സ്വന്തം ലേഖകൻ
സ്കോട് ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ ആയ നിക്കോള സ്റ്റർജിയോൺ പൊതുചടങ്ങിൽ വെച്ച് ഫെയ്സ് മാസ്ക് മാറ്റി. “അശ്രദ്ധമൂലം സംഭവിച്ചതാണെന്നും, തന്റെ കയ്യിൽ നിന്നും ഉണ്ടായ ഏറ്റവും വലിയ പിഴവ് എന്നും പിന്നീട് മന്ത്രി പൊതുജനത്തോട് മാപ്പ് പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച സിവിൽ സർവന്റിന്റെ മോർട്ടൺ ഹാൾ ക്രിമിറ്റോറിയത്തിലെ ശവസംസ്കാരത്തിന് ശേഷം എഡിൻബർഗിലെ
സ്ടേബിൾ ബാർ ആൻഡ് റസ്റ്റോറന്റിൽ വെച്ച് നടന്ന അനുശോചന യോഗത്തിൽ ആണ് മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. മറ്റ് മൂന്ന് വ്യക്തികളോടൊപ്പം സാമൂഹ്യ അകലം പാലിച്ച് സംസാരിച്ചു കൊണ്ടിരിക്കെയാണ് മന്ത്രി മുഖാവരണം മാറ്റിയത്. നിക്കോള സ്റ്റർജിയോൺ പതിവായി പൊതുജനങ്ങളോട് കൊറോണവൈറസ് പടരാതിരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു.
അതേസമയം ഒരു പൊതു ജനപ്രതിനിധി എന്ന നിലയിലും, മന്ത്രി എന്ന നിലയിലും നിക്കോള കൂടുതൽ ശ്രദ്ധിക്കണമായിരുന്നു എന്നും, പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട വ്യക്തികൾ അശ്രദ്ധമായി പെരുമാറുന്നതിനെ ന്യായീകരിക്കാൻ ആവില്ലെന്നും സ്കോട്ടിഷ് കൺസർവേറ്റീവ് വക്താവ് അഭിപ്രായപ്പെട്ടു. നിക്കോള നിയമം തെറ്റിച്ചത് തന്നെയാണ്, പൊതുജനങ്ങൾക്ക് ഒരു നിയമം മന്ത്രിക്ക് മറ്റൊരു നിയമം എന്നത് അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുസ്ഥലത്ത് വെച്ച് മുഖത്ത് നിന്നും മാസ്ക് മാറുന്നവർക്ക് 60 പൗണ്ടാണ് പിഴ.
നിക്കോള സ്റ്റർജിയോൺ സമൂഹത്തോട് നിരുപാധികം മാപ്പ് പറഞ്ഞിരിക്കുകയാണ്. തന്റെ ഏറ്റവും വലിയ പിഴവാണ് ഇതെന്നും ഇനി ആവർത്തിക്കില്ലെന്നും അവർ അറിയിച്ചു.
” കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിന്ന വ്യക്തിയാണ് നിക്കോള സ്റ്റർജിയോൺ, അവർ മനപ്പൂർവ്വം ഇങ്ങനെ ചെയ്യില്ല എന്ന് ഉറപ്പുണ്ട്. തനിക്ക് സംഭവിച്ച അബദ്ധത്തിന് അവർ മാപ്പ് പറയുകയും ചെയ്തു. (ഒമ്പതു മാസത്തിനിടയിൽ ഒരിക്കലെങ്കിലും നമ്മളിൽ എല്ലാവർക്കും സംഭവിച്ച അബദ്ധം ആണിത് എന്ന് ഉറപ്പാണ്). വിമർശകർ സംഭവത്തിൻെറ നല്ല വശം കൂടി കണക്കാക്കണം ” സ്കോട്ട്ലാൻഡിന്റെ ജസ്റ്റിസ് സെക്രട്ടറി യൂസഫ് ഹംസ പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ടൊറന്റോ: ബലൂചിസ്ഥാനിലെ പാകിസ്ഥാൻ അതിക്രമങ്ങളെക്കുറിച്ച് വർഷങ്ങളായി ശബ്ദമുയർത്തിയിരുന്ന പ്രമുഖ ബലൂചിസ്ഥാൻ ആക്ടിവിസ്റ്റ് കരിമ ബലൂച്ചിനെ കാനഡയിലെ ടൊറന്റോയിൽ മരിച്ച നിലയിൽ കണ്ടെത്തി. 2015 ൽ പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത 37കാരിയായ മുൻ വിദ്യാർത്ഥി നേതാവും പ്രവർത്തകയുമായ ബലൂച്ചിനെ ഞായറാഴ്ച ടൊറന്റോയിൽ നിന്ന് കാണാതായിരുന്നു. ടൊറന്റോയിലെ ലേക്‌ഷോറിനടുത്തുള്ള ഒരു ദ്വീപിൽ നിന്ന് മുങ്ങിമരിച്ച നിലയിലാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയ്ക്ക് ബലൂച്ചിന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് സൂചനയുണ്ട്. പാകിസ്ഥാൻ സൈന്യത്തെയും ഭരണകൂടത്തെയും നിശിതമായി വിമർശിച്ചിച്ചതിലൂടെ ജനശ്രദ്ധ നേടിയ വ്യക്തിയാണ് ബലൂച്ച്.
തീവ്രവാദ ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്നാണ് 2015 ലാണ് അവർ പാകിസ്ഥാൻ വിട്ടത്. എങ്കിലും ബലൂചിസ്ഥാനിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി സോഷ്യൽ മീഡിയയിലൂടെയും വ്യക്തിപരമായും അവർ പ്രചാരണം തുടർന്നു. കരിമയുടെ മരണം കുടുംബത്തിന് മാത്രമല്ല, ബലൂച്ച് ദേശീയ പ്രസ്ഥാനത്തിനും ഒരു തീരാദുഃഖമാണെന്ന് സഹോദരി അറിയിച്ചു. 2016 ൽ ബിബിസിയുടെ ഏറ്റവും സ്വാധീനമുള്ള മികച്ച 100 വനിതകളിൽ ഒരാളായി അവർ തിരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനം നടത്തിയത് അന്താരാഷ്ട്ര പ്രശംസ നേടിയപ്പോൾ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, രക്ഷാ ബന്ധനോടനുബന്ധിച്ച് ബലൂചിസ്ഥാൻ ദേശീയവാദികളെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചതോടെ ഇന്ത്യക്കാർക്കും കരിമ പ്രിയപ്പെട്ടവളായി.
പാകിസ്ഥാനിലെ ഏറ്റവും വൈരുദ്ധ്യമുള്ള പ്രദേശങ്ങളിലൊന്നായ ബലൂചിസ്ഥാനിലെ വനിതാ ആക്ടിവിസത്തിന്റെ തുടക്കക്കാരിയാണ് കരിമ. ബലൂചിസ്ഥാൻ നിർബന്ധിതവും നിയമവിരുദ്ധവുമായ അധിനിവേശമാണെന്ന് 2018 ൽ ടൊറന്റോയിൽ നടന്ന പരിപാടിയിൽ കരിമ വെളിപ്പെടുത്തിയിരുന്നു. ടൊറന്റോയിൽ എത്തിയ ശേഷം ഹമാൽ ബലൂച് എന്ന സഹപ്രവർത്തകനെ കരിമ വിവാഹം ചെയ്തു. തുടർന്നും സോഷ്യൽ മീഡിയയിലും കാനഡയിലെയും യൂറോപ്പിലെയും മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു. കരിമയുടെ മരണവാർത്തയറിഞ്ഞ ബലൂചിസ്ഥാൻ ദേശീയ പ്രസ്ഥാനം (ബിഎൻഎം) 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യു കെ :- എൻഎച്ച്എസ് നേഴ്സും രണ്ടു വയസ്സുകാരി മകളും മരണപ്പെട്ടത് ജോലിസ്ഥലത്തു നിന്നും എടുത്ത മരുന്ന് ഉപയോഗിച്ചെന്ന് പ്രാഥമിക നിഗമനം. ഡിസംബർ 14നാണ് ശിവാംഗിയെയും, രണ്ടു വയസ്സുകാരി മകൾ സിയാനയെയും വെസ്റ്റ് ലണ്ടനിലെ വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരുന്ന് കുത്തി വയ്ക്കുവാൻ ഉപയോഗിച്ച സിറിഞ്ചും, കാനുലകളും മറ്റും ശിവംഗിയുടെ മുറിയിൽ നിന്നു തന്നെ കണ്ടെത്തിയിട്ടുണ്ട്. വെസ്റ്റ് ലണ്ടനിലെ കോടതിയിൽ നടന്ന പ്രാഥമിക വിചാരണയിൽ, മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അഡ്വക്കേറ്റ് ലിഡിയ ബ്രൗൺ രേഖപ്പെടുത്തി.