Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹോസ്പിറ്റലുകൾ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞപ്പോൾ കാൻസർ ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങൾക്കുള്ള സേവനങ്ങൾ നൽകാൻ സാധിച്ചില്ല എന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് രോഗികളുടെ ആധിക്യം മറ്റ് രോഗ ചികിത്സയ്ക്കായുള്ള പേഷ്യന്റിന്റെ വെയ്റ്റിംഗ് ലിസ്റ്റ് അതിൻറെ പാരമത്ത്യത്തിൽ എത്താൻ കാരണമായതായി എൻ എച്ച് എസ് പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് ഒഴികെയുള്ള മറ്റു ചികിത്സയ്ക്ക് പ്രതീക്ഷിച്ചതിലും പകുതി സേവനം മാത്രമേ നൽകാൻ എൻഎച്ച്എസിന് ആയുള്ളൂ എന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരം.

കൊറോണ വൈറസ് വ്യാപനം രാജ്യത്ത് പിടിമുറുക്കിയതിന് ശേഷം 3 ലക്ഷത്തിലധികം പേരാണ് ഒരുവർഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. എന്നാൽ കോവിഡ്-19 വ്യാപനത്തിന് മുൻപ് ഇത് വെറും 1600 പേർ മാത്രമായിരുന്നു. രാജ്യത്തെ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സകൾ അടിമുടി താളംതെറ്റിയതിന്റെ സൂചനയാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ എന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഈ കണക്കുകൾ ഭയപ്പെടുത്തുന്നതാണെന്നും എൻഎച്ച്എസ് ഈ വെയിറ്റിംഗ് ലിസ്റ്റ് തരണം ചെയ്യാൻ വളരെ സമയം എടുക്കും എന്നും ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിലെ ടിം മിച്ചൽ പറഞ്ഞു. ഈ സാഹചര്യത്തിൽ നിലവിലെ സ്റ്റാഫ് അംഗങ്ങളെ വെച്ച് മുന്നോട്ടു പോകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാർക്ക് താങ്ങാവുന്നതിലും അധിക ജോലിഭാരം ആയിരിക്കുമെന്ന അഭിപ്രായം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്താൻ ഇനി ഭക്ഷണയോഗ്യമായ ഈ ക്യാമറ, കുടലിലൂടെ കടന്നുപോകുമ്പോൾ ചിത്രങ്ങൾ എടുക്കുകയും ബെൽറ്റിലും തോളിലുമുള്ള റെക്കോർഡിംഗ് ഉപകരണത്തിലേക്ക് അത് എത്തിക്കുകയും ചെയ്യും. വേഗത്തിലും സുരക്ഷിതമായുമുള്ള ക്യാൻസർ പരിശോധനയ്ക്ക് ഈ ക്യാപ്‌സ്യൂൾ ക്യാമറകൾ സഹായകമാകുമെന്ന് എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് പറഞ്ഞു. ക്യാമറകൾ ശരീരത്തിലൂടെ കടന്നുപോകുമ്പോൾ ക്യാൻസറിന്റെ ലക്ഷണങ്ങളും ക്രോൺസ് രോഗം പോലുള്ള മറ്റ് അവസ്ഥകളും തിരിച്ചറിയുന്നതിനായി സെക്കൻഡിൽ രണ്ട് ചിത്രങ്ങൾ എടുക്കുന്നു. ക്യാൻസർ സേവനങ്ങൾ എൻ എച്ച് എസ് മുൻഗണന പട്ടികയിൽ ഉള്ളതാണെന്നും സ്റ്റീവൻസ് പറഞ്ഞു.

ഇംഗ്ലണ്ടിലെ 40 ലധികം പ്രദേശങ്ങളിലായി 11,000 രോഗികൾക്ക് ഇതാദ്യം ലഭിക്കും. മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗനിർണയം നടത്താമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഡിസംബറിൽ ഏകദേശം 105,000 ആളുകളാണ് എൻ‌ഡോസ്കോപ്പിക്ക് വേണ്ടി എൻ എച്ച് എസ് വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. അതിൽ പലരും ആറാഴ്ചകളായി കാത്തിരിക്കുന്നവരാണ്. ഈ പ്രശ്നമാണ് ക്യാപ്‌സ്യൂൾ ക്യാമറകൾ അതിവേഗം പരിഹരിക്കുന്നത്. എൻഎച്ച്എസ് സ്കോട് ലൻഡ് ഇതിനകം തന്നെ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

