29 കാരിയായ ബ്രിയാന ലോക്ക് വുഡും 28കാരനായ ഭർത്താവ് ആരോണും സുന്ദര സ്വപ്നങ്ങളുമായാണ് പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചത്. കുട്ടികളെ കുറിച്ചും കുടുംബത്തെക്കുറിച്ചും രണ്ടുപേരും പങ്കിട്ട സ്വപ്നങ്ങളിൽ കരിനിഴൽ വീഴുന്നത് അവൾ അറിഞ്ഞു. രണ്ടു പ്രാവശ്യവും ഗർഭധാരണം നടന്നിട്ടും പരാജയമായിരുന്നു ഫലം.

അങ്ങനെയിരിക്കെയാണ് ഒരു ഡോക്ടറുടെ ഉപദേശപ്രകാരം വാടക ഗർഭപാത്രത്തെ കുറിച്ച് അവളും ഭർത്താവും ചിന്തിക്കാൻ തുടങ്ങിയത്. തൻറെ മകൾക്കും മരുമകനും വേണ്ടി വാടകഗർഭപാത്രം ആകാനുള്ള മഹത്തായ ദൗത്യം ബ്രിയാനയുടെ അമ്മ ജൂലി ഏറ്റെടുത്തു. 19 മാരത്തോണുകളിലും ധാരാളം ട്രയാത്ത്‌ലോണുകളിലും പങ്കെടുത്തിട്ടുള്ള ജൂലിക്ക് തൻെറ ആരോഗ്യത്തെക്കുറിച്ച് തികച്ചും ആത്മവിശ്വാസം ഉണ്ടായിരുന്നു. അതിലുപരി തൻറെ മകൾക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ലഭിക്കണമെന്നും തനിക്ക് ഒരു മുത്തശ്ശി ആകണമെന്നും അവർ അതിയായി ആഗ്രഹിച്ചു. അതിനുവേണ്ടി ഏത് ത്യാഗവും സഹിക്കാൻ അവർ തയ്യാറായിരുന്നു.

അങ്ങനെ നവംബർ ഇരുപത്തിയൊന്നാം തീയതി ബ്രിയാനയുടെ അമ്മ ജൂലി ഒരു പെൺകുട്ടിയ്ക്ക് – ബ്രിയാർ ജൂലിയറ്റ് ലോക്ക് വുഡിന് – തൻറെ സ്വന്തം പേരകുട്ടിക്ക് ജന്മം നൽകി. ഇന്ന് അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യവതിയായി ഇരിക്കുന്നു .  “സ്വർഗത്തിലെ സന്തോഷം ഭൂമിയിൽ കൊണ്ടുവരാനായി എൻറെ അമ്മ ഒത്തിരി ത്യാഗം ചെയ്തു. ഞങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു” .  ഇൻസ്റ്റഗ്രാമിലൂടെ ബ്രിയാന ലോകത്തോട് പറഞ്ഞു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും ഐസലേഷനിലായി. പ്രധാനമന്ത്രിയുമായി മീറ്റിങ്ങിൽ പങ്കെടുത്ത ആഷ്ഫീൽഡ് എംപി ലീ ആൻഡേഴ്സന് കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് നടപടി. കോവിഡിൻെറ യാതൊരു ലക്ഷണങ്ങളും ഇല്ലെങ്കിലും നിയമങ്ങൾ അനുസരിച്ച് സ്വയം ഒറ്റപ്പെടലിന് വിധേയനാകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസിൽ നിന്ന് തനിക്ക് ഐസൊലേഷനിൽ പോകാനുള്ള നിർദ്ദേശം ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രിക്ക് നിലവിൽ കോവിഡ് ലക്ഷണങ്ങൾ ഒന്നും ഇല്ല എന്നും അദ്ദേഹം പതിവ് പോലെ ജോലി തുടരുമെന്നും ഗവൺമെൻറ് വ്യക്താവ് അറിയിച്ചു.