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം എന്താണെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന് അവർ വ്യക്തമാക്കി. അന്വേഷണങ്ങൾ പോലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ടെങ്കിലും, മറ്റാരും തന്നെ ഉൾപ്പെട്ടിട്ടില്ല എന്നതാണ് പ്രാഥമിക കണ്ടെത്തൽ. എൻ എച്ച് എസിന്റെ കീഴിലുള്ള യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്‌പിറ്റലിൽ അനസ്തറ്റിസ്റ്റിന്റെ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ശിവാംഗി. ശിവാംഗിയുടെ മരണത്തിൽ ആശുപത്രി അധികൃതർ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തി. ഇരുവർക്കും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരും ഇതുവരെ അധികൃതരെ അറിയിച്ചിട്ടില്ല. സംഭവത്തിൽ വ്യക്തമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്ന് നടന്നുകൊണ്ടിരിക്കുകയാണ്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസിൻെറ പുതിയ വകഭേദം ബ്രിട്ടനെ വളരെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. വൈറസ് വ്യാപന ഭീതിയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഉൾപ്പെടെ യുകെയുമായുള്ള ഗതാഗതമാർഗങ്ങൾ അടച്ചു കഴിഞ്ഞു . ഫ്രാൻസിൽ നിന്നുള്ള ചരക്ക് നീക്കങ്ങളും നിലച്ചിരിക്കുകയാണ്. ഇതു കൂടാതെ യാത്രാവിലക്ക് ഡിസംബർ 31ന് ശേഷവും തുടരുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ക്രിസ്മസ് കാലത്തെ ഭക്ഷ്യക്ഷാമം ഒഴിവാക്കാനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര ചർച്ചകൾ ആരംഭിച്ചു . ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീർന്നുപോകും എന്ന ആശങ്കക്കിടയിലാണ് മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമായി അടിയന്തര യോഗത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകുന്നത്. യാത്രാവിലക്ക് ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യത്തിന് മാത്രമല്ല കോവിഡ് വാക്സിൻെറ വിതരണത്തെ പോലും ബാധിക്കുമോ എന്ന ആശങ്കയിലാണ് യു.കെ ഭരണകൂടം. യാത്രാവിലക്കിനെ തുടർന്ന് ഇന്നലെ പൗണ്ടിൻെറ വില കുത്തനെ ഇടിഞ്ഞിരുന്നു. രണ്ട് ദിവസത്തേക്കാൾ കൂടുതൽ ചരക്കുനീക്കം നിലച്ചാൽ എന്ത് ചെയ്യണമെന്ന കാര്യത്തിൽ ചർച്ചകൾ ഉന്നതതലത്തിൽ പുരോഗമിക്കുകയാണ് . ഇതിനോടനുബന്ധിച്ച് സൂപ്പർ മാർക്കറ്റുകളിൽ എത്രത്തോളം ഭക്ഷ്യ വസ്തുക്കൾ ഉണ്ട് എന്നതിൻെറ കണക്കുകൾ ഗവൺമെന്റിൻെറ ഭാഗത്ത് നിന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവശ്യമെങ്കിൽ ഫൈസർ വാക്‌സിനുകൾ ബെൽജിയത്തിൽ നിന്ന് സൈനിക വിമാനത്തിൽ കൊണ്ടുവരാനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്.