എൻ‌ഡോസ്കോപ്പികൾ ചെയ്യുന്നതിനായി രോഗികൾ ആശുപത്രിയിൽ എത്തേണ്ടതുണ്ട്. അതേസമയം നടപടികൾ എളുപ്പമാക്കികൊണ്ട് പരിശോധനകൾ വേഗത്തിലാക്കാനും ക്യാൻസറുകൾ കണ്ടെത്താനും പിൽ‌ക്യാം സാങ്കേതികവിദ്യ സഹായിക്കുന്നു. “ക്യാപ്‌സ്യൂൾ ക്യാമറകൾ രോഗനിർണശേഷി വർധിപ്പിക്കുക മാത്രമല്ല, പരിശോധന നടത്താൻ ഒരു ആശുപത്രി ആവശ്യമായിവരുന്നില്ല.രോഗിക്ക് വീട്ടിൽ നിന്നുകൊണ്ട് തന്നെ പരിശോധന നടത്താൻ സാധിക്കും.” യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഹെഡ് എഡ് സിവാർഡ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അമിതവണ്ണമുള്ള രണ്ടു കുട്ടികളെ മാതാപിതാക്കളുടെ അടുക്കൽ നിന്നും മാറ്റിപ്പാർപ്പിക്കാൻ നിർദേശിച്ച് കോടതി. ഫോസ്റ്റർ കുടുംബങ്ങളിലേക്ക് ഇവരെ മാറ്റിപ്പാർപ്പിക്കാൻ ആണ് തീരുമാനം. മാതാപിതാക്കളോടൊപ്പം നിന്നാൽ ഇനിയും കുട്ടികൾക്ക് വണ്ണം കൂടാൻ സാധ്യതയുണ്ടെന്നും, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നും കോടതി വിലയിരുത്തി. പതിനേഴും പതിമൂന്നും വയസ്സുള്ള രണ്ടു കുട്ടികളുടെ കാര്യത്തിനാണ് കോടതി ഈ തീരുമാനം പുറപ്പെടുവിച്ചത്. കുറെ നാളുകളായി വണ്ണം കുറയ്ക്കാനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ ഫലം കണ്ടില്ല. കുട്ടികളുടെ അമ്മ ശരിയായ ഭക്ഷണക്രമങ്ങൾ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നതിൽ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. കുട്ടികൾക്ക് മനപ്പൂർവമായി ഐസ്ക്രീമുകളും മറ്റും അധികം നൽകിയതാണ് ഇത്തരത്തിൽ വണ്ണം വയ്ക്കുന്നതിന് ഇടയായത് എന്ന് കോടതി നിരീക്ഷിച്ചു. അതോടൊപ്പം തന്നെ കുട്ടികളുടെ വ്യായാമത്തിനും മറ്റും വേണ്ടുന്ന പ്രോത്സാഹനം മാതാപിതാക്കൾ നൽകിയില്ല.

കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ കൃത്യസമയത്ത് ലഭിച്ചില്ല എന്ന് സാമൂഹ്യപ്രവർത്തകരും കോടതിയെ അറിയിച്ചു. ഈ കാര്യത്തിൽ മാതാവും വേണ്ടതായ ശ്രദ്ധ കാണിച്ചില്ല എന്ന് കോടതി വിലയിരുത്തി. അതിനാൽ തന്നെ കുട്ടികളെ ഫോസ്റ്റർ കുടുംബങ്ങളിലേക്ക് അയക്കുന്നതാണ് ഉത്തമമെന്ന് കോടതി തീരുമാനിച്ചു.

അമ്മയോടൊപ്പമാണ് കുട്ടികൾ ഇരുവരും താമസിച്ചിരുന്നത്. പിതാവ് ഇടയ്ക്കിടെ വന്ന് പോവുകയാണ് പതിവ്. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യമായതിനാൽ ആണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ജഡ്ജി അറിയിച്ചു. തീരുമാനത്തെ അതിന്റെതായ രീതിയിൽ ഉൾക്കൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കൊറോണയുടെ ആക്രമണത്തിന് മുൻപ് തന്നെ നഴ്സുമാർ കുറവുണ്ടായിരുന്ന NHS, കൊറോണ വൈറസിന്റെ പകർച്ചയോടെ വലിയ സമ്മർദ്ദത്തിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്. ജോലി ഭാരം താങ്ങാനാവാതെ പല നഴ്സുമാരും NHS ജോലി തന്നെ ഉപേക്ഷിച്ചു ഏജൻസിയിൽ ശരണം പ്രാപിച്ചു. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ശമ്പള വർദ്ധനവുമായി എതിർപ്പുകളുടെ വേലിയേറ്റമാണ് നടന്നു കൊണ്ടിരിക്കുന്നത്. ശമ്പള വർദ്ധനവ് സംബദ്ധമായി എടുത്ത തീരുമാനം പാർലമെന്റിൽ വോട്ടിനിടാൻ പ്രതിപക്ഷനേതാണ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് എന്ത് വിലകൊടുത്തും നഴ്സുമാരുടെ കുറവ് നികത്താൻ യുകെ സർക്കാർ തീരുമാനം എടുത്തത്.

കഴിഞ്ഞ 10 മാസത്തിനുള്ളിൽ 8,000ത്തിലേറെ വിദേശ നഴ്സുമാരെ നിയമിച്ച് എൻ എച്ച് എസ്. കഴിഞ്ഞ വർഷം കോവിഡിന്റെ ആദ്യ തരംഗത്തിനുശേഷം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഹെൽത്ത് സർവീസ് മേധാവികൾ ഒരുങ്ങിയിരുന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ അവരെ ശുശ്രൂഷിക്കാൻ ആവശ്യമായ നേഴ്സുമാർ ഇല്ലാതെവന്നു. കൊറോണ വൈറസ് സമയത്ത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നേഴ്‌സുമാരെ വലിയ തോതിൽ റിക്രൂട്ട് ചെയ്യുന്നത് ധാർമ്മികമായി തെറ്റാണെന്ന് മുദ്രകുത്തപ്പെട്ടു. ആ സമയത്ത് ലോകത്തിൽ 60 ലക്ഷം നേഴ്‌സുമാരുടെ കുറവാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയത്. ഏപ്രിൽ മുതൽ ജനുവരി വരെ 8,100 വിദേശ നേഴ്‌സുമാർ എൻ‌എച്ച്‌എസ് ട്രസ്റ്റുകളിൽ ചേർന്നു. പ്രതിമാസം 1,000 നേഴ്‌സുമാരെ കൊണ്ടുവരാനാണ് എൻ എച്ച് എസ് ലക്ഷ്യമിടുന്നത്.