മാർച്ച് മാസത്തിൽ കൊറോണ വൈറസ് ബാധിതനായി മൂന്ന് ദിവസത്തോളം ബോറിസ് ജോൺസൺ സെൻട്രൽ ലണ്ടനിലെ സെന്റ്. തോമസ് ഹോസ്പിറ്റലിൽ ഐസിയുവിൽ ആയിരുന്നു. കോവിഡ് – 19 വന്നവർക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇതിനിടെ ലോക്ക്ഡൗൺ 12 ദിനങ്ങൾ പിന്നിടുമ്പോൾ പോലീസ് നിയമങ്ങൾ കർശനമാക്കി. നിയമങ്ങൾ ലംഘിച്ച് ജനങ്ങളെ കൂട്ടി പ്രാർത്ഥന നടത്തിയത് പോലീസ് തടഞ്ഞു. വടക്കൻ ലണ്ടനിലെ എയ്ഞ്ചൽ ചർച്ചിലാണ് സംഭവം അരങ്ങേറിയത്. പാസ്റ്റർ റെഗൻ കിംഗ്ൻെറ നേതൃത്വത്തിലാണ് മുപ്പതോളം ആളുകൾ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടിയത്.

ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിച്ച് രോഗവ്യാപനം തടയുന്നത് ക്രിസ്തുമസ് സീസണിൽ കൂടുതൽ ഇളവുകൾക്കും കൂടിച്ചേരലുകൾക്കും സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ക്രിസ്മസ് സമയത്തെ കെയർ ഹോമുകളിലും മറ്റുമുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് അവസരമൊരുക്കണമെന്നുള്ള ആവശ്യം രാജ്യമൊട്ടാകെ നിന്ന് ഗവൺമെന്റിൻെറ മേൽ ശക്തമായിട്ടുണ്ട്.  ഇന്നലെ മാത്രം യുകെയിൽ 24962 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 168 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതിന് തലേന്ന് 462 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. മരണ നിരക്കിലുള്ള കുറവ് കോവിഡിനെതിരെ ഉള്ള യുദ്ധത്തിൽ രാജ്യത്തിന് ആശ്വാസം നൽകുന്നതാണ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന ഡൊമിനിക് കമിങ്സ് രാജി വച്ചതിനെ തുടർന്ന് ആഘോഷ സൂചകമായി ബോറിസ് ജോൺസന്റെ കാമുകി ആയിരിക്കുന്ന കാരി സിമൻഡ്സ് പാർട്ടി നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കാരി പ്രധാനമന്ത്രിയുടെ ഒപ്പം താമസിക്കുന്ന ഭവനത്തിൽ വച്ച് തന്നെയാണ് പാർട്ടി നടന്നതായി റിപ്പോർട്ടുകൾ ഉള്ളത്. എന്നാൽ അത്തരത്തിൽ ഒരു പാർട്ടിയും നടന്നിട്ടില്ല എന്ന് സിമൻഡ്സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു. സിമൻഡ്സ്സുമായുള്ള സ്വരച്ചേർച്ചയില്ലായ്മയെ തുടർന്നാണ് ഡൊമിനിക് കമിങ്സ് രാജിവെച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനങ്ങളിൽ വൻ സ്വാധീനമാണ് സിമൻഡ്നുള്ളത്. അത് ഡൊമിനിക്കിന്റെ രാജയിയിലും പ്രതിഫലിക്കുന്നുണ്ട്.

പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഈയാഴ്ച്ച എംപിമാരെ കാണുന്നുണ്ട്. വർദ്ധിച്ചു വരുന്ന പ്രശ്നങ്ങളുടെ സാഹചര്യത്തിലാണ് ഇത്. തന്റെ പ്രതിച്ഛായ കാത്തു സൂക്ഷിക്കുന്നതിനായി, പ്രധാനമന്ത്രി ജനങ്ങൾക്ക്, പ്രത്യേകിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ സഹായിച്ച വടക്കൻ മേഖലയിലുള്ള സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ പ്രഖ്യാപിക്കുവാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടു എന്നുള്ള ആരോപണങ്ങൾക്ക് ഇടയിലാണ് പുതിയ വിവാദം ഉയർന്നു വന്നത്. അത് ഗവൺമെന്റിൻെറ പ്രതിച്ഛായയെ തന്നെ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.

എന്നാൽ പ്രധാനമന്ത്രി ഈ കാര്യങ്ങളിൽ ഒന്നും തന്നെ ഇടപെടുന്നില്ലെന്നും, രാജ്യത്തിന്റെ പുരോഗമനത്തിനും, ഉന്നമനത്തിനുമായുള്ള തീരുമാനങ്ങളെടുക്കുന്ന തിരക്കിലാണ് അദ്ദേഹം എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു.

