ന്യൂസ് ഡെസ്ക് മലയാളം യുകെ

മറ്റ് വൈറസ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപന ശേഷിയുള്ള ഡെൽറ്റാ പ്ലസ് വൈറസ് വകഭേദത്തെ ഇന്ത്യയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു . ജനിതക മാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദമായ ഡെൽറ്റാ വേരിയന്റിനേക്കാളും കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റ പ്ലസ്. കഴിഞ്ഞ വർഷം ഡിസംബറിൽ ആദ്യമായി കണ്ടെത്തിയ കെന്റ് വേരിയന്റിനേക്കാളും 60 ശതമാനം കൂടുതൽ ഗുരുതര സ്വഭാവമുള്ളതാണ് പുതിയ വൈറസ് വകഭേദമെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.

കേരളത്തിൽ അപ്പർ കുട്ടനാട്ടിലെ 4 വയസുകാരന് ഡെൽറ്റാ പ്ലസ് കണ്ടെത്തിയിരുന്നു. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് കൂടാതെ ഡെൽറ്റാ പ്ലസ് ബാധിച്ച രണ്ട് കേസുകൾ പാലക്കാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാരക ശേഷി കൂടുതലുള്ള ഈ വകഭേദത്തിൻെറ 16 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡെൽറ്റാ വേരിയന്റിൻെറ നേപ്പാൾ വകഭേദം പടർന്നു പിടിച്ചതിനെ തുടർന്നാണ് പോർച്ചുഗലിനെ ഗ്രീൻ ലിസ്റ്റിൽനിന്ന് ആമ്പർ യാത്രാ പട്ടികയിലേയ്ക്ക് ബ്രിട്ടൻ മാറ്റാനുള്ള കാരണം. വൈറസ് നിരന്തരമായി ജനിതക മാറ്റം വന്ന് പുതിയ വകഭേദങ്ങൾ സൃഷ്ടിക്കുന്നത് രോഗ പ്രതിരോധ സംവിധാനത്തിന് വൻ ഭീഷണിയാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.