തീവ്രപരിചരണ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നേടിയ 300ത്തിലധികം നേഴ്സുമാർ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇംഗ്ലണ്ടിലെ ആശുപത്രികൾക്ക് എൻ‌എച്ച്എസ് ഇംഗ്ലണ്ട് 28 മില്യൺ പൗണ്ട് ധനസഹായം നൽകിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യാത്രാ നിയന്ത്രണം നീക്കിയതിന് ശേഷം 240 അന്താരാഷ്ട്ര നേഴ്‌സുമാരെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഫൗണ്ടേഷൻ ട്രസ്റ്റ്‌ യുകെയിൽ എത്തിച്ചു. മാർച്ച് അവസാനത്തോടെ 180 പേർ കൂടി എത്തിച്ചേരും. തീവ്രപരിചരണം, ഓപ്പറേഷൻ തീയറ്ററുകൾ തുടങ്ങിയവയിൽ ജോലി ചെയ്യുന്നതിനായി ഓരോ വർഷവും 360 വിദേശ നഴ്‌സുമാരെ നിയമിക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.

തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്യാൻ ഇന്ത്യയിൽ നിന്നുള്ള മുപ്പത് നേഴ്‌സുമാർ ഫെബ്രുവരിയിൽ മിഡ് ആൻഡ് സൗത്ത് എസെക്‌സ് എൻഎച്ച്എസ് ട്രസ്റ്റിൽ ചേർന്നുവെന്ന് ഇംഗ്ലണ്ടിലെ ചീഫ് നേഴ്‌സ് റൂത്ത് മേ പറഞ്ഞു. 40 തിൽ പരം നഴ്സുമാർ സ്റ്റോക്ക് ഓൺ ട്രെന്റിൽ അടുത്തമാസം മാസത്തിൽ എത്തുന്നു.  നൂറിലധികം മലയാളി നഴ്സുമാർ ആണ് ഈ വർഷം സ്റ്റോക്ക് ഓൺ ട്രെന്റിൽ മാത്രമായി എത്തുന്നത്.

കൊറോണ വൈറസ് പകർച്ചവ്യാധിക്ക് മുമ്പ് എൻ‌എച്ച്‌എസിൽ 40,000 നേഴ്‌സ് ഒഴിവുകൾ ഉണ്ടായിരുന്നതിനാൽ ഏപ്രിൽ മുതൽ ഒരു ശതമാനം ശമ്പള വർദ്ധനവ് മാത്രമേ നൽകൂ എന്ന് സർക്കാർ വാദിച്ചിരുന്നു. കൊറോണ വൈറസിന് ശേഷം എൻ‌എച്ച്‌എസിൽ ഉള്ള നേഴ്‌സുമാരുടെ എണ്ണം ഉയർന്നെങ്കിലും നിലവിലുള്ള ജീവനക്കാരെ നിലനിർത്താൻ ഗണ്യമായ ശമ്പള വർദ്ധനവ് ആവശ്യമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് (ആർ‌സി‌എൻ) അറിയിച്ചു.

ആസന്നമായ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ 85 സീറ്റുകളിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഐഎം മത്സരിക്കുന്നത്. 83 സീറ്റുകളിൽ മത്സരിക്കാനുള്ള സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ സിപിഎം ഇലക്ഷൻ പ്രചരണത്തിൽ ഇതിനോടകം മുൻകൈ നേടിക്കഴിഞ്ഞു. 32 ഓളം സീറ്റുകളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയ സിപിഎമ്മിൻെറ സ്ഥാനാർത്ഥിപട്ടിക പലതരത്തിലുള്ള ചോദ്യങ്ങളും ഉയർത്തുന്നതാണ്. ഭരണനേതൃത്വവും, പാർട്ടിനേതൃത്വവും കൈപിടിയിലാക്കിയ പിണറായി വിജയൻെറ സമഗ്രാധിപത്യത്തിലേയ്ക്ക് കേരളാ പാർട്ടി ഘടകം പോകുന്നതിൻെറ സൂചനകളാണ് സിപിഎംമിൻെറ സ്ഥാനാർത്ഥി പട്ടിക നൽകുന്നത്.

