ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- അവധിക്കാല ആഘോഷങ്ങൾക്കായി പോർച്ചുഗലിൽ എത്തിയ ബ്രിട്ടീഷുകാർക്ക് പ്രതിസന്ധിയായി ഗവൺമെന്റിന്റെ പുതിയ തീരുമാനം. പോർച്ചുഗലിനെ ബ്രിട്ടീഷ് ഗവൺമെന്റ് ഗ്രീൻ ലിസ്റ്റിൽ നിന്നും എടുത്തു മാറ്റിയിരിക്കുകയാണ്. പുതിയ നേപ്പാൾ കൊറോണവൈറസ് വേരിയന്റ് ഉയർത്തുന്ന ഭീഷണിയെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. എന്നാൽ ദ്രുതഗതിയിൽ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതിനെതിരെ ശക്തമായ വിമർശനം ആണ് പോർച്ചുഗൽ പ്രസിഡന്റ് നടത്തിയത്. പോർച്ചുഗലിൽ ഉള്ള ബ്രിട്ടീഷുകാരോട് ചൊവ്വാഴ്ച ക്ക് മുൻപായി തിരികെ വരാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ക്ക് ശേഷം വരുന്നവർ നിർബന്ധമായും ക്വാറന്റൈനിൽ കഴിയേണ്ടതായി വരും. അവധിക്കാലം ആഘോഷിക്കാനായി പോർച്ചുഗലിലേക്ക് ബുക്ക് ചെയ്ത് നിരവധിപേർ പോകണോ വേണ്ടയോ എന്ന ആശങ്കയിലാണ്.

ഇന്ത്യൻ സ്ട്രെയിനിന്റെ പുതിയ മ്യുട്ടേറ്റഡ് വേർഷനായ നേപ്പാൾ വേരിയന്റ് പുതിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ബ്രിട്ടന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു തീരുമാനം. എന്നാൽ ബ്രിട്ടൻ സാഹചര്യങ്ങൾ മനസ്സിലാകുന്നില്ലെന്നും, വാക്സിൻ ഉള്ളതിനാൽ നാം വേറൊരു സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും പോർച്ചുഗൽ പ്രസിഡന്റ് ഓർമ്മപ്പെടുത്തി. രോഗികളുടെ എണ്ണം ഉണ്ടെങ്കിലും, മരണനിരക്കോ, ഐ സി യു പേഷ്യന്റുകളുടെ എണ്ണമോ ഒന്നുംതന്നെ വർദ്ധിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിനേഷൻ മൂലം സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം ഓർമപ്പെടുത്തി.

പോർച്ചുഗലിനെ ഗ്രീൻ ലിസ്റ്റിൽ നിന്നും അംബർ ലിസ്റ്റിലിലേക്ക് മാറ്റിയതിനെ തുടർന്ന്, അവിടെ നിന്നും വരുന്ന യാത്രക്കാർക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. ഇതോടൊപ്പംതന്നെ രണ്ടുവട്ടം ടെസ്റ്റ് ചെയ്യാനുള്ള പണവും ആളുകൾ കണ്ടെത്തണം. പോർച്ചുഗലിൽ രോഗബാധ വർദ്ധിക്കുന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് അധികൃതർ അറിയിച്ചു.