സ്വന്തം ലേഖകൻ

കഴിഞ്ഞദിവസം ട്വിറ്ററിലൂടെയാണ് ആദ്യമായി ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ വിജയിച്ചതായി ട്രംപ് സമ്മതിച്ചത്. എന്നാൽ ഇലക്ഷനിൽ നടന്ന വ്യാപകമായ ക്രമക്കേടുകൾ മൂലം മാത്രമാണ് ബൈഡൻ വിജയിച്ചത് എന്ന് ട്രംപ് ആവർത്തിക്കുന്നുണ്ട്. താൻ അത് സമ്മതിച്ചു നൽകുന്നില്ല എന്നും ട്രംപ് അവകാശപ്പെടുന്നു. സാധാരണയായി വോട്ട് വാച്ചേഴ്സിനെയും പുറത്തുനിന്നുള്ള വരെയും വോട്ടെണ്ണലിൽ അനുവദിക്കാറില്ല എന്നും, ഇത്തവണ സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നുവെന്നും ട്രംപ് ആരോപിക്കുന്നു. വോട്ട് എണ്ണിയത് റാഡിക്കൽ ലെഫ്റ്റ് സ്വകാര്യ കമ്പനിയാണെന്നും ,വ്യാജ ഉപകരണം ഉപയോഗിച്ചിരുന്നുവെന്നും ട്രംപ് ആരോപിക്കുന്നു.

” ബൈഡൻ ജയിച്ചത് വ്യാജ ന്യൂസ് മീഡിയകളുടെ കണ്ണിലാണ്,ആ വിജയം ഞാൻ അംഗീകരിക്കുന്നില്ല .എനിക്കിനിയും വളരെ ദൂരം പോകാനുണ്ട്. ഇത് അങ്ങേയറ്റം തിരിമറി നടന്ന ഇലക്ഷനാണ് “ട്രംപ് കുറിക്കുന്നു.

ദേശീയ വ്യാപകമായ പോളിങ്ങിന് 10 ദിവസത്തിനുശേഷം,ബൈഡൻ 306 വോട്ടുകളോടെ വിജയിച്ചു. ട്രംപിന് മുൻപ് ലഭിച്ച അതേ സംഖ്യയാണിത്. സ്വന്തം വിജയത്തെ ട്രംപ് ലാൻഡ് സ്ലൈഡ് എന്നാണ് അന്ന് വിശേഷിപ്പിച്ചത്. വാർത്താ ചാനലുകൾ ആദ്യം മുതൽക്കെ തന്നെ ബൈഡന് വിജയസാധ്യത പ്രഖ്യാപിച്ചിരുന്നെങ്കിലും, ആരോപണങ്ങളുമായി ട്രംപ് മുന്നിലുണ്ടായിരുന്നു.

ഫോക്സ് ന്യൂസ് ഹോസ്റ്റ് ജെസ്സി,ജോ ബൈഡൻ വിജയിക്കാൻ സാധ്യതയില്ലെന്നും, നേരാംവണ്ണം ക്യാമ്പയിൻ പോലും നടത്തിയിട്ടില്ലെന്നും പറയുന്ന വീഡിയോ മുൻപ് ട്രംപ് റീട്വീറ്റ് ചെയ്തിരുന്നു. എതിർ സ്ഥാനാർത്ഥിയുടെ വിജയം ട്രംപ് അംഗീകരിക്കാത്തതിനാൽ വൈറ്റ് ഹൗസിൽ ഭരണ കൈമാറ്റം സംബന്ധിച്ചുള്ള ഔദ്യോഗിക കാര്യങ്ങളിലും ആശയക്കുഴപ്പം നിലനിന്നിരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി പ്രിസ്റ്റണിലെ ഷീബാ ഫിലിപ്പിൻെറ വത്സല മാതാവ് അന്നമ്മ ജോർജ് (71) കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. കൊട്ടാരക്കര കരിക്കം മേടയിൽ പരേതനായ ചാക്കോയുടെ ഭാര്യയാണ്. കോവിഡ് ബാധിച്ച് കുറച്ച് ദിവസങ്ങളായി റോയൽ പ്രെസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

മക്കൾ: ഷീജാ തോമസ് (ദുബായ്), ഷീബാ ഫിലിപ്പ് (യു.കെ), ഷിജി സജിത്ത് (കുവൈറ്റ്)
മരുമക്കൾ: തോമസ്, പാസ്റ്റർ ജോൺലി ഫിലിപ്പ് (യുകെ), സജിത്ത്.

സംസ്കാരം പിന്നീട് യുകെയിൽ നടത്താനാണ് തീരുമാനം.