പരിചയ സമ്പന്നരും, മുതിർന്നവരുമായ എല്ലാ നേതാക്കന്മാരെയും വെട്ടി നിരത്തിയ സ്ഥാനാർത്ഥിപ്പട്ടികയിൽ പിണറായി വിജയൻറെ നേതൃത്വത്തിന് ഭാവിയിൽ ഉയരാവുന്ന ചെറിയ ഭീഷണികൾ പോലും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ദേശീയ പാർട്ടികൾക്കും എപ്പോഴും ഒരു പ്ലാൻ ബി ഉണ്ടായിരിക്കും. എന്നാൽ ലാവ് ലിൻ കേസിലോ, ഭാവിയിൽ ഉയരാവുന്ന എന്തെങ്കിലും വിവാദങ്ങളിലോ പിണറായി വിജയൻ ഉൾപ്പെട്ടാൽ സിപിഎമ്മിൻെറ മുൻപിൽ മറ്റൊരു പോംവഴി സങ്കീർണ്ണമാകുന്ന വിധത്തിലാണ് സ്ഥാനാർഥിപ്പട്ടിക.

പുതുമുഖങ്ങളെ ഉൾപ്പെടുത്താനും രണ്ടു തവണയിൽ കൂടുതൽ മത്സരിച്ചവർക്ക് അവസരം നിഷേധിക്കാനും ചൂണ്ടിക്കാട്ടിയത് ബംഗാളിലെ പാർട്ടിയുടെ അപചയമാണ്. രണ്ടാം നേതൃത്വം വളർത്തിക്കൊണ്ടു വരാത്തതാണ് ബംഗാൾ ഘടകത്തിൻെറ ന്യൂനതയായി പിണറായി തന്നെ ചൂണ്ടിക്കാട്ടിയത്. എന്നാൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയെങ്കിലും പിണറായിക്ക് പിൻഗാമിയാകാൻ സാധ്യതയുണ്ടായിരുന്ന നേതാക്കളെല്ലാം അപ്രസക്തരാകുകയോ, ഒതുക്കപ്പെടുകയോ ചെയ്തതിലൂടെ ബംഗാൾ കേരളത്തിൽ ആവർത്തിക്കാനുള്ള സാധ്യതയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. നിരവധി വിവാദങ്ങളിൽ ചെന്ന് ചാടുകയും ജനങ്ങൾക്ക് അപ്രാപ്യനായിരുന്നും എന്ന പരാതി കേൾപ്പിക്കുകയും ചെയ്ത മുകേഷിനെ പോലുള്ളവർക്ക് സീറ്റ് ലഭിച്ചപ്പോൾ ആശയത്തെയും പ്രസ്ഥാനത്തെയും നെഞ്ചോട് ചേർത്ത് ഒരായുസ്സ് മുഴുവൻ പാർട്ടിക്കായി നൽകിയ പി. ജയരാജനെ പോലുള്ളവർ തഴയപ്പെട്ടു. പൊതു പ്രവർത്തനത്തിൽ നിന്ന് ഒരു ചായ പോലും വാങ്ങി കുടിക്കാത്ത പി. കെ. ഗുരുദാസൻെറ പിൻഗാമിയായാണ് മുകേഷ് നിയമസഭാ സാമാജികനായത് എന്നത് വിരോധാഭാസമാണ്. കോൺഗ്രസ്, മുസ്ലിംലീഗ് തുടങ്ങിയ പാർട്ടികളുടെ മുൻ ഭാരവാഹികൾക്കായി ആറോളം സീറ്റുകൾ മാറ്റിവച്ച സിപിഎമ്മിനെ സ്വന്തം പാർട്ടിയുടെ ഒരു തലയെടുപ്പുള്ള നേതാവിനായി ഒരു നിയമസഭാമണ്ഡലം കണ്ടെത്താൻ സാധിക്കാത്തതിൽ വളരെയേറെ ദുരൂഹതയുണ്ട്. പിണറായിയുടെ നേതൃത്വം സുരക്ഷിതം ആകുമ്പോൾ പാർട്ടിയുടെ ഭാവി ഇരുളടയുകയാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹാരിയുടെയും പത്നി മേഗന്റെയും വെളിപ്പെടുത്തലിൽ ഞെട്ടിയ ബക്കിംഗ്ഹാം കൊട്ടാരം ഒടുവിൽ മൗനം അവസാനിപ്പിച്ചു. രാജകുടുംബത്തിലെ വംശീയത സംബന്ധിച്ച്​ ഹാരി രാജകുമാരനും പത്​നി മേഗനും നടത്തിയ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. ​അഭിമുഖത്തിന് ശേഷം മൗനം പാലിച്ച കൊട്ടാരം ഇപ്പോഴാണ് നിലപാട് വ്യക്തമാക്കുന്നത്. ഹാരിയും ​മേഗനും നടത്തിയ വെളിപ്പെടുത്തൽ ഗൗരവത്തിലെടുക്കുമെന്നും കുടുംബത്തിലെ പ്രശ്​നങ്ങൾ സ്വകാര്യമായി പരിഹരിക്കു​മെന്നും കൊട്ടാരം അറിയിച്ചു. ഹാരി-മേഗൻ ദമ്പതികൾക്കുണ്ടായ വിഷമത്തിൽ രാജകുടുംബം മുഴുവൻ ദു:ഖത്തിലാണെന്ന് ബക്കിങ്​ഹാം കൊട്ടാരം പറഞ്ഞു. ‘വംശീയത സംബന്ധിച്ച പ്രശ്​നം കൊട്ടാരം വളരെ ഗൗരവത്തിൽ പരിശോധിക്കും. കുടുംബം ഈ പ്രശ്​നം സ്വകാര്യമായി പരിഹരിക്കും. ഹാരിയും മേഗനും ആർച്ചിയും എപ്പോഴും സ്​നേഹം നിറഞ്ഞ രാജകുടുംബാംഗങ്ങൾ തന്നെയായിരിക്കും. ” കൊട്ടാരം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.