നവംബറിൽ ആരംഭിച്ച് ഡിസംബർ 2 -ന് അവസാനിച്ച ലോക്ക്ഡൗണോടെ വൈറസ് വ്യാപനത്തെ പിടിച്ചുനിർത്താം എന്നായിരുന്നു ഗവൺമെന്റിൻെറയും ആരോഗ്യ വിദഗ്ധരുടെയും പ്രത്യാശ. അതിൻറെ അടിസ്ഥാനത്തിലാണ് ഗവൺമെൻറ് 5 ദിവസത്തെ ക്രിസ്മസ് കാല ഇളവുകളുമായി മുന്നോട്ടു പോയത്. എന്നാൽ യുകെയിലെ സ്ഥിതി അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിൻെറ പുതിയ വകഭേദം കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതും അപകടകരവുമാണെന്ന വെളിപ്പെടുത്തലുകൾക്ക് പുറമെ പലസ്ഥലങ്ങളിലും ടയർ 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗവൺമെൻറ് നിർബന്ധമാക്കപ്പെട്ടിരിക്കുകയാണ്. ഇതിനെ തുടർന്നാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യയും യുകെയിൽ നിന്നും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. യാത്രാവിലക്കിനെ തുടർന്ന് ലണ്ടനിൽ നിന്ന് എയർഇന്ത്യയുടെ സർവീസ് ഉപയോഗിച്ച് നാട്ടിൽ പോകാനുള്ള പരിമിതമായ അവസരങ്ങൾ നഷ്ടപ്പെട്ട ആശങ്കയിലാണ് പ്രവാസി മലയാളികൾ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : വാക്സിൻ കണ്ടെത്തിയതിലൂടെ മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകുമെന്ന ആത്മവിശ്വാസത്തിലാണ് ലോകജനത. എന്നാൽ ഇതിനിടയിലാണ് ലോകത്തെ വീണ്ടും ഭീതിയിലാക്കി ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് പടർന്നുപിടിക്കുന്നത്. നിലവിലെ വൈറസിനെ അപേക്ഷിച്ച് (ഡി-614) വളരെവേഗം വ്യാപിക്കാനുള്ള ശേഷി പുതിയതിന് (ജി-614) ഉണ്ടെന്നാണ് വിലയിരുത്തൽ. മുൻ വൈറസിനെക്കാൾ 70 ശതമാനം വേഗത്തിലാണ് പുതിയത് വ്യാപിക്കുന്നത്. ഇതോടെ മുൻകരുതൽ നടപടിയെന്ന നിലയിൽ പല രാജ്യങ്ങളും ബ്രിട്ടനിലേക്കുള്ള വിമാന സർവീസ് അനിശ്ചിതമായി നിർത്തിവെച്ചു. വകഭേദം വന്ന കൊറോണയിൽ നിന്നുള്ള കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് സ്വീഡൻ ഡെൻമാർക്കിൽ നിന്നുള്ള വിദേശ യാത്രക്കാരെ വിലക്കി. പുതിയ സ്‌ട്രെയിനുകൾ മഹാമാരിയുടെ പരിണാമത്തിന്റെ ഒരു സാധാരണ ഭാഗമാണെന്നും ഇത് നിയന്ത്രണാതീതമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി മൈക്ക് റയാൻ പറഞ്ഞു.