അന്നമ്മ അമ്മയുടെ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കാർഡിഫിൽ നിരോധിച്ച മയക്കുമരുന്നായ കെറ്റാമൈൻ ഉപയോഗത്തെ തുടർന്ന് 25 വയസ്സുള്ള യുവാവ് മരണമടയുകയും 18 വയസ്സുള്ള ഒരു യുവതി ഗുരുതരാവസ്ഥയിലും ആണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് കെറ്റാമൈൻ ഉപയോഗത്തെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി. ഉപയോഗിച്ച് അധികം താമസിയാതെതന്നെ ഇരകളെ തുടർച്ചയായ ഉപയോഗത്തിന് പ്രേരിപ്പിക്കുന്ന ക്ലാസ് ബി മയക്കുമരുന്നാണ് കെറ്റാമൈൻ. മയക്കുമരുന്ന് വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

യുകെയിൽ കെറ്റാമൈൻ ഉപയോഗിച്ചാൽ അഞ്ചുവർഷം വരെയും വിൽപ്പന നടത്തിയാൽ 14 വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്. ഈ മയക്ക് മരുന്നിൽ ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉപയോഗിക്കുന്നവരിൽ ഹൃദയസംബന്ധമായ മാരകമായ തകരാറുകൾക്ക് ഈ മയക്കുമരുന്ന് കാരണമാകും. യുകെയിൽ വളരെയധികം ആൾക്കാർ ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നതായാണ് കരുതപ്പെടുന്നത്

ലണ്ടന്‍: ഒരു വശത്തു കോവിഡ് രണ്ടാമത്തെ സംഹാരതാണ്ഡവത്തിൽ വീർപ്പുമുട്ടുന്ന ആരോഗ്യമേഖലയിലെ ജീവനക്കാർ. കോവിദാന്തര ശമ്പളവർദ്ധനവ് നിഷേധിക്കപ്പെട്ട അല്ലെങ്കിൽ തുച്ഛമായ തുക ലഭിച്ച മലയാളികൾ ഉൾപ്പെടുന്ന നഴ്‌സിംഗ് സമൂഹം. വേതന വര്‍ധനയ്ക്ക് മടി കാണിച്ചാലും എന്‍എച്ച്എസ് സ്റ്റാഫിനെ പിഴിയാനുള്ള തീരുമാനം സംബന്ധിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിനു ഏറ്റവും വലിയ തെളിവാണ് എന്‍എച്ച്എസ് സ്റ്റാഫിന് ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഫീസില്‍ 200% വര്‍ദ്ധന.

പാര്‍ക്കിംഗ് ഫീസില്‍ വമ്പിച്ച വര്‍ദ്ധനയോടെ മലയാളി നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാരുടെ പോക്കറ്റ് കാലിയാവുന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ആനുവല്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകളില്‍ 200 ശതമാനം വര്‍ദ്ധനവ് വരുന്നതായ ആഭ്യന്തര രേഖ ചോര്‍ന്നതോടെയാണ് എന്‍എച്ച്എസ് സ്റ്റാഫിനെ കാത്തിരിക്കുന്ന ഇരുട്ടടി പുറത്തുവന്നത്. ഇതോടെ പുതിയ പെര്‍മിറ്റുകള്‍ക്ക് 1440 പൗണ്ട് വരെ ചെലവ് വരും. ഡിസമ്പർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നാണ് രേഖ പറയുന്നത്.

എന്‍എച്ച്എസില്‍ 30 വര്‍ഷക്കാലം ജോലി ചെയ്ത സീനിയര്‍ നഴ്‌സിന്റെ വാർഷിക പാര്‍ക്കിംഗ് ചാര്‍ജ്ജ് 240 പൗണ്ടില്‍ നിന്നും 720 പൗണ്ടായി ഉയരും. ‘നഴ്‌സുമാരെന്ന നിലയില്‍ മോശം അനുഭവങ്ങളാണ് നേരിടുന്നത്, യഥാര്‍ത്ഥ ശമ്പള വര്‍ദ്ധന പോലുമില്ല.

മാനസികമായി മോശം അവസ്ഥയിലാണ്. ഹോസ്പിറ്റല്‍ ഒരു തരത്തിലും ഞങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നത് ഒരു യാഥാർത്യമാണ്, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു നഴ്‌സ് വാർത്തയോട് പ്രതികരിച്ചു.