അതേസമയം ഹാരിയുടെയും മേഗന്റെയും കുട്ടിയുടെ നിറത്തെ സംബന്ധിച്ചുള്ള ആരോപണവിധേയമായ സംഭാഷണത്തിൽ രാജ്ഞിയും എഡിൻ‌ബർഗ് ഡ്യൂക്കും ഉൾപ്പെട്ടിട്ടില്ലെന്ന് അഭിമുഖത്തിന് ശേഷം വിൻ‌ഫ്ര വ്യക്തമാക്കി. “അപ്രകാരം സംസാരിച്ചത് ആരാണെന്ന് ഹാരി വെളിപ്പെടുത്തിയിട്ടില്ല. ” വിൻഫ്ര കൂട്ടിച്ചേർത്തു. രാജകീയ ജീവിതത്തിന്റെ പിരിമുറുക്കവും ഒറ്റപ്പെടലും മൂലം അഞ്ചു മാസം ഗർഭിണിയായിരിക്കുന്ന സമയത്ത് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചെന്ന് മേഗൻ വെളിപ്പെടുത്തിയിരുന്നു. കറുത്ത വംശജയായ മേഗന്​ പിറക്കുന്ന കുഞ്ഞ്​ എന്തുമാത്രം കറുപ്പായിരിക്കുമെന്ന ചോദ്യം കൊട്ടാരത്തിൽ നിന്നുതന്നെ ഉയർന്നു. മകൻ ആർച്ചിക്ക് ‘രാജകുമാരന്‍’ എന്ന കൂട്ടുപേര് നല്‍കാത്തതിന്റെ കാരണം ഇതാണെന്നും അവര്‍ പറഞ്ഞു. ഹാരിക്കൊപ്പം ജീവിതം തുടങ്ങു​മ്പോൾ സ്വാഗതമോതിയ രാജ്​ഞിയും കുടുംബത്തിലെ മറ്റ് അംഗങ്ങളും പിന്നീട് കയ്യൊഴിയുകയായിരുന്നു.

“ഞാന്‍ ഗര്‍ഭിണിയായിരുന്ന മാസങ്ങളില്‍, ‘നിനക്ക് സുരക്ഷ ലഭിക്കില്ല, രാജകുമാരന്‍, രാജകുമാരി എന്ന നാമവും കിട്ടില്ല’ എന്നിങ്ങനെ കേള്‍ക്കുമായിരുന്നു. ജനിക്കുമ്പോള്‍ അവന്റെ നിറം എന്തായിരിക്കുമെന്ന ആശങ്കയും ഉയര്‍ത്തി.” മേഗന്‍ തന്റെ അനുഭവം തുറന്നുപറഞ്ഞു. വിവാഹത്തിനു ശേഷം പിതാവ്​ ചാൾസ്​ രാജകുമാരൻ തന്‍റെ ഫോൺ വിളികൾ എടുക്കാതായതോടെ ഇനിയും കുടുംബത്തിന്റെ ഭാഗമായി തുടരുന്നതിൽ അർത്ഥമില്ലെന്ന ചിന്തയാണ് തന്നെ മാറിതാമസിക്കാൻ പ്രേരിപ്പിച്ചതെന്ന് ഹാരിയും വെളിപ്പെടുത്തിയിരുന്നു. രാജ കുടുംബാംഗങ്ങൾ എന്ന നിലയ്ക്കുള്ള പദവികളെല്ലാം ഉപേക്ഷിച്ച്​ ഹാരി-മേഗൻ ദമ്പതികൾ ഇപ്പോൾ അമേരിക്കയിലാണ്​ കഴിയുന്നത്​.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ വൻ കോളിളക്കം സൃഷ്ടിച്ച 33 വയസ്സുകാരി സാറാ എവറാർഡിന്റെ തിരോധാനത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. കെന്റിലെ ആഷ്‌ഫോർഡിലെ വനഭൂമിയിൽ നിന്ന് മനുഷ്യശരീരത്തിൻെറ ഭാഗങ്ങൾ കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക് സ്ഥിതീകരിച്ചു. എന്നിരുന്നാലും കണ്ടെത്തിയ അവശിഷ്ടങ്ങൾ ആരുടേതാണെന്ന് ഉറപ്പാക്കാൻ കൂടുതൽ സമയമെടുക്കും എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

സാറാ എവറാർഡിനെ കാണാതായ സംഭവത്തിൽ മെട്രോപോളിറ്റൻ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റവാളിയെ സഹായിച്ചു എന്ന സംശയത്തിൻെറ പേരിൽ നേരത്തെ ഒരു സ്ത്രീയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സാറയുടെ തിരോധാനത്തിൻെറ പേരിൽ അറസ്റ്റിലായ മെറ്റ് പോലീസ് ഓഫീസർ വെയ്ൻ കൊസെൻസ് കെന്റിൽ പാർലമെൻററി ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷൻ കമാൻഡിലെ ഉദ്യോഗസ്ഥനാണ്.