യുകെയിൽ നിന്നുള്ള യാത്രക്കാർക്കും ചരക്കുനീക്കത്തിനും ഫ്രാൻസ് വിലക്ക് ഏർപ്പെടുത്തി. വ്യാപാരം പുനരാരംഭിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രവർത്തിക്കുകയാണെന്നും പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഫ്രാൻസ് ബ്രിട്ടനുമായുള്ള അതിർത്തി 48 മണിക്കൂർ അടച്ചതിനെത്തുടർന്ന് ആയിരക്കണക്കിനു ട്രക്കുകൾ വഴിയിൽ കുടുങ്ങികിടന്നു. ചരക്കുനീക്കം നിലച്ചതുമൂലം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്കായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര യോഗം വിളിച്ചു. അതേസമയം യൂറോപ്യൻ യൂണിയന്റെ മെഡിസിൻ റെഗുലേറ്റർ ഫൈസർ-ബയോൺടെക് കൊറോണ വൈറസ് വാക്സിൻ അംഗീകരിച്ചു. ഇന്ത്യ മുതൽ ഇറാൻ , കാനഡ വരെയുള്ള മറ്റു പല രാജ്യങ്ങളും യുകെയിൽ നിന്നുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.
യുഎസ് ഇതുവരെയും ഈ തീരുമാനം കൈക്കൊണ്ടിട്ടില്ല. എന്നാൽ ബ്രിട്ടീഷ് എയർവേയ്‌സ്, ഡെൽറ്റ എന്നീ രണ്ട് എയർലൈനുകൾ വൈറസ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്ന യാത്രക്കാരെ മാത്രമേ ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് പറക്കാൻ അനുവദിക്കൂ. സൗദി അറേബ്യ , കുവൈറ്റ് , ഒമാൻ എന്നീ രാജ്യങ്ങൾ അതിർത്തികൾ പൂർണ്ണമായും അടച്ചു യാത്രാവിലക്ക് ഏർപ്പെടുത്തി. ഡെൻമാർക്കിനൊപ്പം ഓസ്‌ട്രേലിയ, ഇറ്റലി, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലും ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയിട്ടുണ്ട്. “വരും ദിവസങ്ങളിൽ മറ്റ് പല രാജ്യങ്ങളും ഇത് കണ്ടെത്തുമെന്ന് ഞങ്ങൾ കരുതുന്നു.” ബെൽജിയത്തിലെ റെഗ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെ വൈറോളജിസ്റ്റ് മാർക്ക് വാൻ റാൻസ്റ്റ് മുന്നറിയിപ്പ് നൽകി.
സ്വന്തം ലേഖകൻ
ഗവൺമെന്റിന്റെ ‘റൂൾ ഓഫ് സിക്സ്’ നിയമം തെറ്റിച്ചതിന് രാജകുടുംബത്തിലെ കേംബ്രിഡ്ജസിനും വെസെക്സിനും രൂക്ഷവിമർശനം. വില്യത്തിന്റെയും കേറ്റിന്റെയും മൂന്നു കുട്ടികളും എഡ്വേഡ് സോഫി രാജദമ്പതിമാരും രണ്ടു കുട്ടികളും സൻഡിംഗ്ഗ്രാമിലെ ക്രിസ്മസ് തീമിലുള്ള ലൂമിനേറ്റ് വുഡ് ലാൻഡിൽ ഒരേ സമയത്ത് വൈകുന്നേരം ആസ്വദിക്കാൻ എത്തിയിരുന്നു. ഇരുകുടുംബങ്ങളും ഇടവേളകളിൽ ഇടകലർന്ന് നടക്കുന്നതും കൈകൾ കോർത്തു പിടിക്കുന്നതുമായ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രിൻസ് ജോർജ്(7) പ്രിൻസസ് ചാർലറ്റ് (5) പ്രിൻസ് ലൂയിസ്(2), മാതാപിതാക്കൾക്കും അങ്കിളിനും ആന്റിക്കും, മക്കളായ ലേഡി ലൂയിസ് വിൻസർ (17) ജെയിംസ് വിസ്കൗണ്ട് സെവേൺ (13) എന്നിവർക്കും ഒപ്പം പൊതു സ്ഥലത്ത് സമയം ചെലവഴിച്ചത് പൊതുജന ശ്രദ്ധ ആകർഷിച്ചു.