തന്റെ സഹജീവനക്കാരും ഈ വിഷയത്തില്‍ രോഷാകുലരാണെങ്കിലും വിവരങ്ങള്‍ പുറത്തുപറയുന്നവര്‍ക്ക് എന്‍എച്ച്എസില്‍ ലഭിക്കുന്ന ‘നന്ദിപ്രകടനം’ അത്ര സുഖകരമല്ലാത്തതിനാലാണ് പലരും മിണ്ടാതിരിക്കുന്നതെന്നും നഴ്‌സ് വ്യക്തമാക്കി.

കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ മധ്യത്തിലും ധീരമായി പൊരുതുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ മുഖത്തുള്ള അടിയാണ് ഇതെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോന്നാഥന്‍ ആഷ്‌വര്‍ത്ത് പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹാന്‍കോക് പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് ആഷ്‌വര്‍ത്ത് ആവശ്യപ്പെട്ടു. ഫ്രീ പാര്‍ക്കിംഗ് അനിശ്ചിതമായി നീട്ടാന്‍ കഴിയില്ലെന്ന് ഒരു ഹെല്‍ത്ത് മിനിസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. പുതിയ പെര്‍മിറ്റുകളും, വിലയും ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രസ്തുത ട്രസ്റ്റിലെ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

എന്‍എച്ച്എസ് ജീവനക്കാരെ വിലക്കയറ്റത്തില്‍ നിന്നും രക്ഷിക്കാന്‍ സർക്കാർ പ്രത്യേക നടപടി സ്വീകരിച്ചിട്ടുമില്ല. ലണ്ടന്‍ കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പാര്‍ക്കിംഗ് ഫീ വര്‍ദ്ധന സംബന്ധിച്ച് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചത്.

ചില രോഗികള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് വര്‍ദ്ധനയ്ക്ക് പിന്നിലെന്ന് ട്രസ്റ്റ് കുറ്റപ്പെടുത്തി. ടോറി പ്രകടനപത്രിക അനുസരിച്ച് പുതുവര്‍ഷം മുതല്‍ വികലാംഗര്‍ക്കും, നൈറ്റ് ഷിഫ്റ്റിനെത്തുന്ന ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ചില ഗ്രൂപ്പുകള്‍ക്ക് ഫ്രീ പാര്‍ക്കിംഗ് നല്‍കേണ്ടതാണ്. കാര്‍ പാര്‍ക്കിംഗ് പാര്‍ട്ണര്‍ഷിപ്പാണ് എന്‍എച്ച്എസ് ഹോസ്പിറ്റലുകളിലെ പാര്‍ക്കിംഗ് ലോട്ട് കൈകാര്യം ചെയ്യുന്നത്. പിതൃസ്ഥാപനമായ പാർക്കിംഗ് ഐ ക്ക് കിട്ടുന്നതിന്റെ 80 ശതമാനവും ലഭിക്കുന്നത്. 2018 ൽ മുൻ ഓണർ ആയ ക്യാപിറ്റ എന്ന കമ്പനിക്ക് ഡിവിഡന്റ് ആയി നൽകിയത് അഞ്ച് മില്യൺ ആണ് എന്ന് കമ്പനി റെക്കോഡുകൾ പറയുന്നു.

സൗജന്യ പാര്‍ക്കിംഗ് തുടരാനാവില്ലെന്ന് സമ്മറില്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ മുന്നറിയിപ്പേകിയിരുന്നു. എന്നാല്‍ സൗജന്യ പാര്‍ക്കിംഗ് എപ്പോള്‍ അവസാനിക്കുമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുമില്ല. വാർത്ത പുറത്തുവന്നതോടെ ഇതുമായി ചോദ്യങ്ങളോടെ അധികൃതർ പ്രതികരിച്ചത് ഇങ്ങനെ. സൗജന്യ പാർക്കിംഗ് ആണ് ഫീ കൂട്ടുവാനുള്ള പ്രധാന കാരണമെന്നും അറിയിച്ചു. സംഭവം വിവാദമായതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വർദ്ധനവ് നടപ്പാക്കുന്നില്ല എന്നാണ് ട്രസ്റ്റ് പറഞ്ഞത്.

ഇതേസമയം പാർക്കിംഗ് ഫീ വർദ്ധനവുമായി പാർക്കിംഗ് ഐ ക്ക് ബന്ധമില്ലെന്നും തീരുമാനിക്കുന്നത് ട്രസ്റ്റുകൾ ആണ് എന്നുമാണ് വാർത്തയുമായി ബന്ധപ്പെട്ട പ്രതികരണം.

RECENT POSTS
Copyright © . All rights reserved