അറസ്റ്റിലായ മെറ്റ് പോലീസ് ഓഫീസർ വെയ്ൻ കൊസെൻസ്

മാർച്ച് മൂന്നിന് ക്ലാഫാം ജംഗ്ഷനിലെ ലീത്‌വൈറ്റ് റോഡിലുള്ള ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും തൻറെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തിരുന്ന സാറയെ കാണാതായത്. സാറയുടെ തിരോധാനം ദേശീയ മാധ്യമങ്ങളടക്കം വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു . അറസ്റ്റിലായത് മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥനാണെന്നത് തന്നെ ഞെട്ടിച്ചു എന്ന് അസിസ്റ്റന്റ് കമ്മീഷണർ നിക്ക് എഫ്‌ഗ്രേവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫൈസലാബാദ് : 2020 ജൂൺ 25ന് പാകിസ്ഥാനിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമായ ഫൈസലാബാദിലെ വീട്ടിലായിരുന്നു 12 കാരിയായ ഫറാ. മുത്തച്ഛനും മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരും അവളോടൊപ്പം വീട്ടിലുണ്ട്. മുൻവാതിലിലെ മുട്ടു കേട്ട് വാതിൽ തുറന്ന മുത്തച്ഛനെ തള്ളിമാറ്റികൊണ്ട് മൂന്നു പേർ വീടിനുള്ളിൽ പ്രവേശിച്ചു. അവർ ഫറായെ പിടിച്ച് പുറത്ത് നിർത്തിയിട്ടിരുന്ന വാനിൽ കയറ്റി കൊണ്ടുപോയി. “അവളെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചാൽ നിങ്ങൾ ദുഖിക്കേണ്ടി വരും.” അവർ മുന്നറിയിപ്പ് നൽകി. മകളെ തിരികെകിട്ടാൻ വേണ്ടി പിതാവ് ആസിഫ് പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തട്ടിക്കൊണ്ടുപോയവരിൽ ഒരാളുടെ പേരടക്കം സ്റ്റേഷനിൽ നൽകിയിട്ടും ഉദ്യോഗസ്ഥർ സഹായിക്കാൻ ഒട്ടും താൽപര്യം കാണിച്ചില്ലെന്ന് ആസിഫ് പറഞ്ഞു.

പോലീസിൽ ആവർത്തിച്ച് പരാതികൾ നൽകിയിട്ടും അവർ കേസ് രജിസ്റ്റർ ചെയ്യുന്നത് മൂന്ന് മാസം മുമ്പാണ്. എങ്കിലും ആവശ്യമായ തുടർ നടപടി സ്വീകരിക്കുവാൻ അവർ തയ്യാറായില്ല. 110 കിലോമീറ്റർ അകലെയുള്ള ഹാഫിസാബാദിലെ ഒരു വീട്ടിലേക്കാണ് അവർ ഫറായെ തട്ടിക്കൊണ്ടുപോയത്. അവിടെവച്ച് അവർ അവളെ ശാരീരികമായി പീഡിപ്പിച്ചു, അടിമയെപോലെ ചങ്ങലയ്ക്കിട്ടു, ബലാത്സംഗം ചെയ്തവനെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടു. ആസിഫ് തന്റെ പ്രാദേശിക പള്ളിയിൽ നിന്ന് സഹായം തേടിയതിനെത്തുടർന്ന് കുടുംബത്തിന് നിയമ സഹായം ലഭിച്ചു. തട്ടിക്കൊണ്ടുപോയയാളെ അറസ്റ്റുചെയ്യാനും കോടതി ഉത്തരവിട്ടു. എന്നാൽ അന്തിമവിധി വരുന്നതിന് മുമ്പ്, പോലീസ് അന്വേഷണം അവസാനിപ്പിച്ചു. വിവാഹത്തിനും മതപരിവർത്തനത്തിനും താൻ സമ്മതിച്ചതായി ഫറാ വെളിപ്പെടുത്തിയെന്നായിരുന്നു പോലീസ് പറഞ്ഞത്. ജനുവരി 23 ന് ഫറാ കോടതിയിൽ ഇത് തന്നെ ആവർത്തിച്ചെങ്കിലും നിർബന്ധത്തിലൂടെയാണ് ഈ പ്രസ്താവന രൂപപ്പെട്ടതെന്ന് കോടതി സംശയിച്ചു. ഫെബ്രുവരി 16 ന്, അവളെ വീട്ടിൽ നിന്ന് കൊണ്ടുപോയി ഏകദേശം എട്ട് മാസത്തിന് ശേഷം, ജഡ്ജിമാർ ഫറയുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതിനാൽ അസാധുവാണെന്നും വിധിച്ചു. അതോടെ അവൾ കുടുംബത്തോടൊപ്പം ചേർന്നു.