ഞായറാഴ്ച വൈകുന്നേരം രാജ്ഞിയുടെ നോർഫോക് റസിഡൻസിന് സമീപം പൊതു ജനങ്ങൾക്കൊപ്പം ആണ്, നടക്കാൻ ഇറങ്ങിയത്. ഇരുകുടുംബങ്ങളും ഒരുമിച്ചല്ല എത്തിച്ചേർന്നത് എന്നും, ഒമ്പത് പേരടങ്ങുന്ന ഒരു പാർട്ടിയായി കറങ്ങി നടക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഒരു മൈലോളം നീളമുള്ള ഒറ്റ വരി പാതയിൽ ഇരുകുടുംബങ്ങളും പലസ്ഥലത്തും ഒരുമിക്കുന്നതും സംസാരിക്കുന്നതും കൈകോർത്തു നടക്കുന്നതും കാണാമായിരുന്നു. ടയർ 2 നിയമപ്രകാരം വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള ആറ് പേരിൽ കൂടുതൽ പരസ്പരം സന്ദർശനം നടത്താൻ പാടില്ല, അല്ലെങ്കിൽ അവർ ഒരേ വീട്ടിൽ നിന്നുള്ളവരോ, ഒരേ സപ്പോർട്ട് ബബിളിൽ നിന്നുള്ളവരോ ആയിരിക്കണം. കുട്ടികൾ ഉൾപ്പെടെ ആറ് പേർക്കുമാത്രമാണ് പുറത്ത് കണ്ടുമുട്ടാനുള്ള അവസരം. നിയമം തെറ്റിക്കുന്നവർക്ക് 200 പൗണ്ട് പെനാൽറ്റിയുണ്ട്, വീണ്ടും നിയമം തെറ്റിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പിഴ 64,00 പൗണ്ട് വരെ വർദ്ധിക്കാം.
9 അംഗങ്ങളടങ്ങിയ ഇരുകുടുംബങ്ങളും വൈകുന്നേരം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ പകർത്തിയ വ്യക്തി രാജകുടുംബത്തിന്റെ അശ്രദ്ധയിൽ കടുത്ത അമർഷം രേഖപ്പെടുത്തി. “രാജകുടുംബത്തിലെ കുട്ടികളുൾപ്പെടെ പുറത്ത് സമയം ചെലവഴിച്ചത് അവർക്ക് അങ്ങേയറ്റം സന്തോഷം നൽകി എന്ന് വിശ്വസിക്കുന്നു, എന്നാൽ പൊതുജനങ്ങൾ മാതൃകയാക്കുന്ന ഒരു കുടുംബപശ്ചാത്തലത്തിൽ നിന്നുള്ളവർ ഇത്തരത്തിൽ അശ്രദ്ധമായി പെരുമാറാൻ പാടില്ലായിരുന്നു” എന്നും ” അംഗരക്ഷകരോടൊപ്പമെത്തിയ കുടുംബം കോവിഡ് നിയമങ്ങൾ പ്രത്യക്ഷമായി ലംഘിക്കുകയായിരുന്നു എന്നും വുഡ് ലാൻഡിൽ ഉണ്ടായിരുന്ന വ്യക്തി അഭിപ്രായപ്പെട്ടു.
അതേസമയം ഇരുകുടുംബങ്ങളും വ്യത്യസ്ത സമയങ്ങളിൽ ആണ് എത്തിച്ചേർന്നത് എന്നും നിയമം ലംഘിക്കാൻ ഒരു വിധത്തിലും ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ സംഭവത്തോട് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണ വൈറസിൻെറ പുതിയ വകഭേദം യുകെയിൽ കണ്ടെത്തിയതിനെതുടർന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യയും യുകെയിൽ നിന്നും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഡിസംബർ 22 ചൊവ്വാഴ്ച അർധരാത്രി മുതൽ ഡിസംബർ 31 അർധരാത്രി വരെയാണ് യുകെയിൽ നിന്നും തിരിച്ചുമുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ ചൊവ്വാഴ്ച അർദ്ധരാത്രിയ്ക്ക് മുമ്പായി യുകെയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാർക്കും കർശനമായി ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയരാകാനുള്ള നിർദ്ദേശം വ്യോമയാന മന്ത്രാലയം നൽകി.
പുതിയ നിർദ്ദേശം ക്രിസ്മസ് കാലത്ത് നാട്ടിൽ തങ്ങളുടെ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും കാണാൻ പോകാനിരുന്ന ഒട്ടേറെ പ്രവാസി മലയാളികളെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ലണ്ടനിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റിൽ ഡിസംബർ 22 മുതൽ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെപ്പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. കൂടാതെ യാത്രാവിലക്ക് ഡിസംബർ 31ന് ശേഷവും തുടരുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
പുതിയ കൊറോണ വൈറസ് വകഭേദം കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതും അപകടകാരിയാണെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തിയിരുന്നു. ഇറ്റലി, ജർമനി, നെതർലാൻഡ് ,ഓസ്ട്രേലിയ ഉൾപ്പെടെയുള്ള പലരാജ്യങ്ങളും യുകെയിലേക്ക് ഉള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. .
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് ബാധിതരായ ഏതാനും സ്ത്രീകളുടെ അനുഭവത്തിൽ നിന്നാണ് രോഗം ആർത്തവത്തെയും ബാധിക്കുമെന്ന റിപ്പോർട്ടുകൾ കടന്നുവരുന്നത്. തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിച്ചശേഷം തിരിച്ചെത്തിയ 46കാരിയായ ഡോൺ നൈറ്റിന് കോവിഡ് ലക്ഷണങ്ങൾ കാണപ്പെട്ടുതുടങ്ങി. എന്നാൽ അസുഖം ബാധിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ആർത്തവം തെറ്റുന്നതായി കാണപ്പെട്ടു. ‘എന്റെ കോവിഡ് ലക്ഷണങ്ങൾ വളരെ ഭയാനകമായിരുന്നു. മാസങ്ങളോളം അത് തുടർന്നു. സോഫയിൽ നിന്ന് മാറാൻ എനിക്ക് കഴിയാതെയായി.” സോമർസെറ്റിലെ മാനസികാരോഗ്യ നേഴ്‌സ് കൂടിയായ ഡോൺ വെളിപ്പെടുത്തി. മാസങ്ങൾ പിന്നിട്ടപ്പോൾ തനിക്ക് ലോങ്ങ് കോവിഡ് എന്ന അവസ്ഥ ഉണ്ടായതായി അവൾ പറഞ്ഞു. ഇത് എന്തുകൊണ്ടെന്ന് ഗവേഷകർക്ക് പൂർണ്ണമായും അറിയില്ലെങ്കിലും 20 പേരിൽ ഒരാളെ, പ്രത്യേകിച്ച് സ്ത്രീകളെ ലോങ്ങ് കോവിഡ് ബാധിക്കുമെന്ന് കരുതപ്പെടുന്നു.
ജൂൺ മാസത്തിൽ, ഡോൺ ഡോക്ടറെ സന്ദർശിക്കുകയുണ്ടായി. എന്നാൽ പുറത്തുവന്ന രക്തപരിശോധനാ ഫലങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു. അവളുടെ പ്രത്യുൽപാദന ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ, ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ (എഫ്എസ്എച്ച്) എന്നിവ ആർത്തവവിരാമത്തിനു ശേഷമുള്ള തലത്തിലാണ്. അതോടെ അവളിൽ ആർത്തവവിരാമം ഉണ്ടായിക്കഴിഞ്ഞതായി ഡോക്ടർ അറിയിച്ചു. യുകെയിൽ ആർത്തവവിരാമം സംഭവിക്കുന്ന ശരാശരി പ്രായം 51 ആണ്. സ്ത്രീകളില്‍ പൂർണമായും ആർത്തവം അവസാനിക്കുന്ന അവസ്ഥയാണ് ആർത്തവ വിരാമം (Menopause). ഒരു സ്ത്രീ ശാരീരികമായും മാനസികമായും വളരെയധികം പ്രയാസങ്ങള്‍ അനുഭവിക്കുന്ന കാലം കൂടിയാണ് ഈ സമയം. ശരാശരി 45 മുതൽ 55 വയസ്സുവരെയാണ് ആർത്തവവിരാമം സംഭവിക്കുന്നത്.