തിരികെ വീട്ടിലെത്തിയ ഫറായുടെ മനസ് നിറയെ ആ കറുത്ത ദിനങ്ങളായിരുന്നു. “എന്നെ അവർ ചങ്ങലയ്ക്കിട്ടു. തട്ടിക്കൊണ്ടുപോയവന്റെ വീട് വൃത്തിയാക്കാനും മുറ്റത്തെ മൃഗങ്ങളെ പരിപാലിക്കാനും ഉത്തരവിട്ടു. അത് ഭയങ്കരമായിരുന്നു. എല്ലാ രാത്രികളിലും ഞാൻ പ്രാർത്ഥിച്ചു ; “ദൈവമേ, ദയവായി എന്നെ സഹായിക്കൂ. ” അവൾ വെളിപ്പെടുത്തി.

പാക്കിസ്ഥാനിൽ ഏകദേശം 20 ലക്ഷം ക്രിസ്ത്യാനികൾ ആണുള്ളത്. മൊത്തം ജനസംഖ്യയുടെ 1%. മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് ഓരോ വർഷവും ആയിരത്തോളം ക്രിസ്ത്യൻ, ഹിന്ദു, സിഖ് പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നുണ്ട്. ഇവരിൽ പലരും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാകുന്നു. ഫറായുടെ കാര്യത്തിൽ സംഭവിച്ചത് ഇതുതന്നെയാണ്. ഇത്തരം തട്ടിക്കൊണ്ടുപോകലുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പാകിസ്ഥാനിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് (എൻ‌സി‌സി‌പി) മുന്നറിയിപ്പ് നൽകി. തട്ടിക്കൊണ്ടുപോയ നിരവധി പെൺകുട്ടികളും അവരുടെ കുടുംബങ്ങളും പാകിസ്ഥാനിൽ അഭിമുഖീകരിക്കുന്ന സാഹചര്യം നിരാശാജനകമാണെന്ന് നീഡ്സ് വക്താവ് ജോൺ പോണ്ടിഫെക്സ് അഭിപ്രായപ്പെട്ടു. വീട്ടിലെത്തിയ ഫറാ ഒരു മനഃശ്ശാസ്‌ത്രജ്ഞന്റെ സഹായത്തോടെ അവൾക്കുണ്ടായ ആഘാതത്തിൽ നിന്ന് കരകയറുകയാണ്. മറ്റു പെൺകുട്ടികൾക്ക് ഇതുണ്ടാവാതിരിക്കാൻ തന്നാൽ കഴിയുന്ന വിധം നടപടിയെടുക്കുമെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബഹുരാഷ്ട്ര കമ്പനികളുടെ ചൂഷണത്തിനെതിരെ ശക്തമായ നടപടികളുമായി ബ്രിട്ടൻ മുന്നോട്ടുവന്നു. വാഷിങ്മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ ഉത്പന്നങ്ങൾ അധികകാലം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന പരാതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് നിരന്തരം ഉയർന്നുവന്നിരുന്നു. ഉപഭോക്താക്കൾ വാങ്ങുന്ന ഗൃഹോപകരണങ്ങളും മറ്റ് ഉത്പന്നങ്ങളും രണ്ട് മൂന്ന് വർഷത്തിനുള്ളിൽ മാറ്റി വാങ്ങിപ്പിക്കുക എന്നുള്ളത് ഇതുവരെ വൻകിട കമ്പനികൾ പിൻതുടർന്നു വന്നിരുന്ന വാണിജ്യ തന്ത്രമായിരുന്നു. ഈ വാണിജ്യ തന്ത്രത്തിൻെറ ഭാഗമായി വാറന്റി പീരിയഡ് കഴിയുന്ന മുറയ്ക്ക് കേടാകുന്ന തരത്തിൽ നിലവാരമില്ലാത്ത സ്പെയർ പാർട്സുകളാണ് വൻകിട കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങളിൽ ഉപയോഗിച്ച് വന്നിരുന്നത്. അതിനാൽ തന്നെ പല ഉപകരണങ്ങളിലെയും സ്പെയർ പാർട്സ് പ്ലാസ്റ്റിക് മുതലായ മെറ്റീരിയലുകൾ കൊണ്ടാണ് നിർമ്മിക്കുന്നത്. ഇങ്ങനെയുള്ള പല സ്പെയർപാർട്സും വാറന്റി പീരിയഡ് കഴിയുമ്പോൾ കേടാവുകയും ഉത്പന്നം മൊത്തമായി മാറ്റി വാങ്ങാൻ ഉപയോക്താക്കൾ നിർബന്ധിതരാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്.

റൈറ്റ് റ്റു റിപ്പയർ നിയമത്തിലൂടെ ഈ ചൂഷണത്തിന് പരിഹാരം കാണാനാണ് ബ്രിട്ടീഷ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം ഉൽപ്പന്നങ്ങളുടെ സ്പെയർപാർട്സ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് നിർമാതാക്കൾ നിയമപരമായി ബാധ്യസ്ഥരാണ്. പുതിയ നിയമം നിലവിൽ വരുന്നതോടെ ഉത്പന്നങ്ങളുടെ ആയുസ് 10 വർഷം വരെ വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റൈറ്റ് റ്റു റിപ്പയർ നിയമം പരിസ്ഥിതിയ്ക്കും വളരെയധികം പ്രയോജനപ്രദമാണ്. ഓരോ വർഷവും യുകെയിൽ 1.5 ദശലക്ഷം ഇലക്ട്രോണിക് മാലിന്യമാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. റൈറ്റ് റ്റു റിപ്പയർ ആക്ട് നിലവിൽ വരുന്നതോടെ ഉൽപാദിപ്പിക്കപ്പെടുന്ന ഇലക്ട്രോണിക് വേസ്റ്റിൻെറ അളവ് താരതമ്യേന കുറയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കുന്നത് ഒഴിവാക്കാനും പുതിയനിയമം നിർണ്ണായകമായ ചുവടുവെയ്‌പ്പാണെന്ന് വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്ഞിയെയും രാജ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനാൽ ഹാരിയുടേയും മെഗാന്റെയും രാജപദവി എടുത്തുകളയണമെന്ന അഭിപ്രായത്തിലാണ് ഒരു കൂട്ടം ജനങ്ങൾ. തിങ്കളാഴ്ച പുറത്തുവന്ന ഇന്റർവ്യൂവിനെ തുടർന്നു നടത്തിയ അഭിപ്രായ സർവേയിൽ രാജ്യത്തെ മുതിർന്ന പൗരന്മാർ ഹാരിക്കും മെഗാനും എതിരാണ്. കൊട്ടാരത്തിൽ നിന്നും ഇരുവർക്കുമെതിരെ മോശം പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയില്ലെന്നും, ഇരുവർക്കും രാജകീയമായ സുഖസൗകര്യങ്ങൾ അനുഭവിക്കാൻ താൽപര്യമുണ്ടെങ്കിലും ജോലിചെയ്യാൻ ഇഷ്ടം ഇല്ലാത്തതിനാലാണ് കൊട്ടാരം വിട്ടു പോയതെന്നും, മറ്റൊരു രാജ്യത്ത് താമസം തുടങ്ങിയതെന്നുമാണ് 45 വയസ്സിനു മുകളിലുള്ളവരിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. ഇരുവരും നടത്തിയ പരാമർശങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്നും പകുതിയിലധികം പേരും പറഞ്ഞു.

എന്നാൽ 18 വയസ്സു മുതൽ 45 വരെയുള്ള യുവതലമുറ മെഗാനും ഹാരിക്കും ഒപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മെഗാനും കുട്ടിക്കും നേരിടേണ്ടിവന്ന വംശീയാധിക്ഷേപം സത്യമാണെന്ന് വിശ്വസിക്കുന്നതായി ഏറിയ പങ്കും അഭിപ്രായപ്പെട്ടു. ദമ്പതിമാരുടെ മാനസികാരോഗ്യം തകരാറിൽ ആയപ്പോൾ മാത്രമായിരിക്കണം ഇരുവരും മാറിതാമസിക്കാൻ തീരുമാനിച്ചത് എന്നും അവർ അഭിപ്രായപ്പെടുന്നു.

രാജ്യത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ അഭിമുഖത്തെ പറ്റി രാജ്ഞി പ്രതികരിച്ചിരുന്നു . 61 വാക്കുകൾ വരുന്ന മൂന്ന് പാരഗ്രാഫ് സ്റ്റേറ്റ് മെന്റ് പുറപ്പെടുവിച്ചതിൽ “ഇവർക്കും നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ പറ്റി വേദന ഉണ്ടെന്നും, വംശീയാധിക്ഷേപം പോലെയുള്ള കാര്യങ്ങൾ കൂടുതൽ പരിഗണന അർഹിക്കുന്നു എന്നും, അവയെ കൂടുതൽ ഗൗരവത്തിൽ തന്നെ കണക്കാക്കും എന്നും” പറയുന്നുണ്ട് .

യുവതലമുറയിൽ ഏറിയപങ്കും ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങളും സങ്കീർണതകളും ആശയക്കുഴപ്പങ്ങളും എത്രയും പെട്ടെന്ന് അവസാനിക്കണമെന്ന് ആഗ്രഹം ഉള്ളവരാണ്. ചാൾസ് രാജകുമാരൻ ഒരിക്കലും സ്വന്തം മകനായ ഹാരിയെ അടർത്തിമാറ്റിയിട്ടില്ലെന്ന് കൊട്ടാരത്തിൽ നിന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഇരുവരും സീനിയർ റോയൽസ് എന്ന പദവി ഒഴിഞ്ഞതിനുശേഷം ചാൾസ് രാജകുമാരൻ മകന്റെ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു എന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു.”എന്റെ കുടുംബം സാമ്പത്തികമായി എന്നെ മുറിച്ചുമാറ്റി, ഞങ്ങളുടെ സെക്യൂരിറ്റി പോലും ഞാൻ തന്നെ അറേഞ്ച് ചെയ്യേണ്ടിവന്നു ” എന്ന പരാമർശത്തെ അഭിസംബോധന ചെയ്താണ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.സ്വന്തം മകനും മരുമകളും യാതൊരുവിധത്തിലും ബുദ്ധിമുട്ടില്ല എന്ന് ഉറപ്പുവരുത്താൻ ചാൾസ് ശ്രദ്ധിച്ചിരുന്നു.

Copyright © . All rights reserved