എന്നാൽ കോവിഡ് രോഗം പെട്ടെന്നുള്ള ആർത്തവവിരാമത്തിന് കാരണമായെന്ന് പല സ്ത്രീകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാന അനുഭവങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് നൂറുകണക്കിന് സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയത്. നൂറിലധികം അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ 80 ശതമാനം പേരും കോവിഡ് ബാധിച്ചതിനുശേഷം തങ്ങളുടെ ആർത്തവം തെറ്റിയതായി അറിയിച്ചു. ഇത്തരം അനുഭവങ്ങൾ ഡോക്ടർമാരെ പുതിയ പഠനത്തിലേക്കാണ് നയിക്കുന്നത്. സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിൽ ഒരു സ്വകാര്യ ക്ലിനിക് നടത്തുന്ന ജിപിയും മേനോപോസ് വിദഗ്ധനുമായ ഡോ. ലൂയിസ് ന്യൂസൺ, എഡിൻബർഗ് സർവകലാശാലയിലെയും ലണ്ടൻ യൂണിവേഴ്‌സിറ്റി കോളജിലെയും വിദഗ്ധരുമായി ചേർന്ന് കോവിഡ് രോഗം, നേരത്തെയുള്ള ആർത്തവവിരാമത്തിന് കാരണമാകുമോ എന്ന് അന്വേഷിക്കുന്നുണ്ട്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണാ വൈറസിൻെറ പുതിയ വകഭേദം കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നത് അപകടകരമാണെന്ന കണ്ടെത്തൽ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. പുതിയ കൊറോണ വൈറസ് വകഭേദം കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതും അപകടകാരിയാണെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തി . പലരാജ്യങ്ങളും മുൻകരുതൽ എന്ന രീതിയിൽ യുകെയിൽ നിന്ന് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇറ്റലി, ജർമനി, നെതർലാൻഡ് ,ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ യുകെയിലേക്ക് ഉള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഇന്ന് നടത്തപ്പെടുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ സംയുക്ത യോഗത്തിന് ശേഷം കൂടുതൽ നടപടികൾ ഉണ്ടാകാനാണ് സാധ്യത.
ലോകത്തിലെ ഏറ്റവും തിരക്കേറിയ യാത്ര തുറമുഖങ്ങളിൽ ഒന്നായ പോർട്ട് ഓഫ് ഡോവർ അടുത്ത 48 മണിക്കൂർ നേരത്തേയ്ക്ക് അടച്ചിടാൻ തീരുമാനമായി. ഫ്രാൻസിനോട് ഏറ്റവും അടുത്തായി 21 മൈൽ മാത്രം അകലെയാണ് പോർട്ട് ഓഫ് ഡോവർ. അതുപോലെതന്നെ യുകെയിൽ നിന്നുള്ള എല്ലാവിധ ചരക്ക് നീക്കങ്ങളും നിർത്തിവയ്ക്കാൻ ഫ്രാൻസ് അടിയന്തരമായി നടപടികൾ ആരംഭിച്ചു.
നെതർലൻഡ് ജനുവരി ഒന്നു വരെ ബ്രിട്ടനിൽ നിന്നുള്ള വിമാനയാത്രയ്ക്ക് വിലക്കേർപ്പെടുത്തി. ബ്രിട്ടനിൽ കണ്ടെത്തിയതിന് സമാനമായ വൈറസ് കണ്ടെത്തിയതിനെത്തുടർന്നാണ് നെതർലൻഡ് യാത്രാ വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഞായറാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ നേരത്തേയ്ക്ക് ബെൽജിയത്തിൽ നിന്നുള്ള യാത്രാവിലക്ക് ആരംഭിച്ചു കഴിഞ്ഞു.